'നാട്ടുതീ'യിൽ കൊച്ചി ശ്വാസംമുട്ടി മരിക്കരുത്; ഉത്തരവാദികളെ കേരളത്തിന് ആവശ്യമുണ്ട് | പ്രതിഭാഷണം


സി.പി. ജോൺPremium

ബ്രഹ്‌മപുരത്തു പടർന്ന തീ കെടുത്താനുള്ള ശ്രമം | ഫോട്ടോ: മാതൃഭൂമി

അറബിക്കടലിന്റെ റാണിക്ക് ശ്വാസം മുട്ടുകയാണ്. ഒരാഴ്ച്ചയായി കൊച്ചിയിൽ പുകപടലങ്ങൾ മനുഷ്യരെ പുറത്തിറങ്ങാൻ പറ്റാത്ത വിധത്തിൽ ബന്ദികളാക്കിയിരിക്കുന്നു. ഹൈക്കോടതി ചോദിച്ചു, കൊച്ചി ഒരു ഗ്യാസ് ചേംബറാണോ? അതെ, അതാണു സത്യം. കൊച്ചി ഇന്ന് ഒരു ഗ്യാസ് ചേംബറായി മാറിയിരിക്കുകയാണ്. ഏതാണ്ട് ഏഴു ദിവസമായിട്ടും അണയാത്ത തീയും അടങ്ങാത്ത പുകയും നിരവധി ചോദ്യങ്ങൾ നമ്മുടെ സമൂഹത്തിനു മുന്നിൽ ഉയർത്തിയിട്ടുണ്ട്. ഈ നഗരം ഉപയോഗിച്ചു വലിച്ചെറിഞ്ഞ മാലിന്യങ്ങൾ ഒരു കൂമ്പാരമായി, മലയായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിനെ, സാങ്കേതിക ഭാഷയിൽ ലെഗസി വെയസ്റ്റ് എന്നാണു വിളിക്കുന്നത്. പേരുകൾ കണ്ടുപിടിക്കുന്നവർ മിടുക്കന്മാരാണ് എന്ന കാര്യത്തിൽ സംശയമില്ല. ഈ ലെഗസി വെയ്സ്റ്റ് അഥവാ കുന്നുകൂടിയ മാലിന്യ കൂമ്പാരം എന്തു ചെയ്യണമെന്നറിയാതെ മിഴിച്ചുനിൽക്കുകയാണ് ഭരണാധികാരികൾ.

ഈ മാലിന്യക്കൂമ്പാരത്തിന്റെ പ്രധാന ഉള്ളടക്കം പ്ലാസ്റ്റിക് ആണെന്നു മറക്കരുത്. കൊച്ചിയിൽ കത്തിക്കൊണ്ടിരിക്കുന്ന മാലിന്യക്കൂമ്പാരത്തിൽനിന്ന് ഉയരുന്ന പ്ലാസ്റ്റിക് പുക കാൻസർ മുതൽ ശ്വാസകോശ രോഗങ്ങളടക്കമുള്ള ഒട്ടേറെ രോഗങ്ങൾക്കു കാരണമാവുമെന്നു പ്രത്യേകിച്ചു പറയേണ്ടതില്ല. അുഭവങ്ങളിൽനിന്ന് എന്താണു നാം പഠിക്കാത്തത്? ലോകം ഒരു വലിയ ശ്വാസകോശ മഹാമാരിയിൽനിന്ന് കഷ്ടിച്ചു പുറത്തുകടന്നിട്ടേയുള്ളൂ. കോവിഡിന്റെ മുഴുവൻ പേര് സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് എന്നതാണല്ലോ. കോവിഡ് 19-നു മുമ്പും എച്ച്1എൻ1, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്) എന്നിവ ലോകത്തെ പിടിച്ചുകുലുക്കിയിട്ടും ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്രകൃതി നൽകിയ മുന്നറിയിപ്പുകൾ നാം കണ്ടില്ല. ഡൽഹിയിൽ ഈ കഴിഞ്ഞയാഴ്ച്ച വർധിച്ചു കൊണ്ടിരിക്കുന്ന ചുമയും പനിയും എഎച്ച്3എൻ2 എന്ന ഇൻഫ്‌ളുവൻസയുടെ സബ് ടൈപ്പാണെന്ന് ഐ.സി.എം.ആർ. വ്യക്തമാക്കിയിരിക്കുന്നു.

കോവിഡ് അടക്കമുള്ള എല്ലാ റെസ്പിറേറ്ററി രോഗങ്ങളും മനുഷ്യനെ വേട്ടയാടുന്നത് നഗരങ്ങളിലാണ്. കോവിഡ് 19-ന്റെ മരണപ്പട്ടിക എടുത്തപ്പോൾ മരിച്ചവരിൽ ഏറ്റവും കുറവ് വനവാസികളും വിജന ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരുമാണ്, ഏത് ശതമാനക്കണക്കിൽ നോക്കിയാലും. നഗരങ്ങളിലെ മാലിന്യവും നഗരങ്ങളിലെ വായുവിന്റെ നിലവാരക്കുറവുമാണ് എല്ലാ റെസ്പിറേറ്റി രോഗങ്ങളുടേയും അടിത്തറയെന്നു കാണാൻ കഴിയപും. വായു മലിനമാവുന്നിടത്തേക്കാണ് ശ്വാസകോശങ്ങളെ ബാധിക്കുന്ന വൈറസുകൾ ഇരച്ചുകയറുന്നത്.

കോവിഡ് 19-നു മുമ്പ് ലോകത്തെമ്പാടും വൻതോതിൽ കാട്ടുതീ ഉണ്ടായി. ഓസ്‌ട്രേലിയയിലെ ബുഷ് ഫയർ, ലബനോണിലെ കാട്ടുതീ, ബ്രസീലിയൻ കാടുകളിലെ കാട്ടുതീ, കാനഡയിലെ കാട്ടുതീ എന്നിവയെല്ലാം ഭൂമണ്ഡലത്തിൽ പരത്തിയ പുക നമ്മുടെ വായുവിന്റെ ഗുണനിലവാരം ഇടിച്ചു എന്നു മാത്രമല്ല, കാടുകളിൽ പരിഭ്രാന്തരായ ജന്തുക്കളിൽനിന്നും അനേകം കോടി വൈറസുകൾ പുറത്തുകടക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ജന്തുക്കൾ പല തരത്തിൽ മനുഷ്യന്റെ ആഹാരത്തിന്റെ ഭാഗമായതും അവിടം സന്ദർശിച്ച മനുഷ്യർക്ക് മൃഗങ്ങളിൽനിന്നു കിട്ടിയ രോഗവുമാണ് കോവിഡ് 19 ആയിപ്പോലും വളർന്നതെന്ന് സൂനോട്ടിക് പഠനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഈ വർഷവും കാട്ടുതീക്കുള്ള സാധ്യത വളരെ കൂടുതലാണെന്ന് പലരും ചൂണ്ടിക്കാണിക്കുമ്പോൾ അതിനുള്ള കാരണങ്ങളിൽ മുഖ്യമായത് ആഗോളതാപനവും കൂടിയാണെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. പക്ഷെ, കൊച്ചിയിൽ ഉണ്ടായ നാട്ടുതീ ഈ ഗണത്തിൽ പെടുത്തേണ്ടതല്ല. തികച്ചും ഭരണാധികാരികളുടെ ഉദാസീനതയിൽനിന്നു പിറന്നുവീണതും അശാസ്ത്രീയമായ നഗരഭരണത്തിന്റെയും അതിനു മേൽനോട്ടം നടത്തേണ്ട മുകളിലുള്ള ഭരണസംവിധാനങ്ങളുടെയും പരാജയത്തിന്റെ ഫലമായി ഉണ്ടായതാണ്.

കൊച്ചിയിൽ ഉണ്ടായ ചവറുകൂന ബ്രഹ്‌മപുരത്താണ്. 110 ഏക്കറുണ്ട് ആ പ്രദേശം. അവിടെ വന്നടിയുന്ന ഖരമാലിന്യം നീക്കം ചെയ്യുന്നതിന് ഏജൻസിയെ ഏൽപ്പിച്ചുവെന്നു പറയുന്നു. നീക്കം ചെയ്ത ഏജൻസി അത് എന്തു ചെയ്തുവെന്ന് ആരും ചോദിച്ചില്ല. എന്തു ചെയ്യുന്നുവെന്ന് ആരും പരിശോധിച്ചില്ല. അതുമായി ബന്ധപ്പെട്ട അഴിമതിക്കഥകൾ ഈ കുറിപ്പിൽ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല. പ്രശ്‌നം നഗരത്തെ ശ്വാസം മുട്ടിക്കുന്ന തീയും പുകയുമാണ്. ഇതില്ലാതിരിക്കണമെങ്കിൽ ലെഗസി വെയ്സ്റ്റ് ഘട്ടം ഘട്ടമായി നശിപ്പിക്കേണ്ടതായിട്ടുണ്ടായിരുന്നു. പുതിയതായി സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങൾ കഴിയുന്നതും അതിന്റെ ഉറവിടങ്ങളിൽത്തന്നെ സംസ്‌കരിച്ച ശേഷം ബാക്കി വരുന്നത് ഏറ്റവും ശാസ്ത്രീയമായ തരത്തിൽ, ആർക്കും ഉപദ്രവം ഇല്ലാത്ത തരത്തിൽ കൈകാര്യം ചെയ്യപ്പെടേണ്ടതായിരുന്നു.

ഇക്കാര്യത്തിലാണ് തർക്കങ്ങൾ ഉടലെടുക്കുന്നത്. ഇൻസിനറേഷൻ എന്നറിയപ്പെടുന്ന ചവറുകത്തിക്കൽ ഭാഗികമായാണെങ്കിലും തെറ്റാണെന്നു വാദിക്കുന്നവരാണ് പരിസ്ഥിതി രംഗത്തുള്ളവർ. അവരെ കുറ്റപ്പെടുത്തുകയല്ല. പക്ഷെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വളരെ ഉയർന്ന ഊഷ്മാവിൽ 17,000 ഡിഗ്രിക്കു മുകളിൽ ചൂടുള്ള ഫർണസുകളിൽവെച്ച് പ്ലാസ്മവൽക്കരണം നടത്തുന്ന സമ്പ്രദായമുണ്ട്. ഇതിനു വളരെയധികം സ്ഥലം ആവശ്യമില്ല. ചവർ സംസ്‌കരണകേന്ദ്രത്തിന്റെ ഓരത്ത് അഞ്ചോ പത്തോ ഏക്കറിൽ ഭംഗിയായി പ്രവർത്തിക്കാൻ കഴിയുന്ന സംവിധാനമാണത്.

ഇതു കത്തിക്കുകയല്ല, മറിച്ച് ഓക്‌സിജനുമായി ബന്ധപ്പെടാതെ നൈട്രജൻ വാതകം ഉപയോഗിച്ച് ഉയർന്ന ഊഷ്മാവിലേക്ക് ഖരമാലിന്യത്തെ തള്ളിവിടുന്ന ഒരു പ്രക്രിയയാണ്. കത്തുക അഥവാ ഓക്‌സിഡൈസ് ചെയ്യുക എന്ന പ്രവൃത്തി അവിടെ സംഭവിക്കുന്നില്ല. ഇത്തരത്തിലുള്ള പ്ലാന്റുകൾക്ക് വിലക്കൂടുതലാണെന്നു പറയേണ്ടതില്ല. എന്തു വില കൊടുത്തും എന്നു പറയാറുള്ളതുപോലെ, ഇത്തരം പ്ലാന്റുകൾ സ്ഥാപിക്കുകയല്ലാതെ കേരളത്തിനു മറ്റു പോംവഴികൾ ഇല്ലായെന്ന് ആസൂത്രണരംഗത്ത് പ്രവർത്തിച്ച ഒരു പൊതുപ്രവർത്തകനെന്ന നിലയ്ക്ക് ഈ സന്ദർഭത്തിൽ എടുത്തുപറയാൻ ആഗ്രഹിക്കുകയാണ്.

അതിന്റയർത്ഥം ഇന്നു പല ചെറുപട്ടണങ്ങളിലും നടക്കുന്ന ഉറവിട മാലിന്യ സംസ്‌കരണം തെറ്റാണെന്നോ അതു നിർത്തിവെക്കണമെന്നോ അല്ല. ചപ്പും ചവറുമടക്കമുള്ള നിരവധി കാര്യങ്ങൾ ഉറവിട മാലിന്യ സംസ്‌കരണത്തിന് ഉചിതമായതാണ്. അതാ വഴിക്കു പോവട്ടെ. പ്ലാസ്റ്റിക്കുകൾ വേർതിരിച്ചെടുക്കുകയും അതിൽ പോളിയെത്തിലിൻ പ്ലാസ്റ്റിക്കുകൾ മാറ്റിയെടുത്ത് മറ്റൊരു പോളിയെത്തിലിൻ ഉൽപ്പന്നമായ ടാറിൽ അഥവാ ബിറ്റുമിനിൽ ചേർക്കുകയും ചെയ്യുന്ന പ്രവൃത്തി കേരളത്തിൽ ആദ്യമായി നടന്നത് ഇന്നു കഴക്കൂട്ടം മണ്ഡലത്തിലുള്ള ഗാന്ധിപുരം റോഡിലാണ്. ഈ പ്രവൃത്തിക്ക് വിദഗ്ധന്മാരോടൊപ്പം നിന്ന് വേണ്ട സംവിധാനങ്ങൾ ഒരുക്കിക്കൊടുത്ത ഒരാളാണ് ഈ ലേഖകൻ.

മൂന്ന് ശതമാനം പോളിയെത്തിലിൻ പ്ലാസ്റ്റിക്കാണ് അന്ന് ചെറിയ റോഡ് നിർമ്മിക്കുന്ന ടാർ മിക്‌സിങ്ങിൽ ഇട്ടുകൊടുത്തത്. ടാറിങ്ങിനു വേണ്ട കല്ല് ചൂടാക്കുന്ന സന്ദർഭത്തിൽ പോളിയെത്തിലിൻ പ്ലാസ്റ്റിക് മുറിച്ച കഷ്ണങ്ങൾ ഇടുക എന്ന രീതി വികസിപ്പിച്ചത് തമിഴ്‌നാട്ടിലെ അണ്ണാമലൈ സർവ്വകലാശാലയാണ്. വളരെ വിജയകരമായി ഇതു നടപ്പാക്കാൻ പിന്നീട് പി.ഡബ്‌ള്യു.ഡി. മാന്വലിൽ ഈ സമ്പ്രദായം ഉൾപ്പെടുത്തിയതിനു ശേഷം പല മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും രംഗത്തു വന്നെങ്കിലും പിന്നീട് വന്ന സർക്കാരുകൾ ഇക്കാര്യത്തിൽ വേണ്ടത്ര ശുഷ്‌കാന്തി കാണിച്ചില്ല.

നഗരങ്ങളിലെ ഉൾറോഡുകൾ റീടാർ ചെയ്യുന്ന സന്ദജർഭങ്ങളിൽ പോളിയെത്തിലിൻ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് നിർബന്ധമാക്കിയാൽ പ്ലാസ്റ്റിക് മാലിന്യം എന്നെന്നേക്കുമായി റോഡിൽ അലിഞ്ഞുചേരും. ഇതിനു പുറമെ ഖരമാലിന്യങ്ങൾ ടാറിൽ ലയിപ്പിക്കാതെ തന്നെ ഇന്നു വളരെ വേഗത്തിൽ നടക്കുന്ന ഹൈവേ റോഡ് നിർമ്മാണത്തിൽ മണ്ണിനടിയിലിട്ട് അമർത്താവുന്നതാണ്. തിരുവനന്തപുരം ജില്ലയിലെ ഈഞ്ചക്കൽ ഭാഗത്ത് ഹൈവേ നിർമ്മിച്ചപ്പോൾ അന്നവിടെ കുന്നുകൂടിയ ഖരമാലിന്യം റോഡിനടിയിലിട്ട് മുകളിൽ ഹൈവേ പണിതത് പലർക്കും ഇന്നും ഓർമ്മയുണ്ടാവും. മുരുക്കുംപുഴ റെയിൽവെ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം നീട്ടിപ്പണിതപ്പോൾ അതിനകത്തും ഖരമാലിന്യങ്ങൾ മണ്ണുമായി ചേർത്തുകൊണ്ട് ആർക്കും ഒരു പ്രശ്‌നവും ഉണ്ടാവാതെ എന്നെന്നേക്കുമായി സംസ്‌കരിച്ചതും അനുഭവമാണ്.

ഇന്ന് ഹൈവേയിലുള്ള ഇറക്കവും കയറ്റവും ഒരുമിച്ചു വരുന്ന പ്രദേശങ്ങളിൽ കെട്ടിപ്പൊക്കുന്ന എംബാങ്ക്‌മെന്റുകളിൽ കുന്നിടിച്ചു കൊണ്ടുവരുന്ന മണ്ണാണ് ഇടുന്നത്. ആ മണ്ണിൽ ഒരു ലെയർ അല്ലെങ്കിൽ ശാസ്ത്രീയമായി എത്ര ലെയർ ഇടമോ അത്രയും ഖരമാലിന്യങ്ങൾ നിക്ഷേപിച്ചാൽ അതിനു മുകളിൽ ശക്തമായ ആധുനിക റോഡ് റോളറുകൾ ഉപയോഗിച്ച് എന്നെന്നേക്കുമായി ആ ഖരമാസിന്യത്തെ അവിടത്തന്നെ സംസ്‌കരിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങളൊന്നും വേണ്ട വിധത്തിൽ നടപ്പാക്കാത്തതിന്റെ ദുരന്തമാണ് കൊച്ചിയിൽ നാം കാണുന്നത്. ഇതിന് ഉത്തരവാദികളായവർ ചർച്ചകളിൽ പങ്കെടുത്ത് മിടുക്കന്മാരായിട്ടു കാര്യമില്ല.

ഒന്നാമത്തെ ഉത്തരവാദിത്തം കൊച്ചി കോർപ്പറേഷനാണ്. മേയർ ഉടനെ രാജിവെച്ച് പുറത്തുപോവണം. അദ്ദേഹത്തിന്റെ പാർട്ടിയിലെ മറ്റൊരാൾ മേയർ സ്ഥാനം ഏറ്റെടുക്കണം. കാരണം, ഈ ഗ്യാസ് ചേംബറുകൾ ഉണ്ടാക്കിയ ഉത്തരവാദികളെ കേരളത്തിന് ആവശ്യമുണ്ട്. അവരെ വിചാരണ ചെയ്യുന്നതിലൂടെ ഭാവിയിലെങ്കിലും പിഴവുകൾ ആവർത്തിക്കാതെ നോക്കാം. ജില്ലാ പ്ലാനിങ് കമ്മിറ്റിയുടെ സെക്രട്ടറി കൂടിയായ, ജില്ലാ ഭാരണകൂടത്തിനു നേതൃത്വം കൊടുക്കുന്ന കളക്ടർ എന്തുകൊണ്ട് ഇതു നേരത്തേ മനസ്സിലാക്കിയില്ല? പല ജില്ലാ കളക്ടർമാരും അവരുടെ റോൾ തെറ്റായി നിർവഹിക്കുന്നുവെന്നു തോന്നിയിട്ടുണ്ടെങ്കിലും ഇത്രയും ഗുരുതരമായ ഒരു പ്രശ്‌നം കാണാതിരുന്നുവെന്നത് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റായ കളക്ടർക്കു ചേർന്ന കാര്യമല്ല. അവർ സസ്‌പെൻഡ് ചെയ്യപ്പെടുകയാണു വേണ്ടത്. അല്ലാതെ സ്ഥലം മാറ്റുകയല്ല ചെയ്യേണ്ടത്.

കേരളത്തിൽ പല പ്രശ്‌നങ്ങളും ഉണ്ടാവുമ്പോൾ അതിന് ഉത്തരവാദികളാരും ഉണ്ടാവാറില്ല. ഇത്തരം ഒരു സന്ദർഭത്തിലാണോ ഇതു പറയേണ്ടതെന്ന് പറഞ്ഞ് പലരും നിരുത്തരവാദിത്തം കാണിച്ച ആളുകളെ വെള്ള പൂശുന്നു. കോടതി ഏതായാലും സ്വമേധയാ കേസെടുത്തിട്ടുണ്ട് എന്നതു സ്വാഗതാർഹം. പി. രാജേഷ് എന്ന പൊതുപ്രവർത്തകനും കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി പറഞ്ഞതുപോലെ ഇതു മനുഷ്യനിർമ്മിതമായ ഒരു തീപ്പിടിത്തമാണെങ്കിൽ അതിൽ നടപടി ഉണ്ടാവണം.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ കാര്യം അതിലും വലിയ കോമഡിയാണ്. ഈ പ്രശ്‌നം ഉണ്ടായപ്പോൾ കോർപ്പറേഷന് ഒരു കോടിയിലധികം രൂപ പിഴ ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നു. അതുകൊണ്ട് ജനങ്ങൾക്ക് എന്തെങ്കിലും കാര്യമുണ്ടോ? പിഞ്ചുകുഞ്ഞു മുതൽ ഡോക്ടർമാരും ജഡ്ജിമാരും വിദ്യാർത്ഥികളും പ്രായമായവരും അടങ്ങുന്ന ഈ സമൂഹം ശ്വാസം മുട്ടി മരിക്കുമ്പോൾ ഫൈൻ അടച്ച കാശുകൊണ്ട് എന്തു പ്രയോജനം...! മലിനീകരണ നിയന്ത്രണ ബോർഡിനെതിരെയും അടിയന്തര നടപടി ആവശ്യമാണ്. ഏതെങ്കിലും പശു വളർത്തലുകാരന്റെ ചാണകക്കുഴിക്ക് അളവെടുക്കേണ്ടവർ മാത്രമല്ല മലിനീകരണ നിയന്ത്രണ ബോർഡ്. ചെറുകിട വ്യവസായികളുടെ എന്തെങ്കിലും മാലിന്യങ്ങൾ പുറത്തുപോവുന്നുണ്ടോയെന്ന് കണ്ണിലെണ്ണയൊഴിച്ച് നോക്കേണ്ടതാണെങ്കിലും അതു മാത്രമല്ല അവരുടെ പണി. ഇത്രയും വലിയൊരു മലിനീകരണം ഉണ്ടായിട്ടും അതു കാണാൻ മലിനീകരണ നിയന്ത്രണ ബോർഡിനും സാധിച്ചില്ല.

രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ ജനങ്ങളെ അണിനിരത്തിത്തന്നെ പ്രതിഷേധം സംഘടിപ്പിക്കണം. മനുഷ്യരുടെ ജീവിതം വീർപ്പുമുട്ടുമ്പോൾ രോഗവും മഹാമാരികളും വൃത്തികെട്ട ജീവിതാന്തരീക്ഷവും തൊഴിലാളികളെ വിമ്മിഷ്ടപ്പെടുത്തുമ്പോൾ അത്തരം പ്രശ്‌നങ്ങൾ ഒരു പൊതുപണിമുടക്കിനു കാരണമാവുന്നില്ലെന്ന റിപ്പോർട്ട് 'മൂലധന'ത്തിന്റെ ഒന്നാം വാള്യത്തിൽ മാർക്‌സ് ഉദ്ധരിക്കുന്നുണ്ട്. ഇവിടെ ഇത്തരം പ്രശ്‌നങ്ങൾക്കെതിരായ സമരവും വലിയ റിസ്‌കിൽ നടത്തേണ്ട ഒന്നാണ്. ഒരു പൊതുപണിമുടക്ക് പ്രഖ്യാപിച്ചാൽ പണിമുടക്ക് പ്രഖ്യാപിച്ചവരുടെ സ്വത്ത് കണ്ടുകെട്ടാൻ പോലും ഇന്നു കോടതികൾക്കു മടിയില്ല. ജനകീയ പ്രക്ഷോഭങ്ങളെ ഭരണാധികാരികൾ ഭയക്കുന്നില്ല. മറുഭാഗത്ത് അനാവശ്യമായ കാട്ടിക്കൂട്ടലുകൾ പല സമരങ്ങളേയും സമരാഭാസങ്ങളായി അധഃപതിപ്പിച്ചിരിക്കുന്നു. യഥാർത്ഥ ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ടുള്ള ജനകീയ മുന്നേറ്റങ്ങളെയല്ലാതെ ഒരിടത്തും ഭരണാധികാരികൾ പേടിച്ചിട്ടില്ല.

ഏതായാലും കോടതി ഇടപെട്ടത് വളരെ ആശ്വാസകരമാണ്. കോടതിയിൽനിന്നു വളരെ ശക്തമായ നടപടി ഉണ്ടാവട്ടെ. കേരള സർക്കാർ ഇക്കാര്യത്തിൽ കാണച്ചത് അനാസ്ഥയാണെന്നു പറയാതിരിക്കാൻ വയ്യ. നേവിയുടെയും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെയും സഹായം ജില്ലാ ഭരണകൂടം ചോദിച്ചെങ്കിലും പട്ടാളത്തെ ഇറക്കിക്കൊണ്ട് അവരുടെ നേതൃത്വത്തിൽ വലിയ തോതിലുള്ള അഗ്നിശമന പ്രവർത്തനങ്ങൾ സംയോജിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ കയ്യുംകെട്ടി നോക്കിനിൽക്കരുത്. ബ്രഹ്‌മപുരത്തുനിന്ന് ഒന്നോ രണ്ടോ കിലോ മീറ്റർ അകലെ മാത്രമാണ് അന്തരീക്ഷം വഴി നോക്കുമ്പോൾ റിഫൈനറിയിലേക്കുള്ളത്.

അങ്ങോട്ട് ഈ തീ പടരുമെന്ന് പറയാനോ ജനങ്ങളെ ആശങ്കപ്പെടുത്താനോ ആഗ്രഹിക്കുന്നില്ലെങ്കിലും കൊച്ചി നഗരം ഒരു രാസവ്യവസായ നഗരമാണെന്ന് ഓർമ്മിപ്പിക്കുകയാണ്. അമോണിയ പ്ലാന്റുകളും രാസവള നിർമ്മാണശാലകളും ബ്രഹ്‌മപുരത്തുനിന്ന് ഏതാനും കിലോ മീറ്ററുകൾക്കടുത്താണ്. ഇത്തരത്തിൽ ഏറെ നിർണായകമായ ഒരു നഗരത്തിൽ തീപ്പിടിത്തമുണ്ടായിട്ട് അതർഹിക്കുന്ന ഗൗരവത്തോടെ കേന്ദ്ര ഏജൻസികൾ ശ്രദ്ധിച്ചില്ലെന്നതും ഒരു യാഥാർത്ഥ്യമാണ്. ആരാരോടാദ്യം പറയണം എന്നതൊന്നും ജനങ്ങളെ ബാധിക്കുന്ന കാര്യമല്ല. സംസ്ഥാന സർക്കാരിനു നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയും കേന്ദ്ര സർക്കാരിന്റെ ഏജൻസികളും പ്രാദേശിക ഭരണകൂടമായ കോർപ്പറേഷനും ജില്ലാ ഭരണകൂടവും ഒറ്റക്കെട്ടായി ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ കൊച്ചി നഗരം ശ്വാസം മുട്ടി മരിക്കും.

നമ്മുടെ ടൂറിസത്തിന്റെ കേന്ദ്രബിന്ദുവാണ് കൊച്ചി. ടൂറിസം ഭൂപടത്തിൽ കൊച്ചിക്കുള്ള പ്രാധാന്യം ഏറെ വലുതാണ്. വ്യവസായങ്ങൾ മുതൽ ടൂറിസം വരെയുള്ള കേരളത്തിന്റെ സാമ്പത്തികജീവിതത്തിന്റെ നട്ടെല്ലായ കൊച്ചി ശ്വാസംമുട്ടി മരിക്കരുത്. അതിനായി ജനങ്ങൾ കൈകോർക്കണം, രാഷ്ട്രീയവ്യത്യാസമില്ലാതെ. ജുഡീഷ്യറി അക്കാര്യത്തിൽ കാണിച്ച ഉണർവിനു നന്ദി പറയാതെ വയ്യ.

Content Highlights: Kochi Corporation, Brahmapuram, Fire and Smoke, Prathibhashanam

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented