'കെ.ടി.ജലീലിന്റേത് പാര്‍ട്ടി അംഗം ചെയ്ത കുറ്റം എന്നതിലുപരി മന്ത്രി ചെയ്ത കുറ്റമാണ്' | പ്രതിഭാഷണം


സി.പി.ജോണ്‍കെ.ടി.ജലീൽ

ന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ വിവാദമാണ് സ്വര്‍ണ കളളക്കടത്തും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന ശിവശങ്കരന്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ വ്യക്തിപരമായ ബന്ധങ്ങള്‍ക്ക് അപ്പുറത്ത് യുഎഇ എംബസിയിലെ ഉദ്യോഗസ്ഥയായിരുന്ന സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകളാണ് അന്ന് മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നത്. അവര്‍ തമ്മിലുളള വ്യക്തിപരമായ ബന്ധം എന്തായിരുന്നുവെന്നുളളത് രാഷ്ട്രീയ മണ്ഡലത്തില്‍ പ്രസക്തമല്ലെങ്കിലും സ്വപ്‌ന സുരേഷ് എങ്ങനെ ഒന്നേമുക്കാല്‍ ലക്ഷം രൂപ പ്രതിമാസം ശമ്പളമുളള ഒരു ഉദ്യോഗസ്ഥയായി കേരള സര്‍ക്കാരിന്റെ സുപ്രധാനമായ ഒരു പദവിയില്‍ ഇരുന്നുവെന്നത് ഇന്നും പിടികിട്ടാത്ത ചോദ്യമാണ്.

ഒരേസമയം തന്നെ സ്വപ്‌ന യുഎഇ കോണ്‍സുലേറ്റിലും കേരള സര്‍ക്കാരിന്റെ അധികാര ഇടനാഴിയിലും ഒരുമിച്ച് ഉണ്ടായത് എങ്ങനെയാണെന്ന ചോദ്യം ചോദിക്കുന്നത് മാധ്യമലോകമല്ല മറിച്ച് ഇതുസംബന്ധിച്ച അന്വേഷണം നടത്തിയ അന്നത്തെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തന്നെയാണ്. ഭരണപരമായ അവിഹിതമായ കാര്യങ്ങള്‍ നടന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കര്‍ സസ് പെന്‍ഡ് ചെയ്യപ്പെട്ടെങ്കിലും രണ്ടാം പിണറായി സര്‍ക്കാര്‍ ശിവശങ്കരനെ തിരിച്ചെടുത്തു. പക്ഷേ ഒരേ കേസില്‍ പ്രതിയായ ശിവശങ്കരന്‍ അകത്തും അതേ കേസിലെ നായികയായ സ്വപ്‌ന സുരേഷ് പുറത്തുമായപ്പോള്‍ മറ്റുപല കേസുകളിലും സംഭവിച്ച പോലെ പ്രതികള്‍ തമ്മിലുണ്ടായിരുന്ന വൈരുദ്ധ്യം പൊതുമണ്ഡലത്തില്‍ എത്തി.

മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരായി അന്നുമന്ത്രിയായിരുന്ന കെ.ടി.ജലീലിന് എതിരായി ശിവശങ്കരനെതിരായി തുരുതുരെ പ്രസ്താവനകള്‍ പുറപ്പെടുവിച്ച സ്വപ്‌ന സുരേഷ് ഇതെല്ലാം കോടതിയില്‍ രഹസ്യമൊഴിയായി നല്‍കിയിട്ടുണ്ടെന്ന് പലതവണ ആവര്‍ത്തിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളിലേക്ക് കടക്കുകയല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. ഒടുവില്‍ സ്വപ്‌ന സുരേഷ് നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍ രാഷ്ട്രീയ ഭരണമണ്ഡലങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. അന്ന് മന്ത്രിയായിരുന്ന കെ.ടി.ജലീല്‍ കേരളത്തിലെ പ്രമുഖ പത്രമായ മാധ്യമം പത്രം യുഎഇയില്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് യുഎഇ ഭരണാധികാരികള്‍ക്ക് കത്തയച്ചു എന്നതാണ് സ്വപ്‌നയുടെ ആരോപണത്തിന്റെ കാതല്‍. ഇത് സ്വപ്‌ന സുരേഷ് ഉന്നയിച്ച ഡസന്‍ കണക്കന്‍ ആരോപണങ്ങളില്‍ ഒന്നുമാത്രമായി കാണാനാവില്ല. കാരണം ഈ ആരോപണം രേഖാമൂലം തെളിയിക്കാന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നു. അതിലുപരി ഈ ആരോപണം വന്ന ഉടനെത്തന്നെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇത് ചെയ്തത് പാര്‍ട്ടിയുടെ അറിവോടുകൂടിയല്ല എന്ന് പ്രസ്താവിച്ചിരിക്കുന്നു.

കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോടുകൂടിയാണ് കെ.ടി.ജലീലിന്റെ കത്ത് രാഷ്ട്രീയഭരണമണ്ഡലത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി തീരുന്നത്. അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ ഇവിടെ ഉന്നയിക്കപ്പെടുകയാണ്. ഈ ലേഖകന്‍ പലപ്പോഴും ഈ കോളത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുളള പോലെ കേരളം ഒരു സ്വതന്ത്ര രാജ്യമായി പ്രവര്‍ത്തിച്ചിരുന്നുവോ എന്ന് തോന്നുന്ന തരത്തിലാണ് യുഇഎയും പിണറായി സര്‍ക്കാറും തമ്മില്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. വെള്ളപ്പൊക്കമുണ്ടായ സന്ദര്‍ഭത്തില്‍ യുഎഇയില്‍ നിന്ന് നേരിട്ട് സഹായം കിട്ടുമെന്ന് വരെ മുഖ്യമന്ത്രി പരസ്യ പ്രസ്താവന ചെയ്തു.

യുഎഇ ലോകത്തിലെ ചെറുതെങ്കിലും പ്രധാനപ്പെട്ട ഒരു രാജ്യമാണ്. ആ രാജ്യത്തിന് ഇടപെടാന്‍ കഴിയുന്നത് ഇന്ത്യ എന്ന പരമാധികാര രാജ്യവുമായിട്ടാണ്. തീര്‍ച്ചയായും ലോകത്തെ ചെറുതും വലുതുമായ രാജ്യങ്ങളിലെ സബ്‌സോവറിന്‍ എന്ന് വിളിക്കാവുന്ന പ്രാദേശിക ഭരണകൂടങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ തങ്ങള്‍ക്കും വിദേശബന്ധങ്ങള്‍ ആകാം എന്ന് വാദിക്കുകയും അതുസംബന്ധിച്ച നിരവധി അക്കാദമിക് പഠനങ്ങള്‍ നിലവില്‍ വരികയും ചെയ്തിട്ടുണ്ട്.

ലോക്കലൈസിങ് ഫോറിന്‍ പോളിസിയെ കുറിച്ച് പറയുന്ന Brian Hocking എന്ന പുസ്തകം ഇതുമായി ബന്ധപ്പെട്ട അപൂര്‍വം ഗ്രന്ഥങ്ങളില്‍ ഒന്നാണ്. നോണ്‍ സെന്‍ട്രല്‍ സര്‍ക്കാരുകള്‍ എങ്ങനെയാണ് ഒരു മള്‍ട്ടി ലെയേഡ് ഡിപ്ലോമസിക്ക് നേതൃത്വം കൊടുക്കുക എന്നതിനെ സംബന്ധിച്ച പഠനങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അടുത്തകാലത്ത് അത്തരം ഡിപ്ലോമസികള്‍ ഏറെ മുന്നോട്ടുവന്നില്ല. ഹോങ്‌കോങ്ങിന്റെ കാര്യത്തില്‍ സബ്‌സോവറിന്‍ സ്റ്റാറ്റസ് വലിയ ചര്‍ച്ചാ വിഷയമാണ്. അതവിടെ നില്‍ക്കട്ടേ അതല്ലല്ലോ വിഷയം.

ഇന്ത്യയുടെ നിലവിലുളള ഭരണസംവിധാനം അനുസരിച്ച് വിദേശകാര്യ ബന്ധം കേന്ദ്രത്തിന് ഉളളതാണ്. കേന്ദ്രത്തിന്റെ അനുവാദമില്ലാതെ വിദേശരാജ്യവുമായി ബന്ധപ്പെടാന്‍ സംസ്ഥാന ഭരണാധികാരികള്‍ക്ക് അധികാരമില്ല. പക്ഷേ വര്‍ധിച്ചുവന്ന മൈഗ്രേഷന്‍ അഥവാ പ്രവാസം ഇത്തരത്തിലുളള ബന്ധപ്പെടല്‍ പലപ്പോഴും അനിവാര്യമാക്കിയിട്ടുണ്ടെങ്കിലും അതിലെല്ലാം കൃത്യമായ നിയമാവലി പാലിക്കപ്പെടണമെന്ന കാര്യം പിണറായി വിജയന്‍ സര്‍ക്കാര്‍ മറന്നുപോയതുപോലെയാണ് തോന്നുക.

ഇക്കാര്യത്തില്‍ സിപിഎമ്മാണ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത്. കോടിയേരി ബാലകൃഷ്ണന്‍ വളരെ കൃത്യമായി നടത്തിയ പ്രസ്താവന ഇക്കാര്യം സംബന്ധിച്ച സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കുന്നുണ്ടെങ്കിലും സുപ്രധാനമായ ചോദ്യം മറ്റൊന്നാണ്. കെ.ടി.ജലീല്‍ ഈ കത്തയക്കുമ്പോള്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. ഒരു മന്ത്രിയുടെ ചെയ്തികള്‍ക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നതാണ് കാബിനറ്റ് രീതിയിലുളള ഭരണസംവിധാനത്തിന്റെ സുപ്രധാനമായ ഉളളടക്കം. ഒരു മന്ത്രി ഒരു തെറ്റുചെയ്താല്‍ അതിന്റെ ഉത്തരവാദിത്തം മന്ത്രിസഭയ്ക്കുണ്ട് എന്നതുതന്നെ അദ്ദേഹത്തെ ആ മന്ത്രിസഭയില്‍ പിന്നീട് ഇരുത്താന്‍ ആവാത്തതും.

ഭരണഘടനയെ സംബന്ധിച്ച് അലക്ഷ്യമായി നടത്തിയ ഒരു പ്രസ്താവനയുടെ ഭാഗമായി സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സജി ചെറിയാന് സ്ഥാനമൊഴിയേണ്ടി വന്നതും നാം കണ്ടതാണ്. പക്ഷേ കെ.ടി.ജലീല്‍ ഇന്ന് മന്ത്രിയല്ല. പക്ഷേ മന്ത്രിയായിരുന്നു. മന്ത്രിയായിരുന്ന കാലത്താണ് അന്താരാഷ്ട്ര തലത്തില്‍ ദേശീയ തലത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത തെറ്റ് ചെയ്തത് എന്ന് സിപിഎം സമ്മതിക്കുമ്പോള്‍ കെ.ടി.ജലീലിനെ എങ്ങനെയാണ് സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഉള്‍ക്കൊളളുക എന്ന ചോദ്യമാണ് ഉന്നയിക്കപ്പെടുക. കെ.ടി.ജലീല്‍ ഒരുകാലത്ത് ഒരു സെമി സിപിഎംകാരനായി മാറിക്കഴിഞ്ഞിരുന്നു.

പിണറായി വിജയന്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് നടത്തിയ ആ കാലഘട്ടത്തിലെ രാഷ്ട്രീയ പ്രധാനയമേറെഉണ്ടായിരുന്ന സംസ്ഥാന രാഷ്ട്രീയ പ്രചാരണ പരിപാടിയില്‍ സിപിഎമ്മിന്റെ ഫെല്ലോ ട്രാവലറായി അര്‍ധ സിപിഎംകാരനായി പങ്കെടുത്ത അംഗമായിരുന്നു കെടി ജലീല്‍ സിപിഎമ്മിന് ഏറ്റവും സ്വാധീനമുളള മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജയിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തെറ്റ് ചെയ്ത കെ.ടി.ജലീലിനെ എങ്ങനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഒരു അംഗമായി നിര്‍ത്തുമെന്ന് പറയേണ്ടത് ആ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി മാത്രമല്ല പോളിറ്റ് ബ്യൂറോ കൂടിയാണ്.

ഇതുസംബന്ധിച്ച് പിണറായി വിജയന്‍ മൗനം പാലിക്കുകയാണ്. കെ.ടി.ജലീല്‍ പത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് കത്തെഴുതിയത് പാര്‍ട്ടി അംഗം ചെയ്ത കുറ്റം എന്നതിലുപരി മന്ത്രി ചെയ്ത കുറ്റവും തെറ്റുമാണ്. അതിനെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് എന്താണ് പറയാനുളളത് എന്നതാണ് ഇനിയുളള ദിവസങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. കെ.ടി.ജലീല്‍ ഇഡിയുടെ മുന്നില്‍ ഹാജരായതും ഹാജരാകാത്തതും നിരവധി ആരോപണങ്ങള്‍ക്ക് വിധേയമായതും എല്ലാം തന്നെ തേച്ചുമാച്ചുകളയാന്‍ ജലീലിന്റെ വിജയത്തിന് ഇന്ന് സാധിച്ചുവെങ്കിലും ആ വിജയത്തിന് തൊട്ടുമുമ്പാണ് ലോകായുക്തയില്‍ നിന്നും അദ്ദേഹത്തിന് കനത്ത പ്രഹരം ഏല്‍ക്കേണ്ടി വന്നത്. സ്വജനപക്ഷപാതം ആരോപിച്ചുകൊണ്ട് ഈ മന്ത്രി രാജിവെക്കണമെന്ന് ലോകായുക്ത പറഞ്ഞപ്പോള്‍ ലോകായുക്തയുടെ തന്നെ അധികാരങ്ങള്‍ എടുത്തുകളയാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തയ്യാറായി.

ലോകായുക്തയുടെ തന്നെ ഇന്ന് പഴയ ലോകായുക്തയുടെ തൊണ്ട് മാത്രമാണ്.നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷജനാധിപത്യ മുന്നണി അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ആന്റണിയുടെ പൂര്‍ണപിന്തുണയോടുകൂടി കൊണ്ടുവന്ന ലോകായുക്ത എന്ന അഴിമതിക്കും അനധികൃതമായ നടപടികള്‍ക്കും എതിരായ സംവിധാനം കെ.ടി.ജലീലിന് വേണ്ടി ദുര്‍ബലമാക്കിയ സര്‍ക്കാരാണ് രണ്ടാം പിണറായി സര്‍ക്കാര്‍, ഇന്ന് വീണ്ടും കെ.ടി.ജലീല്‍ പിണറായി സര്‍ക്കാരിന് ബാധ്യതയാകുന്നു. അങ്ങനെ ബാധ്യതയായ കെ.ടി.ജലീല്‍ സിപിഎമ്മിന്റെ വക്താവായി തുടരുന്നതുകൊണ്ട് അദ്ദേഹത്തിനുളള ബന്ധങ്ങള്‍ സാമൂഹ്യരാഷ്ട്രീയ ബന്ധങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും എന്നാണ് സിപിഎം കരുതുന്നത് എങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സിപിഎമ്മിനെ ഊറ്റിക്കുടിക്കുന്ന ഇത്തിള്‍ക്കണ്ണിയായിരുന്നു കെ.ടി.ജലീല്‍ എന്ന് ചരിത്രം എഴുതിവെക്കുമെന്ന് സംശയം വേണ്ട.

അതുകൊണ്ട് അന്താരാഷ്ട്ര തലത്തില്‍ പാലിക്കേണ്ട മര്യാദകള്‍ പാലിക്കാതെ ഒരു മന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിച്ച കെ.ടി.ജലീല്‍ ഇനി സിപിഎമ്മിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതില്‍ യുക്തിയില്ല. എംഎല്‍എ സ്ഥാനവും രാജിവെക്കാനാണ് സിപിഎം ആവശ്യപ്പെടേണ്ടത്. വാസ്തവത്തില്‍ കെ.ടി. ജലീല്‍ ഇന്ന് മന്ത്രിസഭയില്‍ ഉണ്ടാകുമായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് രാജിയല്ലാതെ മറ്റുമാര്‍ഗങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.

രണ്ടാം മന്ത്രിസഭയില്‍ പ്രശ്‌നങ്ങള്‍ ഉരുണ്ടുകൂടുന്നുണ്ട്. അതുകൊണ്ട് 99 സീറ്റുകള്‍ ഉളള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലത്ത് മറ്റൊരു സര്‍ക്കാര്‍ ഉണ്ടാകുമെന്ന ഒരു പ്രതീക്ഷയും ആരും മനസ്സില്‍ കാണുമെന്ന് പോലും തോന്നുന്നില്ല. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ രണ്ടാം പിണറായി സര്‍ക്കാരിന് ബാധ്യതയാവുകയാണ്. രണ്ടാം പിണറായിസര്‍ക്കാര്‍ ചെയ്ത പ്രശ്‌നങ്ങളേക്കാളുപരി ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന വിഷയങ്ങള്‍ രണ്ടാം പിണറായി സര്‍ക്കാരിനെ തുറിച്ച് നോക്കുകയാണ്. സ്വന്തം നിഴല്‍ കണ്ട് പേടിക്കുന്ന കുഞ്ഞിനെ പോലെ പുതിയ സര്‍ക്കാര്‍ പഴയ സര്‍ക്കാരിന്റെ നിഴല്‍ കണ്ട് ഭയക്കുകയാണോ എന്ന് തോന്നും.

ഇതിന്റെ അടിസ്ഥാനത്തില്‍ സിപിഎം ചെയ്തതുപോലെ ഭരണത്തിലിരിക്കുന്ന മറ്റുകക്ഷികളും നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. സി.പി.ഐ. പതിവുപോലെ അതിന്റെ ജില്ലാസമ്മേനകാലമായപ്പോഴേക്കും പരമ്പരാഗതമായ സിപിഎം വിരോധം പുറത്തേക്ക് വിടുന്നുണ്ട്. സിപിഐ സമ്മേളനങ്ങള്‍ സുഗമമായി നടത്തിക്കൊണ്ടുപോകുന്നതിന് അവശ്യം വേണ്ട ഒരു ചേരുവയാണത്രേ സിപിഎം വിരോധം. കാരണം അടിസ്ഥാനപരമായി സി.പി.ഐ.യില്‍ നിന്ന് വിട്ടുപോന്ന ഒരു പാര്‍ട്ടിയാണല്ലോ സിപിഎം. പിന്നീട് അത് മാതൃകക്ഷിയേക്കാളും വലുതായി എങ്കില്‍പോലും.

അത്തരത്തില്‍ പാര്‍ട്ടിസമ്മേളനങ്ങള്‍ കൊഴുപ്പിക്കാന്‍ വേണ്ട ചേരുവയായി സിപിഎം വിരോധം പുറത്തുവിടാറുളള സിപിഐ ഇത്തവണയും പതിവുതെറ്റിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നാണ് പറയേണ്ടത് എന്നും പിണറായി സര്‍ക്കാര്‍ അല്ല എന്നുമൊക്കെയുളള പൊതുജനങ്ങള്‍ക്ക് പ്രത്യേക താല്പര്യമൊന്നുമില്ലാത്ത വിഷയങ്ങള്‍ പുറത്തുകാണിച്ചുകൊണ്ട് ഞങ്ങള്‍ക്ക് സിപിഎമ്മുമായി അഭിപ്രായ വ്യത്യാസമുണ്ട് എന്ന് പ്രദര്‍ശിപ്പിക്കാനുളള സി.പി.ഐ.യുടെ തന്ത്രങ്ങള്‍ പരമ്പരാഗതമായി നടക്കുന്ന ഒരു നടപടിക്ക് അപ്പുറമൊന്നുമല്ല.

കൃത്യമായ വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ സിപിഐക്ക് കഴിയണം. എംഎം മണിയുടെ പ്രസ്താവനയെ കുറിച്ച് ആനിരാജ പറഞ്ഞ അഭിപ്രായം പിന്നീട് സിപിഎം പറഞ്ഞെങ്കിലും എംഎം മണിയുടെ പ്രസ്താവനയ്ക്കും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനിടയില്‍ തങ്ങളുടെ ആനിരാജയെ തള്ളിപ്പറയാനാണ് സി.പി.ഐ. തയ്യാറായത്. ഇവിടെയും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് സി.പി.ഐ.യെയാണ്. ജലീലിനെ കുറിച്ച് എന്താണ് സി.പി.ഐ.യുടെ അഭിപ്രായം. ഇടതുമുന്നണിയിലെ മറ്റുകക്ഷികള്‍ സിപിഐയെ പോലെ ശക്തരല്ലെങ്കിലും കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഒരു പ്രധാനപ്പെട്ട പാര്‍ട്ടിയാണ്.

അംഗസംഖ്യ കുറവാണെങ്കിലും നിരവധി അനവധി പഞ്ചായത്തുകളില്‍ ഇടതുമുന്നണിയിലെ ഒന്നാം കക്ഷി സ്ഥാനം കേരള കോണ്‍ഗ്രസിലെ മാണി വിഭാഗത്തിനുണ്ട്. ആ സ്ഥാനം സി.പി.ഐ.ക്ക് ഇല്ല എന്നുകൂടി ഓര്‍ക്കണം. അതുകൊണ്ട് മാണി കേരള കോണ്‍ഗ്രസും ഇക്കാര്യത്തില്‍ അവരുടെ നിലപാടുകള്‍ വ്യക്തമാക്കണം. ഇത്തരത്തില്‍ നഗ്നമായ നിയമവിരുദ്ധ പ്രവര്‍ത്തനം( അതിനെ പ്രോട്ടോക്കോള്‍ ലംഘനമായി മാത്രം കണ്ടുകൂട)നടത്തുന്നവര്‍ ഭരണകക്ഷിയുടെ സംരക്ഷണത്തില്‍ തുടരുന്നത് കേരള രാഷ്ട്രീയത്തിന് ഭൂഷണമല്ല.

Content Highlights: KT Jaleel controversies,pratibhashanam column by CPJohn

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022

Most Commented