കൊടകര കുഴല്‍പ്പണം അഥവാ കിട്ടേണ്ടത് നമ്മള്‍ തന്നെ കണ്ടെത്തുന്ന ജാലവിദ്യ | വഴിപോക്കന്‍


വഴിപോക്കന്‍

എന്തായാലും മോദിജി പണ്ട് വാഗ്ദാനം ചെയ്തതായി പറയപ്പെടുന്ന ആ പതിനഞ്ച് ലക്ഷത്തെക്കുറിച്ച് കൊടകര സംഘത്തിന് ഇപ്പോള്‍ ആവലാതിയുണ്ടാവില്ല. നമ്മള്‍ കണ്ടെത്തേണ്ടത് നമ്മള്‍ തന്നെ കണ്ടെത്തണം എന്നാണല്ലോ ആപ്തവാക്യം!

കെ. സുരേന്ദ്രനും വി. മുരളീധരനും | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

ള്ളപ്പണം ഈ നാട്ടില്‍നിന്നു വേരോടെ അറുത്തെറിയലാണ് മോദിജിയുടെ അവതാര ലക്ഷ്യമെന്ന് നാഗ്പൂരിലെ പൗരാണിക ഗ്രന്ഥത്തില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നുള്ള കാര്യം തുടക്കത്തിലേ പറഞ്ഞുകൊള്ളട്ടെ! അഞ്ച് കൊല്ലം മുമ്പ് ഒരു നവംബര്‍ രാത്രിയില്‍ മോദിജി നടത്തിയ മിന്നല്‍പ്രഹരത്തില്‍ കാട്ടുതീയിലെന്ന പോലെ കള്ളപ്പണം വെന്തെരിഞ്ഞ് ചാമ്പലായത് ദേശക്കാര്‍ കണ്ടു നിന്നത് ഉന്മാദത്തോടടുത്ത ഉള്‍പ്പുളകത്തോടെയായിരുന്നു.

ആ ദിനങ്ങളില്‍ എ.ടി.എമ്മിന് മുന്നില്‍ പകലന്തിയോളം ക്യൂ നിന്ന നാട്ടുകാരെ പ്രചോദിപ്പിച്ചത് കള്ളപ്പണക്കാരുടെ ദാരുണമായ തകര്‍ച്ചയും തങ്ങളുടെ അക്കൗണ്ടുകളിലേക്ക് വരാനിരിക്കുന്ന 15 ലക്ഷം രൂപയുമായിരുന്നു എന്നതും രഹസ്യമല്ല. കള്ളപ്പണക്കാരുടെ കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിച്ചതിനു ശേഷം അഞ്ച് ദിവസം കഴിഞ്ഞ് 2016 നവംബര്‍ 13-ന് ഗോവയില്‍വെച്ച് വികാരാധീനനായി കണ്ഠമിടറിക്കൊണ്ട് മോദിജി നടത്തിയ പ്രസംഗം ഓര്‍മ്മിയില്ലേ!

''വെറും 50 ദിവസമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. ഡിസംബര്‍ 30-ന് ശേഷവും പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെങ്കില്‍ രാജ്യം തീരുമാനിക്കുന്ന ശിക്ഷ അനുഭവിക്കാന്‍ ഞാന്‍ തയ്യാറാണ്.'' കാര്യങ്ങള്‍ ശരിയായില്ലെങ്കില്‍ തന്നെ പച്ചയ്ക്ക് കത്തിച്ചോളൂ എന്ന് മോദിജി പറഞ്ഞതായി ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ മുളയിലേ നുള്ളാനാണ് സാമൂഹിക മാദ്ധ്യമങ്ങളെയടക്കം കൂച്ചുവിലങ്ങിടുന്ന പുതിയ നിയമങ്ങള്‍ വരുന്നത്.

അമ്പത് ദിവസമല്ല, കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ജനം കാത്തിരിക്കുകയാണ്. കള്ളപ്പണം ചുട്ടെരിച്ച് വളമാക്കി മോദിജിയുടെ സര്‍ക്കാര്‍ കൊയ്തെടുത്ത ഫലങ്ങള്‍ തങ്ങള്‍ക്ക് കൂടി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ കാത്തിരിപ്പ്. പക്ഷേ, ഏതു കാത്തിരിപ്പിനും ഒരവസാനമുണ്ട്. ഇന്നല്ലെങ്കില്‍ നാളെ അവന്‍ വരും എന്ന് പറഞ്ഞ് അനന്തമായി കാത്തിരിക്കാന്‍ ഭക്തര്‍ക്കും ബുദ്ധിജീവികള്‍ക്കും മാത്രമേ കഴിയൂ. ബാക്കിവരുന്ന സാധാരണ ജനങ്ങള്‍ ഒരു നിവൃത്തിയുമില്ലാതെ വരുമ്പോള്‍ സ്വന്തം രീതിയില്‍ കള്ളപ്പണം തകര്‍ക്കാന്‍ ശ്രമിക്കും. ശത്രുവിനെ തകര്‍ക്കാന്‍ ശത്രുവിന്റെ ആയുധങ്ങള്‍ ഉപയോഗിക്കാമെന്ന മാര്‍ക്സിന്റെ വാക്യങ്ങള്‍ കമ്മ്യൂണിസ്റ്റുകാരുടെ കുത്തകയൊന്നുമല്ലല്ലോ!

ഈ വെളിപാടില്‍, ഈ ബോധോദയത്തില്‍ ആയിരിക്കണം കൊടകരയിലെ കുഴല്‍പ്പണം പിടിച്ചെടുക്കാന്‍ ഒരു സംഘം ദേശഭക്തര്‍ തുനിഞ്ഞതെന്നാണ് കേരള പോലീസ് വൃത്തങ്ങള്‍ പറയുന്നത്. കുഴല്‍പ്പണം എന്നാല്‍ വലിയ കുഴലുകളില്‍ കൊണ്ടുവരുന്ന പണമല്ലെന്നും ഇന്നോവ പോലുള്ള സൊയമ്പന്‍ കാറുകളിലാണ് ഈ പണം സാധാരണ കടത്താറുള്ളതെന്നും നാഗ്പൂര്‍ പൗരാണിക ഗ്രന്ഥത്തില്‍ അഞ്ചാം അദ്ധ്യായത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന വസ്തുതയും ഇവിടെ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

കള്ളപ്പണവുമായി ഒരു തരത്തിലുള്ള അനുരഞ്ജനവുമില്ലെന്നാണ് മോദിജി അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സാമൂഹിക വിരുദ്ധര്‍ കള്ളപ്പണവുമായി യാത്ര ചെയ്യുന്നുണ്ടെന്ന വിവരം കിട്ടിയാല്‍ പാര്‍ട്ടിയോടും നേതാവിനോടും കൂറുള്ള പ്രവര്‍ത്തകര്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് രണ്ടു വട്ടം ആലോചിക്കേണ്ടതില്ല.

ഇത്തരമൊരു ഘട്ടത്തില്‍ ആദ്യം ചെയ്യേണ്ടത് സ്ഥലം എസ്.ഐയെ അറിയിക്കുകയല്ലേ എന്ന് ചോദിക്കുന്നവരോടൊന്നും നമ്മള്‍ സംസാരിക്കുക പോലും ചെയ്യരുത്. ദേശസ്നേഹമില്ലെന്നു മാത്രമല്ല നാട്ടിലെ പോലീസുകാരെക്കുറിച്ച് അല്‍പം പോലും അറിവില്ലാത്ത നിരക്ഷരരാണ് ഇക്കൂട്ടര്‍. കള്ളപ്പണം വരുന്നുണ്ടെന്ന് പോലീസിനെ അറിയിക്കുന്നത് പോലൊരു ചതി വേറെയില്ല. ഒരാളെപ്പോലും പ്രലോഭനത്തിലക്കേ് നയിക്കരുതെന്നാണ് പാര്‍ട്ടി പഠിപ്പിച്ചിട്ടുള്ളത്. പൊതുവെ നന്മമരങ്ങളായ കേരള പോലീസിനെ കള്ളപ്പണത്തിന്റെ വാരിക്കുഴിയിലേക്ക് എറിഞ്ഞുകൊടുക്കാന്‍ മനഃസാക്ഷിയുള്ള ഒരു മനുഷ്യനുമാവില്ല.

നമുക്ക് വേണ്ടത് നമ്മള്‍ തന്നെ കണ്ടെത്തുന്നതുപോലെ ആനന്ദകരമായി മറ്റെന്താണുള്ളത്. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറഞ്ഞപ്പോഴേക്കും മുഖ്യമന്ത്രിയാവാന്‍ കച്ച കെട്ടുന്നവരും 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന് പറയുന്നവരുമുള്ള ഒരു പാര്‍ട്ടിയാണിതെന്ന് മറന്നുപോകുന്നവരാണ് കൊടകര സംഭവത്തിന്റെ പേരില്‍ ഈ പാര്‍ട്ടിയുടെ മെക്കിട്ട് കയറുന്നത്.

ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയപാതയില്‍ ഷംജീര്‍ ഷംസുദ്ദീന്‍ എന്ന പാവത്താന്‍ കാര്‍ ഓടിച്ചു വന്നത്. കാറിനുള്ളില്‍ എന്താണുള്ളതെന്ന് സ്ഥലത്തെ ഭക്തര്‍ക്ക് വിവരം കിട്ടുന്നു. ഭക്തര്‍ ഉടനെ തന്നെ രണ്ട് കാറുകളിലായി ഷംജീറിന്റെ കാറിനെ വളയുന്നു. രാഷ്ട്രം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുവരികയായിരുന്ന കള്ളപ്പണം ഗ്ലൗസിട്ട കൈയ്യുകള്‍ കൊണ്ട് കോരിയെടുത്ത് സ്ഥലം വിടുന്നു.

നാല് ദിവസം കഴിയുമ്പോള്‍ ഷംജീര്‍ തന്റെ മുതലാളിയായ ധര്‍മ്മരാജനുമായി കൊടകര പോലീസ് സ്റ്റേഷനിലെത്തുന്നു. കള്ളപ്പണ വേട്ടയെക്കുറിച്ച് പോലീസിന് വിവരം ചോര്‍ന്നു കിട്ടിയതാണ് മുതലാളിയെയും ഡ്രൈവറേയും പോലിസ് സ്റ്റേഷനിലെത്തിച്ചതെന്ന് കേള്‍ക്കുന്നുണ്ട്.

സാധാരണഗതിയില്‍ ഇത്തരം വേട്ടകള്‍ പോലീസുകാരറിയാറില്ല. ഇനിയിപ്പോള്‍ അറിഞ്ഞാല്‍ തന്നെ നൂറുകൂട്ടം പണി വേറെയുള്ളതുകൊണ്ട് ഇമ്മാതിരി പൊല്ലാപ്പുകളൊന്നും ഒരു നിവൃത്തിയുണ്ടെങ്കില്‍ പോലിസ് എടുത്ത് തലയില്‍ വെയ്ക്കാറില്ല. പക്ഷേ, കൊടകരയിലെ സംഭവം നടന്നത് നമ്മുടെ നരസിംഹാവാതാരം പിറവിയെടുത്ത പോലൊരു സമയത്താണ്. പകലും രാത്രിയുമല്ലാതെ ത്രിസന്ധ്യയിലാണ് നരസിംഹം ഹിരണ്യകശിപുവിനെ സംഹരിക്കാന്‍ പിറന്നതെന്നാണല്ലോ പുരാണം പറയുന്നത്.

കൊടകര കുഴല്‍പ്പണ കവര്‍ച്ച പോലിസ് അറിയുമ്പോള്‍ കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ സമയമായിരുന്നു. ജനം വിധിയെഴുതി എന്നാല്‍ ഫലം വന്നിട്ടില്ല. ഇല്ലത്തു നിന്നിറങ്ങി എന്നാല്‍ അമ്മാത്ത് എത്തിയിട്ടുമില്ല. ഇതാണ് ത്രിസന്ധ്യ. ഈ ത്രിസന്ധ്യയില്‍ കേരള പോലിസ് ശരിക്കും പോലീസായി. കള്ളപ്പണം കൊണ്ടുവന്നവരേയും പിടിച്ചവരേയും മാത്രമല്ല, അതിന്റെ പിന്നാമ്പുറങ്ങളും പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചു.

നല്ല അസ്സല്‍ വൈറ്റ് മണി 25 ലക്ഷമാണ് പോയതെന്നാണ് ഷംജീറും ധര്‍മ്മരാജനും പോലിസിനോട് പറഞ്ഞത്. സ്വര്‍ണ്ണക്കടത്ത് പോലെ തന്നെയാണ് കുഴല്‍പ്പണക്കടത്തും നടക്കുന്നത്. പണം കൊണ്ടുവരുന്ന ഡ്രൈവര്‍ക്ക് വണ്ടിക്കുള്ളില്‍ പണമുണ്ടെന്ന് മാത്രമേ അറിയാനാവുകയുള്ളു. അതില്‍ എത്രയുണ്ടെന്നോ അതിന്റെ ശരിക്കുള്ള ലക്ഷ്യസ്ഥാനമേതെന്നോ ഡ്രൈവര്‍ അറിയില്ല.

കവര്‍ച്ച നടന്ന് നാലു ദിവസത്തിന് ശേഷമാണ് പരാതി കൊടുക്കാന്‍ ഡ്രൈവറും മുതലാളിയും എത്തിയതെന്നത് ചില കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലായിരിക്കാം. 25 ലക്ഷത്തിന്റെ ഒരു ഇടപാട് കൊച്ചിയില്‍ ഏര്‍പ്പാടാക്കാന്‍ ഇതിനിടയില്‍ ശ്രമം നടന്നിട്ടുണ്ടാവാം. പക്ഷേ, കേരള പോലിസ് ഡ്രൈവറേയും മുതലാളിയേയും മുഖവിലയ്ക്കെടുത്തില്ല. അവര്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി, റെയ്ഡുകള്‍ നടത്തി. 25 ലക്ഷത്തിന്റെ സ്ഥാനത്ത് ഇതുവരെ 1.15 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മൊത്തം മൂന്നരക്കോടി രൂപയാണ് തൃശ്ശൂരുനിന്നു കൊണ്ടുപോയതെന്നും ആലപ്പുഴയിലെ ബി.ജെ.പി. ഓഫീസായിരുന്നു ലക്ഷ്യമെന്നുമൊക്കെ പറഞ്ഞുകേള്‍ക്കുന്നുണ്ട്.

കൊടകര കുഴല്‍പ്പണ ക്കേസുമായി തങ്ങള്‍ക്കൊരു ബന്ധവുമില്ലെന്നാണ് ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍ പറയുന്നത്. പക്ഷേ, പണം കൊണ്ടുവന്നവരും കൊണ്ടുപോയവരും തമ്മിലുള്ള ഒരു കണ്ണിയെന്ന് പറയുന്നത് ഇവര്‍ക്കെല്ലാം തന്നെ ബി.ജെ.പിയുമായും ആര്‍.എസ്.എസുമായും ബന്ധമുണ്ടെന്നതാണ്. ഉദാഹരണത്തിന് പരാതിക്കാരനായ ധര്‍മ്മരാജന്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണ്. ധര്‍മ്മരാജന് തൃശ്ശൂരില്‍ ഹോട്ടല്‍ മുറി ബുക്ക് ചെയ്ത് കൊടുത്തത് ബി.ജെ.പി. തൃശ്ശൂര്‍ ജില്ലാ ഓഫീസില്‍ നിന്നാണെന്ന് പറയപ്പെടുന്നു.

കേസില്‍ പോലിസ് ആദ്യം അറസ്റ്റ് ചെയ്ത ദീപക് എന്നയാള്‍ പോലിസ് പണം പിടിച്ചെടുത്ത വിവരമറിഞ്ഞപ്പോള്‍ ആദ്യം പോയത് ബി.ജെ.പി. ജില്ലാ ഓഫീസിലേക്കായിരുന്നുവെന്നും കേള്‍ക്കുന്നുണ്ട്. ബി.ജെ.പിയുടെ ഭാരവാഹികളായ കെ.ജി. കര്‍ത്ത, എം. ഗണേശന്‍, ജി. ഗിരീഷ്, കെ.കെ. അനീഷ്‌കുമാര്‍ എന്നിവരെയാണ് പോലീസ് ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിട്ടുള്ളത്. ദോഷം പറയരുതല്ലേ വേറെയാരു പാര്‍ട്ടിയുടെയും ഒരു ലോക്കല്‍ കമ്മിറ്റി അംഗം പോലും ഇതുവരെ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടില്ല.

വ്യത്യസ്തമായ പാര്‍ട്ടി എന്നാണ് ബി.ജെ.പി. സ്വയം വിളിക്കുന്നത്. എന്തിലും ഏതിലും വ്യത്യസ്തത പുലര്‍ത്താന്‍ കഴിയുന്നതുകൊണ്ടുതന്നെയായിരിക്കണം ഈ വിശേഷണം ആനയ്ക്ക് നെറ്റിപ്പട്ടം എന്ന പോലെ ബി.ജെ.പി. കൊണ്ടുനടക്കുന്നത്. നാട്ടില്‍ എവിടെ എന്തു സംഭവമുണ്ടായാലും കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു പറയുന്ന ബി.ജെ.പി. നേതാക്കള്‍ കൊടകര കുഴല്‍പ്പണക്കേസില്‍ ഒരന്വേഷണവും ആവശ്യപ്പെട്ടിട്ടില്ല. ചില കേസുകളില്‍ ചിലപ്പോള്‍ പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ അന്വേഷണത്തിലായിരിക്കാം കൂടുതല്‍ വിശ്വാസം. എല്ലാ കാര്യങ്ങളിലും നിലപാട് ഒരു പോലെയല്ലെന്നും അപവാദങ്ങള്‍ എല്ലായിടത്തുമുണ്ടാവുമെന്നുമുള്ളത് പ്രകൃതി നിയമമാണ്.

കള്ളപ്പണം ചുട്ടു ചാമ്പലാക്കാന്‍ മിന്നല്‍പ്രഹരം നടത്തിയ മോദിജിയുടെ ഉടമസ്ഥതയിലുള്ള പി.എം. കെയേഴ്സ് ഫണ്ടാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഒരു ട്രസ്റ്റിന് കീഴിലുള്ള ഏറ്റവും വലിയ ഫണ്ടെന്ന് ചില വിവരദോഷികള്‍ പറഞ്ഞു നടക്കുന്നുണ്ട്. ഫണ്ടില്‍ എത്ര വരവുണ്ടെന്ന് മോദിജിക്ക് മാത്രമേ അറിയാവൂ എന്നതാണ് അവസ്ഥയെന്നും ലെവന്മാര്‍ വിളിച്ചുപറയുന്നുണ്ട്. പി.എം. കെയേഴ്സ് ഫണ്ടിനും കൊടകരയ്ക്കുമിടയില്‍ ഒരു പാലമുണ്ടോയെന്ന അനാവശ്യ ചോദ്യവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്.

പണം വെറുതെ കൂട്ടിവെച്ചാല്‍ പോരെന്നും ഒരാവശ്യം വരുമ്പോള്‍ നിര്‍ലോഭം ചെലവാക്കണമെന്നും രാഷ്ട്രീയക്കാര്‍ക്ക് കൃത്യമായറിയാം. എല്‍.ടി.ടി.ഇ. വക്താവായിരുന്ന ആന്റണ്‍ ബാലസിങ്കം വിടുതലൈ(വിമോചനം ) എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള രസകരമായ ഒരു സംഗതിയുണ്ട്. 1984-ല്‍ കാശിന് ലേശം ബുദ്ധിമുട്ട് വന്നപ്പോള്‍ തമിഴ് പുലികള്‍ എം.ജി.ആറിനോട് സഹായം ആവശ്യപ്പെട്ടു.

എത്ര വേണമെന്നാണ് എം.ജി.ആര്‍. തിരിച്ചു ചോദിച്ചതെന്നാണ് ബാലസിങ്കം പറയുന്നത്. രണ്ട് കോടി എന്ന് പുലി നേതാക്കളിലൊരാളായ ശങ്കര്‍ പറഞ്ഞപ്പോള്‍ നാളെ വീട്ടിലേക്ക് വരൂ എന്നായിരുന്നു എം.ജി.ആറിന്റെ പ്രതികരണം. അടുത്ത ദിവസം വീട്ടിലെത്തിയ പുലിസംഘത്തെ എം.ജി.ആര്‍. നിലവറയിലേക്ക് കൊണ്ടുപോയി.

അവിടെ അടുക്കടുക്കായി വെച്ചിരുന്ന പെട്ടികളില്‍നിന്ന് പത്തെണ്ണമെടുത്ത് തങ്ങള്‍ വന്ന വണ്ടിയിലേക്ക് വെയ്ക്കാന്‍ മലയാളത്തില്‍ എം.ജി.ആര്‍. ആജ്ഞാപിച്ചെന്നാണ് ബാലസിങ്കം രേഖപ്പെടുത്തിയിട്ടുള്ളത്. കുറച്ച് കൂടുതല്‍ ചോദിക്കാമായിരുന്നു എന്ന കുണ്ഠിതത്തോടെയാണ് അന്ന് എം.ജി.ആറിന്റെ വീട്ടില്‍നിന്ന് മടങ്ങിയതെന്നും ബാലസിങ്കം എഴുതുന്നു.

ഇതിനും എട്ട് വര്‍ഷങ്ങള്‍ക്കപ്പുറത്ത് 1992-ലാണ് ഓഹരി ദല്ലാളായ ഹര്‍ഷദ് മേത്ത അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിനെതിരെ വെടിപൊട്ടിച്ചത്. ഓഹരി കുംഭകോണ കേസില്‍നിന്ന് രക്ഷപ്പെടാന്‍ റാവുവിന് ഒരു കോടി രൂപ കൈമാറിയെന്നാണ് മേത്ത പറഞ്ഞത്. ഒരു കോടി രൂപ ഒരു സ്യൂട്ട്കെയ്സില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമോയെന്ന ചോദ്യത്തിന് ഒരു വലിയ സ്യൂട്ട്കെയ്സ് കൊണ്ടുവന്ന് അതില്‍ പണം അടുക്കിവെച്ചുകൊണ്ടാണ് മേത്ത മറുപടി പറഞ്ഞത്. റാവു സംഭവം നിഷേധിച്ചു. എന്നാല്‍ മേത്തയുമായി കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് റാവു പറഞ്ഞതുമില്ല. 2001-ല്‍ മഹാരാഷ്ട്രയിലെ താണെ ജയിലില്‍ക്കിടന്നാണ് മേത്ത മരിച്ചത്. മൂന്നു കൊല്ലം കഴിഞ്ഞപ്പോള്‍ റാവുവും ഈ ലോകം വിട്ടുപോയി.

കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നു ദിവസം ബാക്കിനില്‍ക്കെയാണ് കൊടകര സംഭവമുണ്ടായത്. കേരളം പിടിക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കാം പണമെത്തിയത് എന്ന ആരോപണമുയരുന്നത് ഈ പരിസരത്തിലാണ്. അഞ്ച് കൊല്ലം മുമ്പ് 2016 മെയ് 14-ന് തമിഴകത്ത് തിരുപ്പൂരില്‍ 570 കോടി രൂപയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പിടിച്ചത്. കോയമ്പത്തൂരില്‍ നിന്ന് മൂന്ന് ട്രക്കുകളിലായി കൊണ്ടുവന്ന പണമായിരുന്നു ഇത്.

വാഹന പരിശോധനയുടെ ഭാഗമായി കൈകാണിച്ചപ്പോള്‍ ഈ ട്രക്കുകളും അവയ്ക്ക് അകമ്പടിയായി ഉണ്ടായിരുന്ന മൂന്ന് കാറുകളും നിര്‍ത്താതെ ഓടിച്ചുപോയി. മണിക്കൂറുകള്‍ക്കു ശേഷം ഈ വണ്ടികള്‍ ഇന്ധനം നിറയ്ക്കാന്‍ ഒരു പെട്രോള്‍ പമ്പില്‍ കയറിയപ്പോഴാണ് പിന്തുടര്‍ന്നു വന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇവ പിടികൂടാനായത്.

എസ്.ബി.ഐ. കോയമ്പത്തൂരില്‍നിന്നും വിശാഖപട്ടണത്തേക്ക് അയച്ച പണമായിരുന്നു ഇതെന്ന് പിന്നീട് വിശദീകരണമുണ്ടായി. ഒരു കൊല്ലത്തിനപ്പുറം ഈ വിശദീകരണം ശരിവെച്ച് സി.ബി.ഐ. ഇതുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കുകയും ചെയ്തു. പക്ഷേ, ചില ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. ബാങ്കിന്റെ പണമായിരുന്നെങ്കില്‍ എന്തിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയത്? എന്തുകൊണ്ടാണ് അകമ്പടി കാറുകളിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് യൂണിഫോമില്ലാതിരുന്നത്? പണം കൊണ്ടുപോയ വണ്ടികളുടെ രജിസ്ട്രേഷന്‍ രേഖകള്‍ വ്യാജമായിരുന്നില്ലേ എന്ന ചോദ്യത്തിനും മറുപടിയുണ്ടായില്ല.

കൊടകര കുഴല്‍പ്പണകേസ് എങ്ങിനെ അവസാനിക്കും എന്ന് നമുക്കറിയില്ല. നദികളുടെയും ഋഷിമാരുടെയും മൂലം അന്വേഷിക്കരുതെന്ന് പറയുന്നത് പോലെ കുഴല്‍പ്പണത്തിന്റെയും സ്വര്‍ണ്ണക്കടത്തിന്റെയും ഉത്ഭവം അന്വേഷിക്കരുതെന്നും നാട്ടുനടപ്പുണ്ട്. ഈ നാട്ടുനടപ്പ് കൊടകര കേസില്‍ ലംഘിക്കപ്പെടുമോ എന്ന് നമുക്കറിയില്ല. ലംഘിക്കപ്പെട്ടാല്‍ അത് തീര്‍ച്ചയായും ഒരു വഴിത്തിരിവായിരിക്കും. എന്തായാലും മോദിജി പണ്ട് വാഗ്ദാനം ചെയ്തതായി പറയപ്പെടുന്ന ആ പതിനഞ്ച് ലക്ഷത്തെക്കുറിച്ച് കൊടകര സംഘത്തിന് ഇപ്പോള്‍ ആവലാതിയുണ്ടാവില്ല. നമ്മള്‍ കണ്ടെത്തേണ്ടത് നമ്മള്‍ തന്നെ കണ്ടെത്തണം എന്നാണല്ലോ ആപ്തവാക്യം!

വഴിയില്‍ കേട്ടത്: എന്‍.ഡി.എയില്‍ ചേരാന്‍ സി.കെ. ജാനു പത്ത് കോടി ആവശ്യപ്പെട്ടെന്നും പത്ത് ലക്ഷം കൊടുക്കാമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞെന്നും ശബ്ദരേഖ. സെന്‍ട്രല്‍ വിസ്തയ്ക്ക് മുമ്പ് പൂര്‍ത്തിയാക്കേണ്ടത് ഒരു സുരക്ഷിത കുഴല്‍പ്പണ ഇടനാഴിയാണെന്ന് ദേശസ്നേഹികള്‍.

Content Highlights: Kodakara black money or how to be rich in a mgical way | Vazhipokkan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented