കെ.വി. തോമസ് | ഫോട്ടോ: സിദ്ദീഖുൽ|അക്ബർ മാതൃഭൂമി
സമ്പത്തുകാലത്ത് പത്തു തൈ വച്ച ഖ്യാതി എന്നുമുണ്ട് കെ.വി. തോമസ് മാഷിന്. ചത്ത കോഴിയെ പറപ്പിച്ചുവെന്നതിലല്ല ആ വിരുത്. കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷമിറക്കി എന്നതിലാണ്. അങ്ങനെ മാഷ് വീണ്ടും കർമ്മക്ഷേത്രമായ കുരുഷേത്രത്തിലേക്ക് പോവുകയാണ്. സമ്പത്തിന്റെ പിൻഗാമിയായി.
മാഷെ പറ്റി ഇനി എന്തു പറയാൻ. കാരണവന്മാരെ കുടി വയ്ക്കാൻ പത്തു സെന്റ് മാറ്റി ഇടാറുണ്ട്, പണ്ടൊക്കെ ഭാഗം വയ്ക്കുമ്പോൾ തറവാടുകളിൽ. രസതന്ത്രം സമവാക്യങ്ങൾ പഴച്ചിട്ടില്ല. കെമിസ്ട്രിയും കമ്മ്യൂണിസം പോലെ ശാസ്ത്രമാണ്. ദൽഹിയിൽ കണ്ണായ സ്ഥലത്തുതന്നെ കിട്ടി പത്തു സെന്റ്. ക്യാബിനററ് പദവി. ഓഫീസ്, സ്റ്റാഫ്, ഉഴിച്ചിലിനും പിഴിച്ചിലിനും കുഴമ്പു പുരട്ടാനും ബത്ത. കേന്ദ്രമന്ത്രിമാർക്ക് ഒഴിവുണ്ടെങ്കിൽ അൽപം ഇടപെടൽ.
പിണറായി വിജയന് തിരുത കൊടുത്തിട്ടാണ് സ്ഥാനലബ്ധി എന്ന് ആക്ഷേപിക്കാനാവില്ല കോൺഗ്രസ്സുകാർക്ക് പോലും. ഡി.വൈ.എഫ്.ഐ. - എസ്.എഫ്.ഐ. പ്രവർത്തകർ ആരോപണങ്ങൾ നിർത്തിയിട്ട് കൊല്ലം ആറേഴായി. മാഷ്ക്ക് ധൈര്യമായി വിമാനം കയറാം. ഒരു യൂത്ത് കോൺഗ്രസ്സുകാരനും വരില്ല കരിങ്കൊടിയുമായി. പരമാവധി ജലപീരങ്കി. അതിനപ്പുറം പോവില്ല ഇനി പ്രതിഷേധം.
അല്ലേലും എന്തൊക്കെ പ്രതിഷേധം കണ്ടുകഴിഞ്ഞു കെ.വി. തോമസ് ഇക്കാലത്തിനിടയിൽ. കരുണാകര- ആന്റണിപ്പോര്, ഡി.വൈ.എഫ്.ഐ. കരിഓയിൽ, എണ്ണമറ്റ സമരങ്ങൾ, സോണിയ ഗാന്ധിയുടെ വിലക്ക്, രാഹുലിന്റെ വഴക്ക്, പ്രിയങ്കയുടെ മൗനം, സതീശന്റെ വെട്ട്, സുധാകരന്റെ കുത്ത്, കെ.പി.സി.സിയുടെ ചവിട്ട്. എത്രയെത്ര.
മല്ലികാർജുൻ ഖാർഗേ എ.ഐ.സി.സി. പ്രസിഡണ്ടായ നേരം തീർന്നതാണ് കെ.വി. തോമസിന് എതിരേ പറഞ്ഞ ന്യായങ്ങൾ.
ഖാർഗേജിയെപ്പോലെ ചെറുപ്പക്കാരനായ ഒരാളല്ല തോമസ് മാഷ്. പിന്നെ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടി എന്ന ഖ്യാതിയേക്കാൾ കോൺഗ്രസ്സിനെ എന്നും നയിച്ചിട്ടുള്ളത് ഒഴിയാത്ത കസേരയാണ്. ജ്യോതിരാദിത്യ സിന്ധ്യ പടിയിറങ്ങിയതും കസേര കിട്ടാത്തതിനാലാണെന്ന് ഇന്ദ്രപ്രസ്ഥത്തിൽ എല്ലാവർക്കുമറിയാം. പ്രിയങ്കയുടെ മകനല്ലാതെ പുതിയ ചെറുപ്പക്കാരൊന്നും കോൺഗ്രസ്സിൽ വരുന്ന ലക്ഷണമില്ല.
