പുതിയകാലത്തിന് ചേര്‍ന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു രൂപം നല്‍കാന്‍ ഗോവിന്ദന്‍മാസ്റ്റര്‍ക്കാവുമോ?


സി.പി.ജോണ്‍എം.വി.ഗോവിന്ദൻ

കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിഞ്ഞു. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് എം.വി. ഗോവിന്ദന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മുമ്പൊരിക്കല്‍ കോടിയേരി ഉത്തരവാദിത്തത്തില്‍നിന്ന് മാറി നിന്ന് എ. വിജയരാഘവനെ ചുമതയേല്‍പ്പിച്ചതു പോലെയല്ല എം.വി. ഗോവിന്ദനെ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. എം.വി. ഗോവിന്ദന്‍ തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയാണ്. കോടിയേരി സ്ഥാനമൊഴിയുമ്പോള്‍ അദ്ദേഹം രോഗഗ്രസ്ഥനാണ്. ഈ ലേഖകന്റെ തലമുറയില്‍പ്പെട്ട, വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍നിന്ന് ഉയര്‍ന്നുവന്ന നൂറുകണക്കിന് രാഷ്ട്രീയപ്രവര്‍ത്തകരുടെ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. 1975-ല്‍ മിസ നിയമപ്രകാരം ഒന്നര വര്‍ഷത്തോളം തടവിലാക്കപ്പെട്ട ഇന്ത്യയിലെ അപൂര്‍വംവിദ്യാര്‍ഥി നേതാക്കളില്‍ ഒരാളായിരുന്നു കോടിയേരി. (ലാലു പ്രസാദ് യാദവും അരുണ്‍ ജെറ്റ്‌ലിയും ഈ കാലഘട്ടത്തില്‍ തടവിലാക്കപ്പെട്ട വിദ്യാര്‍ഥി നേതാക്കളായിരുന്നു.)

'കോടിയേരി ബാലകൃഷ്ണനെ വിട്ടയയ്ക്കുക' എന്ന ഒരു കാമ്പെയ്ന്‍ അടിയന്തരാവസ്ഥകാലത്ത് ഉണ്ടായിരുന്നു. പോസ്റ്ററൊട്ടിക്കലും ഒപ്പുശേഖരണവുമായിരുന്നു പ്രധാന പരിപാടിയെങ്കിലും അതുപോലും ചെയ്യുന്നതിന് വിലക്കുകള്‍ ഉണ്ടായിരുന്നതുകൊണ്ട്‌ എളുപ്പമായിരുന്നില്ല. ഈ ലേഖകന്‍ അത്തരത്തില്‍ പോസ്‌റ്റെറെഴുതിയും ഒപ്പുശേഖരിച്ചുമാണ് സജീവ രാഷ്ട്രീയത്തിലേക്ക് 1975-ല്‍ കടന്നുവന്നത് എന്ന് ഓര്‍ത്തുപോകുന്നു. പതിനെട്ട് വയസ്സുകാരനായ എനിക്കും എന്റെ സഹപ്രവര്‍ത്തകര്‍ക്കും കോടിയേരി ഒരു ആരാധാനാപുരുഷനായിരുന്നു. അദ്ദേഹം ജയിലില്‍ പുറത്തുവന്നതിന് ശേഷം നടന്ന കേരളത്തിലെ നിരവധി യോഗങ്ങള്‍ അക്ഷരാര്‍ഥത്തില്‍ എസ്.എഫ്.ഐയുടെ പുതിയ ഉണര്‍വിന് തുടക്കം കുറിച്ചു. ഏതായാലും ഇന്ന് കോടിയേരി ബാലകൃഷ്ണന്‍ താല്ക്കാലികമായിട്ടാണെങ്കിലും സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുകയാണ്. അദ്ദേഹത്തിന് ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയട്ടേ എന്ന് ആശംസിക്കുന്നു.

ഈ കുറിപ്പിന് ആധാരം എം.വി. ഗോവിന്ദന്റെ സ്ഥാനാരോഹണം ആണ്. എം.വി. ഗോവിന്ദനും ചെറുപ്പം മുതല്‍ രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിച്ച് യുവജനരംഗത്ത് സംസ്ഥാനതലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒരു സംഘടനാനേതാവാണ്. കണ്ണൂര്‍ ജില്ലാ സി.പി.എം. സെക്രട്ടറിയായും സംഘടനാപ്രശ്‌നങ്ങള്‍ കൊണ്ട് ഉഴലുന്ന കാലഘട്ടത്തില്‍ എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ച പരിചയവും അദ്ദേഹത്തിന് ഉണ്ട്. എന്തായാലും എം.വി. ഗോവിന്ദന്‍ സിപിഎമ്മിന് ഒരു പുതിയ മുഖം സമ്മാനിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം.

ഏറെ പിന്നാക്കം നില്‍ക്കുന്ന ഒരു സാമുദായിക ഗ്രൂപ്പില്‍ ജനിച്ചുവളര്‍ന്ന് സാഹചര്യങ്ങളോട് മല്ലിട്ട് ഒരു സ്‌കൂള്‍ അധ്യാപകനായി ഒടുവില്‍ മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് സി.പി.എം. സെക്രട്ടറി സ്ഥാനത്തേക്ക് കടന്നുവരുമ്പോള്‍ അദ്ദേഹത്തിന്റെ മുന്നിലുളള വെല്ലുവിളികള്‍ എന്താണെന്ന് പരിശോധിക്കേണ്ടത് രാഷ്ട്രീയ നിരീക്ഷകരുടെ കടമ തന്നെയാണ്.

എം.വി. ഗോവിന്ദന്‍ അഴിമതിയോട് എന്നും വിയോജിപ്പ് പ്രകടിപ്പിച്ച വ്യക്തിയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇ.പി. ജയരാജന്‍ തന്റെ ബന്ധുവിനെ നിയമിച്ചത് ചൊല്ലി വന്‍വിവാദമുണ്ടായി. അന്ന് മൊറാഴ ലോക്കല്‍ കമ്മിറ്റിയാണ് അതിനെതിരായി ഔദ്യോഗികമായ ഒരു പരാതിക്കത്ത് സി.പി.എമ്മിന് നല്‍കിയത്. കണ്ണൂര്‍ ജില്ലയിലെ ഒരു പാര്‍ട്ടി ഗ്രാമമാണ് മൊറാഴ എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ഇതിന് പിറകില്‍ എം.വി. ഗോവിന്ദന്‍ ആയിരുന്നുവെന്ന് പലരും സംശയിച്ചിരുന്നു. അദ്ദേഹം അത് തള്ളിപ്പറഞ്ഞുമില്ല. എന്തായാലും ഇ.പി. ജയരാജന് രാജിവെക്കേണ്ടി വന്നു. പിന്നീട് തിരിച്ചുവന്നുവെങ്കില്‍ പോലും.

സ്വജനപക്ഷത്തിനെതിരായ പോരാട്ടം പലയിടത്തും അദ്ദേഹം നടത്തിയിട്ടുണ്ട്. പാര്‍ട്ടി കമ്മിറ്റികളിലേക്ക് പലരേയും കൊണ്ടുവരുന്ന സന്ദര്‍ഭങ്ങളില്‍ സ്വജനപക്ഷപാതത്തിന്റെ ഭാഗമാണ് എന്നുകണ്ടപ്പോള്‍ എതിര്‍ത്ത രീതികള്‍ അദ്ദേഹത്തിനുണ്ട്. മാത്രമല്ല, അഴിമതിയോട് സന്ധി ചെയ്യാത്ത ഒരു നേതാവാണ് എം.വി. ഗോവിന്ദന്‍. താന്‍ വഹിച്ച എക്‌സൈസ് വകുപ്പ് പലരും കാല്‍വഴുതി വീണ വകുപ്പാണെങ്കിലും ആ വകുപ്പിന്റെ മന്ത്രിയെന്ന നിലയില്‍ യാതൊരു പരാതിയും അദ്ദേഹത്തെകുറിച്ച് പ്രതിപക്ഷത്തിന് പോലും പറയാന്‍ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ സ്വജനപക്ഷപാതത്തിനും അഴിമതിക്കും എതിരായി നിലപാടെടുക്കാന്‍ എം.വി. ഗോവിന്ദന്‍ എന്ന പുതിയ പാര്‍ട്ടി സെക്രട്ടറി, തന്റെ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിനെ നിര്‍ബന്ധിക്കുമോ എന്നതാണ് സുപ്രധാനമായ ചോദ്യം. അദ്ദേഹത്തിന് മുന്നില്‍ തന്നെ ഫയലുകള്‍ ഇരിക്കുന്നുണ്ട്. താന്‍കൂടി ഉള്‍പ്പെട്ട മന്ത്രിസഭയാണ് പരിമിതമായ അവകാശങ്ങള്‍ പോലും ലോകായുക്തയ്ക്ക് ഉണ്ടായിരുന്നത് എടുത്തുകളയുന്ന നീക്കത്തിന് തീരുമാനമെടുത്തത്. അദ്ദേഹം പുതിയ പദവിയിലേക്ക് വരുമ്പോള്‍ ഇത് പാര്‍ട്ടിയുടെ നയമാണോ എന്ന് പരിശോധിക്കുവാന്‍ അദ്ദേഹത്തിന് അവസരം ഉണ്ട്.

സി.പി.ഐയെ പോലുളള പാര്‍ട്ടികള്‍ സി.പി.എമ്മിനേക്കാളും അഴിമതിവിരുദ്ധരാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്ന ഈ സന്ദര്‍ഭത്തില്‍ സി.പി.എം. എന്ത് നിലപാട് സ്വീകരിക്കും എന്നുളളത് വളരെ പ്രധാനമായ ഒരു ചോദ്യം തന്നെയാണ്. ഒപ്പം സ്വജനപക്ഷപാതത്തിന്റെ കാര്യത്തിലും അദ്ദേഹം നേരത്തേ എടുത്ത നിലപാടുകള്‍ പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ എടുക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടതായിട്ടുണ്ട്. അത് കണ്ണൂരില്‍ നിന്നുതന്നെയാണ് തുടങ്ങേണ്ടത്. കണ്ണൂരുകാരനായ കെ.കെ. രാഗേഷനിന്റെ ഭാര്യ കേരളവര്‍മ കോളേജിലെ മലയാളം അസിസ്റ്റന്റ് പ്രൊഫസറാണ്. ആ അസിസ്റ്റന്റ് പ്രൊഫസറെ കണ്ണൂര്‍ സര്‍വകലാശാലയുടെ അസോഷ്യേറ്റ് പ്രൊഫസറാക്കുന്നതിന് വേണ്ടി പാര്‍ട്ടി ചീത്തപ്പേര് കേള്‍ക്കേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യം ഈ ലേഖകന്‍ ഇതേ കോളത്തില്‍ കഴിഞ്ഞ തവണ ഉന്നയിക്കുകയുണ്ടായി.

ഇന്ന്, എം.വി. ഗോവിന്ദനെന്ന അഴിമതിയുടെ കറ പുരളാത്ത, സ്വജനപക്ഷപാതത്തെ പാര്‍ട്ടിക്കകത്ത് ശക്തമായി എതിര്‍ത്തിട്ടുളള വ്യക്തി പുതിയ സ്ഥാനത്തേക്ക് കടന്നുവരുമ്പോള്‍ ഇതിനെതിരേ എന്ത് സമീപനം എടുക്കുമെന്നുളളത് കാത്തിരുന്നുതന്നെ കാണണം. ഈ രണ്ട് സമകാലീന പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ മാത്രമല്ല ഞാന്‍ ആഗ്രഹിക്കുന്നത്.

മാര്‍ക്‌സിസ്റ്റ് അടിസ്ഥാനതത്വങ്ങളുടെ കാര്യത്തില്‍ മറ്റുപലരെക്കാളും അറിവും പരിചയവുമുളളയാളാണ് എം.വി. ഗോവിന്ദന്‍. അദ്ദേഹത്തോട് ചില കാര്യങ്ങള്‍ തുറന്ന് പറയാതിരിക്കാന്‍ സാധ്യമല്ല. എന്തായിരിക്കണം പാര്‍ട്ടി അപ്പാരറ്റസും അതുപോലെത്തന്നെ സര്‍ക്കാരും ചേര്‍ന്നുളള ഈ സംയുക്ത സംവിധാനത്തിന്റെ നയം എന്നാണ് വ്യക്തമാക്കപ്പെടേണ്ടത്. പാര്‍ട്ടി അപ്പാരറ്റസ് പലപ്പോഴും ഐഡിയോളജിയേക്കാള്‍ വലുതായി തീരുകയെന്ന ദോഷം കമ്യൂണിസ്റ്റ് ഭരണക്രമങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അമ്പ് ഐഡിയോളജിയും വില്ല് അപ്പാരറ്റസുമാണ് എന്ന് കരുതാമെങ്കില്‍ പലപ്പോഴും അമ്പില്ലാതെയാണ് പുരോഗമനപ്രസ്ഥാനങ്ങള്‍ വില്ലുകുലയ്ക്കുന്നത് എന്ന വിമര്‍ശനം പ്രസിദ്ധമാണ്. ഐഡിയോളജിയാണോ അപ്പാരറ്റസ് ആണോ പ്രധാനം എന്ന ചോദ്യത്തിന് ഐഡിയോളജി അല്ല പ്രധാനം എന്ന് പാര്‍ട്ടി പറഞ്ഞില്ലെങ്കിലും ഫലത്തില്‍ അപ്പാരറ്റസാണ് പ്രധാനമെന്ന രീതിയില്‍ പ്രവര്‍ത്തിച്ചുപോയതിന്റെ ഫലങ്ങളാണ് പല സോഷ്യലിസ്റ്റ് രാജ്യങ്ങളും ഇന്ന് തകര്‍ച്ചയിലേക്ക് നീങ്ങാനുളള കാരണം.

