കരിസ്മ എന്നത് വെറുമൊരു പ്രയോഗമല്ല; കിംഗ് ഖാന്‍ ബോളിവുഡിന് നല്‍കുന്ന ആത്മവിശ്വാസം | ഷോ റീല്‍


എന്‍.പി. മുരളീകൃഷ്ണന്‍



Premium

.

സിദ്ധാര്‍ഥ് ആനന്ദിന്റെ 'പത്താനി'ല്‍ ടെയ്ല്‍ എന്‍ഡ് ആയി കാണിക്കുന്നത് ഷാരൂഖ് ഖാന്റെ റോ ഏജന്റ് കഥാപാത്രവും സല്‍മാന്‍ ഖാന്റെ ടൈഗര്‍ എന്ന കഥാപാത്രവും തമ്മിലുള്ള സംഭാഷണമാണ്. നമ്മള്‍ തുടങ്ങിയിട്ട് 30 വര്‍ഷം കഴിഞ്ഞുവല്ലേ, ഇനി മതിയാക്കണോ. നമുക്ക് പകരക്കാര്‍ വേണ്ടേ, ആരായിരിക്കും നമ്മുടെ പകരക്കാര്‍? അയാളാണോ? അല്ല, മറ്റേയാള്‍? അതോ ഇനി മറ്റേ ചങ്ങാതിയായിരിക്കുമോ? ഇങ്ങനെ പലരേയും കുറിച്ചുള്ള സന്ദേഹങ്ങള്‍ പങ്കുവച്ച് കൃത്യമായ പകരക്കാരനെക്കുറിച്ച് ഉത്തരം ലഭിക്കാതെ ഒടുവില്‍, വാ നമുക്ക് ഇനിയും മുന്നോട്ടുപോകാം എന്നു പറഞ്ഞ് റെയില്‍പാതയിലൂടെ നടക്കുകയാണ് ഇരുവരും. റോ ഏജന്റുമാരായ പത്താനും ടൈഗറും വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതും അവര്‍ക്ക് പകരംവയ്ക്കാന്‍ കഴിയുന്ന യുവ ഏജന്റുമാരെ നിര്‍ദേശിക്കുന്നതും ഒടുവില്‍ ഭീഷണികള്‍ക്കെതിരേ പോരാടാന്‍ സ്വയം തീരുമാനിക്കുന്നതുമാണ് സിനിമയിലെ ഈ വാല്‍ക്കഷ്ണം. എന്നാല്‍, മറിച്ചൊരര്‍ഥത്തില്‍ ഈ സംഭാഷണം മൂന്നു പതിറ്റാണ്ടു പിന്നിട്ട ബോളിവുഡിലെ ഇരുവരുടെയും പ്രബല സാന്നിധ്യത്തെയും തങ്ങള്‍ക്ക് പകരക്കാര്‍ ആരെന്ന ചര്‍ച്ചയും തന്നെയാണ്. ഇക്കാലയളവില്‍ ബോളിവുഡില്‍ ഖാന്‍മാരോളം താരമൂല്യം ഉയര്‍ത്താനും പകരക്കാരായി ചൂണ്ടിക്കാണിക്കാന്‍ പോന്നവരും ഇനിയുമുണ്ടായിട്ടില്ലെന്ന നേര്‍യാഥാര്‍ഥ്യമാണ് ഇവിടെ പറയാതെ പറയുന്നത്.

