പ്രേക്ഷകരായിരുന്നില്ല,സിനിമയാണ്‌ കാണികളില്‍നിന്ന് അകന്നത്; 2018 ഓര്‍മ്മപ്പെടുത്തുന്നത് | Showreel


By എന്‍.പി. മുരളീകൃഷ്ണന്‍

5 min read
Read later
Print
Share

'2018' സിനിമയുടെ ടൈറ്റിൽ പോസ്റ്റർ

ബിഗ് സ്‌ക്രീനില്‍ തന്നെ കാണണമെന്നു തോന്നിപ്പിക്കുന്ന ഒരു സിനിമ വന്നാല്‍ പ്രേക്ഷകര്‍ മൊബൈല്‍ ഫോണിന്റെ ചെറുചതുരത്തില്‍നിന്ന് തിയേറ്ററിലേക്ക് തിരിച്ചെത്തും. കാണികള്‍ ഒരിക്കലും സിനിമയില്‍നിന്ന് അകന്നിരുന്നില്ല. സിനിമയാണ് അവരില്‍നിന്ന് അകന്നത്. എന്തെങ്കിലും പുതുമ സമ്മാനിക്കുന്ന ഒന്നാണെന്ന് തോന്നിയാല്‍ ആ സിനിമയെ പ്രേക്ഷകര്‍ കൈവിടാറില്ല. ഈ വര്‍ഷം മെയ് മാസം വരെ മലയാളത്തില്‍ സംഭവിച്ച ഏക തിയേറ്റര്‍ ഹിറ്റായ 'രോമാഞ്ചം' തന്നെ ഇതിലെ ഏറ്റവും പുതിയ ഉദാഹരണം. പുതുമയോ ആസ്വാദനക്ഷമതയോ നല്‍കുന്നതില്‍ ജനപ്രിയകല പരാജയപ്പെടുമ്പോഴാണ് ആളുകള്‍ അതില്‍നിന്ന് അകലുന്നതും.

കോവിഡ് രൂപപ്പെടുത്തിയ പ്രതിസന്ധിയും കോവിഡ് കാലത്ത് ആളുകളുടെ സിനിമാസ്വാദന ശീലത്തെ നിലനിര്‍ത്തിയ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുടെ വ്യാപനവും ജനകീയതയും പാടേ തളര്‍ത്തിയ തിയേറ്റര്‍ വ്യവസായം പതിയെ തിരിച്ചുവരവിന്റെ പാതയിലാണ്. കാണികളെ ആകര്‍ഷിക്കും വിധമുള്ള സിനിമകളൊരുക്കി ഒ.ടി.ടി., ടെലിവിഷന്‍ സ്‌ക്രീനില്‍നിന്നു ബിഗ് സ്‌ക്രീനിലേക്ക് തിരികെയെത്തിക്കുകയെന്ന വലിയ ഉത്തരവാദിത്തം കൂടിയായിരുന്നു കോവിഡാനന്തര ചലച്ചിത്ര, തിയേറ്റര്‍ വ്യവസായത്തിന് ഉണ്ടായിരുന്നത്. ബിഗ് ബജറ്റ്-പോപ്പുലര്‍ കാരക്ടര്‍ സിനിമകള്‍ നിര്‍മിച്ചാണ്ലോകമെങ്ങുമുള്ള സിനിമാ വിപണി ഈ പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിച്ചത്. സ്‌പൈഡര്‍മാന്‍, ജെയിംസ്‌ബോണ്ട്, അവഞ്ചേഴ്‌സ്, ബ്ലാക്ക് പാന്തര്‍, ജുറാസിക് വേള്‍ഡ്, അവതാര്‍ സീരിസുകള്‍ കോവിഡിനു ശേഷം തിയേറ്ററിലെത്തിച്ചാണ് ഹോളിവുഡ് മാന്ദ്യത്തെ മറികടന്നത്. ഇന്ത്യന്‍ സിനിമയും ഈ മാതൃകയാണ് തിയേറ്ററിലേക്ക് പ്രേക്ഷകരെ തിരികെയത്തിക്കാന്‍ അവലംബിച്ചത്. തെലുങ്ക്, തമിഴ്, കന്നട ഇന്‍ഡസ്ട്രികള്‍ കുറേക്കൂടി വേഗത്തില്‍ വന്‍ ബജറ്റ് സിനിമകളിലൂടെ ഇതു നേടിയെടുത്തെങ്കിലും ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രം 'പത്താനി'ലൂടെയാണ് ബോളിവുഡ് ദീര്‍ഘകാലം നീണ്ടുപോയ മാന്ദ്യത്തെ മറികടന്നത്.

മറ്റ് ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് താരതമ്യേന വലിയ മുതല്‍മുടക്കിലുള്ള സിനിമകള്‍ അത്രകണ്ട് ഫലപ്രദമല്ലാത്ത മലയാളത്തിന് കാണികളെ തിരികെയെത്തിക്കാന്‍ പിന്നെയും സമയമെടുത്തു. കോവിഡിനു ശേഷമുള്ള കാലയളവില്‍ ഹിറ്റുകളുണ്ടായെങ്കിലും ദിവസങ്ങളോളം കാണികളെ തിയേറ്ററിലേക്ക് ആകര്‍ഷിക്കുകയും ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം സൂപ്പര്‍ ഹിറ്റാകുകയും ചെയ്യുന്നൊരു സിനിമയുണ്ടാകാന്‍ ഈ വര്‍ഷം പകുതിയോളമെടുത്തു. കേരളം നേരിട്ട 2018 ലെ വലിയ പ്രളയദുരിതത്തിന്റെ ചലച്ചിത്രഭാഷ്യമൊരുക്കി ജൂഡ് അന്റണി ജോസഫ് ആണ് പ്രേക്ഷകരെ വീണ്ടും തിയേറ്ററിലെത്തിക്കാന്‍ മുന്‍കൈയടുത്തത്. കഴിഞ്ഞ ആറു മാസക്കാലത്തിനിടെ ഒറ്റ ഹിറ്റ് മാത്രമുണ്ടായ മലയാളത്തിന് കോവിഡിനു ശേഷമുള്ള കാലയളവില്‍ പുലിമുരുകനോ ലൂസിഫറോ പോലെ തിയേറ്ററുകളില്‍ വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കാനും അതിവേഗം 100 കോടി ക്ലബ്ബില്‍ ഇടം നേടാനും സാധിക്കുന്നൊരു സിനിമ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. ഈ കാലയളവില്‍ 100 കോടി ക്ലബ്ബ് നേട്ടം അവകാശപ്പെട്ട സിനിമകളാകട്ടെ സാറ്റലൈറ്റ്, ഒടിടി, മറ്റ് പരസ്യ, വിപണന സാധ്യതകളിലൂടെയാണ് ഈ മാജിക്കല്‍ നമ്പറിലെത്തിയത്.

തങ്ങളെ എന്തെങ്കിലും തരത്തില്‍ ആകര്‍ഷിക്കാത്ത സിനിമകളെ പ്രേക്ഷകര്‍ കൈയൊഴിയുകയും അവര്‍ ഒ.ടി.ടി. സ്ട്രീമിങ്ങുകളിലേക്ക് ചുരുങ്ങുകയുമായിരുന്നു. ഇതോടെ കേരളത്തിലെ തിയേറ്റര്‍ വ്യവസായം മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. മിക്ക തിയേറ്ററുകളിലും ആളില്ലാതെ പ്രദര്‍ശനം മുടങ്ങുന്നത് പതിവായി. മാളുകള്‍ ഉള്‍പ്പെടെയുള്ളവയിലെ മള്‍ട്ടി സ്‌ക്രീനുകളില്‍ പലതും പ്രദര്‍ശനം നിലച്ച അവസ്ഥയിലായിരുന്നു. അന്യഭാഷാ ചിത്രങ്ങളായിരുന്നു പല തിയേറ്ററുകളെയും അല്‍പ്പമെങ്കിലും നിലനിര്‍ത്തിയത്. സാധാരണ പ്രധാന റിലീസുകള്‍ എത്തുന്ന വിഷു-ഈസ്റ്റര്‍-പെരുന്നാള്‍ ഉത്സവകാലത്തും വേനലവധിക്കാലത്തും തിയേറ്ററുകളുടെ തൽസ്ഥിതി തുടര്‍ന്നു. ഏപ്രില്‍ അവസാനം റിലീസ് ചെയ്ത മണിരത്‌നത്തിന്റെ പൊന്നിയന്‍ സെല്‍വന്‍-2, അഖില്‍ സത്യന്റെ ഫഹദ് ഫാസില്‍ ചിത്രം പാച്ചുവും അത്ഭുതവിളക്കും എന്നിവ സാമാന്യവിഭാഗം കാണികളെ ആകര്‍ഷിച്ചെങ്കിലും വന്‍ജനപ്രീതിയും വിജയവും നേടാനായില്ല.

അന്യഭാഷകളില്‍ നിന്നുള്ള വന്‍ ബജറ്റ്-സൂപ്പര്‍-മള്‍ട്ടിതാര സിനിമകള്‍ തുടക്കനാളുകളില്‍ കാണികളെ തിയേറ്ററിലെത്തിക്കുന്ന പതിവാണ് 'പൊന്നിയന്‍ സെല്‍വന്‍- 2' ആവര്‍ത്തിച്ചത്. മാസങ്ങള്‍ക്ക് ശേഷം കേരളത്തിലെ തിയേറ്ററുകളില്‍ തെല്ലെങ്കിലും ആളനക്കം സൃഷ്ടിച്ചത് ഈ സിനിമയാണ്. എന്നാല്‍ മേയ് ആദ്യവാരം '2018' പ്രദര്‍ശനത്തിന് എത്തിയതോടെയാണ് കേരളത്തിലെ തിയേറ്ററുകള്‍ അതിന്റെ സുവര്‍ണകാലത്തെ ഓര്‍മ്മപ്പെടുത്തിയത്. നാടും നഗരവും അറിയുന്ന സിനിമ എന്ന തലത്തിലേക്ക് ഉയരാനും ഒ.ടി.ടി., സാറ്റലൈറ്റ്, പരസ്യം തുടങ്ങിയ വരുമാനങ്ങളിലൂടെയല്ലാതെ പ്രേക്ഷകര്‍ ടിക്കറ്റെടുത്ത് തുടര്‍ച്ചയായി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഈ സിനിമ മലയാള സിനിമയെ ഉറക്കച്ചടവ് വിട്ട് ഉണര്‍ത്തിയത്. റിലീസ് ചെയ്ത് മൂന്നാഴ്ചയിലെത്തുമ്പോഴും വാരാന്ത്യങ്ങളില്‍ ഭൂരിഭാഗം തിയേറ്ററുകളിലും ഹൗസ്ഫുള്‍ ഷോകള്‍ നിലനിര്‍ത്താന്‍ ഈ സിനിമയ്ക്കാകുന്നു. ഇതര മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികളിലൂടെയല്ലാതെ തന്നെ പ്രേക്ഷകര്‍ തിയേറ്ററിലെത്തിയതു കൊണ്ടു മാത്രം ഒരു സിനിമ സൂപ്പര്‍ഹിറ്റാകുന്നുവെന്ന സന്തോഷമാണ് ഇതിലൂടെ തിയേറ്റര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും വ്യവസായത്തിനും സാധ്യമാകുന്നത്.

യഥാര്‍ഥത്തില്‍ പ്രേക്ഷകരല്ലായിരുന്നു സിനിമയായിരുന്നു പ്രേക്ഷകരില്‍നിന്ന് അകന്നത് എന്ന് ഈ സിനിമ ഒന്നുകൂടി ഓര്‍മ്മപ്പെടുത്തുന്നു. പ്രേക്ഷകര്‍ തിയേറ്ററിലേക്ക് എത്താതായപ്പോള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളെയും സോഷ്യല്‍ മീഡിയയെയും യുട്യൂബേഴ്‌സിനെയുമെല്ലാം പ്രതിപക്ഷത്ത് നിര്‍ത്താനാണ് പലപ്പോഴും ശ്രമമുണ്ടായത്. ടെലിവിഷന്‍ വന്നപ്പോള്‍, സീരിയലുകള്‍ ജനപ്രിയമായപ്പോള്‍, മൊബൈല്‍ ഫോണ്‍ വ്യാപകമായപ്പോള്‍ എല്ലാം സിനിമാ തിയേറ്ററുകളെ നിലനില്‍പ്പിനെ കുറിച്ചുള്ള ആശങ്കയും സിനിമാ വിപണിയുടെ തകര്‍ച്ചയും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അപ്പോഴെല്ലാം മികച്ച വാണിജ്യ വിജയങ്ങളിലൂടെയാണ് തിയേറ്റര്‍ വ്യവസായം തിരിച്ചുവരവ് നടത്തിയത്. കോവിഡ്, ഒ.ടി.ടി. തീര്‍ത്ത പ്രതിസന്ധിയിലും മലയാള സിനിമയ്ക്ക് വേണ്ടിയിരുന്നത് ദിവസങ്ങളോളം പ്രേക്ഷകരുടെ സാന്നിധ്യം തിയേറ്ററില്‍ നിലനിര്‍ത്തുന്ന വിജയങ്ങളായിരുന്നു. അതിനാണ് 2018 എന്ന സിനിമ തുടക്കമിടുന്നത്. ഈ ആത്മവിശ്വാസം കൈമുതലാക്കി വേണം മലയാള സിനിമ മുന്നോട്ടുപോകാന്‍.

എന്തിന് തിയേറ്ററില്‍ പോകണം എന്ന ചോദ്യം ഇടക്കാലത്ത് മലയാളി പ്രേക്ഷകരില്‍ ഉയര്‍ന്നിരുന്നു. ഈ ചിന്തയ്ക്ക് കാരണം സിനിമകളുടെ നിലവാരമില്ലായ്മ തന്നെയായിരുന്നു. യാതൊരു പുതുമയും സമ്മാനിക്കാത്ത വിരസത മാത്രം നല്‍കുന്ന സിനിമകളുടെ എണ്ണപ്പെരുക്കമാണ് കാണികളെ തിയേറ്ററില്‍നിന്ന് അകറ്റിയത്. ഒ.ടി.ടി. വില്‍പ്പന മാത്രം ലക്ഷ്യമിട്ട് സിനിമകളെടുക്കുന്ന പ്രവണത കൂടിയായപ്പോള്‍ നിലവാരം പിന്നെയും താഴോട്ടായി. സിനിമയുടെ ഉള്ളടക്കത്തിലെ ഗുണനിലവാരമോ കാണികളുടെ ആസ്വാദനക്ഷമതയെയോ പരിഗണിക്കാതെയുള്ള ഇത്തരം സിനിമകള്‍ കച്ചവട ലാഭം മാത്രമാണ് ലക്ഷ്യമിട്ടിരുന്നത്. തിയേറ്ററില്‍ കാണികളെത്തിയില്ലെങ്കിലും മറ്റ് വിപണന സാധ്യത കൈവന്നതോടെ മലയാള സിനിമ അഭിമാനിച്ചിരുന്ന 'ക്വാളിറ്റി കണ്ടെന്റ് ഇമേജ്' കൂടിയാണ് കൈമോശം വന്നത്. ഇതോടെ ഒ.ടി.ടി. കമ്പനികളും നല്‍കുന്ന പണം കുറച്ചു. തിയേറ്ററില്‍ പ്രദര്‍ശന വിജയം നേടിയാലോ മികച്ച കണ്ടെന്റിനോ മാത്രം കൂടുതല്‍ പണം നല്‍കുകയെന്ന രീതി അവര്‍ സ്വീകരിച്ചതോടെ കച്ചവട ലാഭം മാത്രം ലക്ഷ്യമിട്ടിരുന്നവര്‍ക്ക് തിരിച്ചടിയായി.

തിയേറ്ററിലെ ഇരുട്ടില്‍ വലിയ സ്‌ക്രീനില്‍ നിറഞ്ഞ ആള്‍ക്കൂട്ടത്തിനൊപ്പമിരുന്ന് ഓരോരുത്തരും ഏകാകിയായി ചിരിച്ചും കരഞ്ഞും കൈയടിച്ചും ആസ്വദിക്കുമ്പോഴാണ് സിനിമ അതിന്റെ പൂര്‍ണാര്‍ഥം പ്രകടിപ്പിക്കുന്ന കലയായി മാറുന്നത്. കാണികളെ തിയേറ്ററിലേക്ക് ആകര്‍ഷിക്കും വിധം അവരുടെ ആസ്വാദനത്തെ പരിഗണിച്ച് ചിട്ടപ്പെടുത്തിയ സൃഷ്ടികള്‍ക്കു മാത്രമേ ഇങ്ങനെ വലിയ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാനും അവരുടെ ആനന്ദം ഏറ്റുവാങ്ങാനും സാധിക്കൂ. ഇത്തരം ക്രൗഡ്പുള്ളറുകള്‍ സൃഷ്ടിക്കുന്നതില്‍ ഇടക്കാലത്ത് മലയാള സിനിമ മറന്നുപോയതോടെയാണ് തിയേറ്ററുകളിലെ ആള്‍പെരുക്കം ഇല്ലാതായത്. ഒ.ടി.ടി. വരുമാനം ലക്ഷ്യമിട്ട് നിര്‍മ്മിക്കപ്പെട്ട സിനിമകള്‍ മിക്കതും തിയേറ്ററില്‍ കാണികളെ എത്തിക്കുന്നതില്‍ സമ്പൂര്‍ണ പരാജയമായി. ഒരു ബിഗ് ബജറ്റ് സൂപ്പര്‍താര സിനിമയ്‌ക്കോ തിയേറ്ററില്‍ തന്നെ കാണണമെന്ന് പ്രേക്ഷകരെ തോന്നിപ്പിക്കുന്ന ആകര്‍ഷണമുള്ള ഒരു സിനിമയ്‌ക്കോ മാത്രമേ ഈ വരള്‍ച്ചയില്‍ നിന്ന് മലയാള സിനിമയെ മോചിപ്പിക്കാനാകുമായിരുന്നുള്ളൂ. കോവിഡ് ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തിയ സൂപ്പര്‍താര ചിത്രങ്ങള്‍ ഭൂരിഭാഗവും ഈ ലക്ഷ്യത്തില്‍ പരാജയപ്പെടുകയാണുണ്ടായത്. കഴിഞ്ഞ ആറു മാസത്തിനിടെ രണ്ട് സിനിമകള്‍ മാത്രമാണ് തിയേറ്ററില്‍ ആളെ കയറ്റിയത്. ഭൂരിഭാഗം സിനിമകളും കാണികളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ട് അവരെ ഒ.ടി.ടി. വ്യൂവേഴ്‌സ് മാത്രമാക്കി ഒതുക്കി. മാസങ്ങളായി തുടര്‍ന്നുപോരുന്ന ഈ കാഴ്ചശീലത്തെയാണ് 2018 എന്ന സിനിമയിലൂടെ കാണികള്‍ മുറിച്ചുകടക്കുന്നത്.

കേരളം സാക്ഷ്യം വഹിച്ച സമാനതകളില്ലാത്ത പ്രളയദുരന്തത്തിന്റെ നേര്‍ക്കാഴ്ചയാണ് '2018' അവതരിപ്പിച്ചത്. തങ്ങള്‍ അനുഭവിച്ച യാഥാര്‍ഥ്യം വെള്ളിത്തിരയില്‍ കാണാന്‍ ആളുകള്‍ കൂട്ടമായെത്തി. നിനച്ചിരിക്കാതെ നേരിടേണ്ടിവന്ന ദുരിതത്തിന്റെയും നഷ്ടങ്ങളുടെയും അതില്‍നിന്നുള്ള കൂട്ടായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും അനുഭവം കാണികള്‍ക്ക് വികാരത്തള്ളിച്ചയുടേതു കൂടിയായിരിക്കും. പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കുന്ന ഒരു മാജിക്ക് ഈ സിനിമയിലുണ്ടായിരുന്നു. നേരിലറിഞ്ഞ സംഭവത്തിന്റെ നോവും നൊമ്പരവും ഉള്‍ക്കൊള്ളുന്ന ഒരു അനുഭവം സമ്മാനിക്കാന്‍ ഈ സിനിമയ്ക്കാകുന്നതാണ് അതിന്റെ വിജയം. താരമൂല്യമുള്ള നിരവധി അഭിനേതാക്കള്‍ ഈ സിനിമയിലുണ്ടെങ്കിലും അവരെല്ലാം പ്രളയദുരിതത്തിനൊപ്പം ജീവിച്ച മനുഷ്യരുടെ പ്രതിനിധികള്‍ തന്നെയാകുന്നു. വലിയ പരസ്യപ്രചാരണങ്ങളില്ലാതെ എത്തിയ ചിത്രം ആദ്യദിവസം ശരാശരി കളക്ഷനും മൗത്ത് പബ്ലിസിറ്റി കൊണ്ട് രണ്ടാംദിവസം മുതല്‍ അഭൂതപൂര്‍വ്വമായ ജനത്തിരക്കിനുമാണ് സാക്ഷ്യം വഹിച്ചത്. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 100 കോടിയിലെത്തിയ സിനിമയായി 2018 മാറി. നേരത്തെ 100 കോടി ക്ലബ്ബിലെത്തിയതില്‍ പുലിമുരുകനും ലൂസിഫിറിനുമല്ലാതെ മറ്റു സിനിമകള്‍ക്കൊന്നും ഇവ്വിധം ജനക്കൂട്ടത്തെ ആകര്‍ഷിക്കാനായിരുന്നില്ല.

തങ്ങളുടെ ആസ്വാദനക്ഷമതയെ വിരസമാകാതെ പരിഗണിക്കുകയും, മികച്ച ദൃശ്യാനുഭവങ്ങളും സമ്മാനിക്കുകയാണെങ്കില്‍ പ്രേക്ഷകര്‍ ഒ.ടി.ടി., ടെലിവിഷന്‍ സ്ട്രീമിംഗിനു വേണ്ടി കാത്തിരിക്കില്ല. അവര്‍ തിയേറ്ററിലെത്തും. നല്ല സിനിമകള്‍ തുടര്‍ച്ചയായി നല്‍കിയാല്‍ ഇടക്കാലത്ത് നേരിട്ട വരള്‍ച്ചയെ മലയാള സിനിമയ്ക്ക് മറികടക്കാനാകും. '2018' പോലുള്ള സിനിമകള്‍ ഉണ്ടാക്കിയെടുക്കുന്ന ആത്മവിശ്വാസവും വിജയവും കെടാതെ സൂക്ഷിക്കുകയാണ് വേണ്ടത്.

Content Highlights: Malayalam movie industry, Showreel by np muraleekrishnan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wild guar
Premium

7 min

കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവും വയോധികനും കൊല്ലപ്പെട്ടാൽ ഒരേ നഷ്ടപരിഹാരം മതിയോ? | പ്രതിഭാഷണം

Jun 8, 2023


പവന്‍ ജല്ലാദ്‌
Premium

7 min

കാന്‍ഷിറാം കോളനിയിലെ പവന്‍ ജല്ലാദ്; ഇന്ത്യയിലെ ഏക ആരാച്ചാർ | Off the Record

Jun 8, 2023


New Parliament
Premium

7 min

എത്ര കേമമാണെങ്കിലും ചെങ്കോലിനെ സാഷ്ടാംഗം പ്രണമിക്കേണ്ട കാര്യമില്ല; ഇത് പരിഹാസ്യം | പ്രതിഭാഷണം

May 31, 2023

Most Commented