രാജസ്ഥാനിലെ ഉദയ്പുരിൽ നടക്കുന്ന കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ പ്രസിഡന്റ് സോണിയ ഗാന്ധി പ്രസംഗിക്കുന്നു | Photo: ANI
വർഷങ്ങൾക്കു മുമ്പു പത്രപവ്രർത്തകൻ വിർ സാങ്‌വിക്ക് നൽകിയ അഭിമുഖത്തിൽ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി നടത്തിയ പരാമർശം ശ്രദ്ധേയമായിരുന്നു. 1998-ൽ എന്തുകൊണ്ടാണ് സോണിയ കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തതെന്ന സാങ്വിയുടെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു അത്. ഏഴു വർഷം മുമ്പ് 1991-ൽ രാജിവ് ഗാന്ധി ദാരുണമായി വധിക്കപ്പെട്ടപ്പോൾ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സോണിയയിലേക്കു തിരിഞ്ഞിരുന്നു. പക്ഷേ, സോണിയ രാഷ്ട്രീയപ്രവർത്തനത്തിനു തയ്യാറായിരുന്നില്ല. രാഷ്ട്രീയ വനവാസത്തിലേക്കു നീങ്ങുകയായിരുന്ന പി.വി. നരസിംഹ റാവു കോൺഗ്രസിന്റെ തലപ്പത്തേക്കും പ്രധാനമന്ത്രി സ്ഥാനത്തേക്കും എത്തുന്നത് അങ്ങിനെയാണ്. 96-ൽ റാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിനെ ജനങ്ങൾ തിരസ്‌കരിച്ചപ്പോൾ സോണിയ വീണ്ടും ശ്രദ്ധാകേന്ദ്രമായി. അപ്പോഴും സോണിയയുടെ പ്രതികരണം നിഷേധാത്മകമായിരുന്നു. രണ്ടു കൊല്ലത്തിനപ്പുറം പക്ഷേ, സോണിയ 'യെസ്' പറഞ്ഞു. എന്തുകൊണ്ടായിരുന്നു ആ മനംമാറ്റം എന്നായിരുന്നു സാങ്‌വിയുടെ ചോദ്യം.
ഡൽഹിയിലെ വീട്ടിൽ നെഹ്‌റുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയും ഫോട്ടോകൾ ഇടംപിടിച്ചിട്ടുള്ള പഠനമുറിയിലൂടെ പോകുമ്പോൾ കോൺഗ്രസിനോടു താൻ എന്താണു ചെയ്യുന്നതെന്ന ചോദ്യം ഉള്ളിന്റെയുള്ളിൽനിന്ന് ഉയർന്നു വരാറുണ്ടായിരുന്നെന്നും ഒരു സന്നിഗ്ദ്ധഘട്ടത്തിൽ താൻ പാർട്ടിയെയും പാർട്ടി പ്രവർത്തകരെയും കൈവിടുകയാണോ എന്ന സന്ദേഹം മനസ്സിനെ അസ്വസ്ഥമാക്കിയപ്പോൾ അതിനുള്ള മറുപടിയായാണ് കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കാൻ തീരുമാനിച്ചതെന്നുമാണ് സോണിയ സാങ്വിയോടു പറഞ്ഞത്.
24 കൊല്ലത്തിനിപ്പുറത്ത് കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിഷമഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ സോണിയയുടെ ഉള്ളിന്റെ ഉള്ളിൽനിന്നു വീണ്ടും ചില ചോദ്യങ്ങൾ ഉയർന്നു വരുന്നേുണ്ടോ എന്നറിയില്ല. പക്ഷേ, രാജസ്ഥാനിലെ ഉദയ്പൂരിൽ വെള്ളിയാഴ്ച തുടങ്ങിയ ചിന്തൻ ശിബിരത്തിൽ ചില ചോദ്യങ്ങൾ തീർച്ചയായും ചോദിക്കപ്പെടേണ്ടതുണ്ട്.
