മോദിജീ, കേരള സ്റ്റോറി ഏറ്റെടുക്കുമ്പോൾ മറക്കരുത് പർസാനിയയും ഫിറാഖും | വഴിപോക്കൻ


By വഴിപോക്കൻ

7 min read
Read later
Print
Share

പാർലമെന്റിന്റെ പടവുകളിൽ സാഷ്ടാംഗം നമസ്‌കരിക്കുകയും അതേ പാർലമെന്റിനെ നോക്കുകുത്തിയാക്കുകയും ചെയ്യുക, ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യയെന്ന് അടിക്കടി പറയുകയും വിയോജിപ്പിന്റെ സ്വരങ്ങളെ അർബൻ നക്സൽ എന്ന് മുദ്ര കുത്തി തുറുങ്കിലടക്കുകയും ചെയ്യുക, അടിയന്തരാവസ്ഥയെ നിരന്തരം ചോദ്യം ചെയ്യുകയും എന്നാൽ, ഒരു വാർത്താസമ്മേളനം പോലും നടത്താതിരിക്കുകയും ചെയ്യുക, കള്ളപ്പണം ഇല്ലാതാക്കാൻ രാത്രിക്ക് രാത്രി നോട്ട് നിരോധിക്കുകയും അദാനിയുടെ കള്ളപ്പണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ മൗനിയാവുകയും ചെയ്യുക. ഇരട്ടത്താപ്പുകളുടെ നെടുമ്പാതയിലൂടെയാണ് മോദിജി നടക്കുന്നതെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയുണ്ടെന്ന് കുറ്റപ്പെടുത്തുന്നവർ ഭക്തിയുടെ മറിന ട്രഞ്ചിലായിരിക്കും കഴിയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ | Photo: ANI, ദ കേരള സ്റ്റോറിയുടെ പോസ്റ്റർ

ഇന്ത്യൻ മനഃസാക്ഷിയെ ഞെട്ടിച്ച കലാപമായിരുന്നു 2002-ൽ ഗുജറാത്തിൽ അരങ്ങേറിയത്. മൂന്ന് കൊല്ലത്തിനിപ്പുറം 2005-ൽ രാഹുൽ ധൊലാക്കിയയുടെ പർസാനിയ എന്ന ചലച്ചിത്രം പ്രദർശനത്തിനെത്തി. ഗുജറാത്ത് കലാപത്തിൽ കാണാതായ മകനായുള്ള അന്വേഷണവും കാത്തിരിപ്പും തുടരുന്ന പാഴ്സി ദമ്പതികളായ രൂപയുടെയും ദാറ മോദിയുടെയും ജീവിതത്തെ ആസ്പദമാക്കിയുള്ള ചലച്ചിത്രമായിരുന്നു പർസാനിയ. സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ എന്നാണ് പർസാനിയ എന്ന വാക്കിന്റെ അർത്ഥം. കലാപത്തിന്റെ ആദ്യനാളുകളിൽ അഹമ്മദാബാദിലെ ഗുൽബർഗ സൊസൈറ്റിയിൽനിന്നാണ് രൂപയ്ക്കും ദാറയ്ക്കും പതിമൂന്നുകാരനായ മകൻ അഷറിനെ നഷ്ടപ്പെട്ടത്. എഹ്സാൻ ജഫ്രി എന്ന മുൻ കോൺഗ്രസ് എം.പിയും മറ്റ് 37 പേരും അതിദാരുണമായി കൊല്ലപ്പെട്ട ഇടമാണ് ഗുൽബർഗ സൊസൈറ്റി. ഇവിടെ മൂന്നാം നിലയിലെ ഫ്ളാറ്റിലായിരുന്നു അഷറിന്റെ കുടുംബം താമസിച്ചിരുന്നത്. ഗുജറാത്തിൽ അറിയപ്പെടുന്ന നേതാവായിരുന്ന എഹ്സാൻ ജഫ്രിയുടെ സാന്നിദ്ധ്യം കലാപകാരികളെ ഗുൽബർഗ സൊസൈറ്റിയിലേക്ക് വരുന്നതിൽനിന്നു തടയുമെന്ന രൂപയുടെയും ദാറയുടെയും പ്രതീക്ഷ അസ്ഥാനത്തായി. കലാപകാരികളുടെ മുഖ്യലക്ഷ്യം എഹ്സാനായിരുന്നു. 2002 ഫിബ്രവരി 28-ന് രാത്രി എഹ്സാൻ സംസ്ഥാന സർക്കാരിലെയും കേന്ദ്ര സർക്കാരിലെയും ഉന്നതരെ വിളിച്ചെങ്കിലും ഒരു സഹായവുമെത്തിയില്ല. കലാപം ഒടുങ്ങിയപ്പോൾ ഗുൽബർഗയിൽനിന്നു കാണാതായ 31 പേരിൽ അഷറുമുണ്ടായിരുന്നു.

ഈ കഥയാണ് രാഹുൽ ധൊലാക്കിയ സിനിമയാക്കിയത്. പക്ഷേ, പർസാനിയ ഗുജറാത്തിൽ പ്രദർശിപ്പിക്കപ്പെട്ടില്ല. രാഹുലിന്റെ സിനിമ പ്രദർശിപ്പിക്കാനാവില്ലെന്ന് ഗുജറാത്തിലെ തിയേറ്റർ ഉടമകൾ തീരുമാനമെടുത്തതായിരുന്നു കാരണം. തിയേറ്റർ ഉടമകൾ സ്വയം എടുത്ത തീരുമാനമായിരുന്നില്ല അത്. പേടിയായിരുന്നു യഥാർത്ഥ കാരണം. വി.എച്ച്.പി. നേതാവ് ബാബു ബജ്രംഗി സമ്മതിച്ചാൽ ചിത്രം പ്രദർശിപ്പിക്കാം എന്നായിരുന്നു തിയേറ്റർ ഉടമകൾ രഹസ്യമായി പറഞ്ഞത്. ഗുറാത്ത് കലാപത്തിൽ 97 പേർ കൊല്ലപ്പെട്ട നരോദ്യ പാട്യ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ അതേ ബാബു ബജ്രംഗി. ചിത്രത്തിന്റെ പ്രിവ്യുവിന് ബജ്രംഗിയെ ക്ഷണിക്കണമെന്ന നിർദ്ദേശം രാഹുൽ ധൊലാക്കിയ നിരസിച്ചു.

സെൻസർ ബോർഡ് അനുമതി തന്ന ഒരു സിനിമയ്ക്ക് അതിനു മുകളിൽ മറ്റൊരാൾ അനുമതി തരേണ്ടതുണ്ടെന്ന് സമ്മതിച്ചുകൊടുക്കാൻ ജനാധിപത്യബോധമുള്ള പൗരൻ എന്ന നിലയിൽ രാഹുലിനാവുമായിരുന്നില്ല. ബജ്രംഗിക്കും മുകളിൽ ഒരു നേതാവേ ഗുജറാത്തിൽ അന്നുണ്ടായിരുന്നുള്ളു. ആ നേതാവാണ് ഇന്നിപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി. അദ്ദേഹമാണ് കഴിഞ്ഞ ദിവസം കർണ്ണാടകത്തിലെ ബെല്ലാരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേരള സ്റ്റോറി എന്ന സിനിമയെക്കുറിച്ച് ഊറ്റം കൊണ്ടത്. ഭീകരവാദികളെ തുറന്നു കാട്ടുന്ന, സത്യം പറയുന്ന സിനിമ എന്നാണ് നരേന്ദ്ര മോദി കേരള സ്റ്റോറിയെക്കുറിച്ച് പറഞ്ഞത്. വെള്ളിയാഴ്ചയാണ് കേരള സ്റ്റേറി പ്രദർശനം തുടങ്ങിയത്. കേരള സ്റ്റോറിയുടെ ആധികാരികതയെക്കുറിച്ച് പ്രധാനമന്ത്രി പറയുന്നത് ആ സിനിമ കണ്ടിട്ടു തന്നെയായിരിക്കണം. അങ്ങിനെയാണെങ്കിൽ സിനിമയുടെ നിർമ്മാതാക്കൾ പ്രധാനമന്ത്രിക്കായി ചിലപ്പോൾ പ്രത്യേക പ്രദർശനം അദ്ദേഹത്തിന്റെ വസതിയിൽ നടത്തിയിട്ടുണ്ടായിരിക്കാം. കേരള സ്റ്റോറിയിൽ പ്രധാനമന്ത്രിക്കുള്ള താൽപര്യം ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല എന്നർത്ഥം.

പർസാനിയ, ഫിറാഖ് സിനിമകളുടെ പോസ്റ്റർ

കേരളത്തിന്റെ ജനാധിപത്യം

കേരള സ്റ്റോറി ഗംഭീരമാണെന്നും അതു കേരളത്തിൽ നടക്കുന്ന ചില സംഗതികളുടെ യഥാർത്ഥ ആവിഷ്‌കാരമാണെന്നും പറയാൻ മോദിക്കുള്ള അവകാശം ആർക്കും ചോദ്യം ചെയ്യാനാവില്ല. പക്ഷേ, എന്തുകൊണ്ടാണ് പർസാനിയ ഗുജറാത്തിൽ പ്രദർശിപ്പിക്കപ്പെടാതിരുന്നതെന്നു പറയാനുള്ള ആർജ്ജവം ഇന്ത്യൻ പ്രധാനമന്ത്രിക്കുണ്ടാവണം. പർസാനിയ മാത്രമല്ല നന്ദിത ദാസിന്റെ സംവിധാനത്തിൽ 2008-ൽ പുറത്തിറങ്ങിയ ഫിറാഖ് എന്ന സിനിമയും ഗുജറാത്തിൽ അപ്രഖ്യാപിത നിരോധനത്തിനിരയായി. ഗുജറാത്ത് കലാപവും അനന്തരഫലങ്ങളുമായിരുന്നു ഫിറാഖിന്റെ പ്രമേയം. പർസാനിയയുടെ കാര്യത്തിലെന്ന പോലെ ഫിറാഖ് പ്രദർശിപ്പിക്കാനും തിയേറ്റർ ഉടമകൾ മടിച്ചു. ഫിറാഖ് കാണാൻ താൽപര്യമുണ്ടെന്ന് മോദി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അങ്ങിനെയൊരു സ്പെഷ്യൽ സ്‌ക്രീനിങ്ങിന്റെ ആവശ്യമില്ലെന്നും ആർക്കു വേണമെങ്കിലും സിനിമ തിയേറ്ററിൽ പോയി കാണാമെന്നുമാണ് നന്ദിത പ്രതികരിച്ചത്. ഭരണകൂടത്തിനു മുന്നിൽ കുനിയാത്ത ശിരസ്സുകളുടെ ഉടമകളാണ് നന്ദിതയും രാഹുലും എന്നത് ചെറിയ കാര്യമല്ല.

ഭരണകൂടത്തിന്റെയും ഭരണകൂടത്തെ നിയന്ത്രിക്കുന്ന ശക്തികളുടെയും അപ്രീതിക്കിരയാവാൻ ഗുജറാത്തിലെ തിയേറ്റർ ഉടമകൾക്ക് താൽപര്യമുണ്ടായിരുന്നില്ല. കേരള സ്റ്റോറിക്ക് ഇതേ അവസ്ഥ കേരളത്തിലുണ്ടാവുന്നില്ലെന്നത് കേരളത്തിന്റെ ജനാധിപത്യ പരിസരമാണ് വെളിപ്പെടുത്തുന്നത്. കേരളീയരുടെ ഈ ജനാധിപത്യ ബോധത്തെ പ്രധാനമന്ത്രി പ്രശംസിച്ചതായി കണ്ടില്ല. ശിശുമരണ നിരക്കിൽ സൊമാലിയയേക്കാൾ മോശമാണ് കേരളമെന്ന മോദിയുടെ പരാമർശം വന്നത് ഏഴ് കൊല്ലം മുമ്പാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒരു സീറ്റ് പോലും കൊടുക്കാത്ത കേരളത്തിൽ എന്തു ജനാധിപത്യം എന്ന ചിന്തയാണോ മോദിയെ നയിക്കുന്നതെന്നറിയില്ല.

എന്തായലും കേരളം അത്ര ശരിയല്ലെന്നാണ് ഇക്കഴിഞ്ഞ ഫിബ്രവരിയിൽ മോദിജിയുടെ വത്സല ശിഷ്യനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ പറഞ്ഞത്. ''കേരളം നിങ്ങളുടെ തൊട്ടടുത്തുണ്ട്. ഞാൻ കൂടുതലൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല,'' ഷായുടെ ഈ വാക്കുകളിൽ കർണ്ണാടത്തിനുള്ള ഒരു മുന്നറിയിപ്പുണ്ടായിരുന്നു. മെയ് പത്തിന് നടക്കാനിരിക്കുന്ന കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ടു ചെയ്തില്ലെങ്കിൽ കർണ്ണാടകം മറ്റൊരു കേരളമായേക്കുമെന്ന മുന്നറിയിപ്പ്. വിയോജിക്കാനും പ്രതിഷേധിക്കാനും ഇപ്പോഴും ഇടമുള്ള കേരളത്തിന്റെ ജനാധിപത്യ പരിസരമാണോ അമിത് ഷായുടെ ആശങ്കയ്ക്ക് കാരണമെന്നറിയില്ല.

പെരുമാൾ മുരുകന്റെയും സൽമാൻ റുഷ്ദിയുടെയും പുസ്തകങ്ങളുടെ കവർ

ഇരട്ടത്താപ്പിന്റെ നെടുമ്പാതകൾ

ഇരട്ടത്താപ്പിന്റെ, കാപട്യത്തിന്റെ അലയൊലികൾ ജനാധിപത്യ വിശ്വാസികളിൽ ഓക്കാനമുണ്ടാക്കും. പാർലമെന്റിന്റെ പടവുകളിൽ സാഷ്ടാംഗം നമസ്‌കരിക്കുകയും അതേ പാർലമെന്റിനെ നോക്കു കുത്തിയാക്കുകയും ചെയ്യുക, ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യയെന്ന് അടിക്കടി പറയുകയും വിയോജിപ്പിന്റെ സ്വരങ്ങളെ അർബൻ നക്സൽ എന്ന് മുദ്ര കുത്തി തുറുങ്കിലടക്കുകയും ചെയ്യുക, അടിയന്തരാവസ്ഥയെ നിരന്തരം ചോദ്യം ചെയ്യുകയും എന്നാൽ ഒരു വാർത്താസമ്മേളനം പോലും നടത്താതിരിക്കുകയും ആത്മഭാഷണമായ മൻകീ ബാത്തിന്റെ നൂറാം എപ്പിസോഡ് ചരിത്ര സംഭവമായി കൊണ്ടാടുകയും ചെയ്യുക. കള്ളപ്പണം ഇല്ലാതാക്കാൻ രാത്രിക്ക് രാത്രി നോട്ട് നിരോധിക്കുകയും അദാനിയുടെ കള്ളപ്പണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ മൗനിയാവുകയും ചെയ്യുക. ഇരട്ടത്താപ്പുകളുടെ നെടുമ്പാതയിലൂടെയാണ് മോദിജി നടക്കുന്നതെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയുണ്ടെന്ന് കുറ്റപ്പെടുത്തുന്നവർ ഭക്തിയുടെ മറിന ട്രഞ്ചിലായിരിക്കും കഴിയുന്നത്.

ഒരു കലാരൂപവും നിരോധിക്കുന്നതിനോട് വഴിപോക്കനു യോജിപ്പില്ല. സൽമാൻ റുഷ്ദിയുടെ സാത്താന്റെ വചനങ്ങൾ ആദ്യം നിരോധിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജീവ് ഗാന്ധി സർക്കാരിന്റെ ആ പ്രവൃത്തി തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് സൽമാൻ റുഷ്ദി പറയുകയുണ്ടായി. പുസ്തകം ഇഷ്ടപ്പെടുന്നില്ലെങ്കിൽ ആ പുസ്തകം നിങ്ങൾക്കു വായിക്കാതിരിക്കാം എന്നാണ് തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകന്റെ നോവൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവരോട് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പറഞ്ഞത്. സരസ്വതിദേവിയുടെ പെയിന്റിങിന്റെ പേരിൽ വേട്ടയാടപ്പെട്ട എം.എഫ്. ഹുസൈൻ എന്ന ചിത്രകാരനെയും വെറുതെ വിടൂ എന്നാണ് ജസ്റ്റിസ് കൗൾ പറഞ്ഞത്. ഹുസൈൻ വരക്കട്ടെയെന്നും പെരുമാൾ മുരുകൻ എഴുതട്ടെയെന്നും ജസ്റ്റിസ് കൗൾ വ്യക്തമാക്കി. ഇന്ത്യയിൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായുള്ള രണ്ട് ഗംഭീര തീർപ്പുകളാണ് ഹുസൈന്റെയും പെരുമാൾ മുരുകന്റെയും കേസുകളിൽ ജസ്റ്റിസ് കൗളിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. കല പ്രകോപിപ്പിക്കുമെന്നും പ്രകോപിപ്പിക്കാത്തതു കലയല്ലെന്നും പാബ്ലൊ പിക്കാസൊയെ ഉദ്ധരിച്ചുകൊണ്ട് ജസ്റ്റിസ് കൗൾ ചൂണ്ടിക്കാട്ടി. എം.എഫ്. ഹുസൈനും പെരുമാൾ മുരുകനുമാണ് ഭരണകൂടം സംരക്ഷണം നൽകേണ്ടതെന്നും കലാപകാരികൾക്കു കൂട്ടുനിൽക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഈ ഓർമ്മയുടെ പരിസരത്തിൽ നിൽക്കുമ്പോൾ കേരള സ്റ്റോറി നിരോധിക്കണമെന്ന ആവശ്യത്തോട് ഒരു തരത്തിലും യോജിക്കാനാവില്ല. കേരള സ്റ്റോറി കെട്ടുകഥയാണെങ്കിൽ ആ സിനിമ കാണാതിരിക്കാം. കണ്ടു കഴിഞ്ഞിട്ടും അതൊരു നുണക്കഥയാണെന്ന് കരുതുകയാണെങ്കിൽ അതിനെ സത്യം കൊണ്ടു നേരിടാം. ഒരു നുണയ്ക്കും സത്യത്തിനു മുന്നിൽ ഏറെക്കാലം പിടിച്ചുനിൽക്കാനാവില്ല. വർഷങ്ങൾക്കു മുമ്പ് തിരവനന്തപുരത്ത് സാഹിത്യ നിരൂപകൻ പ്രൊഫസർ എം. കൃഷ്ണൻ നായരെ വീട്ടിൽ ചെന്ന് കണ്ടിരുന്നു. അന്നദ്ദേഹം പറഞ്ഞ ഒരു കാര്യം ഒരു കവി അദ്ദേഹത്തെ അടിക്കാൻ ഗുണ്ടകളെ വിട്ടതിനെക്കുറിച്ചാണ്. കവിയുടെ ഒരു സൃഷ്ടി അങ്ങേയറ്റം ബോറാണെന്ന് എഴുതിയതിന് പ്രതികാരമായാണ് കവി ഗുണ്ടകളെ വിട്ടത്. അന്ന് തന്നെ അടിക്കാൻ വന്നവരോട് കൃഷ്ണൻ നായർ പറഞ്ഞത് ഇതാണ്: ''എന്റെ ആയുധം പേനയാണ്. എന്നെ ഉപദ്രവിക്കണമെങ്കിൽ പേനയുപയോഗിക്കാൻ നിങ്ങൾ പോയി കവിയോട് പറയണം.'' ഈ ഉപദേശമല്ല പക്ഷേ, അന്ന് കൃഷ്ണൻനായരെ ഗുണ്ടകളിൽനിന്നു രക്ഷിച്ചത്. ജില്ലാ പോലിസ് കമ്മീഷണർ തന്റെ ശിഷ്യനാണെന്നും ഒന്ന് ഫോൺ ചെയ്താൽ നിങ്ങൾ എല്ലാവരും അകത്താവുമെന്നും കൃഷ്ണൻനായർ പറഞ്ഞപ്പോഴാണ് ഗുണ്ടകൾ സ്ഥലം വിട്ടത്.

വിശ്വരൂപം സിനിമയുടെ പോസ്റ്റർ, ടി.ജെ. ജോസഫിന്റെ പുസ്തകത്തിന്റെ കവർ

നിരോധനമല്ല പരിഹാരം

പോലിസ് എന്ന് പറഞ്ഞാൽ ഭരണകൂടമാണ്. ഭരണകൂടത്തിന്റെ മൗനാനുവാദമില്ലാതെ ഒരു കലാപവും ഒരിടത്തും നടക്കില്ല. കമൽഹാസന്റെ വിശ്വരൂപം എന്ന സിനിമ പ്രദർശിപ്പിക്കാൻ തമിഴ്നാട്ടിൽ തിയേറ്റർ ഉടമകൾ വിസമ്മതിച്ചിരുന്നു. വിശ്വരൂപത്തിൽ മുസ്ലിങ്ങളെ അപകീർത്തിപ്പെടുത്തുന്നുണ്ടെന്ന ആരോപണമുയർത്തി ചില സംഘടനകൾ രംഗത്ത് വന്നിരുന്നു. എന്നാൽ, ഇതിനേക്കാളുപരി തിയേറ്റർ ഉടമകളെ പേടിപ്പിച്ചത് അന്ന് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്ക് കമലിനോടുണ്ടായിരുന്ന താൽപര്യക്കുറവാണ്. തമിഴ്നാട്ടിൽ നിന്നായിരിക്കണം അടുത്ത പ്രധാനമന്ത്രിയെന്നും അത് മുണ്ടുടുത്തയാളാവട്ടെയെന്നും ആയിടയ്ക്ക് കമൽ അഭിപ്രായപ്പെട്ടിരുന്നു. ഡെൽഹിയിലും ചെന്നൈയിലും ഒരു പോലെ മുണ്ടുടുത്ത് നടക്കുന്ന പി ചിദംബരത്തെയാണ് കമൽ ഉദ്ദേശിച്ചത്.

പ്രധാനമന്ത്രിയാവാൻ ലക്ഷ്യമിട്ടിരുന്ന ജയലളിതയെ ഈ അഭിപ്രായപ്രകടനം ചൊടിപ്പിച്ചു. ജയലളിതയ്ക്ക് വിഷമമുണ്ടാക്കുന്ന ഒരു പ്രവൃത്തിയിലും തമിഴകത്തെ തിയേറ്റർ ഉടമകൾക്ക് താൽപര്യമുണ്ടായിരുന്നില്ല. ഒടുവിൽ കമൽ നേരിട്ട് ജയലളിതയെ കണ്ട് സംസാരിച്ചതോടെയാണ് വിശ്വരൂപം പ്രദർശിപ്പിക്കുന്നതിനുള്ള അരങ്ങൊരുങ്ങിയത്. 1991-ൽ ഡി.എം.കെ. സർക്കാരിനെ പിരിച്ചുവിട്ടപ്പോൾ തമിഴകം കത്തുമെന്ന ആശങ്കയുണ്ടായിരുന്നു. അന്ന് കേന്ദ്ര നിയമ മന്ത്രിയായിരുന്ന സുബ്രഹ്‌മണ്യൻ സ്വാമി ചെന്നൈയിൽ എത്തി ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും കണ്ടു. എന്തെങ്കിലും അനിഷ്ടസംഭവം ഉണ്ടായാൽ രണ്ടു പേരും ഉത്തരം പറയേണ്ടിവരുമെന്ന് സ്വാമി കർശനമായി പറഞ്ഞു. തുടർന്ന് കരുണാനിധി സർക്കാരിനെ ചന്ദ്രശേഖർ സർക്കാർ പിരിച്ചുവിട്ടു. ഒരു പ്രശ്നവമുണ്ടായില്ല. കലാപം ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്താൻ ഭരണകൂടം വിചാരിച്ചാൽ കഴിയുമെന്നു വ്യക്തമാക്കാനാണ് ഇക്കാര്യങ്ങൾ ഇവിടെ പറഞ്ഞത്.

2010 ജൂലായ് നാലിന് പ്രൊഫസർ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിൽ അന്നത്തെ ഇടതുപക്ഷ സർക്കാരിനുണ്ടായ വീഴ്ചയും ഇവിടെ ഓർക്കേണ്ടതുണ്ട്. ജോസഫിന്റെ ചോദ്യപ്പേപ്പർ വിവാദമായപ്പോൾ അദ്ദേഹത്തെ മഠയൻ എന്നാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി വിശേഷപ്പിച്ചത്. ഇടതുപക്ഷ അദ്ധ്യാപക സംഘടനയും തുടക്കത്തിൽ ജോസഫിനെതിരെ നിലയുറപ്പിച്ചു. ലൗ ജിഹാദ് വിവാദമുയർത്തി പിന്നീട് ബഹളമുണ്ടാക്കിയ സഭാ നേതൃത്വവും അന്ന് പ്രൊഫസർ ജോസഫിനെ പീഡിപ്പിക്കാൻ കൂട്ടുനിന്നു. ഭരണകൂടത്തിന്റെയും സഭയുടെയും ഈ വൃത്തികെട്ട നിലപാടുകളാണ് അന്ന് ഭീകരവാദികൾക്ക് കൈപ്പത്തി വെട്ടിമാറ്റാനുള്ള ധൈര്യമേകിയത്. ആ ഭീകര പ്രവൃത്തിയാണ് കേരള സമൂഹത്തിൽ മതസൗഹാർദ്ദം ശിഥിലമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചത്. അന്ന് ആ കൊടുംകുറ്റകൃത്യത്തെ ശക്തിയുക്തം എതിർക്കുന്നതിൽ മുസ്ലിം ലീഗുൾപ്പെടെയുള്ള സംഘടനകൾക്ക് സംഭവിച്ച വീഴ്ചയും എടുത്തുപയുകതന്നെ വേണം.

പറഞ്ഞു വന്നത് ഒരു കലാരൂപവും നിരോധിക്കപ്പെടരുതെന്നു തന്നെയാണ്. കേരള സ്റ്റോറി കണ്ട് ഇസ്ലാം വിരോധികളാവുന്നവരല്ല കേരള ജനത. നെല്ലും പതിരും വേർതിരിച്ചറിയാൻ കേരളീയർക്കു കൃത്യമായറിയാം. ശബരിമല പ്രശ്നം സുവർണ്ണാവസരമാണെന്ന് പറഞ്ഞവരോട് ആ കഞ്ഞി ഇവിടത്തെ അടുപ്പിൽ വേവില്ലെന്നു പറഞ്ഞവരാണു മലയാളികൾ. ക്രിസ്തുവിന്റെ അന്ത്യ പ്രലോഭനം എന്ന കസൻദ്‌സാക്കിസിന്റെ നോവലോ അതിനെ ഉപജീവിച്ച് പി.എം. ആന്റണി എഴുതിയ ആറാം തിരുമുറിവോ ക്രൈസ്തവസഭയെ വീഴ്ത്തിയിട്ടില്ല. ഒരു സിനിമ കൊണ്ടോ ഒരു പുസ്തകം കൊണ്ടോ ഈ ലോകം മാറിമറിയുമായിരുന്നെങ്കിൽ നമ്മുടെ സമൂഹം ഒരിക്കലും ഇങ്ങനെയാവുമായിരുന്നില്ല.

കേരള സ്റ്റോറിക്ക് പിന്നിൽ കൃത്യമായ പദ്ധതിയുണ്ടാവാം. ഷേക്സ്പിയർ പറഞ്ഞതുപോലെ ഈ ഭ്രാന്തിന് ഒരു രീതിയുണ്ടാവാം. ആ രീതിയുടെ പ്രതിഫലനമാണ് പ്രധാനമന്ത്രിയുടെ വാക്കുകളിൽ തെളിഞ്ഞത്. ഇന്ത്യയിൽ എത്രയോ സിനിമകൾ ഇറങ്ങുന്നു. പക്ഷേ, പ്രധാനമന്ത്രിക്ക് ഉയർത്തിപ്പിടിക്കാൻ, പിന്തുണയ്ക്കാൻ ഈ ഒരു സിനിമയേ ഉണ്ടായുള്ളു. പർസാനിയയും ഫിറാഖും അദ്ദേഹത്തിന് പ്രചോദനമായില്ല. കാശ്മീർ ഫയൽസ് എന്ന സിനിമയ്ക്ക് ഗുജറാത്ത്, മദ്ധ്യപ്രദേശ് സർക്കാരുകൾ നികുതി ഇളവ് പ്രഖ്യാപിച്ചത് ഓർമ്മ വരുന്നു. ചിലപ്പോൾ കേരള സ്റ്റോറിക്കും അതെ ഇളവുകൾ കിട്ടിയേക്കാം. പക്ഷേ, അതുകൊണ്ടൊന്നും കേരള സ്റ്റോറി നല്ല സിനിമയാവണമെന്നില്ല. 32,000 കേരള വനിതകൾ ഐ.എസിലേക്ക് പോയി എന്ന കള്ളവുമായാണ് ഈ സിനിമയുടെ പ്രചാരണം തുടങ്ങിയത്. അതുകൊണ്ടുതന്നെ കേരള സ്റ്റോറി തിയേറ്ററിൽ പോയി കാണാൻ വഴിപോക്കന് ഉദ്ദേശ്യമില്ല. പക്ഷേ, ഇതൊന്നും തന്നെ സിനിമ നിരോധിക്കണം എന്ന ആവശ്യത്തിനുള്ള ന്യായീകരണമാവുന്നില്ല. സിനിമ നിങ്ങൾക്ക് കാണാതിരിക്കാം വിമർശിക്കാം. എന്നാൽ നിരോധിക്കൽ എന്ന കലാപരിപാടി ഫാസിസ്റ്റുകൾക്ക് മാത്രം പറഞ്ഞിട്ടുള്ളതാവുന്നു.

വഴിയിൽ കേട്ടത്: വിഗ്രഹത്തിന് മേൽ പൂജാരി തുപ്പുന്ന സിനിമ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് കേരളത്തിൽ ഒരു കുഴപ്പവുമുണ്ടായിട്ടില്ലെന്നും കേരള ഹൈക്കോടതി. ഭാർഗ്ഗവീനിലയം നീലവെളിച്ചമാക്കിയതു പോലെ നിർമ്മാല്യം പുനർനിർമ്മിക്കപ്പെടുന്നതും അതിനെ കേരള സ്റ്റോറി അനുകൂലികൾ ഒരു പ്രതിഷേധവുമില്ലാതെ സ്വീകരിക്കുന്നതുമായ കേരളമാണ് വഴിപോക്കന്റെ സ്വപ്നത്തിലെ കിണാശ്ശേരി!

Content Highlights: The Kerala Stroy, Parzania, Firaaq, Narendra Modi, Vazhipokkan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sakshi Malik
Premium

9 min

അവസാനത്തിന്റെ ആരംഭം | വഴിപോക്കൻ

Jun 3, 2023


Central Vista
Premium

6 min

അൽപത്തരങ്ങളുടെ തമ്പുരാൻ | വഴിപോക്കൻ

May 27, 2023


Narendra Modi
Premium

8 min

അസമത്വത്തിന്റെ പെരുകൽ അഥവാ മോദി സർക്കാരിന്റെ ഒമ്പത് വർഷങ്ങൾ | വഴിപോക്കൻ

May 18, 2023

Most Commented