കരിങ്കല്ല് ഞങ്ങള്‍, അമ്മമാര്‍ പറയുന്നു | മധുരം ജീവിതം


കെ.കെ.ജയകുമാര്‍ | jayakumarkk8@gmail.comPremium

പ്രതീകാത്മക ചിത്രം

മ്യൂസിയത്തിന് ചുറ്റുമുള്ള ആ ഒരു മണിക്കൂര്‍ നടപ്പ്. ഒരു കിലോമീറ്ററിനടുത്ത് നീളമുണ്ട് ആ റൗണ്ടിന്. ഒരു മണിക്കൂര്‍ കൊണ്ട് എത്ര റൗണ്ട് ചുറ്റാമെന്നുള്ള കണക്കെടുപ്പാണ് ഓരോ ദിവസവും. എണ്ണം ഒരിക്കലും ശരിയാകാറില്ല. പരിചയക്കാരെക്കണ്ട് ഒന്നു ചിരിക്കുമ്പോഴോ കുശലം പറയുമ്പോഴോ ആ എണ്ണം തെറ്റും. മൃഗശാലയ്ക്കും മ്യൂസിയത്തിനും ഇടയിലുള്ള ആ വഴികളില്‍ സന്ധ്യയായാല്‍ സുഗന്ധം പരക്കും. വ്യായാമത്തിന്റെ ഭാഗമായി പതിവായി നടക്കാനിറങ്ങുന്നവരെക്കൊണ്ട് നിറയുന്ന ആ പരിസരത്ത് ഒരിക്കലും വിയര്‍പ്പിന്റെ ഗന്ധം ഉയരാറില്ല. പകരം പലതരം ബോഡിസ്‌പ്രേയുടെയും പെര്‍ഫ്യൂമിന്റെയും സുഗന്ധം. നടക്കാനിറങ്ങിയാലും നാലാള്‍ കൂടുന്നിടമല്ലേ. ചമഞ്ഞ് തന്നെ നടക്കണം

മലയാളികളുടെ വൈവിധ്യമാര്‍ന്ന നടത്തശൈലിയുടെ സംസ്ഥാനസമ്മേളനമാണ് ഇവിടം. ബൈക്കില്‍ പായുന്ന പയ്യന്മാരെപ്പോലെ നടക്കുന്നവരുണ്ട്. ശരവേഗത്തിലാണ് നടത്തം. എതിരെ വരുന്നവരെ ഇടിച്ചിടും എന്ന മട്ടില്‍ വന്ന് തൊട്ടടുത്ത് എത്തുമ്പോള്‍ വശത്തേക്ക് വെട്ടിച്ച് വേഗം വീണ്ടും ശരത്തിലാക്കുന്നവര്‍. കൈള്‍ ചുരുട്ടിപ്പിടിച്ച് വീശി വീശി നടക്കുന്നവര്‍. കാതിലെ ഇയര്‍ഫോണ്‍ ഊരിപ്പോകുമ്പോള്‍ വീണ്ടും കാതിലേക്ക് തിരികിക്കൊണ്ട് നടക്കുന്നവര്‍. പരസ്പരം സംസാരിച്ച് ഒഴുകി നീങ്ങുന്ന പെയറുകള്‍. എല്ലാവരോടുമുള്ള പകയോടെ നിലത്ത് നോക്കി നടക്കുന്നവര്‍.

നടത്തം അവസാനിപ്പിച്ച് പതിവായി ഇരിക്കാറുള്ള മരത്തറയില്‍ എത്തിയപ്പോഴേയ്ക്കും അവര്‍ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. അവര്‍ക്ക് നടുവില്‍ ഞാനിരുന്നു. ഹണി, രഹ്ന, ലൈല അമ്മമാരുടെ ഒരു ആര്‍മി എന്നെ വളഞ്ഞു എന്നുപറയുന്നതാകും ശരി. വര്‍ഷങ്ങളായി പരസ്പരം പരിചയമുള്ളവര്‍. മ്യൂസിയത്തില്‍ അങ്ങനെ പതിവായി ഇവരെ കാണാറൊന്നുമില്ല. ഇന്ന് അവര്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ലക്കത്തിലെ മധുരം ജീവിതം വായിച്ച് ഫോണില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും തൃപ്തിയാകാതെ നേരിട്ട് ഏറ്റുമുട്ടാന്‍ എത്തിയവര്‍. കല്ലല്ല ഞങ്ങള്‍, കേള്‍ക്കൂ കുട്ടികളുടെ ഈ കരച്ചില്‍ എന്ന ലേഖനത്തെ താത്വികമായി അവര്‍ അംഗീകരിക്കുന്നു എങ്കിലും അവരിലെല്ലാം ഏതോ ഒരു അന്തര്‍ധാര വെളിപ്പെടാനായി വിതുമ്പി നിന്നിരുന്നു. അതുകൊണ്ടാണ് അവര്‍ നേരിട്ട് എത്തിയത്.

കൊറിച്ചുകൊണ്ടിരുന്ന കടലയില്‍ നിന്ന് കുറച്ച് എനിക്ക് നേരെ നീട്ടി ലൈല തന്നെ തുടക്കമിട്ടു.
'സര്‍, പുകഴ്ത്തിപ്പറയുകയാണ് എന്ന് കരുതരുത്. ലേഖനം സാമാന്യം നല്ല രീതിയില്‍ തന്നെ ബോറായിരുന്നു. നല്ലതിനുവേണ്ടി മാത്രം തിളയ്ക്കുന്ന സാമ്പാറാണ് എല്ലാ അമ്മമാരും. മക്കളുടെ ഗുഡ് ബുക്കില്‍ കയറാന്‍ അച്ഛന്മാര്‍ക്ക് ഇങ്ങനെ എന്തെങ്കിലുമൊക്കെ പറഞ്ഞാല്‍ മതി. മക്കള്‍ക്കുണ്ടാകുന്ന ഏതു പ്രശ്‌നവും ഏറ്റെടുക്കേണ്ടതും പരിഹരിക്കേണ്ടതും അമ്മമാരുടെ ഉത്തരവാദിത്തമാണ്. അച്ഛന്മാര്‍ എന്തെങ്കിലുമൊക്കെ രണ്ട് ആശ്വാസവാക്കും പറഞ്ഞ് ബാക്കി കാര്യങ്ങള്‍ അമ്മമാരുടെ തലയില്‍ വെക്കും. രണ്‍ജി പണിക്കരെപ്പോലുള്ള അച്ഛന്‍മാര്‍ സിനിമിയില്‍ മാത്രം.'
ലൈല പറഞ്ഞ് നിര്‍ത്തിയപ്പോള്‍ ആര്‍മി ഒന്നടങ്കം ലൈക്കടിച്ചു. ഞാന്‍ ഒന്ന് ചിരിച്ചു.
അടുത്ത ഊഴം രഹ്നയുടേതായിരുന്നു.
'ഞന്‍ കുട്ടികള്‍ക്ക് പരമാവധി പെഴ്‌സണല്‍ സ്‌പേസ് കൊടുക്കാറുണ്ട്. അത് ആവശ്യമാണ്. പക്ഷേ ഒരു ലിമിറ്റ് കഴിഞ്ഞാല്‍ ഞാന്‍ ഇടപെടും. എത്ര സ്വാതന്ത്ര്യം കൊടുത്താലും എന്റെ ഒരു കണ്‍ട്രോള്‍ എപ്പോഴും അവരുടെ മേല്‍ ഉണ്ടാകും. ഫോണ്‍ ഉപയോഗിക്കുന്നതിലായാലും അധികമായാല്‍ ഞാനടിപെടും. ആദ്യം നിര്‍ത്താന്‍ പറയും. നിര്‍ത്തിയില്ലെങ്കില്‍ ബലമായി പിടിച്ചെടുക്കും.' ഞാനിടയ്ക്ക് കയറാന്‍ ശ്രമിച്ചു. കാരണം ഇത്രയും കേട്ടുനില്‍ക്കാനുള്ള ക്ഷമ എനിക്കില്ലായിരുന്നു. പക്ഷേ ആര്‍മി എന്നെ ബ്ലോക്ക് ചെയ്തു. സാര്‍ എഴുതിയ ഏകപക്ഷീയ രചന ഞങ്ങള്‍ വെള്ളം തൊടാതെ വായിച്ചതല്ലേ. ഇനി ഞങ്ങള്‍ പറയുന്നത് മുഴുവന്‍ ആദ്യം കേള്‍ക്കൂ. അതിനുശേഷം മറുപടിക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രം അവസരം തരാം', അവര്‍ ഒന്നടങ്കം പറഞ്ഞു. ഞാന്‍ അവരുടെ നേരെ കൈനീട്ടി. ബാക്കി കടലയ്ക്കായി.

ഹണിക്ക് പറയാനുള്ളത് മറ്റൊന്നായിരുന്നു
'കാലം ഇപ്പോള്‍ അത്ര ശരിയല്ല. അവര്‍ വഴിതെറ്റിപ്പോകാതിരിക്കാനാണ് ഞങ്ങള്‍ ഈ കരുതലെല്ലാം കാട്ടുന്നത്. അല്ലാതെ അവരെ അടച്ചിട്ട് വളര്‍ത്താനൊന്നുമില്ല. വ്യക്തിത്വം അംഗീകരിക്കുന്നു എന്നുവെച്ച് എല്ലാം അവരുടെ താളത്തിന് തുള്ളാന്‍ പറ്റുമോ. അധ്വാനത്തിന്റെ വില എന്താണ്, പണത്തിന്റെ മൂല്യം എന്താണ് എന്നൊക്കെ അവര്‍ അറിഞ്ഞ് തന്നെ വളരണം. പിന്നെ ഫോണിന്റെ കാര്യം. ഇന്ന് വഴിതെറ്റാന്‍ ഈ ഒരു വസ്തുമാത്രം മതിയല്ലോ.'
മൂന്നുപേരും പിന്നെയും പിന്നെയും പലതും പറഞ്ഞുകൊണ്ടിരുന്നു. പറഞ്ഞതിന്റെ രത്‌നച്ചുരുക്കം എല്ലാം നല്ലതിനുവേണ്ടിയാണ് ഈ ചെയ്യുന്നതെന്നും കുട്ടികളുടെ വ്യക്തിത്വം അംഗീകരിക്കണം എന്ന കാര്യത്തില്‍ തര്‍ക്കമൊന്നും ഇല്ല എന്നുമാണ്. പക്ഷേ... എല്ലാ കാര്യങ്ങളും പക്ഷേയില്‍ എത്തി നിന്നപ്പോള്‍ കയ്യിലുണ്ടായിരുന്ന കടലത്തോല്‍ കുമ്പിള്‍ കുത്തിയ കടലാസിലേക്ക് കുടഞ്ഞിട്ട് ഞാന്‍ സടകുടഞ്ഞ് എഴുന്നേറ്റു. എന്നെ സംസാരിക്കാന്‍ അനുവദിക്കാതെ അവരെല്ലാം കൂടി പറഞ്ഞു. 'ചിലകാര്യങ്ങളില്‍ ഞങ്ങള്‍ കല്ലല്ല, കരിങ്കല്ല് തന്നെയാണ്. അതില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല.'

'ശരി. സമ്മതിച്ചു. നിങ്ങള്‍ കരിങ്കല്ലായിക്കൊളൂ. നിങ്ങള്‍ എല്ലാം ചെയ്യുന്നത് കുട്ടികളുടെ നന്മയെക്കരുതി തന്നെ സമ്മതിച്ചു. നിങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടി എന്തും ചെയ്യും ഒരു കാര്യമൊഴികെ. ഞാന്‍ പറഞ്ഞുനിര്‍ത്തി. അതെന്താണ് എന്നായി അവര്‍. അത് മറ്റൊന്നുമില്ല. അവരെ കുട്ടികളായിരിക്കാന്‍ നിങ്ങള്‍ അനുവദിക്കില്ല. ബാക്കിയെല്ലാം ചെയ്യും. അവര്‍ എങ്ങനെയാണോ അതുപോലെ ഇരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പിന്നെ എങ്ങനെ അവര്‍ വളരും. ബാംഗ്ലൂര്‍ ഡേയ്‌സ് സിനിമയില്‍ ദുല്‍ക്കര്‍ സല്‍മാന്‍ പറയുന്ന ഒരു ഡയലോഗ് ഇല്ലേ. കുട്ടികളോട് പഠിക്കാന്‍ പറയും. പഠനം കഴിഞ്ഞാല്‍ ജോലി ആയില്ലേ എന്ന് ചോദിക്കും. ജോലി കിട്ടായാല്‍ കല്ല്യാണം കഴികുന്നില്ലേ എന്ന് ചോദിക്കും. കല്ല്യാണം കഴിഞ്ഞാല്‍ കുട്ടികളായില്ലേ എന്ന് ചോദിക്കും. കുട്ടികളായാല്‍ പിന്നെ അവരോട് പഠിക്കാന്‍ പറയും. ഇതിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ഏതാണ്ടിതേ മനോഭാവമാണ് കുട്ടികളെ വളര്‍ത്തുന്ന കാര്യത്തില്‍. പഴയ കാലത്തെ ബസില്‍ തന്നെ യാത്ര ചെയ്തുകൊണ്ടിരുന്നിട്ട് കാര്യമില്ല. കുട്ടികളുടെ ഐക്യൂവും കാര്യങ്ങള്‍ മനസിലാക്കാനുള്ള ശേഷിയുമൊക്കെ വളരെ വേഗത്തിലാണ് വളരുന്നത്.

എന്നെ തുടരാന്‍ അനുവദിക്കാതെ അവര്‍ ഇടപെട്ടു.
സര്‍ രാജസ്ഥാന്‍ മരുഭൂമിയിലേക്ക് മണല്‍ കയറ്റിവിടാന്‍ നോക്കല്ലേ. കുട്ടികളുടെ വളര്‍ച്ചയും വികാസവും ഒക്കെ ഞങ്ങള്‍ അമ്മമാര്‍ക്കറിയാവുന്നത്രയും വേറെ ആര്‍ക്കും അറിയില്ല.
ശരി സമ്മതിച്ചു. എങ്കില്‍ പിന്നെ വീടുകളില്‍ എന്തിനാണിത്ര സംഘര്‍ഷം. ടീനേജായാല്‍ പിന്നെ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിന് എതിരായേ അവര്‍ പ്രവര്‍ത്തിക്കൂ. നിങ്ങളും ആ ഘട്ടം കഴിഞ്ഞല്ലേ വന്നത്. അന്ന് നിങ്ങള്‍ മാതാപിതാക്കളെ പേടിച്ച് എല്ലാം ഉള്ളിലൊതുക്കി കഴിയുകയായിരുന്നു. ഇന്നത്തെ കുട്ടികള്‍ക്ക് അത്തരം പേടിയൊന്നുമില്ല. അവര്‍ നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അക്‌സെപ്റ്റന്‍സാണ്. അതുപോലെ പവര്‍ ഓഫ് ചോയ്‌സും. അവര്‍ പലതും സ്വയം തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കും. അവരുടെ വ്യക്തിത്വം രൂപം കൊള്ളുന്നത് ഇത്തരം സെലക്ഷന്‍ ഓഫ് ചോയ്‌സുകളിലൂടെയാണ്. ശരിയായത് തിരഞ്ഞെടുക്കാന്‍ അവരെ സഹായിക്കുന്നതിന് പകരം നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് എന്തിനാണ്. അവരുടെ നല്ലതിനുവേണ്ടിയാണ് എന്ന് എക്‌സ്‌ക്യൂസ് നിങ്ങള്‍ക്ക് എപ്പോഴും പറയാനുണ്ടാകും. നിങ്ങള്‍ അംഗീകാരത്തിനുവേണ്ടിയുള്ള അവരുടെ കരച്ചില്‍ ഒന്ന് കേള്‍ക്കൂ. പവ്വര്‍ ഓഫ് ചോയ്‌സിനുവേണ്ടിയുള്ള അവരുടെ ആഗ്രഹത്തെ അംഗീകരിക്കൂ. നിന്റെ ചോയ്‌സിന്റെ ഉത്തരവാദിത്തം നിനക്ക് മാത്രമാണ് എന്നുള്ള കാര്യം അവരെ പഠിപ്പിക്കൂ. കുട്ടികളുടെ വിശ്വാസം ആര്‍ജിച്ചാലേ അവരെ നേര്‍വഴിക്ക് സഞ്ചരിക്കാനുള്ള കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ പറ്റൂ. ഇത്തരം വിശ്വാസം ആര്‍ജിക്കണമെങ്കില്‍ അവരെ അഡള്‍ട്ടുകളായി പരിഗണിക്കണം. ട്രീറ്റ് ചെയ്യണം.
എന്താ അതിന് കഴിയുമോ?
ഞാന്‍ നിര്‍ത്തി.

സംഭവമൊക്കെ കൊള്ളാം. എന്നാലും ആര്‍മി തെല്ലൊന്ന് പിന്‍വാങ്ങിയെങ്കിലും യുദ്ധപരിസരത്ത് പിന്നെയും റോന്ത് ചുറ്റിക്കൊണ്ടിരുന്നു. ഞാന്‍ എന്റെ രണ്ടാം റൗണ്ട് നടത്തത്തിനായി എഴുന്നേറ്റൂ.

(ഫിനാന്‍ഷ്യല്‍ ജേണലിസ്റ്റായ ലേഖകന്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കോ-ഓര്‍ഡിനേറ്റിംഗ് ന്യൂസ് എഡിറ്ററാണ്)

Content Highlights: Mothers’ experiences of parenting


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


Chintha Jerome

2 min

ചിന്തയുടെ വാദം പൊളിഞ്ഞു; ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ, ഉത്തരവിറക്കി സര്‍ക്കാര്‍

Jan 24, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022

Most Commented