അനിൽ ആന്റണി ബി.ജെ.പി. ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയപ്പോൾ. പിയൂഷ് ഗോയലും വി.മുരളീധരനും സമീപം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ|മാതൃഭൂമി
കോൺഗ്രസ്സുകാരനായി മരിക്കും എന്നാണ് ഇന്നലെ (ഏപ്രിൽ 06, 2023) എ.കെ. ആന്റണി പറഞ്ഞത്. മകൻ അനിൽ ബി.ജെ.പിയിൽ ചേർന്നതു വലിയ വേദനയുണ്ടാക്കിയെന്നും അവസാനശ്വാസം വരെ താൻ ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരെ നിലകൊള്ളുമെന്നും ആന്റണി പറഞ്ഞു. കെ.പി.സി.സി. ആസ്ഥാനത്തെ പത്രസമ്മേളനത്തിനിടയിൽ ആന്റണിയുടെ കണ്ഠം ഇടറി, കണ്ണുകൾ നനഞ്ഞു.
ഇന്നലെ പെസഹയായിരുന്നു. താൻ കാലു കഴുകിയവരിൽ ഒരുവൻ, അപ്പവും വീഞ്ഞും പകുത്തു കൊടുത്തവരിൽ ഒരുവൻ തന്നെ ഒറ്റുമെന്ന അറിവുമായി ക്രിസ്തു അന്ത്യ അത്താഴത്തിനൊരുങ്ങിയ നാൾ. യൂദാസും ക്രിസ്തുവും തമ്മിലുള്ള ബന്ധം വലിയൊരു പ്രഹേളികയാണ്. വരാനിരിക്കുന്ന കാര്യങ്ങൾ അറിയാമെന്നതുകൊണ്ടു കൂടിയാണ് ക്രിസ്ത്യാനികൾക്ക് ക്രിസ്തു ദൈവപുത്രനാവുന്നത്. എന്നിട്ടും യൂദാസിനെ ക്രിസ്തു കൂടെ നിർത്തി. വഴിതെറ്റിപ്പോവുന്ന ഒരാട്ടിൻകുട്ടിക്കായി കൂടെയുള്ള മറ്റ് 99 ആട്ടിൻകുട്ടികളെയും ഉപേക്ഷിക്കുന്ന ഇടയനായിരുന്നു ക്രിസ്തു എന്നതാവാം ഒരു കാരണം.
ആന്റണിയെ പുണ്യവാളൻ എന്ന് വിളിക്കാറുണ്ട്. പകുതി കാര്യമായും പകുതി കളിയുമായുള്ള വിളി. പക്ഷേ, വഴിതെറ്റിപ്പോവുന്ന ആട്ടിൻകുട്ടിക്കായി കൂടെ നിൽക്കുന്നവരെ ഉപേക്ഷിക്കുന്നവൻ എന്ന ആരോപണം ആന്റണി ഇതുവരെ കേട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. 1977-ൽ 36-ാമത്തെ വയസ്സിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായ ആളാണ് ആന്റണി. രാജൻ കേസിൽ കുടുങ്ങി കെ. കരുണാകരൻ രാജിവെച്ചപ്പോൾ പിൻഗാമി ആരെന്ന ചോദ്യത്തിന് ആന്റണിയാവട്ടെ എന്നാണ് ഇന്ദിര തീരുമാനിച്ചത്. തൊട്ടടുത്ത വർഷം ചിക്കമംഗ്ളൂരിൽ ഇതേ ഇന്ദിരയെ ലോക്സഭ സ്ഥാനാർത്ഥിയാക്കിയപ്പോൾ പ്രതിഷേധമുയർത്തി ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുകയും കോൺഗ്രസിൽനിന്ന് വിട്ട് ഇടതുപക്ഷവുമായി അണിചേരുകയും ചെയ്തു. പക്ഷേ, ആന്റണിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് 1980-ലെ പൊതുതിരഞ്ഞെടുപ്പിൽ ഇന്ദിര തിരിച്ചുവന്നു. അധികം താമസിയാതെ ആന്റണിയും കൂട്ടരും കോൺഗ്രസിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.
ഇന്നലെ കെ.പി.സി.സി. ആസ്ഥാനത്ത് നിൽക്കുമ്പോൾ ഒരുപക്ഷേ, ആന്റണി ഓർത്തിരിക്കുക 31 കൊല്ലം മുമ്പ് ഇതുപോലൊരു ദിവസം കെ.പി.സി.സി. ആസ്ഥാനത്തുനിന്ന് ഇറങ്ങിപ്പോവേണ്ടി വന്നതായിരിക്കാം. അന്നും മനസ്സ് നൊന്താണ് ആന്റണി കെ.പി.സി.സിയുടെ പടിയിറങ്ങിയത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ വയലാർ രവിയോട് 19 വോട്ടുകൾക്ക് തോറ്റതിനെ തുടർന്നായിരുന്നു ആ വിടവാങ്ങൽ. അന്ന് വയലാർ രവിയുടെ കാർ വേണ്ടെന്ന് വെച്ച് ശിഷ്യൻ ചെറിയാൻ ഫിലിപ് ഏർപ്പാടാക്കിയ ഓട്ടോയിലാണ് ആന്റണി തിരിച്ചുപോയത്. വയലാർ രവിയോട് ആന്റണി പരാജയപ്പെട്ടപ്പോൾ പത്രപ്രവർത്തകൻ കെ.ആർ. ചുമ്മാർ എഴുതിയ ലേഖനത്തിലെ ആദ്യ വാചകം ഇപ്പോഴും ഓർമ്മയിലുണ്ട്. പിടിച്ചുയർത്തിയ കൈകൊണ്ട് ഇതാ വയലാർ രവി ഉദകക്രിയയയും നിർവ്വഹിക്കുന്നു എന്നാണ് ചുമ്മാർ എഴുതിയത്. ആന്റണിയെ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയർത്തിയത് വയലാർ രവിയായിരുന്നു. അതേ രവിയെയാണ് കെ. കരുണാകരൻ 1992-ൽ ആന്റണിക്കെതിരെ കളത്തിലിറക്കിയത്. അന്നത്തെ ആ തോൽവിയിൽ വേദനിച്ചതുപോലെ മറ്റൊരു തോൽവിയിലും ആന്റണി വേദനിച്ചു കാണില്ല.
.jpg?$p=957aa31&&q=0.8)
മേനകയും വരുണും
അനിൽ ആന്റണി ബി.ജെ.പിയിലേക്ക് പോകുമ്പോൾ അതിൽ ആന്റണി എന്ന പിതാവിനെ കുറ്റപ്പെടുത്തുന്നതിൽ എന്തർത്ഥമാണ് ഉള്ളതെന്നറിയില്ല. പ്രായപൂർത്തിയായ മക്കൾ എടുക്കുന്ന തീരുമാനങ്ങൾക്ക് മാതാപിതാക്കളെ പഴിക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം? വ്യക്തിസ്വാതന്ത്ര്യം എന്നു പറയുന്നത് പ്രണയത്തിലും വീട് വിട്ടിറങ്ങിപ്പോവുന്നതിലും മാത്രമല്ല ഇഷ്ടമുള്ള പാർട്ടിയിൽ അംഗമാവുന്നതിനുമുള്ള സ്വാതന്ത്ര്യമാണ്. പക്ഷേ, ആന്റണി എന്ന കോൺഗ്രസ് നേതാവ് അനിലിന്റെ ബി.ജെ.പി. പ്രവേശത്തിൽ ഉത്തരം പറയേണ്ടി വരും. എങ്ങിനെയൊക്കെ കൈകഴുകിയാലും ഈ ഉത്തരവാദിത്വത്തിൽനിന്ന് ആന്റണിക്ക് ഒഴിഞ്ഞുമാറാനാവില്ല. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആധാരശിലകളായ ബഹുസ്വരതയും മതേതരത്വവും നിരാകരിക്കുന്ന പാർട്ടിയെന്ന് ആന്റണി കുറ്റപ്പെടുത്തുന്ന ബി.ജെ.പിയിലേക്കാണ് മകൻ അനിൽ ചേക്കേറിയിരിക്കുന്നത് എന്നോർക്കുമ്പോൾ പ്രത്യേകിച്ചും.
കോൺഗ്രസ് എന്ന പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽ അതിലെ പ്രവർത്തകർ എത്രമാത്രം അടിയുറച്ചു നിൽക്കുന്നുണ്ടെന്നുള്ളതാണ് ചോദ്യം. വരുൺഗാന്ധി കോൺഗ്രസിലേക്ക് വരുന്നുണ്ടോ എന്ന ചോദ്യത്തിന് മൂന്നു മാസം മുമ്പ് രാഹുൽ ഗാന്ധി പറഞ്ഞ മറുപടി ഓർമ്മ വരുന്നു: ''ഞങ്ങളുടെ പ്രത്യയശാസ്ത്രമല്ല വരുണിന്റേത്. ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രം അംഗീകരിച്ചയാളാണ് വരുൺ. ആർ.എസ്.എസ്. ഓഫീസിലേക്ക് കയറണമെങ്കിൽ എന്റെ തല വെട്ടി മാറ്റേണ്ടി വരും.'' ഒരു കാര്യം ഇവിടെ കൃത്യമായി ഓർക്കേണ്ടതുണ്ട്. 1975-ൽ ഇന്ദിര സർക്കാർ പ്രഖ്യാപിച്ച അടിയന്തരവാസ്ഥയ്ക്കെതിരെയുള്ള സമരമാണ് ആർ.എസ്.എസിന് പുതുജീവൻ കൊടുത്തത്. അന്ന് ജയപ്രകാശ് നാരായൺ കൂടെ നിർത്തിയതോടെയാണ് ഗാന്ധി വധത്തിന്റെ നിഴലിൽനിന്ന് ആർ.എസ്.എസ്. പുറത്തുകടന്നത്. അടിയന്തരാവസ്ഥയിൽ ഇന്ദിരയെ നയിച്ച ശക്തിയായിരുന്നു സഞ്ജയ് ഗാന്ധി. ഇതേ സഞ്ജയ് ഗാന്ധിയുടെ ഭാര്യ മേനകയേയും മകൻ വരുണിനേയും പാർട്ടിയിലേക്കെടുക്കുന്നതിൽ ബി.ജെ.പിക്ക് മടിയുണ്ടായില്ല. സംഘപരിവാർ അങ്ങിനെയാണ്. ഏതൊക്കെ ആയുധങ്ങൾ എങ്ങിനെയൊക്കെ പ്രയോഗിക്കണമെന്ന് സംഘപരിവാറിനെപ്പോലെ മറ്റാർക്കാണറിയുന്നത്....!
രാജ്നാഥ് സിങ് പ്രസിഡന്റായിരിക്കെ 2013-ൽ ബി.ജെ.പിയുടെ ഏറ്റവും ചെറുപ്പക്കാരനായ ജനറൽ സെക്രട്ടറിയായി നിയമിതനായ കക്ഷിയാണ് വരുൺ ഗാന്ധി. പക്ഷേ, വരുണും മേനകയും ഇപ്പോൾ ബി.ജെ.പിയിൽ അപ്രസക്തരായിരിക്കുന്നു. മോദിക്കും അമിത് ഷായ്ക്കും വരുണിനോട് രാജ്നാഥിനുള്ള താൽപര്യമില്ല. ഗാന്ധി കുടുംബത്തിൽ നിന്നുള്ളവരെ കൂടെ നിർത്തുന്നതിൽ മോദിക്കും ഷായ്ക്കും കൃത്യമായ വിയോജിപ്പുകളുണ്ട്. രണ്ട് വർഷം മുമ്പ് യു.പിയിലെ ലഖിംപുർ ഖേരിയിൽ നാല് കർഷകരടക്കം എട്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ കൊലപാതകത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗിക്ക് വരുൺ കത്തെഴുതിയിരുന്നു. അതിന്റെ പിന്നാലെയാണ് വരുണും മേനകയും ബി.ജെ.പി. ദേശീയ എക്സിക്യൂട്ടിവിൽനിന്നു പുറത്താക്കപ്പെട്ടത്. ആന്റണിയുടെ മകനു മുമ്പ് ഇന്ദിര ഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ ഭാര്യയും മകനും ബി.ജെ.പിയിലേക്ക് എത്തിയിരുന്നു എന്നോർമ്മിപ്പിക്കാനാണ് ഇതിവിടെ എടുത്തെഴുതിയത്.
.jpg?$p=75b29c2&&q=0.8)
ആന്റണി എന്ന മേൽവിലാസം
സഞ്ജയിന്റെ മരണത്തെ തുടർന്ന് രാജീവ് ഇന്ദിരയുടെ പിൻഗാമിയായതാണ് കോൺഗ്രസിൽനിന്നും നെഹ്രു കുടുംബത്തിൽ നിന്നുമുള്ള മേനകയുടെ പുറത്താകലിൽ കലാശിച്ചത്. ആന്റണിയുടെ മകന് അങ്ങിനെയൊരു പരിസരമില്ല. 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്ന് ഒരു സീറ്റ് കിട്ടിയേക്കുമെന്ന് അനിൽ പ്രതീക്ഷിച്ചിരുന്നതായി കേൾക്കുന്നുണ്ട്. വേറെ എന്താരോപണം ആന്റണിക്കെതിരെ ഉയർത്തിയാലും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കറ ആന്റണിക്ക് മേലുണ്ടെന്ന് പറയാനാവില്ല. ആന്റണി പറഞ്ഞിട്ടല്ല 2017-ൽ അനിലിനെ കെ.പി.സി.സിയുടെ മീഡിയ സെൽ മേധാവിയാക്കിയതെന്ന് അന്ന് കെ.പി.സി.സി. പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നുണ്ട്. ഗുജറാത്ത്, രാജസ്ഥാൻ തിരഞ്ഞെടുപ്പുകളിൽ അനിൽ നടത്തിയ പ്രവർത്തനമായിരുന്നു ഇതിന്റെ ഹേതുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കുന്നു. അനിലിനായി ആരെങ്കിലും ശുപാർശ ചെയ്തിട്ടുണ്ടെങ്കിൽ അത് ശശി തരൂരായിരുന്നു.
എന്തുകൊണ്ട് അനിൽ ബി.ജെ.പിയിലേക്ക് പോയി എന്നതിന് വ്യക്തമായ ഉത്തരങ്ങളില്ല. കോൺഗ്രസിനുള്ളിൽ തനിക്കൊരു ഭാവിയില്ലെന്ന് ചിലപ്പോൾ അനിലിന് തോന്നിയിട്ടുണ്ടാവാം. രാഹുൽ ഗാന്ധിയുമായുള്ള അകൽച്ചയും ശക്തമായ കാരണമാവാം. ബി.ജെ.പി. ഒരു വാഷിങ് മെഷിനാണ്. അതുകൊണ്ട് ശുദ്ധമാക്കേണ്ട എന്തെങ്കിലും കളങ്കം അനിലിന് ഉണ്ടോ എന്നുമറിയില്ല. കോൺഗ്രസിൽനിന്നു വിട്ടുപോയി എന്നതല്ല പോകുന്നത് ബി.ജെ.പിയിലേക്കാണ് എന്നിടത്താണ് അനിൽ കോൺഗ്രസിനെയും ആന്റണിയെയും ഉലയ്ക്കുന്നത്. തനിച്ചുനിന്നാൽ ഒരു പഞ്ചായത്തിലെ വാർഡിൽനിന്ന് പോലും ജയിക്കാൻ അനിലിനാവില്ലെന്ന് ബി.ജെ.പിക്കറിയാം. അൽഫോൻസ് കണ്ണന്താനവും പി.സി. തോമസും വിചാരിച്ചിട്ടും കൂടെ നിർത്താനാവാത്ത ക്രിസ്ത്യൻ സമുദായങ്ങൾ അനിലിനൊപ്പം വരുമെന്നും ബി.ജെ.പി. കരുതുന്നുണ്ടാവില്ല.
അനിലിന്റെ പ്രതിച്ഛായ അനിലിന്റെ മേൽവിലാസമാണ്. എ.കെ. ആന്റണിയുടെ മകനെന്ന മേൽവിലാസം. ഇവിടെയാണ് ആന്റണി എന്ന പുണ്യവാളനെ ബി.ജെ.പിക്ക് ആവശ്യമായി വരുന്നത്. എട്ട് കൊല്ലത്തോളം രാജ്യരക്ഷാ മന്ത്രിയായിരുന്നിട്ടും അഴിമതിയുടെ ഒരു കറപോലും ആന്റണിയുടെ മേലുണ്ടായിട്ടില്ല. ഒട്ടേറെ വർഷങ്ങൾ രാജ്യരക്ഷാ മന്ത്രിയായിരുന്ന ജഗ്ജിവൻ റാമിനെക്കുറിച്ച് ഡൽഹിയിലെ ഒരു സീനിയർ പത്രപ്രവർത്തകൻ പറഞ്ഞതോർക്കുന്നു. ഒരു സംഭാഷണമദ്ധ്യേ ഈ അഴിമതിപ്പണമൊക്കെ എങ്ങിനെ സൂക്ഷിക്കുന്നുവെന്ന് ജഗ്ജീവനോട് അടുത്തൊരു സുഹൃത്ത് ചോദിക്കുന്നു. അതിനൊന്നും വലിയ പ്രയാസമില്ലെന്ന് പറഞ്ഞ് ജഗ്ജിവൻ ഒരു തീപ്പെട്ടിക്കൂടെടുത്ത് അതിനുള്ളിലുള്ള വജ്രങ്ങൾ പുറത്തേക്ക് ചൊരിയുന്നു. ഇങ്ങനെയുള്ള മന്ത്രിമാർക്കിടയിൽ ആന്റണി ഉത്തരേന്ത്യക്കാർക്ക് ശരിക്കും അത്ഭുതമായിരുന്നു. ഈ ആന്റണിയുടെ മകൻ പോലും തങ്ങളിലേക്കാണ് വരുന്നതെന്ന പ്രചാരണം ബി.ജെ.പി. ഉയർത്തുമ്പോൾ അതിന് മറുപടി പറയാൻ കോൺഗ്രസ് ശരിക്കും വിയർക്കും.

ക്രസ്ത്യൻ സമൂഹവും സംഘപരിവാറും
കേരളത്തിലെ ക്രിസ്ത്യൻ സമൂഹം വർഷങ്ങളായി ബി.ജെ.പിയുടെ റഡാറിലുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി ബി.ജെ.പിയുടെ കേരളത്തിലെ മുഖ്യ അജണ്ട ക്രിസ്ത്യൻ സമൂഹത്തിനെ കൈയ്യിലെടുക്കുക എന്നതാണ്. ലൗ ജിഹാദും മുസ്ലിം തീവ്രാവദവുമൊക്കെ ഉയർത്തിക്കാട്ടി ക്രിസ്ത്യൻ വോട്ടുകൾ പിടിക്കാനുള്ള ശ്രമം ബി.ജെ.പി. അടുത്തിടെയായി ശക്തമാക്കുകയും ചെയ്തു. പക്ഷേ, കേരളത്തിന്റെ മതേതര മനസ്സിൽ അങ്ങിനെയങ്ങ് വിള്ളലുണ്ടാക്കാൻ ഇനിയും ബി.ജെ.പിക്കായിട്ടില്ല. കോൺഗ്രസിൽനിന്ന് ഇടതുപക്ഷത്തേക്കാണ് ക്രിസ്ത്യൻ വോട്ടുകൾ മാറി വീഴുന്നതെന്ന യാഥാർത്ഥ്യം ബി.ജെ.പി .നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്.
പക്ഷേ, ഒരു ദൗത്യത്തിനിറങ്ങിയാൽ സംഘപരിവാർ അങ്ങിനെയങ്ങ് പിൻവാങ്ങില്ല. എത്രയോ പരിഹാസവും ശകാരങ്ങളും കേട്ട് വളർന്നവരാണവർ. ഗാന്ധി വധത്തിന് പിന്നാലെ സംഘപരിവാർ നേരിട്ട വെല്ലുവിളികൾക്ക് കയ്യും കണക്കുമില്ല. പൊതു ഇടങ്ങളിൽനിന്നെല്ലാം തന്നെ ആട്ടിയോടിക്കപെടുകയും ബഹിഷ്‌ക്കരിക്കപ്പെടുകയും ചെയ്തവരാണവർ. പക്ഷേ, ഇന്നിപ്പോൾ ആ ഇടങ്ങളിലേക്കൊക്കെ പൂർവ്വാധികം ശക്തിയോടെ അവർ തിരിച്ചുവന്നിരിക്കുന്നു. സ്വയം സേവകരെപ്പോലെ ഇത്രമാത്രം ഏകാഗ്രതയോടെ, ഇത്രമാത്രം സമർപ്പണബുദ്ധിയോടെ പ്രവർത്തിക്കുന്ന മറ്റൊരു കൂട്ടരേയും ഇന്ത്യയിൽ കാണാനാവില്ല. പെന്തക്കോസ്തുകാർ സുവിശേഷ വേലയിൽ ഏർപ്പെടുന്നതു പോലെയാണ് ആർ.എസ്.എസ്. ഹിന്ദുത്വയ്ക്കായി പ്രവർത്തിക്കുന്നത്.
ഈ സംഘപരിവാറിന് മുന്നിൽ അനിൽ ആന്റണി ചെറിയൊരു ഇരയാണ്. വലിയ ഇരകൾക്കായി കോർക്കപ്പെടുന്ന ചെറിയ ഇര. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയൊസ് മാർത്തോമ്മ മാത്യുസ് മൂന്നാമൻ ഡൽഹിയിലെത്തി പ്രധാനമന്ത്രി മോദിയെ കണ്ടത് ഈ ബുധനാഴ്ചയാണ്. കോട്ടയത്തെ ആസ്ഥാനത്തേക്ക് വരണമെന്ന ക്ഷണം പ്രധാനമന്ത്രിയുടെ മുന്നിൽവെച്ചിട്ടാണ് സഭാ മേധാവി മടങ്ങിയത്. റബ്ബറിനെ മുന്നിൽ നിർത്തി ബി.ജെ.പിക്കായി തലശ്ശേരി മെത്രാൻ കളിച്ച കളി ഉയർത്തിയ ഓളങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. ജനാഭിമുഖ്യ കുർബ്ബാനയും സ്ഥലവിൽപനയുമൊക്കെയായി സിറൊ മലബാർ സഭ ആകപ്പാടെ അങ്കലാപ്പിലും ആശങ്കയിലുമാണ്. കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിൽ വെള്ളം കലങ്ങിയിട്ടുണ്ടെന്ന് സാരം. അപ്പോൾ പിന്നെ മീൻ പടിക്കേണ്ടതെങ്ങിനെയെന്ന് സംഘപരിവാറിനെ ആരും പഠിപ്പിച്ചുകൊടുക്കേണ്ട കാര്യമില്ല.
കോൺഗ്രസിന്റെ വീഴ്ചകൾ കോൺഗ്രസിനെ മാത്രമല്ല ഇന്ത്യൻ ജനാധിപത്യത്തെക്കൂടി ബാധിക്കുന്നുവെന്നതാണ് ഈ സംഭവവികാസങ്ങളെ കൂടുതൽ ഗൗരവതരമാക്കുന്നത്. ആത്യന്തികമായി ആന്റണി എന്ന പിതാവിനും അനിൽ എന്ന മകനും ഇടയിലുള്ള പ്രശ്നമല്ലിത്. രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണിത്. ആന്റണി എന്ന പിതാവിനെ നമുക്ക് വെറുതെ വിടാം. പക്ഷേ, ആന്റണി എന്ന് നേതാവും അദ്ദേഹത്തിന്റെ പാർട്ടിയായ കോൺഗ്രസും ഈ വിഷയത്തിൽ ഉത്തരം പറഞ്ഞേ മതിയാവു. നിതാന്തജാഗ്രതയാണ് സ്വാതന്ത്ര്യത്തിന്റെ വില. ഈ വില കൊടുക്കുന്നതിൽ ആന്റണിയും കോൺഗ്രസും ഒരുപോലെ പരാജയപ്പെട്ടിരിക്കുന്നു.
വഴിയിൽ കേട്ടത്: രാജ്യത്തെ സ്നേഹിക്കുന്നവരുടെ മനസ്സ് മോദിക്കൊപ്പമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ഇങ്ങനെ സ്നേഹിച്ചുവന്ന കണ്ണന്താനവും ടോം വടക്കനുമൊക്കെ ഇപ്പോൾ എവിടെയാണാവോ!
Content Highlights: Anil Antony, A.K. Antony, Congress, Joined BJP, Vazhipokkan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..