ഗുണം മെച്ചം വില തുച്ഛം എന്നായിരുന്നു സി.പി.എമ്മിന് മാഷ് വച്ച ബോർഡ്. ഗുണത്തിന്റെ കാര്യത്തിൽ കരിങ്കുരങ്ങു രസായനത്തിന്റെ ഫലം ചെയ്തു ആ സാന്നിദ്ധ്യം. കുരങ്ങന്മാർ തെരുവുകളിൽ ബോർഡ് വച്ചു. എന്നിൽ ഔഷധഗുണമില്ല. തൃക്കാക്കര തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അത് സി.പി.എമ്മിനും ബോധ്യമായി. ശരിക്കും പറഞ്ഞാൽ തിരഞ്ഞെടുപ്പിനും മുമ്പേ ബോധ്യപ്പെട്ടു. അവസാനലാപ്പുകളിൽ പല വാർഡുകളിലും പല പ്രാദേശിക ഘടകങ്ങളും മാഷിന്റെ കാര്യം മേൽക്കമ്മറ്റിയോട് ആവശ്യപ്പെട്ടു. സെൻറ് ജോർജാണേ സത്യം, സംശയമില്ലാത്ത തോമസിനെ വീട്ടിലിരുത്തണേ എന്ന്. മണ്ഡലം പുതുക്കിപ്പണിയാൻ വന്ന ഡോക്ടർ ശസ്ത്രക്രിയാ മേശയിലേക്ക് തിരിച്ചുനടന്നു. സംശയമില്ലാത്ത തോമസ് ചെങ്കൊടിത്തണലിൽ കിടന്നു.
ശ്രീബുദ്ധന് ബോധോദയം ഉണ്ടാവുന്ന കാലത്തിലേക്ക് ആ കിടപ്പ് തുടർന്നു. ഇന്ദ്രനേയും ചന്ദ്രനേയും കൂസാത്ത പിണറായി വിജയൻ വീണ്ടും ആലോചിച്ചു, പണ്ടത്തെ ഞാനല്ല. മാഷിന്റെ തപസ്സ് തുടർന്നാൽ എന്തും സംഭവിക്കാം. കൊടുങ്കാറ്റടിക്കാം. പേമാരി പെയ്യാം, ഇന്ദ്രപദം തെറിക്കാം. ഉർവശി മേനക രംഭ തിലോത്തമമാരെ പറഞ്ഞുവിട്ടിട്ട് കാര്യമില്ല. കേരളത്തിൽനിന്ന് ഇന്ദ്രപ്രസ്ഥത്തിലേക്ക് പറഞ്ഞയക്കാം. കോൺഗ്രസ്സുകാർ ബി.ജെ.പിയിൽ പോയാലേ പ്രശ്നമുള്ളൂ. സി.പി.എമ്മിൽ ചേർന്നാൽ വിശുദ്ധർ. പെട്ടിക്കട യൂണിയന്റെ ചുമതല കൊടുത്താൽ മതി. ജീവിതത്തിൽ ഒരു പണിയും ചെയ്തു ശീലിച്ചിട്ടാല്ലത്തതിനാൽ പിരിവില്ലാത്ത പണിയെല്ലാം താങ്ങാച്ചുമട്. അലക്കൊഴിയില്ല. കാശിക്കൊട്ട് പോവുകയുമില്ല.
അങ്ങനെയാണ് ദൽഹിയിലേക്കുള്ള തോമസ് മാഷിന്റെ പുതിയ പോക്ക്. പത്താം നമ്പർ ജൻപഥിന്റെ പ്രൗഢകാലം സോണിയയേക്കാൾ തിളക്കമുള്ള ഓർമ്മയാണ് മാഷിന്. കുട്ടികൾക്ക് ക്ലാസെടുത്തത്. എതിരാളികൾ തിരുത പറഞ്ഞത്. പാർട്ടി തിരുത്തിപ്പറഞ്ഞത്. അങ്ങനെയങ്ങനെ. സോണിയയ്ക്ക് ഭൂതകാലം വേട്ടയാടുന്നത്. കാരണം സങ്കടകാലത്ത് സന്തോഷസ്മരണകൾ ഏറ്റവും ദുഃഖഭരിതം. തോമസ് മാഷിന് അത് ഭൂതക്കാലക്കുളിർ. കാരണം വലിയ ഇൻവെസ്ററ്മെന്റ് ഒന്നുമില്ലല്ലോ.
പഴയ പട്ടാളക്കാരുടെ ശൈലിയിലാണ് മാഷ്. 'പണ്ട് ഞാനും മോദിയും കൂടി നടക്കാൻ ഇറങ്ങിയപ്പോൾ അമിത് ഷാ വന്നു. മോദിജി വൈകീട്ട് കാണാമെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു. മോദിജി, വൈകീട്ട് ബുഷുമൊത്ത് ലോകകാര്യങ്ങളിൽ ചർച്ചയുണ്ട്. കുട്ടികൾ നാളെ വരട്ടെ. മോദിജി ഷായോട് പറഞ്ഞു. ഠീക് ഹേ, കൽ ആവോ. കൽ ആവോ. ദസ് ബജേ കേ ബാദ്.'
ആ ബന്ധങ്ങൾ ഓർത്തോർത്ത് കിടന്നപ്പോൾ പിണറായിക്കും മനസ്സിലായി, തോമസ് മാഷ് തന്നെ ബെസ്റ്റ്. ബി.ജെ.പിക്കാരോട് ബന്ധം. കോൺഗ്രസ്സുകാർക്ക് തൊണ്ടയിലെ മുള്ള്. കേരള ഹൗസിലെ ഉച്ചയൂണിന്റെ ചെലവേയുള്ളൂ. ബാക്കി ചെലവ് നാട്ടുകാർ വഹിക്കട്ടെ.
അങ്ങനെ നാട്ടുകാരുടെ ചെലവിൽ വീണ്ടും പാർപ്പ് തുടങ്ങുകയാണ് തോമസ് മാഷ് തലസ്ഥാനത്ത്. ഇതല്ലെങ്കിൽ എന്താണ് രാജയോഗം? പാർലമെന്റ് മാർച്ച് വേണ്ട. പത്രസമ്മേളനം വേണ്ട. പാട്ടപ്പിരിവ് വേണ്ട. മുഖ്യമന്ത്രി വരുമ്പോൾ ഒന്ന് കൂടെച്ചെന്നാൽ മതി. യെച്ചൂരി വന്നപ്പോഴത്തെ കുമ്പളങ്ങി നൈറ്റ്സ് പോലെ. നമുക്ക് ഇത്തവണ തകർക്കണം മാഷേ. പണ്ടത്തെ എൻഡോസൾഫാൻകാരെ ഓർമ്മയില്ലേ, പണ്ട് കൃഷിമന്ത്രി ആയിരുന്ന കാലത്തെ? അവിടംതൊട്ട് തുടങ്ങണം. ആന്റണിജിയും ചാക്കോയും വരെ പോന്നു. ഗുലാം നബിയും കപിൽ സിബലും പോയി. ആരൊരാളെൻ കുതിരയെക്കെട്ടുവാൻ ആരൊരൊളതിൻ മാർഗ്ഗം തടുക്കുവാൻ. ഇനിയും നേരം വെളുത്തിട്ടില്ലാത്ത രാഹുൽ ഗാന്ധിയെ വച്ച് മോദിയെ തടയാൻ പറ്റില്ല. ഖമ്മം, കേജ്രിവാൾ, കെ.സി.ആർ. എന്നൊക്കെ ഇടയ്ക്കൊന്നു പറഞ്ഞാൽ മതി. മലയാളികൾ വിശ്വസിച്ചോളും.
അല്ലെങ്കിലും അത്ര വലിയ പണിയൊന്നുമില്ല ഇപ്പോൾ ദൽഹിയിൽ. കേന്ദ്ര മന്ത്രി വി. മുരളീധരൻജി തന്നെ അയ്യോ പൊത്തോ പാടാണ്. ശശി തരൂർജി പറഞ്ഞ പോലെ സഹമന്ത്രി എന്ന് പറഞ്ഞാൽ സെമിത്തേരിയിൽ കിടക്കുന്ന പോലെയാണ്. ചുറ്റും വേണ്ടത്ര ആൾക്കാർ. പറയുന്നതാരും കേൾക്കുന്നുമില്ല. വെള്ളം വെള്ളം സർവത്ര തുള്ളി കുടിപ്പാനില്ലത്രേ. അതിനാൽ മലയാളികൾക്ക് നമുക്ക് ഗുണം ചെയ്തു തുടങ്ങാം. ക്യാബിനറ്റ് റാങ്കിൽ തന്നെ.
ന്യൂസിലാൻഡിലെ പ്രധാനമന്ത്രി ജസീന്ത ആർഡൻ ചെയ്ത പോലെ രാജിവയ്ക്കാനൊന്നും നിൽക്കേണ്ടതില്ല. ആടെന്തറിഞ്ഞു അങ്ങാടി വാണിഭം. കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ട എന്നു പറഞ്ഞതിന്റെ കാരണം ഇപ്പോൾ മനസ്സിലായല്ലോ?
Content Highlights: KV Thomas, Delhi Co-Ordination, Pinarayi Vijayan, CPM
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..