വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ


തീവ്രവാദികളെന്ന് മത്സ്യത്തൊഴിലാളികളെ മുദ്രകുത്തുമ്പോൾ സി.പി.എം. തങ്ങൾ കടന്നുവന്ന വഴികൾ മറക്കരുത്. 1950-ലെ ഇടപ്പള്ളി പോലിസ് സ്റ്റേഷൻ ആക്രമണത്തിന്റെ 72-ാം വാർഷികം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സി.പി.എം. എറണാകുളത്ത് ആഘോഷിച്ചിരുന്നു. പ്രക്ഷോഭകാരികളുമായി നേരിട്ട് ചർച്ച നടത്താൻ എന്തുകൊണ്ട് മുഖ്യമന്ത്രി തയ്യാറാവുന്നില്ലെന്നത് ഒരു ചോദ്യം തന്നെയാണ്.

Premium

വിഴിഞ്ഞം തുറമുഖത്തിന്റെ ആകാശദൃശ്യം, സമരത്തെ നേരിടുന്ന പോലിസ് | ഫോട്ടോ മാതൃഭൂമി

വിഴിഞ്ഞം ഒരു തുടർച്ചയാണ്. വികസനത്തിന്റെ പേരിൽ പിഴുതെറിയപ്പെടുന്ന മനുഷ്യരുടെ തുടര്‍ച്ച. നർമ്മദയിലെ അണക്കെട്ടും കൂടങ്കുളത്തെ ആണവനിലയവും ഛത്തിസ്ഗഡിലെയും ജാർഖണ്ഡിലെയും ഒഡിഷയിലെയും കൽക്കരി ഖനികളും തകർത്തെറിഞ്ഞ ജീവിതങ്ങളുടെ ശ്രേണിയിലാണ് വിഴിഞ്ഞവും ഇടംപിടിക്കുന്നത്. വിഴിഞ്ഞത്തിലേക്ക് വരും മുമ്പ് കഴിഞ്ഞ ദിവസങ്ങളിലെ ഒരു പ്രധാന വാർത്ത പരിശോധിക്കേണ്ടതായുണ്ട്. മുംബൈയിലെ ധാരാവി 'വൃത്തിയാക്കാൻ' അദാനി ഗ്രൂപ്പിന് കരാർ കിട്ടിയിരിക്കുന്നു എന്ന വാർത്തയാണത്. ധാരാവി ഒരു ചെറിയ മീനല്ല. മുംബൈയുടെ ഹൃദയഭാഗത്ത് 625 ഏക്കർ ഭൂമി എന്ന് പറഞ്ഞാൽ അതൊരു വജ്രഖനിയാണ്. റിയൽ എസ്റ്റേറ്റ് മുതലാളിമാർ സ്വപ്നം കാണുന്ന കിണാശ്ശേരി. ഇന്ത്യയിൽ ഏറ്റവുമധികം വിലയുള്ള ഭൂമി ഇവിടെയാണുള്ളത്. ധാരാവിക്കടുത്തുള്ള ബന്ദ്രയിൽ ഒരു ചതുരശ്ര അടി സ്ഥലം കിട്ടണമെങ്കിൽ ചുരുങ്ങിയത് 50,000 രൂപ കൊടുക്കണം. അപ്പോൾ, 625 ഏക്കർ ഭൂമി എന്ന് പറഞ്ഞാൽ, അതൊരു സൂപ്പർ മെഗാ ബംബർ ലോട്ടറിയാവുന്നു.

മൂന്ന് വർഷം മുമ്പ് ഇതേ ധാരാവിക്കായി ഒരു കരാർ വിളി നടന്നിരുന്നു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെക്‌ലിങ്ക് ടെക്നോളജിസ് കോർപറേഷനാണ് അന്ന് 7,500 കോടി രൂപയുമായി കരാർ വിളിയിൽ മുന്നിലെത്തിയത്. അദാനി ഗ്രൂപ്പായിരുന്നു രണ്ടാം സ്ഥാനത്ത്. പക്ഷേ, സെക്‌ലിങ്ക് ടെക്നോളജിസിന് പദ്ധതി കിട്ടിയില്ല. റെയിൽവേയുടെ കുറച്ച് ഭൂമി കൂടി ഏറ്റെടുക്കാനുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സർക്കാർ കരാർ റദ്ദാക്കിയത്. ഈ വർഷം വീണ്ടും കരാർ വിളിച്ചപ്പോൾ അദാനിക്ക് ലക്ഷ്യം തെറ്റിയില്ല. 5,069 കോടി രൂപയുമായി അദാനി കച്ചവടം ഉറപ്പിച്ചു. ഇതിനിടയിൽ റെയിൽവെ ഭൂമിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ തീർപ്പുണ്ടാക്കി. അദാനിയായിരിക്കും ഇക്കുറി കരാർ ഉറപ്പിക്കുക എന്ന് കേന്ദ്ര സർക്കാരിന് ഉൾവിളിയുണ്ടായിരുന്നോ എന്നറിയില്ല. ഉദ്ദവ് താക്കറെ സർക്കാറിനെ രാത്രിക്കു രാത്രി അട്ടിമറിച്ച് ഏകനാഥ് ഷിൻഡെ അധികാരത്തിലേറിയതിനു പിന്നിൽ ദല്ലാളിത്ത മുതലാളിത്തത്തിനു നിർണായക പങ്കുണ്ടെന്ന ആരോപണവും ഈ ഘട്ടത്തിൽ ഓർക്കേണ്ടതുണ്ട്.

പത്ത് ലക്ഷത്തോളം ആളുകളാണ് ധാരാവിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നതെന്നാണ് അറിയുന്നത്. മൊത്തം 20,000 കോടി രൂപയുടെ പദ്ധതിയാണ് ധാരവി പുനർവികസനം. ചേരി നിവാസികളെ കുടിയൊഴിപ്പിക്കുമ്പോൾ കിട്ടുന്ന കണ്ണായ ഭൂമിയിൽ നിർമ്മാണ പ്രവർത്തനം നടത്തി 10 ലക്ഷം ചതുരശ്ര അടിയോളം വിറ്റ് കാശാക്കാൻ അദാനിക്കാവും. കുടിയൊഴിപ്പിക്കപ്പെടുന്നവരിൽ ഒരു ലക്ഷത്തോളം കുടുംബങ്ങൾക്കാണ് പുതിയ വീടുകൾ കിട്ടുക. ഓരോ കുടുംബത്തിനും 300 ചതുരശ്ര അടിയുള്ള വീടുകൾ. ബഹുനില കെട്ടിട സമുച്ചയങ്ങളിൽ ഇവരെ കുത്തിനിറയ്ക്കാനായാൽ ബാക്കിയുള്ള ഭൂമിക്ക് അദാനി പറയുന്നതാവും വില.

ധാരാവിയിൽ ഇപ്പോൾ പതിനയ്യായിരത്തോളം ചെറുകിട ബിസിനസുകളും അയ്യായിരത്തോളം ചെറിയ ഫാക്ടറികളുമുണ്ട്. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതോധാപാധി കൂടിയാണ് ധാരാവി എന്നർത്ഥം. കുടിയൊഴിപ്പിക്കലിനെതിരെ ധാരാവിയിൽ സംഘടിതമായ പ്രക്ഷോഭങ്ങൾ ഉണ്ടാവുന്നതിനുള്ള സാദ്ധ്യതകൾ ചുരുക്കമാണെന്നാണ് പറയപ്പെടുന്നത്. ഇനി അഥവാ പ്രക്ഷോഭങ്ങൾ ഉണ്ടായാൽതന്നെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒന്നിച്ച് അദാനിയെ പിന്തുണയ്ക്കുമ്പോൾ അവയൊന്നും ലക്ഷ്യത്തിലെത്തുമെന്ന് തോന്നുന്നില്ല. ഇന്ത്യയിൽ ദല്ലാൾ മുതലാളിത്ത(ക്രോണി ക്യാപിറ്റലിസം)ത്തിന്റെ ചരിത്രം എഴുതപ്പെടുമ്പോൾ ധാരാവി അതിൽ സുപ്രധാനമായ അദ്ധ്യായമായിരിക്കും.

