കിരീടം, തനിയാവര്‍ത്തനം, ആകാശദൂത്... ഇഷ്ടം കൊണ്ട് ആവര്‍ത്തിച്ചു കാണാത്ത സിനിമകള്‍ | ഷോ റീല്‍


എന്‍.പി.മുരളീകൃഷ്ണന്‍.

മലയാള സിനിമ എക്കാലവും ഓര്‍മ്മിക്കുന്ന സിനിമയായിരിക്കും 'കിരീടം'. ഈ ഓര്‍മിക്കലിന് ഒരു നോവിന്റെ കനമാണ്. 'കിരീട'ത്തിനും അതിലെ കേന്ദ്രകഥാപാത്രമായ സേതുമാധവനും മലയാളി പ്രേക്ഷകരുമായി ഇഴപിരിയാത്ത ബന്ധമാണുള്ളത്. മലയാള സിനിമയിലെ എക്കാലത്തെയും ഐതിഹാസിക പാത്രസൃഷ്ടികളിലൊന്നാണ് സേതുമാധവന്‍. അയാള്‍ക്കു മുന്നില്‍ സ്വപ്‌നം കണ്ട ജോലിയിലേക്കുള്ള കവാടം തുറന്നിട്ടിരിക്കുന്നു, ജോലി കിട്ടിയ ശേഷം സ്വന്തമാക്കാനിരിക്കുന്ന പ്രണയിനിയായ മുറപ്പെണ്ണ്, സന്തോഷം നിറഞ്ഞ കുടുംബാന്തരീക്ഷം, എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞ് എപ്പോഴും ഒപ്പമുള്ള പ്രിയപ്പെട്ട കൂട്ടുകാരന്‍.. സേതുമാധവനെന്ന നായകകഥാപാത്രത്തെ ഇവ്വിധമെല്ലാമാണ് നമ്മള്‍ തുടക്കത്തില്‍ കാണുന്നത്. എല്ലാം കൊണ്ടും സന്തോഷം നിറഞ്ഞ ദിവസങ്ങളും ചുറ്റുപാടും.

പക്ഷേ, എത്രയെളുപ്പമാണ് ആ ചെറുപ്പക്കാരനില്‍നിന്ന് ഇതെല്ലാം തട്ടിയകന്നു പോകുന്നത്. വിധി അയാളെ വല്ലാത്ത വിധേന വേട്ടയാടുന്നു. ഒരു നിമിഷത്തെ താളം തെറ്റിയ പ്രവൃത്തിയില്‍ ഒരിക്കലും തിരിച്ചെടുക്കാനാകാത്ത വിധം പ്രിയപ്പെട്ടതെല്ലാം അയാളില്‍നിന്ന് കൈവിട്ടുപോകുന്നു. ജീവിതം ഇനിയൊരിക്കലും പഴയതു പോലെയാകില്ല. ഒടുക്കം സേതുമാധവന്‍ ഒരു നിലവിട്ട അലറിക്കരച്ചിലും തീരാനൊമ്പരവുമായി ബാക്കിയാകുന്നു. നിറകണ്ണുകളോടെ സേതുമാധവന്റെ വിധിയെ ഏറ്റുവാങ്ങി തിയേറ്ററിന് പുറത്തിറങ്ങുന്ന പ്രേക്ഷകര്‍ ആ നശിച്ച നേരം സംഭവിച്ചില്ലായിരുന്നുവെങ്കില്‍, ആ ഒരു നിമിഷം നായകന്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ എന്നിങ്ങനെ പലവട്ടം ചിന്തിക്കുന്നു. അവര്‍ വിധിയെ പഴിച്ചു കൊണ്ടേയിരിക്കുന്നു. സേതുമാധവന് സംഭവിച്ച ദുരന്തം തീരാസങ്കടമായി പ്രേക്ഷകനെ വേട്ടയാടുന്നു.കേവലമൊരു സിനിമയാണെങ്കില്‍ പോലും സേതുമാധവനെന്ന കഥാപാത്രത്തെ ഓര്‍മ്മിക്കുമ്പോള്‍ ഇപ്പോഴും അറിയാതെ ഉള്ളില്‍ ഉരുവം കൊള്ളുന്ന ഒരു വിങ്ങല്‍ മലയാളി പ്രേക്ഷകനില്‍ തുടര്‍ന്നു പോരുന്നുണ്ട്. വീടിനും നാടിനും ഏറ്റവും വേണ്ടപ്പെട്ടവനില്‍ നിന്ന് ആര്‍ക്കും വേണ്ടാതാകുന്നവന്റെ, അത്താണികളെല്ലാം നഷ്ടമായി ശൂന്യനാകേണ്ടി വരുന്നവന്റെ അനിവാര്യമായ പതനം 'കിരീട'ത്തിന്റെ തുടര്‍ച്ചയായ 'ചെങ്കോലി'ല്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. മൂന്നു പതിറ്റാണ്ടുകള്‍ക്കിപ്പുറവും സേതുമാധവനും അയാളുടെ ജീവിതവും പ്രേക്ഷകരില്‍ നോവായി അവശേഷിക്കുന്നു. ചിരിക്കും കരച്ചിലിനുമിടയില്‍ ഏറെയെളുപ്പം കൈവിട്ടു പോയേക്കാവുന്ന മനുഷ്യന്റെ ജീവിതാവസ്ഥകളെ തന്റെ പരിചിതവട്ടത്തെ ഇത്തിരി സ്വപ്‌നങ്ങള്‍ മാത്രം സൂക്ഷിച്ചുപോരുന്ന സേതുമാധവന്‍ എന്ന സാധാരണക്കാരനിലൂടെ അനിതരസാധാരണമായ ഇഴയടുപ്പത്തോടെ നെയ്‌തെടുക്കുകയായിരുന്നു ലോഹിതദാസും സിബി മലയിലും.

റിലീസ് വേളയില്‍ ഏറെ സ്വീകരിക്കപ്പെട്ട സിനിമകളായിരുന്നു 'കിരീട'വും 'ചെങ്കോലും'. എന്നാല്‍ അത്രമേല്‍ ഏറ്റെടുക്കപ്പെട്ടിട്ടും ഈ സിനിമകള്‍ ആവര്‍ത്തിച്ചു കാണാന്‍ കൂട്ടാക്കാത്തവരാണ് ഏറിയ പങ്ക് മലയാളി പ്രേക്ഷകരും. ഈ സിനിമകള്‍ ഉണ്ടാക്കിയ നൊമ്പരത്തിന്റെ ആഴം അത്ര കണ്ട് വലുതാണെന്നതു തന്നെ ഇതിനു കാരണം. ആളുകള്‍ എപ്പോഴും സന്തോഷദായകമായ കലാസൃഷ്ടികളും അതിന്റെ ശുഭകരമായ അന്ത്യവും കാണാനാണ് താത്പര്യപ്പെടുന്നത്. അപൂര്‍വ്വം ചില ദുരന്തപര്യവസായികളെ അവയുടെ സൃഷ്ടിപരമായ മേന്മ കൊണ്ട് ആളുകള്‍ അംഗീകരിച്ചേക്കാം. എന്നാല്‍ക്കൂടി തങ്ങളുടെ വിനോദ വേളകളില്‍ ഈ മെലോഡ്രാമകള്‍ ആവര്‍ത്തിച്ചുകാണാന്‍ അവര്‍ തയ്യാറായേക്കില്ല. 'കിരീട'വും 'ചെങ്കോലും' ഇത്തരത്തിലുള്ള സിനിമകളാണ്.

'തനിയാവര്‍ത്തന'വും 'പാദമുദ്ര'യും 'ആകാശദൂതും' 'ദേശാടന'വും 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' 'തന്മാത്ര'യും 'എന്ന് നിന്റെ മൊയ്തീനും' ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മറ്റു സിനിമകളാണ്. ഇവയെല്ലാം റിലീസ് വേളയില്‍ തിയേറ്ററില്‍ വിജയിക്കുകയും എന്നാല്‍, ടെലിവിഷന്‍ സംപ്രേഷണത്തിലോ മറ്റ് പ്ലാറ്റ്‌ഫോമുകള്‍ വഴിയോ ആവര്‍ത്തിച്ചു കാണാന്‍ പ്രേക്ഷകര്‍ താത്പര്യപ്പെടാത്തവയുമാണ്. ടെലിവിഷന്‍ ചാനലുകളില്‍ കാണികളുടെ എണ്ണപ്പെരുക്കം കൊണ്ട് ആവര്‍ത്തിച്ച് സംപ്രേഷണം ചെയ്യുന്ന സിനിമകള്‍ ശ്രദ്ധിച്ചാല്‍ അറിയാം, അവയെല്ലാം ഹാസ്യരസപ്രധാനങ്ങളും വിനോദമൂല്യങ്ങള്‍ നിലനിര്‍ത്തുന്നവയുമായിരിക്കും.

നാടോടിക്കാറ്റ്, ചിത്രം, കിലുക്കം, മഴവില്‍ക്കാവടി, പൊന്മുട്ടയിടുന്ന താറാവ്, മിഥുനം, ദേവാസുരം, യോദ്ധ, മണിച്ചിത്രത്താഴ്, ആറാം തമ്പുരാന്‍, പഞ്ചാബിഹൗസ് തുടങ്ങിയ സിനിമകളെല്ലാം ഈ മാതൃകയില്‍ പ്രേക്ഷകര്‍ ആവര്‍ത്തിച്ചു കാണാന്‍ താത്പര്യപ്പെടുന്നവയാണ്. എന്നാല്‍, നേരത്തെ പരാമര്‍ശിച്ച ദുരന്തപര്യവസായികളാകട്ടെ കലാമൂല്യത്തില്‍ ഈ സിനിമകളോടൊപ്പവും ഇവയ്ക്കു മുകളിലും പ്രതിഷ്ഠിക്കാമെങ്കിലും രസപ്രദായിനികളല്ലാത്തതു കൊണ്ട് പ്രേക്ഷകര്‍ ആവര്‍ത്തിച്ചു കാണാന്‍ മെനക്കെടില്ല.

'കിരീട'ത്തിനും മുമ്പാണ് മലയാളത്തിലെ കള്‍ട്ട് സ്റ്റാറ്റസ് പദവിയുള്ള 'തനിയാവര്‍ത്തനം' ലോഹിതദാസും സിബിമലയിലും ഒരുക്കുന്നത്. ഗ്രാമദേശങ്ങളിലെ അന്ധവിശ്വാസങ്ങളും യാഥാസ്ഥിതിക ചിന്തകളും മാനസിക രോഗങ്ങളോടും രോഗികളോടുമുള്ള മനോഭാവവും പ്രമേയവത്കരിച്ച 'തനിയാവര്‍ത്തനം' ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്ത സിനിമകളില്‍ ഇന്നും വേറിട്ടു നില്‍ക്കുന്ന സൃഷ്ടിയാണ്. ഈ സിനിമയും മമ്മൂട്ടി അവതരിപ്പിച്ച ബാലന്‍ മാഷ് എന്ന കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘര്‍ഷവും നിസ്സഹായതയും അത് സൃഷ്ടിക്കുന്ന നോവും സമ്മര്‍ദ്ദവും കാണികളില്‍ നിന്ന് അത്രയെളുപ്പം വിട്ടുപോകുന്നതല്ല. ഈ ആത്മസംഘര്‍ഷത്തിന്റെ കഠിനതാപം താങ്ങാനാകാതെ 'തനിയാവര്‍ത്തനം' കണ്ടു പൂര്‍ത്തിയാക്കാനാകാത്ത കാണികളുണ്ട്. മികച്ച കലാസൃഷ്ടി ആയിരുന്നിട്ടു പോലും ആവര്‍ത്തിച്ചു കാണാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കാതെ പോകുന്നതും ടെലിവിഷന്‍ സംപ്രേഷണത്തില്‍ 'റിപ്പീറ്റ് വാല്യൂ' ഇല്ലാത്ത സിനിമകളിലൊന്നായി 'തനിയാവര്‍ത്തനം' മാറുന്നതും ഇക്കാരണം കൊണ്ടു തന്നെ.

സിബി മലയിലിന്റെ 'ആകാശദൂത്' മലയാള സിനിമയിലെ എക്കാലത്തെയും വലിയ തിയേറ്റര്‍ വിജയങ്ങളിലൊന്നാണ്. 'കിരീട'വും 'തനിയാവര്‍ത്തന'വും ഉണ്ടാക്കിയതിനേക്കാള്‍ വലിയ കണ്ണീരാണ് 'ആകാശദൂത്' സൃഷ്ടിക്കുന്നത്. ആനിയുടെയും ജോണിയുടെയും മക്കളുടെയും ജീവിതത്തില്‍ ഒന്നൊഴിയാതെ വന്നുചേരുന്ന ദുരന്താവസരങ്ങള്‍ കണ്ണീരടക്കിയല്ല, കണ്ണീരൊഴുക്കിത്തന്നെ മലയാളി കണ്ടു. ജനപ്രിയതയും മൗത്ത് പബ്ലിസിറ്റിയും കൊണ്ട് ഏറ്റവുമധികം കുടുംബ പ്രേക്ഷകര്‍ തിയേറ്ററില്‍നിന്ന് കണ്ട സിനിമകളിലൊന്നായി 'ആകാശദൂത്' മാറുകയുണ്ടായി. ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ കുറേ നേരത്തേക്ക് ആര്‍ക്കും പരസ്പരം മിണ്ടാനാകാത്ത അവസ്ഥയാണുണ്ടാകുക. സ്തംബ്ധരായിപ്പോകുക, ശബ്ദം നഷ്ടപ്പെടുക, ദു:ഖവും മൗനവും തളംകെട്ടിനില്‍ക്കുക തുടങ്ങിയ അവസ്ഥകളെല്ലാം 'ആകാശദൂത്' ഉണ്ടാക്കിയെടുക്കുന്ന അതിവൈകാരികതയോട് ചേര്‍ത്തുവയ്ക്കാനാകും. കുടുംബ പ്രേക്ഷകര്‍ അത്രയേറെ ഏറ്റെടുത്ത ഈ സിനിമ ദൂരദര്‍ശനിലും സ്വകാര്യ ചാനലുകളുടെ മത്സരമില്ലാത്ത അവയുടെ പ്രാരംഭകാലത്തും സംപ്രേഷണം ചെയ്തതൊഴിച്ചാല്‍ പിന്നീടുള്ള സംപ്രേഷണം അത്യപൂര്‍വ്വമായിരുന്നു. ഒരിക്കല്‍ അനുഭവിച്ചറിഞ്ഞ അത്യധികമായ വികാരത്തള്ളിച്ച വീണ്ടും ഏറ്റുവാങ്ങാന്‍ പ്രേക്ഷകര്‍ തയ്യാറാകാത്തതു വെളിവാക്കുന്നതായിരുന്നു ഈ സംപ്രേഷണ ചുരുങ്ങല്‍.

തൊള്ളായിരത്തി എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും സിബിമലയില്‍ ചിത്രങ്ങള്‍ക്കാണ് പ്രേക്ഷകവികാരത്തെ ഇവ്വിധം വലിയ തോതില്‍ സ്വാധീനിക്കാനും പ്രയോജനപ്പെടുത്താനും സാധിച്ചിട്ടുള്ളത്. 'തനിയാവര്‍ത്തനം' മുതല്‍ക്കുള്ള സിബിമലയില്‍-ലോഹിതദാസ് സിനിമകളെല്ലാം ഈ മെലോഡ്രാമ പരിസരത്തില്‍ നിലകൊള്ളുന്നവയായിരുന്നു. കല്ലൂര്‍ ഗോപിനാഥന്‍, കല്ലൂര്‍ സ്വാമിനാഥന്‍ എന്നീ കര്‍ണാടക സംഗീത സഹോദര കഥാപാത്രങ്ങളെ കേന്ദ്രമാക്കിയ 'ഭരതം' ബന്ധങ്ങളിലെ നിസ്വാര്‍ഥ സ്‌നേഹവും നിസ്സഹായതയും തമ്മിലുള്ള സംഘര്‍ഷങ്ങളെ അടയാളപ്പെടുത്തുന്നു. മ്യൂസിക്കല്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന 'ഭരത'ത്തില്‍ നായക കഥാപാത്രത്തിന് നേരിടേണ്ടിവരുന്ന തെറ്റിദ്ധാരണകളും അയാളുടെ നിസ്സഹായതകളും നൊമ്പരത്തോടെയാണ് കാണികള്‍ ഏറ്റുവാങ്ങിയത്. മോഹന്‍ലാലിന്റെയും നെടുമുടി വേണുവിന്റെയും മികച്ച ഭാവാഭിനയ പ്രകടനങ്ങള്‍ സാധ്യമാക്കിയ ഈ സിനിമ തെറ്റിദ്ധാരണ, മരണം, ഒറ്റപ്പെടല്‍ തുടങ്ങിവ കാരണമുണ്ടാകുന്ന അത്യധികമായ വൈകാരിക സന്ദര്‍ഭങ്ങളാല്‍ സമ്പന്നമായിരുന്നു. സിബിമലയില്‍-ലോഹിതദാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഭരതത്തെ തുടര്‍ന്നുവന്ന 'കമലദളം' മുന്‍സിനിമയുടെയത്ര മെലോഡ്രാമാ ആധിക്യം അവകാശപ്പെടാത്തതായിരുന്നു എങ്കിലും പ്രധാന കഥാപാത്രത്തിന് നേരിടേണ്ടി വരുന്ന ആത്മസംഘര്‍ഷങ്ങളും അയാളുടെ മരണം ഉളവാക്കുന്ന അതിയായ വേദനയും പ്രേക്ഷകനില്‍ തിക്കുമുട്ടല്‍ സൃഷ്ടിക്കാന്‍ പോന്നതായിരുന്നു.

എം.ടിയുടെ തിരക്കഥയില്‍ പുറത്തുവന്ന സിബിമലയില്‍ ചിത്രമായ 'സദയ'ത്തെക്കുറിച്ച് പ്രധാന കഥാപാത്രമായ മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെയാണ്. 'സദയം റിലീസ് ആയ ശേഷം ഒരുപാട് പേര്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്, മോഹന്‍ലാല്‍ ഇതുപോലത്തെ സിനിമയില്‍ ഇനി അഭിനയിക്കരുതെന്ന്. അത് താങ്ങാന്‍ പറ്റുന്നില്ല.' മലയാളത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്ര സൃഷ്ടികളിലൊന്നായി വിലയിരുത്താവുന്ന 'സദയം' പ്രേക്ഷകനില്‍ ഉണ്ടാക്കിയ സ്വാധീനത്തിന്റെ രത്‌നച്ചുരുക്കമാണ് മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറയുന്ന മേല്‍ പരാമര്‍ശിച്ച വാചകം. പരുഷമായ ജീവിത സന്ദര്‍ഭങ്ങളെ ആവിഷ്‌കരിക്കുന്ന ഈ സിനിമ കണ്ടവസാനിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന അസ്വസ്ഥത പറഞ്ഞറിയിക്കാനാകാത്തതാണ്. കേവലം ഒരു സിനിമ കണ്ടു തീരുമ്പോള്‍ ഉണ്ടാകുന്നതിലുപരി ഏറെ നേരം വേട്ടയാടുന്ന ഒരു തരം അനുഭവമാണ് സദയം പ്രേക്ഷകനിലുണ്ടാക്കുക. അതുകൊണ്ടു തന്നെ ഈ ശക്തമായ സൃഷ്ടിയെ അര്‍ഹിച്ച ബഹുമാനത്തോടെ ആവര്‍ത്തിച്ചു കാണാന്‍ കൂട്ടാക്കാതെ മാറ്റിവയ്ക്കുന്നവര്‍ ഏറെയാണ്.

നൊമ്പരമാകുന്ന രണ്ട് പാദമുദ്രകളാണ് മാതുപ്പണ്ടാരത്തിന്റേതും സോപ്പ് കുട്ടപ്പന്റേതും. പശ്ചാത്താപത്തിന്റെയും ശൃംഗാരത്തിന്റെയും മുദ്രകള്‍ ചാര്‍ത്തുന്നു മാതുപ്പണ്ടാരം. നിസ്സഹായതയുടെയും അവഗണനയുടെയും പരിഹാസത്തിന്റെയും തീരാസങ്കടങ്ങളുടെയും മുദ്രകളാണ് സോപ്പ് കുട്ടപ്പന് ചാര്‍ത്തി നല്‍കപ്പെടുന്നത്. ആര്‍. സുകുമാരന്റെ 'പാദമുദ്ര'യിലെ ഈ രണ്ട് കഥാപാത്രങ്ങള്‍ക്ക് ഒരു മനുഷ്യായസ്സുടനീളം അനുഭവിക്കേണ്ടിവരുന്ന നിസ്സഹായതകളും ആത്മസംഘര്‍ഷങ്ങളും അത്രകണ്ട് ചെറുതല്ല. ഈ നൊമ്പരമപ്പാടെയാണ് പ്രേക്ഷകരിലേക്ക് പകരുന്നത്. വെറും 28 വയസ്സില്‍ മോഹന്‍ലാല്‍ നടത്തിയ അത്യത്ഭുതകരമായ പരകായപ്രവേശമായിരുന്നു ഈ കഥാപാത്രങ്ങള്‍. മാതുപ്പണ്ടാരത്തിന്റെ അസ്വസ്ഥതകള്‍ കുട്ടപ്പനിലേക്കും പിന്നീടത് പ്രേക്ഷകനിലേക്കും വ്യാപിക്കുമ്പോള്‍ ഒട്ടും സുഖദമായ കാഴ്ചാനുഭവമാകില്ല 'പാദമുദ്ര' സമ്മാനിക്കുന്നത്. ഒടുക്കം ഏറ്റവും അസ്വസ്ഥജനകമായ ഒരു വേളയില്‍ മുള്ളുവേലിയെടുത്ത് പായുന്ന കുട്ടപ്പനൊപ്പം കാണിയില്‍ ബാക്കിയാകുക അതേ അസ്വസ്ഥത തന്നെയാകും.

പ്രിയദര്‍ശന്റെ 'താളവട്ട'വും 'ചിത്ര'വും 'വന്ദന'വും പോലെയുള്ള ചിത്രങ്ങളുടെ അന്ത്യം വേദനാജനകമാണെങ്കില്‍ തന്നെയും ആ സിനിമകള്‍ ഉടനീളം സൃഷ്ടിക്കുന്ന ചിരിയലകള്‍ നൊമ്പരത്തിന്റെ ആക്കത്തെ സാധൂകരിക്കാന്‍ പോന്നതാണ്. എന്നാല്‍, 'ചിത്ര'ത്തിന്റെ ക്ലൈമാക്‌സ് ഉണ്ടാക്കിയ വലിയ സ്വാധീനത്തിലാണ് തുടര്‍ന്നുവന്ന 'വന്ദന'വും മറ്റു ചില സിനിമകളും ദുരന്തനാടകാന്ത്യ പരിസരം കഥാവതരണത്തില്‍ അവലംബിക്കുന്നതെന്നു കാണാം.

സന്ന്യാസജീവിതം തെരഞ്ഞെടുക്കേണ്ടി വരുന്ന നമ്പൂതിരി ബാലനെ കേന്ദ്രമാക്കി, വാണിജ്യ ചിത്രങ്ങളുടെ സംവിധായകനായിരുന്ന ജയരാജിന്റെ ശൈലീമാറ്റം കണ്ട 'ദേശാടനം' തിയേറ്ററില്‍ ചലനമുണ്ടാക്കിയ സിനിമയായിരുന്നു. ഗൃഹാന്തരീക്ഷത്തില്‍നിന്ന് പൊടുന്നനെ സന്ന്യാസ ജീവിതത്തിലേക്ക് പറിച്ചു മാറ്റപ്പെടുന്ന ബാലന് അമ്മ, അച്ഛന്‍, മുത്തച്ഛന്‍ തുടങ്ങിയവരുമായുള്ള വൈകാരികബന്ധത്തെ പ്രേക്ഷക വികാരവുമായി അതീവ ലാളിത്യത്തോടെ കൊരുത്തിടാന്‍ 'ദേശാടന'ത്തിനായി. ഈ ഉള്ളുപിടച്ചിലില്‍ നിന്ന് എളുപ്പത്തില്‍ പിടിവിടാന്‍ അവര്‍ക്കായില്ല. അതീവ വികാരാവേഗത്തോടെ മാത്രമേ പ്രേക്ഷകന് ഈ സിനിമ കണ്ടിരിക്കാന്‍ സാധിച്ചുള്ളൂ.

വിനയന്റെ 'വാസന്തിയും ലക്ഷ്മിയും ഞാനും' കേന്ദ്രകഥാപാത്രമായ അന്ധഗായകനും കുടുംബത്തിനും നേരിടേണ്ടി വരുന്ന ദുര്യോഗങ്ങളും ദുരന്തങ്ങളും പ്രമേയമാക്കുമ്പോള്‍ പ്രേക്ഷകരുടെ കണ്ണീര്‍ഗ്രന്ഥികളെ തന്നെയാണ് ചിത്രം ബോധപൂര്‍വ്വം ലക്ഷ്യമിടുന്നത്. തിയേറ്ററില്‍ വലിയ വിജയം നേടിയ ഈ ചിത്രം കാണികളില്‍ ഉണ്ടാക്കിയ വീര്‍പ്പുമുട്ടലും അസ്വസ്ഥതയും വലുതാണ്. മെലോഡ്രാമയുടെ അതിപ്രസരം കാരണം ആവര്‍ത്തിച്ചുള്ള കാഴ്ചകളില്‍ നിന്ന് പിന്നീട് ഈ ചിത്രത്തെയും പ്രേക്ഷകര്‍ മാറ്റിനിര്‍ത്തുകയാണുണ്ടായത്. നേരത്തെ പ്രിയദര്‍ശന്റെ 'ചിത്രം' ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് സൂചിപ്പിച്ച പോലെ സമാനമായ മെലോഡ്രാമ തരംഗം സൃഷ്ടിക്കാന്‍ 'വാസന്തിയും ലക്ഷ്മി'ക്കുമായി. ഇതിനെ തുടര്‍ന്നുവന്ന കരുമാടിക്കുട്ടന്‍, ആകാശത്തിലെ പറവകള്‍, വാല്‍ക്കണ്ണാടി തുടങ്ങിയ സിനിമകളെല്ലാം ഇത്തരത്തില്‍ പ്രധാന കഥാപാത്രങ്ങളുടെ കുറവുകളിലും ആവലാതികളിലും ദുരന്തപര്യവസാനങ്ങളിലുമാണ് ശ്രദ്ധ വയ്ക്കുന്നത്.

അല്‍ഷിമേഴ്‌സ് രോഗിയുടെ പരാധീനതകള്‍ പ്രമേയമാക്കുന്ന ബ്ലെസിയുടെ 'തന്മാത്ര' പ്രേക്ഷകരില്‍ അസ്വസ്ഥത ജനിപ്പിക്കുന്ന സിനിമയാണ്. ഈ സിനിമ പുറത്തിറങ്ങുമ്പോഴേക്ക് ദുരന്തപര്യവസായികളായ മെലോഡ്രാമകളുടെ ഒഴുക്കിന് തെല്ല് ശമനം വന്നിരുന്നു. പുതുമയുള്ള കഥാപരിസരം എന്നതുകൊണ്ടും മോഹന്‍ലാലിന്റെ വേറിട്ട പ്രകടനം കൊണ്ടും ശ്രദ്ധേയമായ 'തന്മാത്ര'യോട് കാലാന്തരത്തില്‍ കാണികള്‍ അത്രകണ്ട് പ്രതിപത്തി കാണിക്കുകയുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.

വിനോദമൂല്യങ്ങളും ശുഭകരമായ അന്ത്യവും കാണികള്‍ താത്പര്യപ്പെടുന്ന പ്രവണത മുമ്പെന്നത്തേക്കാളും പ്രബലമായി രൂപപ്പെട്ട പുതുകാലത്താണ് മൊയ്തീന്റെയും കാഞ്ചനമാലയുടെയും അനശ്വരപ്രണയ കഥ പറഞ്ഞ ആര്‍ എസ് വിമലിന്റെ 'എന്ന് നിന്റെ മൊയ്തീന്‍' നിര്‍മ്മിക്കപ്പെടുന്നത്. പ്രണയികള്‍ ഒരുമിക്കാത്തതും ഒരാള്‍ മരണക്കയത്തിലേക്കാണ്ടു പോകുന്നതുമായ സംഭവകഥ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയെ തിരുത്താന്‍ വിമലിന്റെ സംവിധാന മികവിന് സാധിച്ചപ്പോഴാണ് മൊയ്തീന്‍ മികച്ച കലാസൃഷ്ടിയായി മാറുന്നത്. തിയേറ്ററില്‍ മികച്ച വിജയം നേടിയ മൊയ്തീന്‍ പക്ഷേ, അതിനൊപ്പമിറങ്ങിയ മറ്റു വിജയ സിനിമകളുടെയത്ര തവണ മിനി സ്‌ക്രീനില്‍ ആവര്‍ത്തിച്ച് കാണപ്പെടുന്ന സിനിമയായി മാറുന്നില്ലെന്നത് പ്രേക്ഷകനെ ഭരിച്ചുപോരുന്ന ശുഭപര്യവസായി ചിന്ത ഒന്നു കൊണ്ടു തന്നെയാണ്.

ഉത്സവപ്പിറ്റേന്ന്, ഇസബെല്ല, സുഖമോ ദേവി, സ്വാഗതം, ദശരഥം, ഇന്നലെ, പപ്പയുടെ സ്വന്തം അപ്പൂസ്, സൂര്യഗായത്രി, പക്ഷേ, പവിത്രം, ഉള്ളടക്കം, സുകൃതം, കളിയാട്ടം, വടക്കുംനാഥന്‍, ഭ്രമരം, പളുങ്ക്, അന്നയും റസൂലും, അപ്പോത്തിക്കിരി, ക്യാപ്റ്റന്‍ തുടങ്ങിയ സിനിമകളെല്ലാം പല കാലങ്ങളില്‍ പ്രേക്ഷക വികാരങ്ങളെ നോവിപ്പിക്കുകയും ഉള്ളുലയ്ക്കുന്ന ക്ലൈമാക്‌സുകള്‍ സമ്മാനിച്ചവയുമാണ്.

Content Highlights: kireedam, akashadoothu sad malayalam movies, show reel column by N P Muraleekrishnan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


ഡോ. ജോസ് സെബാസ്റ്റിയന്‍

8 min

സര്‍ക്കാര്‍ ജോലി 15 വര്‍ഷമാക്കണം,സാര്‍വത്രിക പെന്‍ഷന്‍ നല്‍കണം-ജോസ് സെബാസ്റ്റിയന്‍ | അഭിമുഖം

Dec 5, 2022

Most Commented