1972 ഫെബ്രുവരിയിൽ ഇക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്ക്ലിയിൽ ഒ.വി. വിജയന്റെ ഒരു കാർട്ടൂൺ വന്നിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവ് മാവോ ഒരു പുതിയ ചിന്ത അവതരിപ്പിക്കുന്നതായിരുന്നു കാർട്ടൂണിന്റെ പ്രമേയം. ''ഇതാണെന്റെ പുതിയ ചിന്ത,'' മാവോ പറയുന്നു: ''രണ്ട് ആത്മഗതങ്ങൾ ചേരുന്നതാണ് ഒരു സംഭാഷണം.'' ചിന്തയുടെ നൂറു പൂക്കൾ വിരിയട്ടെ എന്നാഹ്വാനം ചെയ്ത മാവോ ഒടുവിൽ സ്വന്തം ചിന്ത മാത്രം മതിയെന്ന നിലപാടിലേക്ക് പരിണമിക്കുന്ന ചരിത്രപരമായ ദുരന്തത്തെ ഇതിലും നിശിതമായി പരിഹസിക്കാൻ ആവുമായിരുന്നില്ല. മാവോയുടെ ഈ നിലപാടാണ് ഇപ്പോൾ ഗാന്ധി കുടുംബം ഏറ്റെടുത്തിരിക്കുന്നത്. സോണിയയും രാഹുലും പ്രിയങ്കയും നടത്തുന്ന ആത്മഗതങ്ങളാണ് കോൺഗ്രസിന്റെ സംഭാഷണങ്ങൾ. തങ്ങൾ മൂന്നു പേരും നേതൃനിരയിൽ ഇല്ലാത്ത ഒരു കോൺഗ്രസ് ഗാന്ധി കുടുംബത്തിന് ആലോചിക്കാൻ പോലുമാവുന്നില്ല.
.jpg?$p=ecb59a5&&q=0.8)
കോൺഗ്രസ് അറിയേണ്ട രസതന്ത്രം
2019-ൽ രാഹുൽ ഗാന്ധി ചെയ്ത ഒരു നല്ല കാര്യം പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജിയായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള രാജി. അന്ന് രാജിവെച്ചുകൊണ്ട് രാഹുൽ പറഞ്ഞത് ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് ഒരാൾ പാർട്ടിയെ നയിക്കാൻ വരട്ടെയെന്നാണ്. പക്ഷേ, സോണിയ അതുൾക്കൊണ്ടില്ല. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നു വന്ന നരസിംഹ റാവു പാർട്ടിയെ കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ചതിന്റെ കയ്പു നിറഞ്ഞ സ്മരണകൾ സോണിയയെ വേട്ടയാടിയിട്ടുണ്ടാവാം. എന്തായാലും ശാരീരിക അസ്വാസ്ഥ്യങ്ങൾ അവഗണിച്ച് സോണിയ വീണ്ടും കോൺഗ്രസിന്റെ അമരത്തെത്തി.
താൽപര്യമില്ലാതെ മാറി നിന്ന മകൻ രാഹുലിനെ പാർട്ടിയുടെ നെടുനായക സ്ഥാനത്തു വീണ്ടും നിലനിർത്തി. ഒരുത്തരവാദിത്വവുമില്ലെങ്കിലും പാർട്ടിയിൽ അധികാരം വീണ്ടും രാഹുലിനു തന്നെയായി. ഈ അധികാരമുപയോഗിച്ച് രാഹുൽ കളിച്ച കളിയുടെ ഫലമാണ് പഞ്ചാബിൽ ഇപ്പോൾ കോൺഗ്രസ് അനുഭവിക്കുന്നത്. രമേശ് ചെന്നിത്തലയെ ഒതുക്കാൻ കളിച്ച കളിയിലൂടെ കേരളത്തിൽ ഇടതു മുന്നണിക്കു ചരിത്രവിജയം സമ്മാനിച്ചു. യു.പിയിൽ പ്രിയങ്ക കെട്ടിപ്പൊക്കിയ മോഹക്കോട്ടകളും തകർന്നു തരിപ്പണമായി. ഗോവയിലും ഉത്തരാഖണ്ഡിലും തിരിച്ചുവരുമെന്ന വായ്ത്താരികൾ വായുവിൽ കെട്ടിപ്പൊക്കിയ കോട്ടകളായി.
ഉദയ്പൂരിലെ ചിന്തൻ ശിബിരം ഒരു തമാശയായി മാറാതിരിക്കണമെങ്കിൽ ഗാന്ധി കുടുംബം ഈ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയണം. മോദിയും ബി.ജെ.പിയും അജയ്യരല്ല. ആർക്കും പിടിച്ചുകെട്ടാൻ കഴിയാത്ത അശ്വമേധമൊന്നുമല്ല ആർ.എസ്.എസ്. ഇന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ബംഗാളിൽ ബി.ജെ.പിയുടെ കുതിരയെ മമത പിടിച്ചുകെട്ടിയതു ലോകം കണ്ടതാണ്. ഒഡിഷയിൽ നവീൻ പട്നായിക്കും രാജസ്ഥാനിൽ അശോക് ഗെഹ്ലോത്തും ഛത്തീസ്ഗഡിൽ ഭൂപേഷ് ഭാഗലും തമിഴകത്ത് സ്റ്റാലിനും ഡൽഹിയിൽ കെജ്രിവാളും പിടിച്ചുകെട്ടിയ കുതിരയാണത്.
പിടിക്കേണ്ടിടത്ത് പിടിക്കേണ്ട പോലെ പിടിച്ചാൽ ഏതു കുതിരയും നിൽക്കും. ബംഗാളിലായാലും കേരളത്തിലായാലും തെലങ്കാനയിലായാലും കളി പ്രാദേശികതലത്തിലാണു നടക്കുന്നത്. മോദി അഖിലേന്ത്യ നേതാവായിരിക്കാം. പക്ഷേ, ബംഗാളിലെ നേതാവ് മമതയും തമിഴകത്തെ നേതാവ് സ്റ്റാലിനുമാണ്. ഈ കളിയുടെ രസതന്ത്രമാണ് കോൺഗ്രസ് തിരിച്ചറിയേണ്ടത്. ഗാന്ധി കുടുംബത്തിന്റെ തട്ടകത്തിനു പുറത്തു നടക്കുന്ന കളിയാണിത്. ഈ കളിയിലേക്ക് കോൺഗ്രസ് തിരിച്ചുവരണമെങ്കിൽ മോദിക്കെതിരെ രാഹുൽ എന്ന സമവാക്യം മതിയാവില്ല. കഴിഞ്ഞ രണ്ടു ലോക്സഭ തിരഞ്ഞെടുപ്പുകളിൽ പരീക്ഷിച്ചു പരാജയപ്പെട്ട സമവാക്യമാണിത്.
ഉദയ്പൂരിൽ ഈ സമവാക്യം അഴിച്ചുപണിയാൻ കോൺഗ്രസിനാവണം. രാമചന്ദ്ര ഗുഹയും യോഗേന്ദ്ര യാദവും പറയുന്നത് കോൺഗ്രസിനെ ഗാന്ധി കുടുംബത്തിൽനിന്നു മുക്തമാക്കണമെന്നാണ്. ലോഹ്യയുടെയും രാജാജിയുടെയുമൊക്കെ ഹാങ്ങോവറിൽ നിൽക്കുന്നവർ ഇതല്ല ഇതിനപ്പുറവും പറയും. ഗാന്ധി കുടുംബത്തിനെ മാറ്റിനിർത്തിയല്ല കോൺഗ്രസിനെ അഴിച്ചുപണിയേണ്ടത്. കോൺഗ്രസിൽ ഗാന്ധി കുടുംബം ഒരു യാഥാർത്ഥ്യമാണ്. പാർട്ടിയുടെ തലപ്പത്ത് ഗാന്ധി കുടുംബം തുടരട്ടെ. പക്ഷേ, മോദിക്കു ബദലായി പാർലമെന്ററി നേതാവായി ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് ഒരാൾ വരണം. അതായത് കോൺഗ്രസ് പ്രസിഡന്റായി രാഹുൽ ഗാന്ധി തിരിച്ചുവന്നോട്ടെ! പക്ഷേ, പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവാൻ ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് ഒരാളെ കോൺഗ്രസ് കണ്ടെത്തണം.
.jpg?$p=22e301b&&q=0.8)
രാഹുൽ: വ്യക്തിയും നേതാവും
ഉള്ളതു പറയണമേല്ലാ! രാഹുൽ ഗാന്ധി വളരെ നല്ല മനുഷ്യനാണ്. ബി.ജെ.പിയും ആർ.എസ്.എസും തലകുത്തി നിന്നിട്ടും ഇതുവരെ കാമ്പുള്ള ഒരാരോപണം പോലും രാഹുലിനെതിരെ ഉയർത്താനായിട്ടില്ല. വ്യക്തിജിവിതത്തിലും പൊതുജീവിതത്തിലും ചില ആദർശങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടുള്ള ജീവിതമാണ് രാഹുലിന്റേത്. ഇന്ത്യൻ അതിർത്തിയിൽ ചൈന നടത്തിയ അതിക്രമങ്ങൾക്കെതിരെ മോദി ഭരണകൂടം ഒരക്ഷരം പോലും പറയാത്തത് എന്തുകൊണ്ടാണെന്നത് ഉൾപ്പെടെയുള്ള പ്രസക്തമായ ചോദ്യങ്ങൾ രാഹുൽ നിരന്തരം ചോദിക്കുന്നുണ്ട്. ഈ ചോദ്യങ്ങൾക്കൊന്നും തന്നെ മോദിക്കും കൂട്ടർക്കും മറുപടിയില്ലെന്നതാണു യാഥാർത്ഥ്യം.
രാഹുലിന്റെ ജിവിതത്തിൽ കളങ്കങ്ങളില്ല എന്നതു കൊണ്ടാണ് 'പപ്പു' എന്ന പ്രതിച്ഛായ നിർമ്മാണത്തിലേക്ക് ആർ.എസ്.എസും ബി.ജെ.പിയും തിരിഞ്ഞത്. അതിൽ അവർ വിജയിക്കുകയും ചെയ്തു. രാഹുലിന്റെ കുഴപ്പം രാഹുൽ ഒരു സെൽഫ് മെയ്ഡ് നേതാവല്ല എന്നതാണ്. നേതൃത്വം രാഹുൽ സ്വയം ആർജ്ജിച്ചെടുത്തതല്ല. അത് രാഹുലിൽ അടിച്ചേൽപിക്കപ്പെടുകയായിരുന്നു. മോത്തിലാലിന്റെയും ഗാന്ധിജിയുടെയും ആശിർവ്വാദവും അനുഗ്രഹവുമുണ്ടായിരുന്നെങ്കിലും നെഹ്‌റു നേതാവായതു സ്വന്തം നിലയ്ക്കാണ്. നെഹ്‌റുവിന്റെ തണലും നിഴലുമുണ്ടായിരുന്നെങ്കിലും ഇന്ദിരയും സ്വയം മുന്നോട്ടു വരികയായിരുന്നു. കാമരാജ് അടക്കമുള്ള സിൻഡിക്കറ്റിനെ മറികടന്നാണ് ഇന്ദിര അധികാരം നിലനിർത്തിയതെന്നു മറക്കാനാവില്ല.
തീർത്തും അപ്രതീക്ഷിതമായാണ് രാജിവ് അധികാരത്തിലെത്തിയത്. അധികാരത്തിനു പുറത്തു വെറും രണ്ടു വർഷം മാത്രമാണ് രാജിവുണ്ടായിരുന്നത്. അപ്പോഴേക്കും ആ ജീവിതം അകാലത്തിൽ പൊലിയുകയും ചെയ്തു. ഗാന്ധി കുടുംബത്തിന്റെ മേൽവിലാസത്തിലാണ് സോണിയയും കോൺഗ്രസിന്റെ തലപ്പത്തെത്തിയതെങ്കിലും റാവുവിനെപ്പോലുള്ള കുശാഗ്രബുദ്ധികളെ സോണിയ മറികടന്നതു സ്വന്തം നിലയ്ക്കായിരുന്നു.
പ്രിയങ്കയും രാഹുലും പക്ഷേ, അധികാരത്തിന്റെ സൃഷ്ടികളും ഉപോത്പന്നങ്ങളുമാണ്. ഇന്ത്യയെന്നാൽ ഇന്ദിര എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന കാലത്തായിരുന്നു ഇരുവരുടെയും പിറവി. അടിയന്തരാവസ്ഥയും അതിനു ശേഷമുള്ള ഇന്ദിരയുടെ വീഴ്ചയും നന്നേ ചെറിയ പ്രായമായിരുന്നതിനാൽ ഇരുവരേയും കാര്യമായി ബാധിച്ചിരിക്കാനിടയില്ല. പക്ഷേ, ഇന്ദിരയുടെയും രാജിവിന്റെയും കൊലകൾ തീർത്ത അരക്ഷിതാവസ്ഥ ഇരുവരുടെയും വ്യക്തിവികാസത്തെ തീർച്ചയായും അടയാളപ്പെടുത്തിയിട്ടുണ്ടാവും. എവിടെയും ഒരു ശത്രു ഒളിഞ്ഞിരിക്കുന്നുണ്ടാവാമെന്ന ചിന്ത ഭീകരമായ അനുഭവമാണ്. സമൂഹമല്ല, കുടുംബമാണു സുരക്ഷിതമെന്ന അവസ്ഥയുണ്ടാവുമ്പോൾ അതു തീർത്തും വ്യത്യസ്തമായ ഒരു പാതയിലൂടെയുള്ള യാത്രയും സഞ്ചാരവുമാവുന്നു.
സോണിയ എന്ന മാതൃബിംബത്തിനു ചുറ്റുമായി നീങ്ങുന്ന രണ്ട് ഉപഗ്രഹങ്ങളെയാണ് ഇവിടെ നമ്മൾ കാണുന്നത്. പാർട്ടിയെന്നാൽ കുടുംബവും കുടുംബമെന്നാൽ പാർട്ടിയുമാവുന്ന അവസ്ഥ. ഇതൊരു കെണിയും പ്രലോഭനവുമായിരുന്നു. ഈ കെണിയിൽനിന്നു പറത്തേക്കുവരാൻ കഴിയാതെ പോയതോടെയാണ് കോൺഗ്രസിന്റെ വിമോചകരാവുന്നതിനു പകരം രാഹുലും പ്രിയങ്കയും കോൺഗ്രസിനു ബാദ്ധ്യതയാവുന്നത്.

മോദി എന്ന മദ്ധ്യവർഗ്ഗ പുരുഷൻ
ഈ കാലഘട്ടത്തിലാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ മദ്ധ്യവർഗ്ഗം ഒരു ശക്തിയായി മാറുന്നത്. അദമ്യമായ ആഗ്രഹങ്ങളും അഭിലാഷങ്ങളുമാണ് മിഡിൽ ക്ലാസിനെ നിർണ്ണയിക്കുന്നത്. വ്യവസായ ലോകത്ത് അംബാനിയും അദാനിയും ഈ മിഡിൽ ക്ലാസിന്റെ പ്രതിനിധികളാണ്. രാഷ്ട്രീയത്തിൽ അടുത്തിടെ വിജയിച്ചിട്ടുള്ള എല്ലാ നേതാക്കളും ഈ ആഗ്രഹാഭിലാഷങ്ങൾ സ്വയം നെഞ്ചേറ്റിയവരാണ്. മോദിയും മതയും കെജ്രിവാളും നവീനും യോഗിയും സ്റ്റാലിനും ജഗൻ മോഹൻ റെഡ്ഡിയും ചന്ദ്രശേഖർ റാവുവും ഈ മദ്ധ്യവർഗ്ഗത്തിന്റെ പതാകയേന്തുന്നവരാണ്. കേരളത്തിൽ രണ്ടാം വട്ടം തുടർച്ചയായി അധികാരത്തിലെത്തുന്ന ഇടതു മുഖ്യമന്ത്രിയെന്ന ഖ്യാതിയുള്ള പിണറായി വിജയൻ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയ പദ്ധതികളും മദ്ധ്യവർഗ്ഗത്തിന്റേതാണ്. ഈ മദ്ധ്യവർഗ്ഗം രാഹുലിന്റെയോ പ്രിയങ്കയുടെയോ ഡി.എൻ.എയിലില്ല. ബി.ജെ.പിയെപ്പോലുള്ള ഒരു രാഷ്ട്രീയ പാർട്ടിയോട് ഏറ്റുമുട്ടാൻ രാഹുലിനും പ്രിയങ്കയ്ക്കുമാവാതെ പോവുന്നതും ഈ പരിസരത്തിലാണ്.
ഇന്ത്യയിലെ മദ്ധ്യവർഗ്ഗത്തിന്റെ മുന്നേറ്റം ആർ.എസ്.എസും ബി.ജെ.പിയും കൃത്യമായി തിരിച്ചറിഞ്ഞു. 2001-ൽ നരേന്ദ്ര ദാമോദർദാസ് മോദിയെ ഗുജറാത്തിലേക്കു മുഖ്യമന്ത്രിയായി അയക്കുമ്പോൾ ഭാവിഭാരതത്തിന്റെ തലക്കുറി നാഗ്പൂരിലെ ആർ.എസ്.എസ്. ആസ്ഥാനത്ത് രൂപപ്പെട്ടുകഴിഞ്ഞിരുന്നു. 2 ജി കുംഭകോണം തുറന്നെടുത്തുകൊണ്ട് വിനോദ് റായി നടത്തിയ നീക്കത്തിനു ചുവടുപിടിച്ചാണ് അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ മുന്നേറ്റമുണ്ടാവുന്നത്. ഇന്ത്യയിലെ മദ്ധ്യവർഗ്ഗത്തെ കോൺഗ്രസിനെതിരെ തിരിച്ചുവിട്ട രണ്ടു സംഭവവികാസങ്ങൾ. 2014-ൽ 44 കാരനായ രാഹുലും 64-കാരനായ മോദിയും മുഖാമുഖം വന്നപ്പോൾ ഇന്ത്യയിൽ യുവജനങ്ങളിൽ ഭൂരിപക്ഷവും മോദിക്കൊപ്പം അണിനിരന്നത് മോദി ഉയർത്തിക്കാട്ടിയ ഗുജറാത്തിലെ മിഡിൽ ക്ലാസ് മാജിക്കിൽ ഭ്രമിച്ചിട്ടായിരുന്നു.
അഞ്ചു കൊല്ലത്തിനപ്പുറം 2019-ൽ ഗുജറാത്ത് മോഡൽ മോദി സൗകര്യപൂർവ്വം കൈവിട്ടു. പകരം എന്തിനുമേതിനും പ്രയോഗിക്കാവുന്ന ഹിന്ദുത്വയുടെ പ്രവാചകനും കുലഗുരുവുമായി മോദി പരിണമിച്ചു. ആസൂത്രിതമായ പരിണാമമായിരുന്നു ഇത്. നവ ലിബറൽ സാമ്പത്തിക നയങ്ങൾ വളർത്തിയ വൻകിട ഇന്ത്യൻ കോർപറേറ്റുകൾ ഈ പരിണാമത്തിൽ കൊമ്പും കുഴലുമായി മോദിക്കൊപ്പം നിലയറുപ്പിച്ചു. അധികാരം വിശ്വരൂപമെടുക്കുന്ന കാഴ്ചയായിരുന്നു അത്. പണത്തിനു പണവും ആളിന് ആളും പ്രത്യയശാസ്ത്രത്തിനു പ്രത്യയശാസ്ത്രവുമായി ആർ.എസ്.എസും ബി.ജെ.പിയും മെജോറിറ്റേറിയൻ ഭരണകൂടത്തിന് അസ്തിവാരം തീർത്തപ്പോൾ കോൺഗ്രസ് സ്വയം സൃഷ്ടിച്ച കെണിയിൽനിന്നു പുറത്തുകടക്കാനാവാതെ ഗാന്ധി കുടുംബത്തിൽനിന്നു വീണ്ടുമൊരു രക്ഷകന്റെ വരവിനായി കാത്തിരുന്നു.
ആ കാത്തിരിപ്പിനാണ് 2019 വിരാമമിട്ടത്. എന്നിട്ടും കണ്ണു തുറക്കാത്തവർക്കുള്ളതായിരുന്നു ഇക്കഴിഞ്ഞ അഞ്ചു സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പു ഫലങ്ങൾ. ഉദയ്പൂരിലെ ചിന്തൻ ശിബിരം ഈ യാഥാർത്ഥ്യം കാണുന്നില്ലെങ്കിൽ ദൈവം വിചാരിച്ചാലും കോൺഗ്രസിനെ രക്ഷിച്ചെടുക്കാനാവില്ല. 543 അംഗ ലോക്സഭയിൽ 250-300 സീറ്റുകളിൽ ഇപ്പോഴും ബി.ജെ.പിയുടെ മുഖ്യ എതിരാളികൾ കോൺഗ്രസാണ്. ഈ സീറ്റുകളിലെ മിന്നുന്ന പ്രകടനമാണ് ബി.ജെ.പിയെ ഇന്ദ്രപ്രസ്ഥത്തിൽ അധികാരക്കസേരയിലിരുത്തുന്ന പ്രധാന ഘടകം. ഇവിടെയാണ് കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
പ്രാദേശിക കക്ഷികൾ അരങ്ങുതകർക്കുന്ന ബംഗാളിലും തമിഴകത്തുമൊക്കെ ബി.ജെ.പിക്കെതിരെയുള്ള കളി കോൺഗ്രസ് അതാതിടത്തെ പ്രബല കക്ഷികൾക്ക് വിട്ടകൊടുക്കണം. പ്രാദേശിക കക്ഷികൾക്ക് കാര്യമായ സാന്നിദ്ധ്യമില്ലാത്ത മേൽപ്പറഞ്ഞ 300 സീറ്റുകളിൽ കോൺഗ്രസ് ഉണർന്ന് പ്രവർത്തിക്കണം.
.jpg?$p=345e766&&q=0.8)
വളരെ അടുത്താണ് 2024
2024-ലേക്ക് ഇനിയിപ്പോൾ അധികം ദൂരമില്ല. 2025 ആർ.എസ്.എസിന്റെ ശതാബ്ദി വർഷമാണ്. അന്നു കേന്ദ്രം ഭരിക്കാൻ ബി.ജെ.പി. സർക്കാർ ഉണ്ടാവണമെന്നതിൽ സംഘപരിവാറിന് ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല. അതുകൊണ്ടുതന്നെ പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും കടുത്ത മത്സരമാണു രണ്ടു വർഷത്തിനപ്പുറം കോൺഗ്രസിനെ കാത്തിരിക്കുന്നത്. പതിവു പോലെ മോദിക്കു ബദൽ ആരെന്ന ചോദ്യം വീണ്ടും ഉയരും. ആർ.എസ്.എസും ബി.ജെ.പിയും ഇറക്കിക്കളിക്കുന്ന ഈ തുറുപ്പുഗുലാനെ നേരിടണമെങ്കിൽ ശരദ് പവാർ മുതൽ സ്റ്റാലിൻ വരെയുള്ളവരെ ചേർത്തുപിടിക്കാനും ഇന്ത്യൻ ജനതയുടെ മനസ്സും ഭാവനയും പിടിച്ചെടുക്കാനും കഴിവുള്ള ഒരു നേതാവിനെ തന്നെ കോൺഗ്രസ് കളത്തിലിറക്കേണ്ടി വരും. ശശി തരൂരിനെപ്പോലൊരു നേതാവിന്റെ പ്രസക്തിയിലേക്കാണ് ഈ പരിസരം വിരൽ ചൂണ്ടുന്നത്.
.jpg?$p=7b5340b&&q=0.8)
ഉദയ്പൂരിലെ ചിന്തൻ ശിബിരം ചരിത്രമാവണമെങ്കിൽ ഗാന്ധി കുടുംബം തന്നെ വിചാരിക്കണം. വൈതാളികരുടെ വാഴ്ത്തലുകൾ ഭേദിച്ചു സമകാലിക ഇന്ത്യയുടെ സ്പന്ദനങ്ങൾ വായിച്ചെടുക്കാൻ ഗാന്ധി കുടുംബത്തിനാവണം. നെഹ്‌റുവിന്റെയും ഇന്ദിരയുടെയും രാജിവിന്റെയും ചിത്രങ്ങൾക്ക് കീഴെ നടക്കുമ്പോൾ താൻ കോൺഗ്രസിനോട് എന്താണു ചെയ്യുന്നതെന്ന ചോദ്യം ചോദിച്ച സോണിയ ആ ചോദ്യം ഒന്നുകൂടി സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. 2004-ൽ പ്രധാനമന്ത്രിപദം എന്ന വലിയ പ്രലോഭനം മറികടക്കാൻ സോണിയയ്ക്കു കഴിഞ്ഞിരുന്നു. ഇതിപ്പോൾ രാഹുലിനും പ്രിയങ്കയ്ക്കും മേൽ അത്തരം സ്വപ്നങ്ങൾ നെയ്യാതിരിക്കാനും സോണിയയ്ക്ക് കഴിയണം.
ചെങ്കോട്ടയിൽ ഇന്ത്യൻ പതാക ഉയർത്തുക എന്ന ദൗത്യം കുടുംബത്തിന്റേതല്ലെന്നും പാർട്ടിയുടേതാണെന്നുമുള്ള തിരിച്ചറിവാണത്. ഈ തിരിച്ചറിവാണു കാലവും ചരിത്രവും സോണിയയിൽനിന്നു പ്രതീക്ഷിക്കുന്നത്. കാരണം ഇന്ത്യ എന്ന മഹത്തായ ആശയം ഇപ്പോഴും കോൺഗ്രസിനെ ആവശ്യപ്പെടുന്നുണ്ട്. മതേതരത്വവും ബഹുസ്വരതയുമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവും പരമാത്മാവും. അവയെ രക്ഷിച്ചെടുക്കാൻ ഈ അന്തരാള ഘട്ടത്തിൽ കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പ് അത്യന്താപേക്ഷിതമാണ്. ഗാന്ധി കുടുംബമില്ലെങ്കിൽ കോൺഗ്രസ് ഇല്ലെന്ന മുദ്രാവാക്യമല്ല കോൺഗ്രസില്ലെങ്കിൽ ഗാന്ധി കുടുംബമില്ലെന്ന മുദ്രാവാക്യമാവണം ഉദയ്പൂരിൽനിന്ന് ഉയരേണ്ടത്. അത്തരമൊരു സർഗ്ഗാത്മക ഇടപെടലിന് അരങ്ങാവുന്നില്ലെങ്കിൽ ഉദയ്പൂരിൽ എഴുതപ്പെടുന്നതു കോൺഗ്രസിന്റെ ചരമക്കുറിപ്പാവും.
വഴിയിൽ കേട്ടത്: തൃക്കാക്കരയിൽ ഇടതു മുന്നണിക്കായി കെ.വി. തോമസിന്റെ പ്രചാരണം: കെ റെയിലിൽ കയറി ക്ലിഫ് ഹൗസിലെത്തുന്ന പിടയ്ക്കുന്ന തിരുത, അതാണു നമ്മൾ സ്വപ്നം കാണുന്ന കിണാശ്ശേരി...!
Content Highlights: Indian national Congress, Sonia Gandhi, Rahul, Priyanka, Chintan Shivir, Vazhipokkan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..