മുംബൈയിലെ ധാരാവി ചേരിപ്രദേശം

ധാരാവിയും വിഴിഞ്ഞവും തമ്മിൽ

ധാരാവിക്കായി മഹാരാഷ്ട്ര സർക്കാരും കേന്ദ്ര സർക്കാരും ഒന്നിക്കുന്ന അതേ കാഴ്ചയാണ് വിഴിഞ്ഞത്തുനിന്നും ഉയരുന്നത്. വികസനം എന്ന മാന്ത്രികവടി ഉയർത്തിക്കാട്ടി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മും ഒരേ സ്വരത്തിൽ സംസാരിക്കുമ്പോൾ അതിൽ പന്തികേട് തോന്നുന്നില്ലെങ്കിൽ അരിയാഹാരം കഴിക്കുന്നത് അവസാനപ്പിക്കേണ്ടി വരും. 7,525 കോടി രൂപയുടേതാണ് വിഴിഞ്ഞം പദ്ധതി. ഇതിൽ കൂടുതലും സംസ്ഥാന സർക്കാരിന്റെ മുതൽമുടക്കാണ്- 3,436 കോടി രൂപ. അദാനി ഗ്രൂപ്പ് 2,454 കോടി നിക്ഷേപിക്കും. 1,635 കോടി രൂപ കേന്ദ്ര സർക്കാർ വിഹിതമായി വരും. 40 കൊല്ലം തുറമുഖം അദാനി ഗ്രൂപ്പ് നടത്തും. വേണമെങ്കിൽ ഒരു 20 കൊല്ലം കൂടി നടത്തിപ്പ് അദാനിക്ക് നീട്ടിക്കിട്ടും. 15 കൊല്ലം കഴിഞ്ഞാൽ ലാഭത്തിന്റെ ഒരു വിഹിതം സംസ്ഥാന സർക്കിരിന് കിട്ടിത്തുടങ്ങും.

കൊളംബൊ തുറമുഖത്തിന്റെ കുത്തക തകർത്ത് വിഴിഞ്ഞം ഒരു കളി കളിക്കുമെന്നാണ് അദാനിയും സംസ്ഥാന സർക്കാരും അവകാശപ്പെടുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് ഈ പദ്ധതിക്ക് തുടക്കമായത്. അന്ന് സി.പി.എം. ആരോപിച്ചത് 6000 കോടി രൂപയുടെ കടൽക്കൊള്ളയ്ക്ക് അരങ്ങൊരുങ്ങുന്നു എന്നായിരുന്നു. കൊള്ള വികസനമാവാൻ ഭരണമാറ്റം മാത്രമേ വേണ്ടിവന്നുള്ളു എന്ന് മറക്കരുത്. കേരളത്തിന്റെ മുഖച്ഛായ മാറ്റിമറിക്കുമെന്ന കൊട്ടും കുരവയുമായി തുടങ്ങിയ വല്ലാർപാടം പദ്ധതിക്കെന്താണ് സംഭവിച്ചതെന്നത് ഈ ഘട്ടത്തിൽ മറക്കാനാവില്ല. 3,200 കോടി രൂപ ചെലവിട്ട വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ ഇക്കഴിഞ്ഞ പത്ത് കൊല്ലങ്ങളിൽ 461 കോടി രൂപയുടെ നഷ്ടമാണുണ്ടാക്കിയിട്ടുള്ളത്. വല്ലാർപാടം പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട മൂലമ്പള്ളിയിലെ കുടുംബങ്ങൾ ഇപ്പോഴും വികസനത്തിന്റെ ഇരകളായി കേരളത്തിന് മുന്നിലുണ്ട്.

360 ഏക്കർ ഭൂമിയാണ് സംസ്ഥാന സർക്കാർ തുറമുഖ വികസനത്തിനായി വിട്ടുകൊടുത്തിരിക്കുന്നത്. 130 ഏക്കറോളം ഭൂമി കടൽ നികത്തിയെടുക്കാനും അദാനി ഗ്രൂപ്പിന് അനുമതിയുണ്ട്. തുറമുഖം സംരക്ഷിക്കുന്നതിനുള്ള കടൽഭിത്തികൾ കെട്ടാൻ മാത്രം 80 ലക്ഷം ടൺ കരിങ്കല്ല് ആവശ്യമായി വരും. തുറമുഖത്തിന്റെ പണി തീരുമ്പോഴേക്കും പശ്ചിമഘട്ടത്തിലെ മലനിരകളിൽ പലതിന്റെയും പണി കഴിഞ്ഞിരിക്കുമെന്നർത്ഥം. കരിങ്കല്ല് കുഴിച്ചെടുക്കുന്നതിനുള്ള അനുമതി ഒന്നു കൊണ്ട് മാത്രം അദാനിയുടെ കീശയിൽ കോടികളാണെത്തുക എന്ന ആരോപണം കാണാതിരിക്കാനാവില്ല.

കടലെടുത്ത ശംഖുമുഖം ബീച്ച്

കടലെടുക്കുന്ന തീരങ്ങൾ

കഴിഞ്ഞ 14 കൊല്ലങ്ങളിൽ തിരുവനന്തപുരം ജില്ലയിൽ പൊഴിയൂരിനും അഞ്ചുതെങ്ങിനും ഇടയ്ക്ക് 2.62 ചതുരശ്ര കിലോ മീറ്റർ തീരപ്രദേശം കടലെടുത്ത് പോയിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കടൽഭിത്തികളുടെ പണി തുടങ്ങിയ 2015 മുതൽ വിഴിഞ്ഞത്തും പരിസരത്തും മണ്ണൊലിപ്പ് രൂക്ഷമായിരിക്കുകയാണെന്ന് തദ്ദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. പ്രശസ്തമായ ശംഖുമുഖം ബീച്ച് ഏതാണ്ട് പൂർണ്ണമായും കടലെടുത്ത നിലയിലാണ്. ശക്തമായ മണ്ണൊലിപ്പിന് സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്നാണ് 2011-ലെ തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനത്തിലുണ്ടായിരുന്നത്. തീരപ്രദേശങ്ങൾ കടലെടുത്തതിനെ തുടർന്ന് കിടപ്പാടം നഷ്ടപ്പെട്ട വിഴിഞ്ഞത്തെ മുന്നൂറ്റമ്പതോളം കുടുംബങ്ങൾ ഇപ്പോൾ ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യയുടെയും മറ്റും ഗോഡൗണുകളിൽ ദുരിതജീവിതം നയിക്കുകയാണ്.

വലിയ തടസ്സങ്ങൾ വരുമ്പോൾ കടൽ അതിനെതിരെ സ്വാഭാവികമായി പ്രതികരിക്കും. ഈ പ്രതികരണങ്ങളാണ് ശംഖുമുഖത്തും മറ്റും പ്രതിഫലിച്ചത്. കടൽ പ്രക്ഷുബധ്മാകുന്നതോടെ മത്സ്യത്തൊഴിലാളികൾക്ക് മീൻപിടിത്തം പ്രശ്നമാവും. ഒരു വശത്ത് കടലെടുക്കുന്ന കിടപ്പാടങ്ങൾ, മറുവശത്ത് ജിവിക്കാനുള്ള മാർഗ്ഗത്തിന്റെ തകർച്ച. ചെകുത്താനും ആഴക്കടലിനും ഇടയിലാണ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ എന്ന് പറയുന്നത് വെറുതെയല്ല. ഈ യാഥാർത്ഥ്യത്തിന് നടുവിൽ നിന്നുകൊണ്ടാണ് മത്സ്യത്തൊഴിലാളികൾ സമരം നടത്തുന്നത്. സ്വസ്ഥമായി കിടന്നുറങ്ങുന്നതിനും ജീവിച്ചു പോകുന്നതിനും ആവണം എന്ന ന്യായമായ ആവശ്യമാണ് അവർ മുന്നോട്ടുവെയ്ക്കുന്നത്.

വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ കൂടുതൽ ആഴമാർന്ന പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങൾ വേണമെന്ന് ആവശ്യപ്പെടുന്നത് മത്സ്യത്തൊഴിലാളികൾ മാത്രമല്ല, പരിസ്ഥിതി ശാസ്ത്രത്തിൽ പരിജ്ഞാനമുള്ള വിദഗ്ധർ കൂടിയാണെന്നത് മറക്കരുത്. ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിലും വേൾഡ് ബാങ്കിലും സ്വതന്ത്ര വിയിരുത്തൽ വിഭാഗം ഡയറക്ടർ ജനറലായിരുന്ന മലയാളി വിനോദ് തോമസ് വിഴിഞ്ഞം തുറമുഖത്തെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ മഹാരാഷ്ട്രയിൽ എന്റോൺ കമ്പനിയുടെ ധാബേൽ ഊർജ്ജ നിലയം സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഏൽപിച്ച ആഘാതം ചൂണ്ടിക്കാട്ടിയിരുന്നു. കൊളംബോയെ മറികടന്ന് കപ്പൽ ചരക്ക് നീക്കത്തിൽ വിഴിഞ്ഞം മുന്നിലെത്തുമെന്ന അവകാശവാദം ശരിക്കും പരിശോധിക്കപ്പെടേണ്ടതായിട്ടുണ്ട്. ഇതേ അവകാശവാദങ്ങളുമായി പ്രവർത്തനം തുടങ്ങിയ വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ ഇപ്പോൾ കൊച്ചി പോർട് ട്രസ്റ്റിനു കൂടി തലവേദനയായിരിക്കുകയാണ്.

ഗൗതം അദാനിയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും

വല്ലാർപാടം പറയുന്നത്

2017-ൽ കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.)യുടെ റിപ്പോർട്ടിൽ വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് കടുത്ത ആശങ്കകൾ രേഖപ്പെടുത്തിയിരുന്നു. അദാനി ഗ്രൂപ്പിന് സംസ്ഥാന സർക്കാർ കൊടുത്തിട്ടുള്ള ഇളവുകൾ കേരളത്തിന്റെ താൽപര്യത്തിന് ഹാനികരമാണെന്നായിരുന്നു സി.എ.ജിയുടെ പരാമർശം. സ്വകാര്യ-പൊതു പങ്കാളിത്തത്തിൽ നടത്തുന്ന പദ്ധതികളിൽ സാധാരണഗതിയിൽ ഇളവ് നൽകുക 30 കൊല്ലത്തേക്കാണ്. എന്നാൽ അദാനിക്കിത് 40 കൊല്ലമാക്കി. ഇതിലൂടെ അദാനി ഗ്രൂപ്പിന് ലഭിക്കുന്ന അധിക വരുമാനം 29,217 കോടി രൂപയാണ്. മാത്രമല്ല, വേണ്ടിവന്നാൽ 20 കൊല്ലം കൂടി ഈ കാലയളവ് നീട്ടിക്കൊടുക്കാമെന്നും ഉടമ്പടിയിൽ ധാരണയുണ്ട്. കരടുരേഖയിൽ ഇത് 10 കൊല്ലമായിരുന്നു. ഇതിൽ ഉറച്ചുനിന്നിരുന്നെങ്കിൽ സംസ്ഥാന സർക്കാരിന് 61,095 കോടി രൂപ കിട്ടുമായിരുന്നവെന്നാണ് സി.എ.ജി. ചൂണ്ടിക്കാട്ടിയത്. അദാനി ഗ്രൂപ്പിന് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ നിശ്ചയിച്ചുറച്ചതു പോലെയായിരുന്നു സംസ്ഥാന സർക്കാരിന്റെ പെരുമാറ്റം എന്നായിരുന്നു സി.എ.ജിയുടെ വിമർശം.

ജീവിതം പെരുവഴിയിലാവുമ്പോൾ പ്രതികരിക്കാതിരിക്കാൻ മനുഷ്യർക്കാവില്ല. ജീവിക്കാനായി നിത്യേനയെന്നോണം പോരാടുന്നവരാണ് മത്സ്യത്തൊഴിലാളികൾ. ഏത് പ്രതിസന്ധിയിലും തകരാത്ത മനോബലം ഒന്നുമാത്രമാണ് കടലുമായുള്ള പോരാട്ടത്തിൽ അവരുടെ മൂലധനം. ജനിച്ചു വളർന്ന വീടും മണ്ണും കൈവിടുകയെന്ന് പറഞ്ഞാൽ അതൊട്ടുംതന്നെ എളുപ്പമുള്ള സംഗതിയല്ല. വീടും ഭൂമിയും എന്നു പറഞ്ഞാൽ കല്ലും മണ്ണും മാത്രമല്ല. നമ്മൾ ജനിച്ചു വളർന്ന പരിസരം കൂടിയാണത്. നമ്മൾ നമ്മളായ പരിസരം. അയൽപക്കക്കാരും നാട്ടുകാരുമൊക്കെ ചേർന്നുള്ള മാനസികമായ വലിയൊരു ബന്ധം കൂടിയാണ് വികസനത്തിനായി ബലികൊടുക്കേണ്ടി വരുന്നത്.

ധാരാവിയിലെ അസംഘടിതരായ ജനങ്ങളല്ല വിഴിഞ്ഞത്തുള്ളത്. സംഘടിക്കുകയും സംഘടനകളിലൂടെ മുന്നേറുകയും ചെയ്തിട്ടുള്ള കേരളീയ സമൂഹത്തിന്റെ പ്രതിനിധികളാണവർ. അനീതിക്കെതിരെ പൊരുതുക എന്നത് അവരുടെ രക്തത്തിലുള്ളതാണ്. വിഴിഞ്ഞത്ത് പോലിസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടത് മറന്നുകൊണ്ടല്ല ഈ വാക്കുകൾ എഴുതുന്നത്. ആക്രമണം ഏത് ഭാഗത്തുനിന്നായാലും ന്യായീകരിക്കാനാവില്ല. പോലിസ് സ്റ്റേഷൻ ആക്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സമരം വഴിതെറ്റിച്ചു വിടുന്നതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നന്വേഷിക്കണം. സമരത്തിന് നേതൃത്വം നൽകുന്ന കത്തോലിക്ക പുരോഹിതന്മാർ കടുത്ത ജാഗ്രത പാലിക്കേണ്ട സന്ദർഭമാണിത്. മന്ത്രിയുടെ പേരിൽ തന്നെ തീവ്രവാദി ഉണ്ടെന്നൊക്കെയുള്ള പരാമർശങ്ങൾ ആർക്കാണ് കവചമാവുകയെന്ന് പുരോഹിതർ ആലോചിക്കണം.

അദാനി പോർട്ട് സി.ഇ.ഒ. കരൺ അദാനിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു

രക്ഷകരിൽനിന്ന് തീവ്രാദികളിലേക്ക്

2018-ലെ പ്രളയത്തിൽ കേരളത്തിന്റെ രക്ഷാസൈന്യമായിരുന്നു മത്സ്യത്തൊഴിലാളികൾ. അന്ന് പാടിപ്പുകഴ്ത്തിയ അതേ നാവുകൊണ്ട് ഇപ്പോൾ ഭരണകൂടം അവരെ തീവ്രവാദികളെന്ന് വിളിക്കുമ്പോൾ ദല്ലാൾ മുതലാളത്തത്തിന്റെ നഗ്നവും ഭീകരവുമായ മുഖമാണ് തെളിഞ്ഞു തെളിഞ്ഞു വരുന്നത്. വിഴിഞ്ഞത്ത് റോഡ് ഉപരോധിച്ച് സമരം ചെയ്യുകയായിരുന്ന ഒരു മത്സ്യത്തൊഴിലാളി സ്ത്രീയുമായി ഒരു മാദ്ധ്യമ പ്രവർത്തകൻ നടത്തിയ സംഭാഷണം ഓർക്കുകയാണ്. ഇങ്ങനെ ഗതാഗതം തടഞ്ഞ് സമരം ചെയ്താൽ ആയിരക്കണക്കിന് യാത്രക്കാരെ അത് ബുദ്ധിമുട്ടിലാക്കുകയില്ലേ എന്ന് മാദ്ധ്യമ പ്രവർത്തകൻ ചോദിക്കുന്നു. അപ്പോൾ ആ സ്ത്രീ പറയുന്ന മറുപടിയെ ക്ലാസ്സിക് എന്ന് മാത്രമേ വിശേഷിപ്പിക്കാനാവുകയുള്ളു. ''ഒരു ദിവസം ഒന്ന് ബുദ്ധിമുട്ടുമ്പോൾ നിങ്ങൾ എന്ത് മാത്രം പ്രയാസം അനുഭവിക്കുന്നുണ്ട്. എത്രയോ മാസങ്ങളായി സിമന്റ് ഗോഡൗണുകളിലും മറ്റുമാണ് ഞങ്ങളിൽ പലരും കഴിഞ്ഞുകൂടുന്നത്. പ്രായപൂർത്തിയായ മക്കളടക്കം ഒറ്റമുറിയിലാണ് താമസം. ഒരു ദിവസം ഇവിടെ നിങ്ങൾ കുടുംബ സമേതം താമസിച്ചാൽ അന്ന് ഞങ്ങൾ ഈ സമരം നിർത്തും.''

മത്സ്യത്തൊഴിലാളികളുടെ ഏഴ് ആവശ്യങ്ങളിൽ ആറും അംഗീകരിച്ചുവെന്ന് സർക്കാർ പറയുന്നുണ്ട്. പദ്ധതി നിർത്തിവെയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും സർക്കാർ പറയുന്നു. സർക്കാർ വിളിച്ച സർവ്വകക്ഷി യോഗവും പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടില്ലെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ബോട്ടുകൾ പ്രവർത്തിപ്പിക്കാൻ കുറഞ്ഞ വിലയ്ക്ക് മണ്ണെണ്ണ ലഭ്യമാക്കുക, കിടപ്പാടങ്ങൾ നഷ്ടപ്പെട്ടവർക്ക് താമസസൗകര്യം ഒരുക്കുക എന്ന അടിസ്ഥാന ആവശ്യങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. വാക്കുകളല്ല പ്രവൃത്തിയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്. തീവ്രവാദികളെന്ന് മത്സ്യത്തൊഴിലാളികളെ മുദ്രകുത്തുമ്പോൾ സി.പി.എം. തങ്ങൾ കടന്നുവന്ന വഴികൾ മറക്കരുത്. 1950-ലെ ഇടപ്പള്ളി പോലിസ് സ്റ്റേഷൻ ആക്രമണത്തിന്റെ 72-ാം വാർഷികം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സി.പി.എം. എറണാകുളത്ത് ആഘോഷിച്ചിരുന്നു. പ്രക്ഷോഭകാരികളുമായി നേരിട്ട് ചർച്ച നടത്താൻ എന്തുകൊണ്ട് മുഖ്യമന്ത്രി തയ്യാറാവുന്നില്ലെന്നത് ഒരു ചോദ്യം തന്നെയാണ്.

2015-ൽ ഉമ്മൻചാണ്ടി സർക്കാർ വിഴിഞ്ഞം പദ്ധതിക്ക് തുടക്കമിടുമ്പോൾ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്ച്യുതാനന്ദൻ പറഞ്ഞത് വിഴിഞ്ഞം തുറമുഖ പദ്ധതി അദാനിയുടെ കീശയിൽ കോടികൾ നിറയ്ക്കാനുള്ള സർക്കാർ സഹായമാണെന്നാണ്. പ്രഥമവും പ്രധാനവുമായും ഇതൊരു ഒരു റിയൽ എസ്റ്റേറ്റ് പദ്ധതിയാണെന്നും തുറമുഖം രണ്ടാമതേ വരുന്നുള്ളുവെന്നും വി.എസ്. എടുത്തുപറഞ്ഞു. ദല്ലാൾ മുതലാളിത്തം എന്ന ആശയത്തോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഒത്തുതീർപ്പിനും തയ്യാറല്ലാതിരുന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ വാക്കുകളായിരുന്നു അത്. ജനങ്ങളെ ദുരിതത്തിലേക്ക് വലിച്ചെറിയുന്ന വികസന സംരംഭങ്ങളുടെ കാര്യത്തിൽ കൃത്യമായ പുനരാലോചന ഇടതുപക്ഷ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം. വിഴിഞ്ഞം ഒരു നിലവിളിയാണ്. നീതിക്ക് വേണ്ടിയുള്ള നിലവിളി. ആ നിലവിളി ബധിരകർണ്ണങ്ങളിലല്ല പതിക്കുന്നതെന്ന് ഉറപ്പ് വരുത്തേണ്ട ബാദ്ധ്യതയും കടമയും പിണറായി സർക്കാരിനുണ്ട്.

വഴിയിൽ കേട്ടത്: കാശ്മീർ ഫയൽസ് വൃത്തികെട്ട, പ്രചരണാത്മക സിനമിയാണെന്നും എങ്ങിനെയാണ് ഇതുപോലൊരു ചിത്രം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തിൽ എത്തിയതെന്ന് മനസ്സിലാവുന്നില്ലെന്നും ജൂറി ചെയർമാൻ നാദവ് ലാപിഡ്. ഊതി വീർപ്പിച്ച ബലൂൺ കുത്തിപ്പൊട്ടിക്കുകയെന്ന് പറഞ്ഞാൽ ദാ ശരിക്കും ഇതാണ്.

Content Highlights: Vizhinjam Sea Port, Protest, Strike, Gautam Adani, Pinarayi Vijayan, Vazhipokkan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented