കെ.ടി. ജലീൽ | ഫോട്ടോ: മാതൃഭൂമി
മന്ത്രി കെ.ടി. ജലീലിന് വിക്കിപീഡിയ നല്‍കുന്ന വിശേഷണങ്ങളിലൊന്ന് ചരിത്രകാരന്‍ എന്നാണ്. അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങള്‍ ഇതെഴുതുന്നയാള്‍ വായിച്ചിട്ടില്ല. ജലീല്‍ ചരിത്രവിദ്യാര്‍ത്ഥി ആയിരുന്നു എന്നറിയാം. എന്തായാലും ഇന്ത്യന്‍ രാഷ്ട്രീയചരിത്രം ജലീല്‍ ഒന്നുകൂടി വായിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. പൗരാണിക ഇന്ത്യയുടെ ചരിത്രമല്ല, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം.
ആ ചരിത്രത്തിലേക്ക് പോകുമ്പോള്‍ രാഷ്ട്രീയ സംശുദ്ധിയെക്കുറിച്ചും ധാര്‍മ്മികതയെക്കുറിച്ചുമുള്ള വിലയേറിയ പാഠങ്ങള്‍ ജലീലിനു മുന്നില്‍ അനാവൃതമാവും. ഇന്നീ വിഷമസന്ധിയില്‍ മന്ത്രിയായി തുടരേണ്ടതുണ്ടോ എന്ന ചോദ്യത്തിന് അപ്പോള്‍ നിശിതവും വ്യക്തവുമായ ഉത്തരം ജലീലിന് ലഭിക്കും. പാണക്കാട്ടെ തങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ തൊട്ട് സത്യം ചെയ്ത് തനിക്കു നേരെ വിരല്‍ ചൂണ്ടിയാല്‍ രാജിവെയ്ക്കാമെന്ന വങ്കത്തരം ജലീല്‍ പറയുന്നത് ശരിയായ ചരിത്രബോധം ഇല്ലാത്തതുകൊണ്ട് മാത്രമാണ്.
പാണക്കാട്ടെ തങ്ങളല്ല ജലിലിനെ മന്ത്രിയാക്കിയത്. ജലീലിനെ നിയമസഭയിലേക്ക് തിരഞ്ഞെടുത്തത് ഈ നാട്ടിലെ ജനങ്ങളാണ്. ജലീലിനെ മന്ത്രിയാക്കിയത് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സി.പി.എമ്മാണ്. മുഖ്യമന്ത്രി പിണറായി വിജയന് വിശ്വാസമുള്ളതുകൊണ്ടാണ് അദ്ദേഹം മന്ത്രിയായത്. ആ വിശ്വാസത്തിനു പുറത്താണ് ജലീല്‍ ഇപ്പോഴും മന്ത്രിയായി തുടരുന്നത്.
എന്നിട്ട് ജലീല്‍ വലിയ വായില്‍ വിളിച്ചു പറയുന്നു, പാണക്കാട്ട് തങ്ങള്‍ നെഞ്ചിലും വിശുദ്ധ ഖുര്‍ആനിലും തൊട്ട് സത്യം ചെയ്ത് തന്നെ തെറ്റുകാരനെന്ന് വിളിച്ചാല്‍ മന്ത്രി സ്ഥാനം രാജിവെയ്ക്കാമെന്ന്. ജലീലിന്റെ ഈ വാക്കുകള്‍ വാസ്തവത്തില്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. കേരള സംസ്ഥാനത്തെ മന്ത്രിയെന്ന നിലയില്‍ ഔദ്യോഗിക കാര്യങ്ങളില്‍ ജലീലിനെ നയിക്കേണ്ടത് ഭരണഘടനയാണ്.
ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ക്ക് മുന്നില്‍ ഔദ്യോഗിക കാര്യങ്ങളില്‍ ഒരൊറ്റ വിശുദ്ധ പുസ്തകമേയുള്ളു- ഇന്ത്യന്‍ ഭരണഘടന. പക്ഷേ, ജലീല്‍ ഇപ്പോള്‍ ഭരണഘടന മറന്നുപോവുന്നു. അധികാരം അന്ധമാക്കുന്ന കണ്ണുകള്‍ക്ക് മുന്നില്‍ ഭരണഘടനയുടെ താളുകള്‍ അദൃശ്യവും അസ്പൃശ്യവുമാകുന്നു. ജലീല്‍, താങ്കള്‍ ഇതെങ്ങോട്ടാണ് സഞ്ചരിക്കുന്നത്?
ജലീലിനെ ചില ചരിത്രപാഠങ്ങള്‍ ഒന്നോര്‍മ്മിപ്പിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ധനമന്ത്രി ആര്‍.കെ. ഷണ്‍മുഖം ചെട്ടി ഒരു കൊല്ലമേ ആ പദവിയിലിരുന്നുള്ളു. തമിഴകത്തെ ചില തുണി മില്ലുടമകളുമായി വഴിവിട്ടുള്ള ബന്ധമുണ്ടായിരുന്നു എന്ന ആരോപണത്തെക്കുറിച്ച് പ്രധാനമന്ത്രി നെഹ്‌റു അന്വേഷിച്ചപ്പോള്‍ ബഹളത്തിന് നില്‍ക്കാതെ ഷണ്‍മുഖം ചെട്ടി രാജിവെയക്കുകയായിരുന്നു.
1958-ല്‍ അന്നത്തെ ധനമന്ത്രി ടി.ടി. കൃഷ്ണമാചാരിക്ക് വഴിയൊരുക്കിയതും അഴിമതി ആരോപണമാണ്. കൊല്‍ക്കൊത്തയിലെ വ്യവസായ പ്രമുഖന്‍ ഹരിദാസ് മുന്ദ്രയുടെ വിവിധ കമ്പനികളില്‍ എല്‍.ഐ.സി. 1.24 കോടി രൂപ മുതല്‍മുടക്കിയതിന് പിന്നില്‍ കൃഷ്ണമാചാരിയുടെ സവിശേഷ താല്‍പര്യം ഉണ്ടായിരുന്നുവെന്നാണ് ആരോപണം ഉയര്‍ന്നത്.
പാര്‍ലമെന്റില്‍ കൃഷ്ണമാചാരിക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയത് നെഹ്‌റുവിന്റെ മരുമകന്‍ ഫിറോസ് ഗാന്ധിയായിരുന്നു. നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്ന മുന്ദ്ര കമ്പനികളില്‍ മുതല്‍ മുടക്കുന്നതിന് മുമ്പ് നിക്ഷേപക സമിതിയുമായി ഒരു കൂടിയാലോചനയുമുണ്ടായിട്ടില്ലെന്നും ധന സെക്രട്ടറി എച്.എം. പട്ടേലും ധന മന്ത്രി കൃഷ്ണമാചാരിയും എല്‍.ഐ.സിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് ഈ ഇടപാട് നടത്തിയതെന്നും ഫിറോസ് ഗാന്ധി ആരോപിച്ചു.
എന്തു തെളിവുണ്ടെന്ന് നെഹ്‌റു ചോദിച്ചപ്പോള്‍ ഇരുവരും നടത്തിയ കത്തിടപാടുകളുടെ കോപ്പി തന്റെ കൈയ്യിലുണ്ടെന്ന് ഫിറോസ് പറഞ്ഞു. അന്നത്തെ കോണ്‍ഗ്രസില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം ഒരു തമാശയല്ലാതിരുന്നതുകൊണ്ട് ഫിറോസിന് പാര്‍ട്ടിയില്‍ തുടരാനായി. കേരളത്തില്‍ ഇന്നിപ്പോള്‍ മരുമക്കളും യുവപോരാളികളും ചാനലുകളിലിരുന്ന് ജലീലിനെ ന്യായീകരിച്ച് ഒരു വഴിക്കായിക്കൊണ്ടിരിക്കുകയാണ്. അഴിമതി പുറത്തുകൊണ്ടുവരാനല്ല, അഴിമതി ന്യായീകരിക്കാനാണ് പുതിയ കാലത്തെ ഗവേഷണങ്ങള്‍.
ഫിറോസിന്റെ ആരോപണങ്ങള്‍ മുഖവിലയ്ക്കെടുത്ത് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചഗ്ളയുടെ നേതൃത്വത്തില്‍ നെഹ്‌റു ഏകാംഗ കമ്മീഷന്‍ പ്രഖ്യാപിച്ചു. ജസ്റ്റിസ് ചഗ്ള രഹസ്യമായല്ല തെളിവെടുപ്പ് നടത്തിയത്. വലിയ ജനക്കൂട്ടങ്ങളാണ് ഈ തെളിവെടുപ്പുകള്‍ക്ക് സാക്ഷ്യം വഹിച്ചത്. ഒരു മാസം കൊണ്ട് ജസ്റ്റിസ് ചഗ്ള റിപ്പോര്‍ട്ട് നല്‍കി. അധികം വൈകാതെ തന്നെ കൃഷ്ണമാചാരി രാജിവെച്ചു.
ഹരിദാസ് മുന്ദ്രയെ കോടതി 22 കൊല്ലത്തെ തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കൃഷ്ണമാചാരിയുടെ രാജിക്കത്തിനുള്ള മറുപടിയില്‍ ഓഹരി ഇടപാട് കൃഷ്ണമാചാരിയുടെ സമ്മതത്തോടെയാണ് നടന്നതെന്ന് താന്‍ കരുതുന്നില്ലെന്നാണ് നെഹ്‌റു എഴുതിയത്. പക്ഷേ, കൃഷ്ണമാചാരിയുടെ രാജി നെഹ്‌റു സ്വീകരിച്ചു. രാഷ്ട്രീയ മര്യാദകളുടെ കാലമായിരുന്നു അത്. തമിഴകത്തെ അരിയാലൂരിലെ തീവണ്ടി അപകടത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ലാല്‍ബഹാദൂര്‍ ശാസ്ത്രി റെയില്‍വെ മന്ത്രി സ്ഥാനം രാജിവെച്ചത് അതിനും രണ്ടു കൊല്ലം മുമ്പ് 1956 നവംബറിലാണ്.
1951-ല്‍ സോമനാഥ് ക്ഷേത്രം നവീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ സമര്‍പ്പണചടങ്ങിലേക്ക് അന്നത്തെ രാഷ്ട്രപതി രാജേന്ദ്ര പ്രസാദിന് ക്ഷണം വന്നു. അപ്പോള്‍ പ്രധാനമന്ത്രി നെഹ്‌റു രാഷ്ട്രപതിയോട് പറഞ്ഞതിതാണ്: ''താങ്കള്‍ പോവാതിരിക്കുന്നതാണ് കൂടുതല്‍ നല്ലത്.'' രാജേന്ദ്രപ്രസാദ് അതംഗീകരിച്ചില്ല. പക്ഷേ, ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ നെഹ്‌റുവിന്റെ വാക്കുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബഹുസ്വരതയിലൂന്നിയാണ് രാജേന്ദ്രപ്രസാദ് അന്ന് പ്രസംഗിച്ചത്.
പ്രധാനമന്ത്രി മോദി രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഭൂമിപൂജയില്‍ പങ്കെടുത്തതിനെതിരെ നിശിതവിമര്‍ശമാണ് പല ഭാഗങ്ങളില്‍നിന്നും ഉയര്‍ന്നത്. ഇതിനെ ന്യായീകരിക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസുംഉയര്‍ത്തിയ വാദങ്ങളില്‍ രാജേന്ദ്രപ്രസാദിന്റെ സോമനാഥ ക്ഷേത്ര സന്ദര്‍ശനവുമുണ്ടായിരുന്നു. ഒരു മുസ്ലിം പള്ളി തകര്‍ക്കപ്പെട്ട സ്ഥലത്തേക്കല്ല ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി പോയതെന്ന വസ്തുത ഈ ന്യായീകരണക്കാര്‍ സൗകര്യപൂര്‍വ്വം മറക്കുകയും ചെയ്തു.
പറഞ്ഞുവന്നത് ന്യൂനപക്ഷ ക്ഷേമ മന്ത്രിയാണെന്ന ന്യായത്തില്‍ ഖുര്‍ആന്‍ വിതരണം മന്ത്രി ജലീല്‍ ന്യായീകരിക്കുന്നതിനെക്കുറിച്ചാണ്. മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യുന്നതാണ് ന്യൂനപക്ഷക്ഷേമമെന്ന് ഒരു മന്ത്രി പറയുമ്പോള്‍ അതിനെ ന്യായീകരിക്കേണ്ട ഗതികേടിലാണ് സി.പി.എം.അകപ്പെട്ടിരിക്കുന്നത്.
മുസ്ലിം ലീഗ് എന്ന പാര്‍ട്ടി മുസ്ലിം എന്ന പേരെങ്കിലും ഓര്‍ക്കേണ്ടതില്ലേ എന്നും കൈരളിക്ക് നല്‍കിയ അഭിമുഖത്തില്‍ ജലീല്‍ ചോദിക്കുന്നുണ്ട്. തന്റെ മതപരമായ സ്വത്വം(ഐഡന്റിറ്റി) ഉയര്‍ത്തിക്കാട്ടി ആരോപണങ്ങള്‍ നേരിടാനുള്ള ജലിലിന്റെ ശ്രമം അത്യന്തം പരിഹാസ്യമാണെന്നു മാത്രമേ പറയാനാവൂ. ഇനിയിപ്പോള്‍ മോദിയുടെ അയോദ്ധ്യ സന്ദര്‍ശനം എങ്ങിനെയാണ് സി.പി.എം. വിമര്‍ശിക്കുക എന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്.
സ്വര്‍ണ്ണക്കടത്തില്‍ ജലീലിനു പങ്കുണ്ടോയെന്നത് അന്വേഷണ ഏജന്‍സികളാണ് പറയേണ്ടത്. അവര്‍ നിഗമനത്തിലെത്തുന്നതുവരെ ഇക്കാര്യത്തില്‍ ജലീലിനെ നമുക്ക് വെുറതെ വിടാം. പക്ഷേ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിനുള്ള ഉത്തരമായി കള്ളം പറഞ്ഞതിന് ജലീല്‍ കേരള സമൂഹത്തോട് മാപ്പ് പറയുക തന്നെ വേണം.
നുണ പറഞ്ഞെന്നു മാത്രമല്ല ഇങ്ങനെ നുണ പറയുന്നതിന് തനിക്ക് അവകാശമുണ്ടെന്ന ധാര്‍ഷ്ട്യം പരസ്യമായി പ്രകടിപ്പിക്കാനും ജലീല്‍ തയ്യാറാവുന്നുവെന്നത് നമ്മുടെ രാഷ്ട്രീയ നേതൃത്വം ഇന്നു നേരിടുന്ന ജീര്‍ണ്ണതയുടെ ലക്ഷണമാണ്. തെറ്റ് തിരുത്തണമെന്നാണ് ഇടതുപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനും ജലീലിനോട് പറയേണ്ടത്. അതിന് പകരം ഈ വൃത്തികേടിനെ ന്യായീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ അത് ജനാധിപത്യ സമൂഹത്തിന് നല്‍കുന്ന സന്ദേശമെന്താണെന്ന് മുഖ്യമന്ത്രി സ്വയം ചോദിക്കണം.
ദ്രോണാചാര്യരോട് കള്ളം പറഞ്ഞതോടെയാണ് ധര്‍മ്മപുത്രനായ യുധിഷ്ഠിരന്റെ രഥം ഭൂമിയെ തൊടാന്‍ തുടങ്ങിയതെന്നാണ് പുരാണത്തിലുള്ളത്. അശ്വത്ഥാമാവിനെ കൊന്നു എന്ന വചനത്തിന് പിന്നാലെ അതൊരാനയായിരുന്നു എന്ന് യുധിഷ്ഠിരന്‍ പറഞ്ഞെങ്കിലും അത് ദ്രോണര്‍ കേള്‍ക്കാതിരിക്കാന്‍ ആ സമയം കൃഷ്ണന്‍ ശംഖ് വിളിച്ചെന്നും അതെത്തുടര്‍ന്നുണ്ടായ ആരവത്തില്‍ യുധിഷ്ഠിരന്റെ രണ്ടാം വാക്യം മുങ്ങിപ്പോവുകയായിരുന്നുവെന്നും വിശദീകരണമുണ്ട്. സംഗതി എന്തായാലും ആ ആദ്യവാക്യത്തിന്റെ കരിനിഴല്‍ യുധിഷ്ഠിരനെ അവസാനംവരെ പിന്തുടര്‍ന്നു.
നാവ് പിഴച്ചതിന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാപ്പു പറഞ്ഞിട്ട് അധികം ദിവസങ്ങളായിട്ടില്ല. പൊതുവെ നമ്മുടെ രാഷ്ട്രീയ മണ്ഡലത്തില്‍ അധികം കാണപ്പെടാത്ത ഒരു പ്രവൃത്തിയായിരുന്നു അത്. ആ ഖേദപ്രകടനം രമേശിനെ ചെറുതാക്കുകയല്ല, വലുതാക്കുകയാണ് ചെയ്തത്. ജലീലിന്റെ കാര്യത്തില്‍ ഇനിയും വൈകിപ്പോയിട്ടില്ല.
കേരളീയ സമൂഹത്തോട് ജലീല്‍ തീര്‍ച്ചയായും മാപ്പു പറയണം. ഭരണഘടനയും നിയമവ്യവസ്ഥയും കാത്തു സംരക്ഷിക്കുമെന്ന പ്രതിജ്ഞയാണ് ജലീല്‍ എന്ന മന്ത്രിയെ നയിക്കേണ്ടത്. ധാര്‍മ്മികവിശുദ്ധിയുടെയും സത്യത്തിന്റെയും വെളിച്ചത്തിലൂടെയുള്ള യാത്രയാണത്. ആ വെളിച്ചത്തിന് നേര്‍ക്കാണ് ജലീല്‍ ഇപ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കുന്നത്.
വഴിയില്‍ കേട്ടത്: വ്യാജവാര്‍ത്തകള്‍ അന്വേഷിക്കാന്‍ കേരള സര്‍ക്കാര്‍ പോലീസിനെ ചുമതലപ്പെടുത്തുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം, ജനാധിപത്യം എന്നൊക്കെ പറഞ്ഞ് ഒരുത്തനും ഈ വഴിക്ക് വന്നുപോകരുത്!
Content Highlights: Mr. KT Jaleel, Panakkad Thangal is not your mentor, he did not made you as minister | Vazhipokkan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..