അയോധ്യ, പത്രത്തിലും ടെലിവിഷനിലും  വായിച്ചും കണ്ടുമറിഞ്ഞ വിവാദ ഭൂമി


രാജേഷ് കോയിക്കല്‍യാഥാസ്ഥിതികരും നിഷ്‌കളങ്കരമായ ഹിന്ദുവും മുസല്‍മാനും അധിവസിക്കുന്ന മണ്ണാണ് അയോധ്യ.

.

ദ്യം ബാബ്റി മസ്ജിദ്, കാശി, മഥുര ബാക്കിയുണ്ട്. തൊണ്ണൂറുകളില്‍ സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ നടന്ന കര്‍സേവയുടെ മുദ്രാവാക്യം. ഇന്നിപ്പോള്‍ ബാബ്‌റി മസ്ജിദ് നിന്നിടത്ത് രാമക്ഷേത്രം യാഥാര്‍ഥ്യമാവുകയാണ്. വളരെ വേഗത്തിലാണ് നിര്‍മാണം.

അയോധ്യയിലേക്കുളള ആദ്യ യാത്ര 2013 ഓഗസ്റ്റ് 23നായിരുന്നു. ഡല്‍ഹിയില്‍നിന്നും ഏതാണ്ട് പതിനാറ് മണിക്കൂര്‍ സഞ്ചരിച്ച് പുലര്‍ച്ചെ അയോധ്യയിലെത്തി. വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത കോസി പരിക്രമ യാത്ര റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു ലക്ഷ്യം. പിന്നീട് 2016ലും 17ലും 19ലും അയോധ്യ സന്ദര്‍ശിച്ചു. പത്രത്തിലും ടെലിവിഷനിലും വായിച്ചും കണ്ടുമറിഞ്ഞ വിവാദ ഭൂമി. സംഘപരിവാര്‍ രാഷ്ട്രീയത്തിന് അധികാരത്തിലേക്ക് വഴി തുറക്കാന്‍ സഹായിച്ച അതേ അയോധ്യയില്‍. 92ല്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടത് മുതല്‍ അതീവ സുരക്ഷാവലയത്തിലാണ് അയോധ്യ. പൊലീസും റാപ്പിഡ് ആക്ഷന്‍ ഫോഴ്സും. രാമജന്മഭൂമിയിലേക്ക് കടക്കാനുളള എല്ലാവഴികളിലും ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചാണ് പരിശോധന. വിഎച്ച്പിക്കാരെ കടത്തി വിടാതിരിക്കാനുളള സുരക്ഷ ഭേദിക്കുക മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും അസാധ്യമായിരുന്നു. പ്രധാന റോഡുകളിലെല്ലാം സുരക്ഷ വര്‍ധിപ്പിച്ച യുപി പോലീസ് പ്രദേശത്ത് ഇന്റര്‍നെറ്റ് ബന്ധം പാടെ വിച്ഛേദിച്ചു. അനിഷ്ട സംഭവങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അഖിലേഷ് യാദവ് സര്‍ക്കാര്‍ ശക്തമായ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നു.

തര്‍ക്കസ്ഥലത്തേക്ക് പോകാനാകാത്തതിനാല്‍ കര്‍സേവക്പുരത്ത് നിന്നായിരുന്നു റിപ്പോര്‍ട്ടിങ്. വിനോദ് മൊറാഴ ആയിരുന്നു ക്യാമറാമാന്‍. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും പോലീസ് തടസപ്പെടുത്തി. താത്കാലിക ക്ഷേത്രത്തിലേക്കോ ഹനുമാന്‍ ഗഢിയിലേക്കോ പോകാന്‍ തീര്‍ഥാടകരെ അനുവദിച്ചില്ല. കര്‍സേവക്പുരത്തെ ചില നാട്ടുകാരുമായി ഇതിനിടെ സംസാരിച്ചു. 92നുശേഷം ഇത്തരം കടുത്ത നിയന്ത്രണങ്ങളെല്ലാം നാട്ടുകാര്‍ക്കു ശീലമായി കഴിഞ്ഞിരുന്നു. ആദ്യമൊക്കെ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായിരുന്നു. പിന്നീടിത് ഒഴിവായി. എന്നാലും സംശയം തോന്നിയാല്‍ പോലീസ് ദേഹപരിശോധന വരെ നടത്തിയിരുന്നതായി നാട്ടുകാരുടെ സാക്ഷ്യപ്പെടുത്തല്‍. ജനിച്ച മണ്ണില്‍ തിരിച്ചറിയല്‍ കാര്‍ഡുമായി നടക്കേണ്ടിവരുന്നത് എന്തൊരു ഗതിക്കേടാണെന്ന് ഞാന്‍ ഒരു നിമിഷം ആലോചിച്ചു. ചിലര്‍ ക്ഷേത്രനിര്‍മാണത്തെ പിന്തുണച്ചപ്പോള്‍ ബാബ്‌റി മസ്ജിദ് പൊളിച്ചതോടെ മനഃസമാധാനം പോയെന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം. തര്‍ക്കഭൂമിയില്‍ ക്ഷേത്രമോ പളളിയോ എന്തും നിര്‍മിക്കട്ടെയെന്ന നിലപാട് സ്വീകരിക്കുന്നവരേയും അവിടെ കണ്ടു.

യാഥാസ്ഥിതികരും നിഷ്‌കളങ്കരമായ ഹിന്ദുവും മുസല്‍മാനും അധിവസിക്കുന്ന മണ്ണാണ് അയോധ്യ. രാംജന്മഭൂമിയെന്ന് ഐതിഹ്യവും മുഗള്‍ അധിനിവേശത്തിന്റെ ബാക്കിപത്രമായ ബാബ്റിമസ്ജിദും ചരിത്രത്തെ ഇവിടെ അടയാളപ്പെടുത്തി. നൂറ്റാണ്ട് പഴക്കമുളള കെട്ടിടങ്ങളും ക്ഷേത്രഗോപുരങ്ങളും ഗതകാലപ്രൗഢി വിളിച്ചോതുന്ന ശേഷിപ്പുകളായിരുന്നു. പുണ്യനദിയായ സരയൂവിന് പറയാനുളളത് ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടെയും കഥകളും. 1992 ഡിസംബര്‍ 6ന് ബാബ്റിമസ്ജിദ് തകര്‍പ്പെട്ടശേഷം അയോധ്യ പുകയുകയായിരുന്നു. വോട്ടിനായി അയോധ്യയെ രാഷ്ട്രീയപാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ ഫൈസാബാദ് ഉള്‍പ്പെടുന്ന മേഖലയിലെ സാധാരണക്കാരുടെ മനസില്‍ ആധി ഉടലെടുത്തു. കലാപസമാനമായ അവസ്ഥകളെ പലപ്പോഴും അതിജീവിച്ച ഇവിടത്തെ ജനതയ്ക്ക് അയോധ്യ മുന്‍നിര്‍ത്തിയുളള ഏത് രാഷ്ട്രീയ നീക്കവും ആശങ്കയും ഭയവും ഉണ്ടാക്കി. പുണ്യഭൂമിയായ അയോധ്യയില്‍ അവിശ്വാസത്തിനപ്പുറം മറ്റൊന്നും അന്ന് കാണാനായില്ല. രാമക്ഷേത്രത്തിനായി സംഘപരിവാറും ന്യൂനപക്ഷ പ്രീണനത്തിനായി സമാജ് വാദി പാര്‍ട്ടിയും കൊമ്പുകോര്‍ക്കുന്നതിലെ രാഷ്ട്രീയം അവിടത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. നാട്ടുകാരുടെ ഭാഷയില്‍ വരുത്തന്മാരായിരുന്നു പ്രശ്‌നക്കാര്‍.

