എന്തിന് തിയേറ്ററില്‍ പോകണം? പ്രേക്ഷകരെ പരിഗണിക്കാതെ ഒ.ടി.ടി. കാലത്തെ മലയാള സിനിമ | ഷോ റീല്‍


By എന്‍.പി. മുരളീകൃഷ്ണന്‍

6 min read
Read later
Print
Share

പ്രതീകാത്മക ചിത്രം

സ്മാര്‍ട്ട് ഫോണിനും ഓണ്‍ലൈന്‍ സ്ട്രീമിംഗിനും പ്രചാരമേറിയതോടെ എന്തിന് തിയേറ്ററില്‍ പോയി സിനിമ കാണണം എന്ന് കാണികള്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇങ്ങനെയൊരു സിനിമാസ്വാദന കാലത്തിലൂടെയാണ് മലയാള സിനിമാ വ്യവസായവും പ്രേക്ഷകരും കടന്നുപോകുന്നത്. കോവിഡിനെ തുടര്‍ന്ന് ലോക സിനിമാ വ്യവസായത്തെ ബാധിച്ച മാന്ദ്യം താരതമ്യേന ചെറിയ ഇന്‍ഡസ്ട്രിയായ മലയാളത്തിന്റെ മുന്നോട്ടുപോക്കിലും കരിനിഴല്‍ പടര്‍ത്തിയിട്ടുണ്ട്. വലിയൊരു വിഭാഗം പ്രേക്ഷകരെ ഒന്നിച്ച് ആകര്‍ഷിക്കുന്ന വന്‍ബജറ്റ് ദൃശ്യവിസ്മയങ്ങളിലൂടെയാണ് ഹോളിവുഡ് ഉള്‍പ്പെടെയുള്ള വലിയ ഇന്‍ഡസ്ട്രികള്‍ ഈ മാന്ദ്യത്തെയും പോസ്റ്റ് കോവിഡ്-ഒ.ടി.ടി. വെല്ലുവിളിയെയും അതിജീവിക്കാന്‍ പരിശ്രമിക്കുന്നത്. ഇതാണ് ബോളിവുഡും തെലുങ്ക്, തമിഴ്, കന്നട ഇന്‍ഡസ്ട്രികളും മാതൃകയാക്കുന്നതും. എന്നാല്‍ ഈ വലിയ ബജറ്റ് ഉള്‍ക്കൊള്ളാന്‍ ശേഷിയില്ലാത്ത മലയാള സിനിമ 'ക്വാളിറ്റി കണ്ടെന്റ്' എന്ന പ്രയോഗത്തിലാണ് ശ്രദ്ധയൂന്നുന്നത്. കലാമേന്മയുള്ള സിനിമകളിലൂടെ പണ്ടുതൊട്ടേ ഇതര ദേശ ചലച്ചിത്രപ്രവര്‍ത്തകരുടെ അഭിനന്ദനം നേടിയിട്ടുള്ള മലയാളം സിനിമ കോവിഡ് കാലത്ത് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലൂടെ ക്വാളിറ്റി കണ്ടന്റ് വഴിയാണ് അന്യഭാഷാ കാണികളുടെ ശ്രദ്ധ നേടിയത്.

കോവിഡിനു ശേഷം ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുടെ വ്യാപനവും ക്വാളിറ്റി കണ്ടന്റ് നല്‍കാന്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ആകാത്തതും തിയേറ്റര്‍ വ്യവസായത്തെ സാരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഒ.ടി.ടികളെ ലക്ഷ്യംവച്ചുള്ള സിനിമാ നിര്‍മ്മാണം വ്യാപകമാകുകയും ഗുണനിലവാരം ഇടിയുകയും ചെയ്തതോടെ ഒ.ടി.ടി. കമ്പനികള്‍ സിനിമകള്‍ ഏറ്റെടുക്കുന്നതില്‍ കൃത്യമായ മാനദണ്ഡങ്ങള്‍വച്ചു തുടങ്ങി. ഇതോടെ തിയേറ്ററിനും ഒ.ടി.ടിക്കും ഇടയില്‍പെട്ട് പാതിവെന്ത സിനിമകളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തുന്നത്. ഇത് കൊള്ളണോ തള്ളണോ എന്ന ആശയക്കുഴപ്പത്തില്‍ വെറുതേ കണ്ടുപോകാവുന്ന കുറേ സിനിമകളാണ് അവര്‍ക്കിടയിലുള്ളത്. തിയേറ്ററില്‍ പോയി ഇത്തരം സിനിമകള്‍ കണ്ട തിരിച്ചടിയില്‍ അവര്‍ സ്വാഭാവികമായും ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്കും മൊബൈല്‍ ഫോണിന്റെ ചെറുചതുരത്തിലേക്കും ഒതുങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. തിയേറ്ററില്‍ തന്നെ കാണണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന സിനിമകള്‍ ലഭിക്കുന്നുമില്ല എന്നതാണ് വാസ്തവം.

കോവിഡിനു ശേഷം വലിയ തോതില്‍ മലയാളി പ്രേക്ഷകരെ ആകര്‍ഷിച്ച സിനിമകളെല്ലാം അന്യഭാഷകളില്‍ നിന്നുള്ള വന്‍ ബഡ്ജറ്റ് സിനിമകളായിരുന്നു. ആര്‍.ആര്‍.ആറും കെ.ജി.എഫ്. രണ്ടാം ചാപ്റ്ററും വിക്രമും കാന്താരയും പൊന്നിയിന്‍ സെല്‍വനുമെല്ലാം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു പൊന്നിയന്‍ സെല്‍വന്റെ രണ്ടാം ഭാഗം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ഇതും തിയേറ്ററിലേക്ക് ആളുകളെ ആകര്‍ഷിക്കുമെന്ന് തീര്‍ച്ച. എന്നാല്‍, ഇത്തരത്തില്‍ വലിയ ബജറ്റിലുള്ള സിനിമകള്‍ നിര്‍മ്മിക്കാന്‍ മലയാളം പോലൊരു ഇന്‍ഡസ്ട്രിക്ക് സാധിക്കില്ല. മറ്റു ഭാഷകളില്‍ വന്‍ബജറ്റ് സിനിമകള്‍ വരുമ്പോഴും പാന്‍ ഇന്ത്യന്‍ തലത്തില്‍ ആകര്‍ഷിക്കപ്പെടുമ്പോഴും, നമ്മുടേത് ഈ പാറ്റേണ്‍ സിനിമകളല്ല, ക്വാളിറ്റി കണ്ടന്റ് ആണ് നമ്മുടെ നട്ടെല്ല് എന്നായിരുന്നു പരക്കെയുള്ള ധാരണ. മലയാളത്തിന്റെ ഈ ക്വാളിറ്റിയിലാണ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളും അന്യനാടുകളിലെ സിനിമാസ്വാദകരും വിശ്വാസം പുലര്‍ത്തിയിരുന്നതും. എന്നാല്‍, ഉള്ളടക്കത്തിലെ ഗുണനിലവാരം താഴോട്ടുപോകുന്നതായിട്ടാണ് കഴിഞ്ഞ കുറേ മാസങ്ങളായി മലയാള സിനിമയില്‍ കാണുന്നത്. നിലവാരമുള്ള സിനിമകള്‍ തിയേറ്ററിലോ ഒ.ടി.ടിയിലോ സംഭവിക്കുന്നില്ല. തന്മൂലം തിയേറ്ററുകള്‍ വലിയ നഷ്ടത്തിലേക്ക് പോകുന്നു.

ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ പ്രാരംഭകാലത്തിലേതു പോലെ ആകര്‍ഷകമായ പാക്കേജ് വച്ചുനീട്ടാന്‍ ഇപ്പോള്‍ തയ്യാറാകുന്നില്ല. തിയേറ്ററില്‍ വിജയിച്ച സിനിമകള്‍ക്ക് മാത്രമാണ് ഒ.ടി.ടി. കമ്പനികളുടെ ബിസിനസിലും സ്വീകാര്യത ലഭിക്കുന്നത്. തിയേറ്ററില്‍ ഓടാത്ത താരമൂല്യമുള്ള സിനിമകള്‍ക്കു പോലും ഒ.ടി.ടിയില്‍നിന്ന് വലിയ തുക ലഭിക്കുന്നില്ല. ഒ.ടി.ടിയെ ലക്ഷ്യമിട്ടുള്ള സിനിമകളുടെ നിര്‍മ്മാണം വ്യാപകമായതോടെയാണ് നിലവാരത്തകര്‍ച്ച കാര്യമായി സംഭവിച്ചത്. ഒ.ടി.ടിക്ക് വേണ്ടി നിര്‍മ്മിക്കപ്പെടുകയും ക്വാളിറ്റി കണ്ടന്റ് അല്ലാത്തതിനാല്‍ നിരാകരിക്കപ്പെടുകയും നിലവാരമില്ലാത്ത ഈ സിനിമ പിന്നീട് തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ നിര്‍ബന്ധിതമാകുകയും വലിയ പരാജയമേറ്റു വാങ്ങുകയും ചെയ്യുന്ന ഗതികേടാണ് പല സിനിമകള്‍ക്കും സംഭവിക്കുന്നത്. കാണികളുടെ ആസ്വാദന നിലവാരത്തെ ഒരു തരത്തിലും പരിഗണിക്കാത്ത സിനിമകള്‍ പെരുകുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഇത്തരം സിനിമകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ പോലും കണ്ട് സമയം മെനക്കെടുത്താന്‍ കാണികള്‍ തയ്യാറല്ല.

മികച്ച രീതിയില്‍ എഴുതപ്പെട്ട തിരക്കഥകളുടെ അഭാവം സിനിമയുടെ ആസ്വാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കാണികള്‍ക്ക് ഓര്‍ത്തുവയ്ക്കാന്‍ തക്ക യാതൊന്നും നല്‍കാന്‍ പുതിയ സിനിമകള്‍ക്കാകുന്നില്ല. വെറുതെ കണ്ടുപോകാവുന്ന, അല്ലെങ്കില്‍ ഓടിച്ച് കാണാവുന്ന, വിരസമായാല്‍ മാറ്റാവുന്ന സിനിമകള്‍ എന്നാണ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍ സ്ഥിരമായി സിനിമ കാണുന്ന കാണികളുടെ അഭിപ്രായം. തിയേറ്റര്‍ സ്‌ക്രീനില്‍ മികച്ച നിലവാരത്തിലുള്ള ആസ്വാദനം സാധ്യമാക്കുന്ന സിനിമയാണെന്ന് തോന്നിയാല്‍ കാണികള്‍ മൊബൈല്‍ സ്‌ക്രീനുകളില്‍നിന്ന് തിയേറ്ററിലേക്കെത്തും. മികച്ച ആസ്വാദനമൂല്യമുള്ള ചെറിയ ചില സിനിമകള്‍ തിയേറ്ററില്‍ വിജയം നേടിയത് ഇതിനെ സാധൂകരിക്കുന്നു.

കഴിഞ്ഞ വര്‍ഷം അവസാനം പുറത്തിറങ്ങുകയും തിയേറ്ററില്‍ വിജയിക്കുകയും ചെയ്ത 'മാളികപ്പുറം' സാധാരണ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന സ്ഥിരം വിജയ സമവാക്യങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട സിനിമയാണ്. അതില്‍ കവിഞ്ഞുള്ള പുതുമ ഈ സിനിമയ്ക്ക് അവകാശപ്പെടാനില്ല. എന്നാല്‍, തങ്ങളുടെ കാഴ്ചയെ വിരസമാക്കാത്ത ഈ സ്ഥിരം സമവാക്യം കാണാന്‍ കാണികളെത്തി. ഇത്തരം സിനിമകള്‍ കാണാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവായിരുന്നു 'മാളികപ്പുറ'ത്തിന്റെ തിയേറ്റര്‍ വിജയം. പ്രമേയത്തില്‍ പുതുമയില്ലാത്ത, അവതരണത്തില്‍ പുതുമയുള്ള 'രോമാഞ്ച'ത്തിന്റെ തിയേറ്റര്‍ അനുഭവവും പ്രേക്ഷകര്‍ ഏറ്റെടുത്തത് ഇങ്ങനെയാണ്. 'ഇരട്ട', 'പ്രണയവിലാസം' പോലുള്ള സിനിമകള്‍ ഈ വര്‍ഷം തിയേറ്ററില്‍ നിശ്ചിത ശതമാനം പ്രേക്ഷകരെ ആകര്‍ഷിച്ചെങ്കിലും വലിയ വിജയത്തിലേക്കെത്തിയില്ല.

തിയേറ്ററില്‍ കണ്ടില്ലെങ്കിലും ഒ.ടി.ടിയില്‍ എത്തുമ്പോള്‍ കാണാം എന്നതാണ് വലിയൊരു വിഭാഗം പ്രേക്ഷകരെ തിയേറ്ററില്‍ വരുന്നതില്‍നിന്ന് പിന്നോട്ടടിപ്പിക്കുന്നത്. ഇതു പരിഹരിക്കാന്‍ തിയേറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞ് ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിക്കാമെന്ന നിബന്ധന നടപ്പാക്കിയിട്ടും പ്രേക്ഷകരെ തിയേറ്ററിലെത്തിക്കാനായില്ല. തിയേറ്ററില്‍ തന്നെ കാണണമെന്ന് പ്രേക്ഷകര്‍ക്ക് പ്രേരണ നല്‍കുന്ന സിനിമകള്‍ ഉണ്ടാകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. വലിയ ബജറ്റ് സിനിമകളല്ലെങ്കില്‍ പോലും എന്തെങ്കിലും ആകര്‍ഷകത്വം ഉണ്ടെങ്കില്‍ പ്രേക്ഷകര്‍ തിയേറ്ററിലെത്തും എന്നതിന്റെ തെളിവാണ് 'മാളികപ്പുറ'വും 'രോമാഞ്ച'വും നേടിയ വിജയം. എന്നാല്‍ ഈ വര്‍ഷം ഏപ്രില്‍ 14 വരെ പുറത്തിറങ്ങിയ 73 സിനിമകളില്‍ 'രോമാഞ്ച'ത്തിന് മാത്രമാണ് തിയേറ്റര്‍ വിജയം നേടാനായത് എന്നത് മലയാള സിനിമാ വ്യവസായത്തിന്റെ ദയനീയാവസ്ഥയാണ് കാണിക്കുന്നത്. ഇതില്‍ എലോണ്‍, ക്രിസ്റ്റഫര്‍, നന്‍പകല്‍ നേരത്ത് മയക്കം, ആയിഷ, തങ്കം, വെള്ളരിപ്പട്ടണം, തുറമുഖം, പകലും പാതിരാവും, മഹേഷും മാരുതിയും, എന്താടാ സജി തുടങ്ങി താരമൂല്യമുള്ള നായികാ, നായകന്മാരുടെ സിനിമകള്‍ക്കു പോലും കാണികളെ ആകര്‍ഷിക്കാനായില്ല.

ഒ.ടി.ടി. പ്ലാറ്റ്‌ഫോമിന്റെ സാധ്യത കൂടി വന്നതോടെ ലാഭം ലക്ഷ്യമിട്ട് സിനിമാ നിര്‍മ്മാണത്തിനായി കൂടുതല്‍ പേര്‍ ഇന്‍ഡസ്ട്രിയുടെ ഭാഗമായിട്ടുണ്ട്. ഇവരെല്ലാം ലക്ഷ്യമിടുന്നത് എളുപ്പത്തില്‍ ലാഭമുണ്ടാക്കുക എന്നതാണ്, ക്വാളിറ്റി കണ്ടന്റ് ലക്ഷ്യമല്ല. കൈയിലുള്ള പണത്തിനനുസരിച്ച് താരമൂല്യമുള്ള ഒന്നോ രണ്ടോ നായകന്മാരെ കണ്ടെത്തുകയും അവര്‍ക്കായി സിനിമ നിര്‍മ്മിക്കുകയും ചെയ്യുന്ന രീതിയാണുള്ളത്. അതിലുപരി ക്വാളിറ്റി കണ്ടന്റിനനുസരിച്ച് സിനിമ വാര്‍ക്കുന്ന രീതി നിലനില്‍ക്കുന്നില്ല. അതുകൊണ്ടു തന്നെ സിനിമ കാണികളിലേക്കെത്തുന്നത് അവരുടെ ആസ്വാദനത്തെ യാതൊരു വിധത്തിലും പരിഗണിക്കാത്ത രൂപത്തിലായിരിക്കും. ഇത് കാണികളെ സിനിമകാണലില്‍ നിന്ന് കാര്യമായി പിറകോട്ടടിപ്പിക്കുന്നുണ്ട്. ആസ്വാദനത്തിനു വേണ്ടി കാണുന്ന സിനിമകള്‍ വിരസമായ അനുഭവമായി മാറുന്നതോടെയാണ് ഈ പിന്മടക്കം.

ഒ.ടി.ടി. വിപണനസാധ്യതയില്‍ തങ്ങളുടെ താരമൂല്യത്തെ ചൂഷണം ചെയ്ത് പരമാവധി ലാഭം നേടാമെന്ന ചിന്തയില്‍ എല്ലാ മുന്‍നിര നായകന്മാരും നിര്‍മ്മാണ, വിതരണ മേഖലയിലേക്ക് കടന്നിരുന്നു. എന്നാല്‍, ഒന്നോ രണ്ടോ പരീക്ഷണത്തിലൂടെ പലരും പിന്‍വാങ്ങുകയാണുണ്ടായത്. സിനിമയ്ക്ക് കാണികളെ ആകര്‍ഷിക്കാനാകാത്തതും പ്രതീക്ഷിച്ചതു പോലെ ലാഭം കിട്ടുന്നില്ല എന്നതുമാണ് ഈ പിന്മാറ്റത്തിനു പിന്നില്‍. ഈ അവസരത്തിലാണ് കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ലാഭം ലക്ഷ്യമിടാവുന്ന വ്യവസായം എന്ന നിലയില്‍ സിനിമാ മേഖലയില്‍ മുന്‍പരിചയമില്ലാത്തവര്‍ നിര്‍മ്മാണത്തിലേക്ക് കടന്നുവരുന്നത്. ഇവര്‍ ലക്ഷ്യമിടുന്നത് തിയേറ്റര്‍, ഓവര്‍സീസ്, ഒ.ടി.ടി., സാറ്റലൈറ്റ് തുടങ്ങിയവ വഴി പെട്ടെന്നുള്ള റിട്ടേണ്‍ എന്നല്ലാതെ മലയാള സിനിമയുടെ കലാമേന്മയോ വളര്‍ച്ചയോ അല്ല.

സിനിമകളുടെ എണ്ണപ്പെരുക്കം സംഭവിക്കുന്നുവെന്നല്ലാതെ മലയാള സിനിമയ്ക്ക് ഇത്തരം സിനിമകള്‍ ഒരു ഗുണവും ചെയ്യുന്നില്ല. ലാഭക്കൊതി എക്കാലത്തും സിനിമാ വ്യവസായത്തില്‍ ഉണ്ടായിരുന്നെങ്കിലും ഗുണനിലവാരത്തില്‍ വലിയ വീഴ്ച സംഭവിക്കുന്നത് ഒ.ടി.ടിയുള്‍പ്പടെ വിവിധ വിപണന സാധ്യതയിലെ ലാഭം കണ്ടുകൊണ്ടുള്ള നിര്‍മ്മാണപ്രക്രിയ സജീവമായതോടെയാണ്. ഒ.ടി.ടിക്ക് വേണ്ടതും ക്വാളിറ്റി കണ്ടന്റുകളാണ്. അതാണ് അവര്‍ താരമൂല്യത്തേക്കാളേറെ ഗുണനിലവാരം മാനദണ്ഡമാക്കുന്നത്. വെറുതേ പണം മുടക്കാന്‍ അവരും തയ്യാറല്ല. ഒ.ടി.ടി. കമ്പനികള്‍ മാനദണ്ഡങ്ങള്‍ വയ്ക്കുന്നതിലൂടെ ഈ മേഖലയിലെ ലാഭം മാത്രം ലക്ഷ്യമിട്ടുള്ളവരുടെ വരവിന് അല്‍പ്പം ആക്കമുണ്ടായേക്കും.

തുടര്‍ച്ചയായ പരാജയങ്ങള്‍ സിനിമാ വ്യവസായത്തെ അടിമുടി ബാധിക്കുമെന്ന് ഉറപ്പാണ്. ഇടക്കാലത്ത് മികച്ച നിലവാരത്തിലുള്ള മള്‍ട്ടിസ്‌ക്രീന്‍ തിയേറ്ററുകളുടെ വരവോടെ കേരളത്തിലെ എല്ലാ ചെറുപട്ടണങ്ങളിലും സിനിമകള്‍ റിലീസ് ചെയ്യാനും പ്രേക്ഷകരെ ആകര്‍ഷിക്കാനുമായിരുന്നു. കോവിഡിന്റെയും ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുടെയും വരവും സിനിമകളുടെ എണ്ണം പെരുകുകയും ഗുണനിലവാരം താഴുകയും ചെയ്തതോടെ മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പെടെയുള്ള ഈ തിയേറ്ററുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. നഷ്ടത്തിലായ തിയേറ്ററുകള്‍ കല്യാണമണ്ഡപമാക്കുന്ന പതിവാണ് മുമ്പ് ഉണ്ടായിരുന്നത്. മള്‍ട്ടി, സിനിപ്ലക്‌സുകളുടെയും മാളുകളുടെയും വരവ് ഈ സാധ്യത ഇല്ലാതാക്കി.

തിയേറ്ററില്‍ ഓടുന്ന മികച്ച സിനിമകള്‍ തുടര്‍ച്ചയായി ഉണ്ടായാലേ ഇവര്‍ക്കും പിടിച്ചുനില്‍ക്കാനാകൂ. ഉത്സവകാലത്തു പോലും പ്രേക്ഷകര്‍ തിയേറ്ററിലെത്തുന്നില്ല. ഈ വിഷുക്കാലത്ത് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ പോന്ന വലിയ പ്രൊഡക്ഷനുകളൊന്നും തന്നെ മലയാളത്തില്‍ ഉണ്ടായില്ല. തന്മൂലം ഈ അവധിക്കാലത്തും തിയേറ്ററുകള്‍ ആള്‍പ്പെരുക്കത്തിന്റേതല്ല. 'തിയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന' എന്ന പഴയ പ്രയോഗത്തിന്റെ സാധുതയൊക്കെ പൊടി തട്ടിയെടുക്കാന്‍ മലയാള സിനിമ ഏറെ പണിപ്പെടേണ്ടതുണ്ട്. കേരളത്തിലെ തിയേറ്ററുകളെ ഏറ്റവുമധികം ആഘോഷമാക്കാന്‍ ശേഷിയുള്ള മോഹന്‍ലാലിനു പോലും 'ലൂസിഫറി'നു ശേഷം മികച്ചൊരു വ്യാവസായിക വിജയം മലയാളത്തിന് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. മമ്മൂട്ടി ഉള്‍പ്പെടെയുള്ള മറ്റു മുന്‍നിര താരങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

മികച്ച സിനിമയാണെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകരുടെ പ്രതികരണം ആദ്യദിവസം മുതല്‍ ലഭിച്ചുതുടങ്ങും. ഇത് മറ്റ് പരസ്യപ്രചാരണങ്ങളേക്കാള്‍ സിനിമയ്ക്ക് ഗുണം ചെയ്യും. അതല്ലാതെ സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും റിവ്യൂകളുമാണ് സിനിമയെ തകര്‍ക്കുന്നതെന്ന പരാതിയില്‍ വലിയ കഴമ്പില്ല. മികച്ച സിനിമകള്‍ക്ക് ദോഷത്തേക്കാളേറെ ഗുണമാണ് സോഷ്യല്‍ മീഡിയ പബ്ലിസിറ്റി കൊണ്ട് ഉണ്ടാകുന്നത്. എന്നാല്‍, കാര്യമായ പരസ്യപ്രചാരണങ്ങള്‍ ഇല്ലാതെ വരുന്ന സിനിമകള്‍ മികച്ചതാണെങ്കില്‍ പോലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന പതിവുമുണ്ട്.

സിനിമാ വ്യവസായത്തില്‍നിന്ന് ആകെ ലാഭമുള്ളത് താരമൂല്യമുള്ള മുന്‍നിര അഭിനേതാക്കള്‍ക്കു മാത്രമാണെന്നതാണ് നിലവിലെ വാസ്തവം. ഇവര്‍ ഓരോ സിനിമയ്ക്കും കോടികള്‍ പ്രതിഫലം വാങ്ങുന്നുണ്ട്. സിനിമ പരാജയപ്പെട്ടാലും പ്രതിഫലം കുറയ്ക്കുന്നുമില്ല. തിയേറ്ററില്‍നിന്ന് മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാത്ത നിര്‍മ്മാതാക്കളില്‍ പലരും ഒ.ടി.ടിയില്‍ പടം വിറ്റുപോകുന്നതില്‍നിന്ന് ലഭിക്കുന്ന വരുമാനത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ്. എന്നാല്‍ മുടക്കിയ പണം പലപ്പോഴും തിരിച്ചുകിട്ടുന്നുമില്ല.

മലയാള സിനിമാ വ്യവസായം നേരിടുന്ന ഈ പ്രതിസന്ധി മറികടക്കാന്‍ ഉള്ളടക്കത്തില്‍ വരുത്തേണ്ട കൃത്യമായ ഗുണനിലവാര പരിശോധന ഉള്‍പ്പെടെയുള്ളവ അനിവാര്യമായിരിക്കുന്നു. അല്ലാതെ നിര്‍മിക്കപ്പെടുന്ന സിനിമകള്‍ നിലവിലെ പ്രതിസന്ധിയെ കൂടുതല്‍ അപകടനിലയിലേക്കെത്തിക്കും. ഇപ്പോള്‍തന്നെ തിയേറ്ററില്‍നിന്ന് അകന്നുതുടങ്ങിയ പ്രേക്ഷകര്‍ കൂടുതലായി അകലുന്നതോടെ നല്ല സിനിമകള്‍ കൂടി തിരിച്ചറിയപ്പെടാതെ പോകും. ഇത് സിനിമാ വ്യവസായത്തിന്റെ ഭാവിക്ക് ഒട്ടും ഗുണകരമാകില്ല.

റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും കാണുന്നവര്‍, എല്ലാ ആഴ്ചയിലും സിനിമ കാണുന്നവര്‍, എല്ലാ വാരാന്ത്യത്തിലും കുടുംബവുമൊത്ത് സിനിമയ്ക്ക് പോകുന്നവര്‍, മികച്ച സിനിമകള്‍ ആവര്‍ത്തിച്ചു കാണുന്നവര്‍ തുടങ്ങി തിയേറ്ററില്‍ സിനിമ ആസ്വദിക്കുന്ന വ്യത്യസ്തരായ കാണികളെ ഉള്‍ക്കൊള്ളുന്ന ഒരു കാഴ്ചസംസ്‌കാരം കാലങ്ങളായി ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഇവരെയെല്ലാം നിലനിര്‍ത്തുന്നതിനൊപ്പം ഡിജിറ്റല്‍ കാലത്തെ പുതിയ പ്രവണതകളോടും അഭിരുചികളോടും കൂടി മത്സരിക്കേണ്ട വലിയ ഉത്തരവാദിത്തമാണ് തിയേറ്റര്‍ സിനിമാ വ്യവസായത്തിനുള്ളത്.

Content Highlights: movie theatre business, mollywood, OTT, Show reel column by N.P.Muraleekrishnan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sakshi Malik
Premium

9 min

അവസാനത്തിന്റെ ആരംഭം | വഴിപോക്കൻ

Jun 3, 2023


Central Vista
Premium

6 min

അൽപത്തരങ്ങളുടെ തമ്പുരാൻ | വഴിപോക്കൻ

May 27, 2023


Madras High Court

1 min

റവന്യു വകുപ്പിൽ കൊടിയ അഴിമതി, തഹസിൽദാർക്ക് മദ്രാസ് ഹൈക്കോടതി 10000 രൂപ പിഴയിട്ടു | നിയമവേദി

Jun 1, 2023

Most Commented