ഡോളി | Photo: AP
അര്‍ധരാത്രി എല്ല് തുളയ്ക്കുന്ന അതിശൈത്യത്തെപ്പോലും വകവെയ്ക്കാതെ റോസിലിന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുറത്ത് ക്ഷമയോടെ അവര്‍ കാത്തുനിന്നു. ആ രഹസ്യസംഘത്തില്‍ നാല് പേരാണുണ്ടായിരുന്നത്. മാര്‍ക് സൈനാസിന്റെ നേതൃത്വത്തില്‍ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും. വലിയ ലക്ഷ്യമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ക്ലോണിങ്ങിലൂടെ പിറന്ന ഡോളി എന്ന ചെമ്മരിയാടിനെ മോഷ്ടിക്കുക! വലിയ ആസൂത്രണത്തിന് ശേഷമാണ് അതിനായവര്‍ എഡിന്‍ബറോയിലെത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കറങ്ങിനടന്ന സംഘാംഗങ്ങള്‍ ഡോളി എവിടെയാണുള്ളതെന്ന് മനസ്സിലാക്കിയിരുന്നു. തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന് ഒന്നര കിലോമീറ്റര്‍ അകലെ അര്‍ധരാത്രി കഴിയുംവരെ അവര്‍ കാത്തുനിന്നു. ഒടുവില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കടന്നപ്പോള്‍ ഡോളിയെ സൂക്ഷിച്ചിരുന്ന ഷെഡ് പൂട്ടിയിരിക്കുന്നു. മാത്രമല്ല അതില്‍ നിറയെ ആടുകളും. അവയില്‍നിന്ന് ഡോളിയെ തിരിച്ചറിയുക അസാധ്യം. ദൗത്യം പരാജയപ്പെട്ടുവെന്ന് മനസിലാക്കിയ സംഘം നിരാശരായി മടങ്ങി.
ലോകത്തിലെ ഏറ്റവും പ്രശസ്തയായ ചെമ്മരിയാട്, ഒരുപക്ഷേ ഏറ്റവും പ്രശസ്തയായ മൃഗം, ക്ലോണിങ് വഴി സൃഷ്ടിക്കപ്പെട്ട ലോകത്തെ ആദ്യസസ്തനി എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട് ഡോളിക്ക്. സ്കോട്ട്ലന്‍ഡിലെ റോസിലിന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഇയാന്‍ വില്‍മുട്ടിന്റെയും സംഘത്തിന്റേയും വര്‍ഷങ്ങള്‍ നീണ്ട കഠിനപ്രയത്നത്തിന്റെ ഫലമായിരുന്നു ഡോളിയുടെ പിറവി. ജനിതകമാറ്റം വരുത്തിയ കന്നുകാലികളെ ഉല്പാദിപ്പിക്കാന് ഒരു മികച്ചരീതി വികസിപ്പിക്കാനുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ പരമ്പരയുടെ ഭാഗമായിരുന്നു ഡോളി. 1997 ഫെബ്രുവരി 27-നാണ് ഇയാന്‍ വില്മുട്ടും സഹപ്രവര്‍ത്തകരും ഡോളിയുടെ ജനനം പ്രഖ്യാപിച്ചത്. എന്നാല്‍ 1996 ജൂലായില്‍ തന്നെ ഡോളി ജനിച്ചിരുന്നു. സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവന്നേക്കാവുന്ന വലിയ പ്രതിഷേധം കണക്കിലെടുത്താണ് പ്രഖ്യാപനം വൈകിച്ചത്. അവര്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. അന്നോളമുള്ള ശാസ്ത്ര ചരിത്രത്തിലെ വിപ്ലവകരമായ ഒരു നേട്ടത്തിന്റെയും കടുത്ത പ്രതിഷേധങ്ങളുടേയും ഒപ്പം വലിയ ആശങ്കകളുടെയും തുടക്കമായിരുന്നു ഡോളിയുടെ ജനനം.
പകര്‍പ്പുകളെ സൃഷ്ടിക്കുന്ന ക്ലോണിങ് എന്ന 'മാജിക്'
ക്ലോണ്‍ എന്നാല്‍ ഗ്രീക്ക് ഭാഷയില്‍ മരച്ചില്ല എന്നാണര്‍ഥം. മരത്തിന്റെ ചില്ലകള്‍ ഒടിച്ചുനട്ടാല് സ്വാഭാവികമായും അവ പുതിയ സസ്യങ്ങളായി വളരും. മാതൃസസ്യത്തിന്റെ എല്ലാ സ്വഭാവ സവിശേഷതകളും പുതിയ ചെടിക്കും ഉണ്ടാകും. അതിനാല്‍ തന്നെ ആ പകര്‍പ്പുകളെ അവര്‍ ക്ലോണുകള്‍ എന്ന് വിളിച്ചു. ക്ലോണുകളില്‍ നിന്നാണ് ക്ലോണിങ്ങിന്റെ തുടക്കം. അലൈംഗിക പ്രക്രിയവഴി ഒരു ജീവിയുടെ പകര്‍പ്പുകള്‍ സൃഷ്ടിക്കുന്ന ജൈവപ്രക്രിയയെയാണ് ക്ലോണിങ് എന്ന് വിളിക്കുന്നത്. ക്ലോണിങ്ങിലൂടെ പിറക്കുന്ന സന്തതികളെ ക്ലോണുകള്‍ എന്നും. ബാക്ടീരിയ, സസ്യങ്ങള്‍, പ്രാണികള്‍ തുടങ്ങിയവയെല്ലാം പ്രകൃതിയില്‍ ക്ലോണിങ്ങ് വഴി സന്തതികളെ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ സസ്തനികള്‍ അടക്കമുള്ള ജീവികളില്‍ ലൈംഗിക പ്രക്രിയയിലൂടെ മാത്രമാണ് പ്രജനനം നടക്കുന്നത്.
Also Read
ക്ലോണ്‍ ചെയ്യേണ്ട ജീവിയുടെ ശരീരത്തില്‍ നിന്നും ഒരു കോശം വേര്പ്പെടുത്തിയെടുക്കുകയാണ് ആദ്യഘട്ടം. ആ കോശത്തിന്റെ ന്യൂക്ലിയസില്‍ രണ്ട് സെറ്റ് ക്രോമസോം ഉണ്ടാകും. ഒപ്പം ഒരു അണ്ഡം വേര്പ്പെടുത്തിയെടുക്കും. ഈ അണ്ഡത്തിന്റെ ന്യൂക്ലിയസില്‍ ഒരു സെറ്റ് ക്രോമസോമാണ് ഉണ്ടാകുക. ഒരുസെറ്റ് ക്രോമസോമുള്ള ന്യൂക്ലിയസിനെ അണ്ഡത്തില് നിന്നും മാറ്റി അതിന്റെ സ്ഥാനത്ത് കോശത്തിലെ രണ്ട് സെറ്റ് ക്രോമസോമുള്ള ന്യൂക്ലിയസ് സ്ഥാപിക്കും. അണ്ഡത്തിലേക്ക് മാറ്റിയ കോശത്തിലെ ന്യൂക്ലിയസില്‍ വൈദ്യുതി പ്രവഹിക്കുമ്പോള്‍ അത് സാധാരണ ഭ്രൂണംപോലെ വിഭജിച്ച് തുടങ്ങും. തുടര്‍ന്ന് വിഭജിച്ചുതുടങ്ങിയ ഭ്രൂണം ഗര്‍ഭപാത്രത്തിലേക്ക് മാറ്റും. ഇത് വിജയിച്ചാല്‍ ഭ്രൂണം സ്വാഭാവിക വളര്‍ച്ച കൈവരിക്കും. ഏത് ജീവിയുടെ ശരീരകോശമാണോ എടുത്തത് അതിന്റെ തനിപ്പകര്‍പ്പായിരിക്കും പിറക്കുന്ന കുഞ്ഞ്.

പരീക്ഷണശാലയില്‍ ഡോളി ജനിക്കുന്നു
1996 ജൂലായ് അഞ്ചിനാണ് ഇയാന്‍ വില്മുട്ടിനേയും സംഘത്തിനേയും തേടി ആ സന്തോഷവാര്‍ത്ത എത്തുന്നത്. പരീക്ഷണശാലയിലെ ഒരു ചെമ്മരിയാടിന്റെ പ്രസവവാര്ത്തയായിരുന്നു അത്. അതിനായി ഏറെ ദിവസങ്ങളായി കാത്തിരിക്കുകയായിരുന്നു വില്മുട്ടും സംഘവും . പരീക്ഷണങ്ങള്‍ക്കൊടുവില്‍ പിറന്നുവീണ ആ ചെമ്മരിയാട്ടിന്‍കുട്ടിയെ അവര്‍ ഇ6എല്‍എല്‍3 എന്നാണ് വിളിച്ചത്. ക്ലോണിങ് വഴി വികസിപ്പിച്ചെടുത്ത പ്രത്യുല്പാദനശേഷി കൈവരിച്ച ലോകത്തിലെ ആദ്യ സസ്തനി ആയിരുന്നു ഇ6എല്‍എല്‍3. ആ ആട്ടിന്‍കുട്ടിയെ പരിചരിച്ചിരുന്ന ഡോക്ടറാണ് ഇ6എല്‍എല്‍3 എന്ന പരീക്ഷണശാലയിലെ നാമത്തിനു പകരം 'ഡോളി' എന്ന് അവളെ വിളിച്ചത്. ഡോളി പാര്ട്ടണ് എന്ന ഗായികയുടെ പേരില്‍ നിന്നാണ് ആ കുഞ്ഞാടിന് ഡോളി എന്ന പേര് നല്‍കിയത്.
ക്ലോണിങ്ങിലൂടെ ഒരു ചെമ്മരിയാടിന്റെ തനിപ്പകര്‍പ്പിനെ പരീക്ഷണശാലയില്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു വില്മുട്ടും സംഘവും. ആറ് വയസ്സുള്ള ചെമ്മരിയാടിന്റെ അകിടില്‍ നിന്നാണ് വില്‍മുട്ട് ക്ലോണിങ്ങിനാവശ്യമായ കോശങ്ങള്‍ ശേഖരിച്ചത്. ഈ കോശത്തെ മറ്റൊരു ചെമ്മരിയാടിന്റെ ന്യൂക്ലിയസ് നീക്കം ചെയ്ത, ബീജസങ്കലനം നടക്കാത്ത അണ്ഡകോശവുമായി സംയോജിപ്പിച്ചു. ഈ ഭ്രൂണം മൂന്നാമതൊരു ചെമ്മരിയാടിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. ഇതേ പരീക്ഷണം വളരെ സൂക്ഷ്മമായി അവര്‍ ഇരുനൂറിലധികം തവണ ആവര്‍ത്തിച്ചു. 277 അണ്ഡകോശങ്ങളിലേക്ക് ഇത്തരത്തില്‍ നടത്തിയ ന്യൂക്ലിയസ് മാറ്റിവെക്കല്‍ ആവര്‍ത്തിച്ചു. ആകെ 29 ഭ്രൂണങ്ങളാണ് ഇതുവഴി സൃഷ്ടിക്കപ്പെട്ടത്. അവയില്‍ മൂന്ന് എണ്ണം മാത്രമേ ഗര്‍ഭാവസ്ഥയില്‍ എത്തിയൂള്ളൂ. അതിലൊന്നായിരുന്നു ഡോളി.
ആറുമാസത്തോളം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരീക്ഷണശാലയില്‍ പുറംലോകത്തിന് യാതൊരു അറിവുമില്ലാതെ ഡോളി വളര്‍ന്നു. 1997 ഫെബ്രുവരി 27-നാണ് ഇയാന്‍ വില്മുട്ടും സഹപ്രവര്‍ത്തകരും ഡോളി ജനിച്ച കാര്യം ലോകത്തോട് പ്രഖ്യാപിച്ചത്. ദൈവത്തിന് മാത്രം കഴിയുമെന്ന് പൊതുസമൂഹം വിശ്വസിച്ചിരുന്ന സൃഷ്ടി എന്ന കര്‍മം മനുഷ്യന് നടത്തിയത് വ്യാപക പ്രതിഷേധം വിളിച്ചുവരുത്തിയേക്കുമെന്ന് അവര്‍ ഭയന്നിരുന്നു. അതാണ് ഡോളിയുടെ ജന്മവാര്‍ത്ത തല്‍ക്കാലത്തേക്ക് മൂടിവെയ്ക്കാന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്. അവര്‍ ഭയന്നതുപോലെ തന്നെ സംഭവിച്ചു. പരീക്ഷണശാലയില്‍ ക്ലോണിങ്ങിലൂടെ ഒരു ചെമ്മരിയാടിന്റെ പകര്‍പ്പിനെ സൃഷ്ടിച്ചു എന്ന വാര്‍ത്ത സമൂഹത്തെ ഒന്നടങ്കം പിടിച്ചുലച്ചു.
അതിരുവിട്ട പ്രതിഷേധങ്ങള്‍
ഡോളിയുടെ ജനനം വലിയ വിവാദങ്ങളുടെയും പ്രതിഷേധങ്ങളുടെയും പിറവി കൂടിയായിരുന്നു. മനുഷ്യന് സൃഷ്ടി ഏറ്റെടുത്തുവെന്നും വൈകാതെ മനുഷ്യനെത്തന്നെ ക്ലോണ്‍ ചെയ്തേക്കുമെന്നും വാര്‍ത്തകള്‍ പരന്നു. ഇത് വലിയ ഒച്ചപ്പാടുണ്ടാക്കി. മൃഗസംരക്ഷണ പ്രവര്‍ത്തകരും ക്ലോണിങ് വിരോധികളും ഇതിനെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. മനുഷ്യന് സ്രഷ്ടാവിന് അതീതനല്ലെന്നും മറ്റൊരു ജീവിയെയും സൃഷ്ടിക്കാനുള്ള അവകാശം മനുഷ്യന് ഇല്ലെന്നുമുളള വാദമുയര്‍ത്തി മതസംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. യൂറോപ്യന്‍ തെരുവുകള്‍ കലുഷിതമായി. ക്ലോണിങ്ങിന്റെ സങ്കീര്‍ണതകളും അതിന്റെ സാധ്യതയും ചര്‍ച്ചയാകേണ്ടിടത്ത് സങ്കല്പകഥകളും അര്‍ധസത്യങ്ങളുമാണ് പ്രചരിച്ചതും ജനം വിശ്വസിച്ചതും. ധാര്‍മികതയുടെ പേരില്‍ മിക്ക രാജ്യങ്ങളിലും ഭരണകൂടങ്ങള്‍ പരീക്ഷണങ്ങള്‍ക്ക് നിരോധനം ഏര്പ്പെടുത്തുകപോലുമുണ്ടായി.
ക്ലോണിങ് സ്വാഭാവിക പ്രത്യുല്പാദനത്തിന് അന്ത്യം കുറിക്കുമെന്ന് കരുതിയ ഒരുസംഘം മൃഗാവകാശപ്രവര്‍ത്തകര്‍ യൂറോപ്പിലുണ്ടായിരുന്നു. റോസ്ലിന്
ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലബോറട്ടറിയിലെ പുല്‍ത്തകിടിയില്‍ നഗ്നരായി കിടന്ന് പ്രതിഷേധിക്കുമെന്നാണ് അവര്‍ പ്രഖ്യാപിച്ചത്. ഒപ്പം പരസ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ എന്തുകൊണ്ടോ അത്തരം പ്രതിഷേധങ്ങളൊന്നും സംഭവിച്ചില്ല. യൂറോപ്പിലുടനീളം നടന്ന വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിവിധ ഭരണകൂടങ്ങള്‍ ക്ലോണിങ്ങിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ നിര്‍ബന്ധിതരായി. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണ് മനുഷ്യശരീരത്തില്‍ നടക്കുന്ന എല്ലാ ക്ലോണിങ് പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ധനസഹായം നിര്‍ത്തലാക്കുകയും ചെയ്തു.
.jpg?$p=8a7b7b1&&q=0.8)
തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
പ്രതിഷേധങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും പിന്നാലെ ഡോളിയെ തട്ടിക്കൊണ്ടുപോകാനും ശ്രമം നടന്നിരുന്നു. ബ്രിട്ടനില്‍ ബയോടെക്നോളജിക്കും ജനിതകവ്യതിയാനം വരുത്തിയ വിളകള്‍ക്കും എതിരേ നിലകൊള്ളുന്ന പരിസ്ഥിതി ആക്ടിവിസ്റ്റുകളായിരുന്നു ഡോളിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. മാര്‍ക് ലൈനാസിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് എഡിന്ബറോയില് നിന്ന് ഡോളിയെ കടത്താന്‍ പദ്ധതിയിട്ടത്. 1997 ഫെബ്രുവരിയില്‍ ഡോളിയുടെ ജനന വിവരം ഇയാന്‍ വില്‍മുട്ടിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം പുറത്തുവിട്ടുവെങ്കിലും 1998 മധ്യത്തിലാണ് തട്ടിയെടുക്കല്‍ ശ്രമം അരങ്ങേറിയത്. അത് വഴി ക്ലോണിങ് സാങ്കേതിക വിദ്യക്കെതിരായ തങ്ങളുടെ പ്രതിഷേധം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടാനാണ് സംഘം ലക്ഷ്യമിട്ടത്.
റോസ്ലിന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിയ മാര്‍ക് സൈനാസ്, അവിടത്തെ ലൈബ്രറിയില്‍ കറങ്ങിനടക്കുകയും ഡോളി എവിടെയാണുള്ളതെന്ന് തിരിച്ചറിയുകയും ചെയ്തു. നാലംഗസംഘത്തിലെ യുവതി ടെക്സാസില്‍ നിന്നെത്തിയ അമേരിക്കന്‍ ടൂറിസ്റ്റെന്ന വ്യാജേന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുറത്ത് ചുറ്റികറങ്ങി ഡോളിയെ സൂക്ഷിച്ചിട്ടുള്ള ഷെഡ് ഏതാണെന്ന് മനസ്സിലാക്കി. ഡോളിയെ പാര്‍പ്പിച്ചിരിക്കുന്ന ഷെഡ് തിരിച്ചറിഞ്ഞ സംഘം, ഇന്‍സ്റ്റിറ്റ്യൂട്ടിന് ഒന്നര കിലോമീറ്റര്‍ അകലെ അര്‍ധരാത്രി കഴിയും വരെ കാത്തിരുന്നു. എന്നാല്‍ അവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിയപ്പോള്‍ ഡോളിയെ സൂക്ഷിച്ചിരുന്നു എന്ന് കരുതിയ ഷെഡ് പൂട്ടിയിരിക്കുകയായിരുന്നു. മാത്രമല്ല അതില്‍ നിറയെ ആടുകളും. അതില്‍ നിന്ന് ക്ലോണ്‍ ചെയ്ത ആടിനെ തിരിച്ചറിയാന്‍ സാധിക്കാതിരുന്നതോടെയാണ് ദൗത്യം പരാജയപ്പെട്ടത്.
ഡോളിയെ തട്ടിയെടുക്കാന്‍ ശ്രമിച്ച കാര്യം 15 വര്‍ഷത്തിന് ശേഷമാണ് സംഘത്തിലെ പ്രധാനിയായിരുന്ന ലൈനാസ് വെളിപ്പെടുത്തിയത്. വിളകളെ ജനിതക എന്‍ജിനീയറിങ്ങിന് വിധേയമാക്കുന്നതിന് എതിരേയോ മൊണ്‍സാന്റോയ്ക്ക് എതിരേയോ മാത്രമായിരുന്നില്ല തങ്ങളുടെ പ്രതിഷേധമെന്നും ബയോടെക്നോളജി മേഖലയില്‍ ശാസ്ത്രഗവേഷണം വഴിയുണ്ടാകുന്ന എല്ലാ മുന്നേറ്റങ്ങള്‍ക്കും എതിരായിരുന്നുവെന്നാണ് ലൈനാസ് വിശദീകരിച്ചത്. പുനരുത്പാദനം പോലുള്ള ജൈവപ്രക്രിയകളെ ടെക്നോളജി ഉപയോഗിച്ച് നിയന്ത്രിക്കുക എന്ന ആശയത്തിനെതിരായിരുന്നു തങ്ങളുടെ പ്രതിഷേധമെന്നുമാണ് ലൈനാസ് പറഞ്ഞത്.
ഡോളിയുടെ ജീവിതം
റോസ്ലിന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആട്ടിന്പറ്റത്തിനൊപ്പമാണ് തന്റെ ജീവിതകാലം മുഴുവന്‍ ഡോളി ജീവിച്ചത്. ഇടയ്ക്കിടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതൊഴിച്ചാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മറ്റ് ആടുകളോടൊപ്പം സാധാരണ ജീവിതമാണ് അവള് നയിച്ചത്. ഇക്കാലയളവില്‍ ഡേവിഡ് എന്ന വെല്‍ഷ് മൗണ്ടന്‍ മുട്ടനാടില്‍ നിന്ന് ഡോളി ആറ് തവണ ഗര്‍ഭം ധരിച്ചു. അവളുടെ ആദ്യത്തെ കുട്ടി ബോണി 1998 ഏപ്രിലിലാണ് ജനിച്ചത്. തൊട്ടടുത്ത വര്‍ഷം ഇരട്ടകളായ സല്ലിയും റോസിയും പിറന്നു. മൂന്നാമത്തെ പ്രസവത്തില്‍ അവള്‍ക്ക് മൂന്ന് കുഞ്ഞുങ്ങളായിരുന്നു. ലൂസി, ഡാര്‍സി, കോട്ടണ്‍. 2000 സെപ്റ്റംബറിലാണ് അവര്‍ പിറന്നത്. അവസാന ആട്ടിന്‍കുട്ടികള്‍ക്ക് ജന്മം നല്കിയ ശേഷമാണ് ആടുകളില്‍ ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുന്ന വൈറസ് ബാധിച്ചതായി ഡോളിക്ക് കണ്ടെത്തുന്നത്.
ലോകത്ത് എക്കാലത്തും ഏറ്റവു അധികം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ മൃഗങ്ങളിലൊരാളാണ് ഡോളി. ഒരുപക്ഷേ ഏറ്റവുമധികം ഫോട്ടോഗ്രാഫുകള്‍ക്ക് മോഡലായ മൃഗം. അവളെ പകര്‍ത്തിയപോലെ ക്യാമറകള്‍ മറ്റൊരു ജീവിയെ പകര്‍ത്തിയോ എന്നും സംശയമാണ്. അവള് തനിക്ക് ലഭിച്ച ശ്രദ്ധ ആസ്വദിക്കുകയും ചെയ്തിരുന്നു! ഡോളിയെ ആടുകള്‍ക്കിടയിലെ നവോമി കാംബെല്‍ എന്നാണ് അവളെ ക്ലോണ്‍ ചെയ്ത ടീമിലെ അംഗമായിരുന്ന കാരെന് വാക്കര്‍ ഒരിക്കല്‍ പറഞ്ഞത്.
അവള് ഫോട്ടോജെനിക് ആയിരുന്നു. അവളെ കാണാന്‍ ഫാമിലെത്തുന്ന സന്ദര്‍ശകരായ ശാസ്ത്രജ്ഞരെ അവള് ഒരിക്കലും നിരാശരാക്കിയിരുന്നില്ല. മറ്റാടുകള്‍ ആളുകളെക്കണ്ട് പിന്തിരിഞ്ഞോടുമ്പോള് അവള് തിരിഞ്ഞുനിന്ന് തലയാട്ടുമായിരുന്നു. ശരിക്കും അവള് ഒരു പ്രൊഫഷണല്‍ മോഡലിനെപ്പോലെ ഫോട്ടോകള്‍ക്ക് പോസ് ചെയ്യുമായിരുന്നു
.jpg?$p=2922c1a&&q=0.8)
അസുഖവും മരണവും
ഡോളിക്ക് നടക്കാനുള്ള ബുദ്ധിമുട്ട് 2001-ലാണ് ഗവേഷകരുടെ ശ്രദ്ധയില്‍പ്പെടുന്നത്. എക്സ്റേ പരിശോധനയില്‍ അവള്‍ക്ക് ആര്‍ത്രൈറ്റിസ് സ്ഥിരീകരിച്ചു. ക്ലോണ്‍ ചെയ്ത മൃഗങ്ങള്‍ അകാലത്തില്‍ പ്രായമാകുമെന്ന സംശയത്തിന് ഇത് ആക്കം കൂട്ടി. സന്ധിവാതത്തിന്റെ കാരണം കണ്ടെത്താനായില്ലെങ്കിലും കൃത്യമായ ചികിത്സകൊണ്ട് വലിയ മാറ്റം ഉണ്ടാക്കാന്‍ സാധിച്ചിരുന്നു. 2000 ജനുവരിയില്‍ ക്ലോണിങ്ങിലൂടെ പിറന്ന സെഡ്രിക് എന്ന ആട് ചത്തതോടെ ഡോളിയുടെ കാര്യത്തില്‍ ഗവേഷകരുടെ ആശങ്ക വര്‍ധിച്ചിരുന്നു. പള്‍മണറി അഡിനോമാറ്റോസിസ് (എസ്പിഎ) ബാധിച്ചാണ് സെഡ്രിക് മരിച്ചതെന്ന് മൃതദേഹ പരിശോധനയില്‍
കണ്ടെത്തിയിരുന്നു. ശ്വാസകോശത്തില്‍ ട്യൂമറുകള്‍ വളരാന്‍ പ്രേരിപ്പിക്കുന്ന ഒരു വൈറസ് മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്.
2003 ഫെബ്രുവരി വരെ ഡോളി ആരോഗ്യവതിയായിരുന്നു. പിന്നാലെ ഒരു മൃഗസംരക്ഷണ പ്രവര്ത്തകന് അവള് അസാധാരണമായി ചുമയ്ക്കുന്നത് ശ്രദ്ധിച്ചു. വെറ്റിനറി പരിശോധനകളും രക്തപരിശോധനകളും നടത്തിയെങ്കിലും തുടക്കത്തില്‍ അസാധാരണമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ ഫെബ്രുവരി 14-ന് നടത്തിയ ഒരു സിടി സ്കാനില്‍ അവളുടെ ശ്വാസകോശത്തില്‍ ട്യൂമര്‍ വളരുന്നതായി സ്ഥിരീകരിച്ചു. സിടി സ്കാന്‍ നടത്താന്‍ ജനറല്‍ അനസ്തേഷ്യ ആവശ്യമായതിനാല്‍ ഡോളിക്ക് ബോധം തിരിച്ചുകിട്ടിയില്ലെങ്കില്‍ അവള് ഉണരാതിരിക്കുന്നതാണ് നല്ലതെന്ന് അവര്‍ തീരുമാനിച്ചു. അങ്ങനെ ആറാം വയസില്‍ അവള് ഈ ലോകത്തോട് വിട പറഞ്ഞു. ഡോളിയുടെ മരണശേഷം അവളുടെ മൃതദേഹം റോസ്ലിന് ഇന്‍സ്റ്റിറ്റ്യൂട്ട് സ്കോട്ട്ലന്‍ഡിലെ നാഷണല്‍ മ്യൂസിയത്തിന് സംഭാവന ചെയ്തു. 2003 മുതല്‍ സ്കോട്ട്ലന്‍ഡിലെ നാഷണല്‍ മ്യൂസിയത്തില്‍ അവളുടെ മൃതദേഹം പ്രദര്‍ശന വസ്തുവാണ്.
സാധാരണ ചെമ്മരിയാടുകളുടെ ആയുസ്സ് 12 വര്‍ഷമാണ്. എന്നാല്‍ ആറ് വര്‍ഷമേ ഡോളി ജീവിച്ചിരുന്നുള്ളൂ. ഇത് വീണ്ടും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ആറു വയസ്സ് പ്രായമുള്ള അമ്മയുടെ തനിപ്പകര്‍പ്പാണ് ഡോളി എന്നതിനാല്‍, ജനന സമയത്ത് തന്നെ ഡോളിക്ക് ആറ് വയസ്സ് ഉണ്ടെന്ന വാദം തുടക്കത്തില്‍ തന്നെ ശക്തമായിരുന്നു. ശേഷിച്ച ആറ് വയസ്സ് മാത്രമാണ് ഡോളി ജീവിച്ചത് എന്ന നിഗമനത്തിലാണ് ഇവര്‍ എത്തിയത്. എന്നാല്‍ ശ്വാസകോശ സംബന്ധമായ രോഗംമൂലമാണ് ഡോളി മരിച്ചതെന്നും അതില്‍ ക്ലോണിങിന് യാതൊരുവിധ ബന്ധമില്ലെന്നുമാണ് റോസ്ലിന് ഇന്‍സ്റ്റിറ്റ്യൂട്ട് വിശദീകരിച്ചത്.
Content Highlights: Life of Dolly the Sheep world’s first cloned sheep
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..