തര്‍ക്കഭൂമിയ്ക്കടുത്ത് ഹനുമാന്‍ ക്ഷേത്രമാണ് ഹനുമാന്‍ഗഢി. ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ സ്വാമി ഗ്യാന്‍ ദാസിന്റെ ഭാഷയില്‍ സംഘപരിവാറിന്റെ വിശ്വരൂപമായിരുന്നു കര്‍സേവ. പരമോന്നത നീതിപീഠത്തിന് നല്‍കിയ ഉറപ്പ് ലംഘിച്ച കര്‍സേവകര്‍ 92ല്‍ നിയമ സംവിധാനത്തേയും ഭരണകൂടത്തേയും വെല്ലുവിളിച്ച് അയോധ്യ അശാന്തമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാര്‍ അയോധ്യ അജണ്ടയുടെ കഥ ഗ്യാന്‍ദാസ് ദീര്‍ഘമായി തന്നെ വിവരിച്ചു.'സംഘപരിവാറിന് നേതൃത്വംനല്‍കുന്ന ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ടയില്‍ പ്രധാനമായിരുന്നു അയോദ്ധ്യയിലെ രാമക്ഷേത്രനിര്‍മാണം. ഒളിഞ്ഞും തെളിഞ്ഞും കരുക്കള്‍ നീക്കിയ സംഘപരിവാരം 1989ല്‍ ബിജെപിയിലൂടെ അജണ്ട പരസ്യപ്പെടുത്തി. ബിജെപി ദേശീയ എക്സിക്യൂട്ടീവ് രാമക്ഷേത്രം നിര്‍മിക്കാനുളള പ്രമേയം പാസാക്കിയതു മുതല്‍ ആര്‍എസ്എസ് ശാഖകള്‍ കേന്ദ്രീകരിച്ച് ആസൂത്രണമാരംഭിച്ചു. 1992ല്‍ ക്ഷേത്രനിര്‍മാണത്തിന് ആവശ്യമായ സാമഗ്രികളുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കര്‍സേവയ്ക്കായി വാഹനങ്ങളിലും ട്രെയിനുകളിലുമായി അയോധ്യയിലേക്ക് പുറപ്പെട്ടു. കര്‍സേവ പ്രതീകാത്മകം എന്നായിരുന്നു ആര്‍എസ്എസ്-വിഎച്ച്പി നേതാക്കളുടെ അവകാശവാദം. നിരോധനാജ്ഞ നിലനില്‍ക്കെ ആയിരക്കണക്കിന് കര്‍സേവകര്‍ തര്‍ക്കമന്ദിരത്തിന് സമീപം ഒത്തുകൂടി. ഇരുപതിനായിരത്തിലധികം അര്‍ധസൈനികര്‍ നോക്കി നില്‍ക്കെ ഇന്ത്യന്‍ മതേതരത്വത്തിന് മുറിവേറ്റു'. അന്നത്തെ സംഭവങ്ങളെല്ലാം ഇന്നലെയെന്ന പോലെ ഓര്‍ത്തെടുത്തു ഗ്യാന്‍ദാസ്.

മസ്ജിദ് തകര്‍ത്തശേഷം ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. രണ്ടായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്. വര്‍ഗീയവാദം ശക്തിപ്രാപിച്ചതോടെ ഹിന്ദു-മുസ്ലീം വേര്‍തിരിവ് പ്രകടമായി. മതം രാഷ്ട്രീയത്തില്‍ പരസ്യമായി ഇടപെടുന്നത് വര്‍ധിച്ചു. നേതാക്കള്‍ കലാപങ്ങള്‍ രാഷ്ട്രീയനേട്ടങ്ങള്‍ക്ക് ഉപയോഗിച്ചു തുടങ്ങി. 2002 ലെ ഗുജറാത്ത് കലാപം ഇതിന്റെ അലയൊലിയായെന്നും സംഘപരിവാര്‍ വിമര്‍ശകനായ ഗ്യാന്‍ ദാസ് രോക്ഷത്തോടെ പറഞ്ഞു.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് തര്‍ക്കഭൂമി നേരിട്ട് കണ്ടത്. മസ്ജിദിന്റെ ഒരടയാളം പോലും ആ ഭാഗത്തുണ്ടായിരുന്നില്ല. അത്യാധുനിക ആയുധങ്ങളുമായി കാവല്‍ നില്‍ക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍. കര്‍ശന സുരക്ഷാ പരിശോധന കഴിഞ്ഞു വേണം തര്‍ക്കഭൂമിയിലേക്ക് പ്രവേശിക്കാന്‍. ആദ്യം ദേഹപരിശോധന. മൊബൈല്‍ ഫോണോ, ക്യാമറയോ ഒന്നും അനുവദനീയമല്ല. വാച്ച് ഉള്‍പ്പെടെയുളള മെറ്റൽ ഉപകരണങ്ങളും വിലക്കിയിരുന്നു. ഒരാള്‍ക്കു നടന്നുപോകാന്‍ കഴിയുംവിധം ഇരുമ്പ് കമ്പികള്‍ ഉപയോഗിച്ച് മറച്ച നടപ്പാത. കുരുങ്ങന്മാരുടെ ശല്യമുളളതിനാല്‍ മുകള്‍ഭാഗവും ഇരുമ്പു കമ്പികള്‍ കൊണ്ട് മറച്ചിരുന്നു.. പോകുന്നിടത്തെല്ലാം സായുധ പോലീസ്. തര്‍ക്കഭൂമിയിലെ ഇരുമ്പ് ഇടനാഴിയിലൂടെ വേഗത്തിലാണ് നടന്നത്. താത്കാലിക ക്ഷേത്രം എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കൂടെയുണ്ടായിരുന്ന സ്റ്റീഫന്‍ മാത്യുവാണ് ക്ഷേത്രം കാണിച്ച് തന്നത്. രാം ലല്ല സ്ഥിതി ചെയ്യുന്ന ഭാഗത്ത് താത്കാലിക ക്ഷേത്രം. നിത്യപൂജയുടെ ശേഷിപ്പായി പുഷ്പങ്ങള്‍. ഏതാനും വിളക്കുകളും കൊളുത്തിവെച്ചിരുന്നു. ഹൈന്ദവ വിശ്വാസ പ്രകാരം രാമന്‍ ജനിച്ച സ്ഥലം. തര്‍ക്കങ്ങളുടേയും സംഘര്‍ഷങ്ങളുടേയും നിയമ വ്യവഹാരത്തിന്റേയും പിരിമുറക്കം നിറഞ്ഞ അന്തരീക്ഷം തന്നെയായിരുന്നു വിവാദ ഭൂമിയിലുണ്ടായിരുന്നത്.

പിന്നീട് രണ്ടുതവണ കൂടി അയോധ്യയിലെത്തി. വര്‍ഗീയത പ്രചരിപ്പിക്കുന്ന രാഷ്ട്രീക്കാര്‍ കേള്‍ക്കാനാഗ്രഹിക്കാത്ത മത സൗഹാര്‍ദത്തെക്കുറിച്ചുളള അപൂര്‍വ വാര്‍ത്ത ചെയ്യാനായിരുന്നു അത്. തര്‍ക്കമന്ദിരത്തിനു സമീപം സ്വന്തം ഭൂമിയില്‍ മസ്ജിദ് നിര്‍മാണത്തിന് സഹായം നല്‍കിയ ഹനുമാന്‍ഗഢി ക്ഷേത്രം ട്രസ്റ്റ് വീണ്ടും മാതൃകയായി. രാഷ്ട്രീയ എതിര്‍പ്പുകള്‍ക്കിടെ ഹിന്ദു-മുസ്ലീം സമൂഹം ഒറ്റക്കെട്ടായി നിന്നതോടെ മസ്ജിദിന്റെ പുനര്‍നിര്‍മാണം വേഗത്തിലായിരുന്നു തുടങ്ങിയത്. 300 വര്‍ഷം പഴക്കമുളള ആലംഗഡിയിലെ ഷാഇബ്രാഹിം മസ്ജിദാണ് പുതുക്കിപ്പണിതത്.

പതിനേഴാം നുറ്റാണ്ടില്‍ മുഗള്‍ ഭരണാധികാരിയായ ഔറംഗസേബ് നിര്‍മിച്ച മസ്ജിദ്. കലപ്പഴക്കത്താല്‍ ഏതുനിമിഷവും നിലംപൊത്താറായ മസ്ജിദ് ക്ഷേത്രഭൂമിയിലാണ് സ്ഥിതി ചെയ്തിരുന്നത്. നവാബ് ഷുജാദ്ദുളളയുടെ കാലത്ത് ക്ഷേത്രത്തിന് കൂടുതല്‍ ഭൂമി അനുവദിച്ചതോടെ മസ്ജിദിന്റെ ഉടമസ്ഥ അവകാശം ഹനുമാന്‍ഗഢി ട്രസ്റ്റിനായി. മസ്ജിദ് അപകടാവസ്ഥയിലാണെന്ന് നഗര അധികൃതര്‍ നോട്ടീസ് പതിച്ചതോടെയാണ് വിശ്വാസികള്‍ സഹായത്തിനായി ഹനുമാര്‍ഗഢി ക്ഷേത്ര ട്രസ്റ്റിനെ സമീപിച്ചത്. മസ്ജിദ് പുതുക്കിപണിയാന്‍ അനുമതി നല്‍കിയ മുഖ്യപുരോഹിതന്‍ സ്വാമി ഗ്യാന്‍ ദാസ് ഇതിനുളള ചെലവ് വഹിക്കാമെന്നേറ്റു. മസ്ജിദ് നിര്‍മാണം ഹിന്ദു-മുസ്ലീം ഏകതയുടെ പ്രതീകമാണെന്ന് മുസ്ലീം വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി സ്വാദിഖലി ബാബു പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു. മതസ്പര്‍ധ വളര്‍ത്തി വര്‍ഗീയത വിതയ്ക്കുന്ന ഇക്കാലത്ത് മതസൗഹാര്‍ദ്ദത്തിന്റെ അതിരുകളില്ലാത്ത ലോകമാണ് ഹനുമന്‍ഗഢിയില്‍ എത്തുന്നവര്‍ക്ക് കാണാനാവുക

തര്‍ക്കസ്ഥലത്തിന്റെ ഉടമസ്ഥാവകാശം അയോധ്യ ടെമ്പിള്‍ ട്രസ്റ്റിനും വിട്ടുകൊടുത്ത സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിക്ക് ശേഷം 2019ലാണ് അവസാനമായി അയോധ്യ സന്ദര്‍ശിച്ചത്. രാജ്യം കോവിഡിന്റെ പിടിയിലമര്‍ന്ന ജൂണ്‍മാസത്തില്‍. ക്ഷേത്ര നിര്‍മാണത്തിനു പ്രധാനമന്ത്രി കല്ലിടുന്നത് തൊട്ടുമുന്‍പ്. ക്ഷേത്രനിര്‍മാണത്തിനു വിളംബരമോതിയുളള രുദ്രാഭിഷേകം പൂജ അന്നായിരുന്നു. ശിലാന്യാസം നേരത്തേ കഴിഞ്ഞതിനാല്‍ ഇനി നിര്‍മാണം തുടങ്ങിയാല്‍ മതിയെന്ന നിലപാടിലായിരുന്നു ടെമ്പിള്‍ ട്രസ്റ്റ്. മന്ത്രോച്ചാരണങ്ങള്‍ മുഖരിതമായ അന്തരീക്ഷത്തിലായിരുന്നു രുദ്രാഭിഷേക പൂജ. അയോധ്യ ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് ഭാരവാഹികളും ഏതാനും സന്യാസിമാരും മാത്രമാണ് രാമജന്മഭൂമിക്ക് അടുത്തുള്ള കുബേര്‍ തില ക്ഷേത്രത്തിലെ പൂജയില്‍ പങ്കെടുത്തു. ഭാരതീയ സംസ്‌കാരം പിന്തുടരുന്നവരുടെ സ്വപ്നമാണ് ക്ഷേത്രമെന്നായിരുന്നു ട്രസ്റ്റ് അധ്യക്ഷന്‍ ശ്രീനിത് ഗോപാല്‍ ദാസ് മഹാരാജിന്റെ പ്രതികരണം.

മൂന്നു പതിറ്റാണ്ടുകള്‍ക്കിപ്പുറം രാമക്ഷേത്രം നിര്‍മാണം ആരംഭിച്ചിരിക്കുന്നു. ഇന്ത്യന്‍ മതേതരത്വത്തിന്മേല്‍ ആശങ്കയുടെ കനലായി കാശി-മഥുര വിവാദങ്ങള്‍ ആളിപ്പടരുന്നു. സംഘപരിവാര്‍ അജണ്ടകളെ ആളിക്കത്തിച്ച് ഗ്യാന്‍വ്യാപി, കുത്തബ് മിനാര്‍, താജ് മഹല്‍ വിവാദങ്ങള്‍. അപരവത്കരണ രാഷ്ട്രീയം രാജ്യത്ത് ശക്തി പ്രാപിക്കുമ്പോള്‍ പ്രതിപക്ഷ പ്രതിരോധം ദുര്‍ബലമാണ്. എവിടേയും എന്തിലും വര്‍ഗീയത ഇരുതല വാള്‍ പോലെ. മൂര്‍ച്ഛ കൂടുകയാണ്.. ശിവലിംഗത്തിനും ക്ഷേത്രങ്ങള്‍ക്കും മസ്ജിദുകള്‍ക്കും പിന്നാലെ രാജ്യം പായുമ്പോള്‍ വരാനിരിക്കുന്നത് അത്ര നല്ലകാലമല്ലെന്ന ആശങ്ക മാത്രമാണ് ബാക്കി.

Content Highlights: My journey to Ayodhya; Off The Record, column by Rajesh Koyikkal

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


pc george

1 min

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ് 

Jul 2, 2022

Most Commented