പിണറായി വിജയൻ | ഫോട്ടോ: റിദിൻ ദാമു, മാതൃഭൂമി
പുലര്‍ച്ചെ മൂന്നു മണിക്ക് തന്നെ എഴുന്നേറ്റ് കുളിച്ചു. മൊബൈല്‍ നോക്കി ബീജിങ്ങിലെയും മോസ്‌കോയിലെയും സമയം ഉറപ്പു വരുത്തി. സുപ്രധാന കാര്യങ്ങള്‍ ചെയ്യുന്നതിന് മുമ്പ് സമയം നോക്കണമെന്ന് ചെയര്‍മാന്‍ മാവോ പലവട്ടം പറഞ്ഞിട്ടുണ്ട്. മനുഷ്യര്‍ക്കെന്ന പോലെ പാര്‍ട്ടികള്‍ക്കും തലക്കുറിയുണ്ടെന്നും സമയം മോശമായാല്‍ വടി പോലും പാമ്പായി മാറുമെന്നും അനുഭവമുള്ളതാണ്. നക്ഷത്രത്തിലും രാശിയിലും വിശ്വാസമില്ലാതിരുന്നതാണ് 1962 ല്‍ പണ്ഡിറ്റ് നെഹ്രുവിനും വി കെ കൃഷ്ണമേനോനും വിനയായതെന്ന് പാര്‍ട്ടിയുടെ രഹസ്യ രേഖകളിലുണ്ട്. അതുകൊണ്ടു തന്നെ തലക്കുറി എടുക്കും മുമ്പ് ഒരിക്കല്‍ കൂടി വാച്ച് നോക്കി. പാലച്ചോട്ടില്‍ കണിയാന്‍ പറഞ്ഞതുപോലെ പൂയവുമല്ല, ആയില്ല്യവുമല്ല. ലോകായുക്ത നിസ്സാരക്കാരനല്ലെന്ന് കണിയാന്‍ തറപ്പിച്ചു പറഞ്ഞപ്പോള്‍ ഇത്രയും കരുതിയില്ല.
കാശിന് കാശും ആളിന് ആളെയും ഇറക്കിയാണ് ലോകയുക്തയുടെ തലക്കുറി സംഘടിപ്പിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വരെ കണ്ടെത്തിത്തരാം പക്ഷേ, ലോകായുക്തയുടെ കാര്യത്തില്‍ മാത്രം നിര്‍ബ്ബന്ധിക്കരുതന്നൊണ് കണിയാന്‍ ആദ്യം പറഞ്ഞത്. ഒടുവില്‍ അറ്റകൈ പ്രയോഗം നടത്തി. പെഗാസസ് എന്നൊരു വാക്കേ പറഞ്ഞുള്ളു, കണിയാന്‍ പിന്നെ ഒരക്ഷരം മറുത്തു പറഞ്ഞില്ല. ഏതു കൊലക്കൊമ്പനെയും ഒരു വഴിക്കാക്കാന്‍ ബ്ലാക്ക് മെയില്‍ പോലൊരു ആയുധം വേറെയില്ലെന്ന് സഖാവ് കൗടിലോസ്‌കി രേഖപ്പെടുത്തിയിട്ടുള്ളത് വെറുതെയല്ല.
ഇതുപോലൊരു ജാതകം ഇതുവരെ കണ്ടിട്ടില്ലെന്നാണ് കണിയാന്‍ പറഞ്ഞത്. അമ്മിക്കല്ല് കൊണ്ട് തലയിലിടിച്ചാല്‍ പോലും ഒന്നും സംഭവിക്കില്ല. അതുകൊണ്ട് ചാവേറുകളെ ഇറക്കിയാല്‍ കാശും ആളും പോകും എന്നല്ലാതെ ഒരു ഗുണവുമുണ്ടാവില്ല. മാത്രമല്ല, കെ റെയില്‍ എന്നൊരു ഗുലുമാല് വന്നുപെട്ടിട്ടുള്ളതുകൊണ്ട് ചാവേറുകള്‍ക്ക് നിന്നു തിരിയാന്‍ പോലും സമയമില്ലാത്ത അവസ്ഥയാണ്. സ്ഥിരം ശല്ല്യക്കാര്‍ മാത്രമല്ല, പാര്‍ട്ടിയുടെ കൂടെയുണ്ടെന്ന് കരുതിയിരുന്ന ആസ്ഥാന കവികള്‍ വരെ കലാപത്തിലാണ്. ഇവരെയൊക്കെ ഒതുക്കാന്‍ ഇനിയിപ്പോള്‍ ആലപ്പുഴയില്‍ നിന്ന് പ്രതികവിത തന്നെ വേണ്ടി വരുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ആലപ്പുഴക്കാരന്‍ തുടങ്ങിയാല്‍ പിന്നെ നിര്‍ത്താനാണ് പാട്. എന്തായാലും അറ്റകൈക്ക് പ്രതിവിഷം, സോറി, പ്രതികവിതയെങ്കില്‍ പ്രതികവിത.

കവിയെ ഇറക്കി ലോകായുക്തയെ ഒതുക്കാനാവുമോ എന്ന് ആലാചിക്കാതെയല്ല. പക്ഷേ, അതുകൊണ്ടൊന്നും ഒരു കാര്യവുമില്ലെന്ന് പറഞ്ഞുതന്നത് തവനൂരുകാരന്‍ എംഎല്‍എയാണ്. ചെരിപ്പ് എവിടെയൊക്കെ തുളഞ്ഞിട്ടുണ്ടെന്ന് ചെക്കനോളം ആര്‍ക്കാണ് അറിയാവുന്നത്. കഴിഞ്ഞ കൊല്ലം ഈ സമയത്താണ് ചെക്കന്‍ പുതിയൊരു മന്ത്രിക്കുപ്പായത്തിന് അളവെടുവിപ്പിച്ചത്. പറഞ്ഞിട്ടെന്തു കാര്യം ഓര്‍ഡര്‍ കൊടുത്ത് ഒരു മാസം കഴിഞ്ഞപ്പേഴേക്കും ചെക്കന്റെ ചീട്ട് അങ്ങേര് കീറി. ചെക്കന്‍ വിട്ടില്ല, അങ്ങ് സുപ്രീംകോടതി വരെ പോയി. ലോകായുക്തയുടെ തലക്കുറിയെക്കുറിച്ച് അന്നാണ് ആദ്യം കേട്ടത്. ചെക്കന്റെ പരാതിയല്ല ലോകായുക്തയുടെ തലക്കുറിയാണ് ആദ്യം കോടതി നോക്കിയത്. പരാതി കീറിയെറിഞ്ഞ് സ്ഥലം വിടുന്നതാണ് ചെക്കന് നല്ലതെന്നാണ് വക്കീലിനോട് കോടതി പറഞ്ഞത്.
ലോകായുക്തയുടെ തലക്കുറി എഴുതിയത് ചില്ലറക്കാരനല്ലെന്ന് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തെളിഞ്ഞത്. സാക്ഷാല്‍ സുബ്രഹ്‌മണ്യം പോറ്റി അദ്യേമാണ് രചയിതാവ് എന്നു കേട്ടത് ഉള്‍ക്കിടിലത്തോടെയാണ്. എന്തിനാണ് ഇങ്ങനെയൊരു ചതി സഖാവ് നായനാര്‍ ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. പോറ്റി സാറാണ് തലക്കുറി എഴുതിയതെങ്കില്‍ പിന്നെ വേറെയൊന്നും നോക്കേണ്ടെന്നും ആദ്യം കാടാമ്പുഴക്ക് തന്നെ പോകണമെന്നും വിധിച്ചത് കണിയാനാണ്. ശത്രു ചില്ലറക്കാരനല്ലെന്നും സംഹാരമല്ലാതെ മറ്റ് വഴിയൊന്നുമില്ലെന്നും ലോകായുക്തയും ആഗോളീകരണവും എന്ന പ്രബന്ധത്തില്‍ ബേബി സഖാവ് ചൂണ്ടിക്കാട്ടുകയും ചെയ്തു.

കോവിഡും ലോകായുക്തയും ഒന്നിച്ച് ഒരിടത്ത് വാഴുന്നത് അത്യാപത്താണെന്ന് കണ്ടെത്തിയത് ബാലന്‍ സഖാവാണ്. ഇക്കാണുന്ന ഭൂമിയില്‍ ഇന്നിപ്പോള്‍ സഖാക്കള്‍ക്ക് സഖാവെന്ന് വിളിക്കാന്‍ ഒരാളേയുള്ളു. ഏതാപത്തില്‍ നിന്നും സഖാക്കളെ കൈപിടിച്ച് കരകയറ്റാന്‍ കെല്‍പുള്ളയാള്‍. ലെനിനും സ്റ്റാലിനും മാവോയ്ക്കും ഹോചിമിനും ശേഷം അങ്ങ് ക്യൂബയിലാണ് അങ്ങിനെയൊരാള്‍ ഉണ്ടായിരുന്നത്. ആ സഖാവ് പോയതിന് ശേഷം ഈ ഭൂലോകത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കണ്ണിലുണ്ണി ആരാണെന്ന് ചോദിച്ചാല്‍ ചൈനയിലേക്ക് നോക്കുന്നവര്‍ ദുഃഖിക്കേണ്ടി വരും. വിരല്‍ ചന്ദ്രനെ ചൂണ്ടിക്കാട്ടുമ്പോള്‍ വിഡ്ഢികള്‍ വിരല്‍ മാത്രം കാണുന്നുവെന്ന് പറഞ്ഞത് ആരായാലും പൂവിട്ട് തൊഴണം (ഇനിയും ചന്ദ്രന്‍ ആരാണെന്ന് മനസ്സിലായിട്ടില്ലെങ്കില്‍ മനസ്സിലാവാതിരിക്കുന്നതാണ് ഉചിതം.) ചൈനയെപ്പോലൊരു രാജ്യം ഭരിക്കാന്‍ ആര്‍ക്കാണ് കഴിയാത്തത്. പാര്‍ട്ടിക്ക് അവിടെ എതിരാളികളേയില്ല. ടിയാനന്‍മെന്‍ ചത്വരത്തില്‍ നെഞ്ചും വിരിച്ചു നിന്ന സഖാക്കളൊക്ക ഇപ്പോള്‍ എവിടെയാണോ ആവോ?
അതുപോലെയാണോ കേരളം. അമ്മയെ തല്ലിയാലും ചുരുങ്ങിയത് രണ്ട് പക്ഷമെങ്കിലും ഉള്ള നാടാണ്. ഒരുദിവസം സഖാവ് ഷി ജിന്‍പിങ് ഈ കേരളമൊന്നു ഭരിക്കട്ടെ! അപ്പോള്‍ മനസ്സിലാവും ഈ സഖാവും ആ സഖാവും തമ്മിലുള്ള അന്തരം.
കേരളമെന്ന് പറഞ്ഞാല്‍ കേരളമാണ്. 'തള്ളയ്ക്കിട്ടൊരു തല്ല് വരുമ്പോള്‍ പിള്ളയെ ഇട്ട് തടുക്കേയുള്ളു' എന്ന കലാപരിപാടി എത്രയോകാലമായി ഉള്ള ഇടമാണ്. പിള്ളയുടെ കാര്യം പറഞ്ഞപ്പോഴാണ് ബാലന്‍ പിള്ളയെ ഓര്‍ത്തത്. അഭിനവ കാസ്ട്രോ എന്ന് പേരെടുത്ത സഖാവാണ് ബാലന്‍ പിള്ളയെ അഴി എണ്ണിച്ചത്. ആ പിള്ളയെപ്പോലും എത്ര സുന്ദരമായാണ് നമ്മള്‍ വെളുപ്പിച്ചെടുത്തത്. വീട്ടില്‍ നോട്ടെണ്ണാന്‍ യന്ത്രം വരെ സ്ഥാപിച്ചു എന്ന് പഴികേട്ട മാണിസാറിന്റെ മകന്‍ ഇപ്പോള്‍ ആരുടെ കൂടെയാണ്? അഴിമതി എന്നു പറഞ്ഞാല്‍ ഇത്രയൊക്കേയുള്ളു! ഏറിവന്നാല്‍ ഒന്ന് പറശ്ശിനിക്കടവില്‍ പോയി മുങ്ങണം. വായിക്കണമെങ്കില്‍ ഈ പാര്‍ട്ടിയുടെ ജാതകമാണ് വായിക്കേണ്ടതെന്ന് പാലച്ചോട്ടില്‍ കണിയാന്‍ പറഞ്ഞത് ഇപ്പോഴും ഈ കാതിലുണ്ട്.
അഴിമതിയാണോ പാര്‍ട്ടിയാണോ വലുതെന്നാണ് ചോദ്യം. പാര്‍ട്ടിയാണോ ഭരണമാണോ വലുതെന്നും ചില വിവരമില്ലാത്തവന്മാര്‍ ചോദിക്കുന്നുണ്ട്. ശരീരത്തില്‍ നിന്ന് കൊഴിഞ്ഞാല്‍ രോമം വെറും ബോഡി വെയ്സ്റ്റാണെന്ന് മറക്കുത്. ഭരണത്തില്‍ നിന്ന് കൊഴിഞ്ഞാല്‍ പിന്നെ പാര്‍ട്ടിക്കും ആ വിലയൊക്കെയേ ഉണ്ടാവുകയുള്ളു. ഒരര്‍ത്ഥത്തില്‍ ഇതായിരിക്കണം വൈരുദ്ധ്യാത്മക ഭൗതികവാദം. വിരുദ്ധ ശക്തികള്‍ തമ്മിലുള്ള സംഘര്‍ഷവും അതിന്റെ ഫലവും സഖാവ് മാര്‍ക്സ് ചൂണ്ടിക്കാട്ടിയത് ഒന്നും കാണാതെയാവില്ല. വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനൊടുവിലാണ് തൊഴിലാളികളുടെ സര്‍വ്വാധിപത്യം ഉദയം ചെയ്യുക. അതിനും ഒടുവില്‍ ഭരണകൂടം തന്നെ കൊഴിഞ്ഞുപോവും.
ഭരണകൂടമില്ലാത്ത ലോകമായിരുന്നു മാര്‍ക്സ് സ്വപ്നം കണ്ട കിണാശ്ശേരി. ഇതിപ്പോള്‍ ആ സ്വപ്ന സാക്ഷാത്കാരത്തിനാണോ ഈ ലോകായുക്ത അവതരിച്ചിരിക്കുന്നതെന്നാണ് സംശയം. ഈ ഇന്ത്യാ മഹാരാജ്യത്ത് ആകപ്പാടെയുള്ള ഒരേയൊരു കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെ ഇല്ലാതാക്കാനുള്ള കുടില ശ്രമം. ഒരേയൊരാള്‍ കാരണമാണ് ഇന്നിപ്പോള്‍ ഈ ഭാരതദേശത്ത് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലനില്‍ക്കുന്നതെന്ന് പാര്‍ട്ടിയുടെ തിരുവാതിര സാഹിത്യത്തില്‍ വെണ്ടക്ക അക്ഷരത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കണ്ണട ഒന്ന് മാറ്റിയെവ്ക്കണമെന്ന് ആ കാനം രാജേന്ദ്രനോട് പല വട്ടം പറഞ്ഞതാണ്. കണ്ണടയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സുകാരെ നമിക്കണം. ഏത് വരികള്‍ക്കിടയിലും വായിക്കാന്‍ ഇക്കൂട്ടരെപ്പോലെവേറെയാരാണുള്ളത്.
പറഞ്ഞുവന്നത് വൈരുദ്ധ്യാത്മക ഭൗതികവാദത്തെക്കുറിച്ചും ഭരണകൂടത്തിന്റെ കൊഴിഞ്ഞുപോക്കിനെക്കുറിച്ചുമാണ്. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. നമ്മള്‍ ഭരിക്കുമ്പോള്‍ തന്നെ ഭരണകൂടം കൊഴിയണമെന്ന് മാര്‍ക്സ് സഖാവ് ഒരിക്കലും പറയാനിടയില്ല. വാസ്തവത്തില്‍ സഖാവ് മാര്‍ക്സിന്റെ വരമൊഴിയല്ല വാമൊഴിയാണ് പഠിക്കേണ്ടതെന്നാണ് ബേബി സഖാവ് പറയുന്നത്. സാഹിത്യമെന്ന് പറഞ്ഞാല്‍ അതാണ് സാഹിത്യം. വാമൊഴി വഴക്കത്തിന്റെ ലാവണ്യപരത എന്ന വിഷയത്തിലാണത്രെ ബേബി സഖാവ് ഇപ്പോള്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.
ഭരണം അത്താഴവിരുന്നല്ലെന്ന് പറഞ്ഞുതരാന്‍ സഖാവ് മാവോയുടെ ആവശ്യമില്ല. ഇതും ഇതിനപ്പുറവും ചാടിക്കടന്നിട്ടുള്ളവനാണ് ഈ സഖാവ്. ലോകായുക്തയല്ല അങ്ങേരുടെ പിതാമഹന്‍ ലോക്പാല്‍ വന്നാല്‍ പോലും നേരിടാനുള്ള വിദ്യ പാര്‍ട്ടി ഭരണഘടനയിലുണ്ട്. ഭരണഘടനയാണ് പ്രധാനം. ഭരണഘടന വിട്ട് ഒരു പരിപാടിക്കും ഈ പാര്‍ട്ടിയെ കിട്ടില്ല. ഭരണഘടന ശില്‍പി അംബദ്കര്‍ സഖാവിനെ ആദ്യ പൊതു തിരഞ്ഞെടുപ്പില്‍ തോല്‍പിക്കാന്‍ കൂട്ടു നിന്നു എന്നൊരാക്ഷേപം കേട്ടിട്ടുണ്ട്. ഭരണഘടന വേറെ , ഭരണഘടന ശില്‍പി വേറെ എന്നാണ് പാര്‍ട്ടിയുടെ പ്രമാണം. ഭരണഘടന സംരക്ഷിക്കാന്‍ ഏതറ്റം വരെയും ഈ പാര്‍ട്ടി പോകും.
ഭരണഘടനയോട് കളിക്കാന്‍ ഒരു യുക്തയേയും ഈ പാര്‍ട്ടി അനുവദിക്കില്ല. ബക്കറ്റിലെ വെള്ളത്തിനൊക്കെ ഒരു പരിധിയുണ്ട്. ചുരുളി ഭാഷയും ഒരു പ്രത്യേക തരത്തിലുള്ള ഏക്ഷനും അറിയാത്തവരാണ് ഈ പാര്‍ട്ടിയോട് മുട്ടാന്‍ വരുന്നത്. ആദ്യ പടി പോറ്റിയദ്യേത്തെ കാഞ്ഞിരത്തില്‍ തറയ്ക്കലാണെന്നാണ് കണിയാന്‍ പറയുന്നത്. അതിനുള്ള ക്വൊട്ടേഷന്‍ തയ്യാറായിക്കഴിഞ്ഞു. തലക്കുറി എഴുതിയയാള്‍ കാഞ്ഞിരത്തില്‍ കയറുന്നതോടെ പ്രതിക്രിയയ്ക്ക് തുടക്കമാവും. ഒരു നിവൃത്തിയുണ്ടെങ്കില്‍ നിയമസഭയുടെ നാലയല്‍പക്കത്ത് കൂടി പോകരുതെന്നും ഊടുവഴി തന്നെ പിടിക്കണമെന്നും കണിയാന്‍ പറഞ്ഞത് വെറുതെയല്ല. ഇപ്പോള്‍തന്നെ ഇതാണ് പുകിലെങ്കില്‍ നിയമസഭ വിളിച്ചുകൂട്ടിയാലത്തെ അവസ്ഥ എന്തായിരിക്കും.
ഭരണകൂടം എപ്പോള്‍ കൊഴിയണമെന്ന് നമ്മള്‍ തീരുമാനിക്കും. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നമ്മള്‍ കീറിയ ചീട്ടുകള്‍ക്ക് വല്ല കണക്കുമുണ്ടോ? കീറിയ ചീട്ടുകളൊക്കെ ദാ ... ഇപ്പോഴും ഈ കാല്‍ക്കീഴിലുണ്ട്. വേണ്ടിവന്നാല്‍ അങ്ങ് ഡല്‍ഹിയിലിരിക്കുന്നവരുടെ ചീട്ട് കൂടി നമ്മള്‍ കീറും. ലോകായുക്തയുടെ വൃക്ഷം പാലയാണെങ്കില്‍ നമ്മുടേത് നാരകമാണ്. അവരുടെ പക്ഷി കുയിലാണെങ്കില്‍ നമ്മുടേത് കാകനും. ലോകായുക്ത സര്‍പ്പമാണെങ്കില്‍ നമ്മള്‍ കീരിയാണ്. കളിക്കാന്‍ നമ്മള്‍ തീരുമാനിച്ചാല്‍ പപ്പും പൂടയും കൊണ്ടേ തിരിച്ചുവരൂ. നമ്മളോട് മുട്ടാന്‍ നിക്കും മുമ്പ് ലോകായുക്ത മുന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനെ ഒന്നു കാണണമായിരുന്നു. ഇനിയിപ്പോള്‍ അതിനു പറ്റിയില്ലെങ്കില്‍ പഴയ ധനമന്ത്രിയോടോ ആരോഗ്യ മന്ത്രിയോടോ ഒന്നന്വേഷിച്ചാലും മതി.

തറയ്ക്കാനുള്ള കാഞ്ഞിരം കണ്ടെത്തിക്കഴിഞ്ഞെന്ന് പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന് അറിയിപ്പ് വന്നു കഴിഞ്ഞു. ആണി അങ്ങ് ബീജിങ്ങില്‍ നിന്ന് വരും. തറയ്ക്കല്‍ കഴിഞ്ഞിട്ടുവേണം ഇപ്പോള്‍ ഇരിക്കുന്ന കസേര ഒന്ന് പുതുക്കിപ്പണിയാന്‍. നല്ല അസ്സല്‍ കരിവീട്ടികൊണ്ട് പണിത കസരേയാണ്. പക്ഷേ, അതുപോരെന്നും കസേരയും കാഞ്ഞിരം കൊണ്ടു തന്നെ വേണമെന്നുമാണ് കണിയാന്‍ പറയുന്നത്. കാഞ്ഞിരമെങ്കില്‍ കാഞ്ഞിരം, കെ റെയിലിനായി ആദ്യം മുറിക്കുന്നത് എണ്ണം പറഞ്ഞ കാഞ്ഞിരം തന്നെയാവട്ടെ! തറക്കലാണോ മുറിക്കലാണോ ആദ്യം നടക്കേണ്ടതെന്ന് രണ്ട് നാള്‍ക്കുള്ളില്‍ പറയാമെന്ന് കണിയാന്റെ ഫോണ്‍ വന്നിരുന്നു. രണ്ടേ, രണ്ട് നാള്‍! സഖാക്കളേ, ഒരു കോവിഡിനും സോറി ഒരു മറുതയ്ക്കും ഈ ഭരണകൂടം നമ്മള്‍ ബലികൊടുക്കില്ല!
വഴിയില്‍ കേട്ടത് : പ്രകാശം പരത്തുന്നവരെ സൂക്ഷിക്കണമെന്ന് പറഞ്ഞ സഖാവ് ആവട്ടെ പാര്‍ട്ടിയുടെ പുതിയ സംസ്ഥാന സെക്രട്ടറി! ഒരടിയന്തര ഘട്ടത്തില്‍ കുറഞ്ഞത് വാക്കുകള്‍ക്കെങ്കിലും മുട്ടുണ്ടാവരുതല്ലോ!
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..