എം.വി.ഗോവിന്ദൻ
സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദന്‍ ചുമതലയേറ്റതിന് ശേഷം പല തവണയായി അദ്ദേഹം മുസ്ലീം ലീഗിനെ കുറിച്ചുളള സി.പി.എമ്മിന്റെ നിലപാടുകള്‍ വാർത്താസമ്മേളനങ്ങളിലൂടെ വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്. മുസ്ലീം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയല്ലെന്നും അതൊരു ന്യൂനപക്ഷ മതേതര കക്ഷിയാണെന്നുമാണ് എം.വി. ഗോവിന്ദന്‍ നടത്തുന്ന പ്രസ്താവനകളുടെ കാതല്‍. ഈ പ്രസ്താവനകള്‍ വരുമ്പോഴെല്ലാം എം.വി. ഗോവിന്ദന്റെ നിലപാടിനെ കുറിച്ച് രാഷ്ട്രീയ കേരളം വിശദമായി തന്നെ ചര്‍ച്ച ചെയ്യാറുണ്ട്. ഇതിനൊരു നീണ്ട പശ്ചാത്തലമുണ്ട്. അതു പറയാതിരിക്കാനാവില്ല
പ്രസക്തമായ ചോദ്യം എം.വി. ഗോവിന്ദന്‍ എന്തു പറഞ്ഞു എന്നതല്ല. മറിച്ച് സി.പി.എമ്മിന്റെ ഔദ്യോഗിക നിലപാട് എന്താണ് എന്നാണ്? സി.പി.എമ്മിന്റെ ഔദ്യോഗിക നിലപാടുകള്‍ പാര്‍ട്ടി കോണ്‍ഗ്രസ് ആണ് എടുക്കുക. 12-ാം പാര്‍ട്ടി കോണ്‍ഗ്രസാണ് ഇതുസംബന്ധിച്ച് വലിയ വിവാദങ്ങള്‍ക്ക് ശേഷം ഒരു നിലപാട് സ്വീകരിച്ചത്. 12-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടന്ന 1985 നവംബര്‍ മാസത്തിലെ സമ്മേളനത്തില്‍ അന്നത്തെ ജനറല്‍ സെക്രട്ടറി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ തന്നെ ഒരു വലിയ ചര്‍ച്ച നടന്നു. ആ സമ്മേളത്തിന് മുന്നോടിയായി കേരളത്തിലെ പാര്‍ട്ടി ഘടകത്തിന് ഇ.എം.എസ്. പേരുവെച്ച് അയച്ച ഒരു കത്ത് നല്‍കിയിരുന്നു. അതിനെ പി.ബി. കത്ത് (പോളിറ്റ് ബ്യൂറോ ലെറ്റര്‍) എന്നാണ് വിളിച്ചിരുന്നത്. ഈ കത്തിലാണ്, ശ്രദ്ധിക്കണം പ്രമേയത്തിലല്ല, മുസ്ലീം ലീഗിനെ കുറിച്ചുളള ചര്‍ച്ചകള്‍ ആരംഭിച്ചത്. അത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിനെ കുറിച്ച് മാത്രമായിരുന്നില്ല. അന്ന് നിലനിന്നിരുന്ന അഖിലേന്ത്യാ മുസ്ലീം ലീഗിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ പെടുത്തിയതിനെ കുറിച്ച് കൂടിയായിരുന്നു.