സി.പി.എം. എന്ന കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തെ അപ്പാരറ്റസ് കീഴ്‌പ്പെടുത്തിയോ എന്ന ചോദ്യം പ്രസക്തമായി വന്നിരിക്കുകയാണ്. മാത്രമല്ല അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ അധികാരചക്രം തിരിക്കുന്ന നേതാക്കന്മാര്‍ ഒരു ന്യൂ ക്ലാസ് (നവവര്‍ഗം) ആയി മാറുകയാണ് എന്ന വിമര്‍ശനവും ഗോവിന്ദന്‍മാസ്റ്റര്‍ക്ക് പരിശോധിക്കേണ്ടതായിട്ട് വരും.കമ്യൂണിസ്റ്റ് ഭരണക്രമങ്ങള്‍ക്കകത്ത് ആ ഭരണത്തിന്റെ ചുമതലയേല്‍ക്കുന്ന ആളുകള്‍ ഒരു നവവര്‍ഗമായി മാറുമെന്ന സിദ്ധാന്തമുണ്ടായിട്ട് എത്രയോ പതിറ്റാണ്ടുകളായി. യൂഗോസ്ലാവിയയിലെ ടിറ്റോയുടെ സഹപ്രവര്‍ത്തകനായിരുന്ന മിലോവന്‍ ജിലാസ്‌ മുന്നോട്ടുവെച്ച ആശയമാണത്. ഈ നവവര്‍ഗത്തെ സാങ്കേതികമായി ഒരു വര്‍ഗമെന്ന് വിളിക്കാമോ എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പക്ഷേ, വര്‍ഗമെന്ന് വിളിച്ചാലും ഇല്ലെങ്കിലും ഈ നവസംഘത്തെ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞോ എന്ന ചോദ്യം ഗോവിന്ദന്‍ മാസ്റ്ററെ പോലുളളവരെ അലട്ടേണ്ടതുണ്ടെന്നാണ് എന്റെ അഭിപ്രായം. നീണ്ട പാരമ്പര്യമുളള ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പുതിയ കാലഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിക്കാന്‍ സാധിക്കട്ടേ. 21-ാം നൂറ്റാണ്ടിലെ രണ്ടു പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു പുതിയ തരം കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉണ്ടാക്കാന്‍ കഴിയുമോ, അതിന് ചെറിയ സംഭാവനയെങ്കിലും എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് നല്‍കാന്‍ കഴിയുമോ എന്നീ ചോദ്യങ്ങള്‍ പ്രസക്തമാണ്.

സംഘര്‍ഷ രാഷ്ട്രീയത്തിന് അയവുവരുമോ?

അറുപതുകളുടെ അവസാനം മുതല്‍ ആരംഭിച്ചതും എഴുപതുകളുടെ അവസാനം മുതല്‍ രൂക്ഷമായതും പിന്നീട് പതിറ്റാണ്ടുകള്‍ നിലനിന്നതുമായ സംഘര്‍ഷാത്മക രാഷ്ട്രീയത്തിന്, കൊലപാതക രാഷ്ട്രീയത്തിന് നൂറുകണക്കിന് ഇരകള്‍ ഉണ്ടായിട്ടുണ്ട്. സി.പി.എം., ആര്‍.എസ്എസ്., കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ തമ്മിലുളള കൊലപാതകങ്ങള്‍ കണ്ണൂരിലെ പൊതുജീവിതത്തെ തന്നെ പലപ്പോഴും ഇളക്കിമറിച്ചിട്ടുണ്ട്. കണ്ണൂരില്‍ സെക്രട്ടറിയായിരുന്ന കാലത്ത് ഗോവിന്ദന്‍ മാസ്റ്റര്‍ ഇത് ഉചിതമായ ഒരു പാര്‍ട്ടി നയമായിരുന്നില്ല എന്ന് പറയുക മാത്രമല്ല അതിലേക്ക് നയിക്കത്തക്ക തരത്തിലുളള നടപടികള്‍ എടുത്തിരുന്നു എന്നാണ് മനസ്സിലാക്കുക. പക്ഷേ അതുകൊണ്ടുമാത്രം അവിടുത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ല എന്നത് ഒരു യാഥാര്‍ഥ്യമാണെങ്കിലും എതിരാളികളെ കൊന്നുതളളുക എന്ന രാഷ്ട്രീയം ഒരു പാര്‍ട്ടിക്കും ഭൂഷണമല്ല എന്ന നിലപാട് ശക്തമായി പാര്‍ട്ടിക്കകത്ത് എടുക്കാന്‍ കഴിഞ്ഞ അപൂര്‍വം കമ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. അതുകൊണ്ടുതന്നെ കേരള രാഷ്ട്രീയത്തിലും ഇത്തരത്തിലുളള സംഘര്‍ഷങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ കാമ്പസുകളില്‍ കാമ്പസ് ഫാസിസം എന്നുപോലും വിളിക്കാവുന്ന തരത്തിലുളള അക്രമോത്സുകമായിട്ടുളള രാഷ്ട്രീയം അവസാനിപ്പിക്കുവാന്‍ അദ്ദേഹത്തിന് മുന്‍കൈ എടുക്കാന്‍ കഴിയുമോ ?

പാര്‍ട്ടിക്കകത്ത് അഭിപ്രായങ്ങള്‍ പറയുന്നതില്‍ ആരുടേയും പുറകില്‍ ആയിരുന്നില്ല എം.വി .ഗോവിന്ദന്‍. അതുകൊണ്ടുതന്നെ എം.വി. രാഘവന്‍ ബദല്‍രേഖ അവതരിപ്പിച്ചപ്പോള്‍ ബദല്‍രേഖയുടെ ഉളളടക്കത്തെ പിന്തുണച്ച ഒരു പ്രധാന നേതാവായിരുന്നു എം.വി. ഗോവിന്ദന്‍. എം.വി.ആറിനോടുളള അചഞ്ചലമായ സ്‌നേഹവും കൂറും അദ്ദേഹം മറച്ചുവെച്ചിരുന്നില്ല. ഒടുവില്‍ എം.വി.ആര്‍. പുറത്താക്കപ്പെട്ടതിന് ശേഷം ഞാനടക്കമുളള നിരവധിയാളുകള്‍ ചേര്‍ന്ന് ഒരു പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അതില്‍ ചേരണമോ വേണ്ടയോ എന്ന കാര്യം അദ്ദേഹത്തെ വല്ലാതെ അലട്ടിയെങ്കിലും അദ്ദേഹം സി.പി.എമ്മില്‍ തന്നെ നിലനില്‍ക്കുകയാണ് ചെയ്തത്.

പക്ഷേ അങ്ങനെ നിലനില്‍ക്കുമ്പോള്‍ തന്നെ എം.വി.ആറിനെ മോശക്കാരനായി ചിത്രീകരിച്ചുകൊണ്ടും അപമാനിച്ചുകൊണ്ടും സി.പി.എമ്മില്‍ സ്ഥാനംഉറപ്പിക്കുന്നതിന് എം.വി. ഗോവിന്ദന്‍ ശ്രമിച്ചിരുന്നില്ലെന്നത് ഈ സന്ദര്‍ഭത്തില്‍ പറയാതെ പോകുന്നത് ശരിയല്ല. എം.വി.ആറിനൊപ്പം നിന്ന പലരും ഭയചകിതരായി 'ഞാന്‍ ആ മനുഷ്യനെ അറിയുന്നില്ല' പറയുന്നത് കണ്ട് ചിരിച്ച വ്യക്തികളില്‍ ഒരാളാണ് ഞാന്‍. പക്ഷേ, സ്വന്തം അഭിപ്രായം പറയുന്നതിന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ഭയന്നില്ല എന്നുമാത്രമല്ല സി.പി.എമ്മിന്റെ ഭൂരിപക്ഷ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് സി.എം.പിക്ക് എതിരായ സമീപനം എടുത്തപ്പോഴും എം.വി.ആറെന്ന രാഷ്ട്രീയ നോതാവിനെ പുച്ഛിക്കാനും തരംതാഴ്ത്തി സംസാരിക്കാനും ഉളള ശ്രമങ്ങളുടെ ഭാഗമായിരുന്നില്ല അദ്ദേഹം എന്ന് ഓര്‍ത്തെടുക്കേണ്ടത് രാഷ്ട്രീയമായിത്തന്നെ പ്രധാനമായ കാര്യമായി ഞാന്‍ കണക്കാക്കുന്നു.

അതുകൊണ്ടുതന്നെ പുറത്ത് രാഷ്ട്രീയം പറയാനും, സംഘടനയില്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്താനും, രാഷ്ട്രീയത്തില്‍ സംഘടന ചേര്‍ത്ത് പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകാനുമുളള ഗോവിന്ദന്‍ മാസ്റ്ററുടെ കഴിവ് അദ്ദേഹം പുതിയ പദവിയില്‍ വരുമ്പോള്‍ നിര്‍വഹിക്കുമോ എന്ന് നിരീക്ഷിക്കുകയാണ് കേരളം. ഇന്ന് കേരളത്തിലെ സിപിഎം നയിക്കുന്ന മന്ത്രിസഭ വാസ്തവത്തില്‍ എംവിആര്‍ ബദല്‍രേഖയില്‍ മുന്നോട്ടുവെച്ച ഘടകങ്ങളെ ഉള്‍ച്ചേര്‍ത്തിട്ടുളളതാണ്. കേരള കോണ്‍ഗ്രസിന്റെ മൂന്നു വിഭാഗങ്ങളില്‍ ഉളള മന്ത്രിമാര്‍ മന്ത്രിസഭയില്‍ ഉണ്ട്. ചീഫ് വിപ്പ് കേരള കോണ്‍ഗ്രസിന്റെ വലിയ വിഭാഗമായ ജോസ് കെ. മാണിയുടെ വിഭാഗത്തിനാണ് നല്‍കിയിരിക്കുന്നത്. അതുപോലെ മുസ്ലീംലീഗിനെ തൊടരുത് എന്ന് പറഞ്ഞ് 86-ല്‍ വലിയ കോലാഹലമുണ്ടാക്കിയെങ്കിലും മുസ്ലീംലീഗിന്റെ അഖിലേന്ത്യ പ്രസിഡന്റായിരുന്ന ഇബ്രാഹിം സുലൈമാന്‍സേട്ട് സാഹിബ് രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ മന്ത്രിയും ഇന്ന് മന്ത്രിസഭയിലുണ്ട്.

അതുകൊണ്ട് ബദല്‍രേഖയെ അംഗീകരിച്ചുകൊണ്ടല്ലെങ്കിലും കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയത്തെ വളഞ്ഞവഴിയില്‍ അംഗീകരിക്കുന്ന ഒരു നയം സി.പി.എമ്മിന് ഇന്നുണ്ട്. ദേശീയരാഷ്ട്രീയവും ഇളകിമറിഞ്ഞുകൊണ്ടിരിക്കുകയാണ് നമുക്കറിയാം. കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന മതേതരവിഭാഗങ്ങള്‍ 2024ലെ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ സ്ഥാനത്ത് നിന്ന് മാറ്റി ഒരു മതേതര സര്‍ക്കാര്‍ സ്ഥാപിക്കുമോ എന്നതാണ് ഇന്നത്തെ പ്രധാന ചര്‍ച്ചാവിഷയം. കേരളത്തെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ ഇരുപത് സീറ്റിലും ഒന്നുകില്‍ യു.ഡി.എഫ്. ജയിക്കും അല്ലെങ്കില്‍ എല്‍.ഡി.എഫ്. ജയിക്കും എന്ന കാര്യത്തില്‍ വലിയ സംശയം ആര്‍ക്കുമില്ല.

പക്ഷേ, ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനോടുളള സമീപനം വീണ്ടും ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നു. സീതാറാം യെച്ചൂരിയെപോലുളള ആളുകള്‍ കോണ്‍ഗ്രസുമായി കൂടുതല്‍ അടുക്കണം എന്ന ആശയക്കാരാണ് എന്നത് ഒരു രഹസ്യമല്ല. പ്രകാശ് കാരാട്ട് അതിനെതിരാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇതില്‍ ഏതുഭാഗത്താണ് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ എന്ന ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിഘടകത്തിന്റെ സെക്രട്ടറി നില്‍ക്കുക എന്നത് എല്ലാവരും ഉറ്റുനോക്കുന്ന വിഷയം തന്നെയാണ്.

ദീര്‍ഘകാലം പാര്‍ട്ടി സെക്രട്ടറിയായിരുന്ന മുഖ്യമന്ത്രിയായ പിണറായി വിജയന്റെ കൈപ്പിടിയിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയം എന്നതും ഒരു രഹസ്യമല്ല. മുഖ്യമന്ത്രിയുമായി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഏറ്റുമുട്ടുമെന്നും അതിന്റെ ഫലമായി എന്തെങ്കിലും ആശയക്കുഴപ്പമുണ്ടാകുമെന്ന് ആരെങ്കിലും സ്വപ്‌നം കാണുന്നുണ്ടെങ്കില്‍ അത്തരത്തില്‍ ഒരാളല്ല ഈ ലേഖകന്‍. പക്ഷേ ഗോവിന്ദന്‍ മാസ്റ്റര്‍ തന്റെ അഭിപ്രായങ്ങള്‍ ശക്തമായി പറയുകയും ആ പറയുന്നത് കൃത്യമായ തലത്തില്‍ സംഘടനയിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്താല്‍ യാതൊരു സംശയവുംവേണ്ട സര്‍ക്കാരിന്റെ നയങ്ങളെ അദ്ദേഹത്തിന് എതിര്‍ക്കേണ്ടതായിട്ട് വരും.

നമുക്കറിയാം, ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ സ്വര്‍ണക്കളളക്കടത്ത് കേസ് ഇന്നും സജീവമായിത്തന്നെ രംഗത്തുണ്ട്. അതില്‍ ഉള്‍പ്പെട്ട ആളുകള്‍ ഇന്നും സര്‍ക്കാരിന്റെ ഭാഗമാണ്. ആ പ്രശ്‌നം പുരോഗമന സര്‍ക്കാരിന് യോജിച്ച വിധമാണോ കൈകാര്യം ചെയ്യപ്പെട്ടത്. ശിവശങ്കരനെ പോലുളള ആളുകള്‍ കേരളം ഭരിക്കുന്നു എന്നത് അഭിലഷണീയമായ ഒരു കാര്യമാണോ? ഇതും ഗോവിന്ദന്‍ മാസ്റ്ററുടെ മേശപ്പുറത്ത് വരാവുന്ന പ്രധാനപ്പെട്ട ചോദ്യങ്ങള്‍ തന്നെയാണ്.

സി.പി.എം. നേരിടുന്ന മറ്റൊരു വിഷയം ഇന്ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ പുതിയ ബോധ്യവും പുതിയ സമീപനവുമാണ് എന്ന് നമുക്കറിയാം. സില്‍വര്‍ലൈനെന്ന പിണറായി സര്‍ക്കാരിന്റെ പദ്ധതിയെ ജനങ്ങള്‍ ചെറുത്തുതോല്‍പ്പിക്കുകയാണ് ചെയ്തത്. കേന്ദ്രം അനുവാദം തന്നില്ലെന്ന വാദത്തിന്റെ മറവില്‍ ഇന്ന് സില്‍വര്‍ലൈന്‍ അലമാരയില്‍വെച്ച് പൂട്ടിയിരിക്കുന്നു. സില്‍വര്‍ ലൈന്‍ കടുന്നുപോകുന്ന പ്രദേശങ്ങളിലുണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തിന് എതിരായാണ് ജനങ്ങള്‍ അണിനിരന്നത്. അത്തരത്തിലുളള ഒരു വമ്പന്‍ പ്രോജക്ടുണ്ടാക്കുന്ന ഖജനാവിന്റെ ഭാരത്തെ കുറിച്ചും ആളുകള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്തു. പക്ഷേ ഈ സമരത്തെയെല്ലാം അടിച്ചമര്‍ത്താനും ഇതെല്ലാം പിന്തിരിപ്പന്‍മാരുടെ കുത്തിത്തിരിപ്പാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിച്ച സി.പി.എമ്മിന് തൃക്കാക്കരയില്‍ കനത്ത തിരിച്ചടിയാണ് കിട്ടിയത്. ഇപ്പോള്‍ വീണ്ടും വിഴിഞ്ഞം പ്രശ്‌നം വന്നിരിക്കുന്നു. വിഴിഞ്ഞത്ത് തുറമുഖമുണ്ടാക്കുന്നതിന് വേണ്ടി മുന്‍കൈ എടുത്തത് യു.ഡി.എഫാണ്. ഈ കഴിഞ്ഞ ആറുവര്‍ഷമായിട്ടും ആ പദ്ധതി നടപ്പാക്കി തീര്‍ക്കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചില്ല എന്നത് മറ്റൊരു വിഷയം.

ഇന്ന് തീരം കാര്‍ന്ന് തിന്നുകൊണ്ടിരിക്കുകയാണ് കടല്‍. അതിന്റെ ഏകകാരണം വിഴിഞ്ഞം തുറമുഖമാകണമെന്നില്ല. പക്ഷേ വിഴിഞ്ഞം തുറമുഖ പ്രദേശത്തെ കടല്‍ക്കയറ്റം വിഴിഞ്ഞം തുറമുഖത്ത് കല്ലിട്ടതുകൊണ്ട് ആകില്ല എന്ന് പറയാനും ആര്‍ക്കും സാധ്യമല്ല. ഇവിടെ ലത്തീന്‍ രൂപത നടത്തുന്ന സമരം വളരെ ശ്രദ്ധേയമാണ്. പാരിസ്ഥിതിക അഭയാര്‍ഥികളായി തീരപ്രദേശവാസികള്‍ മാറിയിരിക്കുന്നു. ശംഖുമുഖമെന്ന പ്രസിദ്ധമായ കടല്‍ത്തീരം തന്നെ ഇല്ലാതായിരിക്കുന്നു അതുകൊണ്ട് പാരിസ്ഥിതിക അഭയാര്‍ഥി പ്രശ്‌നം ഇന്ന് കേരളത്തേയും തുറിച്ചുനോക്കാന്‍ തുടങ്ങിയിട്ടുണ്ട്. ചെല്ലാനത്തും കുട്ടനാട്ടിലും ഇതിനകം തന്നെ നൂറുകണക്കിന് പാരിസ്ഥിതിക അഭയാര്‍ഥികള്‍ ഉണ്ടായിക്കഴിഞ്ഞു.

മറുഭാഗത്ത് കിഴക്കന്‍ മലയോരത്ത് പാരിസ്ഥിതിക സംരക്ഷണമെന്നപേരില്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുവരുമ്പോള്‍ അവിടെ താമസിക്കുന്ന ആളുകള്‍ മുറവിളി കൂട്ടുന്നു. പരിസ്ഥിതി സംരക്ഷിക്കാന്‍ ബഫര്‍സോണ്‍ വേണമെന്ന് സര്‍ക്കാര്‍ നിലപാട് എടുക്കുമ്പോള്‍ പരിസ്ഥിതിക്കെതിരായല്ല ജനങ്ങള്‍ സമരം ചെയ്യുന്നത് എന്ന് കാണണം. മറിച്ച് പാരിസ്ഥിതികമായ പ്രശ്‌നങ്ങളില്‍ ആളുകള്‍ ബുദ്ധിമുട്ടുന്നു എന്ന നിലയിലാണ് ആ പ്രശ്‌നത്തെ സമീപിക്കേണ്ടത്. കാത്തലിക് സീറോ മലബാര്‍ സഭയുടെ ഭാഗമായി കിഴക്കും കത്തോലിക് ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലും ശക്തമായ സമരം നടക്കുമ്പോള്‍ അതിനെ പിന്തിരിപ്പന്‍മാരുടെ സമരം എന്നുമുദ്രകുത്തിയിട്ട് കാര്യമില്ല.

പരിസ്ഥിതി കേരളത്തില്‍ കണക്കെടുപ്പ് തുടങ്ങിയിരിക്കുന്നു.അതുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന രീതിയില്‍ പാരിസ്ഥിതിക പ്രശ്‌നം ഒരു ഗൗരവമായ ജനകീയപ്രശ്‌നമായി കാണേണ്ടത് ഇന്ന് കാലഘട്ടത്തിന്റെ പുതിയ വെല്ലുവിളിയാണ്. അതിനോട് പുതിയ സംസ്ഥാന സെക്രട്ടറി എങ്ങനെ പ്രതികരിക്കും എന്നത് കാത്തിരുന്നു കാണാം. സ്ത്രീ പുരുഷ ഭേദങ്ങളും ലിംഗസമത്വവും ലിംഗനീതിയും ഒരു പുതിയ വിഷയമല്ലെങ്കിലും വലിയ പ്രശ്‌നങ്ങളായി കേരളത്തിന്റെ സജീവ ചര്‍ച്ചാരംഗത്ത് വന്നിരിക്കുന്നു. ഇവിടെയും പരമ്പരാഗതമായ നാല്‍പതോ അമ്പതോ വര്‍ഷം മുമ്പുളള കമ്യൂണിസ്റ്റ് പ്രവര്‍ത്തനശൈലിയുടെ പാരമ്പര്യം മതിയാകാതെ വരുന്നുണ്ട്. പുതിയ കാലഘട്ടത്തില്‍ പുതിയരീതിയില്‍ ചിന്തിക്കാന്‍ പുതിയപ്രശ്‌നങ്ങളെ നേരിടാന്‍, അതിനെ പരമ്പരാഗതമായ പിന്തിരിപ്പന്‍ മുദ്രകുത്തി മാറ്റാതെ അതിന്റെ യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കാന്‍ പുതിയ സിപിഎം നേതൃത്വത്തിന് സാധിക്കുമോ എന്നതാണ് മൗലികമായ പ്രശ്‌നം.

അദ്ദേഹം ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നതുകൊണ്ട് വളരെ അടുത്തബന്ധമാണ് ഞങ്ങള്‍ തമ്മിലുളളത്. അദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിക്കുന്നു.

Content Highlights: MV Govindan cpm state secretary, pratibhashanam column by C P John


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented