അൽപത്തരങ്ങളുടെ തമ്പുരാൻ | വഴിപോക്കൻ


വഴിപോക്കൻ

6 min read
Read later
Print
Share

ഗാന്ധിയെയും നെഹ്രുവിനെയും പോലെ ലോകം ആദരിക്കുന്ന നേതാവായി ഭാവി തന്നെ കരുതണമെന്ന് മോദി അദമ്യമായി ആഗ്രഹിക്കുന്നു. ഈ ആഗ്രഹം സാക്ഷാത്കരിക്കാൻ ഗാന്ധിയുടെ പോലെ 'എന്റെ ജിവിതമാണ് എന്റെ സന്ദേശം' എന്ന് പറയാൻ മോദിക്കാവുന്നില്ല. ഡിസ്‌കവറി ഒഫ് ഇന്ത്യ പോലുള്ള ഒരു ഗ്രന്ഥവും മോദിക്കെഴുതാനാവുന്നില്ല. ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണ് ഈ അണക്കെട്ടുകൾ എന്ന നെഹ്രുവിയൻ വചനവും മോദിയുടെ പരിധികൾക്ക് പുറത്താണ്. പ്രതിമ നിർമ്മാണവും ക്ഷേത്ര നിർമ്മാണവുമാണ് മോദിയുടെ നിലവിലുള്ള ബാക്കിപത്രങ്ങൾ.

പുതിയ പാർലമെന്റ് കെട്ടിടം

മൂന്ന് വർഷം മുമ്പ് ഏപ്രിലിൽ ദ വയറിൽ ചരിത്രകാരൻ രാമചന്ദ്ര ഗുഹ എഴുതിയ ലേഖനത്തിൽ നിന്നാവട്ടെ തുടക്കം. ''The Folly and vanity of the Project to Redesign Delhi'' (ഡൽഹിയുടെ മുഖച്ഛായ മാറ്റാനുള്ള പദ്ധതിയുടെ വിഡ്ഢിത്തവും പൊങ്ങച്ചവും) എന്ന തലക്കെട്ടിലുള്ള കുറിപ്പിന് ആമുഖമായി ഗുഹ എഴുതി: ''ആറ് വർഷം മുമ്പ് ഹിന്ദുസ്ഥാൻ ടൈംസ് പത്രാധിപർ ഒരു കോളം എഴുതാൻ എന്നെ ക്ഷണിച്ചു. ഒരു സെൻസർഷിപ്പും ഉണ്ടാവില്ലെന്ന ധാരണയിൽ ഞാൻ സമ്മതിച്ചു. ചിലപ്പോൾ ചില വാചകങ്ങളും വാക്യങ്ങളും എന്റെ സമ്മതമില്ലാതെ മാറ്റിയെങ്കിലും ഒരിക്കൽ പോലും എന്റെ കോളം മാറ്റിയെഴുതുകയോ എന്റെ കോളത്തിലെ വാദങ്ങൾ തിരുത്തുകയോ ഉണ്ടായിട്ടില്ല. പക്ഷേ, ഈയാഴ്ച ഹിന്ദുസ്ഥാൻ ടൈംസ് എന്റെ കോളം പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ചു. ഇതേ കോളമാണ് ഇപ്പോൾ ദ വയർ സമ്പൂർണ്ണമായും പ്രസിദ്ധികരിക്കുന്നത്.''

ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള രണ്ടാം വരവിൽ നരേന്ദ്ര മോദിയുടെ വലിയ ലക്ഷ്യങ്ങളിലൊന്നായിരുന്നു ഒരു പുതിയ ഡൽഹിയുടെ രൂപകൽപന. ഈ ദൗത്യം പൂർണ്ണമായും വിഡ്ഢിത്തമാണെന്നും പൊങ്ങച്ചത്തത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണെന്നുമായിരുന്നു ഗുഹയുടെ ലേഖനത്തിന്റെ കാതൽ. കൂടുതൽ ഭൂരിപക്ഷത്തോടെ തിരിച്ചുവന്ന മോദിയെ പിണക്കുന്നതിന് ധൈര്യമില്ലാത്തതു കൊണ്ടാവണം ഹിന്ദുസ്ഥാൻ ടൈംസ് ഗുഹയുടെ കോളം തമസ്‌കരിക്കാൻ തീരുമാനിച്ചത്. അടിയന്തരാവസ്ഥയ്ക്കു ശേഷം ഡൽഹിയിലെ മാദ്ധ്യമങ്ങൾ ഭരണകൂടത്തെ വീണ്ടും പേടിക്കാൻ തുടങ്ങിയതിന്റെ ശക്തമായ ലക്ഷണങ്ങളിലൊന്നായിരുന്നു അത്. ന്യൂസ് ലോൺഡ്രിയിൽ അൽപന കിഷോർ എഴുതിയ രണ്ട് ഭാഗമുള്ള ലേഖനത്തിൽനിന്ന് വിശദമായി ഉദ്ധരിച്ചുകൊണ്ടാണ് ഗുഹ തന്റെ കുറിപ്പ് തയ്യാറാക്കിയത്. രാജ്യതലസ്ഥാനത്തെ വായുമലിനീകരണം കുറയ്ക്കുന്നതിനേക്കാൾ മുൻഗണന സെൻട്രൽ വിസ്തയുടെ പുനർവികസനത്തിന് ലഭിക്കുന്നതെന്ത് കൊണ്ടാണെന്ന ചോദ്യമാണ് അൽപന തന്റെ ലേഖനത്തിന്റെ ആദ്യഭാഗത്ത് ഉയർത്തിയത്.

കോവിഡ് മഹാമാരിയുടെ വരവിനും മുമ്പായിരുന്നു അൽപന ലേഖനം എഴുതിയത്. ഡൽഹിയിൽ ഒരു ദിവസം 80 പേരെങ്കിലും വായുമലിനീകരണം നിമിത്തം മരിക്കുന്നുണ്ടെന്നും ഇതിനൊരു പരിഹാരമുണ്ടാക്കും മുമ്പേ 20,000 കോടി രൂപയോളം ഡൽഹിയുടെ മുഖച്ഛായ മാറ്റാൻ മുടക്കേണ്ടതുണ്ടോ എന്നും അൽപന ചോദിച്ചു. ഗുഹയുടെ ലേഖനം വരുമ്പോഴേക്കും രാജ്യം കോവിഡിന്റെ പ്രഹരം അറിയാൻ തുടങ്ങിയിരുന്നു. ഈ പണമുണ്ടെങ്കിൽ രാജ്യത്തെ 80% ജനങ്ങൾക്കും വാക്സിൻ നൽകാനാവുമെന്നും എല്ലാ സൗകര്യങ്ങളുമുള്ള 40 അത്യാധുനിക ആസ്പത്രികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കാനാവുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. പക്ഷേ, പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന് പറയുന്നതുപോലെ മോദി ഇളകിയില്ല. സെൻട്രൽ വിസ്തയുടെ വികസനം മോദിയുടെ സ്വപ്നവും ആഗ്രഹവുമാണ്.

മനോഹർ ജോഷി

മനോഹർ ജോഷിയും വാസ്തുവിദഗ്ധനും

ഈ പദ്ധതിയുടെ ഒരു ഭാഗമാണ് പുതിയ പാർലമെന്റ്. പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കുമുള്ള പുതിയ വീടുകളാണ് പദ്ധതിയുടെ മറ്റൊരു ഭാഗം. നിലവിലുള്ള പാർലമെന്റിന് 97 വർഷത്തെ പഴക്കമുണ്ടെന്നും കൊളോണിയൽ അവശിഷ്ടങ്ങൾ പേറുന്ന ഒരു കെട്ടിടം പാർലമെന്റായി തുടരുന്നതിൽ അസാംഗത്യമുണ്ടെന്നുമൊക്കെ പറഞ്ഞാണ് 1,200 കോടി രൂപയോളം ചെലവിട്ട് പുതിയ കെട്ടിടം പണിതുയർത്തിയിരിക്കുന്നത്. എന്നാൽ പത്രപ്രവർത്തകനായ കപിൽ കോമിറെഡ്ഡി ഒരു ലേഖനത്തിൽ വെളിപ്പെടുത്തിയത് ഈ പദ്ധതിക്ക് പിന്നിൽ വാസ്തു വിദഗ്ദ്ധന്റെ ഇടപെടലുണ്ടെന്നാണ്. ലോക്‌സഭ സ്പീക്കറായിരുന്ന മനോഹർ ജോഷിക്ക് 2002-ൽ പാർലമെന്റ് മന്ദിരത്തിന് എന്തോ ഒരു പിശകുണ്ടെന്ന് തോന്നി. ജോഷിക്ക് മുമ്പ് ലോക്സഭ സ്പീക്കറായിരുന്ന ജി.എം.സി. ബാലയോഗി ഒരു ഹെലിക്കോപ്റ്റർ അപകടത്തിലാണ് മരിച്ചത്. ജോഷി സ്പീക്കറായി രണ്ട് മാസം കഴിഞ്ഞപ്പോൾ ഉപരാഷ്ട്രപതി കൃഷൻ കാന്ത് ഹൃദയാഘാതത്താൽ മരിച്ചു. ജോഷി സ്പീക്കറാവുന്നതിനും മൂന്ന് മാസം മുമ്പാണ് ഇന്ത്യൻ പാർലമെന്റിന് നേരെ ആക്രമണമുണ്ടായത്. പ്രശ്നപരിഹാരത്തിന് ജോഷി കണ്ടെത്തിയത് അഭിഭാഷകനും വാസ്തു വിദഗ്ദ്ധനുമായ അശ്വിനി കുമാർ ബൻസാലിനെയാണ്. ബൻസാൽ രണ്ട് ദിവസം പാർലമെന്റ് മന്ദിരത്തിലൂടെ കറങ്ങിനടന്നു. കോമിറെഡ്ഡിയുടെ വാക്കുകളിൽ പറഞ്ഞാൽ പാർലമെന്റിന്റെ ചരിത്രവും യശസ്സുമായല്ല നെഗറ്റിവ് എനർജിയുമായാണ് ബൻസാൽ മുഖാമുഖം നിന്നത്.

''ഒരു വിദേശിയുടെ (എഡ്വിൻ ലൂട്ടിയനും ഹെർബർട്ട് ബേക്കറും ചേർന്നാണ് പാർലമെന്റ് മന്ദിരം രൂപകൽപന ചെയ്തത്) ഭ്രാന്തൻ ഭാവനയ്ക്കനുസരിച്ചുള്ള വിചിത്രമായ കെട്ടിടമാണിത്.'' മനോഹർ ജോഷിക്ക് സമർപ്പിച്ച കുറിപ്പിൽ ബൻസാൽ എഴുതി. ''ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാമിക് വാസ്തുവിദ്യ രീതികളോടൊന്നും തന്നെ ഈ കെട്ടിടം കൂറ് പുലർത്തുന്നില്ല. പ്രധാന പ്രശ്നം കെട്ടിടത്തിന്റെ വൃത്താകൃതിയാണ്. പൂജ്യത്തേയും ശൂന്യതയേയും ഒന്നുമില്ലായ്മയേയുമാണ് ഇത് സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെടുന്ന എന്തിനേയും ഇത് തകർക്കും.'' പാർലമെന്റ് എത്രയും പെട്ടെന്ന് ഈ കെട്ടിടത്തിൽനിന്ന് തൊട്ടടുത്തുള്ള കൺവെൻഷൻ സെന്ററിലേക്ക് മാറ്റണമെന്നും ഈ കെട്ടിടം മ്യൂസിയമാക്കി മാറ്റമെന്നുമായിരുന്നു ബൻസാലിന്റെ ഉപദേശം.

ബൻസാലിൽ വിശ്വാസമുണ്ടായിരുന്നെങ്കിലും ബൻസാലിന്റെ ഉപദേശം നടപ്പാക്കാനൊരുങ്ങിയാലുള്ള പ്രതികരണം എന്തായിരിക്കുമെന്ന് ജോഷിക്കറിയാമായിരുന്നു. വിവിധ കക്ഷികൾ ചേർന്നുണ്ടാക്കിയ മുന്നണിയാണ് ഭരിക്കുന്നതെന്നും അതുകൊണ്ടുതന്നെ തൽക്കാലം മിണ്ടാതിരിക്കുന്നതാണ് ബുദ്ധിയെന്നും ജോഷിക്ക് തോന്നി. അങ്ങിനെ ജോഷി ബൻസാലിന്റെ കുറിപ്പിന് മേൽ അടയിരുന്നു. രണ്ട് കൊല്ലം കഴിഞ്ഞ് നടന്ന പൊതു തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സർക്കാരിനെ ജനങ്ങൾ എടുത്തുമാറ്റി. നരേന്ദ്ര മോദിക്ക് ബൻസാലിന്റെ കുറിപ്പ് കിട്ടിയിട്ടുണ്ടോ എന്നറിയില്ല. അനശ്വരനാവുക എന്നതാണ് മോദിയുടെ ചിരകാല ലക്ഷ്യം. ഗാന്ധിയെയും നെഹ്രുവിനെയും പോലെ ലോകം ആദരിക്കുന്ന നേതാവായി ഭാവി തന്നെ കരുതണം എന്ന് മോദി അദമ്യമായി ആഗ്രഹിക്കുന്നു. ഈ ആഗ്രഹം സാക്ഷാത്കരിക്കാൻ ഗാന്ധിയുടെ പോലെ 'എന്റെ ജിവിതമാണ് എന്റെ സന്ദേശം'എന്ന് പറയാൻ മോദിക്കാവുന്നില്ല. ഡിസ്‌കവറി ഒഫ് ഇന്ത്യ പോലുള്ള ഒരു ഗ്രന്ഥവും മോദിക്കെഴുതാനാവുന്നില്ല. ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണ് ഈ അണക്കെട്ടുകളെന്ന നെഹ്രുവിയൻ വചനവും മോദിയുടെ പരിധികൾക്ക് പുറത്താണ്. പ്രതിമ നിർമ്മാണവും ക്ഷേത്രനിർമ്മാണവുമാണ് മോദിയുടെ നിലവിലുള്ള ബാക്കിപത്രങ്ങൾ.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ രൂപകൽപനയെക്കുറിച്ച് ബൻസാലിനോട് കോമിറെഡ്ഡി ചോദിച്ചിരുന്നു. പുതിയ മന്ദിരം ത്രികോണാകൃതിയിലാണെന്നും അത് വൃത്തത്തേക്കാൾ പിശകാണെന്നുമായിരുന്നു ബൻസാലിന്റെ മറുപടി: ''ത്രികോണം അഗ്നിയെ സൂചിപ്പിക്കുന്നു. അതെല്ലാം നശിപ്പിക്കും.''

പാർലമെന്റ് പടികളിൽ പ്രണാമം അർപ്പിക്കുന്ന നരേന്ദ്ര മോദി (2014-ലെ ചിത്രം) | ഫോട്ടോ: മാതൃഭൂമി

പട്ടേൽ സ്റ്റേഡിയം മോദി സ്റ്റേഡിയമാവുമ്പോൾ

2018-ലാണ് മോദി ഗുജറാത്തിൽ സർദാർ പട്ടേൽ പ്രതിമ ഉദ്ഘാടനം ചെയ്തത്. പട്ടേലിനെ ഏറ്റെടുക്കാനുള്ള ബി.ജെ.പിയുടെ ഉദ്യമത്തിലെ നാഴികക്കല്ലായിരുന്നു അത്. പക്ഷേ, രണ്ടാമതും പ്രധാനമന്ത്രിയായതോടെ പട്ടേലിലുള്ള കമ്പം മോദി ഉപേക്ഷിക്കാൻ തുടങ്ങി. പട്ടേൽ എന്നല്ല തനിക്ക് മുകളിൽ മറ്റൊരു നേതാവിനെയും പ്രതിഷ്ഠിക്കേണ്ടതില്ലെന്ന ചിന്ത മോദിയിൽ രൂഢമൂലമാവാൻ തുടങ്ങിയിരിക്കണം.

അഹമ്മദാബാദിൽ പട്ടേലിന്റെ പേരിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം മോദിയുടെ പേരിലാക്കി മാറ്റിയത് അതിനുള്ള തെളിവായിരുന്നു. ഒരു പ്രധാനമന്ത്രി രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയം തന്റെ തന്നെ പേരിലാക്കുന്നതിന് അനുമതി നൽകുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിരുന്നു. ഇതിന് മുമ്പ് ഇങ്ങനെ ചെയ്തിട്ടുള്ളത് ഹിറ്റ്ലറും മുസ്സോളിനിയും സദ്ദാം ഹുസൈനും ഖദ്ദാഫിയുമാണെന്നും ഇവരുടെ കൂട്ടത്തിലേക്കാണ് ഇപ്പോൾ മോദിയും അണിചേരുന്നതെന്നും രാമചന്ദ്ര ഗുഹ ചൂണ്ടിക്കാട്ടി. മോദിയുടെ അനുമതി ഇല്ലാതെയാണ് ഗുജറാത്ത് സർക്കാർ ഈ കലാപരിപാടി നടത്തിയിരിക്കുന്നതെങ്കിൽ മോദി തന്നെ ഇടപെട്ട് ഈ വൃത്തികേട് ഇല്ലാതാക്കണമെന്ന് ബി.ജെ.പി. നേതാവായ സുബ്രഹ്‌മണ്യൻ സ്വാമി ആവശ്യപ്പെട്ടെങ്കിലും കഥാപുരുഷനായ കേളൻ കുലുങ്ങിയില്ല.

ഈ അൽപത്തരത്തിന്റെ പട്ടികയിലേക്കാണ് ഇപ്പോൾ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവും കടന്നുവരുന്നത്. പാർലമെന്റ് എന്ന് പറഞ്ഞാൽ രാഷ്ട്രപതിയും ഇരുസഭകളും അടങ്ങുന്നതാണെന്നാണ് ഭരണഘടനയുടെ 79-ാം അനുച്ഛേദം വ്യക്തമാക്കുന്നത്. പാർലമെന്റിന്റെ ഇരുസഭകളും വിളിച്ചുകൂട്ടി അവയെ ഒന്നിച്ച് അഭിസംബോധന ചെയ്യാനുള്ള അവകാശവും അധികാരവും രാഷ്ട്രപതിക്കാണെന്ന് ഭരണഘടനയുടെ 86-ാം വകുപ്പ് അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി ഒരു പാർട്ടിയുടെ നേതാവാണ്. രാഷ്ട്രപതി അങ്ങനെയല്ല. രാഷ്ട്രപതിയാവാൻ കളത്തിലിറങ്ങുമ്പോൾ തന്നെ കക്ഷിരാഷ്ട്രീയം ഉപേക്ഷിക്കേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ എല്ലാ അർത്ഥത്തിലും രാഷ്ട്രപതിയാണ് ജനാധിപത്യത്തിന്റെ ഈ പുതിയ ശ്രീകോവിൽ തുറന്നുകൊടുക്കേണ്ടത്. ഏറ്റവും പിന്നാക്കം നിൽക്കുന്ന ആദിവാസി സമൂഹത്തിൽനിന്ന് ഒരാളെ ഇന്ത്യയുടെ പരമോന്നത സ്ഥാനത്തേക്കു കൊണ്ടുവരുമ്പോൾ ബി.ജെ.പി. മുന്നോട്ടുവെച്ച അവകാശവാദങ്ങൾ എത്രമാത്രം പൊള്ളയാണെന്നും പാർലമെന്റ് ഉദ്ഘാടനത്തിൽനിന്നു രാഷ്ട്രപതി മാറ്റി നിർത്തപ്പെടുമ്പോൾ വ്യക്തമാവുന്നുണ്ട്.

ദ്രൗപദി മുർമു

ദ്രൗപദി മുർമ്മുവിന്റെ ധർമ്മസങ്കടം

നിലിവിലുള്ള പാർലമെന്റിന്റെ അനക്സ് 1975 ഒക്ടോബർ 24-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തതെന്ന വാദം ബി.ജെ.പി. ഉയർത്തുന്നുണ്ട്. 1975 ഒക്ടോബർ എന്ന് പറഞ്ഞാൽ രാജ്യത്ത് അടിയന്തരാവസ്ഥയായിരുന്നു. ഇന്ത്യൻ ജനാധിപത്യം നിഷ്‌കരുണം തകർക്കപ്പെട്ട കാലം. അന്ന് ഇന്ദിര സർക്കാർ ചെയ്ത നടപടികളൊക്കെതന്നെ ജനാധിപത്യ വിരുദ്ധമായിരുന്നുവെന്ന് നാഴികയ്ക്ക് നാൽപതു വട്ടം വിളിച്ചുപറയുന്നവരാണ് നരേന്ദ്ര മോദി അടക്കമുള്ള ബി.ജെ.പി. നേതാക്കൾ. ഇതേ പാർലമെന്റ് അനക്സിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത് അന്നത്തെ പ്രസിഡന്റ് വി.വി. ഗിരിയായിരുന്നു എന്നതും മറക്കരുത്. ഇതിപ്പോൾ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തിയത് മോദിയാണ്. വന്ദേ ഭാരതായാലും ഐ.എൻ.എസ്. വിക്രാന്തായാലും അയോദ്ധ്യയിലെ ക്ഷേത്രമായാലും എല്ലാത്തിന്റെയും മുഖ്യാതിഥി താൻ തന്നെയായിരിക്കണമെന്ന് ശഠിക്കുന്ന ഒരാളെ ജനാധിപത്യ മര്യാദകൾ ഓർമ്മിപ്പിച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടോ എന്നറിയില്ല.

ഒഡിഷയിലെ റെയ്റങ്പുർ നഗർ പഞ്ചായത്തിൽ വാർഡ് അംഗമായാണ് 1997-ൽ ദ്രൗപദി മുർമു പൊതുസേവനം തുടങ്ങുന്നത്. ജാർഖണ്ഡ് ഗവർണറായിരിക്കെ ഭരണഘടനാ ലംഘനങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്ത ചരിത്രം ദ്രൗപദി മുർമുവിനുണ്ട്. പാർലമെന്റ് ഉദ്ഘാടനത്തിൽനിന്ന് രാഷ്ട്രപതിയെ മാറ്റിനിർത്തുന്നത് ഭരണഘടന ലംഘനമാണെന്നും ഈ പശ്ചാത്തലത്തിൽ ഇനിയിപ്പോൾ രാഷ്ട്രപതി ദ്രൗപദി മുർമുവിന് മുന്നിലുള്ള ഏക വഴി രാജിവെയ്ക്കലാണെന്നാണ് ഐ.ഐ.എം. അഹമ്മദാബാദിൽ പ്രൊഫസറായിരുന്ന ജഗദീപ് എസ് ചൊക്കർ ദ വയറിൽ ഇന്നലെ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നത്: ''only honourable option left for the president is to resign from her august office. It is obvious that this will be seen as a drastic action, but it is the only way she can protect the constitution and also her personal dignity.''

ജഗദീപിന്റെ നിരീക്ഷണത്തോട് രാഷ്ട്രപതി യോജിക്കാനുള്ള സാദ്ധ്യത തീരെ വിരളമാണ്. പക്ഷേ, ഞായറാഴ്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കുമ്പോൾ കോൺഗ്രസ് അടക്കമുള്ള മുഖ്യ പ്രതിപക്ഷ പാർട്ടികൾ അതിന് സാക്ഷ്യം വഹിക്കാനുണ്ടാവില്ല. ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യ എന്നാണ് പ്രധാനമന്ത്രി മോദി അഭിമാനത്തോടെയും ആവേശത്തോടെയും ഉദ്ഘോഷിക്കാറുള്ളത്. 2014-ൽ പാർലമെന്റിലേക്കുള്ള ആദ്യവരവിൽ അദ്ദേഹം പാർലമെന്റിന്റെ പടവുകളിൽ സാഷ്ടാംഗ നമസ്‌കാരം നടത്തിയിരുന്നു. പക്ഷേ, പിന്നീടങ്ങോട്ട് പാർലമെന്റിന്റെ ജനാധിപത്യ സ്വഭാവം ക്രമേണ നഷ്ടപ്പെടുന്നതാണ് രാഷ്ട്രം കണ്ടത്. പറയുന്നത് പ്രവർത്തിക്കുക എന്നതായിരുന്നു രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജീവിതമന്ത്രം.

പുതിയ ഇന്ത്യൻ റിപ്പബ്ലളിക്കിന്റെ പിതാവായാണ് നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ ആരാധകർ വിശേഷിപ്പിക്കുന്നത്. ഗാന്ധിജിയുടെ ജീവിതമാതൃക അതേപടി പിന്തുടരാൻ മോദിക്കെന്നല്ല ഇന്നിപ്പോൾ ഒരു രാഷ്ട്രീയ നേതാവിനും കഴിയില്ല. പക്ഷേ, ചില കാര്യങ്ങളിലെങ്കിലും അഹന്തയും തൻപ്രമാണിത്തവും കൈവിടാനും വിശാലമായ ജനാധിപത്യബോധം അനുശീലിക്കാനും പ്രധാനമന്ത്രിക്കാവണം. നേതാക്കൾ അനശ്വരരാവുന്നത് കെട്ടിടങ്ങൾ പണിതുയർത്തുന്നതിലൂടെയും ഉദ്ഘാടനങ്ങളിലൂടെയുമല്ല. ശിലാഫലകങ്ങളിൽ പേരുള്ളതു കൊണ്ടല്ല ഗാന്ധിജിയെയും നെഹ്രുവിനെയും അംബദ്കറിനെയും ഇന്ത്യൻ ജനത ഓർക്കുന്നത്. കാണാൻ കണ്ണുള്ളവർ കാണട്ടെ! കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ!

വഴിയിൽ കേട്ടത്: മോദിയെ നിന്ദിച്ചതിന് കോൺഗ്രസും പ്രതിപക്ഷവും 2024-ൽ വലിയ വില നൽകേണ്ടിവരുമെന്ന് അമിത് ഷാ. കർണാടകയിൽനിന്നു കിട്ടിയ വിലയെക്കുറിച്ച് അമിത് ഭായിക്ക് എന്തെങ്കിലും പറയാനുണ്ടോ ആവോ!

Content Highlights: Narendra Modi, New Parliament Building, Central Vista, Vazhipokkan

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Cartoon

3 min

കറുത്ത വറ്റ് കഞ്ഞിയിലല്ല; കഞ്ഞി വെക്കുന്നവരിലാണ്

Sep 28, 2023


Supreme Court

1 min

ജൂനിയർ അഭിഭാഷകർക്കും സമരക്കാർക്കും സുപ്രീംകോടതിയുടെ താക്കീത് | നിയമവേദി

Sep 20, 2023


പിണറായി വിജയന്‍, മിലന്‍ കുന്ദേര
Premium

6 min

അസഹിഷ്ണുതയില്‍ നിന്നുടലെടുക്കുന്ന ഭയത്തിന്റെ രാഷ്ട്രീയം | പ്രതിഭാഷണം

Jul 29, 2023


Most Commented