മധു (ഫയൽ ഫോട്ടോ) - Mathrubhumi archives
നീണ്ട വിചാരണകള്‍ക്കും കൂറുമാറ്റങ്ങള്‍ക്കും ശേഷം മധുവിന്റെ കൊലയാളികള്‍ക്ക് ശിക്ഷ ലഭിച്ചിരിക്കുന്നു. 16 പ്രതികളില്‍ 13 പേര്‍ക്കും ഏഴു വര്‍ഷത്തെ ശിക്ഷ ലഭിക്കുമ്പോള്‍ ലിഞ്ചിങ് എന്നറിയപ്പെടുന്ന ആള്‍ക്കൂട്ട കൊലപാതകക്കേസിലെ ആദ്യത്തെ ശിക്ഷയാണ് ഇതെന്ന് പറയാം. ഈ കേസിന്റെ നാള്‍വഴി പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. പ്രതികളെ രക്ഷിക്കാന്‍ പല കോണില്‍നിന്നും ശ്രമം ഉണ്ടായി. പ്രതികള്‍ ഏതുവിധേനയെങ്കിലും രക്ഷപ്പെട്ടോട്ടെ എന്ന മട്ടില്‍ പ്രോസിക്യൂട്ടര്‍മാര്‍ തന്നെ അലംഭാവം കാണിച്ചു.
ഒടുവില്‍ പ്രോസിക്യൂട്ടര്‍ ആയി വന്ന അഡ്വ. രാജേഷ് എം. മേനോന്‍ ആണ് ഉറച്ചുനിന്നുകൊണ്ട് കേസ് നടത്തിയത്. വിധിന്യായത്തില്‍ പറയുന്നത് പോലെ പലരുടേയും ആക്ഷേപങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്ന കേരളത്തിലെ മാധ്യമലോകം ഈ കേസില്‍ സ്തുത്യര്‍ഹമായ പങ്കുവഹിക്കുകയും ചെയ്തു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. ആള്‍ക്കൂട്ടങ്ങള്‍ കൊല്ലുകയും കൊന്നവരെ രക്ഷിക്കാന്‍ പലരും ശ്രമിക്കുകയും ചെയ്തപ്പോള്‍ മാധ്യമങ്ങള്‍ അതിന് കൂട്ടുനിന്നില്ല എന്നത് നല്ലകാര്യമായി തന്നെ വിലയിരുത്തപ്പെടണം. ആള്‍ക്കൂട്ട കൊലപാതകം കേരളത്തില്‍ ആദ്യത്തേതാണ് എന്ന് സാങ്കേതികമായി പറയാമെങ്കിലും ആള്‍ക്കൂട്ടങ്ങളാല്‍ ആക്രമിക്കപ്പെട്ട നിരവധി സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്.
ലിഞ്ചിങ് എന്ന പദപ്രയോഗം വളരെ പഴക്കമുളള ഒന്നാണ്. 18-ാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തില്‍ 1780-കളില്‍ അമേരിക്കയില്‍ നടന്ന അമേരിക്കന്‍ വിപ്ലവവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞുവന്ന ഒരു വാക്കാണ് ലിഞ്ചിങ്. ചാള്‍സ് ലിഞ്ച് എന്നൊരാള്‍ ഇത്തരം സ്വയം പ്രഖ്യാപിത കോടതികളുണ്ടാക്കി ആള്‍ക്കൂട്ടങ്ങളെക്കൊണ്ട് കൊല നടത്തിച്ചതിനെയാണ് ലിഞ്ച് ലോ അഥവാ ലിഞ്ച് നിയമം എന്ന് പിന്നീട് വിളിച്ചത്. സ്വയം കുറ്റവാളികളെ കണ്ടെത്തുകയും നിയമാനുസൃതമല്ലാത്ത സംഘങ്ങള്‍ കൊലപാതകം നടത്തുകയും ചെയ്ത എല്ലാ കൊലപാതകങ്ങളെയും പിന്നീട് ലിഞ്ചിങ് എന്നാണ് വിളിച്ചുവന്നത്.
ഇന്ത്യയില്‍ ലിഞ്ചിങ് സര്‍വസാധാരണമായിരിക്കുകയാണ്, പ്രത്യേകിച്ചും, ഈ അടുത്തകാലത്ത്. പശുക്കളെ തട്ടിക്കൊണ്ടുപോയി എന്നതിന്റെ പേരില്‍ എത്രയോ പേര്‍ കൊല്ലപ്പെട്ടത് നമുക്കറിയാം. പശുവിറച്ചിയാണ് എന്ന് ആരോപിച്ചുകൊണ്ട് അഖ്‌ലാഖിന്റെ വീട്ടില്‍നിന്ന് ഇറച്ചി പിടിച്ചെടുത്ത് അദ്ദേഹത്തെ തല്ലിക്കൊന്നത് വളരെക്കാലം മുമ്പല്ല. ഈ അടുത്ത ദിവസങ്ങളിലും കര്‍ണാടകത്തില്‍ പശുസംരക്ഷണത്തിന്റെ പേരില്‍ മോബ് ലിഞ്ചിങ് നടന്നു. ട്രെയിനില്‍ യാത്ര ചെയ്ത ഒരു യുവാവിനെ അവിടെ രൂപപ്പെട്ട ഒരു ചെറിയ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവവും നമ്മുടെ മുന്നിലുണ്ടായി. ഇതിലെല്ലാം ഇരയായത് സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരായിരുന്നു. മിക്കവരും അങ്ങേയറ്റം പാവപ്പെട്ടവരും പിന്നാക്ക- ന്യൂനപക്ഷത്തില്‍ പെട്ടവരുമായിരുന്നുവെന്നത് വര്‍ത്തമാനകാല ചരിത്രമാണ്.
സാധാരണക്കാര്‍ മാത്രമല്ല ഇന്ത്യയില്‍ ലിഞ്ചിങ്ങിന് വിധേയരായത്. 1994 ഡിസംബര്‍ മാസം അഞ്ചാം തിയതി ബിഹാറിലെ ഗോപാല്‍ഗുഞ്ച് ജില്ലയുടെ കളക്ടറായിരുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ജി. കൃഷ്ണയ്യയെ ആള്‍ക്കൂട്ടം നടുറോഡിലിട്ട് തല്ലിക്കൊന്നു. അതിനു മുമ്പുണ്ടായ കൊലപാതക പരമ്പരകളുടെ ഭാഗമായി മരിച്ചവരുടെ ശവഘോഷയാത്രക്കിടയിലാണ് ഈ കൊലപാതകം അരങ്ങേറിയത്. കൃഷ്ണയ്യ അന്നത്തെ ആര്‍.ജെ.ഡി. സര്‍ക്കാരിന്റെ പിന്നാക്ക വിഭാഗങ്ങളോടുള്ള സമീപനത്തിന് അനുകൂലമായ ഒരാളാണ് എന്നതിന്റെ പേരിലാണ് ജന്മി ഗുണ്ടകള്‍ എന്നുവിളിക്കാവുന്ന കൊലയാളികള്‍ (അവരില്‍ ജെ.ഡി.യു. എം.പിമാര്‍ വരെയുണ്ടായിരുന്നു എന്ന കാര്യം മറക്കരുത്) അദ്ദേഹത്തെ തല്ലിക്കൊന്നത്. പക്ഷേ, കോടതി വളരെ കര്‍ശനമായി ഈ കേസില്‍ ഇടപെടുകയും പ്രതികള്‍ക്ക് വധശിക്ഷവരെ വിധിക്കുകയും ചെയ്തുവെന്നത് എടുത്തുപറയേണ്ട കാര്യമാണ്.
അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതക കേസിലേക്ക് മടങ്ങിവരാം. ഒന്നാമത്തെ വിഷയം അത് കൊലപാതക കേസ് അല്ലാതായി എന്നതുതന്നെയാണ്. ഒരു ഗുഹയില്‍ ഒളിച്ചിരുന്ന മധുവിനെ പിടിച്ച് കെട്ടിക്കൊണ്ടുവന്ന് പരസ്യമായി മര്‍ദിക്കുകയും അതിന്റെ വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത ആളുകള്‍ എങ്ങനെ കൊലക്കേസ് പ്രതികള്‍ അല്ലാതായി എന്നതാണ് മധു കേസിലെ പ്രധാന സംഭവം. അതിനു പകരം പത്തു വര്‍ഷം മാത്രം തടവുശിക്ഷ വിധിക്കാവുന്ന 304 എ എന്ന വകുപ്പുമാത്രമാണ് 302-ന് പകരം മധുവിന്റെ കൊലയാളികളുടെ പേരില്‍ ചാര്‍ത്തപ്പെട്ടത്. ഇതിന് ഉത്തരവാദി പോലീസല്ല എന്നുപറയാവുന്നതാണ്. കോടതി തന്നെ ഇക്കാര്യത്തില്‍ ഒരു നിലപാട് സ്വീകരിച്ചു. ഇത് കൊലക്കേസല്ലെന്നും ഇത് മനഃപൂര്‍വമല്ലാത്ത നരഹത്യ ആണെന്നും ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുന്ന സമയത്ത് തന്നെ അത്യന്തം അസാധാരണമായ തരത്തില്‍ വിധി പറഞ്ഞതോടെ കേസിന്റെ ഗൗരവം അന്നേ കുറഞ്ഞുപോയി എന്നതാണ് യാഥാര്‍ഥ്യം. അതിനു ശേഷമാണ് ഈ ഗൗരവം കുറഞ്ഞ കേസില്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ സാക്ഷികളെ കൂറുമാറ്റുന്ന നാടകം അരങ്ങേറിയത്. ഒട്ടുമുക്കാലും സാക്ഷികള്‍ പ്രതിഭാഗം ചേര്‍ന്നു. പക്ഷേ, ഈ കേസിലെ വിധിയുടെ നല്ല കാര്യം കൂറുമാറിയവരുടെ പേരില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നു എന്നതാണ്.
പാവപ്പെട്ട ഒരു ആദിവാസി മാനസികവ്യഥ കൊണ്ട് സ്വന്തം വീട്ടില്‍നിന്നുപോലും ഇറങ്ങിപ്പോയ ഒരു മനുഷ്യന്‍, വികൃതമായ മുഷിഞ്ഞ വേഷം ധരിച്ച ഒരാള്‍, കാഴ്ചയിലെ ദുര്‍ബലനായ ഒരു വ്യക്തി. അയാളെ തല്ലിയാല്‍ ആരാണ് ചോദിക്കാന്‍, അയാളെ കൊന്നാല്‍ ആരാണ് ചോദിക്കാന്‍ എന്ന സാമൂഹ്യ മനോഭാവത്തിന്റെ ഉല്പന്നമായിട്ടാണ് പരിഷ്‌കൃതരെന്നു വിളിക്കുന്ന ആളുകള്‍ മധുവിനെ തല്ലിക്കൊന്നതെന്ന് മറക്കരുത്. ഇത് മധുവിനെതിരായ കയ്യേറ്റം മാത്രമല്ല. ഇത്തരത്തില്‍ അവഗണിക്കപ്പെടുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന വിഭാഗങ്ങള്‍ക്കിടയിലെതന്നെ ഏറ്റവും ദരിദ്രരും പല പല കാരണങ്ങള്‍കൊണ്ട് മാനസികമായ ബുദ്ധിമുട്ട് അനുഭവിച്ച് ഒറ്റപ്പെട്ടുപോയ അനേകായിരങ്ങളുടെ പൊതുപ്രശ്‌നമാണ്. അവര്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്ന അവരുടെ ദൈന്യതയേക്കാള്‍, അവരെ എന്തുചെയ്താലും ആരും ചോദിക്കാനും പറയാനുമില്ലെന്ന പരിഷ്‌കൃതരെന്ന് പറയുന്ന സമൂഹത്തിന്റെ അഹങ്കാരമാണ് പ്രധാന കാരണം. അതുകൊണ്ടുതന്നെ ഈ കേസ് കൊലക്കേസ് അല്ലാതായത് ഉചിതമായില്ലെന്ന് കരുതുന്നു.
കൊലപാതകം നടന്ന അടുത്ത ദിവസങ്ങളില്‍ തന്നെ മധുവിന്റെ വീട്ടില്‍ പോകാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. മധു ഒരു കുറ്റവാളിയാണെന്നാരും അവിടെ പറഞ്ഞില്ല. ചില മാനസികമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ മധു ചെറുപ്പത്തില്‍ നല്ല രീതിയില്‍ തന്നെ അവിടെ ജീവിച്ച ഒരു യുവാവാണ്. മാനസികമായി ബുദ്ധിമുട്ടുളള ആളുകളെ സ്വന്തം ഊരുകളില്‍നിന്നും നമ്മുടെ നാടുകളില്‍നിന്നും പുറന്തള്ളുകയെന്നത് അടുത്ത ബന്ധുക്കളുടെ പോലും ഒരു നടപടിയാണ്. മാനസിക ബുദ്ധിമുട്ടുളള ആളുടെ ബന്ധുവാണ് എന്നുപറയാന്‍ പോലും നാം പൊതുവില്‍ ഇഷ്ടപ്പെടാറില്ല. അത്തരത്തില്‍ പുറന്തള്ളപ്പെട്ട ഒരു വ്യക്തിയായിരുന്നു മധു. അതിന് പുറമേയാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിലെ അംഗമായി അയാളെ നാം കാണേണ്ടത്. അതുകൊണ്ട് മധുവിന്റെ കൊലയാളികള്‍ക്ക് ശിക്ഷ ലഭിച്ചു കഴിഞ്ഞെങ്കിലും മധുവിന്റെ അമ്മയും സഹോദരിയും ചോദിച്ച ഒരു ചോദ്യം നമ്മുടെ മുന്നിലുണ്ട്. ഞങ്ങളുടെ കോടതി പോലും ഞങ്ങള്‍ക്ക് നീതി തന്നില്ലെങ്കില്‍ ഞങ്ങളെവിടെ പോകും?
പരമാവധി ശിക്ഷയായ പത്തു വര്‍ഷം കൊടുത്തില്ലെന്ന് മാത്രമല്ല, ഇതൊരു കൊലക്കേസല്ല എന്ന നിഗമനത്തില്‍ നിന്നുകൊണ്ടാണ് വെള്ളം ചേര്‍ത്ത ഈ കൊലപാതകം വിചാരണ ചെയ്യപ്പെട്ടത് എന്നത് അത്യന്തം ശ്രദ്ധേയമായ കാര്യമാണ്. അതുകൊണ്ട് മധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും വീണ്ടും അപ്പീല്‍ പോകുന്നുണ്ട്. ആ അപ്പീല്‍ പോകുമ്പോള്‍ ഈ കേസ് കൊലക്കേസായി വിചാരണ ചെയ്യണമെന്നു പറയാനുള്ള അവസരം ഉണ്ടോയെന്ന കാര്യം സംശയമാണ്. പക്ഷേ, ഈ കേസില്‍ വാസ്തവത്തില്‍ പുനരന്വേഷണം നടത്തുകയാണ് വേണ്ടത്. കേരള സര്‍ക്കാര്‍ ഒരു തണുപ്പന്‍ സമീപനമാണ് ഈ കേസിന്റെ ആദ്യഘട്ടത്തില്‍ കാണിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് സംഭവം കഴിഞ്ഞ് അഞ്ചു വര്‍ഷം വരെ നീതി കിട്ടാന്‍ കാത്തുനില്‍ക്കേണ്ടി വന്നത്.
മധുവിന്റെ കേസ് നല്‍കുന്ന നിരവധി പാഠങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഇന്ന് ഇന്ത്യയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കടന്നാക്രമണങ്ങളും അതിന്റെ ഭാഗമായുള്ള കൊലപാതകങ്ങളും അതില്‍ തന്നെ ഒരു കുറ്റമായി നിര്‍വചിക്കുക എന്നതാണ്. നിലവിലുള്ള ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചുകൊണ്ട് ആള്‍ക്കൂട്ട കൊലയാളികള്‍ രക്ഷപ്പെടുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും മോശമായ ഉദാഹരണമാണ് മധുവിന്റെ കൊലപാതകം.
ഒരു കൊലപാതകം നടത്തണമെങ്കില്‍ മുന്‍കൂട്ടിയുളള തീരുമാനം ഉണ്ടാകണം മനസ്സൊരുക്കമുണ്ടാകണം എന്നിടത്തുനിന്നാണ് പ്രതിഭാഗം വാദം ആരംഭിക്കുക അതായത് മധുവിനെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടുകൂടിയല്ല പിടിച്ചതെന്നും അങ്ങനെ ആയിരുന്നെങ്കില്‍ ഞങ്ങള്‍ ചിത്രങ്ങളെടുക്കുമായിരുന്നോ എന്നും ഞങ്ങള്‍ പോലീസില്‍ ഏല്‍പ്പിക്കുമായിരുന്നോ എന്നുമാണ് പ്രതിഭാഗത്ത് നിന്നുള്ള വാദഗതികള്‍. പക്ഷേ, ഇതിനെയെല്ലാം മറികടക്കാനുള്ള പുതിയ നിയമ നിര്‍മാണം അനിവാര്യമായി തീര്‍ന്നിരിക്കുന്നു. സ്വയം ഒരാള്‍ കുറ്റവാളിയാണെന്ന് പ്രഖ്യാപിക്കുകയും അതല്ലെങ്കില്‍ ഒരാളോട് നേരത്തേയുണ്ടായിരുന്ന ദേഷ്യത്തിന്റെയോ പൊടുന്നനെയുണ്ടായ നിരോധത്തിന്റെയോ അടിസ്ഥാനത്തില്‍ അയാളെ ആള്‍ക്കൂട്ടം ആക്രമിക്കുകയും അയാള്‍ മരിക്കുകയും ചെയ്താല്‍ അത് കൊലപാതകമല്ലാതെ മറ്റൊന്നുമല്ല എന്നര്‍ഥത്തിലുള്ള പുതിയ നിയമ നിര്‍മാണം അത്യാവശ്യമാണ്.
നേരത്തേ സൂചിപ്പിച്ച ജില്ലാ കളക്ടറുടെ കൊലപാതകത്തില്‍ മധുവിന്റെ കാര്യത്തിലെന്നതുപോലെ കൊലപാതകം ഒഴിവാക്കിയില്ല. ഒരു ശവസംസ്‌കാര ഘോഷയാത്രക്കിടയിലാണ് ജില്ലാ കളക്ടര്‍ കൊല്ലപ്പെട്ടത് എന്നുളളതുകൊണ്ട് അദ്ദേഹത്തെ കൊല്ലാന്‍ മനഃപൂര്‍വമായി ശ്രമിച്ചിരുന്നില്ലെന്ന വാദം അവിടെയും നില്‍ക്കുന്നു. പക്ഷേ, ബിഹാറിലെ കളക്ടറെ കൊലപ്പെടുത്തിയ കേസ് കൊലപാതകമായപ്പോള്‍ മധുവിനെ കൊന്ന കേസ് കൊലപാതക കേസ് ആയില്ലെന്നിടത്താണ് കേരളത്തിന്റെ എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും കണ്ണുതുറക്കേണ്ടതെന്ന് ഈ ലേഖകന്‍ കരുതുന്നു.
പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായി, പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഇതരസാമൂഹിക ഗ്രൂപ്പുകള്‍ക്കെതിരായി, ഇന്നത്തെ ഇന്നത്തെ സാഹചര്യത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായി നടക്കുന്ന തെരുവുവിചാരണകൾ അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംവിധാനവും ആവശ്യമുണ്ട്. മധുവിന്റെ അമ്മയും സഹോദരിയും ചോദിച്ചതുപോലെ ഞങ്ങളുടെ കോടതിയില്‍നിന്ന് ഞങ്ങള്‍ക്ക് നീതി കിട്ടില്ലെന്ന് വന്നാല്‍ എവിടെ നിന്ന് കിട്ടും? ഇത്തരത്തില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും കടന്നാക്രമണങ്ങളും ഉണ്ടായാല്‍ അതിനെ കുറിച്ച് അന്വേഷിക്കാനുള്ള പ്രത്യേക സംവിധാനം പോലീസിലും ഉണ്ടാകേണ്ടതായിട്ടുണ്ട്. ഏതായാലും മധുവിന്റെ വിധിയിലെ ഏറ്റവും നല്ല കാര്യം കൂറുമാറിയ കക്ഷികള്‍ക്കെതിരായി കേസെടുക്കണം എന്ന നിര്‍ദേശം തന്നെയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂറുമാറ്റം വളരെ എളുപ്പമുള്ള കാര്യമാണ്.
1995 മെയ് മാസത്തില്‍ ഒരു ആള്‍ക്കൂട്ടത്താല്‍ അതികഠിനമായി ആക്രമിക്കപ്പെട്ട ഒരു വ്യക്തിയാണ് ഈ ലേഖകന്‍. അന്ന് എന്റെ മൊഴിയെടുക്കാന്‍ വന്ന പോലീസുകാരന്‍ എന്നോട് ചോദിച്ചു. താങ്കളുടെ സഹപ്രവര്‍ത്തകരില്‍ ഇന്നയിന്ന ആളുകള്‍ പറഞ്ഞിട്ടാണ് പ്രതികളാരാണെന്ന് എനിക്ക് മനസ്സിലായത് എന്നതല്ലേ സത്യം. ശരിയാണ്, അക്രമികളെ എനിക്ക് നേരിട്ട് അറിയില്ലായിരുന്നു. പക്ഷേ, ഈ പറഞ്ഞയാള്‍ കോടതിയില്‍ പറഞ്ഞു, അക്രമികളെ തനിക്ക് യാതൊരു പരിചയവുമില്ലെന്ന്. അതോടുകൂടി ആ കേസ് കൊലപാതകശ്രമം ആയിരുന്നിട്ടുപോലും തലശ്ശേരി സെഷന്‍സ് കോടതിയില്‍നിന്ന് അനായാസം വിട്ടുപോയി. കാരണം ആക്രമിക്കപ്പെട്ടയാള്‍ക്ക് ആക്രമിച്ചവരെ നേരിട്ട് അറിയുകയില്ല. ആരെങ്കിലും പറഞ്ഞേ അറിയാന്‍ സാധിക്കൂ. അങ്ങനെ പറഞ്ഞ ആള്‍ തന്നെ പിന്നീട് പറയുന്നു ഇദ്ദേഹത്തിന് ആരേയും അറിയില്ലെന്ന്. പിന്നെ വക്കീലിന്റെ പണി വളരെ എളുപ്പമാണ്.
ജുഡീഷ്യറിയെ തെറ്റിദ്ധരിപ്പിക്കാൻ ഇത്തരത്തിലുള്ള സാക്ഷ്യങ്ങള്‍ക്ക് സാധിക്കും. കൂറുമാറ്റ സാക്ഷികള്‍ക്ക് ഒരിക്കലും ഇളവ് നല്‍കിക്കൂടാ. മനഃപൂര്‍വമല്ല ആരും ഇളവു നല്‍കുന്നത്. കൂറുമാറ്റത്തിന് നിര്‍ബന്ധിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. കേരളത്തിലെ നിരവധി കൊലക്കേസുകളില്‍ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ പോലും കൂറുമാറിയിട്ടുണ്ട്. സാക്ഷികളുടെ കൂറുമാറ്റം ജുഡീഷ്യറിയുടെ മുന്നിലെ ഒരു കീറാമുട്ടിയാണ്.
സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കാനും സാക്ഷികളെ സ്വാധീനിക്കുന്നവരെ കൃത്യമായി നിരീക്ഷിക്കാനും അങ്ങനെയുള്ള സ്വാധീനിക്കല്‍ ഗൗരവമായി മാറ്റാനും കഴിഞ്ഞില്ലെങ്കില്‍ കുറ്റവാളികള്‍ അനായാസമായി രക്ഷപ്പെടുന്ന അവസ്ഥയാണ് നമ്മുടെ നാട്ടിലുള്ളത്. പ്രത്യേകിച്ചും പാവപ്പെട്ടവരേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തില്‍ പെട്ടവരേയും കൊല്ലുന്നവര്‍ക്ക് സാക്ഷികളെ കൂറുമാറ്റാന്‍ എളുപ്പമാണ്. ശക്തരായ രാഷ്ട്രീയ കക്ഷികള്‍ക്ക് അവര്‍ക്കെതിരേ കോടതിയില്‍ സാക്ഷി പറയുന്നവരെ മാറ്റിയെടുക്കാന്‍ അതുപോലെതന്നെ എളുപ്പമാണ്. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ സാധ്യതയിലേക്കും അതിന്റെ പരിമിതിയിലേക്കും തുറക്കുന്ന ഒരു വലിയ വാതിലാണ് അട്ടപ്പാടിയിലെ ആദിവാസി യുവാവായ മധുവിന്റെ കൊലപാതക കേസിലെ വിധി. അത് കൊലപാതക കേസ് അല്ലാതായത് എന്താണെന്നതുമുതല്‍ കൂറുമാറിയ സാക്ഷികളെ ശിക്ഷിക്കുന്നത് വരെയുള്ള തുടര്‍ അന്വേഷണങ്ങളിലും വിചാരങ്ങളിലും കേരളം, പ്രത്യേകിച്ചും മാധ്യമ ലോകം, കണ്ണും കാതും തുറന്നിരിക്കേണ്ടതുണ്ടെന്ന് ഈ ലേഖകന്‍ കരുതുന്നു.
Content Highlights: madhu murder case pratibhashanam by cp john
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..