കെഎസ്ആര്‍ടിസിയെ കയ്യൊഴിയരുത് | വഴിപോക്കന്‍


സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആക്രോശങ്ങളുടെ വെളിച്ചത്തിലല്ല, മാനവികതയില്‍ അടിയുറച്ച വികസനത്തിന്റെ കേരള മാതൃകയുടെ വിശാലമായ പരിസരത്തിലാണ് കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ കൈകാര്യം ചെയ്യേണ്ടത്. രണ്ടാം പിണറായി സര്‍ക്കാരിനെ കേരള ചരിത്രത്തില്‍ പ്രതിഷ്ഠിക്കുന്ന സംരംഭമാവട്ടെ കെഎസ്ആര്‍ടിസിയുടെ പുനരുജ്ജിവനം.

മർദനത്തിന്റെ ദൃശ്യങ്ങൾ

വെള്ളാനയില്‍ നിന്ന് വേട്ടപ്പട്ടിയാവുകയാണോ കെഎസ്ആര്‍ടിസി ? കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ ഒരു പെണ്‍കുട്ടിയേയും പിതാവിനേയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആക്രമിക്കുന്നത് നടുക്കത്തോടെയാണ് കണ്ടത്. മനുഷ്യരെ കടിച്ചുകീറുന്ന തെരുവു നായ്ക്കളുടെ ദൃശ്യങ്ങള്‍ ചാനലുകളിലും സാമൂഹിക മാദ്ധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന നാളുകളാണിത്. അതുകൊണ്ടുതന്നെ തെരുവ് നായ്ക്കളുടെ രൂപകം കെഎസ്ആര്‍ടിസി ജീവനക്കാരിലേക്ക് പ്രക്ഷേപിക്കുക എന്നത് ഏറെ എളുപ്പത്തില്‍ സംഭവിച്ചേക്കാവുന്ന പ്രലോഭനവും കെണിയുമാണ്.

നിരാലംബരായ രണ്ടുപേരെ വളഞ്ഞിട്ടാക്രമിക്കുന്നവരെ മനുഷ്യരെന്ന് വിളിക്കാനാവില്ല. ഒരു പരിഷ്‌കൃത സമൂഹത്തിനും ഇത്തരം നടപടികള്‍ വെച്ചുപൊറുപ്പിക്കിനാവുകയുമില്ല. കെഎസ്ആര്‍ടിസി പിരിച്ചുവിടണം, കെഎസ്ആര്‍ടിസി ജീവനക്കാരെ പച്ചയ്ക്ക് കത്തിക്കണം, എന്തിനാണിങ്ങനെ ഒരു പ്രസ്ഥാനം കൊണ്ടു നടക്കുന്നത് ? എന്നൊക്കെയുള്ള ആ്രേകാശങ്ങള്‍ പലയിടത്തു നിന്നുംഉയരുന്നുണ്ട്. വൈകാരികതയുടെ ഇത്തരം അതിപ്രസരങ്ങള്‍ നമ്മളെ ഒരിടത്തുമെത്തിക്കില്ല. വികാര വിക്ഷോഭങ്ങള്‍ ആത്യന്തികമായി ചിന്തയ്ക്കും വിവേകത്തിനും തന്നെ വഴി മാറണം. അതുകൊണ്ടുതന്നെ കെഎസ്ആര്‍ടിസിയുടെ ഈ പരിണാമം നമ്മള്‍ കാണേണ്ടത് വൈകാരികതയുടെ കടപ്പുറത്ത് നിന്നു കൊണ്ടല്ല മറിച്ച് ചിന്തയും സംയമനവും സമ്മേളിക്കുന്ന വിശാലമായ മാനവകതയുടെ തീരത്തുനിന്നുകൊണ്ട് തന്നെയായിരിക്കണം.

കെഎസ്ആര്‍ടിസിയുടെ ചരിത്രം നവ കേരളത്തിന്റെ ചരിത്രം കൂടിയാണ്. 1965 ല്‍ ജനങ്ങളുടെ സ്വന്തം ബസ് സര്‍വ്വീസ് എന്ന ആശയത്തിന്റെ പൂര്‍ത്തീകരണമായാണ് കെഎസ്ആര്‍ടിസി നിലവില്‍ വന്നത്. ആ ഒരു കൊല്ലം മാത്രമേ കെഎസ്ആര്‍ടിസി ലാഭമുണ്ടാക്കിയിട്ടുള്ളു എന്നത് മറ്റൊരു കാര്യം. പൊതു ജനത്തിനെ സേവിക്കുന്ന ഒരു സ്ഥാപനത്തിന്റെ ആത്യന്തിക ലക്ഷ്യം ലാഭമാണെന്ന് പറയാനാവില്ല. സാധാരണഗതിയില്‍ സ്വകാര്യ ബസ്സുകാര്‍ സര്‍വ്വീസ് നടത്താന്‍ മടിക്കുന്ന ഇടങ്ങളിലേക്ക് കെ എസആര്‍ടിസി സര്‍വ്വീസ് നടത്തുന്നത് കാശുണ്ടാക്കാമെന്ന വ്യാമോഹത്തില്‍ അല്ല. മറിച്ച് കേരളത്തിലെവിടെയും ജനങ്ങള്‍ക്ക് ഒരു പോലെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നുള്ളതുകൊണ്ടാണ്. കെഎസ്ആര്‍ടിസിയുടെ സ്റ്റുഡന്റ്‌സ് ഒണ്‍ലി സര്‍വ്വീസ് പ്രയോജനപ്പെടുത്തി കോളേജില്‍ പോയിരുന്ന ഒരു ഭൂതകാലം ഇതെഴുതുന്നയാള്‍ക്കുണ്ട്.

ലാഭമല്ല , സേവനമാണ് കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി ലാഭത്തില്‍ ഓടണമെന്ന് നമ്മള്‍ ജനങ്ങള്‍ക്ക് ശഠിക്കാനാവില്ല. കാരണം കെഎസ്ആര്‍ടിസി ഒരു ജനകീയ സര്‍വ്വീസാണ്. ഇന്ത്യയിലൊരിടത്തും പബ്‌ളിക് ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസ് ലാഭത്തിലല്ല പ്രവര്‍ത്തിക്കുന്നത്. 2019-20 ല്‍ മാത്രം ഇന്ത്യന്‍ റെയില്‍വെ വരുത്തിച്ചെ നഷ്ടം 26,338 കോടി രൂപയാണ്. കൊച്ചി മെട്രോ കഴിഞ്ഞ വര്‍ഷം വരുത്തിവെച്ച നഷ്ടം 334 കോടി രൂപയാണ്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴകത്ത് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ കഴിഞ്ഞ പത്ത് കൊല്ലം കൊണ്ട് സംസ്ഥാന സര്‍ക്കാരിനുണ്ടാക്കിയ ബാദ്ധ്യത 30,000 കോടി രൂപയാണ്. ഇതിനിടയിലാണ് കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സ്ത്രീകള്‍ക്ക് യാത്ര പൂര്‍ണ്ണമായും സൗജന്യമാക്കിയത്. ടിക്കറ്റ് വിറ്റുകിട്ടുന്ന കാശുകൊണ്ട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഓടിക്കാമെന്ന പരിപാടി തമിഴക സര്‍ക്കാറിന്റെ അജണ്ടയില്‍ ഇല്ലെന്നര്‍ത്ഥം. ഇതൊരു സേവനമാണ്. ഈ സേവനം നല്‍കുന്നതിനുള്ള പണം മറ്റ് വകുപ്പുകളില്‍ നിന്ന് കണ്ടെത്തണം എന്നതാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ലൈന്‍. ഇന്നിപ്പോള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ധനമന്ത്രി എന്ന് സംശയമേതുമില്ലിതെ വിളിക്കാവുന്ന പിടിആര്‍ പഴനിവേല്‍ ത്യാഗരാജന്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന് തുറന്ന പിന്തുണ നല്‍കുന്നത് സര്‍ക്കാര്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് പ്രസ്ഥാനമല്ല എന്ന് ഉറച്ചു വിശ്വസിക്കുന്നതുകൊണ്ടാണ്.

