ലാ ടൊമാറ്റിന ആഘോഷത്തിൽ നിന്ന്|ഗെറ്റി ഇമേജസ്
തക്കാളിക്ക് വില കൂടുമ്പോള്‍ നെഞ്ചിടിക്കുന്നവരാണ് മലയാളികള്‍. പച്ചക്കറികളില്‍ നമുക്ക് മാറ്റിനിര്‍ത്താനാവാത്ത ഒന്നാണ് തക്കാളി. എന്നാല്‍, ടണ്‍ കണക്കിന് തക്കാളികള്‍ തെരുവിലിറക്കി അതുകൊണ്ട് പരസ്പരം എറിഞ്ഞ് മതിമറന്ന് ആഘോഷിക്കുന്നത് ഓര്‍ത്തുനോക്കൂ. അങ്ങനെയൊരു ആഘോഷമുണ്ട് സ്പെയിനില്‍. ലാ ടൊമാറ്റിനാ അഥവാ തക്കാളിയേറുത്സവം.
വലന്‍സിയ നഗരത്തിലെ ബ്യൂണോലിലാണ് വര്‍ഷാവര്‍ഷം തക്കാളിയേറാഘോഷം നടക്കുന്നത്. ഓഗസ്റ്റിലെ അവസാന ബുധനാഴ്ചയാണ് ഈ ആഘോഷം. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ ഉത്സവമെന്നും ലാ ടൊമാറ്റിനോയെ അറിയപ്പെടുന്നുണ്ട്. ഈ ദിവസം നഗരത്തിലെ തെരുവുകളെല്ലാം ചുവന്ന് തുടുക്കും. തക്കാളികൊണ്ട് പരസ്പരം എറിഞ്ഞും ചവിട്ടിമെതിച്ചും ചതഞ്ഞരഞ്ഞ തക്കാളികളില്‍ കിടന്ന് നിരങ്ങിയും ആളുകള്‍ ആഘോഷിക്കും. ചതഞ്ഞരഞ്ഞ തക്കാളികള്‍കൊണ്ട് ചുവന്ന് തുടുത്ത തെരുവുകള്‍ മാത്രം ബാക്കിയാവും. ഇതിനായി ടണ്‍ കണക്കിന് തക്കാളികളാണ് രാജ്യത്തിന്റെ പല ഭാഗത്തുനിന്നും അന്ന് ബ്യൂണോലിലെത്തുന്നത്.

1945 - ഓഗസ്റ്റ് മാസത്തിലെ അവസാന ബുധനാഴ്ചയാണ് ലാ ടൊമാറ്റിന ആഘോഷത്തിന് തുടക്കമായതെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് പല കഥകളും പ്രചരിക്കുന്നുണ്ട്. അന്ന് നഗരത്തില്‍ ഒരു പ്രാദേശിക ഉത്സവം നടന്നിരുന്നു. സംഗീതോപകരണങ്ങളും വലിയ തലപ്പാവുമെല്ലാം ധരിച്ച യുവാക്കള്‍ നഗരത്തില്‍ ഘോഷയാത്രയും നടത്തിയിരുന്നു. ഇതിനിടെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും സമീപത്തെ പച്ചക്കറി കടയില്‍നിന്നുള്ള തക്കാളിയെടുത്ത് പരസ്പരം എറിയാന്‍ തുടങ്ങിയെന്നും പറയപ്പെടുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി പ്രശ്നക്കാരെ പിരിച്ചുവിട്ടെങ്കിലും അടുത്തവര്‍ഷവും സമാന ദിവസം ഒരു കൂട്ടം യുവാക്കള്‍ സ്ഥലത്തെത്തുകയും തക്കാളികൊണ്ട് പരസ്പരമെറിഞ്ഞ് ആ ദിവസത്തെ ഓര്‍മിക്കുകയും ചെയ്തു. ഇതിന് ശേഷം ലാ ടൊമാറ്റിനയെ ഔദ്യോഗിക ഉത്സവമായി പ്രഖ്യാപിച്ചുവെന്നാണ് പറയപ്പെടുന്നത്. തുടര്‍ന്ന് വന്ന വര്‍ഷങ്ങളില്‍ വന്‍ജനക്കൂട്ടമാണ് ആഘോഷത്തില്‍ പങ്കെടുക്കാനായി ലോകത്തിന്റെ പലഭാഗത്തുനിന്നും ഇവിടേക്കെത്തിക്കൊണ്ടിരുന്നത്.

നൃത്തവും പാട്ടും പരേഡുമുള്‍പ്പെടെ ഒരാഴ്ച നീണ്ട് നില്‍ക്കുന്നതാണ് ഇന്ന് ലാ ടൊമാറ്റിന. ട്രക്കുകളിലാണ് ആഘോഷത്തിനായുള്ള തക്കാളികള്‍ സ്ഥലത്തെത്തുന്നത്. ടിക്കറ്റെടുത്തവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. എറിയുന്നതിനിടെ പരിക്ക് പറ്റാതിരിക്കാന്‍ തക്കാളി ഉടച്ച ശേഷമായിരിക്കണം എറിയേണ്ടതെന്നും നിബന്ധന വെച്ചിട്ടുണ്ട്. രാവിലെ 11 മണി മുതല്‍ രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതാണ് ആഘോഷം. 1950-കളില്‍ സ്പാനിഷ് മിലിട്ടറി ജനറലായ ഫ്രാന്‍സിസ്‌ക്കോ പ്രാന്‍കോ ലാ ടൊമാറ്റിനോയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും പുന:സ്ഥാപിക്കുകയായിരുന്നു. 1957 വീണ്ടും നിരോധനം കൊണ്ടുവന്നെങ്കിലും തുടരാന്‍ സാധിച്ചില്ല.
നിരോധനത്തിനെതിരെ ശവപ്പെട്ടിയില്‍ തക്കാളിയെ കിടത്തി സംഗീതത്തിന്റേയും പാട്ടിന്റേയുമെല്ലാം അകമ്പടിയോടെയുള്ള പ്രതിഷേധ ജാഥയ്ക്ക് പോലും ബ്യൂണോല്‍ സാക്ഷിയായി. തുടര്‍ന്നാണ് ആഘോഷത്തിന് ഔദ്യോഗിക പരിവേഷം വന്നത്. ഓരോ വര്‍ഷവും ആഘോഷത്തില്‍ പങ്കെടുക്കാനെത്തുന്നവരുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിച്ചതോടെ ലാ ടൊമാറ്റിന സ്പെയിനിലെ പ്രധാന ടൂറിസം ആകര്‍ഷണത്തിന്റെ ഭാഗവുമായി. 2002-ല്‍ ഇതിനെ അന്താരാഷ്ട്ര ടൂറിസം ആഘോഷത്തിന്റെ ഭാഗമാക്കുകയും ചെയ്തു. വലിയ ഒരുക്കമാണ് ഇതിന് മുന്നോടിയായി സര്‍ക്കാര്‍ നടത്തുന്നത്.

2020-ല്‍ ലാ ടൊമാറ്റിനോയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കാനിരിക്കെ കോവിഡ് വന്നുപെട്ടതോടെ പരിപാടി നടത്താനായില്ല. 1957-ല്‍ ചില രാഷ്ട്രീയ സംഭവങ്ങളെ തുടര്‍ന്ന് റദ്ദാക്കപ്പെട്ടതൊഴിച്ചാല്‍ ആദ്യമായിട്ടായിരുന്നു 2020-ലെ റദ്ദാക്കല്‍. 2021-ലും കോവിഡിനെ തുടര്‍ന്ന് ആഘോഷം നടത്താനായില്ല. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2022 ഓഗസ്റ്റിൽ വീണ്ടും നടന്നപ്പോള്‍ ഏകദേശം 20,000 ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കാനായി വിവിധ രാജ്യങ്ങളില്‍ നിന്നായി ബ്യൂണോലിലെത്തിയത്. ഈ വര്‍ഷവും വലിയ ആഘോഷത്തോടെ നടത്താനുള്ള ഒരുക്കത്തിലാണ് സ്പാനിഷ് ജനത. പ്രത്യേകം പാചക മത്സരം, വെടിക്കെട്ടുകള്‍ എന്നിവയും ലാ ടൊമാറ്റോയുടെ മുന്നോടിയായിട്ടുണ്ട്. ഇതിന് പുറമെ വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കാന്‍ വന്‍തോതില്‍ ആളുകളെത്താന്‍ തുടങ്ങിയതോടെ 2013 മുതല്‍ പങ്കെടുക്കുന്നവരുടെ എണ്ണം ബന്ധപ്പെട്ടവര്‍ നിയന്ത്രിച്ചിട്ടുണ്ട്. ഇവര്‍ക്കായി പ്രത്യേകം പണം നല്‍കിയുള്ള ടിക്കറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകടമുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന നിയമാവലികളും നിര്‍ബന്ധമായും പങ്കെടുക്കാനെത്തുന്നവര്‍ പാലിക്കണം.
ലാ ടൊമാറ്റിന ഉദ്യോഗിക പേജിലൂടെയാണ് ടിക്കറ്റുകള്‍ വാങ്ങാനാവുക. പ്രവേശനം മുതല്‍ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന മറ്റ് പാര്‍ട്ടികള്‍ക്കും ടിക്കറ്റുണ്ട്. ആഘോഷത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ആവശ്യമെങ്കില്‍ ലാ ടൊമാറ്റിനോ ടീഷര്‍ട്ട് ലഭിക്കും. ഇതിന് പുറമെ തക്കാളിയേറുകൊണ്ട് വസ്ത്രങ്ങളുമായി പൊതുഗതാഗത സംവിധാനത്തില്‍ യാത്ര ചെയ്യാനോ മറ്റോ പാടില്ല. തക്കാളിയല്ലാതെ മറ്റൊരു വസ്തുകൊണ്ടും ആളുകളെ എറിയാന്‍ പാടില്ല. ഇത് ഗുരുതരമായ നിയമ ലംഘനമാവും. ട്രക്കില്‍ പ്രത്യേകമായെത്തി കൃത്യമായ ദൂരം പാലിച്ചായിരിക്കണം എറിയേണ്ടത്. കെട്ടിടങ്ങള്‍ക്ക് മുകളിലേക്കോ മറ്റോ നേരിട്ട് എറിയാനും പാടില്ല. അപകടം സംഭവിക്കാതിരിക്കാന്‍ ഉടച്ച തക്കാളിയായിരിക്കണം ആഘോഷത്തിനായി കൊണ്ടുവരേണ്ടത്. ആഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് നേരെ വസ്ത്രങ്ങള്‍ വലിച്ചെറിയാനോ മറ്റുള്ളവരുടെ വസ്ത്രങ്ങള്‍ കീറാനോ പാടില്ലെന്നും നിബന്ധനകളില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ ബാഗോ മറ്റോ കൊണ്ടുവരാനോ കുട്ടികളെ ആഘോഷത്തിന് കൊണ്ടുവരാനോ പാടില്ലെന്നും നിബന്ധനകള്‍ വ്യക്തമാക്കുന്നു.

തക്കാളിയേറ് പ്രധാന ആഘോഷമായി മാറിയതോടെ ഇതിനായി മാത്രം തക്കാളി കൃഷി നടത്തുകയെന്ന നിലയിലേക്ക് സ്പെയിനിലെ കാര്‍ഷിക വൃത്തി തന്നെ മാറിയിട്ടുണ്ട്. ആഘോഷദിനത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്നാണ് ട്രക്കുകളില്‍ തക്കാളികള്‍ നഗരത്തിലേക്കെത്തുക. ടിക്കറ്റ് ഏര്‍പ്പെടുത്തിയതോടെ 12 യൂറോ ആണ് ഓരോ മത്സരാര്‍ഥിയും ഇതിനായി മുടക്കേണ്ടത്. ഇത് സര്‍ക്കാരിനിത് വലിയൊരു വരുമാന മാര്‍ഗവുമായി. ടിക്കറ്റുകള്‍ ലാ ടൊമാറ്റിന വെബ് സൈറ്റുകില്‍ ലഭ്യമാകും. 2012-ല്‍ അമ്പതിനായിരം ആളുകളാണ് ആഘോഷത്തില്‍ പങ്കെടുക്കാനായി സ്പെയിനിലെത്തിയത്. ഇത് വലിയ അപകടത്തിലേക്ക് നയിക്കുമെന്ന് കണ്ടതിനാല്‍ 20,000 ടിക്കറ്റുകള്‍ എന്ന നിലയിലേക്ക് ആഘോഷത്തെ പരിമിതപ്പെടുത്തുകയായിരുന്നു. 18 മുതല്‍ 35 വയസ്സുവരെ പ്രായമുള്ളവര്‍ക്കാണ് പ്രവേശനം. ലാ ടൊമാറ്റിനയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സമാനമായ രീതിയിലുള്ള പല ആഘോഷങ്ങള്‍ക്കും ലോകത്തിന്റെ പല ഭാഗത്തും തുടക്കമായിരുന്നുവെങ്കിലും അത്ര വലിയ പ്രചാരണം ലഭിച്ചില്ല. ഇന്ത്യയിലെ പല നഗരങ്ങളിലും തക്കാളിയേറ് ഉത്സവം നടന്നിരുന്നു. പക്ഷെ ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗശൂന്യമാക്കുന്നുവെന്ന വിമര്‍ശനം വന്നതോടെ നിരോധനമേര്‍പ്പെടുത്തുകയും ചെയ്തു.
Content Highlights: La Tomatina Festival Valencia Festo story
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..