കരിസ്മ എന്നത് വെറുമൊരു വാക്കോ പ്രയോഗമോ അല്ലെന്നതിന് 'പത്താനി'ലെ പ്രകടനത്തിലൂടെയും ഈ സിനിമയുണ്ടാക്കിയ വലിയ വിജയത്തിലൂടെയും ഷാരൂഖ് ഒരിക്കല്‍കൂടി അടിവരയിടുകയാണ്. ഒരു സൂപ്പര്‍ താരത്തിന്റെ സാന്നിധ്യം സ്‌ക്രീനില്‍ എത്രത്തോളം പ്രതീക്ഷ നിറയ്ക്കുന്നുവെന്നും പ്രബലമാകുന്നുവെന്നും ഷാരൂഖ് തെളിയിക്കുന്നു. ഒരു നോട്ടത്തില്‍, കണ്ണിലും ചുണ്ടിലും വിരിയുന്ന ചിരപരിചിതമായ ആ ചിരിയില്‍, നടത്തത്തില്‍, ഇരുകൈകളും വിടര്‍ത്തിക്കൊണ്ടുള്ള ആ സിഗ്നേച്ചര്‍ നില്‍പ്പില്‍.. എല്ലാം ഷാരൂഖ് തനിക്കു മാത്രം പോന്ന അടയാളപ്പെടുത്തലുകള്‍ ആവര്‍ത്തിക്കുകയാണ്. അങ്ങനെ സര്‍വ്വ മേഖലകള്‍ക്കും ബ്രാന്‍ഡുകള്‍ക്കും സകല മനുഷ്യര്‍ക്കും കുടുംബങ്ങള്‍ക്കും എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ സ്വീകാര്യനായ ഈ ആഗോളതാരം തന്റെ വാണിജ്യമൂല്യത്തിനോ ജനപ്രീതിക്കോ തരിമ്പുപോലും കോട്ടം തട്ടിയിട്ടില്ലെന്ന് ഉറക്കെ വിളിച്ചുപറയുന്നു.

ഇന്ത്യന്‍ സിനിമയ്ക്ക് ഷാരൂഖ് ഖാന്‍ എന്താണെന്നും ബോളിവുഡിന് 'പത്താന്‍' പോലൊരു ബിഗ് ബഡ്ജറ്റ് ചിത്രം തീര്‍ക്കുന്ന വാണിജ്യവിജയം എത്രമാത്രം അനിവാര്യമാണെന്നുമാണ് ഈ വിജയത്തെ പ്രസക്തമാക്കുന്ന ഘടകം. ദക്ഷിണേന്ത്യന്‍ സിനിമകള്‍, പ്രത്യേകിച്ചും തെലുങ്ക്, കന്നട ബിഗ് ബജറ്റ് സിനിമകള്‍ ഹിന്ദി ഫിലിം ഇന്‍ഡസ്ട്രിക്ക് ഭീഷണി ഉയര്‍ത്തി വിജയം നേടുന്ന പുതിയ പ്രവണത രൂപപ്പെട്ട സാഹചര്യത്തില്‍ ദിവസങ്ങളോളം തിയേറ്റര്‍ നിറയ്ക്കുന്നൊരു സിനിമ ബോളിവുഡില്‍ സംഭവിക്കണമായിരുന്നു. അതാണ് 'പത്താനി'ലൂടെ ഷാരൂഖ് സാധ്യമാക്കി ഹിന്ദി സിനിമാ വ്യവസായത്തിനാകെ നല്‍കുന്ന ഉണര്‍വ്. ബോളിവുഡിന് ഇത് നേടിക്കൊടുക്കുന്നതില്‍ ഏറ്റവും പ്രാപ്തനായത് കിംഗ് ഖാന്‍ അല്ലാതെ മറ്റാരുമല്ല താനും. റിലീസ് ചെയ്ത് രണ്ടാഴ്ച കൊണ്ട് 'പത്താന്‍' 1000 കോടി ക്ലബ്ബിലേക്ക് എത്തുമ്പോള്‍ അത് ബോളിവുഡിന്റെയാകെ തലയുയര്‍ത്തല്‍ കൂടിയാണ്.

ഹോളിവുഡും ചൈനയും ഉള്‍പ്പെടെയുള്ള ലോകത്തെ പ്രധാന സിനിമാ ഇന്‍ഡസ്ട്രികളും മലയാളവും തമിഴും പോലുള്ള പ്രാദേശിക സിനിമാ വിപണികളും തുടര്‍ പരാജയങ്ങള്‍ വഴിവയ്ക്കുന്ന സമാനമായ മാന്ദ്യകാലത്തിലൂടെ കടന്നുപോയിട്ടുണ്ട്. വലിയൊരു വാണിജ്യ വിജയത്തിലൂടെയാണ് അതത് സിനിമാ ഇന്‍ഡസ്ട്രികള്‍ ഇതിനെ മറികടന്നിട്ടുള്ളത്. മിക്കപ്പോഴും സൂപ്പര്‍സ്റ്റാര്‍, മള്‍ട്ടിസ്റ്റാര്‍ സിനിമകളിലൂടെയോ പുതിയൊരു താരത്തിന്റെ ആവിര്‍ഭാവത്തിലൂടെയോ ഒക്കെയാണ് ഈ തിരിച്ചുവരവ് ഫിലിം ഇന്‍ഡസ്ട്രികള്‍ സാധ്യമാക്കിയിട്ടുള്ളത്. സംസ്ഥാനത്തിനു പുറത്ത് അധികം ശ്രദ്ധിക്കപ്പെടുകയോ കോടി ക്ലബ്ബുകളില്‍ ഇടംപിടിക്കുകയോ ചെയ്തിട്ടില്ലാത്ത കന്നട വാണിജ്യ സിനിമയെ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് ഉയര്‍ത്തിയത് കെ.ജി.എഫ്. എന്ന ഒറ്റ സിനിമയായിരുന്നു. ഇതോടെയാണ് കന്നട ഫിലിം ഇന്‍ഡസ്ട്രിയെ ഇന്ത്യന്‍ വാണിജ്യ സിനിമ ശ്രദ്ധിച്ചു തുടങ്ങിയത്.

കോവിഡില്‍ നിശ്ചലമാകുകയും ഒ.ടി.ടിയിലൂടെ മറ്റൊരു വിതാനത്തിലുള്ള സിനിമാസ്വാദനത്തിന്റെ സാധ്യത തുറന്നിടുകയും ചെയ്ത സിനിമാ വ്യവസായത്തിന് വലിയൊരു തീയേറ്റര്‍ വിജയത്തിലൂടെ മാത്രമേ പഴയ ഉണര്‍വിലേക്ക് എത്താനാകുമായിരുന്നുള്ളൂ. 'ആര്‍.ആര്‍.ആറി'ലൂടെ തെലുങ്ക് ഇന്‍ഡസ്ട്രിയും 'കെ.ജി.എഫി'ലൂടെയും 'കാന്താര'യിലൂടെയും കന്നട ഇന്‍ഡസ്ട്രിയും 'വിക്ര'ത്തിലൂടെ തമിഴ് ഇന്‍ഡസ്ട്രിയും ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ സാധിച്ചെടുത്തത് അതാണ്. മഹാമാരിക്ക് ശേഷമുള്ള ഘട്ടത്തില്‍ ഹിന്ദി സിനിമയ്ക്ക് നേടാനാകാതെ പോയതും ഇത്തരമൊരു വാണിജ്യ വിജയമാണ്.

നാലു വര്‍ഷം മുമ്പാണ് ഷാരൂഖ് നായകനായുള്ള ഒരു സിനിമ റിലീസ് ചെയ്ത്. സീറോ എന്ന ആനന്ദ് എല്‍. റേയുടെ ഈ സിനിമയ്ക്ക് അതിന്റെ ശീര്‍ഷകം പോലെ തന്നെ തീയേറ്ററില്‍ യാതൊരു ചലനങ്ങളുമുണ്ടാക്കാനായില്ല. കോവിഡ് തീവ്രത കുറഞ്ഞ ഇടവേളകളിലായി തിയേറ്ററിലെത്തിയ വലിയ സിനിമകളില്‍ സല്‍മാന്‍ ഖാനും ആമിർ ഖാനും അക്ഷയ് കുമാറും ഉള്‍പ്പെടെയുള്ള വലിയ പേരുകളുണ്ടായിരുന്നെങ്കിലും ഒരു വന്‍വിജയം നേടി ബോളിവുഡ് ഫിലിം ഇന്‍ഡസ്ട്രിയെ താങ്ങിനിര്‍ത്താന്‍ ഇവര്‍ക്കാര്‍ക്കുമായില്ല. അക്ഷയ് കുമാറിന് പരാജയങ്ങളുടെ പരമ്പര തന്നെ ഏറ്റുവാങ്ങേണ്ടിയും വന്നു. ആമിര്‍ ഖാന്റെ 'ലാല്‍ സിംഗ് ചദ്ദ' വിവാദങ്ങള്‍ക്കൊപ്പം കനത്ത പരാജയവുമായി. സല്‍മാന്‍ ഖാന്റെ 'രാധേ'യും 'ആന്റി'മും പരാജയങ്ങളായി. ഈ സാഹചര്യത്തില്‍ ദക്ഷിണേന്ത്യന്‍ ബിഗ് ബഡ്ജറ്റ് സിനിമകള്‍ ഉത്തരേന്ത്യയിലുള്‍പ്പെടെ തിയേറ്റര്‍ വിജയം നേടുകയും ബോളിവുഡിന് ദക്ഷിണേന്ത്യന്‍ ഇന്‍ഡസ്ട്രിയിലെ ചലനങ്ങളിലേക്ക് നോക്കിയിരിക്കേണ്ടതായും വന്നു.

പ്രാരംഭകാലം തൊട്ട് ഹിന്ദി വാണിജ്യ സിനിമകള്‍ ഉള്‍ക്കൊണ്ടുപോന്ന പാന്‍ ഇന്ത്യന്‍ സ്വഭാവം തന്നെയാണ് ദക്ഷിണേന്ത്യയിൽ നിന്നുമുണ്ടായത്. ഒരു കാലത്ത് ഹിന്ദി സിനിമ ഉപേക്ഷിച്ച ചരിത്ര സിനിമകള്‍ ദക്ഷിണേന്ത്യയില്‍നിന്ന് പൊടി തട്ടിയെടുക്കപ്പെടുകയും വിജയം വരിക്കുകയും ചെയ്തപ്പോള്‍ അതിനെ അനുകരിക്കാന്‍വരെ ബോളിവുഡ് ശ്രമിക്കുകയുണ്ടായി. 'ബാഹുബലി' സീരിസിന്റെ വന്‍വിജയത്തെ തുടര്‍ന്ന് ഒട്ടേറെ ചരിത്രസിനിമകള്‍ ബോളിവുഡില്‍നിന്ന് നിര്‍മ്മിക്കപ്പെട്ടത് ഓര്‍മിക്കുക. മികച്ച ദക്ഷിണേന്ത്യന്‍ സിനിമകളുടെ റീമേക്കുകള്‍ക്കായും ബോളിവുഡ് കാത്തിരുന്നു. 'ദൃശ്യം' സീരീസാണ് റീമേക്ക് ചെയ്ത് ഹിന്ദിയില്‍ അടുത്തകാലത്ത് ശ്രദ്ധിക്കപ്പെട്ട പ്രധാന സിനിമകളിലൊന്ന്. ഇങ്ങനെ പിറകോട്ടടിപ്പിക്കുന്ന നിരവധി സാഹചര്യങ്ങളില്‍ ബോളിവുഡിനാകെ ഉണര്‍വ്വ് പകര്‍ന്നാണ് ഷാരൂഖും 'പത്താനും' എഴുന്നുനില്‍ക്കുന്നത്. ഈ വിജയം ബോളിവുഡിനാകെ പ്രചോദനമാണ്. നിരവധി ബോളിവുഡ് താരങ്ങള്‍ ഇത് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്‌ക്രീനില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുന്ന ഷാരൂഖിന്റെ ഒരു പ്രകടനത്തിനായിട്ടാണ് ആരാധകര്‍ കാത്തിരുന്നത്. അതാണ് 'പത്താനി'ലൂടെ സാധ്യമാകുന്നത്. ഷാരൂഖും ഈ സിനിമയും ഉണ്ടാക്കിയ ആത്മവിശ്വാസത്തില്‍ നിന്നുകൊണ്ടാണ് ഇനി ബോളിവുഡിന് മുന്നോട്ടു നടക്കേണ്ടത്.

പതിവ് ആക്ഷന്‍ ഡ്രാമകള്‍ തുടര്‍ന്നുപോരുന്ന ആഖ്യാന ശൈലിയെങ്കിലും ഒരുനിമിഷംപോലും കാണികളുടെ ശ്രദ്ധ ചോര്‍ത്താതെ പിടിച്ചിരുത്തുന്നതിലാണ് 'പത്താന്റെ' വിജയം. ഷാരൂഖിന്റെ സാന്നിധ്യവും അപാരമായ സ്‌ക്രീന്‍ പ്രസന്‍സും തന്നെയാണ് മുഖ്യ ആകര്‍ഷണമാകുന്നത്. കരിസ്മ എന്നത് എല്ലാവര്‍ക്കും സാധ്യമാകുന്ന വ്യക്തിത്വവിശേഷമല്ല. ക്രിക്കറ്റ് ഗ്രൗണ്ടില്‍ സച്ചിനോ കോലിക്കോ ധോണിക്കോ ഒക്കെ സാന്നിധ്യം കൊണ്ട് മാത്രം തീര്‍ക്കാനാകുന്ന കരിസ്മ ഉണ്ട്. മെസിക്കും ക്രിസ്റ്റിയാനോയ്ക്കും നെയ്മറിനുമെല്ലാം ഫുട്‌ബോള്‍ മൈതാനങ്ങളില്‍ സാധ്യമാകുന്നതും മറ്റൊന്നല്ല. ഒരു വ്യക്തിക്ക് അഭിനയ പ്രകടനത്തിന് ഉപരിയായി അയാളുടെ കേവല സാന്നിധ്യവും ശരീരഭാഷയും പ്രസന്നതയും ചലനങ്ങളും ഭാവഹാവാദികളും കൊണ്ട് നിര്‍മ്മിക്കാനാകുന്ന ചില സവിശേഷങ്ങളായ പ്രത്യേകതകളും മൂല്യങ്ങളുമുണ്ട്. ഇത് എല്ലാവര്‍ക്കും പ്രാപ്യമാകുന്നതല്ലെന്നു മാത്രമല്ല അനുകരിക്കാനാകുന്നതുമല്ല. മൂന്നു പതിറ്റാണ്ടായി ഷാരൂഖ് സ്‌ക്രീനിലും പുറത്തും ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കുന്നത് ഈ സവിശേഷതയാണ്.

ഒരു വ്യക്തിക്ക് ഒരാള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാനാകുന്നു, ആ സാന്നിധ്യം അവര്‍ക്ക് നല്‍കുന്ന അവാച്യമായ സന്തോഷം ആരവത്തിന്റേയും ആര്‍പ്പുവിളികളുടേതുമാകുന്നു. അതത് സിനിമാ ഇന്‍ഡസ്ട്രികളില്‍ ഈ കരിസ്മ പുലര്‍ത്താനാകുന്ന താരങ്ങളാണ് സൂപ്പര്‍താരങ്ങളെന്ന പേരില്‍ വാഴ്ത്തപ്പെടുന്നത്. ഈ കരിസ്മ കൊണ്ട് ദശലക്ഷക്കണക്കിന് മനുഷ്യരെ തന്റെ ആരാധകരാക്കി മാറ്റാന്‍ ഷാരൂഖിന് ആയിട്ടുണ്ട്. ഷാരൂഖ് ഖാനെ പോലെ പ്രണയിച്ചവരായിരുന്നു പോയ പതിറ്റാണ്ടുകളിലെ പ്രണയികളെല്ലാം. ആ പ്രണയ, വീരനായകന്‍ പിന്നീട് ആക്ഷന്‍ ഹീറോയായും അമാനുഷികനായും വളരുന്നത് നമ്മള്‍ കണ്ടു. അപ്പോഴൊക്കെയും ആ ഇഷ്ടത്തിന്റെ തോത് കൂടുതല്‍ വലിയ ആരാധനയിലേക്ക് വഴി മാറിയതല്ലാതെ തെല്ലും കുറയുകയുണ്ടായില്ല. എല്ലാവര്‍ക്കും ഇഷ്ടപ്പെടുകയും ആരാധന തോന്നുകയും എല്ലാവര്‍ക്കും പ്രാപ്യനാണെന്ന് തോന്നിപ്പിക്കുകയും ചെയ്യുന്ന നടന, പെരുമാറ്റ സവിശേഷതകളാണ് ഷാരൂഖിന്റേത്. അതുകൊണ്ടു തന്നെയാണ് പല നാടുകളിലെ വ്യത്യസ്തരായ നിരവധി മനുഷ്യരും പല തലമുറകളും അയാളുടെ ആരാധകനായി മാറിയതും.

Content Highlights: King Khan is back Bollywood; Pathan's success redefining Bollywood

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


meenakshi anoop says she is cheated by her YouTube partners meenakshi youtube channel

1 min

യുട്യൂബ് വരുമാനത്തിന്റെ നല്ലൊരു ഭാഗവും അവര്‍ കൊണ്ടുപോയി; കബളിക്കപ്പെട്ടുവെന്ന് മീനാക്ഷി

Mar 20, 2023

Most Commented