അവരുടേതൊക്കെ ഒരു ഒന്നൊന്നര വരവായിരുന്നു. ചിലത് ഒടുക്കത്തേതും


എന്‍.പി.മുരളീകൃഷ്ണന്‍1971 ല്‍ പ്രേംനസീര്‍ ശീര്‍ഷക കഥാപാത്രത്തെ അവതരിപ്പിച്ച പി.വേണുവിന്റെ സിഐഡി നസീര്‍ ആണ് ഈ മാതൃക അവലംബിക്കുന്ന ആദ്യ മലയാള സിനിമ.

Show Reel

.

ത്യധികമായ ജനപ്രീതി ഒന്നുകൊണ്ടാണ് ചില കഥാപാത്രങ്ങള്‍ക്കും സിനിമകള്‍ക്കും റിപ്പീറ്റ് വാല്യൂ ഉണ്ടാകുന്നത്. ഇങ്ങനെയുള്ള കഥാപാത്രങ്ങളെ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. ഒരു സിനിമയിലൂടെ നേടിയെടുത്ത പ്രേക്ഷകപ്രീതിയെ ചൂഷണം ചെയ്തുകൊണ്ടാണ് ഇത്തരം കഥാപാത്രങ്ങളുടെയും സിനിമകളുടെയും തുടര്‍ഭാഗങ്ങള്‍ ഇന്‍ഡസ്ട്രി സാധ്യമാക്കുന്നത്. കഥാപാത്രങ്ങളുടെ സവിശേഷമായ ചില മാനറിസങ്ങള്‍, ഡയലോഗ് ഡെലിവറി, ആക്ഷന്‍ സീക്വന്‍സുകള്‍, ഹ്യൂമര്‍ എലമെന്റുകള്‍ തുടങ്ങിയവയെല്ലാമായിരിക്കാം കാണികളെ ആകര്‍ഷിക്കുന്നത്. ഇത് വീണ്ടും കാണാനും കേള്‍ക്കാനുമുള്ള ത്വര സ്വാഭാവികമായും കാണികളില്‍ രൂപപ്പെടും. പ്രേക്ഷകന്റെ ഈ ആഗ്രഹത്തെയാണ് തുടര്‍ഭാഗങ്ങള്‍ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുക.

ലോകസിനിമയില്‍ ജെയിംസ് ബോണ്ട് ഉള്‍പ്പെടെയുള്ള ഇന്‍വെസ്റ്റിഗേഷന്‍, ക്രൈം, ത്രില്ലര്‍ സീരീസുകളിലും സൂപ്പര്‍ ഹീറോ സിനിമകളിലുമാണ് ജനപ്രിയ കഥാപാത്രങ്ങള്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെട്ടു കാണാറുള്ളത്. ഈ രീതി അവലംബിച്ചു തന്നെയാണ് മലയാളത്തിലും കഥാപാത്രങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടായിട്ടുള്ളത്. 1971 ല്‍ പ്രേംനസീര്‍ ശീര്‍ഷക കഥാപാത്രത്തെ അവതരിപ്പിച്ച പി.വേണുവിന്റെ സിഐഡി നസീര്‍ ആണ് ഈ മാതൃക അവലംബിക്കുന്ന ആദ്യ മലയാള സിനിമ. 1968 ല്‍ രാജ്കുമാര്‍ നായകനായ ജെഡറാ ബാലേ എന്ന ഏറെ ശ്രദ്ധേയമായ കന്നട കുറ്റാന്വേഷണ സിനിമയുടെ സ്വാധീനമുള്‍ക്കൊണ്ടായിരുന്നു സിഐഡി നസീര്‍ സൃഷ്ടിക്കപ്പെട്ടത്. ജെഡറാ ബാലേയാകട്ടെ ജെയിംസ് ബോണ്ട് സിനിമകളെ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ടതും. പ്രേംനസീറിന്റെ സൂപ്പര്‍താര പരിവേഷവും അപാരമായ ആരാധകവൃന്ദവും കണക്കിലെടുത്തുകൊണ്ടാണ് പൂര്‍വമാതൃകയില്ലാത്ത വിധം നായകന്റെ പേരില്‍ തന്നെ ഒരു സിനിമ രൂപപ്പെടുന്നത്. പ്രേംനസീറിനൊപ്പം അന്നത്തെ മറ്റൊരു ജനപ്രിയതാരമായ അടൂര്‍ ഭാസിയും സ്വന്തം പേരിലാണ് ഈ സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. സിഐഡി നസീറിന്റെ വന്‍വിജയത്തെ തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം ഈ ജനപ്രിയ കഥാപാത്രം ടാക്‌സി കാര്‍ എന്ന സിനിമയുമായി വീണ്ടുമെത്തി. ചന്ദ്രന്‍ എന്ന സിഐഡി ഓഫീസറുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് തന്റെ കുശാഗ്രബുദ്ധിയും സ്ഥായിയായ രസികത്തവും കൈമുതലാക്കി സിഐഡി നസീര്‍ ആദ്യമെത്തിയതെങ്കില്‍ കള്ളപ്പണ റാക്കറ്റിലെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയായിരുന്നു രണ്ടാംതവണത്തെ ദൗത്യം.

സിഐഡി നസീറിന് ഏകദേശം രണ്ട് പതിറ്റാണ്ടിനു ശേഷമാണ് മറ്റൊരു കുറ്റാന്വേഷണ സിനിമയും അതിലെ കേന്ദ്ര കഥാപാത്രവും തുടര്‍ച്ച കണ്ടെത്താന്‍ പാകത്തില്‍ ജനപ്രിയത കൈവരിക്കുന്നത്. ഈ സിനിമ സിഐഡി നസീറിനെ അപേക്ഷിച്ച് തിരക്കഥയിലും ശില്‍പഭദ്രതയിലും ദൃഢത പുലര്‍ത്തുന്നതും ഇന്ത്യന്‍ സിനിമയിലെ മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ മാതൃകകളിലൊന്നായി പില്‍ക്കാലത്ത് വിലയിരുത്തപ്പെടുകയും ചെയ്യുന്ന ഉയരത്തിലേക്ക് വളരാന്‍ പോന്നതായിരുന്നു. 1988 ല്‍ എസ്.എന്‍.സ്വാമിയുടെ രചനയില്‍ കെ.മധു സംവിധാനം ചെയ്ത ഒരു സിബിഐ ഡയറിക്കുറിപ്പായിരുന്നു ഇത്. പൂണൂല്‍, രുദ്രാക്ഷമാല, നെറ്റിയില്‍ കുങ്കുമക്കുറി, പിന്നിലേക്ക് ചീകിയൊതുക്കിവച്ച മുടി, കൈ പിറകില്‍ കെട്ടിയുള്ള നടത്തം തുടങ്ങിയ നേരടയാളങ്ങളുമായി മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥന്റെ കഥാപാത്രം മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടി. ജമ്മു കശ്മീര്‍ കേഡര്‍ ഐപിഎസ് ഓഫീസറായ രാധാ വിനോദ് രാജുവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയ കൈയൂക്കിനേക്കാള്‍ തലച്ചോറ് കൊണ്ട് പ്രവര്‍ത്തിക്കുന്ന നായക കഥാപാത്രം കള്‍ട്ട് സ്റ്റാറ്റസ് ഗണത്തില്‍ ഇടം പിടിച്ചു. മലയാളത്തിലെ കുറ്റാന്വേഷണ സിനിമാ ശ്രേണിക്ക് വ്യത്യസ്തവും ഉന്നതവുമായ മാനം നല്‍കിയ സിനിമയെന്ന നിലയില്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് അടയാളപ്പെടുത്തപ്പെട്ടതോടെ ജാഗ്രത (1989), സേതുരാമയ്യര്‍ സിബിഐ (2004), നേരറിയാന്‍ സിബിഐ (2005), സിബിഐ 5 ദി ബ്രെയിന്‍ (2022) എന്നീ നാല് തുടര്‍ച്ചകളാണ് ഈ സിനിമയ്ക്കും കഥാപാത്രത്തിനുമുണ്ടായത്. നായക കഥാപാത്രത്തിനൊപ്പം മറ്റ് പ്രധാന സഹകഥാപാത്രങ്ങളും തുടര്‍ഭാഗങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടു.

സേതുരാമയ്യര്‍ കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവുമധികം തുടര്‍ച്ചകളുണ്ടായ കഥാപാത്രം മോഹന്‍ലാലിന്റെ മേജര്‍ മഹാദേവനാണ്. കീര്‍ത്തിചക്ര (2006), കുരുക്ഷേത്ര (2008), കാണ്ഡഹാര്‍ (2010), 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് (2017) എന്നീ സിനിമകളില്‍ മേജര്‍ മഹാദേവന്‍ രാജ്യരക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥനായി. ഇക്കൂട്ടത്തില്‍ കീര്‍ത്തിചക്ര മാത്രമാണ് സിനിമയെന്ന നിലയില്‍ പ്രേക്ഷകപ്രീതി നേടുന്നതില്‍ വിജയിച്ചത്. എന്നാല്‍ മോഹന്‍ലാലിന്റെ താരപരിവേഷത്തെ ചൂഷണം ചെയ്യുന്ന രക്ഷക കഥാപാത്രത്തിന് ആവര്‍ത്തനങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. ഇവിടെ പുതുതായി എന്തെങ്കിലും പറയുന്നതിനേക്കാള്‍ ഒരു സൂപ്പര്‍താരത്തിന്റെ ധീരോദാത്ത ഗുണങ്ങളുള്ള നായകനെ എങ്ങനെ കൂടുതല്‍ ജനപ്രിയമായും വാണിജ്യപരമായും ഉപയോഗപ്പെടുത്താം എന്നതിനാണ് പ്രാധാന്യം നല്‍കിയത്. ഫലത്തില്‍ നാല് തുടര്‍ച്ചകളുണ്ടായെങ്കില്‍ പോലും മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നത് ആദ്യസിനിമയായ കീര്‍ത്തിചക്ര നല്‍കിയ ആസ്വാദനക്ഷമത ഒന്നു കൊണ്ടു മാത്രമാണ്.

സിബിഐ ഡയറിക്കുറിപ്പിന് മുമ്പ് പുറത്തിറങ്ങിയ ഐവി ശശിയുടെ ആവനാഴിയിലെ ബല്‍റാം എന്ന മമ്മൂട്ടിയുടെ പോലീസ് കഥാപാത്രവും സേതുരാമയ്യര്‍ മാതൃകയില്‍ ജനപ്രീതി കൊണ്ട് പുനഃസൃഷ്ടിക്കപ്പെട്ടതാണ്. തന്റേടത്തിന്റേയും പൗരുഷത്തിന്റേയും സത്യസന്ധതയുടേയും ആള്‍രൂപമാണ് ബല്‍റാം. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നു കൂടിയാണിത്. സിബിഐ ഡയറിക്കുറിപ്പിന്റെ റിലീസ് വേളയ്ക്കു സമാനമായി അതുവരെയുള്ള കളക്ഷന്‍ റെക്കോഡുകള്‍ ഭേദിക്കാന്‍ ആവനാഴിക്കുമായി. സിബിഐ ഡയറിക്കുറിപ്പിന് ഒറ്റവര്‍ഷം കൊണ്ട് രണ്ടാംഭാഗം ഉണ്ടായപ്പോള്‍ അഞ്ച് വര്‍ഷത്തിനു ശേഷമാണ് ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന പേരില്‍ ആവനാഴിക്ക് തുടര്‍ച്ച ഉണ്ടാകുന്നത്. ജനപ്രിയ പോലീസ് കഥാപാത്രത്തിന്റെ വീറ് രണ്ടാംഭാഗത്തിലും അതേപടി നിലനിര്‍ത്താന്‍ മമ്മൂട്ടിക്കായി. 15 വര്‍ഷങ്ങള്‍ക്ക് ശേഷം ബല്‍റാം എന്ന പോലീസ് കഥാപാത്രം മൂന്നാമതുമെത്തിയപ്പോൾ ഐവി ശശിയുടെ തന്നെ മറ്റൊരു ഐക്കോണിക്ക് മമ്മൂട്ടി കഥാപാത്രം കൂടി അതിനോട് വിളക്കിച്ചേര്‍ക്കപ്പെട്ടു. 1984ല്‍ പുറത്തിറങ്ങിയ അതിരാത്രത്തിലെ താരാദാസ്. പ്രേക്ഷകര്‍ ആവര്‍ത്തിച്ച് കാണാന്‍ ആഗ്രഹിക്കുന്ന രണ്ട് കഥാപാത്രങ്ങള്‍ ഒരുമിച്ച് വന്നപ്പോള്‍ ഉണ്ടായ പ്രതീക്ഷകള്‍ വാനോളമായിരുന്നു. എന്നാല്‍ ഈ രണ്ട് ഐതിഹാസിക കഥാപാത്രങ്ങളെ ജനപ്രിയമായി ഒരുമിച്ച് അവതരിപ്പിക്കുന്നതില്‍ ബൽറാം വേഴ്സസ് താരാദാസ് എന്ന മൂന്നാംവരവ് അത്രകണ്ട് ഫലപ്രദമായില്ല. അതിരാത്രത്തിന് ജോണ്‍പോളും ആവനാഴിക്കും ഇന്‍സ്‌പെക്ടര്‍ ബല്‍റാമിനും ടി.ദാമോദരുമാണ് തിരക്കഥയൊരുക്കിയത്. ബല്‍റാം വേഴ്‌സസ് താരാദാസിലെത്തിയപ്പോള്‍ തിരക്കഥയ്ക്ക് ടി.ദാമോദരനൊപ്പം എസ്.എന്‍ സ്വാമിയുടെ പിന്തുണയുണ്ടായിരുന്നിട്ടു കൂടി ജനപ്രിയ കഥാപാത്രങ്ങള അത്രകണ്ട് ആസ്വാദ്യകരമാക്കാനായില്ല. എന്നാല്‍ തന്റെ കരിസ്മ കൊണ്ട് ഈ കഥാപാത്രങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ മമ്മൂട്ടിക്ക് ആകുകയും ചെയ്യുന്നുണ്ട്.

ജനപ്രിയ കഥാപാത്രങ്ങളുടെ പിന്‍ബലത്തില്‍ സിനിമയ്ക്ക് തുടര്‍ഭാഗങ്ങളുണ്ടാകുന്ന പതിവിന് 1980കളിലാണ് മലയാള സിനിമ തുടക്കമിടുന്നതെങ്കില്‍ ശ്രദ്ധേയമായ സിനിമകള്‍ക്ക് രണ്ടാംഭാഗം ഒരുക്കുന്ന പതിവ് നേരത്തെ ആരംഭിച്ചിരുന്നു. 1959 ല്‍ പി.സുബ്രഹ്‌മണ്യം സംവിധാനം ചെയ്ത നിലാ പ്രൊഡക്ഷന്‍സിന്റെ ആന വളര്‍ത്തിയ വാനമ്പാടി എന്ന ദ്വിഭാഷാ ചിത്രം കാടിന്റെ പശ്ചാത്തലത്തില്‍ കഥപറഞ്ഞ സിനിമയായിരുന്നു. കാടും മൃഗങ്ങളും പ്രമേയത്തിന്റെ ഭാഗമാകുന്ന പുതുമയുണ്ടായിരുന്നുവെങ്കിലും അക്കാലത്തെ മലയാള സിനിമ തുടര്‍ന്നുപോന്ന നാടകീയാന്തരീക്ഷവും സംഭാഷണങ്ങളും പ്രണയവും വിരഹവും സംഘര്‍ഷവും ഒത്തുചേരലുമെല്ലാം തന്നെയായിരുന്നു വാനമ്പാടിക്കും വിഷയം. ആദ്യഭാഗം വിജയിച്ചതോടെ 1971ല്‍ ഈ ചിത്രത്തിന്റെ തുടര്‍ച്ച ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍ എന്ന പേരില്‍ പ്രദര്‍ശനത്തിനെത്തി. മലയാളത്തിലെ ആദ്യ രണ്ടാം ഭാഗമായി ഈ ചിത്രത്തെ കണക്കാക്കാവുന്നതാണ്. ആദ്യഭാഗത്തിലെ നായികാ കഥാപാത്രത്തിന്റെ ജീവിതം അവരുടെ മകന്‍ മറ്റൊരു യുവതിയോട് വിവരിക്കുന്നതുമായി ബന്ധപ്പെട്ടാണ് തുടര്‍ചിത്രം പുരോഗമിക്കുന്നത്.

1966 ല്‍ സത്യന്‍ നായകനായ പി.എ.തോമസിന്റെ കായംകുളം കൊച്ചുണ്ണിയുടെ തുടര്‍ഭാഗം വരുന്നത് പത്തു വര്‍ഷത്തിനു ശേഷമാണ്. സത്യന്റെ മരണത്തിനു ശേഷം വന്ന കായംകുളം കൊച്ചുണ്ണിയുടെ മകന്‍ എന്ന ഈ ശശികുമാര്‍ സിനിമയില്‍ പ്രേംനസീറാണ് നായകനാകുന്നത്. പേരിലെ പുതുമ, കേരളത്തിലെ അതിപ്രശസ്തനായ കള്ളന്റെ കഥയുടെ തുടര്‍ച്ച, ഒരു മുന്‍നിര നായകന്‍ അഭിനയിച്ച സിനിമയുടെയും കഥാപാത്രത്തിന്റെയും തുടര്‍ച്ചയില്‍ മറ്റൊരു സൂപ്പര്‍താരം അഭിനയിക്കുന്നു, വ്യത്യസ്ത സംവിധായകര്‍ തുടങ്ങി നിരവധി പ്രത്യേകതകള്‍ ഈ രണ്ടാംഭാഗത്തിന് ഉണ്ടായിരുന്നെങ്കിലും ഗുണമേന്മ കൊണ്ട് മലയാളസിനിമയുടെ ചരിത്രത്തില്‍ ഇടം നേടാന്‍ ഈ സിനിമയ്ക്കായില്ല. മലയാളത്തിലെ ജനപ്രിയ ഹൊറര്‍ സിനിമകള്‍ക്ക് വേറിട്ട മാനം നല്‍കുകയും പില്‍ക്കാലത്ത് നിരവധി അനുകരണങ്ങളുണ്ടാകാന്‍ നിമിത്തമാകുകയും ചെയ്ത ബേബിയുടെ ലിസ (1978), വീണ്ടും ലിസ (1987) എന്നിവയാണ് തുടര്‍ച്ച കണ്ടെത്തിയ മറ്റൊരു സീരിസ്. അനുകരണ കലയുടെ ജനകീയതയെ മുന്‍നിര്‍ത്തി തുളസീദാസ് ഒരുക്കിയ മിമിക്‌സ് പരേഡ് (1991) വന്‍വിജയമായപ്പോള്‍ ഇതിന്റെ തുടര്‍ച്ചകള്‍ കാസര്‍ഗോഡ് കാദര്‍ഭായ് (1992), എഗെയ്ന്‍ കാസര്‍ഗോഡ് കാദര്‍ഭായ് (2010) എന്നീ പേരുകളിലെത്തി.

സേതുരാമയ്യറിനു സമാനമായ തലപ്പൊക്കമാണ് ഭരത്ചന്ദ്രന് പ്രേക്ഷകര്‍ നല്‍കിപ്പോരുന്നത്. സുരേഷ്‌ഗോപിയുടെ ഏറ്റവും ജനപ്രിയ കഥാപാത്രവും മലയാളത്തിലെ എക്കാലത്തെയും ഐക്കോണിക്ക് പോലീസ് കഥാപാത്ര നിര്‍മ്മിതികളിലൊന്നുമാണിത്. തന്റേടിയും ആദര്‍ശധീരനും അനീതിക്കെതിരേ വിട്ടുവീഴ്ചയില്ലാതെ പോരാടുന്നയാളുമായ ഈ നായകബിംബത്തെ ഭരണ, ഉപരിവര്‍ഗത്തോട് സാധാരണക്കാരന്റെ പക്ഷം ചേര്‍ന്ന് ആഞ്ഞടിക്കുന്ന തങ്ങളുടെ പ്രതിനിധിയായിട്ടാണ് ജനം കണ്ടത്. അതുകൊണ്ടുതന്നെ കമ്മീഷണര്‍ (1994) എന്ന സിനിമയും ഭരത്ചന്ദ്രന്‍ എന്ന പോലീസ് ഓഫീസറും സാധാരണ പ്രേക്ഷകരില്‍ ഉണ്ടാക്കിയ സ്വാധീനം അത്ര ചെറുതായിരുന്നില്ല. 2005ലാണ് ഭരത്ചന്ദ്രന്‍ രണ്ടാമതും എത്തുന്നത്. ഈ വരവിലും പഴയ തീക്ഷ്ണതയും വാഗ്‌ധോരണിയും നിലനിര്‍ത്താന്‍ സുരേഷ്‌ഗോപിക്കായി. ദി കിംഗ് ആന്റ് കമ്മീഷണര്‍ (2012) എന്ന ചിത്രത്തിലാണ് ഈ ജനപ്രിയ കഥാപാത്രം വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. സുരേഷ്‌ഗോപിയുടെ മറ്റൊരു ശ്രദ്ധേയ കഥാപാത്രമായ ഏകലവ്യനിലെ മാധവന്‍ ഐപിഎസ് ഷാജി കൈലാസിന്റെ തന്നെ ദി കിംഗില്‍ ഒരു സുപ്രധാന രംഗത്തില്‍ എത്തുന്നുണ്ട്. ദി കിംഗിലെ ജോസഫ് അലക്‌സ് എന്ന മമ്മൂട്ടിയുടെ ജനപ്രിയ കളക്ടര്‍ കഥാപാത്രമാണ് ദി കിംഗ് ആന്റ് കമ്മീഷണറില്‍ മറ്റൊരു ദൗത്യവുമായി എത്തുന്നത്. അനീതിക്കെതിരേ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന ഇത്തരം കഥാപാത്രങ്ങളെ ആവര്‍ത്തിച്ചു കാണാനുള്ള ജനക്കൂട്ടത്തിന്റെ താത്പര്യത്തെയാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്.

ക്രൈം ഇന്‍വെസ്റ്റിഗേഷന്‍, ആക്ഷന്‍ ജോണറുകളിലാണ് ജനപ്രിയ കഥാപാത്രങ്ങള്‍ക്ക് ആദ്യഘട്ടങ്ങളില്‍ തുടര്‍ച്ചകളുണ്ടായതെങ്കിലും സത്യന്‍ അന്തിക്കാടിന്റെ നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ എന്നീ സിനിമകളിലെ ദാസനും വിജയനും മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ കഥാപാത്രങ്ങളായി മാറാനായി എന്നത് ശ്രദ്ധേയമാണ്. ഈ സിനിമകളിലെ മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും കേന്ദ്രകഥാപാത്രങ്ങള്‍ കുറ്റാന്വേഷകരായ സിഐഡികളാണെങ്കിലും ഹാസ്യരസപ്രധാനമായ അവതരണശൈലിയും അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ യുവാക്കളുടെ ജീവിതാവസ്ഥയെ യാഥാര്‍ഥ്യത്തോട് തൊട്ടടുത്തുനിന്ന് ആവിഷ്‌കരിക്കുകയും ചെയ്യുന്നുവെന്നതാണ് ഈ സിനിമകളെയും കഥാപാത്രങ്ങളെയും വേറിട്ടു നിര്‍ത്തുന്നത്. ഒരേ നിലവാരത്തിലുള്ള ആസ്വാദനം പതിറ്റാണ്ടുകള്‍ക്കിപ്പുറവും സാധ്യമാക്കുന്ന ഈ മൂന്നു സിനിമകളും കഥാപാത്രങ്ങളും മലയാളി നിത്യജീവിതത്തോട് അത്രയേറെ ഇഴുകിച്ചേര്‍ന്നവയാണ്.

സിദ്ധിഖ്‌ലാലിന്റെ രണ്ടു സിനിമകളും അവയിലെ പ്രധാന കഥാപാത്രങ്ങളും ദാസനെയും വിജയനെയും പോലെ നിരവധി വര്‍ഷങ്ങളായി ശുദ്ധഹാസ്യവുമായി മലയാളിജീവിതത്തിന്റെ ഭാഗമായി തുടരുന്നവരാണ്. റാംജിറാവ് സ്പീക്കിങ്ങിലെ മാന്നാര്‍ മത്തായിയും ഗോപാലകൃഷ്ണനും ബാലകൃഷ്ണനുമാണ് ഇക്കൂട്ടത്തില്‍ ആദ്യം രൂപപ്പെട്ടത്. 1989ല്‍ പുറത്തിറങ്ങിയ ഈ സിനിമ മലയാളത്തില്‍ ഹാസ്യസിനിമകള്‍ക്ക് പുതിയൊരു വാതില്‍ തുറന്നിടാന്‍ പോന്നതായിരുന്നു. ഇതിനെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമ. മഹാദേവന്‍, അപ്പുക്കുട്ടന്‍, തോമസുകുട്ടി, ഗോവിന്ദന്‍കുട്ടി എന്നിവര്‍ മലയാളത്തിലെ ഏറ്റവും ജനകീയമായ പാത്രസൃഷ്ടികളില്‍ ഉള്‍പ്പെടുന്നു. റാംജിറാവുവിന് 1995 ലും 2014ലുമാണ് തുടര്‍ച്ചയുണ്ടായത്. തൊഴിലില്ലായ്മയും ജീവിത പ്രാരാബ്ധങ്ങളും മെലോഡ്രാമയ്ക്കുള്ള പതിവുവഴിയായി കാണാതെ വല്ലായ്കകളെ മറികടക്കാനുള്ള മരുന്നായി ചിരിയെ ഉപയോഗപ്പെടുത്തുകയായിരുന്നു മാന്നാര്‍ മത്തായി, ഗോപാലകൃഷ്ണന്‍, ബാലകൃഷ്ണന്‍ എന്നീ കേന്ദ്രകഥാപാത്രങ്ങളിലൂടെ സിദ്ധിഖ്‌ലാല്‍. നിത്യജീവിതത്തില്‍ പരിചിതരെന്നു തോന്നും വിധമുള്ള അടുപ്പം കാണികളില്‍ സൃഷ്ടിക്കാനും നിലനിര്‍ത്താനും ഈ കഥാപാത്രങ്ങള്‍ക്കാകുന്നു. ഇന്‍ ഹരിഹര്‍ നഗറിന് ടു ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്നീ തുടര്‍ച്ചകളാണുണ്ടായത്. എല്ലാ സിനിമകളിലും സരസമായ ചിരിയുടെ ഒഴുക്ക് നിലനിര്‍ത്താന്‍ നാല് പ്രധാന കഥാപാത്രങ്ങള്‍ക്കുമാകുന്നുവെന്നത് തുടര്‍ച്ചകള്‍ ഇനിയും സാധ്യതയുള്ള സിനിമയായി ഇന്‍ ഹരിഹര്‍ നഗറിനെ മാറ്റുന്നു.

മംഗലശ്ശേരി നീലകണ്ഠന്‍ എന്ന എക്കാലത്തെയും ഐതിഹാസിക കഥാപാത്രത്തെ രഞ്ജിത്തും ഐവി ശശിയും ചേര്‍ന്ന് സൃഷ്ടിച്ചത് 1993ലാണ്. ആക്ഷന്‍, ഇന്‍വെസ്റ്റിഗേഷന്‍ ജോണറുകളില്‍ ഉള്‍പ്പെടാത്തതു കൊണ്ടുതന്നെ ഈ സിനിമയുടെ തുടര്‍ഭാഗത്തെക്കുറിച്ച് പ്രേക്ഷകര്‍ ചിന്തിക്കുകയുണ്ടായില്ല. ഒറ്റ സിനിമ കൊണ്ട് പരിപൂര്‍ണതയിലെത്തിയ കഥാപാത്രങ്ങളായിരുന്നു നീലകണ്ഠനും ഭാനുമതിയും മുണ്ടയ്ക്കല്‍ ശേഖരനുമെല്ലാം. ചില സിനിമകളും കഥാപാത്രങ്ങളും പിന്നീട് ആവര്‍ത്തിച്ചില്ലെങ്കില്‍പോലും ചിരകാലം അവിസ്മരണീയമാക്കാനുള്ള ശേഷി ആവാഹിച്ചിട്ടുണ്ടാകും. അത്തരത്തിലുള്ള അപൂര്‍വ ജനുസ്സില്‍പെടുത്താവുന്ന കഥാപാത്രവും സിനിമയുമാണ് നീലകണ്ഠനും ദേവാസുരവും. രാവണപ്രഭു എന്ന പേരില്‍ രഞ്ജിത്ത് ദേവാസുരത്തിന് രണ്ടാംഭാഗം ഒരുക്കിയപ്പോള്‍ പരിപൂര്‍ണനായ നീലകണ്ഠന് ഒരു തുടര്‍ച്ച ആവശ്യമോയെന്ന് സന്ദേഹിച്ചവരായിരുന്നു നല്ലൊരു പങ്ക് കാണികള്‍. ഈ കഥാപാത്രത്തിന്റെ അഭൂതപൂര്‍വമായ ജനകീയത തന്നെയായിരുന്നു ഇതിനു കാരണം. നീലകണ്ഠന്റെ മകന്‍ മംഗലശ്ശേരി കാര്‍ത്തികേയനായി മോഹന്‍ലാല്‍ നിറഞ്ഞാടി രാവണപ്രഭു വലിയ തീയേറ്റര്‍ വിജയമായപ്പോഴും മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രത്തെ തിരക്കഥയില്‍ കൊന്നുകളഞ്ഞതിനെ നീതീകരിക്കാന്‍ കാഴ്ചക്കാര്‍ക്കാകുമായിരുന്നില്ല.

സിബിമലയിലിന്റെ കിരീടവും ചെങ്കോലും സേതുമാധവന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രവും പതിറ്റാണ്ടുകളായി മലയാളി പ്രേക്ഷകന്റെയുള്ളിലെ നോവാണ്. സേതുമാധവന്റെ ദുര്യോഗത്തെ വേദനയോടെ കണ്ട കാണികളുടെയുള്ളില്‍ അതിന്റെ ആഴം കൂട്ടാന്‍ പോന്നതായിരുന്നു ചെങ്കോലില്‍ നായക കഥാപാത്രത്തെ പിന്തുടരുന്ന വിധി. അമാനുഷികതയൊഴിഞ്ഞ് സ്വാഭാവികമായി പരിണമിക്കുന്ന ജീവിത ദുരന്തങ്ങളെ ഏറ്റുവാങ്ങേണ്ടിവരുന്ന നിസ്സഹായനായ നായക കഥാപാത്രത്തിന്റെ തുടര്‍ച്ചയുടെ പരിപൂര്‍ണതയാണ് കിരീടവും ചെങ്കോലും ആവിഷ്‌കരിക്കുന്നത്.

കെ.മധുവിന്റെ ഇരുപതാം നൂറ്റാണ്ട് (സാഗര്‍ ഏലിയാസ് ജാക്കി) സിബിമലയിലിന്റെ ആഗസ്റ്റ് 1 (പെരുമാള്‍) എന്നീ ത്രില്ലറുകളിലെ ജനപ്രിയ കഥാപാത്രങ്ങള്‍ക്കും തുടര്‍ച്ചയുണ്ടായെങ്കിലും മൂലസിനിമയിലെ പ്രമേയവും ത്രില്ലിംഗ് എലമെന്റുകളും ജനപ്രിയാംശങ്ങളും അതേപടി പകര്‍ത്താന്‍ ശ്രമിച്ചതും സൂപ്പര്‍താര ഇമേജിനെ അമിതമായി കേന്ദ്രീകരിച്ചുകൊണ്ടുള്ള ആഖ്യാനവും കാഴ്ചയെ വികലമാക്കുകയാണുണ്ടായത്.

പ്രിയദര്‍ശന്റെ കിലുക്കത്തിലെ അനശ്വര കഥാപാത്രങ്ങളായ ജോജിക്കും നിശ്ചലിനും കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തില്‍ സന്ധ്യാമോഹന്‍ തുടര്‍ച്ച നല്‍കിയെങ്കിലും പഴയ ഊര്‍ജ്ജത്തിന്റെയും ഊഷ്മളതയുടെയും അടുത്തെത്തുന്നില്ല. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ ഫാസിലിന്റെ മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണിക്ക് ഗീതാഞ്ജലിയിലൂടെ പ്രിയദര്‍ശനാണ് തുടര്‍വരവ് സാധ്യമാക്കുന്നത്. മണിച്ചിത്രത്താഴിലെ ഡോക്ടര്‍ കഥാപാത്രമോ കിലുക്കത്തിലെ ടൂര്‍ ഗൈഡോ പ്രസരിപ്പിക്കുന്ന ഉണര്‍വ് ഒരു മികച്ച നടനില്‍നിന്നു പോലും എപ്പോഴും സാധ്യമായെന്നു വരില്ല. തിരക്കഥയുടെ ആഴം തൊട്ട് അഭിനേതാവിന്റെ പ്രായം വരെ ഇതില്‍ പ്രതിഫലിച്ചേക്കാം. ഡോ.സണ്ണിയും ജോജിയും പോലെ ഒറ്റക്കാഴ്ചയില്‍ തന്നെ അവിസ്മരണീയരായ നായകരുടെ രണ്ടാംവരവ് കാണികള്‍ ഓര്‍ത്തിരിക്കാതെ പോകുന്നതിനു കാരണവുമിതാണ്.

കുറ്റാന്വേഷണ കഥകള്‍ക്കോ വീരോചിത കഥാപാത്രങ്ങള്‍ക്കോ തുടര്‍ച്ചകള്‍ സംഭവിക്കുന്നത് സാധാരണമാണെന്നാണല്ലോ ഇവിടെ പറഞ്ഞുവച്ചത്. ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെയോ രക്ഷകന്റെ കുപ്പായമണിയുന്ന നായകന്റെയോ പുതിയ ദൗത്യത്തെ കേന്ദ്രീകരിച്ചായിരിക്കും ഈ സിനിമകള്‍ മുന്നോട്ടു പോകുന്നത്. ഇങ്ങനെയുള്ള ഒരു വിജയസിനിമയ്ക്ക് തുടര്‍ച്ച സംഭവിക്കുമ്പോള്‍ ആദ്യഭാഗത്തിലെ ജനപ്രിയ ഘടകങ്ങള്‍ക്കു പ്രാധാന്യം നല്‍കി വാര്‍ത്തെടുക്കുന്ന സൃഷ്ടിയാകുന്നതാണ് പതിവ്. 2013 ല്‍ റിലീസ് ചെയ്ത ജീത്തു ജോസഫിന്റെ ദൃശ്യത്തിന്റെ കാര്യത്തില്‍ പക്ഷേ ഈ ധാരണകള്‍ മാറിപ്പോകുന്നുണ്ട്. ദൃശ്യം വ്യക്തതയുള്ള ഒരു തുടര്‍ച്ചയാണ്. ഇതില്‍ കഥാസന്ദര്‍ഭം ആവശ്യപ്പെടുന്ന തരത്തിലുള്ള മാറ്റങ്ങളും തുടര്‍ച്ചകളും മാത്രമാണ് സംഭവിക്കുന്നത്. ജോര്‍ജ്കുട്ടി എന്ന കേന്ദ്ര കഥാപാത്രം ഇതിനോടു ചേര്‍ന്ന് സ്വാഭാവികമായി പെരുമാറുന്നയാളുമാണ്. അതുകൊണ്ടുതന്നെ പുതിയൊരു കാഴ്ച പ്രദാനം ചെയ്യാനും ദൃശ്യത്തിനാകുന്നുണ്ട്.

പരാജയപ്പെട്ടൊരു സിനിമയ്ക്ക് തുടര്‍ഭാഗം വരികയും അത് ഇന്‍ഡസ്ട്രിയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറുകയും പ്രധാന കഥാപാത്രങ്ങളെല്ലാം പോപ്പുലര്‍ സ്റ്റാറ്റസ് നേടുകയും ചെയ്ത ചരിത്രമാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ ആടിന് പറയാനുള്ളത്. ജയസൂര്യയുടെ ഏറ്റവും ജനപ്രിയ കഥാപാത്രമാണ് ആടിലെ ഷാജിപാപ്പന്‍. ഈ കഥാപാത്രത്തിനു സമാനമായ ജനപ്രീതിയാണ് സര്‍ബത്ത് ഷമീര്‍, അറയ്ക്കല്‍ അബു. ഡൂഡ്, സാത്താന്‍ സേവ്യര്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ക്കും ലഭിച്ചത്. അതോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സീക്വല്‍ എന്ന പ്രതീതി സൃഷ്ടിക്കാന്‍ ഈ ഫണ്‍ മൂവിക്കായി. പുണ്യാളന്‍ അഗര്‍ബത്തീസ് (2013), പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് (2017) എന്നീ സിനിമകളിലെ ജോയ് താക്കോല്‍ക്കാരന്‍ എന്ന തൃശ്ശൂര്‍ക്കാരന്‍ ബിസിനസ്സുകാരനാണ് ജയസൂര്യയുെട മറ്റൊരു ജനപ്രിയ സീക്വല്‍.

അഴിമതിക്കെതിരെ പോരാടുന്നവിദ്യാര്‍ഥികളുടെ കഥപറഞ്ഞ് ശ്രദ്ധേയമായ ജയരാജിന്റെ ഫോര്‍ ദി പീപ്പിളിന് (2014), ബൈ ദി പീപ്പിള്‍ (2005), ഓഫ് ദി പീപ്പിള്‍ (2008) എന്നീ തുടര്‍ച്ചകളുണ്ടായി. നരേന്റെ പോലീസ് കഥാപാത്രം ഉള്‍പ്പെടെ ഈ സിക്വലുകളില്‍ ആവര്‍ത്തിച്ചുവരുന്നുണ്ട്. നിന്നിഷ്ടം എന്നിഷ്ടം (1986), നിന്നിഷ്ടം എന്നിഷ്ടം 2 (2011), ആകാശഗംഗ (1999), ആകാശഗംഗ 2 (2019), ഹണീബി (2013) ഹണീബി 2 (2017), പ്രേതം (2016), പ്രേതം 2 (2018) എന്നീ തുടര്‍ച്ചകള്‍ ആദ്യഭാഗത്തിന്റെ പേര് കൈമോശമാക്കിയവയാണ്.

Content Highlights: Mangalassery Neelakandan,Sethurama Iyer, Bharatchandran; best sequels in malayalam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented