പിണറായി വിജയൻ, മാത്യു കുഴൽനാടൻ | Photo: Mathrubhumi
കര്മബന്ധങ്ങൾക്കു രാഷ്ട്രീയവുമായി ബന്ധമുണ്ടോ ? അങ്ങനെ ബന്ധിപ്പിച്ച ഒരു നേതാവേ നമുക്ക് പ്രത്യക്ഷത്തിലുള്ളൂ. അത് മഹാത്മാഗാന്ധിയാണ്. 1915-ൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ കാലെടുത്തുവച്ചതിന് പിന്നാലേയും 1934-ലും അദ്ദേഹം പാപബോധവും രാഷ്ട്രീയവും ബന്ധിപ്പിച്ചു. രണ്ട് പ്രകൃതി ദുരന്തങ്ങൾ, മനുഷ്യന്റെ കര്‍മഫലം എന്നായിരുന്നു കാഴ്ചപ്പാട്. ബിഹാറിലെ ഭൂകമ്പം ഇന്ത്യൻ ജാതിവ്യവസ്ഥയിൽ കീഴാളരെ അടിമകളാക്കുന്നതിനുള്ള ദൈവശിക്ഷ എന്ന് ഗാന്ധിജി പറഞ്ഞു. അന്ന് അദ്ദേഹത്തിന്റെ ഉറ്റമിത്രം കൂടിയായ രവീന്ദ്രനാഥ ടാഗോർ അതിശക്തമായി എതിർത്തു. ടാഗോർ പറഞ്ഞു: അങ്ങയെപ്പോലുള്ളവർ അശാസ്ത്രീയത പ്രചരിപ്പിക്കുന്നത് കേൾക്കുമ്പോൾ ഒരുപാടു പേർക്ക് സങ്കടമുണ്ടാകുന്നു.
സംസ്ഥാന നിയമസഭയിലെ തർക്കങ്ങളാണ് ഇത്തരത്തിൽ കര്‍മപാശത്തെ പറ്റി ഓർക്കാൻ പ്രേരിപ്പിക്കുന്നത്. മാത്യു കുഴൽനാടനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലായിരുന്നു ഇന്ന് തർക്കം. ആദ്യമേ പറയട്ടെ, കര്‍മഫലത്തിൽ വിശ്വസിക്കുന്നവരല്ല രണ്ടു പേരും, വിശ്വാസപരമായി.
സരിതയിൽനിന്നു സ്വപ്‌നയിലേക്കുള്ള ദൂരം ഒറ്റവാക്കിൽ പറഞ്ഞു തീർക്കാവുന്നതല്ല, ഒരു വിശ്വാസിക്ക്. അതിന് ചരിത്രമുണ്ട്. വിമോചനസമരത്തിന് ശേഷമുള്ള കേരളം തന്നെ നോക്കാം. ആദ്യ ഇ.എം.എസ്. സർക്കാർ, എന്തൊക്കെ പറഞ്ഞാലും ഒുപാട് കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ച സർക്കാരാണ്. അതിവേഗം പിരിച്ചുവിടപ്പെട്ടു. മന്നം- ചാക്കോ- ശങ്കർ ആയിരുന്നു നേതൃത്വം. മന്നം സജീവരാഷ്ട്രീയത്തിൽ ഇറങ്ങിയില്ല. ഇറങ്ങിയ ശങ്കറും ചാക്കോയും രക്ഷപ്പെട്ടില്ല.
ചാക്രികതയുടെ തുടർച്ചയിലെ നിർണ്ണായക കണ്ണിയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പി.ടി.ചാക്കോ. തൃശൂർ പീച്ചി ഗസ്റ്റ് ഹൗസിലേക്ക് പോകുന്ന വഴി ചാക്കോയുടെ കാറിൽ സ്ത്രീയുണ്ടായിരുന്നെന്ന ആരോപണം അന്ന് ആളിക്കത്തി. നിയമസഭയിൽ ഇ.എം.എസ്. അടക്കമുള്ളവർ ധാർമ്മികമൂല്യങ്ങൾ ഉന്നയിച്ച് ആഞ്ഞടിച്ചു. ചാക്കോ രാജിവച്ചു. വൈകാതെ അന്തരിച്ചു.
മുസ്ലീം ലീഗിനെ അതിനിശിതം എതിർത്ത ആളാണ് ഇ.എം.എസ്. പിന്നീട് അധികാരത്തിൽ വന്നപ്പോൾ അദ്ദേഹത്തിന് ലീഗിന്റെ കൂട്ടുവേണ്ടി വന്നു. സരസൻ കേസിൽ ബേബി ജോൺ വ്യക്തിപരമായി ആക്രമിക്കപ്പെട്ടു. കൊലപാതകിക്കൊപ്പം സഭ പങ്കിടാൻ പലരും അറച്ചത് ഇന്നും രേഖകളിലുണ്ട്.
എഴുപതുകളിൽ നിയമസഭയിൽ അംഗങ്ങളുടെ പേരെഴുതി വച്ചിരുന്നത് മരക്കട്ടകളിലാണ്. അക്കാലത്ത് ഒരിക്കൽ ക്രമസമാധാന ചർച്ചക്കിടെ എം.വി. രാഘവനും സി.ബി.സി. വാര്യരുമൊക്കെ ആ മരക്കട്ടകളെടുത്ത് ഭരണപക്ഷത്തിന് നേരേ വലിച്ചെറിഞ്ഞു. എം.വി.ആർ. പിന്നീട് സഭയിൽ തന്നെ ആക്രമിക്കപ്പെട്ടു. അച്യുതമേനോനെ പുട്ടു വിഴുങ്ങിയ പോലത്തെ മുഖ്യമന്ത്രി എന്ന് എം.വി.ആർ. ആക്ഷേപിച്ചു കൊണ്ടിരുന്ന കാലമായിരുന്നു അത്. പി.കെ. വാസുദേവൻ നായർ ഏറ്റവും വെറുത്ത നിയമസഭാംഗം. ഇഷ്ടദാന ബില്ലിനെ പിന്തുണച്ചപ്പോൾ നിമിഷാർദ്ധത്തിൽ പി.കെ.വിക്ക് എം.വി.ആർ. പ്രിയങ്കരനായതും ചരിത്രം
എൺപതുകളിൽ ഏറ്റവുമധികം ആക്രമിക്കപ്പെട്ട നേതാക്കളിലൊരാൾ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ടി.എം. ജേക്കബ് ആയിരുന്നു. അതോടെ ജേക്കബ് പച്ചപിടിച്ചു. സ്വന്തം കേരള കോൺഗ്രസ് ഗ്രൂപ്പായി. അനൂപ് ജേക്കബിനെ സഭയിലുമെത്തിച്ചു.
പുണ്യപാപച്ചുമടുകളുമായി സഭ കയറിയവരിൽ പ്രധാനി പിന്നീട് കെ. കരുണാകരനാണ്. രാജൻ കേസ്. സി. അച്യുതമേനോൻ ക്ലിഫ് ഹൗസിലെ തടവുകാരനായി ഇമേജ് കാത്തു. പഴയ കൂട്ടുകാരൻ ഈച്ചരവാര്യരോട് കള്ളം പറഞ്ഞ ദുർവിധിയിൽ പോലീസ് മന്ത്രി സഭയിൽനിന്ന് രാജിവച്ചിറങ്ങി. ആ ശാപം എന്നും രാഷ്ട്രീയചാണക്യനെ വേട്ടയാടി. പുത്രശോകത്തിൽ ഈച്ചരവാര്യർ കണ്ണീരോടെ കഴിച്ചുകൂട്ടി. കെ. മുരളീധരനെ അവസാനഘട്ടം വരെ കോൺഗ്രസ്സിലേക്ക് തിരിച്ചുവരാൻ സമ്മതിക്കാതിരുന്ന സങ്കടം എന്നും കരുണാകരനെ അലട്ടി.
കരുണാകരനെ പുറത്താക്കുന്നതിൽ വലിയ പങ്ക് വഹിച്ചത് എ വിഭാഗമാണ്. ഉമ്മൻ ചാണ്ടി പാമോയിലുമായെത്തി. ചാരക്കേസ് കരുണാകരനെ രാജ്യദ്രോഹിയാക്കി. ആദ്യം എ.കെ. ആന്റണിയും ഒടുവിൽ ഉമ്മൻ ചാണ്ടിയും വിലാപങ്ങളോടെ നാട് ഭരിച്ചു. കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്ന നിലപാട് ഇടതുപക്ഷം എടുത്തു. ഇ.പി. ജയരാജനും ശിവൻകുട്ടിയും ശ്രീരാമകൃഷ്ണനും തൊട്ട് കെ.ടി. ജലീൽ വരെ നിറഞ്ഞാടി. മാണിയുടെ ശാപം പിന്നീട് ജോസ് കെ. മാണിയെ ഇടത് എം.പിയാക്കി. വിധിവൈപരീത്യങ്ങൾ കേരള കോൺഗ്രസ്സിന്റെ ചരിത്രപരമായ തുടർച്ചയായി.
എന്തൊക്കെ പറഞ്ഞാലും ഉമ്മൻ ചാണ്ടി ഇരുപതു മണിക്കൂർ വരെ ദിവസവും ജനങ്ങൾക്കൊപ്പം നിന്ന നേതാവാണ്. സോളാർ ആരോപണവുമായി സരിതയെ രംഗത്തിറക്കി നേട്ടം കൊയ്തത് ഇടതുപക്ഷമാണ്. സരിതയ്ക്ക് പകരം സ്വപ്‌ന എന്ന് പേരു മാറുമ്പോൾ വീണ്ടും കഥകൾ ആവർത്തിക്കുന്നു. ആളുകൾ മാറുന്നു. അതേ നിയമസഭ കലുഷിതമാവുന്നു.
യൂണിടാക്കും യു.എ.ഇ. കോൺസുലേറ്റും തമ്മിൽ സർക്കാരിനുളള ഇടപാടിന്റെ ഇടനിലക്കാരിയായി സ്വപ്‌ന വന്നത് മുഖ്യമന്ത്രിയുടെ അറിവോടെ എന്നാണ് മാത്യു കുഴൽനാടന്റെ ആരോപണം. കോഴി കൂവാൻ നിൽക്കാതെ തന്നെ മുഖ്യമന്ത്രി മൂന്നു വട്ടം നിരസിച്ചു. തർക്കം മുറുകി. മാത്യു കുഴൽനാടൻ പ്രതിപക്ഷ നേതാവായി. പിണറായി വിജയന് വേണ്ടിക്കൂടി മാത്യുവിന് ഇനി മെഴുതിരി കത്തിക്കാം. സ്‌തോത്രം.
പറഞ്ഞുവന്നത് പുണ്യപാപങ്ങളുടെ തുടർച്ചയെ പറ്റിയാണ്. മദനകാമരാജൻ കഥകൾ പറയുന്നില്ലെന്ന് വി.ഡി. സതീശൻ പറയുന്നത് കേട്ടു. നന്ദി. അപ്പോഴും ഓർക്കണം. കൊടുത്തതൊന്നും കിട്ടാതെ പോയിട്ടില്ല കേരള ചരിത്രത്തിൽ. സംശയമുണ്ടെങ്കിൽ രമേശ് ചെന്നിത്തലയോട് ചോദിക്കാം. കെ. കരുണാകരന്റെ ശാപം കൂടിയാവില്ലേ മുഖ്യമന്ത്രിയാവാതേ പോയ ആദ്യ പ്രതിപക്ഷനേതാവാക്കി അദ്ദേഹത്തെ മാറ്റിയത്. അറിഞ്ഞുകൂടാ.
സ്വന്തം പ്രതിരോധത്തിന് ആരുമില്ലാതെ മൂന്നു വട്ടം ചാടിയെഴുന്നേൽക്കുമ്പോൾ പിണറായി വിജയൻ ഓർത്തിരിക്കുമോ ബദൽരേഖയ്ക്ക് ശേഷം സഭയിൽ അനാഥമായി നിന്ന എം.വി. രാഘവനെ? സാധ്യതയില്ല. അദ്ദേഹം വിശ്വാസിയല്ല. ഗുരുവായൂരമ്പലത്തിൽ വിളക്കു കാണുന്നിടത്താണോ ദൈവം ഇരിക്കുന്നതെന്ന് സംശയിക്കാൻ ആർജ്ജവമുള്ള നേതാവുമാണ്. നേരത്തേ പറഞ്ഞ കര്‍മത്തിന്റെ ചാക്രികത എം.വി.ആർ. പണ്ട് അനുഭവിച്ചിരിക്കണം.
സംസ്ഥാനത്തെ മാധ്യമപ്രവർത്തകരും അനുഭവിക്കുന്നുണ്ടാവണം ഇതേ ചാക്രികത. ഉമ്മൻ ചാണ്ടിയെ വിമർശിച്ചതിന്റെ ആയിരത്തിലൊന്ന് വിമർശിക്കാൻ പാങ്ങില്ലാതെ നിസ്സഹായം വാർത്ത നോക്കിനിൽക്കുമ്പോൾ പ്രത്യേകിച്ചും. എന്തായാലും സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും ഒരേ രാഷ്ട്രീയത്തിൽ കളരി പഠിച്ചവരാണ്. വടക്കൻ വീരഗാഥയിലെ ചന്തു ചോദിക്കുന്ന പോലെ പുരഞ്ജയത്തിൽ തുടങ്ങി സൗഭദ്രമെന്ന് തോന്നിക്കുന്ന ആ പഴയം പുത്തൂരം അടവു തന്നെയാണ് എല്ലാവർക്കും കൈവശമെന്ന് നാട്ടുകാർക്ക് മനസ്സിലായിത്തുടങ്ങുന്ന കാലമാണ്. അപ്പോൾ തീർച്ചയായും ഓർക്കേണ്ട ഒന്നുണ്ട്. മഹാഭാരതത്തിന്റെ ഒരു വർത്തമാന വായനയാണത്.
അക്കാലം വരെ ഗുരുകുലത്തിൽ പോയി വിദ്യ അഭ്യസിക്കുന്നതായിരുന്നു ഭാരതീയ പാഠ്യരീതി. അതിന് ആദ്യമായി മാറ്റം വരുത്തിയത് ഭീഷ്മാചാര്യരാണ്. അദ്ദേഹം ഇന്ദ്രപ്രസ്ഥത്തിൽ സ്വാശ്രയ സർവകലാശാല തുടങ്ങി. ദ്രോണരെ വി.സിയും കൃപരെ പി.വി.സിയുമാക്കി. അവിടെനിന്ന് പഠിച്ചിറങ്ങിയ കുമാരൻരാണ് കുരുക്ഷേത്രത്തിൽ ഏറ്റുമുട്ടിയത്. എക്കാലത്തേയും വലിയ യുദ്ധം ചെയ്തത്.
പുറത്തു നിന്ന് ബി.ജെ.പി. ചിരിക്കേണ്ട. അതേ അടവുകൾ പഠിച്ച കർണന്റെ രഥവും നിർണായകനേരത്ത് ചെളിക്കുണ്ടിൽ താഴ്ന്നുപോയി.
Content Highlights: mathew kuzhalnadan, chief minister pinarayi vijayan, life mission bribery case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..