ജനാധിപത്യം മൻ കീ ബാത്തല്ലെന്നും ഇന്ത്യ ഗുജറാത്തല്ലെന്നും മോദി തിരിച്ചറിയുന്നുണ്ടാവാം | വഴിപോക്കൻ


വഴിപോക്കൻ

കർഷകർ മറ്റൊരു ജനുസ്സാണ്. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും നാഴി കൊണ്ട് അളക്കാവുന്ന സംഗതിയല്ല അത്. കോടതികളല്ല, രാഷ്ട്രീയ നേതൃത്വം തന്നെയാണ് കാർഷിക നിയമങ്ങളുടെ കാര്യത്തിൽ പരിഹാരം ഉണ്ടാക്കേണ്ടിയിരുന്നത്. കടിച്ച പാമ്പ് തന്നെ വിഷമിറക്കുന്നതാണല്ലോ അതിന്റെയൊരു ശരി.

ഹരിയാണയിലെ ജിന്ദിൽ നടന്ന കർഷകരുടെ 'മഹാപഞ്ചായത്തിനെ രാകേഷ് ടികായത്ത് അഭിസംബോധന ചെയ്യുന്നു | ഫോട്ടോ: പി.ടി.ഐ

''കഴിഞ്ഞ വർഷം നവംബർ 26-ന് ഡൽഹിയുടെ അതിർത്തികളിൽ എത്തുമ്പോൾ ഇത് ഒരു വർഷം എടുക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല.'' സംയുക്ത കിസാൻ മോർച്ചയുടെ നേതാക്കളിലൊരാളായ ദർശൻ പാൽ സിങ് പറഞ്ഞു. '' പക്ഷേ, നിങ്ങളുടെ ഐക്യവും വിവേകപൂർണ്ണമായ തീരുമാനങ്ങളും കഴിഞ്ഞ ഏഴ് വർഷമായി ഒരു വിഷയത്തിലും ഒരിഞ്ച് പോലും പിന്മാറാൻ കൂട്ടാക്കാതിരുന്ന ഒരു ഏകാധിപതിയെ തകർത്തിരിക്കുന്നു. നിങ്ങൾക്ക് എന്റെ അഭിനന്ദനം.'' ( 'When we arrived on Delhi's borders on November 26 (last year), we had not thought it would take a year,' Darshan Pal Singh, a leader of the Samyukta Kisan Morcha that is spearheading the movement, said in his address.'But your unity and wise decisions demolished a dictator who for seven years had refused to retreat an inch (on any issue). I congratulate you.'' The Telegraph ,November 23 , 2021.)

ദർശന്റെ വാക്കുകളിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രസാദപൂർണവും പ്രകാശഭരിതവുമായ മുഖമുണ്ട്. കർഷക പ്രക്ഷോഭത്തെക്കുറിച്ച് ഇതിന് മുമ്പൊരിക്കൽ എഴുതിയ വാക്കുകൾ ഇവിടെ ഒന്നുകൂടി എടുത്തുകൂടി കൊടുക്കുകയാണ്: ''ഒരു ഗർത്തത്തിനു മുന്നിൽ നിൽക്കുമ്പോൾ പിന്നോട്ട് വെയ്ക്കുന്ന ചുവടാണ് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്നത്. പിന്നാക്കം പോകുന്നത് അപ്പോൾ പുരോഗമനപരവും സ്വാഗതാർഹവുമാവുന്നു. ഈ തിരിച്ചറിവിനോട് മുഖം തിരിഞ്ഞു നിൽക്കാൻ ബി.ജെ.പിക്കും സംഘപരിവാറിനും എത്രകാലം കഴിയും എന്നതാണ് കർഷക സമരം ഉയർത്തുന്ന വലിയ ചോദ്യം.''

ഈ ചോദ്യത്തിനുള്ള മറുപടിയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയത്. വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണെന്ന മോദിയുടെ പ്രഖ്യാപനം ഒരു രാഷ്ട്രീയ തീരുമാനമാണ്. സാധാരണ ഗതിയിൽ മോദിയെപ്പോലൊരു നേതാവ് എടുക്കാൻ മടിക്കുന്ന ഇത്തരമൊരു തീരുമാനം അതുകൊണ്ടുതന്നെ വ്യക്തവും വിശദവുമായ വിശകലനം ആവശ്യപ്പെടുന്നുണ്ട്. ജനാധിപത്യത്തിന്റെ അതിപ്രസരമാണ് ഇന്ത്യയിലുള്ളതെന്നും ഇത് എല്ലാ മേഖലകളിലും പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിന് തടസ്സമുണ്ടാക്കുകയാണെന്നും നീതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ അമിതാഭ് കാന്ത് പറഞ്ഞത് ഈ ഘട്ടത്തിൽ ഓർക്കണം. മോദി സർക്കാരിലെ ഏറ്റവും ശക്തരായ ഉദ്യോഗസ്ഥരിൽ ഒരാളാണ് അമിതാഭ് കാന്ത്. ഡൽഹിയിലുള്ള ഒരു കൂട്ടം ആളുകൾ എന്നെ ജനാധിപത്യം പഠിപ്പിക്കാൻ വരരുത് എന്ന പ്രധാനമന്ത്രി മോദിയുടെ പരാമർശവും ഇതോടൊപ്പം ചേർത്ത് വായിക്കണം.

Vinod Mehta
വിനോദ് മേത്ത

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തുകയും തുടർന്ന് ജനാധിപത്യത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഭരണാധികാരികൾ അപൂർവ്വമല്ല. ഔട്ട്ലുക്ക് പത്രാധിപരായിരുന്ന വിനോദ് മേത്ത 2013 ജനുവരി 23-ന് ഓപ്പൺ മാസികയിൽ എഴുതിയ ലേഖനം- 'രണ്ട് ഏകാധിപതികളുടെ കഥ' പ്രവചന സ്വഭാവമുള്ളതായിരുന്നു. സഞ്ജയ് ഗാന്ധിയെയും നരേന്ദ്ര മോദിയെയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ഈ ലേഖനം വിനോദ് എഴുതുമ്പോൾ മോദി ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നില്ല.

മേത്തയുടെ ലേഖനത്തിൽ നിന്ന്: ''No leader will come out and say, 'I am going to bypass democratic norms.' He will pretend, in the beginning, that he will follow all norms. He will merely promise to get things done much faster, and that could get him elected.'' (ഒരു നേതാവും ജനാധിപത്യ രീതികൾ അട്ടിമറിക്കുമെന്ന് പറയില്ല. കാര്യങ്ങൾ വേഗത്തിൽ ചെയ്യുമെന്ന് മാത്രമേ അദ്ദേഹം വാഗ്ദാനം ചെയ്യുകയുള്ളു. ആ വാഗ്ദാനത്തിലൂടെ അയാൾ തിരഞ്ഞെടുക്കപ്പെടുകയും ചെയ്യും.) നാനോ കാർ പദ്ധതി ബംഗാളിൽ നടക്കാതെ വന്നപ്പോൾ ടാറ്റയെ ഗുജറാത്തിലേക്ക് മോദി ക്ഷണിച്ചതോർക്കുക. മൂന്നു ദിവസം കൊണ്ടാണ് ടാറ്റ ഗുജറാത്തിൽ കാർ ഫാക്ടറി തുടങ്ങിയത്. 350 ഏക്കറാണ് ടാറ്റ ചോദിച്ചതെങ്കിൽ 1,100 ഏക്കറാണ് മോദി സർക്കാർ കൈമാറിയത്. ഒമ്പതിനായിരം കോടി രൂപ വെറും ഒരു ശതമാനം പലിശയ്ക്കാണ് മോദി സർക്കാർ ടാറ്റയ്ക്ക് വായ്പയായി നൽകിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ടാറ്റയുടെ നാനോ എവിടെയെത്തിയെന്നും ഗുജറാത്തിലെ ജനങ്ങൾക്ക് ഈ കച്ചവടത്തിൽ എന്ത് നേട്ടമുണ്ടായെന്നും മാത്രം ചോദിക്കരുത്.

പാർലമന്റെിലേക്കുള്ള മോദിയുടെ ആദ്യവരവ് ഓർക്കുന്നില്ലേ! പാർലമെന്റിന്റെ പടവുകളിൽ സാഷ്ടാംഗം നമസ്‌കരിച്ചുകൊണ്ടുള്ള ആ രംഗപ്രവേശം ഏത് ജനാധിപത്യ വാദിയേയും കോരിത്തരിപ്പിക്കുന്നതായിരുന്നു. പക്ഷേ, ആ ഉൾപ്പുളകത്തിന് ആയുസ്സ് അധികമുണ്ടായില്ല. പത്രപ്രവർത്തകനായ ജി. സമ്പത്ത് ചൂണ്ടിക്കാട്ടിയതു പോലെ നിലവിൽ മോദി സർക്കാർ നടപ്പാക്കുന്നത് രാഷ്ട്രീയമില്ലാത്ത ജനാധിപത്യവും അവകാശങ്ങളില്ലാത്ത പൗരത്വവും ആണ്. (democracy without politics and citizenship without rights.)

ഒരർത്ഥത്തിൽ മോദിയെ ഏറ്റവും നന്നായി നിർവ്വചിക്കുന്നത് മൻ കീ ബാത്തായിരിക്കും. ജനാധിപത്യത്തിന്റെ അടിത്തറ സംഭാഷണമാണെങ്കിൽ മോദിയുടെ വഴി ഏകഭാഷണമാണ്. ഉയർന്ന തട്ടിൽ നിന്നുകൊണ്ട് താഴെയുള്ളവേരാട് സംസാരിക്കുന്ന മതപുരോഹിതനെപ്പോലെയാണ് മോദി. ചോദ്യങ്ങൾ അങ്ങോട്ടില്ല. താൻ പറയും മറ്റുള്ളവർ കേൾക്കും എന്നതാണ് രീതി. തെറ്റ് പറ്റാത്ത, ശരിയായ തീരുമാനങ്ങൾ മാത്രം എടുക്കുന്ന നേതാവ് എന്ന പ്രതിച്ഛായയുടെ പുറത്തുള്ള ജീവിതം.

നേതാവും പ്രജകളും എന്ന ഫ്യൂഡൽ സംജ്ഞയാണത്. ജനാധിപത്യത്തിന്റെ പ്രസന്നമായ തുറസ്സുകൾക്ക് അപരിചിതവും അസാദ്ധ്യവുമായ ഈ ഇടങ്ങളിലാണ് മോദിയെ ആഷിഷ് നന്ദിയെപ്പോലുള്ള സാമൂഹ്യ ശാസ്ത്രജ്ഞർ പ്രതിഷ്ഠിക്കുന്നത്. വാക്സിൻ പോളിസിയിലാണ് ഇതിനു മുമ്പ് മോദിക്ക് തിരിച്ച് നടക്കേണ്ടി വന്നത്. അത് പക്ഷേ, സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നായിരുന്നു. കാർഷിക നിയമങ്ങളുടെ കാര്യത്തിൽ മോദി സർക്കാരിനെക്കൊണ്ട് തെറ്റ് തിരുത്തിച്ചത് ജനങ്ങൾ തന്നെയാണെന്ന വ്യത്യാസമുണ്ട്.

പഞ്ചാബ്, യുപി തിരഞ്ഞെടുപ്പുകളാണ് ഈ നയം മാറ്റത്തിന് പിന്നിലെന്നതിൽ വസ്തുതയുണ്ട്. പക്ഷേ, അത് മാത്രമല്ല കാരണം. പ്രഥമവും പ്രധാനവുമായ കാരണം കർഷകരുടെ പ്രക്ഷോഭം തന്നെയാണ്. കർഷകരുടെ ആത്മവീര്യം തകർക്കാൻ മോദി സർക്കാർ പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമവും ഭരണഘടനയുടെ 370-ാം വകുപ്പ് നിർവ്വീര്യമാക്കിയ നടപടിയും വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നോട്ട് നിരോധനവും വലിയതോതിൽ വിമർശിക്കപ്പെട്ടു. പക്ഷേ, ഇവിടെയൊന്നും മോദി സർക്കാരിന് മനം മാറ്റമുണ്ടായില്ല.

Modi
നരേന്ദ്ര മോദി

ഹിന്ദുത്വയുടെ ശക്തനായ നേതാവ് എന്ന വിലാസത്തിന്റെയും പുറത്ത് ഈ പ്രക്ഷോഭങ്ങൾക്കെതിരെ നിലയുറപ്പിക്കാൻ മോദിക്കും ബി.ജെ.പിക്കും പ്രയാസമുണ്ടായില്ല. കർഷകർ പക്ഷേ, മറ്റൊരു ജനുസ്സാണ്. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും നാഴി കൊണ്ട് അളക്കാവുന്ന സംഗതിയല്ല അത്. കേസ് സുപ്രീം കോടതിയിലെത്തിയതോടെ ജമ്മു കാശ്മീർ, സി.എ.എ. എന്നിവയുമായി ബന്ധപ്പെട്ട സമരങ്ങൾക്ക് സംഭവിച്ചതുപോലെ കർഷക സമരവും ഒടുങ്ങുമെന്ന് മോദി സർക്കാർ കരുതിക്കാണും. കാർഷിക നിയമങ്ങൾ രാഷ്ട്രീയ തീരുമാനമായിരുന്നു. അതുകൊണ്ടുതന്നെ കോടതികളല്ല രാഷ്ട്രീയ നേതൃത്വം തന്നെയാണ് പരിഹാരമുണ്ടാക്കേണ്ടിയിരുന്നത്. കടിച്ച പാമ്പ് തന്നെ വിഷമിറക്കുന്നതാണല്ലോ അതിന്റെയൊരു ശരി.

കർഷക സമരത്തിന്റെ നട്ടെല്ല് സിഖ് വംശജരാണ്. ഹിന്ദുത്വയുടെ തേരോട്ടത്തിൽ താറുമാറാവുന്ന കൂട്ടരല്ല സിഖുകാർ. ദേശദ്രോഹികൾ എന്ന പരികൽപനയും ഈ യുദ്ധമുഖത്ത് ബി.ജെ.പിക്ക് മതിയാവാതെ വന്നു. അതിർത്തികൾ കാക്കുന്ന പട്ടാളക്കാരിൽ വലിയൊരു വിഭാഗം പഞ്ചാബിൽ നിന്നുളളവരാണ്. ദേശസ്നേഹമെന്താണെന്ന് അവരെ പഠിപ്പിക്കാൻ പോയാൽ അത് എപ്പോൾ തിരിച്ചടിക്കുമെന്ന് മാത്രം നോക്കിയാൽ മതി. കശ്മീരിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഇപ്പോൾ തന്നെ സ്ഥിതിഗതികൾ അത്ര പന്തിയല്ല. ഇതിനോടൊപ്പം പഞ്ചാബ് കൂടി അസ്വസ്ഥമാവുന്നത് പല തുറകളിലും വലിയ പ്രശ്നമുണ്ടാക്കുമെന്ന് മോദി സർക്കാരിനും നാഗ്പൂരിലിരിക്കുന്ന ആർ.എസ്.എസ്. നേതൃത്വത്തിനും തീർച്ചയായും മനസ്സിലായിട്ടുണ്ടാവും. അതുകൊണ്ട് തന്നെയാണ് സിഖുകാർ പരിപാവനമായി കരുതുന്ന ഗുരു നാനാക്ക് ജയന്തിയുടെ അന്ന് തന്നെ കാർഷിക നിയമങ്ങൾ പിൻവലിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിന് മോദി ഒരുങ്ങിയത്.

ഇടത്പക്ഷ സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രൊഫസർ പ്രഭാത് പട്നായിക് ചൂണ്ടിക്കാട്ടിയതുപോലെ കർഷകരെ സംബന്ധിച്ചിടത്തോളം ഈ സമരം അതിജീവനത്തിന്റെ പ്രശ്നമായിരുന്നു. കോർപറേറ്റുകളുടെ മുന്നിലേക്ക് തങ്ങളെ വലിച്ചെറിഞ്ഞു കൊടുക്കുന്ന ഒരു ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തിൽ വിജയമല്ലാതെ മറ്റൊന്നും തന്നെ കർഷകർക്ക് ചിന്തിക്കാനാവുമായിരുന്നില്ല. അടുത്തിടെ മുസഫർപൂരിലെ മഹാപഞ്ചായത്തിൽ കർഷകർ ഹിന്ദുത്വയ്ക്കെതിരെ ഈശ്വർ - അള്ളാ തേരോ നാം എന്നാലപിച്ചത് ആർ.എസ്.എസ്. എങ്ങിനെയാണ് ശ്രദ്ധിക്കാതിരിക്കുക?

ഡൽഹി പിടിക്കും മുമ്പ് ഫെഡറലിസത്തിന്റെ ശക്തനായ വക്താവായിരുന്നു മോദി. കാർഷിക ഉത്പന്നങ്ങൾക്കുള്ള തറവിലയുടെ കാര്യത്തിൽ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മോദി എഴുതിയ കത്ത് ഇപ്പോഴും കേന്ദ്ര സർക്കാരിന്റെ ഫയലുകളിലുണ്ടാവും. പക്ഷേ, അധികാരത്തിലേറിയതോടെ ഫെഡറലിസം കണ്ണിനു പിടിക്കാതായി. സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ള വിഷയമാണ് കൃഷിയെന്നിരിക്കെയാണ് വിപണനത്തിന്റെ മറ പിടിച്ച് പുതിയ കാർഷിക നിയമങ്ങൾ ഏകപക്ഷീയമായി കൊണ്ടുവന്നത്.

വിരാട്പുരുഷനായ മോദിയായിരുന്നു സംഘപരിവാറിന്റെ ലക്ഷ്യം. പാർലമെന്റുംകോടതിയുമടക്കമുള്ള ജനാധിപത്യ സംവിധാനങ്ങൾക്ക് പകരം ഒരു നേതാവ് മതി എന്ന പരികൽപനയാണത്. എൻ.ഡി.എ. എന്ന മുന്നണി എത്ര വിദഗ്ദ്ധമായാണ് പൊളിക്കപ്പെട്ടത് എന്നോർക്കുക. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട അകാലിദളുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതിൽ ബി.ജെ.പി. നേതൃത്വത്തിന് ഒരു മനഃസാക്ഷിക്കുത്തും ഉണ്ടായില്ല. ഒരു നേതാവ്, ഒരു രാഷ്ട്രം, ഒരു ജനത എന്ന മുദ്രാവാക്യത്തിന്റെ നിറവേറലിന് മുന്നിൽ സഖ്യകക്ഷികൾ അപ്രസക്തരും നിലാരംബരുമായി.

ഈ മുദ്രാവാക്യത്തിനു നേർക്കാണ് ഇന്ദ്രപ്രസ്ഥത്തിൽ, അധികാരത്തിന്റെ തിരുമുറ്റത്ത് കർഷകർ വെല്ലുവിളി ഉയർത്തിയത്. ഇത്തരമൊരു പ്രതിസന്ധിയുമായി മോദിയും ബി.ജെ.പിയും മുഖാമുഖം നിൽക്കുന്നത് ഇതാദ്യമായിട്ടായിരുന്നു. ഹ്യൂബ്രിസ് (hubris) എന്ന് ഇംഗ്ളീഷിൽ വിളിക്കുന്ന അദമ്യമായ താൻപോരിമയാണ് ഈ പ്രതിസന്ധിയിലേക്ക് മോദിയെ എത്തിച്ചത്. കർഷകർക്ക് ആവശ്യമില്ലെങ്കിൽ ഈ നിയമങ്ങളെന്തിനാണ് എന്ന ലളിതമായ ചോദ്യത്തിന് മോദിക്ക് ഉത്തരം പറയാനാവാതെ പോയതും അതുകൊണ്ടാണ്. കോർപറേറ്റുകളുടെ ചൊൽപടിയിൽ നിൽക്കുന്ന ഒരു ഭരണകൂടമാണ് ആത്യന്തികമായി കർഷക പ്രക്ഷോഭത്തിന് മുന്നിൽ നഗ്നമാക്കപ്പെട്ടത്.

ആർ.എസ്.എസിന്റെ ശതാബ്ദിക്ക് ഇനിയിപ്പോൾ നാല് വർഷമേയുള്ളു. സംഘത്തിന് നൂറ് വയസ്സാവുമ്പോൾ ബി.ജെ.പിയുടെ തുടർഭരണമുണ്ടാവാതെ പോവുന്ന അവസ്ഥ ആർ.എസ്.എസ്. ആഗ്രഹിക്കുന്നില്ല. അടുത്ത കൊല്ലം നടക്കാനിരിക്കുന്ന യു.പി. നിയമസഭ തിരഞ്ഞെടുപ്പ് നിർണ്ണായകമാവുന്നിതിവിടെയാണ്. യു.പിയിൽ ബി.ജെ.പി. വീണാൽ 2024-ലെ തുടർഭരണ മോഹമാണ് പൊലിയുക. ഒരു തരത്തിലും അങ്ങിനെയാരു റിസ്‌ക് എടുക്കാൻ ആർ.എസ്.എസിനാവില്ല. അതുകൊണ്ടുതന്നെ വിരാട് പുരുഷൻ എന്ന സങ്കൽപം തൽക്കാലം പരിവാർ മാറ്റിവെയ്ക്കുകയാണ്. 56 ഇഞ്ചിന്റെ പ്രതിച്ഛായയ്ക്കുമപ്പുറത്താണ് 2025-ലെ തുടർഭരണം എന്ന തിരിച്ചറിവായിരിക്കണം ഇപ്പോൾ പരിവാറിനെ നയിക്കുന്നത്.

മോദി അജയ്യനാണെന്ന പ്രതീതി ബംഗാൾ തിരഞ്ഞെടുപ്പിൽ തകർന്നിരുന്നു. മമത ബാനർജി എന്ന നേതാവിന് മുന്നിൽ അടിയറവ് പറഞ്ഞത് മോദിയല്ലെന്ന് വരുത്തിത്തീർക്കാൻ ബി.ജെ.പി. കിണഞ്ഞു പരിശ്രമിച്ചെങ്കിലും യാഥാർത്ഥ്യത്തിന്റെ മുഖം എത്രമാത്രം പരുക്കനാണെന്ന് സംഘപരിവാറിന് അറിയാമായിരുന്നു. ഒരു തരത്തിലുള്ള ജനാധിപത്യ മര്യാദയും പാലിക്കാതെയാണ് കാർഷിക നിയമങ്ങൾ തിരക്കിട്ട് പാർലമെന്റിൽ പാസ്സാക്കിയത്. അംബാനിയെയയും അദാനിയെയും പോലുള്ള കോർപറേറ്റ് തലവന്മാർ ഇത്രയും പരസ്യമായി ഒരു ഭരണകൂടത്തെ നിയന്ത്രിക്കുന്ന കാഴ്ച രാജ്യത്ത് ഇതാദ്യമായിട്ടായിരുന്നു.

വിയോജിക്കുന്നവരെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചു. വന്ദ്യ വയോധികനായ ഫാദർ സ്റ്റാൻ സ്വാമിയെപ്പോലുള്ളവർക്ക് ഭരണകൂടത്തിന്റെ വേട്ടയാടലിൽ ജീവൻ പോലും ബലി നൽകേണ്ടി വന്നു. എഴുന്നൂറിലധികം പേരാണ് കർഷകസമരത്തിൽ മരിച്ചു വീണത്. ഇതിനൊക്കെയുള്ള വില കൊടുക്കാതെ ഈ ഭരണകൂടത്തിന് രക്ഷപ്പെട്ടു പോകാനാവുമോ? അതുകൊണ്ടാണ് ദർശൻ പാൽ സിങ്ങും രാകേഷ് ടിക്കായത്തും പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് പറയുന്നത്. 2022-ലെ യു.പി. തിരഞ്ഞെടുപ്പിലും 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിലും കർഷകരുടെ വിധിയാവും നിർണ്ണായകമാവുക. ഡൽഹിയിലെ അതിർത്തികളിൽ കൊറോണയെയും കൊടുംമഞ്ഞിനെയും നേരിട്ട തങ്ങളുടെ സഹോദരർക്ക് വേണ്ടിയാവും കർഷകർ ഈ രണ്ട് തിരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്തുക.

Farmers
കാർഷിക നിയമങ്ങൾ പിൻവലിച്ചതറിഞ്ഞ് സമരപ്പന്തലിൽ കർഷകന്റെ പ്രതികരണം | Photo: PTI

സംഘപരിവാറിനെ പേടിപ്പിക്കുന്ന ചിന്തയാണത്. കർഷകർക്കും മോദി സർക്കാരിനും ഇടയിലുള്ള വിശ്വാസരാഹിത്യം ഒരു ദിവസം കൊണ്ടുണ്ടായതല്ല. ഒരു ദിവസം കൊണ്ടോ ഒരു പ്രഖ്യാപനം കൊണ്ടോ അത് അവസാനിക്കാനും പോവുന്നില്ല. ഗുജറാത്തിന്റെ നിഴൽ മോദിക്ക് മേൽ എപ്പോഴുമുണ്ട്. ഒരു വ്യാഴവട്ടം ഗുജറാത്ത് ഭരിച്ചതിന്റെ ഹാങ്ഓവർ. കോർപറേറ്റുകളും വലതുപക്ഷ രാഷ്ട്രീയവും ഇരട്ടപെറ്റ സഹോദരരെപ്പോലെ സഹവസിക്കുന്നതിൽ ഗുജറാത്ത് പിന്നിട്ട നാഴികക്കലുകൾ ചെറുതായിരുന്നില്ല.

ഗുജറാത്ത് മോഡലിന്റെ വ്യാപനമാണ് മോദി മനസ്സിൽ കണ്ടത്. ഇന്ത്യ പക്ഷേ, ഗുജറാത്തല്ല. കേരളമോ ബംഗാളോ അല്ല. ഇന്ത്യ ഈ ദേശങ്ങളുടെ സംഘാതമാണ്. ഇന്ത്യൻ ഭാഷ പഠിക്കണമെന്നാവശ്യപ്പെട്ട് ജർമ്മനിയിൽനിന്ന് ഒരു സുഹൃത്ത് അയച്ച ഇ മെയിലിനെക്കുറിച്ച് എഴുത്തുകാരൻ ഉദയ് നാരായൺ സിങ് അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിൽ പറയുന്നുണ്ട്. ജർമ്മൻ, ചൈനീസ്, റഷ്യൻ, ഫ്രഞ്ച് എന്നൊക്കെ പറയുന്നതുപോലെ ഇന്ത്യൻ എന്ന് പറയാവുന്ന ഒരു ഭാഷയില്ല. ഇന്ത്യ എന്നാൽ ബഹുസ്വരതയാണ്. ഏകതാനമായ സംസ്‌കാരമോ ചരിത്രമോ അല്ല ഇന്ത്യയുടെ ഈടുവെയ്പ്. എത്രയെത്ര രാമായണങ്ങൾ എന്നു പറയുന്നതുപോലെ തന്നെയാണ് എത്രയെത്ര ഇന്ത്യകൾ എന്നു പറയുന്നത്. ഈ അടിസ്ഥാനം നിരാകരിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രത്തിനും ഇന്ത്യയോട് നീതി പുലർത്താനാവില്ല.

ഗുജറാത്ത് മാത്രമല്ല ഇന്ത്യ എന്നാണ് കർഷകർ മോദി സർക്കാരിനോട് പറയുന്നത്. ഏറെ വൈകിയാണെങ്കിലും ആ യാഥാർത്ഥ്യം അംഗീകരിക്കാൻ മോദി സർക്കാർ തയ്യാറായി എന്നത് ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ല. അദമ്യമായ ആഗ്രഹങ്ങളും അഭിലാഷങ്ങളുമാണ് മോദിയെ നയിക്കുന്നത്. ഇന്ത്യയുടെ പിതാവ് എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിളിച്ചപ്പോൾ അതിൽ ഒരു തരത്തിലുള്ള പ്രശ്നവും മോദിക്കോ അദ്ദേഹത്തിന്റെ അനുയായികൾക്കോ അനുഭവപ്പെട്ടതേയില്ല. മാവോയേയും ഡെങ് ഷിയാവോ പിങ്ങിനെയും മറികടക്കാൻ വെമ്പുന്ന ഷി ജിൻ പിങ്ങാണ് മോദിയെ മോഹിപ്പിക്കുന്നത്. നെഹ്‌റുവിനെയും ഇന്ദിരയെയും പിന്തള്ളുന്ന ഒരു നേതാവായിട്ടായിരിക്കാം മോദി സ്വയം പ്രതിഷ്ഠിക്കുക.

അനശ്വരതയും അധികാരവും പോലെ മനുഷ്യനെ മോഹിപ്പിക്കുന്ന മറ്റൊന്നില്ല. അധികാരത്തിന്റെ കോട്ടകളിൽ വിരാജിക്കുമ്പോൾ അനശ്വരത വിളിപ്പുറത്താണെന്ന് ധരിക്കുന്നവരാണ് ഭരണാധികാരികൾ. അവർ പുതിയ കൊട്ടാരങ്ങളും കോട്ടകളും പണിയുന്നു. അവയുടെ മേൽ സ്വന്തം പേരുള്ള ഫലകങ്ങൾ പ്രതിഷ്ഠിക്കുന്നു.

സഞ്ജയ് ഗാന്ധിയെയും മോദിയെയും തുലനം ചെയ്യുന്ന വിനോദ് മേത്തയുടെ ലേഖനം നേരത്തെ പരാമർശിച്ചിരുന്നു. മോദിയും സഞ്ജയും തമ്മിലുള്ള വ്യത്യാസം അതിൽ വിനോദ് ചൂണ്ടിക്കാട്ടുന്നുണ്ട്. സഞ്ജയിന്റെ അധികാരമത്രയും ഇന്ദിരയുടെ മകൻ എന്ന നിലയിലായിരുന്നു. ഇന്ദിര വീണതോടെ സഞ്ജയും വീണു. '' Narendra Modi has the capacity to get things done within the system. But he knows it'll be slow. It'll be hard going. And if he has come in with a reputation of speeding things up, then he will want to retain that reputation. So while he knows it can be done within the system, he also knows that if he bypasses the system he'll get them done much faster. That's the danger'' (വ്യവസ്ഥിതിക്കുള്ളിൽ നിന്ന് കാര്യങ്ങൾ നടത്താൻ മോദിക്കറിയാം. പക്ഷേ, അത് സാവധാനത്തിലായിരിക്കുമെന്നും അദ്ദേഹത്തിനറിയാം. വേഗത്തിൽ കാര്യങ്ങൾ നടത്താൻ കഴിയുന്നയാൾ എന്ന ഖ്യാതിയുമായാണ് അദ്ദേഹം വന്നിട്ടുള്ളതെങ്കിൽ ആ ഖ്യാതി നിലനിർത്താൻ അദ്ദേഹം ശ്രമിക്കും. നിലവിലുള്ള രീതികൾ മറികടന്നാൽ കാര്യങ്ങൾ കൂടുതൽ വേഗത്തിലാക്കാനാവുമെന്ന് അദ്ദേഹത്തിനറിയാം. അതാണ് അപകടം.)

വിനോദിന്റെ പ്രവചനം അച്ചട്ടായിരുന്നു. സകലവിധ ജനാധിപത്യ മര്യാദകളും അട്ടിമറിച്ചാണ് മോദി സർക്കാർ കാർഷിക നിയമങ്ങൾ കൊണ്ടുവന്നത്. ആ തെറ്റാണ് ചോദ്യം ചെയ്യപ്പെട്ടത്. അത് ചോദ്യം ചെയ്യാൻ ഇന്ത്യയിലെ കർഷകർക്കായി. 1977-ൽ ഉത്തരേന്ത്യയിലെ നിരക്ഷരരും നിർദ്ധനരുമായ ജനതയാണ് ഇന്ദിരയുടെ ഏകാധിപത്യ ഭരണം തകർത്ത് ഇന്ത്യൻ ജനാധിപത്യം വീണ്ടെടുത്തത്. ഇപ്പോഴിതാ പഞ്ചാബിലെയും ഹരിയാനയിലെയും യു.പിയിലെയും കർഷകർ ഒരിക്കൽ കൂടി ഇന്ത്യൻ ജനാധിപത്യത്തിന്റെ സംരക്ഷകരായിരിക്കുന്നു. ദർശൻ പാൽ പറഞ്ഞതുപോലെ പ്രിയപ്പെട്ട കർഷകരേ, നിങ്ങൾക്ക് അഭിവാദ്യങ്ങൾ!

വഴിയിൽ കേട്ടത്: കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഏകാധിപത്യമെന്ന് നടി കങ്കണ റണാവത്ത്. ഓരോ പാർട്ടിക്കും അവർ അർഹിക്കുന്ന നേതാക്കൾ മാത്രമല്ല, സിനിമാ താരങ്ങളേയും കിട്ടുന്നുണ്ടെന്ന് തോന്നുന്നു!

Content Highlights: Modi may realize that democracy is not Mann Ki Baat and India is not Gujarat | Vazhipokkan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


amritha

'സംഗീത പരിപാടിയില്ലെങ്കിലും ഞാന്‍ ജീവിക്കും'; തേയില നുള്ളി രസിച്ച് അമൃത

May 2, 2022

More from this section
Most Commented