ആ കത്തിന്റെ ഉളളടക്കം ഇങ്ങനെ സംഗ്രഹിക്കാം. ന്യൂനപക്ഷ വര്‍ഗീയ പാര്‍ട്ടികളുടെ സാന്നിധ്യമാണ് ഭൂരിപക്ഷ വര്‍ഗീയ പാര്‍ട്ടികളെ ശക്തിപ്പെടുത്തുന്നത്. അതിന്റെ ഉദാഹരണമാണ് അഖിലേന്ത്യ മുസ്ലീംലീഗ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയായി തുടരുന്ന സാഹചര്യത്തില്‍ 1984 ഡിസംബറില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ ഹിന്ദു മുന്നണിയുടെ സ്ഥാനാര്‍ഥി ഇടതു മുന്നണിയെ മൂന്നാം സ്ഥാനത്തേക്ക് മാറ്റിക്കൊണ്ട് രണ്ടാം സ്ഥാനത്തേക്ക് വന്നത്. ഇതായിരുന്നു ഇ.എം.എസിന്റെ തീസിസ്. ഈ തീസിനെ എതിര്‍ത്തുകൊണ്ട് എം.വി. രാഘവന്‍ അവതരിപ്പിച്ച ആന്റിതീസിസ് ആണ് പിന്നീട് രാഷ്ട്രീയകേരളം ബദല്‍രേഖ എന്നു വിളിച്ച വിയോജനക്കുറിപ്പ്. ഇ.എം.എസിന്റെ വാദത്തെ എം.വി.ആര്‍. തളളിക്കളഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങള്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ സാന്നിധ്യവും ആ പാര്‍ട്ടികളുടെ ഇടതു കക്ഷികളുമായും മതേതര കക്ഷികളുമായുമുളള ബന്ധമാണ് ഭൂരിപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തുന്നത് എന്ന ഇ.എം.എസിന്റെ തീസിസിനെ എം.വി.ആര്‍. തളളി.
ഭൂരിപക്ഷ വര്‍ഗീയതയും ഫാസിസമായി വളരാന്‍ സാധ്യതയുളള ഇന്ത്യയിലെ ഹിന്ദുത്വവാദവും ന്യൂനപക്ഷ പാര്‍ട്ടികളുടെ സാന്നിധ്യം കൊണ്ടല്ല, മറിച്ച് ഫിനാന്‍സ് മൂലധനത്തിന്റെ വ്യാപനത്തിന് വേണ്ടി, ദൃഢീകരണത്തിന് വേണ്ടി അവര്‍ തന്നെ എടുത്തണിയുന്ന ഉടുപ്പായിരുന്നു എന്നായിരുന്നു അവരുടെ വാദം. അന്ന് ബി.ജെ.പിക്ക് പാര്‍ലമെന്റില്‍ രണ്ടേ രണ്ട് സീറ്റേ ഉണ്ടായിരുന്നുളളൂ എന്ന് ഓര്‍ക്കാവുന്നതാണ്. ഇതിനെ ചൊല്ലി വലിയ തര്‍ക്കം നടത്തുകയും പി.ബി. കത്തും വിയോജനക്കുറിപ്പും സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുകയും ചെയ്തപ്പോള്‍ അന്ന് യുവജന സംഘടനയുടെ ഭാരവാഹിയായിരുന്നു എം.വി. ഗോവിന്ദന്‍. വിദ്യാര്‍ഥി സംഘടനയുടെ ഭാരവാഹി ഈ ലേഖകനും. ഞങ്ങളെ പോലുളള യുവാക്കളും നായനാര്‍, എം.കെ. കേളു, പുത്തലത്ത് നാരായണന്‍, പി.വി. കുഞ്ഞിക്കണ്ണന്‍, സി.കെ. ചക്രപാണി, ശിവദാസമേനോന്‍, ഇമ്പിച്ചിബാവ തുടങ്ങിയ വന്‍തോക്കുകളും എം.വി.ആറിനൊപ്പമാണ് അണിനിരന്നത്. മറുഭാഗത്ത് ഇ.എം.എസിനൊപ്പം വി.എസ്. അച്യുതാനന്ദനും എം.എം. ലോറന്‍സും കെ.എന്‍. രവീന്ദ്രനാഥും എസ്. രാമചന്ദ്രപ്പിളളയും ഇ. ബാലാനന്ദനും ഉണ്ടായിരുന്നു.
പക്ഷേ ഈ രാഷ്ട്രീയ സംവാദത്തെ സംഘടനാപരമായ ഒരു കുറ്റമായും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമായും ചിത്രീകരിച്ചുകൊണ്ട് പന്ത്രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് എം.വി.ആറിന്റെയും കുഞ്ഞിക്കണ്ണന്റെയും പേരില്‍ നടപടി എടുക്കാനുളള അനുവാദം വാങ്ങിക്കുകയും അതിലുപരി പന്ത്രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രമേയത്തില്‍ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും വര്‍ഗീയ കക്ഷികളാണെന്ന് വിലയിരുത്തുകയും ചെയ്തു. പിന്നീട് നടന്ന 87-ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അഖിലേന്ത്യ മുസ്ലീം ലീഗ് ഇല്ലാതെ വിജയിച്ചതോടുകൂടി വര്‍ഗീയത എന്നന്നേക്കുമായി കേരളത്തില്‍ മരിച്ചുപോയി എന്നുവരെ ഇടതുപക്ഷ നേതാക്കള്‍, പ്രത്യേകിച്ച് സി.പി.എം. നേതാക്കള്‍ വാദിക്കുകയും എം.വി.ആര്‍ .രൂപീകരിച്ച സി.എം.പി. ഒരു സീറ്റിലേക്ക് മാത്രം ചുരുങ്ങിയതുകൊണ്ട് ഈ വാദത്തിന് തന്നെ പ്രസക്തിയില്ലെന്ന് വലിയ രീതിയില്‍ പറയുകയും ചെയ്തു.)
അന്ന് എം.വി.ആറിന്റെ ശിഷ്യനായിരുന്ന എം.വി .ഗോവിന്ദന്‍ ആ വിഷയം വീണ്ടും പുറത്തെടുത്തിട്ടിരിക്കുകയാണ്. എന്നാല്‍ സി.പി.എമ്മിന്റെ കണ്ണൂരില്‍ നടന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് വരെയുളള, 12-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമുളള പത്ത് പാര്‍ട്ടി കോണ്‍ഗ്രസും മുസ്ലീം ലീഗിന് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. പിന്നെ എന്തിനാണ് എം.വി. ഗോവിന്ദന്‍ ഇത്തരത്തിലുളള പ്രസ്താവനകള്‍ നടത്തുന്നത് എന്നതാണല്ലോ പ്രസക്തമായ ചോദ്യം.
പുതിയ സംസ്ഥാന സെക്രട്ടറിയുടെ ലക്ഷ്യം വളരെ ലളിതമാണ്. 2016-ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. 21-ല്‍ ചരിത്രത്തില്‍ ആദ്യമായി തുടർച്ചയായ രണ്ടാം തവണ ഇടതു മുന്നണിക്ക് അധികാരം കിട്ടി. പക്ഷേ, അവിടെ നിന്ന് ഇങ്ങോട്ടുളള ഒന്നരവര്‍ഷക്കാലം കൊണ്ട് ആ മാന്‍ഡേറ്റ് അതുപോലെ നില്‍ക്കുന്നുണ്ടെന്ന് സി.പി.എം. പോലും കരുതുന്നില്ലെന്നതാണ് ഗോവിന്ദന്റെ പ്രസ്താവനകളില്‍ മുഴച്ചുനില്‍ക്കുന്ന, എന്നാല്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്ന വസ്തുത.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പും പഞ്ചായത്ത് തിരഞ്ഞെടുപ്പുകളും കെ റെയിലിനെതിരേ നടന്ന വിജയകരമായ പ്രക്ഷോഭങ്ങളുമെല്ലാം 2021-ലെ മാന്‍ഡേറ്റിന് വിളളലുണ്ടായിട്ടുണ്ട് എന്ന യാഥാര്‍ഥ്യത്തിലേക്ക് കണ്ണുതുറക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിക്കുന്നുണ്ടായിരിക്കാം. 2021-ലെ തിരഞ്ഞെടുപ്പില്‍ തന്നെ കൃത്യം മതവര്‍ഗീയ പാര്‍ട്ടിയാണെന്ന് സി.പി.എം. ആക്ഷേപിക്കുകയും അഴിമതിയുടെ ആള്‍രൂപമാണ് എന്ന് ആക്ഷേപിച്ച കെ.എം. മാണിയുടെ പാര്‍ട്ടി മുന്നണി ഘടകകക്ഷിയായി ഇന്ന് മന്ത്രിസഭയിലുണ്ട്. കെ.എം.മാണിയെ അഴിമതിയുടെ ആള്‍രൂപമായിട്ടാണ് നിയമസഭയ്ക്ക് അകത്തും പുറത്തും സി.പി.എം. അവതരിപ്പിച്ചത് എന്നത് അവിടെ നില്‍ക്കട്ടെ.
എന്തായാലും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ബാബറി മസ്ജിദിന് ശേഷം ലീഗിനെ തുടര്‍ന്നുളള പിളര്‍പ്പിനെ തുടര്‍ന്ന് രൂപീകരിക്കപ്പെട്ട ഇന്ത്യന്‍ നാഷണല്‍ ലീഗും ഇന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അകത്തുണ്ട്. ഒരര്‍ഥത്തില്‍ 1980-ല്‍ രൂപീകരിച്ച ഇ.എം.എസും എ.കെ. ആന്റണിയും സി.പി.ഐയും ആര്‍.എസ്.പിയും അഖിലേന്ത്യ മുസ്ലീംലീഗും അടങ്ങുന്ന മുന്നണിയുടെ ഒരു നിഴല്‍രൂപമാണ് ഇന്നത്തെ പിണറായി സര്‍ക്കാരിനെ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി. ആ മുന്നണിക്ക് മുന്‍കാലങ്ങളേക്കാളും മുസ്ലീം ന്യൂനപക്ഷത്തില്‍ നിന്ന് വോട്ടുകള്‍ കിട്ടിയിട്ടുണ്ട്. മുസ്ലീം മതവിഭാഗത്തില്‍ പെട്ട എം.എല്‍.എമാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. സി.പി.എമ്മിനും സി.പി.ഐയ്ക്കുമായി 11 എം.എല്‍.എമാര്‍ ഇന്ന് മുസ്ലീം ന്യൂനപക്ഷത്ത് നിന്നു മാത്രമായിട്ട് ഉണ്ട് എന്നത് ശ്രദ്ധേയമാണ്.
ബി.ജെ.പിയെ തെരുവുകളില്‍ നേരിടാന്‍ സി.പി.എമ്മാണ് നല്ലത് എന്ന സി.പി.എമ്മിന്റെ പ്രചരണത്തിന് ചില ന്യൂനപക്ഷ കേന്ദ്രങ്ങളില്‍, പ്രത്യേകിച്ചും ന്യൂനപക്ഷങ്ങള്‍ വലിയ അളവില്‍ തിങ്ങിത്താമസിക്കാത്ത ദക്ഷിണ കേരളത്തില്‍ ഒരു മാര്‍ക്കറ്റ് ഉണ്ടായി എന്നത് യാഥാര്‍ഥ്യമാണ്. അതാണ് നേമം മണ്ഡലത്തില്‍ വി. ശിവന്‍കുട്ടിയുടെ ഇത്തവണത്തെ വിജയം. മുസ്ലീം ന്യൂനപക്ഷത്തില്‍നിന്ന് കൂടുതല്‍ വോട്ടുകള്‍ കിട്ടിയാല്‍ മാത്രമേ ഇടതു മുന്നണിക്ക് മുന്നോട്ട് പോകാന്‍ കഴിയൂ എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലീം ലീഗിനെ മുന്നണിയില്‍ എടുത്താലും ഇല്ലെങ്കിലും മുസ്ലീം ലീഗിനോട് ഞങ്ങള്‍ക്ക് വിരോധമില്ലെന്ന് സെക്രട്ടറി പറയുമ്പോള്‍ അതു മുസ്ലീം ന്യൂനപക്ഷത്തെ കൂടുതല്‍ ഇടതു മുന്നണിയിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമാകും എന്ന തന്ത്രം തന്നെയാണ് എം.വി. ഗോവിന്ദന്റേത്.
മുസ്ലീം ലീഗാകട്ടേ ഈ പ്രശംസ മുഖവിലയ്ക്ക് എടുക്കുന്നില്ല. ഐക്യ ജനാധിപത്യ മുന്നണിയുടെ രണ്ടാംകക്ഷി എന്ന നിലയില്‍ മാത്രമല്ല, മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷിയെന്ന നിലയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ചിറകിന് കീഴില്‍ നില്‍ക്കേണ്ട ഗതികേട് തങ്ങള്‍ക്കില്ല എന്നതാണ് മുസ്ലീം ലീഗിന്റെ നിലപാട്. പക്ഷേ, കിട്ടിയത് എത്രയാണെങ്കിലും അത് ലാഭമാണല്ലോ എന്ന മട്ടിലാണ് സി.പി.എം. മുന്നോട്ട് പോകുന്നത്.
ഇവിടെ സി.പി.എമ്മിനോടും അതിന്റെ സെക്രട്ടറിയോടും ചോദിക്കാനുളള ചോദ്യം ലളിതമാണ്. 1985-ല്‍ എക്കാലത്തേയും സി.പി.എമ്മിന്റെ വലിയ നേതാവായ ഇ.എം.എസ്. മുന്നോട്ട് വെച്ച തീസിസ് ഇന്നത്തെ സി.പി.എം. സംസ്ഥാന കമ്മറ്റി അംഗീകരിക്കുന്നുണ്ടോ ഇല്ലയോ? എം.വി. ഗോവിന്ദന്‍ അത് അംഗീകരിക്കുന്നില്ല എന്ന പ്രസ്താവന പലവട്ടം നടന്നുകഴിഞ്ഞു. അങ്ങനെയാണെങ്കില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ പ്രമേയമെങ്കിലും ഇത് സംബന്ധിച്ച് ഇറങ്ങേണ്ടതായിട്ടുണ്ട്. അങ്ങനെ ഇറക്കുവാന്‍ ഉളള അനുവാദം പോളിറ്റ് ബ്യൂറോയോ സെന്‍ട്രല്‍ കമ്മിറ്റിയോ കൊടുക്കുന്നില്ലെങ്കില്‍ പോലും ഇടയ്ക്കിടയ്ക്ക് മുസ്ലീം ലീഗിന്റെ ചുണ്ടില്‍ മധുരം തേക്കുന്നത് വലിയ രാഷ്ട്രീയ ലാഭമുണ്ടാക്കാം എന്നാണ് സി.പി.എം. കണക്കുകൂട്ടുന്നത് എങ്കില്‍ അത്ര ലളിതമല്ല കേരള രാഷ്ട്രീയമെന്ന് അവര്‍ക്കറിയാമെന്നുളളത് സി.പി.എം. മനസ്സിലാക്കേണ്ടതായിട്ടുണ്ട്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിയെ തോല്‍പ്പിക്കണമെങ്കില്‍ അതിവിശാലമായ മുന്നണിയാണ് രൂപീകരിക്കപ്പെടേണ്ടത്. ആ രൂപീകരിക്കപ്പെടേണ്ട മുന്നണിയില്‍ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രമേയം അനുസരിച്ച് മുസ്ലീം ലീഗില്ല. എന്നാല്‍, തമിഴ്‌നാട്ടില്‍ മുസ്ലീം ലീഗുമായി ഡി.എം.കെയിലൂടെ ഒരു ബന്ധം സി.പി.എം. സൃഷ്ടിച്ചിട്ടുണ്ട്. ഇവിടെയാണ് ഇടതുപക്ഷത്തിന്റെ ആശയക്കുഴപ്പം വ്യക്തമാകുന്നത്. 85-ലെ രാഷ്ട്രീയമല്ല ഇന്നത്തേത്. കാലം മാറിയിരിക്കുന്നു. ബി.ജെ.പി. കേരളത്തില്‍ വിജയത്തിന് വേണ്ടി പദ്ധതികള്‍ ചെയ്യുന്ന കാലമാണ്. ഹിമാചല്‍ പ്രദേശില്‍ നല്ല രീതിയില്‍ ഉളള തിരിച്ചടിയുണ്ടായത് മതേതരശക്തിതകള്‍ക്ക് ഒരു ആശ്വാസമായെങ്കിലും ഗുജറാത്തിലെ ബി.ജെ.പിയുടെ ഏഴാം വിജയവും മറുപക്ഷത്തെ വോട്ടിലെ ഭിന്നിപ്പും ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കുളള ചൂണ്ടുപലക തന്നെയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിയെ എതിര്‍ക്കാനെന്ന മട്ടില്‍ ആം ആദ്മിയും ഒവൈസിയെ പോലുളള ആളുകളും രംഗത്ത് ഇറങ്ങുകയും ബി.ജെ.പി. വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുകയും ചെയ്യുക എന്നുളളത് ഒരു പുതിയ പൊളിറ്റിക്കല്‍ പാറ്റേണാണ്. ഇത് ഡല്‍ഹിയിലും പഞ്ചാബിലും അവര്‍ വിജയകരമായി നടത്തി. ഹിമാചലില്‍ ഇത് നടക്കാത്തതിനാൽ അവര്‍ പരാജയപ്പെടുകയും ചെയ്തു.
ബി.ജെ.പിയുടെ പൊളിറ്റിക്കല്‍ സ്ട്രാറ്റജി വളരെ വ്യക്തമാണ്. ഒന്നുകില്‍ ബി.ജെ.പി. ജയിക്കണം. അല്ലെങ്കില്‍ കോണ്‍ഗ്രസ് അല്ലാത്ത ഏതെങ്കിലും കക്ഷി ജയിക്കണം. അത് ആം ആദ്മി പോലുളള കക്ഷികളായാല്‍ വളരെ നന്നായി. സമാജ് വാദിയെ പാര്‍ട്ടിയോ രാഷ്ട്രീയ ജനതാദള്‍ പോലുളള പാര്‍ട്ടികളോട് ബി.ജെ.പിക്ക് വലിയ താല്പര്യമില്ല. എന്നാല്‍ ജനതാദള്‍(യു), ഒറീസയിലെ ബിജു ജനതാദള്‍ ആന്ധ്രയിലെ പ്രാദേശിക കക്ഷികള്‍, ഡി.എം.കെയിലെ ഏതെങ്കിലും ഒരു വിഭാഗം എന്തിന് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയോടൊന്നും നിത്യശത്രുത ബി.ജെ.പിക്കില്ല. ഈ പറഞ്ഞവരെല്ലാം ബി.ജെ.പിയുടെ മുന്നണിയില്‍, വാജ്‌പേയിയുടെ കാലം മുതല്‍ മന്ത്രിസഭയില്‍ ഉണ്ടായിരുന്നു എന്ന് ഓര്‍ക്കാവുന്നതാണ്.
ഇവിടെയാണ് ഇടതുപക്ഷം എന്തു സമീപനം എടുക്കുന്നുവെന്ന് നോക്കിക്കാണുന്നത്. ഇടതുപക്ഷത്തിന് മുമ്പുണ്ടായിരുന്ന സ്വാധീനം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇല്ല എന്ന് എല്ലാവര്‍ക്കും അറിയാം. ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ കൊൽക്കട്ടഉള്‍പ്പെടുന്ന പശ്ചിമ ബംഗാള്‍ 34 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചതായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സി.പി.എമ്മിന്റെ ഏറ്റവും വലിയ ശക്തി സ്രോതസ്സ്. അത് ഇന്ന് തകര്‍ന്നടിഞ്ഞുകഴിഞ്ഞു. കേരളത്തിലെ ഒരു ജില്ലയോളം പോന്ന ത്രിപുരയും തകര്‍ന്നുപോയി. പശ്ചിമ ബംഗാളിന്റെ വിജയം ലോകരാഷ്ട്രീയം തന്നെ ശ്രദ്ധിക്കുന്ന ഒന്നായിരുന്നു. പ്രത്യേകിച്ചും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം.
ഇന്ന് കേരളം എന്ന തുരുത്തിലാണ് ഇടതുപക്ഷം സുരക്ഷിതമായിട്ടുളളത്. ഹിമാചലില്‍ ഈയിടെ നടന്ന തിരഞ്ഞെടുപ്പില്‍ സാധാരണ ജയിക്കാറുണ്ടായിരുന്ന സീറ്റില്‍ പോലും സിപിഎമ്മിന് വലിയ പരാജയമാണ് പ്രത്യേകിച്ചും ആപ്പിന്റെ സാന്നിധ്യത്തില്‍. ഈ സാഹചര്യത്തില്‍ എം.വി.ഗോവിന്ദന്‍ ചര്‍ച്ച ചെയ്യേണ്ടത് ഒരു വിശാല മുന്നണിയെ കുറിച്ചാണ്. ആ ചര്‍ച്ച 2004-ല്‍ സി.പി.എമ്മിന്റെ സമുന്നതരായ നേതാക്കള്‍ തന്നെയാണ് നടത്തിയത് എന്നുനമുക്കറിയാം.
വാര്‍ധക്യത്തില്‍ എത്തിയിരുന്നുവെങ്കിലും ആരോഗ്യത്തോടെയിരുന്ന അന്നത്തെ ജനറല്‍ സെക്രട്ടറി സുര്‍ജിത്തും ജ്യോതിബസുവുമാണ് സോണിയ ഗാന്ധി നേതൃത്വം നല്‍കുന്ന ഒരു യു.പി.എ. ഉണ്ടാകണമെന്ന് വാശിപിടിച്ചത്. സോണിയ ഗാന്ധി ഒരു വിദേശവനിതയാണെന്ന ആര്‍.എസ്എസ്സിന്റെ വാദത്തിന് ലണ്ടനില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍ വെച്ചായിരുന്നു. ഇന്ത്യക്കാര്‍ക്ക് മരുമകള്‍ മകള്‍ തന്നെയാണ് എന്ന ജ്യോതിബസുവിന്റെ നാടന്‍ ശൈലിയിലുളള മറുപടി സോണിയയുടെ നേതൃത്വത്തെ പൂര്‍ണമായി അംഗീകരിക്കുന്ന ഒന്നായിരുന്നു.
യു.പി.എ. സര്‍ക്കാര്‍ അന്ന് അധികാരത്തില്‍ വന്നു. സ്പീക്കര്‍ സ്ഥാനം സി.പി.എം. ഏറ്റെടുത്തു. മന്ത്രിസഭയില്‍ ചേര്‍ന്നില്ല. നേരത്തേ പ്രധാനമന്ത്രിപദം പോലും നിഷേധിച്ച ചരിത്രപരമായ വിഡ്ഢിത്തമെന്ന് ജ്യോതിബസു പറഞ്ഞ രാഷ്ട്രീയനീക്കം തെല്ലൊന്ന് മയപ്പെടുത്തിയാണ് സ്പീക്കര്‍ സ്ഥാനമെടുത്തത്. പക്ഷേ ഏതാനും നാളുകള്‍ക്ക് അകത്ത് ആണവ കരാറിന്റെ പേരുപറഞ്ഞുകൊണ്ട് യു.പി.എ. എന്ന വിജയകരമായ പരീക്ഷണത്തെ വെളളത്തില്‍ മുക്കിക്കൊല്ലുകയാണ് സീതാറാം യെച്ചൂരി-പ്രകാശ് കാരാട്ട് നേതൃത്വം ചെയ്തത്. ഇതിനിടെ യു.പി.എ. രൂപീകരിക്കാന്‍ സോണിയ ഗാന്ധിയെ സഹായിച്ച സുര്‍ജിത്- ജ്യോതിബസു നേതൃത്വം അപ്രത്യക്ഷമായിരുന്നു.
ഇടതുപക്ഷം ചര്‍ച്ച ചെയ്യേണ്ട മുഖ്യവിഷയം കേരളത്തില്‍ ഇതാണ്. കോണ്‍ഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്തി അധികാരത്തില്‍ വരാന്‍ എങ്ങനെ മുസ്ലീം ലീഗിനകത്ത് ആശയക്കുഴപ്പം സൃഷ്ടിക്കാമെന്ന ലാക്കാണ് എം.വി. ഗോവിന്ദന്റെ പ്രസ്താവനകളില്‍ കാണുന്നത്. ഐക്യ ജനാധിപത്യ മുന്നണിയെ തോല്‍പ്പിക്കലാണോ ബി.ജെ.പിയെ തോല്‍പ്പിക്കലാണോ മുഖ്യലക്ഷ്യമെന്ന് സി.പി.എം. വ്യക്തമാക്കേണ്ടതുണ്ട്.
ഇനി നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പ് പാര്‍ലമെന്റിലേക്കാണ്. അതില്‍ 2004-ലേതുപോലെ ഒരു പുതിയ യു.പി.എ. സൃഷ്ടിച്ചെടുക്കാന്‍ മുസ്ലീം ലീഗ് അടക്കമുളള പാര്‍ട്ടികള്‍ വേണം എന്നാണ് എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നതെങ്കില്‍ തീര്‍ച്ചയായും അത് ശ്രദ്ധേയമായ രാഷ്ട്രീയ പ്രസ്താവനയാണ്. മറിച്ച് കോണ്‍ഗ്രസിനേയും കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫിനെയും ദുര്‍ബലമാക്കുന്നതിന് വേണ്ടി അതിന്റെ ഘടകകക്ഷിയെ തല്ലേണ്ടപ്പോള്‍ തല്ലിയും തലോടണമെന്ന് തോന്നുമ്പോള്‍ തലോടിയും പ്രാദേശിക രാഷ്ട്രീയത്തില്‍ ചില സമര്‍ഥരായ കക്ഷിനേതാക്കള്‍ ചെയ്യുന്നത് പോലെ റീജണല്‍ രാഷ്ട്രീയം കയ്യാളുകയാണ് സി.പി.എം. ചെയ്യുന്നതെങ്കില്‍ ആ പാര്‍ട്ടി പ്രാദേശിക രാഷ്ട്രീയത്തില്‍ തന്നെ ചുരുങ്ങിപ്പോകും എന്ന് മനസ്സിലാക്കേണണ്ടതുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിരവധി ഇടത് ഗ്രൂപ്പുകളുണ്ട്. ഒരുകാലത്ത് സി.പി.എം. മറ്റു ഗ്രൂപ്പുകളേക്കാള്‍ എത്രയോ വലുതായിരുന്നുവെങ്കില്‍ ഇന്ന് കേരളത്തിന് പുറത്ത് സി.പി.എമ്മിന് ആ വലിപ്പമില്ല. പക്ഷേ അവരുടെ സാന്നിധ്യമുണ്ട്.
ഇന്ത്യയിലെ ഇടതുപക്ഷ ഗ്രൂപ്പുകളെ ആകെ ഒന്നിപ്പിക്കുകയും ആ ഗ്രൂപ്പുകളെ കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിനെ എതിര്‍ത്തുനില്‍ക്കുന്ന പ്രാദേശിക കക്ഷികളുടെയും അവിടെ മുസ്ലീം ലീഗ് അടക്കമുളള ന്യൂനപക്ഷ കക്ഷികളെയും ഒന്നിപ്പിക്കുകയും ചെയ്യുകഎന്നതാണ് ഇടതുപക്ഷത്തിന്റെ കടമ എന്ന് ഈ ലേഖകന്‍ കരുതുന്നു. അതിനാണ് എം.വി.ആറിന്റെ ശിഷ്യനായ എം.വി. ഗോവിന്ദന്‍ ശ്രമിക്കുന്നതെങ്കില്‍ അത് സ്വാഗതാര്‍ഹമാണ്. പക്ഷേ, യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തി എങ്ങനെയെങ്കിലും കുറച്ച് സീറ്റു കിട്ടുക എന്ന ഇടുങ്ങിയ ലക്ഷ്യം മാത്രമാണ് അദ്ദേഹത്തിന്റെ പ്രസ്താവനയിലുളളത് എങ്കില്‍ അത് വിലപ്പോകുന്നതല്ല എന്നുമാത്രമല്ല സി.പി.എമ്മിനും ഇന്ത്യയിലെ വിശാല ഇടതുപക്ഷത്തിനും ഗുണകരമല്ല.
Content Highlights: MV Govindan's statement about Muslim league, Pratibhashanam CP John
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..