പക്ഷേ, ഈ പറഞ്ഞതൊന്നും തന്നെ കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കാണിച്ച വൃത്തികേടിനുള്ള ന്യായീകരണമാവുന്നില്ല. ഒരു സുപ്രഭാതത്തില്‍ ഒരാള്‍ ഒരു കൂറ്റന്‍ ഷഡ്പദമായി മാറുന്നതിനെക്കുറിച്ച് ജര്‍മന്‍ നോവലിസ്റ്റ് കാഫ്കയുടെ നോവലുണ്ട്. ഗ്രിഗര്‍ സാംസ എന്ന കാഫ്കയുടെ നായകനെ ഷഡ്ദപമാക്കി മാറ്റുന്നത് കണ്ണില്‍ ചോരയില്ലാത്ത സാമൂഹ്യ സംവിധാനങ്ങളാണ്. അയാളുടെ കുടുംബവും അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനവുമടക്കമുള്ള സമൂഹമാണ് സാംസയെ മനുഷ്യനല്ലാതാക്കി മാറ്റുന്നത്. കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പഴുതാരയോ, പാറ്റയോ ആയല്ല മാറുന്നത്. അവര്‍ക്ക് കോമ്പല്ലുകള്‍ മുളയ്ക്കുകയും മനുഷ്യരെ കടിച്ചുകീറുന്ന തെരുവ് നായ്ക്കളുടെ സ്വഭാവ സവിശേഷതകള്‍ കൈവരിക്കുകയും ചെയ്യുന്നു.

ഇതൊരു ദിവസം കൊണ്ട് സംഭവിച്ചതല്ല. കെഎസ്ആര്‍ടിസി എന്ന പ്രസ്ഥാനത്തെ കേരള സമൂഹത്തില്‍ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചതിന് പിന്നില്‍ ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാറി മാറി വന്ന സര്‍ക്കാരുകള്‍ക്കും ഒരു പോലെ പങ്കുണ്ട്. കെഎസ്ആര്‍ടിസി ഒരു ജനകീയ സേവന സ്ഥാപനമായി വളരുന്നതിന് പകരം ജനങ്ങളെ ആക്രമിക്കുന്ന ഒരു സ്ഥാപനമായി മാറിയെങ്കില്‍ അതിന് അതിന്റേതായ ചരിത്രവും പശ്ചാത്തലവമുണ്ടെന്നര്‍ത്ഥം. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പൊതുമഖേല സ്ഥാപനങ്ങളിലെ അസ്പൃശ്യരും തൊട്ടുകൂടാത്തവരുമായി മാറിയിരിക്കുന്നു. കെഎസ്ആര്‍ടിസി ജിവനക്കാരാണെന്ന് പറഞ്ഞാല്‍ വിവാഹക്കമ്പോളത്തില്‍ നിന്നുണ്ടാവുന്ന പ്രതികരണം ഒന്നു മാത്രം മതിയാവും ഈ മാറ്റം തൊട്ടറിയാന്‍.

ജനകീയതയില്‍ നിന്ന് ജനവിരുദ്ധതയിലേക്ക്

കെഎസ്ആര്‍ടിസിക്ക് കൊടുക്കേണ്ട പ്രാധാന്യം നമ്മുടെ ഒരു സര്‍ക്കാരും കൊടുത്തിട്ടില്ല. 27,000 ജീവനക്കാര്‍ കെഎസ്ആര്‍ടിസിയിലുണ്ടെന്നാണ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ പറയുന്നത്. വിവിധ ഭാഗങ്ങളിലായി നിത്യേനയെന്നോണം ജനങ്ങളുമായി ഇടപഴകുന്നവരാണിവര്‍. കെഎസ്ആര്‍ടിസി അടക്കമുള്ള ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ മന്ത്രിയായി കോണ്‍ഗ്രസില്‍ നിന്നോ സിപിഎമ്മില്‍ നിന്നോ ഒരാള്‍ വന്നിട്ട് കാലമെത്രയായി? ഘടകകക്ഷികള്‍ക്ക് തീറെഴുതിയിട്ടുള്ള ഒരു രണ്ടാം കിട പ്രസ്ഥാനമായി കേരളത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മാറിയെന്നതാണ് വാസ്തവം. ബി ഗണേഷ്‌കുമാറിനെ മാറ്റി നിര്‍ത്തിയാല്‍ കെഎസ്ആര്‍ടിസിയെ നന്നാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ച മറ്റൊരു മന്ത്രി അടുത്ത കാലത്തുണ്ടായിട്ടുണ്ടോ? അഴിമതിയുടെ കൂത്തരങ്ങായി മാറിയ ഒരു വകുപ്പിന്റെ മുകള്‍ത്തട്ടിലേക്ക് കൂട്ടത്തില്‍ ഏറ്റവും മോശം പ്രതിച്ഛായയുള്ള ഒരാളെ പ്രതിഷ്ഠിക്കുക എന്നതാണ് അടുത്തിടെയായി എല്ലാ മുന്നണിക്കാരും ചെയ്യുന്നത്.

കെഎസ്ആർടിസി സിഫ്റ്റ് ബസ് | ഫയൽ ചിത്രം

കെഎസ്ആര്‍ടിസിയില്‍ അവസാനം നടത്തിയ പരിഷ്‌കാരം നോക്കാം. ഒരു രാജ്യത്തിനുള്ളില്‍ മറ്റൊരു രാജ്യം എന്നതുപോലെയാണ്. സ്വിഫ്റ്റ് എന്ന കലപാരിപാടി നടപ്പാക്കിയത്. കെഎസ്ആര്‍ടിസിക്കുള്ളില്‍
നിലനില്‍ക്കുന്ന സകലമാന സേവന വേതന വ്യവസ്ഥകളും കാറ്റില്‍ പറത്തിക്കൊണ്ടുള്ള കലപാരിപാടിയാണ് സ്വിഫ്റ്റ്. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ സ്വിഫ്റ്റിനാവുമെന്നും പത്തു കൊല്ലം കഴിയുമ്പോള്‍ സ്വിഫ്റ്റ് കെഎസ്ആര്‍ടിസിയില്‍ ലയിപ്പിക്കുമെന്നുമാണ് എംഡി ബിജു പ്രഭാകര്‍ പറയുന്നത്. ഇപ്പോഴത്തെ അവസ്ഥ വെച്ചു നോക്കിയാല്‍ സ്വിഫ്റ്റ് കെഎസ്ആര്‍ടിസിയില്‍ ലയിപ്പിക്കേണ്ടി വരുമെന്ന് തോന്നുന്നില്ല. അതിന് മുമ്പ് രണ്ടിന്റെയും പണി തീരാനുള്ള സാദ്ധ്യതയാണ് തെളിഞ്ഞുവരുന്നത്. കെഎസ്ആര്‍ടിസിയുടെ ഭാവി സ്വിഫ്റ്റ് ആണെങ്കില്‍ പിന്നെ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം എന്ന് പറഞ്ഞ് ഒരാളും ഈ നാട്ടില്‍ തെക്ക് വടക്ക് നടക്കേണ്ട കാര്യമില്ല. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളത്തിന്റെ മൂന്നിലൊരു ഭാഗം പണമായും ബാക്കി കൂപ്പണായും നല്‍കാനാണ് അടുത്തിടെ ഹൈക്കോടതി നിര്‍ദ്ദേശം വന്നത്. മനുഷ്യരെ അപമാനിക്കുന്നതിന് ഒരു പരിധിയൊക്കെയുണ്ടെന്ന് കോടതിയും തിരിച്ചറിയേണ്ടതുണ്ട്. ജഡ്ജിമാര്‍ക്കും മന്ത്രിമാര്‍ക്കും ശമ്പളം ഇതുപോലെ തന്നാല്‍ സ്വീകാര്യമാവുമോ?

മുന്നോട്ടുള്ള വാതിലുകള്‍ ഒന്നൊന്നായി അടയുന്ന പ്രക്രിയയാണ് കഴിഞ്ഞ കുറെ നാളുകളായി കെഎസ്ആര്‍ടിസിയില്‍ കണ്ടുവരുന്നത്. സംഘടിത തൊഴിലാളി യൂണിയനുകളുടെ വിള നിലമാണ് കെഎസ്ആര്‍ടിസി. യൂണിയന്‍ പ്രവര്‍ത്തനം കേരളത്തിലുണ്ടാക്കിയ മാറ്റം അഭൂതപൂര്‍വ്വമാണ്. എടുക്കുന്ന തൊഴിലിന് മാന്യമായ വേതനം എന്ന ശക്തമായ മുദ്രാവാക്യമുയര്‍ത്തി തൊഴിലാളികളുടെ ജിവിത നിലവാരം മെച്ചപ്പെടുത്തുന്നതില്‍ ഈ യൂണിയന്‍ പ്രവര്‍ത്തനം വഹിച്ച പങ്ക് ഒരിക്കലും ചെറുതല്ല. പക്ഷേ, തൊഴിലാളികള്‍ ജനസേവകരാണെന്ന പ്രാഥമിക പാഠം ഇതിനിടയിലെപ്പൊഴോ കൈമോശം വന്നു. ജീവിതം മെച്ചപ്പെടുമ്പോള്‍ ഉത്തരവാദിത്വം കൂടുന്നുണ്ടെന്ന തിരിച്ചറിവിന്റെ അഭാവം. ഒരു ജനകീയ സേവന സ്ഥാപനം എന്ന നിലയില്‍ നിന്നും ജനവിരുദ്ധതയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ പ്രയാണത്തില്‍ യൂണിയനുകള്‍ക്കുള്ള പങ്ക് നിര്‍ണ്ണായകമാണ്.

കെഎസ്ആര്‍ടിസിയില്‍ ഇക്കണ്ട കാലത്തിനിടയില്‍ എത്രയോ എംഡിമാര്‍ വന്നുപോയിട്ടുണ്ട്. പക്ഷേ, ഇവരിലെത്രപേര്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പഠനക്ലാസ്സുകള്‍ ഏര്‍പ്പെടുത്താന്‍ തുനിഞ്ഞിട്ടുണ്ടെന്നറിയില്ല. നാട്ടുകാരോട് പെരുമാറേണ്ടത് എങ്ങിനെയാണെന്ന് പഠിപ്പിക്കുന്ന റിഫ്രഷര്‍ കോഴ്‌സുകളില്‍ വര്‍ഷത്തിലൊരിക്കലെങ്കിലും എല്ലാ ജീവനക്കാരും ഭാഗഭാക്കാവണമെന്ന ഒരു നയപരിപാടി കെഎസ്ആര്‍ടിസി പോലൊരു സ്ഥാപനത്തില്‍ അനിവാര്യമായും നടപ്പാക്കേണ്ടതുണ്ട്. നമ്മുടെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അദ്ധ്യാപകരും , അങ്കണവാടികളിലെ ജിവക്കാരുമൊക്കെ ഇത്തരം പാഠ്യപദ്ധതികളിലൂടെ കടന്നുപോവുന്നുണ്ടെന്നാണറിയുന്നത്.

ആര്‍ക്കും വേണ്ടാതാവുന്നവര്‍

ആര്‍ക്കും വേണ്ടാത്താവരാവുക എന്നത് മനുഷ്യരെ മാത്രമല്ല മൃഗങ്ങളെപ്പോലും വഴിതെറ്റിക്കും. തെരുവ് നായ്ക്കള്‍ അക്രമകാരികളാവുന്നതിന്റെ ഒരു കാരണം അവരെ ആര്‍ക്കും വേണ്ടെന്നതാണ്. ഈ സമൂഹത്തില്‍ തങ്ങള്‍ അധികപ്പറ്റാണെന്ന ചിന്ത ഉടലെടുക്കുന്നതോടെ സാമൂഹിക വ്യവസ്ഥയുടെ നിയമങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന അപകടകരമായ സ്ഥിതിവിശേഷത്തിലേക്കാണ് അതിന് വിധേയരാവുന്നവര്‍ ചെന്നെത്തുക. കാട്ടാക്കടയില്‍ കണ്ടത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ആര്‍ക്കും വേണ്ടാതാവുന്നവര്‍ നിയമം കൈയ്യിലെടുക്കുന്ന അവസ്ഥ. സിസിടിവികളുടെയും സാമൂഹ്യ മാദ്ധ്യമങ്ങളുടെയും ഈ ലോകത്ത് പട്ടാപ്പകല്‍ ഒരു പെണ്‍കുട്ടിയോടും പിതാവിനോടും അതിക്രമം കാണിക്കുന്നവര്‍ സാമാന്യ ബുദ്ധീയില്ലാത്തവരാണെന്ന് എടുത്തു പറയേണ്ട കാര്യമില്ല. സ്വബോധവും ബുദ്ധിയും നഷ്ടപ്പെട്ട ഒരു പറ്റം ജീവനക്കാരെയാണ് നമ്മള്‍ കാട്ടാക്കടയില്‍ കണ്ടത്.

കെഎസ്ആര്‍ടിസി ജീവനക്കാരെ കുരിശിലേറ്റാന്‍ എളുപ്പമാണ്. കേരളത്തിലിന്നും അസമയത്ത് നാടു പിടിക്കണമെന്നുണ്ടെങ്കില്‍ കെ എസ്ആര്‍ടിസി തന്നെയാണാശ്രയം. സ്വകാര്യ ബസ് തൊഴിലാളികള്‍ നാട്ടുകാരോട് കാണിക്കുന്ന അതിക്രമങ്ങള്‍ വെച്ചു നോക്കുമ്പോള്‍ കെഎസ്ആര്‍ടിസിക്കാര്‍ എത്രയോ ഭേദമാണ്. കോവിഡിന് മുമ്പ് നിത്യേന 30 ലക്ഷത്തോളം യാത്രക്കാരെ നിത്യേന കൈകാര്യം ചെയ്തിരുന്ന പ്രസ്ഥാനമാണ് കെഎസ്ആര്‍ടിസി. ഏറ്റവും കൂടിയത് 80,000 യാത്രക്കാരെയാണ് രണ്ടാം ഇടത് സര്‍ക്കാരിന്റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെട്ട സില്‍വര്‍ ലൈന്‍ ലക്ഷ്യമിട്ടത്. ഈ പദ്ധതിക്കായി ഒന്നര ലക്ഷം കോടി രൂപ കണ്ടെത്തുമെന്ന് പറഞ്ഞ കേരള സര്‍ക്കാരിന് ഇതിന്റെ എത്രയോ ഇരട്ടി യാത്രക്കാരെ നിത്യേന കൊണ്ടുപോവുന്ന കെഎസ്ആര്‍ടിസി രക്ഷിച്ചെടുക്കാന്‍ പണം കണ്ടെത്താനാവുന്നില്ലെന്ന് പറയുന്നതിനെ ശുദ്ധ തോന്നിവാസം എന്ന് മാത്രമേ വിളിക്കാനാവൂ.

ദുരന്തവും അവസരവും

ചെന്നൈ മറീന ബീച്ചിൽ സുനാമി ആഞ്ഞടിച്ചപ്പോൾ| ഫയൽ ചിത്രം

തീര്‍ച്ചയായും കാട്ടാക്കട ഒരു പ്രതിസന്ധിയും ദുരന്തവുമാണ്. 2004 ല്‍ സുനാമി ആഞ്ഞടിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞ വാക്കുകള്‍ മറക്കാനാവില്ല: '' ഇതൊരു ദുരന്തമാണ്, പ്രതിസന്ധിയാണ്. പക്ഷേ, ഈ ദുരന്തവും പ്രതിസന്ധിയും നമുക്ക് അവസരമാക്കി മാറ്റാം. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള അവസരം.'' അന്ന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ ഇന്ത്യയിലെ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് പുതിയ ജിവിതം നല്‍കി. മത്സ്യബന്ധനത്തിനുള്ള മികച്ച ഉപകരണങ്ങളും താമസിക്കുന്നതിന് നല്ല വീടുകളും ലഭ്യമായി. ദുരന്ത മുനമ്പില്‍ നില്‍ക്കുന്ന കെഎസ്ആര്‍ടിസിയോടും ഇതേ നിലപാട് സ്വീകരിക്കാന്‍ ഇടത് സര്‍ക്കാരിനാവണം.

ഗൗരി അമ്മ

അതിനാദ്യം ഗൗരിയമ്മയെപ്പോലെ പ്രതിഭാശാലിയായ ഒരു മന്ത്രിയെക്കൊണ്ടുവരണം. തൊഴിലാളികള്‍ അധികപ്പറ്റല്ലെന്നും അവരാണ് കെഎസ്ആര്‍ടിസിയുടെ സ്വത്തെന്നും തിരിച്ചറിയുന്ന മാനേജ്‌മെന്റും വേണം. ഓണത്തിന് പോലും ശമ്പളം കിട്ടാതെ വരുമ്പോള്‍ തൊഴിലാളികളുടെ മനസ്സ് ഇടിഞ്ഞുപോവുന്നതില്‍ അത്ഭുതപ്പെടാനില്ല. കെഎസ്ആര്‍ടിസി ഒരു പാഴ്‌വസ്തുവല്ലെന്നും കെഎസ്ആര്‍ടിസിയില്‍ ഇറക്കുന്ന നിക്ഷേപം കേരളത്തിലെ ജനജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള നടപടിയാണെന്നും സര്‍ക്കാര്‍ തിരിച്ചറിയണം. കാട്ടാക്കടയില്‍ സംഭവിച്ചതിനുള്ള ചികിത്സ വേരില്‍ തന്നെ ചെയ്യണം. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആക്രോശങ്ങളുടെ വെളിച്ചത്തിലല്ല, മാനവികതയുടെയും നീതിബോധത്തിന്റെയും വിശാലമായ പരിസരത്തിലാണ് കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ കൈാകാര്യം ചെയ്യേണ്ടത്. രണ്ടാം പിണറായി സര്‍ക്കാരിനെ കേരള ചരിത്രത്തില്‍ പ്രതിഷ്ഠിക്കുന്ന സംരംഭമാവട്ടെ കെഎസ്ആര്‍ടിസിയുടെ പുനരുജ്ജിവനം.

വഴിയില്‍ കേട്ടത്: യുപി സര്‍ക്കാര്‍ തടവിലിട്ട പത്രപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം നില്‍ക്കാന്‍ ലഖ്‌നൗ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ രൂപ് രേഖ വര്‍മ്മ. നിലപാടെന്ന് പറഞ്ഞാല്‍ ഇതാണ്! 79 ാം വയസ്സിലും അനീതിക്കും അധര്‍മ്മത്തിനുമെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാതെ പൊരുതുന്ന നിലപാട്!

Content Highlights: ksrtc: crisis and opportunity, kerala, tnrtc, kerala transport cooperation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented