പ്രതീകാത്മക ചിത്രം (Photo: മാതൃഭൂമി)
ഭാര്യയുടെ പതിവായുള്ള ക്ഷേത്രദര്‍ശനത്തില്‍ കൂടെപ്പോയതാണ്. തിരികെ വരുമ്പോള്‍ കൂട്ടുകാരി നിത്യയുടെ വീട്ടിലൊന്നു കയറിക്കളയാം എന്ന് ഭാര്യ പറഞ്ഞപ്പോള്‍ അതിത്ര പുലിവാലാകുമെന്ന് കരുതിയില്ല. മകന്റെ കല്യാണം അടുത്തു. അതിനുള്ള തയ്യാറെടുപ്പിലാണ്. ഒന്ന് സന്ദര്‍ശിക്കുന്നതില്‍ തെറ്റില്ല എന്നെനിക്കും തോന്നി. നിത്യയും ഭര്‍ത്താവ് ഹരിയും ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളാണ്. നിത്യയ്ക്ക് ബാങ്കിലാണ് ജോലി. ഹരി ഒരു സ്വകാര്യസ്ഥാപനത്തില്‍ ജനറല്‍ മാനേജര്‍. ഗേറ്റ് തുറന്നുതന്നെ കിടന്നു. അതുകൊണ്ട് ഹോണടിക്കേണ്ടിവന്നില്ല. ആളുകള്‍ വന്നുപോകുന്നുണ്ടാകും. കാര്‍ പോര്ച്ചിലെത്തിയപ്പോഴേ ഹരി ഇറങ്ങിവന്നു. നിത്യയും കൂടെയെത്തി അകത്തേക്ക് ആനയിച്ചു. രണ്ട് മക്കളാണ് അവര്‍ക്ക്. അനൂബും അനന്യയും. അനൂബിന് ഇന്‍ഫോപാര്‍ക്കിലാണ് ജോലി. അനന്യ പഠിക്കുന്നു. അനൂബിന്റെ വധു മീര ഒരു പരസ്യ കമ്പനിയില്‍ ആനിമേറ്ററാണ്. അറേഞ്ച്ഡ് മാര്യേജ്.
'അടുത്തയാഴ്ചയാണ് എന്‍ഗേജ്മെന്റ്. 20 ദിവസം കഴിഞ്ഞ് കല്യാണം. എല്ലാം ഒരുക്കങ്ങളും ഒരുവിധം പൂര്‍ത്തിയാക്കി'. സമാധാനമായി. ഹരി പറഞ്ഞു.
'സ്വര്‍ണവും വസ്ത്രവും എടുക്കുന്നതായിരുന്നു ഏറ്റവും വലിയ ടെന്‍ഷന്‍. അതും ഭംഗിയായി കഴിഞ്ഞു' നിത്യയും സന്തോഷം മറച്ചുവെച്ചില്ല.
ഞാന്‍ ഹരിയോട് ചോദിച്ചു- എല്ലാ ഒരുക്കങ്ങളും എന്നുപറയുമ്പോള്‍ എന്തൊക്കെ? എന്തൊരു ചോദ്യമെന്ന് മട്ടില്‍ ഭാര്യ എന്നെ നോക്കി ട്രോളി.
ഹരി വാചാലനായി. എല്ലാവരെയും ക്ഷണിച്ചുകഴിഞ്ഞു. ഹാള്‍ ബുക്ക് ചെയ്തു. മെനു സെലക്ട് ചെയ്തു. കാറ്ററിംങ്ങുകാരെ കണ്ടെത്തി ബുക്ക് ചെയ്തു. പ്രീവെഡ് ഷൂട്ടും അഫ്റ്റര് മാര്യേജ് പാര്‍ട്ടിയും എല്ലാം അറേഞ്ച് ചെയ്തു. ഇനി ഒന്നും ബാക്കിയില്ല.' ഹരി പറഞ്ഞുനിര്‍ത്തി.
'എല്ലാം സെറ്റ് അങ്കിള്‍' അനന്യവന്ന് ഭാര്യയുടെ അടുത്തിരുന്ന് കൈകള്‍ എടുത്ത് മടിയില്‍ വെച്ചു.
അനൂബിന് ഒരു കോള്‍ വന്നു. ഒരുമിനിറ്റ് എന്നുപറഞ്ഞ് അവന് പുറത്തേക്ക് പോയി. അല്‍പ്പസമയം കഴിഞ്ഞ് അവന് തിരിച്ചുവന്നു പ്രഖ്യാപിച്ചു. ഈ കല്യാണം നടക്കില്ല. അതുകേട്ട് എല്ലാവരും ഞെട്ടി. അനന്യമാത്രം ഞെട്ടിയില്ല.
അവള് പറഞ്ഞു. ഇതിപ്പോള്‍ എത്രാമത്തെ തവണയാണ് നീ ഇതുപറയുന്നത്. ഇന്നത്തെ പ്രശ്നം എന്താണ്?
'വിവാഹത്തോടെ ജോലി രാജിവയ്ക്കാമെന്ന് സമ്മതിച്ചിരുന്നതാണ്. ഇപ്പോള്‍ പറയുവാണ് പറ്റില്ലെന്ന്.' അനൂബ് പറഞ്ഞു.
ഞാനവളോട് സംസാരിക്കാമെന്ന് പറഞ്ഞ് നിത്യ എഴുന്നേറ്റപ്പോള്‍ ഞാന്‍ തടഞ്ഞുകൊണ്ട് ചോദിച്ചു.' അല്ല എന്തിനാണ് ജോലി രാജിവയ്ക്കുന്നത്.'
'അങ്കിള്‍ ഒന്നാമത് അത് നല്ല ജോലിയൊന്നുമല്ല. ശമ്പളവും കുറവ്. മാത്രമല്ല....' അനൂബ് അത് അര്‍ത്ഥവിരാമത്തില്‍ നിര്‍ത്തി.
അപ്പോള്‍ അനന്യ ഇടപെട്ടു. 'അങ്കിള്‍ മീര പഠിച്ചിറങ്ങിയിട്ട് അധികമായില്ല. സ്വന്തമായി ഒരു കരിയര്‍ ബില്‍റ്റ് അപ് ചെയ്യാനുള്ള അധ്വാനത്തിലാണ്. അനൂബിന് അതൊന്നും ഇഷ്ടമല്ല.'
ഇതുകേട്ട് അനൂബ് ദേഷ്യപ്പെട്ടു.'നീ അവളുടെ വക്കാലത്തുമായി വരികയൊന്നും വേണ്ട.'
അവര്‍ തമ്മിലുളള വഴക്ക് മൂക്കും മുമ്പ് ഞാന്‍ ഇടപെട്ടു.' വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി എന്നുപറഞ്ഞിട്ട് ഇതെന്താണ്. വലിയ പ്രശ്നങ്ങള്‍ ബാക്കിയാണല്ലോ.' ഞാന്‍ ഹരിയോട് ചോദിച്ചു.
Read More: പ്രണയിക്കുമ്പോഴും ഒരുമിക്കുമ്പോഴും വേണം ഒരു എക്സിറ്റ് പ്ലാന്‍
ഹരി ഇതിനെ നിസാരമാക്കി. 'ഇതൊക്കെ അവര്‍ തമ്മിലുള്ള ചെറിയ പ്രശ്നങ്ങളല്ലേ. ഇവര്‍ തന്നെ അത് പരിഹരിച്ചുകൊള്ളും.'
എന്റെ സ്വരം കടുക്കുമെന്ന് മനസിലാക്കി എന്റെ ഭാര്യ തഞ്ചത്തില്‍ ഇടപെട്ടു.
'അല്ല ഹരിയേട്ടാ ഇന്നത്തെകാലത്ത് ജോലിയൊക്കെ ഉപേക്ഷിക്കാന്‍ പറഞ്ഞാല്‍ ഒരു പെണ്‍കുട്ടിയും അത് സമ്മതിക്കില്ല. നിര്‍ബന്ധിച്ച ഇപ്പോള്‍ സമ്മതിപ്പിച്ചാല്‍ തന്നെ പിന്നീടത് ഒരു പ്രശ്നമായി മാറിയേക്കും. ഇപ്പോള്‍ തന്നെ അക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കുന്നതാണ് നല്ലത്.'
മറുപടി പറഞ്ഞത് അനൂബാണ്. 'അല്ല ആന്റി രണ്ട് പേരും കൂടി ജോലിചെയത് വീട് പുലര്‍ത്തേണ്ട ആവശ്യവുമില്ലല്ലോ. മാത്രമല്ല. ഇപ്പോള്‍ ജോലിക്ക് പോവേണ്ട എന്നേ ഞാന്‍ പറയുന്നുള്ളൂ. പിന്നീട് നല്ല ജോലി കിട്ടായാല്‍ എപ്പോള്‍ വേണമെങ്കിലും പോകാമല്ലോ.' അനൂബ് വിട്ടുകൊടുക്കുന്നില്ല.
എന്റെ ഭാര്യയും വിട്ടുകൊടുത്തില്ല.' അനൂബ് അവള് ഈ വീട്ടിലേക്ക് കയറിവരുന്നത് ഒരു വീട്ടമ്മയായിട്ടാണോ വര്‍ക്കിംഗ് വുമണ്‍ ആയിട്ടാണോ എന്നത് അവളെ സംബന്ധിച്ച വളരെ പ്രധാനമാണ്. വര്‍ക്കിംഗ് വുമണിന് ലഭിക്കുന്ന സ്വാതന്ത്ര്യവും പ്രിവിലേജുമായിരിക്കില്ല ഒരു വീട്ടമ്മയ്ക്ക് ലഭിക്കുക. വീട്ടമ്മയായിട്ടാണ് വരുന്നതെങ്കില്‍ വീടിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഒറ്റയ്ക്ക് പേറണം. വര്‍ക്കിംഗ് വുമണ്‍ ആണെങ്കില്‍ അതിന്റെ പരിഗണന കിട്ടും. ഇപ്പോഴത്തേതുപോലെ എല്ലാം ഷെയര്‍ ചെയ്യപ്പെടും. ഒരിക്കല്‍ വീട്ടമ്മയുടെ വേഷം അണിഞ്ഞുപോയാല് പിന്നീട് ജോലിക്ക് പോകണമെങ്കില്‍ എത്രപേരുടെ അനുവാദം വേണ്ടിവരും. എത്രപേരെ ഏതൊക്കെ രീതിയില്‍ കണ്‍വിന്‍സ് ചെയ്യേണ്ടിവരും. ഇതൊക്കെ ആലോചിച്ചിട്ടാകും അവള് അഭിപ്രായം മാറ്റിയിട്ടുണ്ടാകുക. പിന്നെ വീട് പുലര്‍ത്തുക എന്ന ആവശ്യത്തിന് മാത്രമല്ലല്ലോ സ്ത്രീകള്‍ ജോലിക്ക് പോവേണ്ടത്. അവരുടെ ഫിനാന്‍ഷ്യല്‍ ഇന്ഡിപ്പെന്റന്സും അത്യാവശ്യമാണ്. അതിനവര്‍ക്ക് ജോലിയും വരുമാനവും ആവശ്യമാണെങ്കില്‍ അതുചെയ്യട്ടേ.'
അനന്യ ഇപ്പോള്‍ ഇടപെടുമെന്ന് എന്റെ മനസ് പറഞ്ഞതേയുള്ളൂ. അവള് ഇടപെട്ട് കഴിഞ്ഞു.
'ഇവനൊക്കെ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. അമ്മമാര്‍ വളര്‍ത്തി വഷളാക്കിയ ആണ്പിള്ളേര്ക്ക് ഏറ്റവും മികച്ച ഉദാഹരണമാണ് ആന്റി ഇവന്. ഇന്നും അമ്മതന്നെ ഇവന്റെ വസ്ത്രം അലക്കികാടുക്കണം. കിടക്ക വിരിച്ചുകൊടുക്കണം. ഭക്ഷണം കഴിച്ച പാത്രംവരെ കഴുകിക്കൊടുക്കണം. അമ്മയ്ക്ക് അസൗകര്യമുള്ളപ്പോള്‍ എനിക്കിത് ചെയ്യേണ്ടിവരുന്നു. ഇനി നാളെ ഇവന്റെ ഭാര്യ വരുമ്പോള്‍ ഇതെല്ലാം അവരുടെ ഊഴമാണ്. അതുകഴിഞ്ഞാല്‍ പെണ്മക്കള് ഉണ്ടെങ്കില്‍ അവര്‍ ചെയ്യണം. എന്നാല്‍ ഞങ്ങള്‍ പെണ്കുട്ടികള്ക്കോ. നിവര്ന്നുനില്ക്കാറാകുമ്പോള് മുതല്‍ ഇതെല്ലാം ഞങ്ങള്‍ സ്വയം ചെയ്തുകൊള്ളണം.' നിത്യ മുക്കത്ത് വിരല്‍ വെച്ചു. ഈ പെണ്ണിന്റെ ഒരു നാക്ക്
'അനൂബ് അവളുടെ സംസാരം തടസപ്പെടുത്തി ചെവിക്ക് പിടിച്ചു. 'അയ്യേ ഞാന്‍ ആ ടൈപ്പൊന്നുമല്ല. നീ ഇതെവിടേക്കാണ് കത്തിക്കയറി പോകുന്നത്. അങ്കിള്‍ ഇവള് വെറുതെ പറയുന്നതാണ്.'
ഇത്രയും കേട്ടപ്പോള്‍ ഞാന്‍ ഇടപെട്ടു. 'വിവാഹശേഷം ജോലിക്ക് പോണോ പോകണ്ടയോ എന്നത് വിവാഹത്തിന് മുമ്പ് ഒരു വ്യവസ്ഥയായി വെച്ച് തീരുമാനിക്കേണ്ടതില്ല. വിവാഹശേഷം നിങ്ങള്‍ ജീവിതം ആരംഭിച്ച് പരസ്പരം ഒരു ധാരണയൊക്കെ ആയതിനുശേഷം തമ്മില്‍ ആലോചിച്ച് തീരുമാനം എടുക്കുക. ഭാര്യ ഹൗസ് വൈഫ് ആയി ഒതുങ്ങണോ വര്‍ക്കിംഗ് വുമണാകണോ എന്ന കാര്യത്തില്‍ വിവാഹത്തിന് മമ്പുതന്നെ തീരുമാനം എടുത്ത് അതിനോട് പൊരുത്തപ്പെടുന്ന ഒരു ബന്ധം ആലോചിക്കുന്നതാണ് നല്ലത്.'
ഞാന്‍ പറഞ്ഞ് പൂര്ത്തിയാക്കുമ്പ് അനന്യ വീണ്ടും ഇടപെട്ടു. 'എങ്കില്‍ അങ്കിള്‍ ഇവന് പെണ്ണ് കിട്ടാനേ പോകുന്നില്ല. ഇന്നത്തെ കാലത്ത് ഏതു പെണ്‍കുട്ടിയാണ് ഫിനാന്‍ഷ്യല്‍ ഫ്രീഡം ആഗ്രഹിക്കാത്തത്. മറ്റോരാളുടെ ചിലവില്‍ കഴിയാന്‍ ആഗ്രഹിക്കുന്നത്.'
ഇത്തവണ ഇടയ്ക്കുകയറിയത് അനൂബ് ആണ്. 'നീ കല്ല്യാണം കഴിക്കുമ്പോഴും കാണണം ഈ ആദര്‍ശമൊക്കെ. അങ്കിള്‍ ഞാനിത്രയൊന്നും ആലോചിച്ചില്ല. കുടംബം ഭംഗിയായി പോകണം എന്നേ കരുതിയുള്ളൂ. ജോലിയുണ്ടെങ്കില്‍ കുട്ടികളൊക്കെ ആകുമ്പോള്‍ വലിയ ബുദ്ധിമുട്ടാകില്ലേ. അതൊക്കെ ഓര്‍ത്താണ് ഞാനങ്ങനെ പറഞ്ഞത്.' അനൂബ് പറഞ്ഞു.
'ആറുമാസം വരെ മറ്റേണിറ്റി ലീവ് കിട്ടുന്ന നാടല്ലേ ഇത്. ജോലിയു വീടും കുട്ടികളുമൊക്കെയായി ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ എല്ലാവര്ക്കും കഴിയുന്ന നാളുകളല്ലേ ഇത്. അത്തരം തീരുമാനങ്ങളെല്ലാം പരസ്പരം ആലോചിച്ച് തീരുമാനക്കാന് സമയമുണ്ടല്ലോ. ആദ്യം അവള് ഈ വീട്ടിലേക്ക് വര്‍ക്കിംഗ് വുമണ്‍ ആയിത്തന്നെ വരട്ടെ.' അത്ര നേരവും നിശ്ബ്ദയായിരുന്ന അനൂബിന്റെ അമ്മ നിത്യ ഇടപെട്ടു.
അതോടെ അക്കാര്യത്തില്‍ തീരുമാനവുമായി. അപ്പോള്‍ ഞാന്‍ ചോദിച്ചു. ശരി രണ്ടുപേരും ജോലിചെയ്യുമ്പോള്‍ വരുമാനവും വീട്ടുചെലവുമൊക്കെ പങ്കുവെയ്ക്കുന്നത് എങ്ങനെയാണ്.
അതുകേട്ടപ്പോള്‍ അനൂബിന് ആശ്ചര്യം 'അയ്യേ അങ്കിള്‍ അവളുടെ ശമ്പളമൊന്നും എനിക്കാവശ്യമില്ല. കുടുംബം പോറ്റാനുള്ള വരുമാനമൊക്കെ എനിക്കുണ്ട്.'
ഞാനപ്പേള് അവനെ തിരുത്തി. 'അവളുടെ ശമ്പളത്തെയും വരുമാനത്തെയും അങ്ങനെ കുറച്ചുകാണേണ്ട. രണ്ടുപേരുടെയും വരുമാനത്തിന്റെ തോതനുസരിച്ച് ഒരു വീട്ടുചിലവിനായും നിക്ഷേപത്തിനായും ഒരു കോമണ്‍ ഫണ്ട് ഉണ്ടാക്കുക. ശമ്പള കൂടുതല്‍ അനുസരിച്ച് രണ്ടുപേരും അവരവരുടെ വിഹിതം ഈ കോമണ്‍ ഫണ്ടില്‍ ഇടുക. അതിനനുസരിച്ച് ചെലവഴിക്കുക. ദാമ്പത്യം പോലെ തന്നെയാണ് സാമ്പത്തികവും. രണ്ടും ശ്രദ്ധിച്ച് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം.'
അപ്പോള്‍ എല്ലാം കേട്ടുകൊണ്ടിരുന്ന ഹരി ഇടപെട്ടു.' അല്ല ഇവരോട് ഇപ്പോഴെന്തിനാണ് വീട്ടുചെലവിനെക്കുറിച്ചൊക്കെ പറയുന്നത്. ഞാനുള്ളിടത്തോളം കാലം അതെല്ലാം ഞാന്‍തന്നെ നോക്കിക്കൊള്ളാം.
'അപ്പോള്‍ വിവാഹശേഷവും ഇവര്‍ നിങ്ങള്‍ക്കൊപ്പമാണോ താമസം.?' അല്‍ഭുതത്തോടെയുള്ള എന്റെ ചോദ്യം കേട്ട് എല്ലാവരും സംശയഭാവത്തില്‍ എന്നെ തുറിച്ചുനോക്കി. ഇനി അടുത്ത പുകിലെന്താണ് എന്ന മട്ടില്‍ ഭാര്യ എന്നെ നോക്കി കണ്ണുരുട്ടുകയും ചെയ്തു. അപ്പോള്‍ ഞാന്‍ ചോദ്യത്തിന് അല്‍പ്പം കൂടി വ്യക്ത വരുത്തി.' വിവാഹശേഷം ഇവര്‍ എവിടെയാണ് താമസിക്കുക. പുതിയ വീട് എടുത്തോ, അതോ വാടക വീട്ടിലേക്കാണോ?' '
കല്യാണം കഴിഞ്ഞാല്‍ അവര്‍ ഇവിടെ ഞങ്ങളുടെ കൂടെയല്ലേ താമസിക്കേണ്ടത്. അതല്ലേ അതിന്റെ ശരി-ഹരിയും നിത്യയും ഒരേ സ്വരത്തില്‍ പറഞ്ഞു.
അനൂബും അനന്യയും അതുതന്നെ പറഞ്ഞു. എന്തിനാണ് മാറിതാമിസിക്കുന്നത്.
'വിവാഹശേഷം അവര്‍ക്ക് സ്വതന്ത്രരായി ജീവിക്കണം എങ്കില്‍ മാറിത്താമിസിക്കുന്നത് തന്നെയാണ് നല്ലത്. പ്രത്യേകിച്ചും അതിനുള്ള സാമ്പത്തികശേഷി കൂടി നിങ്ങള്‍ക്കുള്ളത് കൊണ്ട്.' ഞാന്‍ പറഞ്ഞത് എന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടില്ല.
അവള് പറഞ്ഞു.' പഴയ കൂട്ടുകുടംബ വ്യവസ്ഥ എത്ര സന്തുഷ്ടകരമായിരുന്നു. അതിലേക്ക് ആളുകള്‍ മാറാന്‍ വെമ്പുമ്പോള്‍ എന്തിനാണ് ഇവരെ ഇങ്ങനെ വേര്‍പിരിക്കുന്നത്. കഴിയുന്നത്ര കാലത്തോളും ഒരുമിച്ച് കഴിയുന്നതല്ലേ നല്ലത്.'
'കൂട്ടുകുടംബ വ്യവസ്ഥ വിജയകരമായിരുന്നു എങ്കില്‍ അതിന് കാരണം ചിലരുടെ വിട്ടുവീഴ്ചയും സഹനവും ഒക്കെയായിരുന്നു. അങ്ങനെ സഹിക്കേണ്ടിവന്നിട്ടുള്ളത് ഭൂരിഭാഗവും സ്ത്രീകള്‍ക്ക് തന്നെയായിരുന്നുതാനും.' തര്‍ക്കം അവസാനം ഞങ്ങള്‍ തമ്മിലാകുമെന്ന് ഭയന്ന ഞാനത്രയും പറഞ്ഞ് നിര്‍ത്തി.
അപ്പോള്‍ ഹരി പറഞ്ഞു. 'ഞാനിത്തരം കാര്യങ്ങളെക്കുറിച്ചൊന്നും ഇതുവരെ ചിന്തിച്ചിരുന്നില്ല.'
'വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ എന്നുപറഞ്ഞാല്‍ ഇത്തരം കാര്യങ്ങള്‍കൂടി വളരെ നേരത്തെ ചര്‍ച്ചചെയ്ത് തീരുമാനിക്കണം.' ഞാന്‍ പറഞ്ഞു.
'വിവാഹശേഷം അവര്‍ മാറിതാമസിക്കുന്നത് തന്നെയാണ് നല്ലത്. അതാണ് വേണ്ടതും. അതിപ്പോള്‍ ദൂരെയൊന്നും ആകണമെന്നില്ല. സ്വന്തം വീട്ടുവളപ്പില്‍ മറ്റൊരു വീട് പണിത് അവിടേയ്ക്ക് താമസം മാറിയാലും മതി. അല്ലെങ്കില്‍ വാടകയ്ക്ക് ഒരു വീടായാലും മതി. ഓരോരുത്തരും അവരവരുടെ സാമ്പത്തിക ശേഷിക്കനുസരിച്ച് ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാം. മക്കളുടെ വിവാഹത്തെക്കുറിച്ച് ആലോചിച്ചുതുടങ്ങുമ്പോഴേ വീടിന്റെ കാര്യം കൂടി ചിന്തിക്കുന്നത് നല്ലതാണ്. ഇനി അതിനുള്ള സാമ്പത്തിക ആസ്ഥിയില്ലെങ്കില് കുഴപ്പമില്ല. നിങ്ങളുടെ സ്ഥിതി അങ്ങനെയല്ലല്ലോ. സ്വന്തമായി മക്കള്‍ക്ക് വേറിട്ട വീട് വേണം.അവിടെയാണ് അവര്‍ താമസിക്കേണ്ടത്. എങ്കില്‍ മാത്രമേ പരസ്പരം മനസിലാക്കിയും ഇണങ്ങിയും പിണങ്ങിയും ദാമ്പത്യ ബന്ധത്തിന് ദൃഢത വരികയുള്ളൂ. അവര്‍ക്ക് അവരുടേതായ ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടാകാം. അച്ഛനമ്മമാരോടും സഹോദരങ്ങളോടും ഒപ്പം കഴിയുന്നതില്‍ കുഴപ്പമുണ്ടായിട്ടുപറയുന്നതില്ല. മാറിത്താമസിക്കാനുള്ള സൗകര്യവും സാവകാശവും ഉണ്ടെങ്കില്‍ അങ്ങനെ ചെയ്യുന്നതുതന്നെയാണ് നല്ലത്. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇവിടേക്ക് വരാം. എത്രകാലം വേണമെങ്കിലും നിങ്ങളോടൊപ്പം താമസിക്കുകയും ചെയ്യാം. പക്ഷേ അവര്‍ക്ക് സ്വന്തമായി ഒരു വീട് ഉണ്ടാകുന്നത് തന്നെയാണ് നല്ലത്. മാതാപിതാക്കള്‍ വിവാഹത്തിന് പണവും സ്വര്‍ണവും കാറും മറ്റും സമ്മാനമായി നല്‍കുന്നതിന് പകരം സ്ഥലമോ വീടോ നല്കാന് ശ്രദ്ധിക്കുന്നതും നല്ലതാണ്. വിവാഹശേഷം മക്കള്‍ക്ക് മാതാപിതാക്കളുടെ സംരക്ഷണം ആവശ്യമില്ല. മറ്റൊരു വീട്ടില്‍ താമസിക്കുന്നത് കൊണ്ട് അവര്‍ മാതാപിതാക്കളുടെ കാര്യം നോക്കില്ല എന്നില്ല. മാത്രമല്ല ഒരുമിച്ചുതാമസിക്കുന്നത് കൊണ്ട് മാത്രം മക്കള്‍ മാതാപിതാക്കളെ നന്നായി നോക്കും എന്നതിലും ഉറപ്പില്ലല്ലോ.' ഞാന്‍ പറഞ്ഞു നിര്‍ത്തി.
ഹരി മകന്റെ അഭിപ്രായം തിരക്കി. അവന് തല ചൊറിഞ്ഞുകൊണ്ട് നില്‍ക്കുന്നത് കണ്ടപ്പോള്‍ അനന്യ ഇടപെട്ടു. 'അച്ഛാ, മീരയുടെ അഭിപ്രായവും ഇതുതന്നെയായിരുന്നു. അച്ഛന്റെയടുത്ത് ഇതെങ്ങനെ അവതരിപ്പിക്കുമെന്ന പ്രയാസത്തിലായിരുന്നു ഇവന്. ഇപ്പോള്‍ അങ്കിള്‍ വന്നതും പറഞ്ഞതും നന്നായി.'
'എന്റെ ഇടപെടല്‍ കൂടുതലുണ്ടാകാതിരിക്കാനാകണം എങ്കില്‍ ഞങ്ങളിനി ഇറങ്ങട്ടെ' എന്ന് പറഞ്ഞ് ഭാര്യ എഴുന്നേറ്റു. കാറില്‍ കയറിയാല്‍ അവള് ആദ്യം ചോദിക്കുന്ന ചോദ്യം അപ്പോഴേ എന്റെ കാതില്‍ മുഴങ്ങി- 'ഇത്രയുമൊക്കെ ധാരണ ഉണ്ടായിട്ടാണോ എന്നെ നിങ്ങളുടെ കൂട്ടുകുടംബത്തില്‍ കൊണ്ടുപോയി തളച്ചിട്ടത്. മറ്റുള്ളവരുടെ കാര്യത്തില്‍ എത്ര ശ്രദ്ധ, അനുകമ്പ, ദൂരക്കാഴ്ച'. പക്ഷേ കാറില്‍ കയറിയപ്പോള്‍ അവള് ചോദിച്ചത് മറ്റൊന്നായിരന്നു. 'അപ്പോള്‍ എന്റെ അച്ഛന് നിങ്ങള്‍ക്ക് സ്ഥലമോ വീടോ നല്കാതിരുന്നതുകൊണ്ടായിരുന്നു അല്ലേ എന്നെ കൂട്ടുകടുംബത്തില് കൊണ്ടുപോയി തളച്ചത്.'
(പ്രമുഖ ഫിനാന്‍ഷ്യല്‍ ജേണലിസ്റ്റായ ലേഖകന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഉദ്യോഗസ്ഥനാണ്)
Content Highlights: Madhuram jeevitham a column by k k jayakumar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..