രാജ്യത്ത് വലിയ കടമുള്ള സംസ്ഥാനങ്ങളിലൊന്ന്; ആർക്കാണ്, എവിടെയാണ് പിഴച്ചത്? | പ്രതിഭാഷണം


സി.പി.ജോണ്‍****കടമെടുക്കാതെ മുന്നോട്ടുപോകാന്‍ മാനവ വികസന സൂചിക ഉയര്‍ത്തി നിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു സര്‍ക്കാരിന് സാധ്യമല്ല. പുതിയ വികസന പദ്ധതികള്‍ തുടങ്ങാന്‍ നിര്‍ബന്ധിതരാകുന്ന സര്‍ക്കാരിനും കടമെടുക്കാതെ വയ്യ. പക്ഷേ എവിടെയാണ് പിണറായി സര്‍ക്കാരിന് പിഴച്ചത്?

.

കേരളത്തിന്റെ പൊതുകടം സംബന്ധിച്ച ചര്‍ച്ച വീണ്ടും സജീവമാകുകയാണ്. കേരളത്തിന്റെ ആകെ വരുമാനത്തിന്റെ (ജിഎസ്ഡിപി- ഗ്രോസ് സ്‌റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്ട്‌) 37 ശതമാനത്തോളം കടം വാങ്ങിച്ചിരിക്കുകയാണ് നമ്മുടെ സംസ്ഥാനം. ഈ പശ്ചാത്തലത്തില്‍ കേരളത്തിന്റെ രൂപീകരണകാലത്ത് എത്ര കടമുണ്ടായിരുന്നുവെന്നും ഇന്നത് എത്രയായി വളര്‍ന്നു എന്നത് സംബന്ധിച്ച നിരവധി പഠനങ്ങളും ലേഖനങ്ങളും വിവിധ മാധ്യമങ്ങളിലായി കടന്നുവരുന്നുണ്ട്. ചരിത്രകാരനും രാഷ്ട്രീയ നിരൂപകനുമായ ആര്‍.കെ. ബിജുരാജ് എഴുതിയ ധനകാര്യ ലേഖനത്തില്‍ 1957-ല്‍ കേരളത്തിന്റെ കടം വെറും 34 കോടി രൂപ മാത്രമായിരുന്നുവെന്നും ഇന്നത് 3.3 ലക്ഷം കോടിയായി വളര്‍ന്നുവെന്നും കൃത്യമായ രീതിയില്‍ വിവരിക്കുന്നുണ്ട്. നിരവധി മറ്റു നിരീക്ഷകരും ഇതു സംബന്ധിച്ച വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുകയാണ്.

കേരളത്തിന്റെ കടം മാത്രമല്ല, ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ കടം തന്നെ വലിയതോതില്‍ വളരുകയാണ് എന്നും കടത്തോടൊപ്പം തന്നെ ധനക്കമ്മിയും നിയമപ്രകാരം നിശ്ചയിച്ച മൂന്നു ശതമാനവും കടന്ന് ഏതാണ്ട് ആറു ശതമാനം വരെ പല സംസ്ഥാനങ്ങളിലും വളര്‍ന്നിരിക്കുന്നുവെന്നും പല നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു.

ജിഎസ്ഡിപിയുടെ ഏതാണ്ട് 50 ശതമാനം കടം വാങ്ങിയ പഞ്ചാബും അതുപോലെ ധനക്കമ്മിയില്‍ ആറു ശതമാനത്തിന് അടുത്തു നില്‍ക്കുന്ന രാജസ്ഥാനും റിസര്‍വ് ബാങ്കിന്റെ വിമര്‍ശനത്തിന് പാത്രമായിട്ടുണ്ട്. കേരളത്തിന്റെ സ്ഥാനം ഈ രണ്ടു സംസ്ഥാനങ്ങളുടെയും താഴെയാണ്. കേരളത്തിന്റെ ധനക്കമ്മി നാലര ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ നേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ കേരളത്തിന്റെ ആകെ വരുമാനത്തിന്റെ 37 ശതമാനം കടം വാങ്ങിച്ച തുക പെരുകി നില്‍ക്കുന്നു.

കേരളത്തേക്കാളും മോശമാണ് ബിഹാറും ആന്ധ്രയും എന്ന് സമാധാനിക്കാമെങ്കിലും നമ്മുടെ അയല്‍സംസ്ഥാനമായ തമിഴിനാട് ആകെ വരുമാനത്തിന്റെ ആകെ 25 ശതമാനം മാത്രമേ ഇതിനകം ആകെ കടംവാങ്ങിച്ചിട്ടുളളൂ. പക്ഷേ, തമിഴ്‌നാടിന്റെ ധനക്കമ്മി ജിഎസ്ഡിപിയുടെ ഏതാണ്ട് നാലരശതമാനം തന്നെയുണ്ട് താനും. കര്‍ണാടകത്തിന്റെ സ്ഥിതിയും കുറച്ചുകൂടി മെച്ചമാണ്. കര്‍ണാടക ജിഎസ്ഡിപിയുടെ 22 ശതമാനം മാത്രം കടംവാങ്ങിക്കുകയും ധനക്കമ്മി 4 ശതമാനത്തിന് താഴെ പിടിച്ചുനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാള്‍ കേരളത്തോടൊപ്പം തന്നെ ജിഎസ്ഡിപി കണക്കില്‍ കടം വാങ്ങിയിട്ടുണ്ടെങ്കിലും ധനക്കമ്മി മൂന്ന രശതമാനത്തിന് താഴെ നിര്‍ത്തിയിട്ടുണ്ട്.

എവിടെയാണ് പിഴച്ചത് ? ആര്‍ക്കാണ് പിഴച്ചത് ? എന്താണ് ചെയ്യേണ്ടത് ? എന്നത് സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ ആഴത്തിലേക്കുളള പഠനത്തിലേക്ക് കടക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയും കേരളത്തിന്റെ റവന്യൂ വരുമാനം വളരെ മോശമല്ല എന്ന വസ്തുത. കേരളവും ഹരിയാണയും ആന്ധ്രയും പഞ്ചാബും രാജസ്ഥാനുമെല്ലാം ആകെ വരുമാനത്തിന്റെ 50 ശതമാനത്തിനടുത്ത് സ്വന്തം വരുമാനമുളളവരാണ്. കേരളത്തിന് അമ്പതു ശതമാനമുളളപ്പോള്‍ ഹരിയാണക്ക് ഏതാണ്ട് അറുപതു ശതമാനവും സ്വന്തം വരുമാനമാണ്. കേരളത്തിന് താഴെയാണ് ആന്ധ്രയുടെയും പഞ്ചാബിന്റെും രാജസ്ഥാന്റെയും സ്ഥിതി.

എന്നാല്‍, യു.പിയിലേക്ക് നോക്കിയാല്‍ അവിടെ കേന്ദ്രത്തില്‍ നിന്നുളള വരുമാനം വളരെ കൂടുതലാണ് എന്ന് കാണാം. യു.പിക്ക് തനതുവരുമാനത്തിന്റെയും കേന്ദ്രസഹായത്തിന്റെയും ആകെത്തുകയായ ആകെ വരുമാനത്തിന്റെ 40 ശതമാനം മാത്രമേ സ്വന്തം വരുമാനമായിട്ട് ഉളളൂ. ഇത് കാണിക്കുന്നത് കടം വാങ്ങേണ്ടി വരുന്നതിന്റെ കാരണങ്ങള്‍ തന്നെയാണ്. കേരളം, പഞ്ചാബ് തുടങ്ങി സംസ്ഥാനങ്ങള്‍ മാനവ വികസന സൂചികയില്‍ ഉയര്‍ന്നുനില്‍ക്കുകയാണ്. കേരളമാണ് വളരെക്കാലമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. കേരളം കഴിഞ്ഞാല്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ ഒഴിവാക്കിയാല്‍, പഞ്ചാബും മാനവ വികസന സൂചികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ്. ഇത്തരം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസഹായം കുറയ്ക്കുന്ന ന
ടപടികള്‍ കടംവാങ്ങിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിപ്പിക്കുന്നുണ്ട്.

ഇതിന് മറ്റൊരു അര്‍ഥവും കൂടി വായിച്ചെടുക്കേണ്ടതായിട്ടുണ്ട്. മാനവ വികസന സൂചിക ഉയര്‍ത്തി നിര്‍ത്തണമെങ്കില്‍ ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടണം. ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടണമെങ്കില്‍ കൂടുതല്‍ അധ്യാപകരും ഡോക്ടര്‍മാരും നഴ്‌സുമാരും അനുബന്ധ ജീവനക്കാരും വേണം. അവരെ നിയമിച്ചതുകൊണ്ട് അവര്‍ക്കു നല്‍കുന്ന ശമ്പളത്തില്‍ നിന്ന് ലാഭനഷ്ടക്കണക്കില്‍ ബാലന്‍സ് ഷീറ്റ് പരിശോധിക്കുമ്പോള്‍ ഗുണം ഉണ്ടാവുകയില്ല എങ്കില്‍പോലും വികനത്തിന്റെ ഒരു സൂചികയായ ക്യാപിറ്റല്‍ ഫോര്‍മേഷന്റെ മറുവശമായ സോഷ്യല്‍ കാപിറ്റല്‍ അല്ലെങ്കില്‍ സാമൂഹിക മൂലധനം വര്‍ധിക്കുന്നതിന്റെ ഭാഗമായി മാനവ വികസന സൂചിക ഉയര്‍ന്ന് നില്‍ക്കുകയും ചെയ്യും.

ക്രമസമാധാന പാലനത്തിന് കൂടുതല്‍ പോലീസുകാര്‍ ആവശ്യമുണ്ട്. ഇപ്പോഴും വികസിത രാജ്യങ്ങളിലെ ഒരു ലക്ഷത്തിന് ഇത്ര പോലീസ് എന്ന കണക്കിലേക്ക് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞിട്ടില്ല. അധ്യാപകരുടേയും പാലിയേറ്റീവ് ചികിത്സ ചെയ്യുന്ന സംവിധാനങ്ങളുടെയും കാര്യത്തില്‍ ഇപ്പോഴും നാം പിറകിലാണ്. ഇവിടെയാണ് സങ്കീര്‍ണമായ സമസ്യ ഉരുത്തിരിയുന്നത്.

ഒരു ഭാഗത്ത് യൂറോപ്പിന്റെ നിലയിലേക്ക് ശിശുമരണ നിരക്കും ആയുര്‍ദൈര്‍ഘ്യവും ഉയര്‍ത്തുക എന്ന പ്രവൃത്തി നാം ചെയ്തിട്ടുണ്ട്. മറുവശത്ത് ഇത് ചെയ്യണമെങ്കില്‍ നമുക്ക് വേണ്ടത്ര വരുമാനം ഇല്ല. റവന്യൂവരുമാനത്തിന്റെ പല സ്രോതസ്സുകളും നമുക്ക് അടഞ്ഞു പോയി. അതിലൊന്ന് വനത്തില്‍ നിന്നുളള വരുമാനമായിരുന്നു. പഴയ തിരുവിതാംകൂറിലും തമിഴ്‌നാടിന്റെ ഭാഗമായിരുന്ന മലബാറിലും ഇന്ന് അത്തരം വരുമാനങ്ങള്‍ നിലച്ചു. കാര്‍ഷിക നികുതി ഫലത്തില്‍ ഇല്ലാതായി. നമ്മുടെ നികുതി വരുമാനം എന്നുപറയുന്നത് സെയില്‍സ്‌ ടാക്‌സിന്റെ പുതിയ രൂപമായ ജിഎസ്ടി മാത്രമാണ്. വാസ്തവത്തില്‍ സെയില്‍സ്‌ ടാക്‌സ് എന്ന സങ്കൽപ്പം ഇന്ത്യയില്‍ കൊണ്ടുവന്നത് രാജാജി ഗവര്‍ണമെന്റാണ്. അത് കൊണ്ടുവന്നതാകട്ടേ നമ്മുടെ നാട്ടുകാരനും അധികം പേര്‍ അറിയാത്ത വ്യക്തിയുമായ ഇന്ത്യയുടെ ധനകാര്യ ഉപദേഷ്ടാവായിരുന്ന പി.ജെ. തോമസാണ്.

ചരിത്രത്തിലേക്ക് പോകാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ വില്പന നികുതിയുടെ പുതിയ രൂപമായ ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സിനെ ആശ്രയിച്ചുകൊണ്ടും എക്‌സൈസിലൂടെയും പെട്രോളിയം ഉല്പന്നങ്ങളുടെ വരുമാനത്തിലൂടെയും കിട്ടുന്ന വരുമാനത്തെ ആശ്രയിച്ചുകൊണ്ടും കേരളം മുന്നോട്ടു പോകുമ്പോള്‍ കേരളം പോലുളള സംസ്ഥാനങ്ങള്‍ക്ക് നമ്മുടെ മാനവ വികസന സൂചിക അനുസരിച്ചുളള ധനകാര്യ കമ്മിഷന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ് മൗലികമായ ഒരു പ്രശ്‌നം.

അടുത്തകാലത്ത് 2.9 ശതമാനത്തില്‍ നിന്ന് 1.9 ശതമാനമായി ധനകാര്യകമ്മിഷന്റെ ഗ്രാന്റ് കുത്തനെ കുറഞ്ഞതിന്റെ ഫലമായി നമുക്ക് അര്‍ഹമായ കേന്ദ്രത്തില്‍ നിന്നുളള വരുമാനം ഗണ്യമായി കുറഞ്ഞു. പക്ഷേ, ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നമ്മുടെ റവന്യൂ ചെലവുകളുടെ ഭാഗമായി ഉണ്ടായ റവന്യൂ കമ്മി നികത്തുന്നതിന് വേണ്ടി പ്രതിമാസം 1700 കോടി രൂപയുടെ ഒരു വലിയ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ഫിനാന്‍സ് കമ്മിഷന്‍ നല്‍കി എന്ന കാര്യവും മറന്നുപോകരുത്.

ഒരു മാസം കേരളത്തിന് ശമ്പളം കൊടുക്കാന്‍ ഏകദേശം 2500 കോടി രൂപ ചെലവഴിക്കുമ്പോള്‍ അഞ്ചു വര്‍ഷക്കാലം 1700 കോടി രൂപവീതം പ്രതിമാസം ഫിനാന്‍സ് കമ്മിഷന്‍ ഗ്രാന്റ് ലഭിച്ചത് നിസാരകാര്യമായി കാണുന്നില്ല. ഈ സാഹചര്യത്തില്‍ വികസനത്തിന് വേണ്ടി കടമെടുക്കുക എന്നത് അനിവാര്യമായ സംഗതിയാണ് എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, ഇന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ രണ്ടു തരത്തിലുളള കുടുക്കില്‍ ചെന്നുപെട്ടിരിക്കുകയാണ്.

ലോകബാങ്കില്‍നിന്നും എ.ഡി.ബിയില്‍നിന്നും കടമെടുത്തപ്പോള്‍ അവരെ ചെരിപ്പുമാല അണിയിക്കാനും കരി ഓയില്‍ ഒഴിക്കാനും നിന്നത് അന്നത്തെ ഇടതുമുന്നണിയാണ്. ഇത്തരം കടമെടുപ്പിന് സഹായിക്കുന്ന ഉദ്യോഗസ്ഥന്മാരെ ചെരുപ്പൂരി അടിക്കും എന്നുപറഞ്ഞത് അന്നത്തെ പ്രതിപക്ഷനേതാവ് അച്യുതാനന്ദനാണ്. എ.ഡി.ബിയില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ വഴിയായി എടുക്കുന്ന കടങ്ങള്‍ പോലും സംസ്ഥാനത്തെ സാമ്രാജ്യത്വശക്തികള്‍ക്ക് പണയം വെക്കലാണ് എന്ന് വലിയ വായില്‍ സംസാരിച്ച പാര്‍ട്ടിയുടെ പ്രതിനിധിയാണ് പിണറായി വിജയന്‍.

പക്ഷേ, അദ്ദേഹം വലിയ തോതില്‍ കടമെടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു എന്നുമാത്രമല്ല, കടമെടുക്കുന്നതിന് ആദ്യ ധനമന്ത്രിയായ തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ കിഫ്ബി എന്ന സംവിധാനം ഉണ്ടാക്കി. ആ സംവിധാനത്തിലൂടെ വിദേശത്ത് നിന്ന് നേരിട്ട് (ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലൂടെ) കടമെടുക്കുന്ന പുതിയ രീതിയും അദ്ദേഹം കണ്ടെത്തി. അതൊടൊപ്പംതന്നെ 9 ശതമാനം പലിശ കൊടുത്ത് കടം വാങ്ങുന്ന വിഡ്ഢിത്തവും ചെയ്തു. കിഫ്ബിയിലൂടെ എടുക്കുന്ന കടം പൊതുകടത്തിന്റെ പട്ടികയില്‍ പെടുത്തണം എന്നുപറഞ്ഞ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് നിയമസഭയില്‍ തന്നെ നിയമം പാസ്സാക്കിയ മന്ത്രിസഭയാണ് ഒന്നാം പിണറായി മന്ത്രിസഭ.

പക്ഷേ, കടമെടുപ്പ് അനസ്യൂതമായി തുടര്‍ന്നു. അല്ലെങ്കില്‍ തുടരാന്‍ നിര്‍ബന്ധിതരായി. കണക്കുകളിലേക്ക് നോക്കിയാല്‍ 2014-15-ല്‍ കടമെടുത്തത് 16,431 കോടിയാണെങ്കില്‍ 21-22-ല്‍ അത് 26,633കോടിയായി ഉയര്‍ന്നു. 2006-2007-ല്‍ അത് വെറും 3946കോടിയായിരുന്നു എന്നോര്‍ക്കുമ്പോള്‍ ഓരോ വര്‍ഷവും കടമെടുക്കുന്നതിന്റെ വലിപ്പം എത്രയാണെന്ന് ഊഹിക്കാവുന്നതേയുളളൂ. വീണ്ടും പറഞ്ഞുവെക്കട്ടേ, കടമെടുക്കാതെ മുന്നോട്ടുപോകാന്‍ മാനവ വികസന സൂചിക ഉയര്‍ത്തി നിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു സര്‍ക്കാരിന് സാധ്യമല്ലാത്തതിനാല്‍ തന്നെ പുതിയ വികസന പദ്ധതികള്‍ തുടങ്ങാന്‍ നിര്‍ബന്ധിതരാകുന്ന സര്‍ക്കാരിനും സാധ്യമല്ല എന്നു പറയാതെ വയ്യ. പക്ഷേ, എവിടെയാണ് പിണറായി സര്‍ക്കാരിന് പിഴച്ചത്?

നമുക്ക് വീണ്ടും പഴയ കണക്കുകളിലേക്ക് മടങ്ങാം. 1957-ല്‍ സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പുതന്നെ അന്നത്തെ ശക്തമായിരുന്ന പ്ലാനിങ് കമ്മിഷന്‍ പുതിയ സംസ്ഥാനമായ കേരളത്തിന്റെ പദ്ധതി അടങ്കല്‍ 87 കോടിയായി നിജപ്പെടുത്തിയിരുന്നു. ഇന്ന് എത്ര കോടിയാണ് പദ്ധതി അടങ്കല്‍? പിണറായി സര്‍ക്കാര്‍ മറ്റൊരു ചരിത്രം കൂടി സൃഷ്ടിച്ചു. 30,000 കോടിയായിരുന്ന പദ്ധതി അടങ്കല്‍ 27,000 ആയി കുറയ്ക്കുകയും രണ്ടുവര്‍ഷം അതേ തുക നിലിര്‍ത്തുകയും ചെയ്തു. കഴിഞ്ഞവര്‍ഷം അത് 30,000 ആയി ഉയര്‍ത്തി. വാസ്തവത്തില്‍ അന്ന്‌ 30,000 കോടി ആയിരുന്ന പദ്ധതി ഈ കഴിഞ്ഞ നാലു വര്‍ഷക്കാലം കൊണ്ട് 40,000 കോടിയായെങ്കിലും ഉയരേണ്ടിയിരുന്നു. എന്നാല്‍, പ്ലാന്‍ ബി എന്നുവിളിക്കാവുന്ന കിഫ്ബി ഈ 10,000 കോടി രൂപ പോലും ചെലവഴിച്ചിട്ടില്ല. വാര്‍ഷിക പദ്ധതിക്ക് വേണ്ടി മാറ്റിവെച്ച തുക പോലും വലിയ തരത്തില്‍ ലാപ്‌സായി. ഇവിടെയാണ് ഈ ലേഖകന്‍ കടമെടുപ്പും പദ്ധതിയും തമ്മിലുളള ബന്ധമെന്താണ് എന്ന വസ്തുതയിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കാന്‍ ആഗ്രഹിക്കുന്നത്.

1957-ല്‍ ആകെ കടം 34കോടിയായിരുന്നപ്പോള്‍ അതേ വര്‍ഷം നമ്മുടെ പദ്ധതി അടങ്കല്‍ 87 കോടിയായിരുന്നു. അതായത് കടത്തിന്റെ ഇരട്ടി ഉളള ഒരു പ്ലാനാണ് പ്ലാനിങ് കമ്മിഷന്‍ നമുക്ക് അനുവദിച്ച് നല്‍കിയത്. ഇന്ന് ആകെ കടം 3.3 ലക്ഷമായി ഉയര്‍ന്നപ്പോള്‍ നമ്മുടെ വാര്‍ഷിക പദ്ധതി 30,000 കോടിയിലേക്ക് ഇഴഞ്ഞുകയറിയിരിക്കുകയാണ്. കടത്തേക്കാളും വലിയ വാര്‍ഷിക പദ്ധതിയുണ്ടായിരുന്ന കേരളത്തിന് കടത്തിന്റെ പത്തിലൊന്ന് ഉളള വാര്‍ഷിക പദ്ധതി പോലും ഇപ്പോഴില്ല എന്നതാണ് കടമെടുപ്പിന്റെ മുഖ്യ ദൗര്‍ബല്യമായി കാണേണ്ടത്. വാസ്തവത്തില്‍ കേരളത്തിന്റെ പ്ലാന്‍ അഥവാ വാര്‍ഷിക പദ്ധതി ഏറ്റവും ചുരുങ്ങിയത് ഇതിനകം 50,000 കോടിയായി വളരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നിശ്ചയമായും, ഇന്ത്യയില്‍ ഒരു സംസ്ഥാനത്തുമില്ലാത്തതുപോലെ അതിന്റെ ഏതാണ്ട് 25 ശതമാനം പഞ്ചായത്തുകള്‍ക്ക് നല്‍കുന്നുമുണ്ട്.

അങ്ങനെ വരുമ്പോള്‍ 12,000 കോടി വികസനഫണ്ട് പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ലഭിക്കും. മാത്രമല്ല, നമ്മുടെ നികുതിയുടെ ഒമ്പത് ശതമാനം പഞ്ചായത്തുകള്‍ക്ക് നാം നല്‍കുന്നുണ്ട്. പദ്ധതി അമ്പതിനായിരമായാല്‍ അയ്യായിരം കോടി പട്ടികജാതി വികസനത്തിനും 1500 കോടി പട്ടികവര്‍ഗ വികസനത്തിനും ലഭിക്കുമായിരുന്നു. അതുകൊണ്ടുതന്നെ നമ്മുടെ വാര്‍ഷിക പദ്ധതി കൃത്യമായ തലത്തില്‍ വികസിക്കുന്നതിന് വേണ്ടിയായിരുന്നു നാം വന്‍കടമെടുത്തിരുന്നത് എങ്കില്‍ ആ കടം അടച്ചുതീര്‍ക്കാനുളള നികുതി പണം വികസനത്തിലൂടെ നമുക്ക് ഉണ്ടാക്കുവാന്‍ സാധിക്കുമായിരുന്നു എന്ന് കരുതുന്ന ഒരാളാണ് ഈ ലേഖകന്‍.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വെളളപ്പൊക്കത്തിന്റെയും മഹാമാരിയുടെയും കാരണം കൊണ്ടാണെങ്കില്‍ പോലും നികുതി വരുമാനം കുറയുകയാണ് ചെയ്തത്. കോവിഡ് വരുന്നതിന് മുമ്പുതന്നെ 1,06,000 കോടി റവന്യൂ വരുമാനം 97,000 കോടിയായി കുറഞ്ഞിരുന്നു.

ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ അത് 1,17,000 കോടിയായി ഉയര്‍ന്നിട്ടുണ്ട് എന്നത് ആശ്വാസകരമാണെങ്കില്‍ പോലും കേരളം കണ്ട ഏറ്റവും വലിയ റവന്യൂകമ്മി ഉളള ഒരു ബജറ്റാണ് ബാലഗോപാലിന്റെ ബജറ്റ് എന്ന് പറയാതിരിക്കാന്‍ സാധ്യമല്ല. കാരണം, വരുമാനം ഈ കാലഘട്ടമാകുമ്പോഴേക്കും ഏതാണ്ട് ഒന്നര ലക്ഷം കോടിയായി ഉയരേണ്ടതായിരുന്നു. പല കാരണങ്ങളും അതിനുണ്ട്. തീര്‍ച്ചയായും ആ കാരണങ്ങള്‍ നിസാരമാണെന്ന് പറയുന്നില്ലെങ്കിലും റവന്യൂ ചെലവുകള്‍ കുറയ്ക്കുക എന്നത് ഒരു സര്‍ക്കാരിന്റെ ഒരു ലക്ഷ്യമേ ആയിക്കാണുന്നില്ല എന്നത് പൊതുമണ്ഡലത്തില്‍ ഈ സര്‍ക്കാരിനെ എതിരായ ശക്തമായ വിമര്‍ശനമായി വന്നിരിക്കുകയാണ്.

കേവലം പേഴ്‌സണല്‍ സ്റ്റാഫിന് കൊടുക്കുന്ന ശമ്പളത്തിന്റെ അളവുകൊണ്ടോ അതല്ലെങ്കില്‍ ചില പെന്‍ഷനുകള്‍ കൊണ്ടോ മാത്രമല്ല നമ്മുടെ ചെലവുകള്‍ കൂടിയിരിക്കുന്നത്. ചെലവുകള്‍ക്ക് കുറയ്ക്കാനുളള ഒരു നടപടിയും നമ്മുടെ സര്‍ക്കാര്‍ എടുക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന സന്ദേശമാണ് സര്‍ക്കാരിന്റെ ഓരോ നടപടികളിലൂടെയും ജനങ്ങള്‍ മനസ്സിലാക്കുന്നത്.

മുഖ്യമന്ത്രിയുടെ കാറുകളുടെ എണ്ണം മാത്രമല്ല, ഓരോ ഡിപ്പാര്‍ട്ടുമെന്റിലും വാഹനങ്ങള്‍ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും നിയന്ത്രണമേയില്ല എന്ന മട്ടിലാണ് കാര്യങ്ങള്‍ പോകുന്നത്. എന്നാല്‍, ഐക്യജനാധിപത്യ മുന്നണി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച പങ്കാളിത്ത പെന്‍ഷന്‍ എന്ന ദീര്‍ഘകാലാടിസ്ഥാനത്തില്‍ റവന്യൂ ചെലവു കുറയ്ക്കുന്ന നടപടി ഇടതുമുന്നണി ഇപ്പോഴും തുടരുകയാണ്. അതിനെതിരായ അനിശ്ചിതകാല സമരം അന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും ഇന്ന് ആ സമരകാര്യങ്ങളൊന്നും തന്നെ ഇന്നത്തെ ഭരണകക്ഷി അനുകൂലികള്‍ പുറത്തുപറയുന്നില്ല.

നിശ്ചയമായും ദീര്‍ഘകാല അടിസ്ഥാനത്തില്‍ അത്തരം നടപടികളുടെ ഫലമായി റവന്യൂ ചെലവ് കുറയാനുളള സാധ്യതയുണ്ട്. ഇരട്ട ആനുകൂല്യങ്ങള്‍ നല്‍കണം എന്നുളളത് ആരും ആവശ്യപ്പെടുന്ന കാര്യമല്ല. എല്ലാവര്‍ക്കും ചെറിയ തരത്തിലുളള പെന്‍ഷന്‍ കിട്ടുക എന്നുളളത് കേരളത്തിന്റെ അവകാശമാണ്. നാം അത് ഉയര്‍ത്തിക്കാണിക്കാറുണ്ടെങ്കിലും കേരളത്തേക്കാളും മെച്ചപ്പെട്ട പെന്‍ഷനുകള്‍ നല്‍കുന്ന സംസ്ഥാനങ്ങള്‍ നമുക്ക് തൊട്ടപ്പുറത്തുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ.

അതുകൊണ്ട് ചെലവുകള്‍ കേവലമായി കുറയ്ക്കുക എന്നതല്ല. മറിച്ച് ചെലവുകള്‍ ചെയ്യുമ്പോള്‍ തന്നെ അത് ധൂര്‍ത്തല്ലാതെ ചെയ്യണമെന്ന് വാശിപിടിക്കുകയും ഒപ്പം ഓരോ ചെലവ് ചെയ്യുമ്പോഴും അത് കടംവാങ്ങി ചെയ്യുന്നതാണെങ്കിലും ഭാവിയില്‍ അതിന്റെ ഫലമായി വികസനം ഉണ്ടാവുകയും നികുതി ഉണ്ടാവുകയും ചെയ്യുകയും വേണമെന്ന കാഴ്ചപ്പാടിന്റെ അഭാവമാണ് ഇന്നത്തെ കടത്തെ വിഷലിപ്തമായി അഥവാ ടോക്‌സിക് ആയി മാറ്റിയിരിക്കുന്നത്. കടത്തെ ന്യായീകരിക്കുന്ന ഇടതു മുന്നണിയുടെ സാമ്പത്തിക വിദഗ്ധന്മാരെ കാണുമ്പോള്‍ വീണ്ടും ഏഷ്യന്‍ ഡവലപ്പ്‌മെന്റ് ബാങ്കിന്റെ കടമെടുപ്പുകാലം ഈ ലേഖകന്‍ ഓര്‍ത്തുപോവുകയാണ്. പഴയകാലം വെറുതേ ചികഞ്ഞുനോക്കിയിട്ട് പ്രത്യേകിച്ച് ഫലമൊന്നുമില്ല എങ്കില്‍പോലും.

കേരളത്തിലെ സാമ്പത്തിക വിദഗ്ധന്മാര്‍ ഒരുകാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. നമ്മുടെ കടത്തിന്റെ വലിപ്പത്തേക്കാള്‍ നമ്മുടെ കടത്തിന്റെ സ്വഭാവം മോശമാണ് എന്ന വസ്തുത. ജിഎസ്ഡിപിയുടെ എത്ര ശതമാനം കടമെടുത്തു എന്നതു മാത്രമല്ല അങ്ങനെ എടുക്കുന്ന കടങ്ങള്‍ കൊണ്ട് നികുതി വര്‍ധിപ്പിക്കുവാനുളള സ്വന്തം വരുമാനം വര്‍ധിപ്പിക്കുവാനുളള നടപടികള്‍ മുന്‍കൂട്ടി കാണുന്നുണ്ടോ എന്നതാണ് പ്രശ്‌നം. ഇതിനു വേണ്ടി പരസ്പരം തര്‍ക്കത്തിലൂടെയല്ലാത്ത കൃത്യമായ വിശകലനങ്ങള്‍ ഇന്ന് അനിവാര്യമായി തീര്‍ന്നിരിക്കുകയാണ്. കടവും കടത്തിന്റെ സ്വഭാവവും കടത്തിന്റെ അപകടവും ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അവരെയെല്ലാം പിന്തിരിപ്പന്‍മാരായി മുദ്രകുത്തിയിട്ട് കാര്യമില്ല. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കടമുളള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിട്ടുണ്ട് എന്നത് അഭിമാനിക്കേണ്ട കാര്യമല്ല. അത്തരം കടങ്ങള്‍ കൊണ്ട് കൂടുതല്‍ വരുമാനം ഉണ്ടാകും എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട് കടമെടുത്ത് വികസനപ്രവര്‍ത്തനം നടത്തുകയാണ് വേണ്ടത്. അതിന് പുരോഗമന ചിന്താഗതിക്കാരായ ആരും എതിരാകുമെന്നും തോന്നുന്നില്ല.

Content Highlights: Kerala's total debt

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented