തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി | ഫോട്ടോ: മാതൃഭൂമി
തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ റബ്ബര്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട പ്രസ്താവന കേരളത്തില്‍ വലിയ കോളിളക്കമുണ്ടാക്കി. ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവനയോട് യോജിക്കുന്നോ ഇല്ലയോ എന്ന തരത്തിലാണ് ചര്‍ച്ചകള്‍ മുന്നേറിയത്. ഒരു ഘട്ടത്തില്‍ ബിജെപി റബ്ബറിന് 300 രൂപ നല്‍കാന്‍ തീരുമാനിച്ചെന്ന മട്ടിലായി ബിഷപ്പിന്റെ എതിരാളികളുടെ സംസാരം.
ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവനയും കേരള രാഷ്ട്രീയവും റബ്ബറിന്റെ വിലയും തമ്മിലുളള ബന്ധം എന്താണെന്ന് പരിശോധിച്ചാല്‍ അല്പം രസകരമാണ്. തീര്‍ച്ചയായും റബ്ബര്‍ കര്‍ഷകര്‍ ഗൗരവമായ പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ട്. അത് റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നം മാത്രമല്ല കേരള കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ തന്നെ പ്രശ്‌നമാണ്. ഇന്ത്യയിലെ റബ്ബര്‍ ഉല്പാദനത്തിന്റെ എണ്‍പതു ശതമാനവും ഒരുകാലത്ത് കേരളത്തില്‍ നിന്നായിരുന്നു. ഇന്നത് ഏതാണ്ട് 75 ശതമാനമായി കുറഞ്ഞിട്ടുണ്ടെങ്കിലും അഞ്ചുലക്ഷം ടണ്ണിലധികം റബ്ബര്‍ ഈ വിലക്കുറവിന്റെ കാലത്തും കേരളം ഉല്പാദിപ്പിക്കുന്നുണ്ട്. രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന ത്രിപുര കേവലം അരലക്ഷം ടണ്‍ റബ്ബര്‍ മാത്രമേ ഉല്പാദിപ്പിക്കുന്നുളളൂ. കര്‍ണാടക പോലുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ 30,000-35,000 ടണ്‍ റബ്ബര്‍ മാത്രമേ ഉല്പാദിപ്പിക്കുന്നുളളൂ എന്നോര്‍ക്കുക. അസം ഏതാണ്ട് 50,000 ടണ്‍ ഉല്പാദിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ സ്വാഭാവിക റബ്ബര്‍ ഉല്പാദനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രം കേരളം തന്നെയാണ്, കേരളത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളാണ്.
നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്ക് മുതല്‍ കാസര്‍കോട് താലൂക്ക് വരെ കിടക്കുന്ന കിഴക്കന്‍ ബെല്‍റ്റില്‍ റബ്ബര്‍ കര്‍ഷകര്‍ മാത്രമല്ല റബ്ബറിന്റെ വിലയെ ആശ്രയിക്കുന്നത്. റബ്ബറിന് വിലകൂടിയാല്‍ അത് കിഴക്കന്‍ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ആകെ ഉത്തേജിപ്പിക്കും. എന്‍ജിനീയറിങ് കോളേജിലെ സീറ്റുകള്‍ക്ക് ഡിമാന്‍ഡ് ഉണ്ടാകുന്നത്‌പോലും റബ്ബര്‍ വില ഉയര്‍ന്നുനിന്ന കാലത്തായിരുന്നു. ബസുകളുടെ കളക്ഷനും എന്തിന് ആശുപത്രികളുടെ വരുമാനംപോലും റബ്ബര്‍വിലയുമായി ചേര്‍ന്നാണ് നില്‍ക്കാറുളളത്. എന്താണ് ഇന്നത്തെ റബ്ബര്‍ വിലയില്‍ സംഭവിച്ചിരിക്കുന്നത്? 250 രൂപയെങ്കിലും ഒരു കിലോ റബ്ബറിന് ലഭിക്കേണ്ടിയിരുന്നു. ഇത് നല്‍കാമെന്ന് ഐക്യജനാധിപത്യ മുന്നണിയും ഇന്നത്തെ ഭരണകക്ഷിയായ ഇടതുമുന്നണിയും അവരുടെ പ്രകടന പത്രികയില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ ഏതാണ്ട് നൂറുരൂപയോളം കുറവാണ് റബ്ബറിന് ലഭിക്കുന്നത്.
റബ്ബര്‍ ഒരു നാണ്യവിളയായതുകൊണ്ട് താങ്ങുവില പറ്റില്ല എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. ഇതിന് വലിയൊരു മാറ്റമുണ്ടാക്കിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കെ.എം.മാണി സാറാണ്. റബ്ബറിന് 150 രൂപയില്‍ താഴെപ്പോയാല്‍ എത്ര രൂപ താഴെപ്പോകുന്നോ അത്രയും രൂപ അഞ്ചേക്കറില്‍ കുറവുളള കര്‍ഷകര്‍ക്ക് നല്കാമെന്നതായിരുന്നു അന്നത്തെ സര്‍ക്കാരിന്റെ തീരുമാനം. അത് സാമാന്യം ഭംഗിയായി തന്നെ നടന്നു. ഇന്നത്തെ സര്‍ക്കാര്‍ 170 രൂപ പ്രഖ്യാപിച്ചെങ്കിലും റബ്ബര്‍ വില 140-150 ആയി താഴ്ന്നപ്പോള്‍ ബാക്കി 20-30 രൂപ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സൗകര്യപൂര്‍വം മൗനം നടിക്കുകയാണ് ചെയ്തത്.
നമുക്ക് റബ്ബര്‍ ഇടിവിന്റെ നഷ്ടം എത്രയാണെന്ന് കണക്കുകൂട്ടി നോക്കാം. 250 രൂപ റബ്ബറിന് കിട്ടുമായിരുന്നെങ്കില്‍ ഏതാണ്ട് 100 രൂപ കിലോയ്ക്ക് അധികം ലഭിക്കുമായിരുന്നു. അഞ്ചുലക്ഷം ടണ്ണിന് നൂറുരൂപ അധികം കിട്ടിയാല്‍ ഒരു വര്‍ഷം 5000 കോടി രൂപയാണ് കേരളത്തിലെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥിതിയില്‍ എത്തുമായിരുന്നത്. ഇക്കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷത്തിനിടയില്‍ ചുരുങ്ങിയത് 15,000 മുതല്‍ 20,000 കോടിരൂപ റബ്ബര്‍ വില തകര്‍ച്ച കൊണ്ടുമാത്രം കേരള സമ്പദ്ഘടനയ്ക്ക് നഷ്ടം വന്നു എന്ന് കണക്കാക്കുമ്പോഴാണ് എത്ര വലുതാണ് റബര്‍ വിലയുടെ രാഷ്ട്രീയം എന്ന് മനസ്സിലാക്കാന്‍ സാധിക്കുക. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടേ, ഭരണകക്ഷി ഇക്കാര്യത്തില്‍ ശ്രദ്ധിച്ചില്ല. പ്രതിപക്ഷം ചില സമരപരിപാടികള്‍ നടപ്പിലാക്കി. പക്ഷേ പ്രക്ഷുബ്ധമായ ഒരു പോരാട്ടത്തിന് ഇരുമുന്നണികളും തയ്യാറായില്ല. കേന്ദ്രവുമായി നിത്യേന വാഗ്വാദത്തിലേര്‍പ്പെടുന്ന സര്‍ക്കാര്‍ റബ്ബര്‍ വിലയുടെ കാര്യത്തില്‍ വലിയ വിയര്‍പ്പൊഴുക്കിയില്ല എന്നതല്ലേ സത്യം?
ഐക്യജനാധിപത്യ മുന്നണിയും റബ്ബര്‍ വിലയുടെ രാഷ്ട്രീയം കൃത്യമായി കൈകാര്യം ചെയ്തില്ലെന്ന് സ്വയം വിമര്‍ശിക്കുന്നത് നന്നായിരിക്കും. ബിജെപിയാകട്ടേ തങ്ങളുടെ വോട്ടുബാങ്കിനെയല്ല ഇത് ബാധിക്കുക എന്നതുകൊണ്ട് ഒന്നും മിണ്ടാനും തയ്യാറായില്ല. കേരളത്തിലെ ബിജെപി കുറച്ചുനാളായി മൗനവ്രതത്തിലാണ്. ചുരുക്കിപ്പറഞ്ഞാല്‍ രാഷ്ട്രീയ കേരളം റബ്ബര്‍ സമ്പദ്വ്യവസ്ഥയെയും റബ്ബര്‍ രാഷ്ട്രീയത്തെയും ഗൗനിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം.
എന്റെ സഹപ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന കേരള കര്‍ഷക ഫെഡറേഷന്‍ റബ്ബര്‍ വില സംബന്ധിച്ച് ഏതാനും മാസംമുമ്പ് കോട്ടയത്ത് ഒരു ഏകദിന ഉപവാസ സമരം നടത്തിയപ്പോള്‍ സിങ്കപ്പൂരില്‍ നിന്നിറങ്ങുന്ന റബ്ബര്‍ ജേണല്‍ വരെ അത് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ റബ്ബര്‍ കര്‍ഷകരുടെ ശബ്ദം കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് മറ്റുരാജ്യങ്ങളിലെ റബ്ബര്‍ കര്‍ഷകര്‍ എന്നാണ് അതില്‍നിന്ന് മനസ്സിലാക്കേണ്ടത്. ഒരുകാലത്ത് റബ്ബറിന് രണ്ടു ഡോളര്‍ വേണം എന്ന മുദ്രാവാക്യം ഉണ്ടായിരുന്നു. ഇന്ന് 280 രൂപ എന്നുപറയുമ്പോള്‍ അത് ഏതാണ്ട് മൂന്നുഡോളര്‍ ആണ്. മൂന്നുഡോളര്‍ തന്നില്ലെങ്കില്‍ റബ്ബര്‍ ഉല്പാദിപ്പിക്കില്ലെന്ന് പറയണമെന്നുവരെ ചില റബ്ബര്‍ സംഘടനകള്‍ അന്താരാഷ്ട്ര തലത്തില്‍ പ്രസ്താവിച്ചു. ഓയില്‍ ഉല്പാദന രാജ്യങ്ങള്‍ അവരുടെ ഓയിലിന്റെ വില കൂട്ടുകയും കുറയ്ക്കുകയും ചെയ്തത് അവരുടെ രാഷ്ട്രീയത്തിന്റെ കൂടി ഭാഗമാണ്.
പക്ഷേ റബ്ബറിന് അന്താരാഷ്ട്ര മാര്‍ക്കറ്റിലും ദേശീയ മാര്‍ക്കറ്റിലും വില ഉറപ്പുവരുത്താന്‍ ദേശീയ സര്‍ക്കാരോ പ്രാദേശിക സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടികളോ അര്‍ഹിക്കുന്ന ഗൗരവത്തോടുകൂടിയുളള നടപടികള്‍ ഭരണരംഗത്തോ സമരരംഗത്തോ കൈക്കൊള്ളുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം. ഈ പശ്ചാത്തലത്തിലാണ് നാം ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവനയെ വായിച്ചെടുക്കേണ്ടത്.
ഒരൊറ്റ പ്രസ്താവന കൊണ്ട് റബ്ബര്‍ വില കേരള രാഷ്ട്രീയത്തിന്റെ പൂമുഖത്ത് സ്ഥാനംപിടിച്ചു. പക്ഷേ എല്ലാ പാര്‍ട്ടികളും പാംപ്ലാനിയും ബിജെപിയും തമ്മിലുളള ബന്ധത്തെ കുറിച്ചാണ് സംസാരിച്ചത്. റബ്ബര്‍ വിലയെ കുറിച്ച് ആരും ഒരക്ഷരം മിണ്ടുന്നില്ല. ഇതുതന്നെയാണ് പാംപ്ലാനിടെ പ്രസ്താവനയുടെ പ്രസക്തിയും. എല്ലാവരും ബിജെപിയുടെ മുഖത്തേക്ക് നോക്കിയിരുന്നു. 300 രൂപ റബ്ബറിന് കൊടുത്ത് പാംപ്ലാനിയെയും അദ്ദേഹത്തിന്റെ അനുയായികളെയും ബിജെപി കൊണ്ടുപോകുമോ എന്നൊക്കെയാണ് ശുദ്ധഗതിക്കാര്‍ സംശയിച്ചത്.
പക്ഷേ റബ്ബറിന് മറ്റു കാര്‍ഷിക വിളകള്‍ പോലെ താങ്ങുവില നല്‍കാന്‍ തയ്യാറല്ലെന്ന് കേന്ദ്രമന്ത്രിമാര്‍ കൃത്യമായ പ്രസ്താവനകള്‍ പുറപ്പെടുവിച്ചു. കേന്ദ്രമന്ത്രിയുടെ പ്രസ്താവനയോടെ ബിഷപ്പ് പാംപ്ലാനിയുടെ റബ്ബര്‍ വില പ്രസ്താവന മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുകയാണ്. ബിജെപിയില്‍നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ലെന്ന് റബ്ബര്‍ കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ വായിച്ചെടുക്കാം. ദേശീയ തലത്തില്‍ ബിജെപി കര്‍ഷകരുടെ കൂടെയല്ല. ആരുടെയെങ്കിലും കൂടെയാണെങ്കില്‍ അത് വന്‍കിട വ്യവസായികളുടെ കൂടെയാണ്. കിലോയ്ക്ക് 300 രൂപ കൊടുത്ത് റബ്ബര്‍ വ്യവസായികളെ ബുദ്ധിമുട്ടിക്കുന്ന ഒരു നടപടിയും ബിജെപി എടുക്കില്ല എന്നറിയാന്‍ പാഴൂര്‍പടി വരെ പോകേണ്ട കാര്യമില്ലല്ലോ. എന്തായാലും പാംപ്ലാനിയുടെ പ്രസ്താവന തള്ളിക്കളഞ്ഞ കേന്ദ്രമന്ത്രി വെട്ടിലാക്കിയിരിക്കുന്നത് ബിജെപിയെ തന്നെയാണ്.
ഈ സന്ദര്‍ഭത്തില്‍ ഒരു മതമേലധ്യക്ഷനായ പാംപ്ലാനി, പലപ്പോഴും തൊപ്പിപ്പാള വെച്ച് കര്‍ഷകന്റെ രൂപത്തില്‍ നില്‍ക്കുന്ന കത്തോലിക്കാ ബിഷപ്പ്, എന്തുചെയ്യുന്നു ചെയ്യാതിരിക്കുന്നു എന്നതല്ല കേരളത്തിന്റെ പ്രശ്‌നം. കര്‍ഷകര്‍ക്ക് വേണ്ടി ആര് ശബ്ദമുയര്‍ത്തും? കേരളത്തിലെ അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും കര്‍ഷക പ്രശ്‌നങ്ങള്‍ക്കായി മാറ്റിവെക്കുന്ന ഇടവും സമയവും തുലോം തുച്ഛമാണ്. അതിലും മാറ്റം വേണം.
പാലക്കാട്ട് നെല്ല് ഉല്പാദിപ്പിക്കുന്ന കര്‍ഷകര്‍ കണ്ണുനീരിലാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മഴപെയ്തു നനഞ്ഞ നെല്ല് ഉണക്കാന്‍ രണ്ടു കര്‍ഷകര്‍ വാടകയ്ക്ക് വലിയ ഫാനുകള്‍ എടുത്തുകൊണ്ടുവന്ന് മുറ്റത്ത് ഘടിപ്പിച്ചു. ആ ഫാനില്‍ നിന്ന് ഷോക്കടിച്ച് രണ്ടുപേര്‍ മരിച്ചു. അവരെ തിരിഞ്ഞുനോക്കാന്‍ ഒരു മന്ത്രിയും ചെന്നില്ല. ഒരു എളിയ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആ വീട്ടിലേക്ക് ഞാന്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച ദയനീയമായിരുന്നു. പതിനെട്ടും ഇരുപതും വയസ്സുള്ള രണ്ടു വിദ്യാര്‍ഥികളുടെ അച്ഛനാണ് മരിച്ചവരിൽ ഒരാൾ.
കേരളം വലിയ വലിയ കാര്യങ്ങളാണ് സംസാരിക്കുന്നത്. കേരള രാഷ്ട്രീയത്തിന് ചെറിയ പ്രശ്‌നങ്ങളിലേക്ക് കണ്ണെത്തുന്നില്ല. പക്ഷേ, അവര്‍ നോക്കാതിരിക്കുന്ന ചെറിയ പ്രശ്‌നങ്ങളാണ് നാടിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളെന്ന് മനസ്സിലാക്കാന്‍ പാംപ്ലാനിമാരുടെ പ്രസ്താവനാദണ്ഡ് കൊണ്ട് തലയ്ക്ക് അടികിട്ടേണ്ട സ്ഥിതിയാണ്.
പാംപ്ലാനിയുടെ രാഷ്ട്രീയത്തോട് ഈ ലേഖകന്‍ അശ്ശേഷം യോജിക്കുന്നില്ലെന്ന് മാത്രമല്ല ബിജെപി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന അജണ്ട മുന്നോട്ട് വെക്കുന്ന ഒരു പാര്‍ട്ടിയല്ലെന്ന് ബോധ്യവുമുണ്ട്. പക്ഷേ പാംപ്ലാനിയുടെ പ്രസ്താവനയില്‍ ചില ഗൗരവ സൂചനകളുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വഴി മാറി നടന്നാല്‍ കര്‍ഷക രാഷ്ട്രീയവും പൊതുരാഷ്ട്രീയവും ബദല്‍ മാര്‍ഗങ്ങള്‍ തേടും എന്നതാണ് അതിന്റെ സൂചന.
ചോദ്യം വളരെ ലളിതമാണ്. നാം ബിഷപ്പ് ജോസഫ് പാംപ്ലാനിയോട് ഒപ്പമാണോ അല്ലയോ എന്നതല്ല ചര്‍ച്ച ചെയ്യപ്പെടേണ്ടത് മറിച്ച് കര്‍ഷകര്‍ക്ക് ഒപ്പമാണോ എന്നാണ്.
Content Highlights: Mar Bishop Pamplany's remark on rubber price, pratibhashanam by CP John
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..