കുറ്റവാളിയോ കോടിയേരി?


ഡോ എം സുമിത്ര

കുഴപ്പങ്ങളിൽ നിന്ന് പ്രതിസന്ധികളിലേക്ക് എന്ന പുസ്തകമെഴുതി ഇഎംഎസ്. അദ്ദേഹം നയിച്ച പാർട്ടി - മറ്റൊരു സാഹചര്യത്തിൽ ആണെങ്കിലും- ചെന്നെത്തുന്നത് അറം പറ്റുന്ന ആ പേരിലേക്കാണ്. ഇതു പോലുള്ള കേസുകൾ നേരിട്ടിട്ടില്ല മുമ്പ് സിപിഎം. അതിനാൽ കീഴ് വഴക്കം അനുസരിച്ച് നടപടി വയ്യ. അത്യസാധാരണമാം വിധം കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ എന്ന് പാർട്ടി. മക്കളുണ്ടാക്കിയ കുഴപ്പങ്ങളെന്ന് അടക്കം പറച്ചിൽ. കോടിയേരിക്ക് ഇത് ഏകാകിയുടെ പടിയിറക്കം.

രാജി കൊണ്ട് പരിഹരിക്കാമായിരുന്നു, നേരത്തേ. അത്തരം പല ഘട്ടങ്ങൾ പക്ഷേ പാഴാക്കി കോടിയേരി. മൂത്ത മകന്റെ ഡിഎൻഎ കേസിന്റെ ഘട്ടത്തിൽ, അറബി പിബിയ്ക്ക് പരാതി കൊടുത്തപ്പോൾ, ബിനീഷ് വക കേസുകൾ വന്നു തുടങ്ങിയപ്പോൾ. എത്രയെത്ര ഘട്ടങ്ങൾ. എല്ലാം കഴിഞ്ഞ് മകൻ പരപ്പന അഗ്രഹാരയിലേക്ക് പോയപ്പോഴാണ് രാജി. പഴയ മാറാങ്കര മണ്ഡലം കമ്മറ്റി ഓർമ്മ വരുന്നു. സന്ദേശത്തിലെ ശ്രീനി ഡയലോഗ്. “ഇന്നലെ വരെ മുന്നിൽ പൂച്ചക്കുട്ടികളെപ്പോലെ അച്ചടക്കം പാലിച്ചിരുന്ന സഖാക്കൾ ഇന്നെന്നെ വലിച്ചു കീറി. എനിക്കറിയണം. ഞാനാരാ”.

സിപിഎം എത്ര ന്യായീകരിച്ചാലും ഇത് മുഖം രക്ഷിക്കലാണ്. പഞ്ചായത്തു തോറും ഉയരുന്ന ചോദ്യങ്ങൾ ഒഴിവാക്കാൻ. മകൻ ജയിലിൽ കിടക്കുമ്പോൾ കവലകളിൽ ഉത്തമന്മാരെ കടിച്ചുകീറുന്നത് തടയാൻ. തദ്ദേശത്തിന് മുമ്പുള്ള തടിയൂരൽ.
സത്യം പറഞ്ഞാൽ കോടിയേരി ബാലകൃഷ്ണൻ ഇതർഹിച്ചിരുന്നില്ല. മന്ത്രിയായും സെക്രട്ടറിയായും അദ്ദേഹം കുഴപ്പമില്ലാതെ നിന്നു. പല കാര്യങ്ങളും ചെയ്തു. പലപ്പോഴും നന്നായി തന്നെ. പ്ലീനം ബാധകമല്ലാത്ത കുടുംബം ചെയ്തതിന്റെ ഉത്തരവാദിത്തം കോടിയേരിയിൽ പതിച്ചു.

കഴിഞ്ഞ ദിവസം റെയ്ഡ് നടന്നപ്പോൾ തന്നെ കാര്യങ്ങൾ തെളിഞ്ഞു. ബാലശാപത്തിന്റെ പാതാളവേരിൽ പിടിച്ച് രക്ഷപ്പെടാനായിരുന്നു കുടുംബത്തിന്റെ ശ്രമം. പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ ആയുധമായി. കുഞ്ഞിനെന്തറിയാം എൻഫോഴ്സ്മെന്റ് വാണിഭം. പക്ഷേ പിണറായി വിജയൻ പറഞ്ഞു.
“അന്വേഷണ ഏജൻസികൾ അവർക്ക് കിട്ടുന്ന വിവരം വച്ച് അന്വേഷിക്കുമ്പോൾ ഞാൻ എന്തു പറയാൻ?”

സിഎം രവീന്ദ്രനെ ന്യായീകരിച്ചതിന്റെ പകുതി പോലും കോടിയേരിയ്ക്കായി പറഞ്ഞില്ല പിണറായി. കണ്ണൂരിൽ നിന്ന് കുട്ടിക്കാലം തൊട്ടേ അറിയുന്ന നേതാക്കൾ. പോറലേറ്റ കിരീടമെങ്കിലും പടക്കളത്തിൽ വിജയൻ. കുലകലഹത്തിൽ നൊന്ത് വേടന്റെ അമ്പിനായി കാൽ വിരൽ നീട്ടി കൃഷ്ണൻ. ചുവന്ന വൃക്ഷത്തിലെ ഇലകളിൽ കാറ്റു പിടിച്ചു. കാറ്റ് കൊടുങ്കാറ്റാവുകയാണ്. പദമൊഴിയുമ്പോൾ കോടിയേരി നിർദേശിക്കുന്നു എ വിജയരാഘവനെ. തൽക്കാലത്തേക്ക്. പക്ഷേ മാനത്തും മരത്തിലും കാണാം കാര്യങ്ങൾ പലതും.
1992 ന് ശേഷം ഇതാദ്യം സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കണ്ണൂർ ജില്ലയ്ക്ക് പുറത്തേക്ക് മാറുന്നു. നീണ്ട 28 വർഷങ്ങൾ. കാലവും ചരിത്രവും മാറിയ ഘട്ടം. സാങ്കേതികവിദ്യ കൊണ്ടും സ്വഭാവം കൊണ്ടും.

കമ്മ്യൂണിസത്തിന് സാർവേദശീയ കാഴ്ചപ്പാട് നഷ്ടമായ കാലത്താണ് സിപിഎം കണ്ണൂർ ലോബിയിൽ എത്തിയതെന്നത് കൗതുകകരമാണ്. കയ്യൂർ സമരത്തിന്റെ പാരമ്പര്യം വഹിച്ചു നായനാർ. സമരങ്ങളിലൂടെ വന്ന പാർട്ടി ക്ക് അത് ധാരാളം. ചടയൻ ഗോവിന്ദന് ശേഷം പിന്നെ പിണറായി.

കട്ടൻ ചായയും പരിപ്പുവടയുമല്ല ലോകം എന്ന് പ്രഖ്യാപിച്ച 16 കൊല്ലങ്ങൾ. കരാറുകൾ, വിപണികൾ, മക്കൾ രാഷ്ട്രീയം. കേൾക്കാൻ അറച്ച സോഷ്യൽ ഡെമോക്രാറ്റ് വിളി പോലും കാലഹരണപ്പെട്ടു. പിന്നെ കോടിയേരിയുടെ ആറു വർഷങ്ങൾ.
അനുയായികളാൽ ആഘോഷിക്കപ്പെട്ട സമ്മേളനങ്ങൾ. വെട്ടിനിരത്താൻ സൈബർ നിരത്തുകൾ. ധാർമ്മികതയും രാഷ്ട്രീയ മൂല്യബോധവും നഷ്ടമായി. മറ്റേതൊരു പാർട്ടിയേയും പോലെ എന്നായി പഴി. അല്ലെന്ന് തെളിയാക്കാനുള്ള ശ്രമങ്ങൾ പാളി.
ഏൽപിച്ച കാര്യം ചെയ്ത കാര്യസ്ഥനായി കോടിയേരി. ജനകീയ ജനാധിപത്യ വിപ്ലവം ഭരണഘടനയിൽ എഴുതിവച്ച പാർട്ടിയെ ജനങ്ങളും ജനാധിപത്യവും കയ്യൊഴിയുന്നു എന്ന് എതിരാളികൾ ആക്ഷേപിക്കുമ്പോൾ ഇതാ പടിയിറക്കം.

എസ് രാമചന്ദ്രൻ പിള്ളയുടെ മാനസപുത്രനാണ് എ വിജയരാഘവൻ. ഡിവൈഎഫ്ഐ കാലത്ത് തിളങ്ങിയ താരം. കർഷക സംഘട‌നയുടെ ചുമതല വഹിച്ചപ്പോൾ കാർഷിക പ്രശ്നങ്ങളിൽ പൊതു സമൂഹത്തിന് ഉൾക്കാഴ്ച പകർന്നിട്ടില്ല അദ്ദേഹം. രമ്യാ ഹരിദാസിന് എതിരേ പറഞ്ഞ അശ്ലീലമാണ് നിർഭാഗ്യവശാൽ ഇന്നത്തെ കേരളത്തിന് ഈ തൽക്കാല സെക്രട്ടറി.

തൃശൂരിലെ പുഴയ്ക്കൽ പാടം. വർഷങ്ങൾക്ക് മുമ്പാണ്. വിവിധ സംരംഭകർ എത്തി. കച്ചവട കേന്ദ്രങ്ങൾ ഉയർന്നു. അപ്പോൾ ഇന്നത്തെ ഒരു സിപിഐ മന്ത്രി വിളിച്ചു പറഞ്ഞു ഇദ്ദേഹം അടക്കമുള്ളവരെപറ്റി. തൃശൂർ മേയറെപ്പറ്റിയും. മലപ്പുറത്ത് മലയാളം സർവകലാശായുടെ ഭൂമി ഇടപാടിലും കെ ടി ജലീലിനൊപ്പം പഴി കേട്ടിട്ടുണ്ട് വിജയരാഘവൻ. പുതിയ കാലത്തിന്റെ കോർപറേറ്റ് മൂല്യങ്ങളെ പറ്റി തൽക്കാല സെക്രട്ടറിയ്ക്കും ബോധ്യമുണ്ടെന്നർത്ഥം.

പക്ഷേ മറ്റൊരവസരം പാഴാക്കുന്നു സിപിഎം. വടക്ക് കണ്ണൂർ തൊട്ട് തെക്കു കണ്ണൂർ വരെ നീളുന്ന സംഘടന എന്ന പേര് മാറ്റാൻ കഴിയുമെന്ന് ഇന്നോളം തെളിയിച്ചിട്ടില്ല വിജയരാഘവൻ. ജി സുധാകരനെ പോലുള്ള പാർട്ടിയേയും ഭരണത്തേയും നിയന്ത്രിച്ച നേതാക്കളുണ്ട്, ആത്മരതിയോളം അഭിമാനമുണ്ടെങ്കിലും അഴിമതി കാണിച്ചിട്ടില്ല സുധാകരൻജി. ഭുവനേശ്വരന്റെ സഹോദരൻ. ഏതാണ്ട് മൂന്നു പതിറ്റാണ്ട് തികയുകയാണ്. തെക്കൻ കേരളത്തിലും പാർട്ടിയുണ്ടെന്ന് സ്വയം ബോധ്യപ്പെടുത്താൻ ഒരവസരം. ബേബിയുടേയും ഐസക്കിന്റേയും കൂടിയാണല്ലോ പാർട്ടി.

കുളിരുന്നില്ല ഭൂതകാലം. കാലം മാറുകയാണ്. പുതിയ കുട്ടികളെ പരീക്ഷിക്കാൻ ധീരത വേണം. സാധ്യത കാണുന്നില്ല. തൽക്കാല സെക്രട്ടറി മാറി എസ് രാമചന്ദ്രൻ പിള്ളയോ ആനത്തലവട്ടം ആനന്ദനോ സ്ഥിരമായാലും അതിശയിക്കേണ്ട. എന്തെന്നാൽ ഈ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിഞ്ഞു കൂടാ.

അപ്പോഴും ഒന്നുണ്ട്. പുറപ്പെട്ടു പോകുമ്പോഴെങ്കിലും കോടിയേരിക്ക് നേര് പറയാമായിരുന്നു. അതാകുമായിരുന്നു കമ്മ്യൂണിസ്റ്റിന്റെ കവചം. കാലം ആവശ്യപ്പെടുന്നത് സത്യത്തിന്റെ കൊടിയാണ്. സ്ത്രീകൾക്ക് തുല്യനീതിയാണ്.

പോസ്റ്റ് സർജിക്കൽ തുന്നിക്കെട്ട്- മിക്കവാറും സുരേന്ദ്രൻജിയുടെ പ്രസ്താവന വന്നേക്കും. ”എകെജി സെന്ററിൽ നിന്ന് ചികിത്സയ്ക്കെ ന്ന പേരിൽ അമേരിക്കയിലേക്ക് സ്വർണവും മയക്കു മരുന്നും കടത്താനാണ് കോടിയേരി ഈ ഘട്ടത്തിൽ രാജി വയ്ക്കുന്നത്. ഇഡി ഇതും അന്വേഷിക്കണം”

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022

More from this section
Most Commented