മമതയും സ്റ്റാലിനും പിണറായിയും ചരിത്രം കുറിക്കുമ്പോള്‍ | വഴിപോക്കന്‍


വഴിപോക്കന്‍

ആരാണ് കോണ്‍ഗ്രസിന്റെ നേതാവ് എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുണ്ടായില്ല. വടക്കന്‍ കേരളത്തില്‍ മമ്മൂട്ടിക്കും തെക്കന്‍ കേരളത്തില്‍ മോഹന്‍ലാലിനും ക്ലൈമാക്സ് ഒരുക്കി സംവിധായകന്‍ ഫാസില്‍ കളിക്കുന്ന കളിയാണ് ഹൈക്കമാന്റ് കളിച്ചത്. അര്‍ഹിക്കുന്ന 'ഗൗരവ'ത്തോടെ കേരള ജനത അത് തള്ളിക്കളഞ്ഞു.

മമത ബാനർജി, എം.കെ. സ്റ്റാലിൻ, പിണറായി വിജയൻ

1967-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ദ്രാവിഡ മുന്നേറ്റ കഴകം തമിഴകത്ത് ആദ്യമായി അധികാരം പിടിച്ചത്. അന്ന് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ പ്രസിഡന്റ് കൂടിയായിരുന്ന കെ. കാമരാജ് എന്ന അതികായന്‍ വിരുദുനഗറില്‍ പി. ശ്രീനിവാസന്‍ എന്ന യുവ ഡി.എം.കെ. സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ട വാര്‍ത്ത വന്നപ്പോള്‍ ഡി.എം.കെയുടെ കുലപതി അണ്ണാ ദുരൈ അതിശയത്തോടെ പ്രതികരിച്ചു: ''എന്താണീ കേള്‍ക്കുന്നത്! പെരും തലൈവരും തോറ്റോ?'' കാമരാജ് തോല്‍ക്കപ്പെടേണ്ട ആളല്ലെന്ന നിലപാടായിരുന്നു അണ്ണാ ദുരൈയുടേത്. രണ്ടു വര്‍ഷത്തിനപ്പുറം നാഗര്‍കോവില്‍ ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ കാമരാജ് മത്സരിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതില്‍നിന്നു അണ്ണാ വിട്ടുനില്‍ക്കുകയും ചെയ്തു.

ഒരു തരംഗം ആഞ്ഞടിക്കുമ്പോള്‍ വന്‍മരങ്ങളും കടപുഴകുമെന്നത് അസാധാരണമല്ല. 1977-ല്‍ ഇന്ദിര റായ്ബറേലിയില്‍ വീണതും 1996-ല്‍ ജയലളിത ബര്‍ഗൂരില്‍ നിലംപരിശായതും 1971-ല്‍ ഇ.കെ. നായനാര്‍ ഇരുപത്തേഴുകാരനായ രാമചന്ദ്രന്‍ കടന്നപ്പള്ളിയോട് പരാജയപ്പെട്ടതും തരംഗങ്ങളുടെ മുന്നിലായിരുന്നു.

ഇന്നലെ കേരളത്തിലും ബംഗാളിലും തമിഴകത്തും സമാനമായ തരംഗങ്ങളുണ്ടായി. കേരളത്തില്‍ പക്ഷേ, വന്‍മരങ്ങള്‍ വീണില്ല. ഇടതു തരംഗത്തിനിടയിലും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഒരിക്കല്‍കൂടി ജയിച്ചു കയറി. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം പുതുപ്പള്ളിയില്‍ വല്ലാതെ ഇടിഞ്ഞു. സി.പി.എമ്മിന്റെ യുവ സ്ഥാനാര്‍ത്ഥി ജെയ്ക്കിന് മുന്നില്‍ ഉമ്മച്ചന്‍ വിയര്‍ത്തുകൊണ്ടിരിക്കെ കുഞ്ഞൂഞ്ഞും വീഴുകയാണോ എന്ന് ഇടതുമുന്നണിയുടെ കുലപതി പിണറായി വിജയന്‍ അതിശയപ്പെട്ടോ എന്നറിയില്ല. ഉറപ്പാണ് തുടര്‍ഭരണം എന്ന മുദ്രാവാക്യമുയര്‍ത്തിയ നേതാവിന് ഉമ്മന്‍ ചാണ്ടിയുടെ പതനം അപ്രതീക്ഷിതമാവണമെന്നില്ല.

ബംഗാള്‍, അസം, തമിഴ്നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. ഈ അഞ്ചിടങ്ങളിലും ഒരു പോലെ കളത്തിലുണ്ടായിരുന്ന ഒരു പാര്‍ട്ടി ബി.ജെ.പിയാണ്. അസമിലും കേരളത്തിലും പുതുച്ചേരിയിലും പോരാട്ടത്തിന്റെ മുന്‍ നിരയില്‍ കോണ്‍ഗ്രസുണ്ടായിരുന്നു. സി.പി.എമ്മിനാണെങ്കില്‍ കേരളത്തിന് പുറത്ത് മറ്റൊരിടത്തും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അഞ്ചിടത്തും അജണ്ട നിശ്ചയിച്ച ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് ബി.ജെ.പിയാണെന്ന് പറയേണ്ടി വരുന്നത് ഈ സാഹചര്യത്തിലാണ്.

മേജര്‍ വേഷമുണ്ടായിരുന്നില്ലെങ്കിലും തമിഴകത്തും കേരളത്തിലും ബി.ജെ.പി. കളം നിറഞ്ഞു നിന്നു. തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോള്‍ അതുകൊണ്ടുതന്നെ ആദ്യം എടുത്തു പറയേണ്ട വസ്തുത കോണ്‍ഗ്രസിന്റെ തകര്‍ച്ചയാണ്. ബി.ജെ.പിയുമായി നേരിട്ടേറ്റു മുട്ടിയ പുതുച്ചേരിയിലും അസമിലും കോണ്‍ഗ്രസിന് അധികാരത്തില്‍ എത്താനായില്ല. കേരളത്തിലും ബംഗാളിലും തമിഴകത്തും ബി.ജെ.പിയെ തകര്‍ത്ത് അധികാരം പിടിച്ചത് കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളാണ്. തമിഴകത്ത് ഡി.എം.കെ. മുന്നണിയില്‍ കോണ്‍ഗ്രസുണ്ടെങ്കിലും വിജയത്തിന്റെ ബഹുമതി കടുത്ത കോണ്‍ഗ്രസ് ആരാധകര്‍ പോലും അവകാശപ്പെടാനിടയില്ല.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രംഗത്ത് കാണുന്ന പ്രവണത തന്നെയാണ് ഇക്കുറിയുമുണ്ടായത്. ശക്തരായ പ്രാദേശിക നേതാക്കള്‍ എതിരാളികളായുള്ളിടത്ത് ബി.ജെ.പിക്ക് വിയര്‍ക്കേണ്ടി വരുന്നു. കേരളത്തില്‍ പിണറായി വിജയനും തമിഴകത്ത് എം.കെ. സ്റ്റാലിനും ബംഗാളില്‍ മമതയും ഈ പ്രാദേശിക ചേരിയുടെ പ്രതിനിധികളാണ്. സി.പി.എം. ഒരു അഖിലേന്ത്യ പാര്‍ട്ടിയാണെന്ന് വെറുതെ പറയാമെന്നേയുള്ളു. ബംഗാളിലെയും ത്രിപുരയിലെയും സുവര്‍ണ്ണ കാലം സി.പി.എമ്മിന് ഇന്നിപ്പോള്‍ ഓര്‍മ്മയും ചരിത്രവുമാണ്.

ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് കാര്യങ്ങള്‍ സുഗമമായി നടക്കണമെങ്കില്‍ അതിനുള്ള വക ഈ കൊച്ചു കേരളത്തില്‍ നിന്നു തന്നെ വരണം. ആ നിലയ്ക്ക് നോക്കുമ്പോള്‍ സി.പി.എം. ഒരു കേരള പാര്‍ട്ടിയാണ്. തമിഴകത്ത് ഡി.എം.കെയും ബംഗാളില്‍ തൃണമൂലും പോലെ ഒരു സംസ്ഥാനത്ത് കളിക്കുന്ന പാര്‍ട്ടി. മമതയ്ക്ക് പിന്നില്‍ ബംഗാളും സ്റ്റാലിന് പിന്നില്‍ തമിഴകവും അണിനിരന്നതുപോലെയാണ് പിണറായിക്ക് പിന്നില്‍ കേരളം നിലയുറപ്പിച്ചത്. കേരളത്തിന്റെ സ്വന്തം നേതാവായി മലയാളികള്‍ പിണറായിയെ ഏറ്റെടുക്കുകയായിരുന്നു.

പിണറായിക്ക് ബദലായി ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിനായില്ല. കഴിഞ്ഞ അഞ്ച് വര്‍ഷം രമേശ് ചെന്നിത്തല നടത്തിയ അദ്ധ്വാനം കണ്ടില്ലെന്ന് നടിച്ച് ഉമ്മന്‍ ചാണ്ടിയെക്കൂടി മുന്‍നിരയില്‍ പ്രതിഷ്ഠിക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് ചെയ്തത്. ഒരു പ്രതിപക്ഷ നേതാവും ഇതുവരെ നടത്തിയിട്ടില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ചെന്നിത്തല നടത്തിയത്. ഒരു പക്ഷേ, ഇക്കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ കേരളം കണ്ട ഏറ്റവും മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ രമേശ് ചെന്നിത്തലയായിരിക്കും.

സ്പ്രിങ്ക്ളറായാലും ബ്രുവറി ഇടപടായാലും ഇ.എം.സി.സി. കരാറായാലും ചെന്നിത്തലയുടെ വെളിപ്പെടുത്തലുകള്‍ പിണറായി സര്‍ക്കാരിനെ ശരിക്കും വെള്ളം കുടിപ്പിച്ചു. പക്ഷേ, നിര്‍ണ്ണായകഘട്ടത്തില്‍ ഹൈക്കമാന്റ് ചെന്നിത്തലയ്ക്കൊപ്പം നിന്നില്ല. ആരാണ് കോണ്‍ഗ്രസിന്റെ നേതാവ് എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുണ്ടായില്ല. വടക്കന്‍ കേരളത്തില്‍ മമ്മൂട്ടിക്കും തെക്കന്‍ കേരളത്തില്‍ മോഹന്‍ലാലിനും ക്ലൈമാക്സ് ഒരുക്കുന്ന സംവിധായകന്‍ ഫാസിലിനെപ്പോലൊരു കളിയാണ് ഹൈക്കമാന്റ് കളിച്ചത്. സിനിമയും രാഷ്ട്രീയവും രണ്ടാണ്. അതുകൊണ്ടുതന്നെ ഈ 'ഹരികൃഷ്ണന്‍' കളി കേരളത്തിലെ ജനത തള്ളിക്കളഞ്ഞു.

കൃത്യമായ ആസൂത്രണത്തോടെയാണ് ടീം സി.പി.എം. പിണറായിയെ കേരളത്തില്‍ കള്‍ട്ട് ഫിഗറാക്കിയത്. ഒരിടത്തും പിണറായിക്ക് ഒരു തരത്തിലുമുള്ള വെല്ലുവിളികള്‍ ഉയരുന്നില്ലെന്ന് ഈ ടീം ഉറപ്പുവരുത്തി. കെ.കെ. ശൈലജയുടെ പത്രസമ്മേളനങ്ങള്‍ ഏറ്റെടുത്തതു മുതല്‍ തോമസ് ഐസക്കിനെയും ജി. സുധാകരനെയും പി. ജയരാജനെയും കൈകാര്യം ചെയ്തതു വരെ ഈ കരുതലിന്റെ ഭാഗമായിരുന്നു. അടുത്ത കാലത്തെങ്ങും മറ്റൊരു നേതാവിനു വേണ്ടിയും കേരളത്തില്‍ ഇത്രയും പബ്ളിക് റിലേഷന്‍സ് പ്രവര്‍ത്തനം നടന്നിട്ടില്ല.

പിണറായിയുടെ നേതൃശേഷി തീര്‍ച്ചയായും കുറച്ചുകാണുന്നില്ല. ഒന്നുമില്ലായ്മയില്‍നിന്ന് ഒരു കള്‍ട്ട് ഫിഗറിനെ ഉണ്ടാക്കാന്‍ ആര്‍ക്കുമാവില്ല. മേക്കപ്പിനും പി.ആറിനുമൊക്കെ ഒരു പരിധിയുണ്ടല്ലോ! ദുരന്തങ്ങളും പ്രതിസന്ധികളും വരുമ്പോള്‍ കരുത്തുറ്റ ഒരു നേതാവിലേക്ക് ജനങ്ങള്‍ തിരിയുക സ്വാഭാവികമാണ്. ഇന്ദിരയുടെയും മോദിയുടെയും ചരിത്രം അതാണ് വ്യക്തമാക്കുന്നത്. ആള്‍ക്കൂട്ടത്തിന്റെ ഈ മനഃശാസ്ത്രം കൃത്യമായി പ്രയോജനപ്പെടുത്താന്‍ ടീം സി.പി.എമ്മിനായി എന്നിടത്താണ് പിണറായി വിജയത്തിന്റെ കാമ്പും കാതലുമിരിക്കുന്നത്.

സി.പി.എം. ഇക്കുറി തിരഞ്ഞെടുപ്പ് ഗോദയില്‍നിന്നു മാറ്റി നിര്‍ത്തിയ രണ്ടു പേര്‍- ഐസക്കും സുധാകരനും- നിസ്സാരരല്ല. പിണറായി സര്‍ക്കാരില്‍ ശൈലജയ്ക്കൊപ്പം തലയെടുപ്പുള്ള രണ്ടു പേര്‍. പൊതുമരാമത്തിന്റെ ചുമതലയായിട്ടും ഒരു അഴിമതി ആരോപണവും സുധാകരന് നേര്‍ക്ക് വന്നില്ല. ഇടയ്ക്ക് കവിതയെഴുതി ആളുകളെ വെറുപ്പിക്കും എന്നതൊഴിച്ചാല്‍ നല്ല തങ്കക്കുടം പോലുള്ള മനിതന്‍. ഐസക്കാണെങ്കില്‍ പിണറായി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ നട്ടെല്ലായിരുന്നു. കിഫ്ബിയിലൂടെയും മറ്റും ഐസക്ക് സമാഹരിച്ച കാശു കൊണ്ടാണ് പിണറായി സര്‍ക്കാര്‍ കിറ്റും പെന്‍ഷനും യഥേഷ്ടം കൊടുത്തത്.

ഇവരെ രണ്ടു പേരെയും മാറ്റി നിര്‍ത്തിയിട്ടും സി.പി.എമ്മിനുള്ളില്‍ ഒരു പൊട്ടിത്തെറിയുമുണ്ടായില്ല. ഒരൊറ്റ നേതാവ്, ഒരൊറ്റ ശബ്ദം എന്ന സമവാക്യം പാര്‍ട്ടിയില്‍ മാത്രമല്ല ഭരണത്തിലും ഉറപ്പാക്കാന്‍ ടീം പിണറായിക്ക് കഴിഞ്ഞു. കൂടുതല്‍ ശക്തനാവുന്ന പിണറായി ജനാധിപത്യ പരിസരത്തോട് എന്താണ് ചെയ്യുകയെന്ന ചോദ്യം പ്രതിപക്ഷം ഉയര്‍ത്തിയെങ്കിലും അത് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും അവഗണിച്ചു.

ബംഗാളില്‍ മമതയുടെയും തമിഴകത്ത് സ്റ്റാലിന്റെയും കാര്യത്തിലും ഇതു തന്നെയാണുണ്ടായത്. ഒരൊറ്റ നേതാവ് എന്ന ആശയത്തിന്റെ ആവിഷ്‌കാരം. മോദിയെ വെച്ച് ബി.ജെ.പി. കളിക്കുന്ന കളിക്ക് അതേ നാണയത്തിലുള്ള തിരിച്ചടി. ബംഗാളില്‍ മമതയ്ക്കും തമിഴകത്ത് സ്റ്റാലിനും വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞത് പ്രശാന്ത് കിഷോറും സംഘവുമാണ്. ഐ പാക്ക് അഥവാ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി എന്ന പേരിലാണ് കൊല്‍ക്കൊത്തയിലും ചെന്നൈയിലും പ്രശാന്ത് കിഷോര്‍ വാര്‍ റൂം തുറന്നത്.

തമിഴകത്ത് ആയിരത്തോളം പേരെയാണ് ഇതിനായി കളത്തിലിറക്കിയത്. ബംഗാളില്‍ ഇതിലും വലുതായിരുന്നു പ്രശാന്ത് കിഷോറിന്റെ സൈന്യം എന്നാണറിയുന്നത്. സാമൂഹിക മാദ്ധ്യമങ്ങളില്‍ മാത്രമല്ല, സംസ്ഥാനത്തെ ഓരോ മുക്കിലും മൂലയിലും വരെ ഇവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. എന്‍.ഡി.ടി.വിയില്‍ ശ്രീനിവാസന്‍ ജെയിന്‍ ഈ വാര്‍ റൂമിനെക്കുറിച്ച് പ്രത്യേമായൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. പ്രശാന്ത് കിഷോറിന്റെ ടീമിനായി മമതയും സ്റ്റാലിനും മുടക്കിയത് കോടികളാണ്.

പ്രശാന്തിന്റെ സേവനം തേടിയില്ലെങ്കിലും ഇതേ പാതയിലാണ് കേരളത്തില്‍ സി.പി.എമ്മും കരുക്കള്‍ നീക്കിയത്. എണ്ണയിട്ട യന്ത്രം പോലെ പിണറായി വിജയനെ മുന്‍ നിര്‍ത്തി പ്രചാരണ തന്ത്രങ്ങള്‍ അരങ്ങേറി. സിത്താരയുടെ പാട്ടായാലും ഉറപ്പാണ് തുടര്‍ഭരണം എന്ന മുദ്രാവാക്യമായാലും കേരളത്തിന്റെ മനസ്സില്‍ ഇവയെല്ലാം പതിയുന്നതിന് സിപിഎം നടത്തിയ അദ്ധ്വാനം സമാനതകളില്ലാത്തതായിരുന്നു.

ബി.ജെ.പിക്കെതിരെയുള്ള പോരാട്ടമായാണ് പ്രശാന്ത് കിഷോര്‍ തമിഴകത്തെയും ബംഗാളിലെയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിഭാവനം ചെയ്തത്. ദേശത്തനിമയിലും സംസ്‌കാരത്തിലും ആവേശം കൊള്ളുന്ന സംസ്ഥാനങ്ങളാണ് ഇവ രണ്ടും. മമതയായാലും സ്റ്റാലിനായാലും മുഖ്യമായും ഉയര്‍ത്തിയ ചോദ്യം ഭരണത്തിലെത്തേണ്ടത് നാട്ടുകാരാണോ പുറത്തുള്ളവരാണോ എന്നതാണ്.

എ.ഐ.എ.ഡി.എം.കെയല്ല ബി.ജെ.പിയാണ് മുഖ്യ എതിരാളി എന്നാണ് പൊതുയോഗങ്ങളില്‍ സ്റ്റാലിന്‍ ആവര്‍ത്തിച്ചത്. സമാനമായൊരു തന്ത്രമാണ് കേരളത്തില്‍ സി.പി.എമ്മും സ്വീകരിച്ചത്. കോണ്‍ഗ്രസിന് കിട്ടുന്ന വോട്ടുകള്‍ ബി.ജെ.പിക്കുള്ള നിക്ഷേപമായിരിക്കും എന്ന സന്ദേശം ഊട്ടിയുറപ്പിക്കാന്‍ സി.പി.എമ്മിന്റെ പ്രചാരണയന്ത്രം അത്യദ്ധ്വാനം ചെയ്തു. 35 സീറ്റുകള്‍ കിട്ടിയാല്‍ തങ്ങള്‍ സര്‍ക്കാരുണ്ടാക്കുമെന്ന ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രന്റെ പ്രസ്താവന സി.പി.എമ്മിന് കിട്ടിയ വജ്രായുധമാവുകയും ചെയ്തു.

ബി.ജെ.പിക്കെതിരെയുള്ള യുദ്ധത്തില്‍ സി.പി.എമ്മിനാണ് വിശ്വാസ്യതയെന്ന് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ഉറപ്പിച്ചത് ഈ പരിസരത്തിലാണ്. നേമത്ത് മുരളീധരനെ ഇറക്കി ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരെ പോരാട്ടം സുശക്തമാക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കമാണെങ്കില്‍ വൈകിയെത്തിയ വിവേകമായി. കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ ഭരിക്കുക മുസ്ലിം ലീഗായിരിക്കുമെന്ന ഇടതു മുന്നണിയുടെ പ്രചാരണം കൃത്യമായി കൊള്ളേണ്ടിടത്ത് കൊണ്ടു. ഇതിന് തടയിടാന്‍ കോണ്‍ഗ്രസിനോ ലീഗിനോ ആയില്ല. ശബരിമല വെച്ച് കോണ്‍ഗ്രസ് കളിച്ച കളി ചീറ്റിപ്പോവുകയും ചെയ്തു.

കോണ്‍ഗ്രസ് മികച്ച പോരാട്ടം നടത്തിയില്ലെന്ന് സി.പി.എം. പോലും പറയാനിടയില്ല. അവസാന ലാപ്പില്‍ കോണ്‍ഗ്രസ് കാര്യമായി മുന്നേറിയിട്ടുണ്ടെന്നാണ് പല സി.പി.എം. പ്രവര്‍ത്തകരും സ്വകാര്യ സംഭാഷണങ്ങളില്‍ പറഞ്ഞത്. മികച്ച സ്ഥാനാര്‍ത്ഥികള്‍, ഗ്രൂപ്പ് വൈരം മാറ്റിവെച്ചുകൊണ്ടുള്ള പ്രവര്‍ത്തനം, രാഹുലിന്റെയും പ്രിയങ്കയുടെയും റോഡ്ഷോകള്‍ - ഇവയെല്ലാം തന്നെ കോണ്‍ഗ്രസ് തിരിച്ചുവരികയാണെന്ന പ്രതീതി ഉയര്‍ത്തി. പക്ഷേ, അടിത്തട്ടില്‍ അപ്പോഴും കോണ്‍ഗ്രസിന്റെ വഞ്ചി തിരുനക്കരെ തന്നെയായിരുന്നു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഫലം വന്നപ്പോള്‍ കളം തിരിച്ചു പിടിക്കണമെങ്കില്‍ കോണ്‍ഗ്രസ് എടുക്കേണ്ട അടിയന്തര നടപടി നേതൃനിരയിലേക്ക് ശശി തരൂരിനെ കൊണ്ടുവരിക എന്നതാണെന്ന് ഈ കോളത്തില്‍ എഴുതിയിരുന്നു. പിണറായി വിജയനെപ്പോലൊരു പ്രബല നേതാവിനെ നേരിടാന്‍ ഒരു ഫ്രെഷ് ഫെയ്സ് കോണ്‍ഗ്രസിന ്ആവശ്യമായിരുന്നു. കേരളത്തിന്റെ മനസ്സും ഭാവനയും പിടിച്ചെടുക്കാന്‍ കഴിവുള്ള ഒരു നേതാവ്. ജാതി -മത -രാഷ്ട്രീയ ഭേദമന്യെ ഇന്നിപ്പോള്‍ കേരള ജനതയെ ഒരു പോലെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു നേതാവ് കോണ്‍ഗ്രസിലുണ്ടെങ്കില്‍ അത് തരൂരാണ്.

കൈയ്യില്‍ കസ്തൂരി വെച്ചിട്ട് സുഗന്ധദ്രവ്യം തേടി അലഞ്ഞുതിരിയുന്ന കോണ്‍ഗ്രസിനെയാണ് കേരളം കണ്ടത്. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട പോലെ ചെയ്തില്ലെങ്കില്‍ അതിനുള്ള വില കനത്തതായിരിക്കും. കേരളത്തില്‍ കോണ്‍ഗ്രസ് കൊടുത്തത് ഇത്തരമൊരു വിലയാണ്. ഇനിയും ഈ യാഥാര്‍ത്ഥ്യം അഭിമുഖീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ലെങ്കില്‍ പടച്ച തമ്പുരാനു പോലും കോണ്‍ഗ്രസിനെ രക്ഷിക്കാനാവില്ല.

തങ്ങളെ പിടിച്ചുകെട്ടാന്‍ ആര്‍ക്കുമാവില്ലെന്ന ബി.ജെ.പിയുടെ അവകാശവാദം ഈ തിരഞ്ഞെടുപ്പില്‍ പൊളിഞ്ഞുവീണു. പുതുച്ചേരി പിടിച്ചെടുക്കാനായി എന്നതും അസമില്‍ ഭരണം നിലനിര്‍ത്താനായി എന്നതും ബി.ജെ.പിയുടെ ശോഭ വര്‍ദ്ധിപ്പിക്കുന്നില്ല. കേരളത്തില്‍ ഏക സിറ്റിങ് സീറ്റ് പോലും കൈവിട്ടുപോയത് ബി.ജെ.പിയെ പിടിച്ചുകുലുക്കുക തന്നെ ചെയ്യും. മഞ്ചേശ്വരത്തിനും കോന്നിക്കുമിടയില്‍ ഹെലിക്കോപ്റ്ററില്‍ പറക്കുന്നതുകൊണ്ട് പിടിക്കാന്‍ കഴിയുന്നതല്ല കേരളത്തിന്റെ മനസ്സെന്ന് സുരേന്ദ്രനും മുരളീധരനും ഇപ്പോള്‍ മനസ്സിലായിക്കാണും. പാലക്കാട് എം.എല്‍.എ. ഓഫീസ് തുറന്ന ഇ. ശ്രീധരനും കേരളം എന്നു പറഞ്ഞാല്‍ ഒരു കൊങ്കണ്‍ റെയില്‍വെ പദ്ധതിയല്ലെന്ന് ഇപ്പോള്‍ പിടികിട്ടിക്കാണും.

ബംഗാള്‍ ഇക്കുറി പിടിക്കുമെന്ന് ഡല്‍ഹിയിലും കൊല്‍ക്കൊത്തയിലും നിന്ന് അമിത് ഷാ മുഴക്കിയ വായ്ത്താരികള്‍ രാജ്യം അത്ര പെട്ടെന്നൊന്നും മറക്കില്ല. ഏതു തിരഞ്ഞെടുപ്പും പിടിക്കാന്‍ കഴിയുന്ന പിഴവ് പറ്റാത്ത യന്ത്രമാണ് ബി.ജെ.പിയെന്ന പ്രതീതിയാണ് ബംഗാളില്‍ തകര്‍ന്നടിഞ്ഞത്. ബി.ജെ.പിയെ തകര്‍ത്തതിനുള്ള ഈ ബഹുമതി മമത ബാനര്‍ജിക്ക് തന്നെ കൊടുക്കണം. മറ്റൊരു നേതാവും മമത നേരിട്ടതുപോലുള്ള വെല്ലുവിളി നേരിട്ടിട്ടില്ല. അത്രയ്ക്ക് വലിയ ആക്രമണമാണ് മമതയ്ക്കെതിരെയുണ്ടായത്.

മമതയുടെ പാര്‍ട്ടിയെ ആകമാനം ഉലച്ചാണ് മുകുള്‍ റോയിയെയും സുവേന്ദു അധികാരിയെയുമൊക്കെ ബി.ജെ.പി. കവര്‍ന്നെടുത്തത്. കേന്ദ്ര ഭരണകൂടത്തെ മാത്രമല്ല, ഭരണഘടന സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനെയും നേരിടേണ്ട ഗതികേടാണ് മമതയ്ക്കുണ്ടായത്. അതുകൊണ്ടുതന്നെ ഈ അഞ്ചിടങ്ങളില്‍ ഏറ്റവും തിളക്കമാര്‍ന്ന വിജയം ആരുടേതാണെന്നു ചോദിച്ചാല്‍ അതിനുത്തരം തൃണമൂല്‍ എന്നു തന്നെയെന്നായിരിക്കും. നന്ദിഗ്രാമില്‍ മമത തോറ്റത് ഈ വിജയത്തിന്റെ തിളക്കം ഒട്ടും തന്നെ ചോര്‍ത്തിക്കളയുന്നില്ല. 2016-ലേതിനക്കോള്‍ മികച്ച വിജയത്തോടെ ബംഗാളില്‍ തൃണമൂല്‍ അധികാരം നിലനിര്‍ത്തുമ്പോള്‍ അതിന്റെ ക്രെഡിറ്റ് ഈ അറുപത്താറുകാരിക്ക് നല്‍കാന്‍ ഒട്ടും തന്നെ സംശയിക്കേണ്ടതില്ല.

കരുണാനിധിയുടെ മകന്‍ എന്ന നിലയ്ക്കല്ല, സ്വന്തം നിലയ്ക്കാണ് തമിഴകത്ത് സ്റ്റാലിന്‍ വിജയം കൊയ്തിരിക്കുന്നത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി തമിഴക രാഷ്ട്രീയത്തില്‍ സ്റ്റാലിനുണ്ട്. തനിക്ക് ശേഷം കളത്തിലിറങ്ങിയ ജയലളിത ഇതിനിടയില്‍ അഞ്ച് തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് സ്റ്റാലിന്‍ കണ്ടുനിന്നു. ഇനിയിപ്പോള്‍ സ്റ്റാലിന്റെ ഊഴമാണ്. ജയലളിതയില്ലാത്ത എ.ഐ.എ.ഡി.എം.കെ. തകര്‍ന്ന് തരിപ്പണമാവുമെന്ന കണക്കുകൂട്ടലുകള്‍ തകര്‍ത്ത് പാര്‍ട്ടിയെ ഒന്നിച്ച് നിര്‍ത്തിയ എടപ്പാടി പളനിസാമി സാമാന്യം നല്ലൈാരു പോരാട്ടമാണ് നടത്തിയത്. തമിഴകത്ത് എ.ഐ.എ.ഡി.എം.കെ. ഇപ്പോഴും പ്രസക്തമാണെന്ന് തെളിയിച്ച പോരാട്ടം. അതുകൊണ്ടുതന്നെ ഈ വരുന്ന അഞ്ച് കൊല്ലം കരുതലോടെ നീങ്ങാന്‍ സ്റ്റാലിനായില്ലെങ്കില്‍ ഡി.എം.കെയ്ക്ക് മുന്നില്‍ കടുത്ത വെല്ലുവിളി ഉയരുമെന്നുറപ്പാണ്.

ബി.ജെ.പിക്കെതിരെ അഖിലേന്ത്യ തലത്തില്‍ ഉയരുന്ന പ്രതിപക്ഷ കൂട്ടായ്മയില്‍ മുഖ്യറോളിലേക്ക് മമത എത്താനുള്ള സാദ്ധ്യത വളരെ വലുതാണ്. പിണറായിയും സ്റ്റാലിനും അവരുടെ തട്ടകങ്ങള്‍ വിട്ട് പുറത്തേക്ക് വരുമെന്ന് കരുതാനാവില്ല. കേരളത്തിനും തമിഴകത്തിനുമപ്പുറത്തുള്ള കളികളില്‍ ഇരുകൂട്ടര്‍ക്കും വലിയ താല്‍പര്യമുണ്ടാവില്ല. മമത പക്ഷേ, അതിന് മുതിര്‍ന്നേക്കും. കേന്ദ്രത്തില്‍ മന്ത്രിയായിരുന്ന അനുഭവസമ്പത്തും മതയ്ക്കുണ്ട്. ഇംഗ്ളീഷും ഹിന്ദിയും നന്നായി കൈകാര്യം ചെയ്യാനാറിയാം എന്നതും മമതയുടെ പ്ലസ് പോയിന്റാണ്.

കോണ്‍ഗ്രസും ഇടതുപക്ഷവുമായി ചേര്‍ന്ന് അഖിലേന്ത്യാ തലത്തില്‍ ഉയര്‍ന്നേക്കാവുന്ന ഒരു വിശാല പ്രതിപക്ഷ സഖ്യത്തിന്റെ മുന്‍നിരയിലേക്ക് മമത കടന്നുവന്നാല്‍ അത് ബി.ജെ.പിക്ക് ഉയര്‍ത്തുന്ന വെല്ലുവിളി നിസ്സാരമാവില്ല.

വഴിയില്‍ കേട്ടത്: പി.സി. ജോര്‍ജിന് പൂഞ്ഞാറിലെ എം.എല്‍.എ. ഓഫീസ് അടച്ചുപൂട്ടാം. ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരാള്‍ തോറ്റു കാണണമെന്ന് പാര്‍ട്ടി ഭേദമന്യെ ജനങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അത് ഈ 'മാന്യ'ദേഹമായിരിക്കും. ഇതുപോലെ അലവലാതിത്തരം കാണിച്ച ഒരാള്‍ വീണ്ടും നിയമസഭയില്‍ എത്തിയിരുന്നെങ്കില്‍ അതുപോലൊരു അപമാനം കേരളത്തിന് മറ്റൊന്നുണ്ടാവുമായാരുന്നില്ല.

Content Highlights: Mamata, Stalin and Pinarayi creating history | Vazhipokkan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented