ഇലന്തൂരിലെ നരഭോജനവും ബലിയായി വാഴ്ത്തപ്പെടുന്ന രാഷ്ട്രീയ കൊലപാതകങ്ങളും | പ്രതിഭാഷണം


സി.പി.ജോണ്‍പ്രതീകാത്മക ചിത്രം

രബലി നടന്ന ഇലന്തൂരില്‍ പോയി മടങ്ങിയപ്പോള്‍ മനസ്സ് നിറയെ ശൂന്യതയായിരുന്നു. കേരളത്തിലെ ഏറ്റവും വിദ്യാസമ്പന്നരുളള ഒരു ജില്ലയാണ് പത്തനംതിട്ട. ആ ജില്ലയിലെ തന്നെ പതിറ്റാണ്ടുകളായി വിദ്യാഭ്യാസമുളള പ്രദേശമാണ് ഇലന്തൂരും ഈ സംഭവം നടന്ന പുളിന്തിട്ട പ്രദേശവും.

ബിരുദധാരികള്‍ ഇല്ലാത്ത വീടുകള്‍ നന്നേ കുറവാണ്. ഉന്നതവിദ്യാഭ്യാസം നേടിയവരുടെ എണ്ണത്തിലും ശരാശരി ഗ്രാമങ്ങളേക്കാള്‍ ഉയര്‍ന്ന നിലവാരമാണ് ഇലന്തൂരിനും പുളിന്തിട്ടയ്ക്കും ഉളളത്. പക്ഷേ, അവിടെ നടന്ന സംഭവങ്ങള്‍ പ്രാകൃതമനുഷ്യരെപ്പോലും, പ്രാകൃതകാലഘട്ടത്തെപ്പോലും ലജ്ജിപ്പിക്കുന്ന ഒന്നായത് എങ്ങനെയെന്ന ചോദ്യമാണ് നമ്മുടെയെല്ലാം മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസവും സാമാന്യം ഭേദപ്പെട്ട ജീവിതനിലവാരവും മനുഷ്യനെ അവന്റെ പ്രാകൃത ചിന്തകളില്‍നിന്നു മുക്തനാക്കുന്നില്ല എന്ന പാഠമാണ് ഇലന്തൂര്‍ കേരളത്തെ പഠിപ്പിക്കുന്നത്. എവിടെയാണ് തിരുത്തല്‍ വേണ്ടത്, എവിടെയാണ് പിഴവു പറ്റിയത് എന്ന് കേരള സമൂഹം ഉണര്‍ന്ന് ചിന്തിക്കേണ്ട ഒരു സംഭവമാണ് ഇത്‌.ഇലന്തൂര്‍ കേസിലെ പ്രതികളില്‍ ഒരാളായ ഭഗവല്‍ സിങ് വിദ്യാഭ്യാസമുളള വ്യക്തിയാണ് എന്നതിലുപരി, വളരെയേറെ സമൂഹവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകനും കൂടിയാണ്. രാഷ്ട്രീയ പാര്‍ട്ടി ഏതാണ് എന്നത് പ്രസക്തമല്ലെങ്കിലും കേരളത്തിലെ സി.പി.എമ്മിന്റെ ഒരു പ്രവര്‍ത്തകനാവുക എന്നത് ഏറ്റവും ചുരുങ്ങിയിത് ജഡിലമായ അന്ധവിശ്വാസങ്ങളില്‍നിന്നു മുക്തനാവുക എന്നുകൂടി അര്‍ഥമുളളത്‌കൊണ്ട് അയാളുടെ രാഷ്ട്രീയ ബന്ധങ്ങള്‍ വൃഥാവിലായി എന്നുപറയാതിരിക്കാനും വയ്യ.

ഭഗവല്‍ സിങ്ങും അദ്ദേഹത്തിന്റെ അച്ഛനും ആ പ്രദേശത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുളള ആളുകളാണ് എന്നുമാത്രമല്ല, ഇയാളുടെ സാമൂഹ്യമായ ഇടപെടലുകള്‍ മുഖാന്തിരമായിരിക്കാം വലിയ പരാതികളൊന്നും സമീപവാസികള്‍ പറഞ്ഞില്ല. പക്ഷേ, ഇയാളുടെ വീട്ടില്‍ നടന്ന നരഹത്യയും നരഭോജനവും പരിഷ്‌കൃത കേരളത്തിന് നാണക്കേട് വരുത്തിവെച്ചിരിക്കുകയാണ്. എന്നാൽ ഷാഫി എന്ന പ്രതിയാകട്ടെ കുറ്റവാളി എന്ന നിലയിൽ കുപ്രസിദ്ധനാണ്‌ എവിടെനിന്നാണ് മനുഷ്യമനസ്സില്‍ ഇത്തരം ദുര്‍ചിന്തകള്‍ ഉടലെടുക്കുന്നത് എന്ന് മനഃശാസ്ത്രജ്ഞന്മാര്‍ക്ക് മാത്രം വിശദീകരിക്കാവുന്ന കാര്യമാണെങ്കിലും സാമൂഹിക രാഷ്ട്രീയ പൊതുമണ്ഡലത്തില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അനിവാര്യമാക്കി തീര്‍ത്തിരിക്കുകയാണ്.

കേരളത്തില്‍ കഴിഞ്ഞ 40 വര്‍ഷത്തോളമായി ഉണ്ടായ സമ്പൂര്‍ണ സാക്ഷരതയും അതിന് ശേഷം വായനയിലുണ്ടായ വളര്‍ച്ചയും തുടര്‍ന്ന് വന്ന സാമൂഹിക മാധ്യമ വിസ്‌ഫോടനങ്ങളും ആവശ്യമുളളതിനൊപ്പം ഒരു പക്ഷേ അതിലുമധികം ആവശ്യമില്ലാത്ത വിവരങ്ങള്‍ മനുഷ്യരുടെ മസ്തിഷ്‌ക്കത്തിലേക്ക് എറിഞ്ഞു കൊടുക്കാന്‍
സാധ്യത ഉണ്ടാക്കിയിട്ടുണ്ട് എന്നുവേണം കരുതാന്‍. വാതായനങ്ങള്‍ തുറന്നിടുമ്പോള്‍ ശുദ്ധവായുവിനൊപ്പം ക്ഷുദ്രജീവികളും കടന്നുവരും എന്ന് പറയാറുളളതുപോലെ അക്ഷരജ്ഞാനത്തിലൂടെയും സാങ്കേതിക സംവിധാനങ്ങളിലൂടെയും നാം തുറന്നിട്ട വാതായനങ്ങളിലൂടെ ശുദ്ധവായുവിനേക്കാള്‍ കൂടുതല്‍ ക്ഷുദ്രജീവികള്‍ കടന്നുവന്നോ എന്നാണ് കേരളം പരിശോധിക്കേണ്ടത്.

നരവംശശാസ്ത്രത്തിലും ചരിത്രത്തിലും മൃഗബലികളും നരബലികളും ഉണ്ടായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. ഇതില്‍നിന്ന് കേരളക്കരയും വ്യത്യസ്തമായിരുന്നില്ല. മനുഷ്യര്‍ വേട്ടയാടി ഭക്ഷണം തേടിയിരുന്ന കാലത്തുനിന്നും കാര്‍ഷിക സംസ്‌കൃതിയിലേക്ക് വളര്‍ന്നപ്പോഴും വേട്ടയുടെ വിചാര അംശങ്ങള്‍ അവന്റെ മനസ്സില്‍ വേര്‍പെടാതെ കിടന്നുവെന്ന് ഈ വിഷയത്തെ കുറിച്ച് പഠിച്ച പണ്ഡിതന്മാര്‍ എഴുതിയിട്ടുണ്ട്.

അര നൂറ്റാണ്ട് മുമ്പ് പുറത്തിറങ്ങിയ ഹോമോ നിക്കന്‍സ് (HOMO NECANS) എന്ന പ്രസിദ്ധമായ ഗ്രന്ഥത്തില്‍ വാള്‍ട്ടര്‍ ബുര്‍ക്കറ്റ് (WALTER BURKET) എന്ന ഗ്രന്ഥകാരന്‍ മനുഷ്യന്റെ വേട്ടയോടുളള ത്വരയും ഇരകളെ കൊന്നു കീഴ്‌പ്പെടുത്തുന്നതിന്റെ മനോവ്യാപാരങ്ങളും എങ്ങനെയാണ് പിന്നീടുളള അവന്റെ സ്വഭാവ രൂപീകരണത്തിലേക്ക് നയിച്ചിട്ടുളളതെന്ന് വിശദീകരിച്ചിട്ടുളളതായി വിദഗ്ധന്മാര്‍ ചൂണ്ടിക്കാണിക്കുന്നു.

മനുഷ്യനേക്കാള്‍ ശക്തിയുളള മൃഗങ്ങളെ വേട്ടയാടി പിടിക്കണമെങ്കില്‍ അതിനേക്കാള്‍ ശക്തിയുളള എന്തോ ഒന്നിനെ ആരാധിക്കേണ്ടതുണ്ടെന്ന ബോധം മനുഷ്യന്റെ മനസ്സിലേക്ക് കയറിയത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പായിരിക്കാം. അവന്റെ വേട്ട വിജയിക്കണമെങ്കില്‍ താന്‍ സങ്കല്പിച്ച അതിമാനുഷന്റെ മുന്നില്‍ വേട്ടയുടെ ഫലം സമര്‍പ്പിക്കണം എന്ന ബോധവും എങ്ങനെയോ അവന്റെ മനസ്സില്‍ കടന്നുകൂടിയിരിക്കാം. അവിടെ നിന്നാണ് അമാനുഷ പ്രതിഭാസങ്ങള്‍ക്ക് മുന്നില്‍ മനുഷ്യന്‍ താന്‍ വേട്ടയാടി നേടിയ മൃഗങ്ങളെയും വളര്‍ത്തി വലുതാക്കിയ മൃഗങ്ങളെയും സമര്‍പ്പിച്ച് ആരാധന അനുഭൂതി നേടിയതെന്ന് വിശദീകരിക്കപ്പെടാറുണ്ട്.

അതിമാനുഷിക പ്രഭാവമുണ്ടെന്ന് മനുഷ്യര്‍ കരുതിയ ചില പ്രതിഭാസങ്ങള്‍ക്ക് മൃഗങ്ങളുടെ ബലിമാത്രം പോര, മനുഷ്യബലി തന്നെ വേണമെന്ന് കരുതിയിടത്താണ് നരബലി ഉത്ഭവിക്കുന്നത്. നമ്മുടെ നാട്ടില്‍ വലിയ നിര്‍മിതികള്‍ ഉണ്ടാക്കുമ്പോള്‍ അതിന് ഉറപ്പുകിട്ടാന്‍ നരബലി അനിവാര്യമാണെന്ന് കരുതിയ കാലം വളരെ പഴയതല്ല. നമ്മുടെ കവിതകളിലും മിത്തുകളിലും ഇത്തരം എത്രയോ സന്ദര്‍ഭങ്ങള്‍ എടുത്തു കാണിക്കാന്‍ സാധിക്കും.

ബുധിനിയെന്ന ആദിവാസി പെണ്‍കുട്ടിയെ കൊണ്ടു അണക്കെട്ടിന്റെ ഉദ്ഘാടനകര്‍മം നിര്‍വഹിപ്പിച്ച പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നത് കൊണ്ടാണ് സയന്റിഫിക് ടെമ്പര്‍ എന്ന പദം നമ്മുടെ ഭരണഘടനയിലേക്ക് കടന്നുവന്നത്. പക്ഷേ, പ്രാകൃതചിന്തകളുടെ മുളളുകള്‍ നമ്മുടെ മസ്തിഷ്‌കത്തില്‍നിന്നും ഊരിപ്പോകുന്നില്ല. പ്രാകൃത മനുഷ്യന്റെ കാലത്തുനിന്നും കാര്‍ഷിക സംസ്‌കൃതിയുടെ കാലത്തേക്ക് കടന്നപ്പോള്‍ ബലിയിലും ബലിരീതികളിലും മാറ്റം വന്നു. ആ മാറ്റം മതങ്ങളിലേക്ക് സന്നിവേശിപ്പിച്ചപ്പോള്‍ ബലിയുടെ ചില ്മൃദുമാതൃകകളിലേക്ക് ആരാധനാസമ്പ്രദായങ്ങള്‍ ചുരുങ്ങി.

ബലി എന്ന ബോധം മിക്കവാറും എല്ലാ മതങ്ങളുടേയും ആരാധനാരൂപങ്ങളില്‍ ഇന്നും സ്ഥാനം പിടിച്ചിട്ടുണ്ട് എന്നത് ഒരു യാഥാര്‍ഥ്യം മാത്രമാണ്. ബലി നടത്താനൊരുങ്ങിയ അബ്രഹാമിന്റെ കഥയും യേശുക്രിസ്തു തന്നെ മനുഷ്യര്‍ക്ക് വേണ്ടി ബലിയര്‍പ്പിക്കപ്പെട്ടു എന്ന ബോധവും പ്രമുഖ മതങ്ങളുടെ ചിന്താപദ്ധതികളില്‍ മുഖ്യസ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ അഥവാ ഹിന്ദു ആരാധനാരീതികളിലും ബലിക്ക് പ്രാധാന്യം ഉണ്ടായിരുന്നുവെങ്കിലും പടിപടിയായി പുതിയ ആരാധനാ കാലഘട്ടത്തില്‍ മതം ഉപേക്ഷിക്കാതെ തന്നെ ബലി ഉപേക്ഷിക്കാന്‍ മിക്കവാറും എല്ലാ മതങ്ങളും തയ്യാറായി എന്നതും സത്യമാണ്. ഇതിന്റെ ഫലമായി നരബലി പൂർണമായും നിന്നു. മൃഗബലി പൂർണമായും അവസാനിച്ചതുമില്ല.

കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളിലായി മതം നിലനില്‍ക്കെത്തന്നെ രാഷ്ട്രബോധവും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയവും മനുഷ്യജീവിതത്തിന്റെ മുഖ്യനിയന്ത്രണശക്തിയായി മാറിയ സന്ദര്‍ഭത്തിലും ബലി എന്ന സങ്ക്‌ലപം മറ്റു തലത്തില്‍ നിലനിന്നു എന്നുവേണം പറയാന്‍. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടിയും രാഷ്ട്രത്തിന് വേണ്ടിയും ജീവന്‍ ബലിയര്‍പ്പിക്കുക എന്ന പ്രയോഗം അതിന്റെ മനഃശാസ്ത്രപരമായ ഉളളടക്കങ്ങള്‍ ഏറെയൊന്നും ആലോചിക്കാതെ ഉപയോഗിക്കാറുണ്ടെങ്കിലും ഭാവി മനുഷ്യന്‍ അത്തരം ബലികളെയും അംഗീകരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.

ആ കാലം വളരെ വിദൂരമായിരിക്കാം. മനുഷ്യന്‍ ഒരു വ്യക്തി എന്ന നിലയില്‍ സ്വതന്ത്രമായി ചിന്തിക്കുകയും പ്രകൃതിയിലും സമൂഹത്തിലും സ്വതന്ത്രമായി ഇടപെടുകയും ചെയ്യുമ്പോള്‍ കൊല എന്ന കൃത്യത്തിലൂടെ ഒന്നും നേടാനില്ല എന്ന പൊതുബോധത്തിലേക്ക് എത്തുവാന്‍ ഇനിയും എത്ര നൂറ്റാണ്ടുകള്‍ കാത്തിരിക്കണം എന്നു മാത്രമേ ഈ സന്ദര്‍ഭത്തില്‍ ചോദിക്കാന്‍ സാധിക്കൂ.

ആ ലക്ഷ്യത്തിലേക്ക് വളരെ പതുക്കെയാണെങ്കിലും നടന്നുനീങ്ങുന്ന മനുഷ്യസമൂഹത്തിലാണ് നരബലിയും നരഭോജനവും നടന്നത് എന്നതാണ് പ്രധാന കാര്യം. നരവംശ ശാസ്ത്രാധിഷ്ഠിതമായ ചിന്തകള്‍ക്കല്ല ഈ സന്ദര്‍ഭത്തില്‍ പ്രസക്തിയുളളത്. കൊടുക്രൂരതയ്ക്കുളള ശിക്ഷയിലൂടെയല്ലാതെ അതിന് അടിയന്തര പരിഹാരം ഉണ്ടാകുകയില്ല. ആ ശിക്ഷ വൈകിക്കൂടാ. അതിന് പ്രത്യേക നിയമ സംവിധാനങ്ങള്‍ ഒരുക്കേണ്ടതുമുണ്ട്. പോലീസ് ദുഷ്‌ക്കരമായ ഒരു കേസാണ് അന്വേഷിക്കുന്നത് എന്ന് നമുക്കറിയാം.

കഷ്ണങ്ങളായി മുറിഞ്ഞ് മറവു ചെയ്യപ്പെട്ട മൃതദേഹഭാഗങ്ങളുടെ പോസ്റ്റുമാര്‍ട്ടം എളുപ്പമുളള സംഗതിയല്ല. എങ്കിലും ഫോറസിക് വിദഗ്ധന്മാര്‍ അത് നന്നായി നിര്‍വഹിക്കട്ടേ. പ്രതികള്‍ രക്ഷപ്പെടാതെ അറസ്റ്റ് ചെയ്യപ്പെട്ടു എന്നത് പ്രശംസനീയമായ കാര്യമാണ്. പക്ഷേ കാലടിയില്‍നിന്നു കാണാതായ സ്ത്രീയെ സംബന്ധിച്ച പരാതി മൂന്നര മാസം മുമ്പ് ഉന്നയിക്കപ്പെട്ടെങ്കിലും അതു സംബന്ധിച്ച് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുളള അന്വേഷണം ഫലപ്രദമായി ഉണ്ടായില്ല. രണ്ടാമത് എറണാകുളം പോലീസ് നടത്തിയ അന്വേഷണമാണ് ഇത്രയും ബീഭത്സമായ കൊലപാതക ചിത്രങ്ങള്‍ പുറത്തുകൊണ്ടുവന്നത്. സ്‌പെഷ്യല്‍ കോടതിയില്‍ ഈ കേസ് അവതരിപ്പിക്കുകയും കൊലയാളികള്‍ക്ക് ഉചിതമായ ശിക്ഷ നല്‍കുകയും ചെയ്യേണ്ടത് ആധുനികതയിലേക്കുളള കേരളത്തിന്റെ പോക്കിന് അത്യന്താപേക്ഷിതമാണ്. ഇവിടെ ആരുടേയും മുഖം നോക്കേണ്ട ആവശ്യമില്ല.

മതനേതാക്കന്മാരും മനുഷ്യചിന്തയുടെ പ്രാകൃതമായ തിരിച്ചുപോക്കിനെ കുറിച്ച് ഉണര്‍ന്ന് ചിന്തിക്കേണ്ടതുണ്ടെന്നാണ് ഈ ലേഖകന്റെ അഭിപ്രായം. അവരുടെ ദൈനംദിന വര്‍ത്തമാനങ്ങളില്‍ എവിടെയെങ്കിലും ഇത്തരം പ്രവണതകള്‍ക്ക് പ്രസക്തിയുണ്ടാകുന്ന എന്തെങ്കിലും സൂചനകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ആത്മപരിശോധന ചെയ്യണം. അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം ഇനിയും കേരളത്തില്‍ നടപ്പില്‍ വന്നിട്ടില്ല.

എളുപ്പത്തില്‍ പണം സമ്പാദിക്കാനും ശത്രുനിഗ്രഹം നടത്താനും അസുഖങ്ങള്‍ മാറാനും മന്ത്രവാദത്തിന്റെ മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നവരുടെ കാര്യത്തില്‍ അടുത്ത കാലത്തായി വര്‍ധന ഉണ്ടായിട്ടുണ്ടെന്നു കേൾക്കുന്നു. ഇത് ശരിയാണെങ്കില്‍ ഇത്തരം ആഭിചാരകേന്ദ്രങ്ങള്‍ നിയമപരമായിത്തന്നെ അടച്ചുപൂട്ടേണ്ടതായിട്ടുണ്ട്. മനുഷ്യശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ നിയന്ത്രിക്കപ്പെടണം, നിരോധിക്കപ്പെടണം. അത് ഏതെല്ലാമാണ് എന്ന് അതത് മതങ്ങളില്‍ പെട്ട ആളുകള്‍ തന്നെയാണ് നിര്‍ണയിക്കേണ്ടതും ഒഴിവാക്കേണ്ടതും.

രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവരുടെ വര്‍ത്തമാനങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതായിട്ടുണ്ട്. രാഷ്ട്രീയ സംഘട്ടനങ്ങളുടെ പേരില്‍ ഡസന്‍ കണക്കിനാളുകള്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് നമുക്കറിയാം. അവരുടെ ഓര്‍മകള്‍ ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിനും വിലപ്പെട്ടതാണ്.

ദാരുണമായ കൊലപാതകങ്ങളില്‍ മരിച്ചു പോയവരുടെ കുടുംബങ്ങള്‍ സംരക്ഷിക്കപ്പെടണം. അവര്‍ അനുസ്മരിക്കപ്പെടണം. പക്ഷേ അവരെ കൊന്നവരെ വാഴ്ത്തുകയും കൊന്നവര്‍ക്കുവേണ്ടി വലിയ രീതിയില്‍ സംസാരിക്കുകയും ചെയ്യുന്നത് ഒരു നിലയ്ക്കും ഭൂഷണമല്ല എന്നു മാത്രമല്ല, അനുവദനീയവുമല്ല. കോടതി കൊലയാളികളാണെന്ന് കണ്ടെത്തിയവരെ വാഴ്ത്തിപ്പാടുന്നവര്‍ കൊലയെത്തന്നെയാണ് വാഴ്ത്തുന്നത്.

മഹാത്മ ഗാന്ധിയെ കൊന്ന ഗോഡ്‌സേയെ വരെ ആരാധിക്കുന്നവരുടെ എണ്ണം അടുത്ത കാലത്ത് വര്‍ധിച്ചിട്ടുണ്ട്. ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊലയാളികളുടെ പേരുകളും ആവേശത്തോടെ സാമൂഹിക മാധ്യമങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ ബലിയുടെ പുതിയ രൂപങ്ങളാണോ എന്ന് ഭാവിതലമുറ ചോദിക്കുന്ന സാഹചര്യം ഉണ്ടായിക്കൂടാ. എന്തായാലും ഇലന്തൂരില്‍ നടന്ന ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍ കേരളത്തിന്റെ കണ്ണു തുറപ്പിക്കണം. സാമൂഹിക- രാഷ്ട്രീയ നേതാക്കന്മാര്‍ നിയമപാലകരുടെ മാത്രം സഹായം തേടിയാല്‍ പോരാ. ആത്മപരിശോധന ചെയ്യാന്‍ കേരളീയ സമൂഹത്തോട് അവര്‍ അഭ്യര്‍ഥിക്കണം. സ്വന്തം പിഴവുകള്‍ ഉണ്ടെങ്കില്‍ അത് തിരുത്തണം.

രാഷ്ട്രീയകക്ഷികള്‍ക്കകത്ത് ഇത്തരക്കാര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെങ്കില്‍ അവരെ നിഷ്‌ക്കരുണം പുറത്താക്കണം. മതസംഘടനകളിലും അവര്‍ക്ക് ഇരിപ്പിടങ്ങള്‍ ഉണ്ടായിക്കൂടാ. ഇലന്തൂര്‍ ഒരു ചൂണ്ടുപലകയാണ്. നമുക്കത് ശരിയായി വായിച്ചെടുക്കാം.

Content Highlights: kerala human sacrifice case; Pratibhashanam column by C P John


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented