ഗർഭിണിയാണെന്ന് ആ പത്താം ക്ലാസുകാരിയോ അമ്മയോ അതുവരെ അറിഞ്ഞതേയില്ല | Law Point


അഡ്വ.ജെ.സന്ധ്യസ്‌കൂളുകളിലെ പാഠ്യ പദ്ധതികളില്‍ ലൈംഗിക അതിക്രമങ്ങളെ ചെറുക്കാനുള്ള കാര്യപരിപാടികള്‍ ഉള്‍പ്പെടുത്തണമെന്നുള്ള കേരള ഹൈക്കോടതിയുടെ വിധി എത്രത്തോളം പ്രസക്തമാണെന്ന് തന്റെ അനുഭവങ്ങളുടെ കൂടി വെളിച്ചത്തില്‍ വിവരിക്കുകയാണ് ലേഖിക

Photo: Screengrab Lifology Official

സ്‌കൂളുകളിലെ പാഠ്യ പദ്ധതികളില്‍ ലൈംഗിക അതിക്രമങ്ങളെ ചെറുക്കാനുള്ള കാര്യപരിപാടികള്‍ ഉള്‍പ്പെടുത്തണമെന്നുള്ള കേരള ഹൈക്കോടതിയുടെ ഓഗസ്‌ററ് 26ലെഉത്തരവ് ഏറെ നിര്‍ണായകവും ആശ്വാസം നല്‍കുന്നതും ആണ്. ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതിനെ തുടര്‍ന്ന് ഗര്‍ഭം ധരിക്കുകയും ഗര്‍ഭഛിദ്രം അനുവദിക്കുന്നതിനായി കോടതിയെ സമീപിക്കുകയും ചെയ്യേണ്ടിവരുന്ന പെണ്‍കുട്ടികളുടെ എണ്ണം കേരളത്തില്‍ കൂടിവരുന്ന സാഹചര്യത്തിലാണ് ഈ വിധിന്യായത്തിന്റെ പ്രസക്തിയും ഏറുന്നത്.

"കുട്ടികളുടെ പ്രായത്തിനനുസരിച്ച് ഈ വിഷയത്തില്‍ എങ്ങനെ അവഗാഹം നല്‍കാന്‍ ആകും എന്ന് തീരുമാനിക്കുന്നതിലേക്കായി ഒരു വിദഗ്ധസമിതിയെ സംസ്ഥാന സര്‍ക്കാരും സിബിഎസ്ഇയും രണ്ടുമാസത്തിനുള്ളില്‍ രൂപീകരിക്കണം. പ്രസ്തുത കമ്മിറ്റി ആറുമാസത്തിനുള്ളില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ആയത് നിര്‍ബന്ധമായും ബന്ധപ്പെട്ട സെക്രട്ടറിമാര്‍ നടപ്പിലാക്കുകയും ചെയ്യണം."- ജസ്റ്റിസ് ബെച്ചു കുര്യൻ ജോസഫിന്റെ വിധിന്യായത്തില്‍ പറയുന്നത് ഇപ്രകാരമാണ്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഗര്‍ഭഛിദ്രത്തിനുള്ള അനുമതിക്കായി ഒരു 13കാരിയുടെയും 15വയസ്സുകാരിയുടെയും അമ്മമാരെ ഹൈക്കോടതിയെ സമീപിക്കാനായി സഹായിച്ചിരുന്നു. കോവിഡ് കാലത്ത് ആറുമാസത്തിനിടയില്‍ പ്രായപൂര്‍ത്തിയാകാത്ത ഏഴ് പെണ്‍കുട്ടികള്‍ക്കാണ് കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി വഴി സമര്‍പ്പിക്കപ്പെട്ട ഗര്‍ഭഛിദ്രത്തിനുള്ള അപേക്ഷയിന്മേല്‍ ഹൈക്കോടതി അനുമതി നല്‍കിയത്. ഇതില്‍ തിരുവനന്തപുരത്തെ നാലു കേസുകളില്‍ ഇടപെട്ടിരുന്നു.

ചെറിയ കുട്ടികളുടെ ഗര്‍ഭധാരണം അറിയാന്‍ വൈകുന്നതാണ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. മാസമുറ വൈകുന്നത് കുട്ടികള്‍ക്കിടയില്‍ സര്‍വ്വസാധാരണമാണെന്ന് കരുതി,കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം ബന്ധുക്കള്‍ പലപ്പോഴും തിരിച്ചറിയാതെ പോകും. ഈ കേസുകളില്‍ എല്ലാം അമ്മമാര്‍ അയല്‍ക്കാരോടും ബന്ധുക്കളോടും മക്കളുടെ മാസമുറ വൈകുന്നതിനെ കുറിച്ച് ആശങ്കയോടെ സംസാരിക്കുകയും എന്നാല്‍ ഇത് സര്‍വ്വസാധാരണമാണെന്ന് അവര്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ അമ്മമാര്‍ ആശ്വസിച്ചിരിക്കുകയും ചെയ്തിരുന്നു. വളരെ വൈകിയുണ്ടാകുന്ന ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം പിന്നീട് ആശുപത്രിയില്‍ കൊണ്ടുപോവുകയും വൈദ്യപരിശോധനയില്‍ ഗര്‍ഭധാരണം തിരിച്ചറിയുകയും ചെയ്യുന്ന സാഹചര്യമാണ് ഈ കേസുകളിലെല്ലാം കണ്ടിട്ടുള്ളത്.

ഏറ്റവും ഒടുവില്‍ ഞാന്‍ കൈകാര്യം ചെയ്ത 15 വയസ്സുകാരിയുടെ കാര്യത്തില്‍ മാസമുറ വൈകുന്നത് കാരണം അമ്മ കുട്ടിയുമായി മൂന്ന് പ്രാവശ്യം ഡോക്ടറെ സമീപിച്ചിരുന്നു.ഡോക്ടര്‍ മാസമുറ വൈകുന്നതിനു പരിഹാരമായി തൈറോയ്ഡിനുള്ള മരുന്നുകളും അയണ്‍ ഗുളികകളും നല്‍കുകയും ഫലം കാണാഞ്ഞപ്പോള്‍ നാലാമത്തെ പ്രാവശ്യം സ്‌കാനിങ്ങിന് നിര്‍ദ്ദേശിക്കുകയും ആയിരുന്നു. അപ്പോഴേക്കും ഗര്‍ഭാവസ്ഥ 28 ആഴ്ച പിന്നിട്ടു. അടുത്തബന്ധു ഒരു പ്രാവശ്യം നിര്‍ബന്ധിച്ചു ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് ഗര്‍ഭധാരണത്തില്‍ കലാശിച്ചത് 15 വയസ്സുകാരി തിരിച്ചറിഞ്ഞില്ല.അങ്ങനെ ഗര്‍ഭധാരണം ഉണ്ടാകുമെന്നു പത്താംക്ലാസുകാരിക്ക് അറിയുകയേ ഇല്ലായിരുന്നു.അതുകൊണ്ട് തന്നെ മൂന്നുപ്രാവശ്യം ഡോക്ടറെ സമീപിച്ചപ്പോഴും ഡോക്ടറിനോട് വിവരങ്ങള്‍ പറയുകയോ ഡോക്ടര്‍ തിരിച്ച് ഇത്തരം സാധ്യതകളെ കുറിച്ച് ആരായുകയോ ചെയ്തില്ല.

ലൈംഗിക പീഡനത്തിന് ഇരയാകുന്ന കുട്ടികള്‍ സ്വയമേവ അത് വെളിപ്പെടുത്താനുള്ള സാധ്യത വിരളമാണ്. കുട്ടിയുടെ ചുറ്റുമുള്ള മുതിര്‍ന്നവര്‍ കുട്ടിയുടെ പെരുമാറ്റവും മറ്റും ശ്രദ്ധിച്ച് കുഞ്ഞുങ്ങള്‍ അതിക്രമത്തിനിരയാണ് എന്ന് തിരിച്ചറിയുന്ന സാഹചര്യങ്ങളാണ് കൂടുതലും. ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമം അഥവാ പോക്‌സോ നിയമത്തിലെ 39-ാം വകുപ്പ് പ്രകാരം കേന്ദ്ര വനിതാ ശിശുമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ ഡോക്ടര്‍മാര്‍ കുട്ടികളെ കൈകാര്യം ചെയ്യുമ്പോള്‍ കുട്ടി ലൈംഗിക അതിക്രമത്തിനിരിയായേക്കാവുന്ന സാഹചര്യങ്ങളെ കുറിച്ച് ജാഗ്രതയുളളവരായിരിക്കണമെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ ആരായുമ്പോള്‍ പ്രത്യേകിച്ചും മൂത്രസംബന്ധമായ അസുഖങ്ങള്‍ മാസമുറയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ ലൈംഗിക അതിക്രമത്തിന് ഇരയാകാനുള്ള സാധ്യതകള്‍ കൂടി കണക്കില്‍ എടുത്ത് ചോദ്യങ്ങള്‍ ചോദിക്കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. ഇതിലുണ്ടായ വീഴ്ച ആണ് മൂന്ന് പ്രാവശ്യം വൈദ്യസഹായം തേടിയിട്ടും ഏകദേശം 29 ആഴ്ച പിന്നിട്ട ശേഷം മാത്രം കുട്ടി ഗര്‍ഭിണിയാണെന്ന് കുടുംബാംഗങ്ങള്‍ തിരിച്ചറിയാന്‍ ഇടയായത്.

ഈയടുത്ത് ഭേദഗതി വരുത്തിയ 1971ലെ ഗര്‍ഭച്ചിദ്ര നിയമപ്രകാരം മൈനര്‍മാരുടെ 24 ആഴ്ച വരെയുള്ള ഗര്‍ഭഛിദ്രം കോടതിയുടെ ഇടപെടല്‍ ഇല്ലാതെ തന്നെ നടത്താം. എന്നാല്‍ 24ാം ആഴ്ച പിന്നിട്ടാല്‍ നിര്‍ബന്ധമായും ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടാകണം അതിനായി ആദ്യം സൈക്യാട്രിസ്റ്റ് അടങ്ങിയ ഒരിക്കല്‍ ഒരു മെഡിക്കല്‍ ബോര്‍ഡ് കൂടാന്‍ കോടതി ഉത്തരവിടും. ബോര്‍ഡ് കൂടി ഗര്‍ഭഛിദ്രം നടത്തിയാല്‍ ഉണ്ടാകുന്ന വരുംവരായ്കളെക്കുറിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാവും കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുക. ഇത്തരത്തില്‍ ഗര്‍ഭഛിദ്രം നടത്തേണ്ടിവരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ എണ്ണം കേരളത്തില്‍ കൂടിവരുന്നു എന്ന് വേണം കരുതാന്‍. ഈ സാഹചര്യം കടുത്ത ആശങ്ക ഉളവാക്കുന്നു.

കേരളത്തിലെ ആശുപത്രികളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ എത്ര ഗര്‍ഭഛിദ്രം നടക്കുന്നു എന്നതിനെ സംബന്ധിച്ച് കൃത്യമായി കണക്കുകള്‍ ശേഖരിക്കുകയും ഇടപെടലുകള്‍ ശക്തിപ്പെടുത്തുകയും വേണം. നേരത്തെയുള്ള ഗര്‍ഭധാരണവും തുടര്‍ന്ന് നടത്തുന്ന ഗര്‍ഭഛിദ്രവും കുട്ടികളുടെ ആരോഗ്യത്തെ സാഹചര്യം.

പോക്‌സോ കേസുകളില്‍ പ്രതികളായി വരുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ എണ്ണവും കുറവല്ല. പെണ്‍കുട്ടിക്ക് സമ്മതമാണെങ്കില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കൊണ്ട് കുഴപ്പമൊന്നും ഉണ്ടാകില്ല എന്ന മിഥ്യാധാരണ ആണ്‍കുട്ടികളുടെ നിയമക്കുരുക്കിലാക്കുന്നു. നിയമപ്രകാരം 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ലൈംഗികബന്ധത്തിനുള്ള സമ്മതം അപ്രസക്തമാണ്. കുട്ടികളുടെ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധവും കുറ്റകരമാണ്. ഈ വ്യവസ്ഥകളെ കുറിച്ചുള്ള അറിവില്ലായ്മ മൂലം 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ ലൈംഗിക ഇടപെടല്‍ നടത്തുകയും പിന്നീട് നിയമനടപടികളിലേക്ക് വലിച്ചിഴക്കപ്പെടുകയും ചെയ്യുന്നു. ഇതുകൊണ്ട് കൂടിയാണ് പോക്‌സോ നിയമത്തിന്റെ വ്യവസ്ഥകള്‍ കുട്ടികളില്‍ എത്തിക്കേണ്ടത് അനിവാര്യമാണെന്ന് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്.

പോക്‌സോ നിയമം നിലവില്‍ വന്ന 2012 നവംബര്‍ 14 മുതല്‍ പത്തുവര്‍ഷത്തിനോടകം കേരളത്തില്‍ ഏകദേശം ഇരുപതിനായിരം കേസുകള്‍ ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.അതായത് ഓരോ നാലുമണിക്കൂര്‍ കൂടുമ്പോഴും കേരളത്തില്‍ ഒരു കുട്ടി വീതം ലൈംഗിക പീഡനത്തിനിരയാവുകയും ആയത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന കേസുകളും ഉണ്ടാകാം. കുട്ടികള്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതിന് മുമ്പ് നടത്തേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തീരെ ശ്രദ്ധ പതിപ്പിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

ഈ ആപത്ക്കരമായ ഭരണകൂട നിസ്സംഗതയ്ക്ക് കുട്ടികള്‍ വലിയ വില കൊടുക്കേണ്ടി വരുന്നു. പോക്‌സോ നിയമത്തിലെ 43-ാം
വകുപ്പ് പ്രകാരം നിയമത്തിലെ വ്യവസ്ഥകളെ സംബന്ധിച്ച് പ്രചാരണം നടത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. എല്ലാ ജീവനക്കാര്‍ക്കും പ്രത്യേകിച്ചും കുട്ടികളുമായി അടുത്തിടപഴകുന്ന വകുപ്പുകളിലെ/ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നിയമത്തിനെ സംബന്ധിച്ച് നിരന്തര പരിശീലന പരിപാടികള്‍ നടത്തണം. 2020ലെ പോക്‌സോ ചട്ട പ്രകാരം കുട്ടികളുമായി ഇടപഴകി പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും പോലീസ് നല്‍കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇതും നമ്മുടെ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരുത്തി കാണുന്നില്ല.

ബാല ലൈംഗിക ചൂഷണം തടയാന്‍ ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ ഇനിയും അനുമാന്തിച്ചു കൂടാ. ഹൈക്കോടതിയുടെ ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നതാണ്. അത് നടപ്പാക്കാനുളള നടപടികള്‍ ഇനി ആരംഭിക്കേണ്ടത് സര്‍ക്കാരാണ്. സമയബന്ധിതമായി അത് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് പ്രത്യാശിക്കാം.


സംസ്ഥാന ബാലാവകാശ കമ്മിഷന്‍ മുന്‍ അംഗമാണ് ലേഖിക

Content Highlights: law point column by advocate J sandhya


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented