തീയേറ്റര്‍ പഴയ തീയേറ്ററല്ല; 'പ്രകൃതിപ്പട'ങ്ങളില്‍ മുഷിയുന്നോ പ്രേക്ഷകര്‍ | ഷോ റീല്‍


എന്‍.പി.മുരളീകൃഷ്ണന്‍ലോകസിനിമയിലാകെയുള്ള മാന്ദ്യത്തിന്റെ സമാനതയാണ് മലയാളത്തിലും പ്രതിഫലിക്കുന്നതെന്നു പറയാമെങ്കിലും കാണികളെ ആകര്‍ഷിക്കത്തക്ക തിയേറ്റര്‍ അനുഭവങ്ങള്‍ സമ്മാനിക്കുന്നതില്‍ മലയാള സിനിമ തീര്‍ത്തും പിറകോട്ടാണ്. 

.

വര്‍ഷം ഇതുവരെ പുറത്തിറങ്ങിയത് 113 മലയാളം സിനിമകളാണ്. വര്‍ഷം പകുതി മാത്രം പിന്നിടുമ്പോള്‍ ഇത് സര്‍വകാല റെക്കോഡാണ്. തീയേറ്ററിനൊപ്പം ഒടിടി പ്ലാറ്റ്‌ഫേം കൂടി സജീവമായ സാഹചര്യത്തിലാണ് ഇത്രയും സിനിമകളുടെ റിലീസിംഗ് സാധ്യമായത്. 36 സിനിമകളാണ് ജൂണ്‍ വരെ ഡയറക്ട് ഒടിടി റിലീസ് ആയത്. ഒരെണ്ണം ടെലിവിഷന്‍ പ്രീമിയര്‍ ആയിരുന്നു. ബാക്കിയുള്ളവ തീയേറ്ററില്‍ റിലീസ് ചെയ്യുകയും തുടര്‍ന്ന് ഒടിടി വഴിയും പ്രേക്ഷകരിലെത്തി. ഒടിടി പ്ലാറ്റ്‌ഫോം ജനകീയമായതിനൊപ്പം കോവിഡ് പ്രതിസന്ധിക്കുശേഷം തീയേറ്റര്‍ റിലീസ് പഴയപടിയാകുകയും ചെയ്ത വര്‍ഷം കൂടിയാണിത്.

മേല്‍പ്പറഞ്ഞ കണക്കുകള്‍ മലയാള സിനിമാ വ്യവസായത്തെ സംബന്ധിച്ച് ആശാവഹമാണെങ്കിലും കാണികളെ ആകര്‍ഷിക്കുന്നതില്‍ മലയാള സിനിമയുടെ ഗ്രാഫ് കുത്തനെ താഴോട്ടാണ്. ഈ വര്‍ഷം ഇത്രയധികം സിനിമകളിറങ്ങിയിട്ടും പ്രേക്ഷകരുടെ സജീവശ്രദ്ധ ആകര്‍ഷിക്കാനായവയുടെ എണ്ണം തുലോം തുച്ഛം. സിനിമകളില്‍ വളരെ കുറച്ചെണ്ണത്തിന്റെ മാത്രമേ പേരു പോലും കാണികള്‍ ഓര്‍ത്തിരിക്കുന്നുള്ളൂ. കോവിഡിനുശേഷം പഴയ ഊര്‍ജം വീണ്ടെടുക്കാത്ത ഒരു മേഖല സിനിമയാണ്. ലോകസിനിമയിലാകെയുള്ള മാന്ദ്യത്തിന്റെ സമാനതയാണ് മലയാളത്തിലും പ്രതിഫലിക്കുന്നതെന്നു പറയാമെങ്കിലും കാണികളെ ആകര്‍ഷിക്കത്തക്ക തീയേറ്റര്‍ അനുഭവങ്ങള്‍ സമ്മാനിക്കുന്നതില്‍ മലയാള സിനിമ തീര്‍ത്തും പിറകോട്ടാണ്.

കോവിഡില്‍ പ്രതിസന്ധിയിലായ ജീവിതം രണ്ടറ്റം മുട്ടിക്കാനുള്ള പെടാപ്പാടിലാണ് സാമാന്യജനം. അപ്പോള്‍ സ്വാഭാവികമായും അവരുടെ തിരഞ്ഞെടുപ്പില്‍ തീരെ താഴെ മാത്രമാണ് സിനിമയുള്‍പ്പെടെയുള്ള 'എന്റര്‍ടെയ്ന്‍മെന്റു'-കളുടെ ഇടം. പതിയെപ്പതിയെ ജീവിതം തിരികെപ്പിടിച്ച ശേഷം മാത്രമായിരിക്കും അവര്‍ സിനിമയിലേക്ക് ശ്രദ്ധവയ്ക്കുക. എന്നാല്‍ ദിവസജീവിതത്തിലെ വിരസതയകറ്റാന്‍ എല്ലാക്കാലവും സിനിമയുള്‍പ്പെടെയുള്ള വിനോദോപാധികളെ ആശ്രയിക്കുന്നവരാണ് മനുഷ്യര്‍. ഏതു വല്ലായ്കയിലും ഇത്തിരി സ്വാസ്ഥ്യവും സന്തോഷവും അവര്‍ ആഗ്രഹിക്കുന്നുണ്ട്. അപ്പോള്‍ തീര്‍ച്ചയായും ജനപ്രിയകല എന്ന നിലയില്‍ സിനിമയ്ക്ക് പരിഗണനയുണ്ടാകും. അവര്‍ക്ക് ആസ്വദ്യകരമായ സിനിമകള്‍ നല്‍കിയാല്‍ ജനം തിരികെ തീയേറ്ററിലെത്തുമെന്ന് തീര്‍ച്ചയാണ്. ഇതിലാണ് മലയാള സിനിമ പിറകോട്ടുപോകുന്നതും ശ്രദ്ധ വയ്‌ക്കേണ്ടതും.

കോവിഡ് കാലത്ത് രണ്ടര വര്‍ഷത്തിനിടെ മൂന്നുതവണ തീയേറ്ററുകള്‍ അടയ്ക്കുകയും താത്കാലികമായി തുറക്കുകയും ചെയ്യുകയുണ്ടായി. കോവിഡ് ഭീതി കുറഞ്ഞ കഴിഞ്ഞ ഒക്ടോബര്‍ മധ്യത്തോടെ പൂര്‍ണതോതില്‍ തുറന്നു. ഇതിനെ തുടര്‍ന്ന് സൂപ്പര്‍താരങ്ങളുടേതുള്‍പ്പെടെയുള്ള സിനിമകള്‍ തീയേറ്ററിലെത്തി. എന്നാല്‍ ഉറപ്പായും തീയേറ്ററില്‍ പോയി തന്നെ കാണണമെന്ന് തോന്നിക്കുന്ന ഒരു സിനിമയും തുടര്‍ന്നുള്ള ഒമ്പത് മാസങ്ങളില്‍ ഉണ്ടായില്ല. ഈ കാലയളവില്‍ തീയേറ്ററില്‍ സാമാന്യവിജയം നേടിയതാകട്ടെ നാലോ അഞ്ചോ എണ്ണം മാത്രവും. ശ്രീനാഥ് രാജേന്ദ്രന്റെ ദുല്‍ഖര്‍ ചിത്രം കുറുപ്പ് ആയിരുന്നു കോവിഡിനു ശേഷമുള്ള ആദ്യ പ്രധാന റിലീസ്. നിശ്ചിത വിഭാഗം പ്രേക്ഷകരെ തീയേറ്റററിലെത്തിക്കാന്‍ ഈ സിനിമയ്ക്കായി. മിശ്ര പ്രതികരണമായിരുന്നുവെങ്കിലും കോവിഡിനു ശേഷവും ആളുകള്‍ തീയേറ്ററില്‍ കയറും എന്നൊരു പ്രതീതി സൃഷ്ടിക്കാന്‍ ഈ സിനിമയ്ക്കായി. മലയാളത്തിലെ ഏറ്റവും പ്രീപബ്ലിസിറ്റി നേടിയെടുക്കാനായ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസും ഇതിനെ തുടര്‍ന്നുണ്ടായി. മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വലിയ വരവേല്‍പ്പ് ലഭിച്ചെങ്കിലും പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ ഈ സിനിമ പിറകോട്ടുപോയി. മരയ്ക്കാര്‍ വിജയമായിരുന്നെങ്കില്‍ കോവിഡിനു ശേഷമുള്ള മലയാള സിനിമാ വ്യവസായത്തിനാകെ ഉണര്‍വ് പകരാനാകുമായിരുന്നു. തിരക്കഥയിലോ അവതരണത്തിലോ പുതുമ സൃഷ്ടിക്കാനാകാതെ പോയ ഈ സിനിമ തീയേറ്റര്‍ വിപണിയെ പിറകോട്ടടിപ്പിക്കാനേ സഹായിച്ചുള്ളൂ.

മോഹന്‍ലാലിനെ പോലെ വലിയ ആരാധകവൃന്ദവും പ്രേക്ഷകരെ തീയേറ്ററിലെത്തിക്കാനുള്ള കരിസ്മയും കൈമുതലായുള്ള ഒരു സൂപ്പര്‍താരത്തിനു മാത്രമേ കോവിഡില്‍ തകര്‍ന്നുപോയ കേരളത്തിലെ വിനോദ വ്യവസായത്തെ താങ്ങിനിര്‍ത്താനാകുമായിരുന്നുള്ളൂ. മോഹന്‍ലാലിന്റെ താരമൂല്യത്തെയും ഹീറോയിക് പരിവേഷത്തെയും ചൂഷണം ചെയ്യുന്ന ഒരു സിനിമയായിരുന്നു വേണ്ടിയിരുന്നത്. അതാണ് ബി.ഉണ്ണികൃഷ്ണന്റെ നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടിലൂടെ പ്രേക്ഷകരും ഇന്‍ഡസ്ട്രിയും പ്രതീക്ഷിച്ചത്. മുന്‍കാല മോഹന്‍ലാല്‍ ജനപ്രിയ കഥാപാത്രങ്ങളുടെയും സംഭാഷണങ്ങളുടെയും സ്പൂഫ് ചിത്രീകരണത്തില്‍ ഒതുങ്ങിയ ആറാട്ടിനും ഒന്നോ രണ്ടോ ദിവസത്തില്‍ കൂടുതല്‍ പ്രേക്ഷകരെ തീയേറ്ററിലേക്ക് ആകര്‍ഷിക്കാനായില്ല. ഒരു മികച്ച മോഹന്‍ലാല്‍ മാസ് എന്റര്‍ടെയ്‌നറിന് തിയേറ്ററുകളിലേക്ക് ആളുകളെ വലിയ തോതില്‍ എത്തിക്കാനും ഈ വിജയത്തിന്റെ ഉണര്‍വില്‍ മറ്റുള്ള സിനിമകള്‍ക്ക് ആത്മവിശ്വാസത്തോടെ തീയേറ്ററുകളിലെത്താനും സാധിക്കുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഒരു പുലിമുരുകനോ ദൃശ്യമോ സൃഷ്ടിക്കാന്‍ മോഹന്‍ലാലിന് സാധിക്കുകയുണ്ടായില്ല. സിബിഐ സീരിസിന്റെ അഞ്ചാംഭാഗമായിരുന്നു ഇതുപോലെ ക്രൗഡ്പുള്ളര്‍ ഇമേജ് സൃഷ്ടിക്കാന്‍ പോന്ന മറ്റൊരു ചിത്രം. മമ്മൂട്ടിയുടെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളിലൊന്നായ സേതുരായ്യര്‍ 17 വര്‍ഷങ്ങള്‍ക്കു ശേഷം പ്രേക്ഷകര്‍ക്കു മുന്നിലെത്തിയിട്ടും തീയേറ്ററില്‍ യാതൊരു ചലനവുമുണ്ടാക്കാനായില്ല.

കോവിഡിനുശേഷം ജനകീയത വീണ്ടെടുക്കാനുള്ള തീയേറ്ററുകളുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന ഈ ചിത്രങ്ങളാണ് മലയാള സിനിമാ വ്യവസായത്തിന് ഏറ്റവും വലിയ തിരിച്ചടിയായത്. ഇതില്‍നിന്ന് മുക്തമാകാന്‍ ഇനിയും കേരളത്തിലെ ഏഴുന്നൂറിനടുത്തു വരുന്ന സ്‌ക്രീനുകള്‍ക്കായിട്ടില്ല. പ്രവര്‍ത്തനം നഷ്ടത്തിലായി തീയേറ്ററുകള്‍ ഓഡിറ്റോറിയങ്ങളും കല്യാണമണ്ഡപങ്ങളുമായി മാറിയിരുന്ന പ്രവണതയെ മറികടന്ന് മള്‍ട്ടിപ്ലക്‌സ് കാലത്തെ പ്രതീക്ഷയോടെയാണ് സിനിമാ വ്യവസായം എതിരേറ്റത്. ചെറുചെറു പട്ടണങ്ങളിലെല്ലാം രണ്ടോ മൂന്നോ ചെറു തീയേറ്ററുകള്‍ ഉള്‍പ്പെട്ട മള്‍ട്ടിപ്ലക്‌സുകള്‍ രൂപപ്പെട്ടതോടെ തീയേറ്ററുകള്‍ പുനരുജ്ജീവനപാത തേടുകയായിരുന്നു. ഗ്രാമീണ പട്ടണങ്ങളിലുള്‍പ്പെടെ നിലവാരമുള്ള തീയേറ്ററുകള്‍ വരികയും പുതിയ സിനിമകള്‍ റിലീസ് ചെയ്യുകയും ചെയ്യുന്ന പതിവ് ആരംഭിച്ചതോടെ സിനിമ കാണാന്‍ കുടുംബത്തോടെ തീയേറ്ററില്‍ പോകുന്ന പതിവിലേക്ക് ഒരിടവേളയ്ക്കു ശേഷം ആളുകള്‍ തിരിച്ചെത്തിയതായിരുന്നു. ഈ ഘട്ടത്തിലാണ് കോവിഡ് തിരിച്ചടിയാകുന്നത്.

കോവിഡ് ഭീതി ആളുകളില്‍നിന്ന് തെല്ല് വിട്ടുപോയ സ്ഥിതിക്ക് നിലവാരമുള്ള സിനിമകളൊരുക്കി അവരെ തിയേറ്ററിലേക്ക് ആകര്‍ഷിക്കുകയാണ് ഇനി സിനിമാ മേഖല ചെയ്യേണ്ടത്. ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ അമല്‍നീരദിന്റെ ഭീഷ്മപര്‍വ്വം, വിനീത് ശ്രീനിവാസന്റെ ഹൃദയം എന്നിവയ്ക്കു മാത്രമാണ് ആളുകളെ തീയേറ്ററിലെത്തിക്കാനായത്. എന്നാല്‍ പ്രേക്ഷകര്‍ക്ക് പൂര്‍ണതൃപ്തി നല്‍കാനാകുന്നതില്‍ ഈ സിനിമകള്‍ക്കും വിജയിക്കാനാകുന്നില്ല. തമ്മില്‍ ഭേദം, തരക്കേടില്ലാത്തത് തുടങ്ങിയ പ്രതികണങ്ങളാല്‍ കുറച്ചു ദിവസം തീയേറ്ററുകള്‍ സജീവമായെന്നു മാത്രം. ജനത്തെ സാമാന്യം ആകര്‍ഷിക്കാനായ ഭീമന്റെ വഴി, ജാനേമന്‍, അജഗജാന്തരം, സൂപ്പര്‍ ശരണ്യ, ജനഗണമന, ജോ ആന്റ് ജോ തുടങ്ങിയ സിനിമകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മഞ്ജുവാര്യര്‍, ജയസൂര്യ, ആസിഫലി, ടൊവിനോ തോമസ് തുടങ്ങി താരമൂല്യമുള്ളവരുടെ ഒന്നിലേറെ സിനിമകള്‍ ഇക്കാലയളവില്‍ തീയേറ്ററിലെത്തിയെങ്കിലും പ്രത്യേകിച്ച് ഒരു ഗുണവും ഇന്‍ഡസ്ട്രിക്ക് നല്‍കാനായില്ല. തലമുറകളുടെ ജനപ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട് തന്റെ ഹിറ്റ് നായകന്‍ ജയറാമുമൊത്ത് എത്തിയെങ്കിലും മകള്‍ എന്ന ഈ സംരംഭം എന്തെങ്കിലും പുതുമ സൃഷ്ടിച്ച് പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ പരാജയമായി.

സിനിമ എന്നാല്‍ തീയേറ്റര്‍ അനുഭവമാണെന്ന നിഷ്‌കര്‍ഷ വച്ചുപുലര്‍ത്തുന്ന ഒരു വിഭാഗം കാണികളും നിരന്തരം തിയേറ്ററില്‍ സിനിമ കണ്ട് ശീലമുള്ള സിനിമാപ്രേമികളും മാത്രമാണ് ഇപ്പോള്‍ തീയേറ്ററിലെത്തുന്നത്. ഈ തീരെച്ചെറിയ വിഭാഗം ഒന്നോരണ്ടോ ദിവസം കൊണ്ട് സിനിമ കണ്ടുതീരും. ബാക്കിയുള്ള ദിവസങ്ങള്‍ ആളും ആരവവുമില്ലാതെയാണ് ഭൂരിഭാഗം തിയേറ്ററുകളും മുന്നോട്ടുപോകുന്നത്. അടുത്തിടെ പുറത്തിറങ്ങിയ താരസിനിമകളായ നാരദന്‍, ജോണ്‍ ലൂഥര്‍, മേരി ആവാസ് സുനോ, ജാക്ക് ആന്റ് ജില്‍, ഡിയര്‍ ഫ്രണ്ട്, വാശി, കുറ്റവും ശിക്ഷയും എന്നീ സിനിമകളുടെയെല്ലാം സ്ഥിതി ഇതാണ്. മിക്ക തിയേറ്ററുകളും പത്തോ പതിനഞ്ചോ കാണികളെ വച്ചാണ് സിനിമ ഓടിക്കുന്നത്. നിശ്ചിത എണ്ണം കാണികളില്ലാതെ പ്രദര്‍ശനം നടത്താത്ത തിയേറ്ററുകളും ഒട്ടേറെയാണ്. നഗരങ്ങളെ അപേക്ഷിച്ച് ചെറുപട്ടണങ്ങളിലെയും ഗ്രാമീണ മേഖലയിലെയും തിയേറ്ററുകളുടെ സ്ഥിതി കൂടുതല്‍ ശോചനീയമാണ്. പണ്ട് നിലവാരമില്ലാത്ത തീയേറ്ററുകളാണ് ആസ്വാദനത്തിന് തടസ്സമായിരുന്നതെങ്കില്‍ മികച്ച സിനിമകളുടെ അഭാവമാണ് ഇപ്പോള്‍ കാണികളെ അകറ്റുന്നത്.

കോവിഡിന് മുമ്പ് നിര്‍മാണജോലികള്‍ പൂര്‍ത്തിയായവയാണ് ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ വലിയൊരു വിഭാഗവും. ഇവയില്‍ ഭൂരിഭാഗം സിനിമകളുടെയും പേരുകള്‍ പോലും ആളുകള്‍ ഓര്‍ത്തിരിക്കുന്നില്ല. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുകയും വലിയൊരു ജനക്കൂട്ടത്തെ ആകര്‍ഷിക്കുകയും നിരന്തരം ഹൗസ്ഫുള്‍ ഷോകള്‍ കളിക്കുകയും ചെയ്യുന്ന ഒരു സിനിമ കോവിഡിനു ശേഷം ഇനിയുമുണ്ടായിട്ടില്ല. അത്തരമൊരു സിനിമ സാധ്യമായാല്‍ മാത്രമേ സിനിമാ വിപണിക്ക് ആലസ്യം വിട്ടുണരാനും മുന്നോട്ടുപോക്കിന് തടസ്സമില്ലാതിരിക്കുകയും ചെയ്യൂ. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് പ്രേക്ഷകര്‍ക്ക് വേണ്ടതെന്തെന്ന് തിരിച്ചറിഞ്ഞുള്ള സിനിമകളാണ് ഇനി നിര്‍മിക്കപ്പെടേണ്ടത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മലയാളി പ്രേക്ഷകര്‍ ഏറ്റവുമധികം കണ്ട സിനിമകളെല്ലാം ഒടിടി റിലീസുകള്‍ ആയിരുന്നുവെന്നത് ശ്രദ്ധേയമാണ്. ദൃശ്യം-2, ജോജി, മാലിക്ക്, ചുരുളി, ഹോം, മിന്നല്‍ മുരളി, ബ്രോ ഡാഡി, പുഴു, ട്വല്‍ത് മാന്‍ തുടങ്ങിയവയാണ് ഈ ഒടിടി ഹിറ്റുകള്‍. ഇവ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ വിജയം നേടിയെങ്കിലും ഈ മാതൃകയിലുള്ള സിനിമകളാണ് കാണികള്‍ ആഗ്രഹിക്കുന്നതെന്ന് ഉറപ്പിക്കുക വയ്യ. ഈ സിനിമകളില്‍ തന്നെ ദൃശ്യവും മിന്നല്‍ മുരളിയും ബ്രോ ഡാഡിയും മാറ്റിനിര്‍ത്തിയുള്ള സിനിമകള്‍ തീയേറ്റര്‍ വിജയമാകാനിടയില്ലാത്തവയാണ്. ഒടിടി മാതൃകയിലുള്ള സിനിമകള്‍ തിയേറ്ററില്‍ വലിയൊരു വിഭാഗം കാണികളെ സൃഷ്ടിക്കുമെന്നത് ഉറപ്പു പറയാനാവില്ല. വിപണിമൂല്യമുള്ള താരങ്ങളും നിര്‍മ്മാണ കമ്പനികളും തങ്ങളുടെ സുരക്ഷിതത്വവും ലാഭവും ഉറപ്പാക്കാന്‍ ഒടിടി സാധ്യത തേടിപ്പോകുന്ന രീതിയും നിലനില്‍ക്കുന്നുണ്ട്. മുന്‍നിര താരങ്ങളുടേതായി ഒരു വര്‍ഷത്തിനിടെ പുറത്തിറങ്ങിയ സിനിമകളില്‍ പകുതിയില്‍ കൂടുതല്‍ ശതമാനവും ഒടിടി വഴിയാണ്.

മലയാള സിനിമ കഴിഞ്ഞ ഒരു പതിറ്റാണ്ടായി നിലനിര്‍ത്തിപ്പോരുന്ന റിയലസ്റ്റിക്ക് പാതയോട് ഒരു വിഭാഗം കാണികള്‍ക്ക് മാത്രമാണ് പഥ്യം. മറിച്ചൊരു വിഭാഗം കാണികളും സിനിമാ മേഖലയിലുള്ളവര്‍ തന്നെയും 'പ്രകൃതിപ്പടങ്ങള്‍' എന്നു വിളിച്ച് ഈ ധാരയോടുള്ള മടുപ്പ് വ്യക്തമാക്കിക്കഴിഞ്ഞു. എന്റര്‍ടെയ്ന്‍മെന്റ് മൂല്യങ്ങള്‍, പരമ്പരാഗത കഥപറച്ചില്‍ ശൈലി, ക്ലിഷേ, ഫാന്റസി തുടങ്ങിയവയോട് പ്രതിപത്തിയുള്ള വലിയൊരു വിഭാഗം കാണികളുണ്ടെന്നതിനു തെളിവാണ് പുഷ്പ, ആര്‍ആര്‍ആര്‍, കെജിഎഫ് 2, വിക്രം എന്നീ അന്യഭാഷാ സിനിമകള്‍ വിജയം കണ്ടതിനു പിന്നില്‍. തങ്ങളുടെ അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ വന്നാല്‍ തീയേറ്ററില്‍ കയറുമെന്ന കാണികളുടെ പ്രഖ്യാപനമായിരുന്നു ഈ സിനിമകളുടെ തീയേറ്റര്‍ വിജയം. അതേസമയം ക്ലിഷേകളെ അപ്പാടെ വിഴുങ്ങാന്‍ പ്രേക്ഷകര്‍ ഒരുക്കമല്ല എന്നതിനു തെളിവായിരുന്നു അണ്ണാത്തെ, വലിമൈ, ബീസ്റ്റ് തുടങ്ങിയ സൂപ്പര്‍താര സിനിമകളുടെ പരാജയം.

കോവിഡ് കാലത്ത് പരിചയപ്പെടുകയും പിന്നീട് ജനകീയമാകുകയും ചെയ്ത ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വരിക്കാര്‍ ഇപ്പോള്‍ ഏതു ഗ്രാമാന്തരങ്ങളിലുമുണ്ട്. ഒരാള്‍ സബ്‌സ്‌ക്രൈബ് ചെയ്ത് ഒന്നിലധികം പേര്‍ക്ക് ഷെയര്‍ ചെയ്യുകയും വീട്ടുകാര്‍ക്ക് ഒന്നിച്ചിരുന്ന് കാണുകയും ചെയ്യാനുള്ള മാര്‍ഗം ഉള്ളപ്പോള്‍ ആളുകള്‍ തീയേറ്ററില്‍ പോകാന്‍ മടിക്കും. തീയേറ്ററില്‍ റിലീസ് ചെയ്ത സിനിമകളും രണ്ടാഴ്ച കഴിഞ്ഞ് ഒടിടിയില്‍ എത്തുന്നു. അപ്പോള്‍ പിന്നെ വലിയ ചെലവില്‍ എന്തിന് തീയേറ്ററില്‍ പോകണം എന്ന് സ്വാഭാവികമായും ആള്‍ക്കാര്‍ ചിന്തിക്കുന്നു. അതില്‍ക്കവിഞ്ഞ് അവരെ ആകര്‍ഷിക്കത്തക്ക തിയേറ്റര്‍ എക്‌സ്പീരിയന്‍സുകള്‍ മലയാളത്തില്‍ ഉണ്ടാകുന്നുമില്ല.
Also Watch

Content Highlights: Malayalam movies fail to bring back audience to cinema hall

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented