പ്രതീകാത്മക ചിത്രം
സമരങ്ങളെ പറ്റിയാണ് പ്രതിസന്ധി. കരിങ്കൊടി വേണോ വെളുത്ത മാസ്‌ക് വേണോ തുണിയുടുക്കണോ തുണി പറിക്കണോ? തര്‍ക്കം വേണ്ടത്രയാണ് നിയമസഭയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത് വലിയ സമരങ്ങള്‍തന്നെ എന്നതില്‍ സംശയമില്ല. കാരണം അധികാരത്തിന്റെ ബലപ്രയോഗം എത്രത്തോളം എന്നതാണ് ഓരോ ചെറുപ്രതിഷേധത്തിന്റേയും വ്യാപ്തി നിശ്ചയിക്കുന്നത്. റോഡില്‍ ഇറങ്ങുന്നവരെ പോലീസ് സംശയദൃഷ്ട്യാ നോക്കുന്നതും കറുത്ത ഉടുപ്പിട്ടവരെ മാറ്റിനിര്‍ത്തുന്നതും നമ്മള്‍ കണ്ടു, മരുന്നു വാങ്ങാന്‍ പോയവര്‍പോലും തടഞ്ഞുനിര്‍ത്തപ്പെട്ടു. മരണവീട്ടിലെ കരിങ്കൊടിവരെ ഉരിച്ചെടുക്കപ്പെട്ടു.
അപ്പോള്‍ പിന്നെ കരിങ്കൊടി കാണിക്കല്‍ ശ്രമകരമാണ്. ഓടിയെത്തി കാണിക്കേണ്ടി വരും. പ്രഖ്യാപിത സമരങ്ങള്‍ അനുവദിക്കാത്തിടത്ത് പ്രത്യേകിച്ചും. യൂത്ത് കോണ്‍ഗ്രസ്സിന്റെ സമരങ്ങള്‍, പ്രതിപക്ഷത്തിന്റെ സമരങ്ങള്‍ സാധുവാകുന്നതും ഇവിടെയാണ്. ഇനി പ്രഖ്യാപിത സമരങ്ങളുടെ കാര്യമെടുക്കാം. കുറേക്കാലമായി എന്താണ് സംഭവിക്കുന്നത്? സമരപ്രഖ്യാപനം, സംഘടിക്കല്‍, മാര്‍ച്ച്, പോലീസ് കാത്തുനില്‍പ്, ബാരിക്കേഡ്, പ്രകടനം, ഇരച്ചുകയറല്‍, ജലപീരങ്കി, ലാത്തിച്ചാര്‍ജ്, ടിയര്‍ഗ്യാസ്, ഗ്രനേഡ്, ചിതറിയോടല്‍. നനഞ്ഞുകുതിരല്‍, നേതാക്കളുടെ വരവ്. ക്യാമറകള്‍ക്ക് മുന്നിലുള്ള കുശലം. ഇതിനപ്പുറം എന്ത് സമരമാണ് ജനാധിപത്യകേരളം കണ്ടിട്ടുള്ളത്...! എത്ര സമരമാണ് ജനങ്ങളിലേക്ക് എത്തിയിട്ടുള്ളത്?
ഇതേ സമരരീതികള്‍ ഇതിനേക്കാള്‍ കര്‍ക്കശമായി അനുഭവിപ്പിച്ചിട്ടുള്ളവരാണ് ഇപ്പോള്‍ ഭരണപക്ഷത്തുള്ളത്. പണ്ട് ചോരയൊലിപ്പിച്ചു നിന്ന സുകന്യയും ഗീനാകുമാരിയും. വിളനിലത്തിന്റെ കാറിന് മുന്നില്‍ ചാടിയ യു.പി. ജോസഫ്, ശിവന്‍കുട്ടി, പി. രാജീവ്, എം.ബി. രാജേഷ്, എ.എന്‍. ഷംസീര്‍, കെ. രാജന്‍. ആരാണ് സമാധാനപരമായി സമരം നടത്തിയിട്ടുള്ളത്? എന്തിന് പിണറായി വിജയന്റെ തന്നെ സമരമുഖങ്ങള്‍ എത്രത്തോളം സമാധാനപരമായിരുന്നു? കൗതുകകരമാണ് കാര്യങ്ങള്‍. മുഖ്യമന്ത്രി പറഞ്ഞതുപോലെ പഴയ പിണറായി വിജയനായിരുന്നെങ്കില്‍ ഇങ്ങനെ ആവുമായിരുന്നില്ല.
ചരിത്രപരമായി ഇന്ന് ഫെബ്രുവരി 27 ആണ്. പണ്ട് 1933-ല്‍ ജര്‍മ്മന്‍ പാര്‍ലമെന്റായ റീഷ്സ്റ്റാഗ് ചുട്ടെരിച്ച ദിവസം. നുണകള്‍ ആവര്‍ത്തിച്ചാല്‍ നേരാവുമെന്ന തന്ത്രം പയറ്റി ജയിച്ച നാള്‍. കറുപ്പ് ഉടുത്തവരെ മാറ്റി നിര്‍ത്തിയിട്ടില്ലെന്ന പിണറായിയുടെ വാക്കുകളെ ഗീബല്‍സിനോട് ഉപമിക്കുന്നത് കടന്ന കയ്യാവും. അധികാരം എപ്പോഴും എല്ലായിടത്തും ഒരുപോലെ എന്ന് ആശ്വസിക്കലാവും കരണീയം. അല്ലെങ്കില്‍ അദ്ദേഹം പറഞ്ഞത് പ്രാവര്‍ത്തികമാക്കിയ കാലം ഓര്‍ക്കുക. സോളാര്‍ സമരകാലം. കേരളത്തിലെ മുഴുവന്‍ പ്രതിപക്ഷവും തിരുവനന്തപുരത്തേക്ക് വണ്ടി കയറി. ചാനലുകളില്‍ പാതിരാവരെ ബസ്സിന് ഉള്ളില്‍നിന്ന്‌വരെ മുദ്രാവാക്യങ്ങള്‍, ആവേശങ്ങള്‍. അന്ന് ഉമ്മന്‍ ചാണ്ടിയെ താഴെയിറക്കാന്‍ മാധ്യമ ഗൂഢാലോചന നടന്നെന്ന് പിണറായിപോലും ആരോപിച്ചില്ല. പിറ്റേന്ന് രാവിലെ തലസ്ഥാനം നാറി. ഉച്ചയോടെ സമരം നിര്‍ത്തി. കക്ഷിരാഷ്ട്രീയഭേദമന്യെ അനന്തപുരി അടുത്ത ദിവസവും മൂക്കുപൊത്തി നടന്നു.
സമരങ്ങള്‍ അങ്ങനെയാണ്. കൃത്യമായി ആസൂത്രണം ചെയ്തില്ലെങ്കില്‍ പാളും. ഇന്ത്യാ ചരിത്രത്തില്‍ സമരം ഏറ്റവും നന്നായി പ്ലാന്‍ ചെയ്ത ഒരേ ഒരാള്‍ ഗാന്ധിജി മാത്രമാണ്. ഉപ്പുസത്യാഗ്രഹം നോക്കുക. സബര്‍മതിയില്‍നിന്ന് പുറപ്പെടും മുമ്പേ അദ്ദേഹം തീര്‍ച്ചയാക്കി. യാത്രികര്‍ക്ക് കിടക്കേണ്ട സ്ഥലം. കരുതേണ്ട വസ്തുക്കള്‍. എണീക്കണ്ട സമയം. നടക്കേണ്ട വഴി. പെരുമാറ്റസംഹിത. പുലര്‍ച്ചെ തന്നെ അറസ്റ്റ് ചെയ്താല്‍ സമരത്തിന്റെ ഗതി. എന്തായാലും അന്ന് അറസ്റ്റ് നടന്നില്ല. ഗാന്ധിജി ദണ്ഡിയിലെത്തി. ഉപ്പു കുറുക്കി. ഗാന്ധിജി പിന്നെ ധരസാനയിലെ ഉപ്പു പിടിച്ചെടുക്കാന്‍ തീരുമാനിച്ചപ്പോഴാണ് അദ്ദേഹം അറസ്റ്റിലായത്.
ആ സമരം ലോകശ്രദ്ധയെ ഇന്ത്യയിലേക്ക് എത്തിച്ചു. അബ്ബാസ് തയ്യബ്ജിയും പിന്നീട് സരോജിനി നായിഡുവും സമരം നയിച്ചു. സത്യാഗ്രഹികള്‍ അടിയേറ്റു വീണു. തല പൊട്ടുന്ന ശബ്ദം കേട്ടു. എന്നിട്ടും ആരും അക്രമത്തിന് തുനിഞ്ഞില്ല. ഒരു പോലീസുകാരനും ആക്രമിക്കപ്പെട്ടില്ല. ചോരയും മര്‍ദ്ദനവും കണ്ടുനില്‍ക്കാന്‍ മനക്കട്ടി ഇല്ലാത്തതിനാല്‍ ഞാന്‍ സ്ഥലം വിട്ടു. വെബ് മില്ലര്‍ എന്ന വിഖ്യാത പത്രപ്രവര്‍ത്തകന്‍ അന്ന് സമരത്തെപറ്റി എഴുതിയതാണിത്. ലോകത്തിന്റെ മനസ്സാക്ഷി സമരക്കാര്‍ക്കൊപ്പമായി.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ തന്നെ മറ്റൊരു സംഭവമുണ്ട്. പെഷവാറിലെ കൂട്ടക്കൊല. 1930 ഏപ്രില്‍ 23-ന്. പെഷാവാറിലെ ക്വിസ്സാ ക്വാനി ബസാറില്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന സമരം. ആയുധമേന്താത്ത പത്താനെയാണ് ലോകം ഏറ്റവും ഭയപ്പെടേണ്ടവനെന്ന അതിര്‍ത്തി ഗാന്ധിയുടെ വാക്കുകേട്ട് സമരത്തിന് ഇറങ്ങിയവര്‍. പകലന്തിയോളം അവര്‍ ബ്രിട്ടീഷ് പട്ടാളത്തിന് മുന്നില്‍ വെടിയേറ്റു വീണു. പ്രതിഷേധമില്ലാതെ. വൈകീട്ട് നൂറുകണക്കിന് ശവങ്ങള്‍ കൂട്ടിയിട്ടു കത്തിച്ചു. അധികാരത്തിലിരിക്കുന്നവര്‍ക്ക് തുടരാന്‍ അര്‍ഹത നഷ്ടമായി.
അതെ, സമരത്തിലെ ആത്മാര്‍ത്ഥത ഏറ്റവും പ്രധാനമാണ്. ലക്ഷ്യംപോലെ തന്നെ. ഗാന്ധിയന്‍ സമരം എന്നത് പോലീസിനെ കയ്യേറ്റം നടത്തലല്ല. കല്ലെറിയലല്ല. അക്രമസമരങ്ങളെ പിന്തുടര്‍ന്നത് എന്നും ലോകത്ത് കമ്മ്യൂണിസ്റ്റ് സംഘടനകളുടെ ജനിതകത്തിലുണ്ട്. ലെനിനും സ്റ്റാലിനും മാവോയും പോള്‍പോട്ടും ചേര്‍ന്ന് കൊന്നൊടുക്കിയ കോടിക്കണക്കിന് മനുഷ്യരുടെ ഓര്‍മ്മകള്‍ തെളിവ്.
പറഞ്ഞുവന്നത് മറ്റൊന്നാണ്. എന്തിനാണ് ഇക്കാലത്ത് ഇത്തരം സമരങ്ങള്‍? കഴിഞ്ഞ നൂറ്റാണ്ടില്‍ ഗാന്ധിജി ഇന്ത്യയിലേക്ക്, തന്റെ ദക്ഷിണാഫ്രിക്കന്‍ അനുഭവങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത സത്യാഗ്രഹംപോലും ഇപ്പോള്‍ ഫലപ്രദമാണോ? പണപ്പിരിവിനുള്ള മാര്‍ഗ്ഗം മാത്രമാണോ സമരങ്ങള്‍? ആന്തരികമായി മരിച്ച സംഘടനകള്‍ അധികാരത്തിലായാലും പ്രതിപക്ഷത്തായാലും നടത്തുന്ന സമരങ്ങള്‍ക്ക് ജനങ്ങളുടെ കയ്യൊപ്പുണ്ടോ?
നമ്മുടെ സമരങ്ങള്‍ ഈ സൈബര്‍ കാലത്ത് പുനഃപരിശോധിക്കേണ്ടതല്ലേ? മഹാഭൂരിപക്ഷത്തേയും തെരുവിലിറങ്ങാന്‍ അനുവദിക്കാതെ നടത്തുന്ന സമരങ്ങള്‍ ജനാധിപത്യവിരുദ്ധമല്ലേ? അടിയന്തിരാവസ്ഥയ്ക്കു ശേഷം ഇന്ദിര ഗാന്ധിയെ ഇന്ത്യ കയ്യൊഴിഞ്ഞത് തിരഞ്ഞെടുപ്പിലൂടെ അല്ലേ? അന്നും കേരളം ഇന്ദിരയ്‌ക്കൊപ്പം ആയിരുന്നില്ലേ? സുഖകരമായ ആലസ്യത്തേക്കാള്‍ ജാഗ്രവത്തായ ഉത്തരവാദിത്തമേറ്റെടുക്കുന്ന ജനാധിപത്യത്തിന് നമ്മള്‍ ഇനിയും സജ്ജരായിട്ടില്ലേ?
നിയമസഭാ സമ്മേളനം തുടരുകയാണ്. ഫലിതം തുടരും.
Content Highlights: Kerala Politics and Protests; political satire by rajalekshmi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..