ആ വി.സിമാർ ഒപ്പിട്ട സർട്ടിഫിക്കറ്റുകൾ പാഴാകുമോ? ഈ വിദ്യാഭ്യാസ ദുരന്തം എങ്ങനെ നേരിടും? | പ്രതിഭാഷണം


സി.പി.ജോണ്‍ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ| Photo: Mathrubhumi

ഒരു വിദ്യാഭ്യാസ ദുരന്തത്തിന്റെ മുന്നില്‍ പകച്ചുനില്‍ക്കുകയാണ് കേരളം. ഉന്നതവിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റം ലക്ഷ്യമിട്ടാണ് എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ചത്. ബാലാരിഷ്ടതകളും താളപ്പിഴകളും ഉണ്ടായിരുന്നുവെങ്കിലും പതുക്കെ പതുക്കെ മുന്നോട്ടു പോകുന്നതിനിടയിലാണ്‌ വൈസ് ചാൻസലർ ആയി ഡോ. രാജശ്രീയെ നിയമിച്ചത്. തുടക്കം മുതലേ അതു തെറ്റായിരുന്നുവെവെന്നാണ്‌ (ab initio void) സുപ്രീം കോടതി വിധിച്ചത്. ഈ വിധിയുടെ പശ്ചാത്തലത്തില്‍, ഡോ. രാജശ്രീ എന്ന പ്രഗത്ഭയായ അധ്യാപിക വൈസ് ചാൻസലർ എന്ന നിലയില്‍ ഒപ്പിട്ട ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വിലയുണ്ടോ എന്ന ചോദ്യത്തിന് നിര്‍ഭാഗ്യവശാല്‍ ഇനിയും മറുപടി ഉണ്ടായിട്ടില്ല. അതിനിടയിലാണ് രാജശ്രീയുടെ നിയമനം പോലുളള എല്ലാ നിയമനങ്ങളും റദ്ദാക്കപ്പെടേണ്ടതാണെന്നും ഒമ്പത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ രാജിവെക്കണമെന്നുമുളള കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലറായ ഗവര്‍റണുടെ ഉത്തരവ് പുറത്തുവന്നത്. അതിനെതിരേ വലിയ കോലാഹലം ഉണ്ടായി.

ഇന്നു നാം കാണുന്നത് പുതിയൊരു ചിത്രമാണ്. ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പിടാന്‍ പോലും വൈസ് ചാന്‍സലറോ പ്രോ വൈസ് ചാന്‍സലറോ ഇല്ലാത്ത സാങ്കേതിക സര്‍വകലാശാലയിലേക്ക് താല്ക്കാലിക വൈസ് ചാന്‍സലറെ നിയമിക്കുന്നതായിരുന്നു രംഗം. സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് ഇത്തരമൊരു ഘട്ടത്തില്‍ വ്യക്തമായ യോഗ്യതകള്‍ ഉളള ഒരാളെ നിയമിക്കണമെന്നാണ് നിയമം പറയുന്നത്. പക്ഷേ, സര്‍ക്കാര്‍ നിര്‍ദേശിച്ച ആള്‍ക്ക് ഇന്നത്തെ യു.ജി.സി. മാനദണ്ഡങ്ങള്‍ അനുസരിച്ചുളള യോഗ്യതകളില്ല എന്നതിന്റെ പേരിലും മുഖ്യമന്ത്രി-ഗവര്‍ണര്‍ ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഗവര്‍ണര്‍ പുതിയ പേരുകള്‍ അന്വേഷിക്കുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നിഷിത റോയിയുടെ പേര് സര്‍ക്കാര്‍ നിര്‍ദേശിച്ചത് ഐ.എഎ.സുകാരിയായതു കൊണ്ട് ഗവര്‍ണര്‍ തളളുന്നു.

സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയും അധ്യാപക പരിചയവും നിര്‍ബന്ധമാണ് എന്ന കാരണമാണ് ഇതിന് ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചത്. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറെ സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി നിയമിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തെ ഗവര്‍ണര്‍ എതിര്‍ത്തത് അദ്ദേഹം തന്റെ ഷോകോസ് നേടിയിട്ടുളള ഒരു വൈസ് ചാന്‍സലറാണ് എന്ന കാരണത്താലാണ്. ഈ സാഹചര്യത്തില്‍ ഏറ്റവും മുതിര്‍ന്ന സര്‍ക്കാര്‍ എന്‍ജിനീയറിങ് പ്രിന്‍സിപ്പല്‍മാരുടെ പട്ടിക ഗവര്‍ണര്‍ തേടി. സര്‍ക്കാരിന്റെ പ്രതിനിധിയായ സാങ്കേതിക ഡയറക്ടറാകട്ടെ അത് ഗവര്‍ണര്‍ക്ക് നല്‍കുന്നതിനുളള അനുവാദം തനിക്കില്ലെന്ന് വിശദമാക്കി മറുപടിയും നല്‍കി.

ഒടുവില്‍, ആരാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ജോയിന്റ് ഡയറക്ടറെന്ന ഗവര്‍ണറുടെ ചോദ്യത്തിന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞ മറുപടിയാണ് പ്രൊഫ. സിസ തോമസ്. സിസ തോമസ് എന്ന പ്രശസ്തയായ അധ്യാപികയെ ഇപ്പോഴത്തെ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ജോയിന്റ് ഡയറക്ടറെ ഗവര്‍ണര്‍ വൈസ് ചാന്‍സലറായി തല്‍ക്കാലത്തേക്ക് നിയമിക്കുന്നു. ഈ വൈസ് ചാന്‍സലറുടെ നിയമനവും ശരിയായിരുന്നോ എന്ന് തെളിയാന്‍ കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ വിവാദ വ്യവഹാര വാര്‍ത്തകളില്‍ തല പൂഴ്ത്തിയിരിക്കേണ്ട ഗതികേടാണ് ഇന്നും ഉണ്ടായിട്ടുളളത്.

സാങ്കേതിക വിദ്യാഭ്യാസ മേഖലയെയും കേരളത്തിലെ മൊത്തം ഉന്നത വിദ്യാഭ്യാസ മേഖലയെയും ബാധിച്ചിരിക്കുന്ന കടുത്ത പ്രതിസന്ധിയിലേക്കാണ് ഈ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്. ഇതിനിടയിലാണ് കേരള സര്‍വകലാശാലയുടെ സെനറ്റ് യോഗം ചേര്‍ന്നത്. സെനറ്റ് യോഗത്തിലെ വിഷയവും ഗവര്‍ണര്‍ക്കെതിരായ യുദ്ധം തന്നെയായിരുന്നു. ഗവര്‍ണര്‍ വൈസ് ചാന്‍സലറെ നിയമിക്കുന്നതിന് വേണ്ടിയുളള സെര്‍ച്ച് കമ്മിറ്റിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം ഇന്ത്യയിലെ പഴക്കം ചെന്ന സര്‍വകലാശാലയായ കേരള സര്‍വകലാശാലയെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിക്കഴിഞ്ഞു. മുന്‍കാലത്തിന് വിപരീതമായി പ്രോ വൈസ് ചാന്‍സലര്‍മാരുടെ കാലാവധി കോ ടെര്‍മിനസ് എന്ന സാങ്കേതിക പദമുപയോഗിച്ചാണ് നിര്‍ണയിച്ചിട്ടുളളത്. വൈസ് ചാന്‍സലര്‍ പുറത്തുപോകുമ്പോള്‍ പ്രോ വൈസ് ചാന്‍സലറും പുറത്ത് പോകണം. ഇന്ന് കേരള സര്‍വകലാശാലയ്ക്കും സ്വന്തമായി വൈസ് ചാന്‍സലറോ പ്രോ വൈസ് ചാന്‍സലറോ ഇല്ല.

ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തിലെ ഉന്നവിദ്യാഭ്യാസ ഭരണസംവിധാനം കോടതി വരാന്തയിലാണ്. ചാന്‍സലറും വൈസ് ചാന്‍സലറും താല്ക്കാലിക വൈസ് ചാന്‍സലര്‍മാരും കേരളത്തില്‍ നെട്ടോട്ടമോടുന്നു. മെഡിക്കല്‍ സര്‍വകലാശാലയിലെ, വിവാദങ്ങളിലൊന്നും ചെന്നുപെട്ടിട്ടില്ലാത്ത പ്രഗത്ഭ ഡോക്ടര്‍ കൂടിയായ മോഹനന്‍ കുന്നുമ്മലാണ് തന്റെ ഭാരിച്ച പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍, വിവാദങ്ങളില്‍ ചൂഴന്ന് നില്‍ക്കുന്ന കേരള സര്‍വകലാശാലയുടെ കൂടി ചാന്‍സലറായി അധികാരമേറ്റിരിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലറുടെ രണ്ടാമൂഴത്തില്‍ തുടങ്ങിയതാണ് ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുളള യുദ്ധം.

കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ഡോ. രാജശ്രീയുടെ നിയമനം റദ്ദാക്കിയത് ചാന്‍സലര്‍ അല്ല, മറിച്ച് ഇന്ത്യയുടെ പരമോന്നത നീതിപീഠമാണ്. ഈ ഘട്ടത്തില്‍ ആ വിധി പഠിച്ച് ചാന്‍സലറും ഗവണ്‍മെന്റും സമവായത്തിൽ എത്തുകയായിരുന്നു വേണ്ടത്. വിധിയുടെ വ്യാഖ്യാനങ്ങള്‍ക്ക് വേണ്ടിയും അതിന്റെ പരിണിത ഫലത്തെക്കുറിച്ചും അഡ്വക്കറ്റ്‌ ജനറല്‍ മുതല്‍ പ്രഗത്ഭരായ അഭിഭാഷകരുടെ ഭാഗത്തുനിന്ന്‌ ഉപദേശം തേടാമായിരുന്നു. അതിനു പകരം ഗവര്‍ണര്‍ പിറ്റേന്ന് 11.30-ന് തന്നെ രാജിവെക്കണമെന്ന ഉത്തരവ് ഇറക്കി. രാജിവെക്കേണ്ടതില്ലെന്ന് സര്‍ക്കാരും പറഞ്ഞു.

എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വൈസ്ചാൻസലറായി ചുമതലയേറ്റ ശേഷം
ജീവനക്കാരുടെയും എസ്.എഫ്.ഐ. പ്രവർത്തകരുടെയും പ്രതിഷേധങ്ങളെത്തുടർന്ന്
പോലീസ് സുരക്ഷാവലയത്തിൽ പുറത്തേക്ക്‌ വരുന്ന സിസ തോമസ്.

പക്ഷേ, സാമാന്യ നിയമധാരണ ഉള്ളവർക്കറിയാം, സുപ്രീം കോടതിയുടെ വിധിയെ ഗവര്‍ണര്‍ക്കെതിരായ രാഷ്ട്രീയ ആരോപണത്തിന്റെ പഴംമുറം കൊണ്ട് തടുക്കാനാവില്ലെന്ന്. ഗവര്‍ണറും രണ്ടും കല്പിച്ച് ഇറങ്ങിയിരിക്കുകയാണ്. ഗവര്‍ണര്‍ പലപ്പോഴും രംഗബോധമില്ലാതെയാണ് പെരുമാറുന്നതെന്ന് ഈ കോളത്തില്‍ എഴുതിയിരുന്നത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. ഒരു പ്രഗത്ഭനായ അഭിഭാഷകന്റെ, 107 വയസ്സുവരെ ജീവിച്ച തിരുവനന്തപുരം നഗരത്തിന്റെ പിതാവ് എന്ന അറിയപ്പെടുന്ന പ്രശസ്ത വ്യക്തിയുടെ, മൃതദേഹത്തില്‍ റീത്തുവെച്ച് അവിടെനിന്ന് പുറത്ത് പോകും മുമ്പുതന്നെ പത്രക്കാരോട് സര്‍ക്കാരിനെതിരേ രണ്ടുവാക്ക് പറഞ്ഞ് സംതൃപ്തിയടയുന്ന ഗവര്‍ണറെ നേരില്‍ക്കണ്ട ഒരു പൊതുപ്രവര്‍ത്തകനാണ് ഞാന്‍.

രാജ്ഭവനില്‍ ഗവര്‍ണര്‍ വാർത്താസമ്മേളനം വിളിക്കുകയും അവിടെ ചില പത്രക്കാരെ വിളിക്കാതിരിക്കണം എന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തതൊന്നും കേരള രാഷ്ട്രീയത്തിന് പരിചിതമായ കാര്യങ്ങളല്ല. പക്ഷേ, ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍ തള്ളിക്കളയേണ്ടതല്ല. ഇന്ന് പഴയ സ്ഥിതിയല്ല. ഒരു കാലത്ത് ഒരൊറ്റ സര്‍വകലാശാല മാത്രമേ നമുക്കുണ്ടായിരുന്നുളളൂ. ഇന്ന് കേരളത്തില്‍ 14 സര്‍വകലാശാലകളാണ് ഉളളത്. അതില്‍ പതിമൂന്നിന്റെയും ചാന്‍സലര്‍ ഗവര്‍ണറാണ്. നിയമ സര്‍വകലാശാലയുടെ ചാന്‍സലര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസും. ഈ ഗവര്‍ണറെയെന്നല്ല ഗവര്‍ണര്‍മാരെത്തന്നെ സഹിക്കാന്‍ വയ്യെന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭിപ്രായമെങ്കില്‍ നിശ്ചയമായും നിയമ സര്‍വകലാശാലയിലെന്ന പോലെ കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസിനെ എല്ലാ സര്‍വകലാശാലകളുടെയും ചാന്‍സലറായി തീരുമാനിച്ചുകൊണ്ടുളള നിയമനിര്‍മാണം നടത്താന്‍ കേരള നിയമസഭയ്ക്ക് പൂര്‍ണമായ അധികാരമുണ്ട്. അത്തരത്തിലൊരു നിയമനിര്‍മാണം ഉണ്ടായാല്‍ പ്രതിപക്ഷവും എതിര്‍ക്കുകയില്ല. പക്ഷേ, ഇന്നത്തെ ഈ അവസ്ഥയില്‍നിന്ന്, പരിതാപകരമായ ഉന്നതവിദ്യാഭ്യാസത്തിന്റെ പതനത്തില്‍നിന്ന് കേരളത്തെ രക്ഷിക്കാന്‍ പൊതുജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടു വരേണ്ടതായിട്ടുണ്ട്.

വിദ്യാര്‍ഥികളുടെ ഭാവി തുലാസിലോ

സര്‍ക്കാരിന്റെ തലവന്മാര്‍ തമ്മിലുളള തല്ലു നടക്കുമ്പോള്‍ കേരളത്തില്‍ വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാടുകയാണ്. അവരുടെ കൈവശം ഇരിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വിലയുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല. ഡോ. രാജശ്രീയും മറ്റുളള ഒമ്പത് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരും ഒപ്പിട്ടിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ യാതൊരു കുഴപ്പവുമില്ലാത്തതാണ് എന്ന് പറയാനുളള മര്യാദ പോലും വിദ്യാഭ്യാസമന്ത്രി കാണിച്ചിട്ടില്ല എന്നുളളതാണ് വിരോധാഭാസം.

അങ്ങനെ പറയാമോ എന്ന് സുപ്രീം കോടതിയില്‍നിന്ന് വ്യക്തത വരുത്തുകയാണ് വേണ്ടത്. വൈസ് ചാന്‍സലറുടെ നിയമനം ab initio void ആണെന്ന് സുപ്രീം കോടതി പറഞ്ഞുകഴിഞ്ഞാല്‍ അവര്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റുകളെ അതില്‍നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിക്കേണ്ടത് ഗവര്‍ണ്‍മെന്റാണ്. അത് ഒഴിവാക്കാനാവില്ല എന്ന് സുപ്രീം കോടതി പറഞ്ഞാല്‍ ആ സര്‍ട്ടിഫിക്കറ്റുകള്‍ റീവാലിഡേറ്റ് ചെയ്യാനുളള നടപടികള്‍ എന്താകണമെന്ന നിര്‍ദേശം നല്‍കണമെന്ന അഭ്യര്‍ഥന സുപ്രീം കോടതി ഒരിക്കലും തള്ളിക്കളയുകയില്ല. അതല്ലെങ്കില്‍ സാങ്കേതിക സര്‍വകലാശാലയുടെയും സമാനമായ തെറ്റായ നിയമനങ്ങള്‍ നടന്ന സര്‍വകലാശാലയുടെയും സര്‍ട്ടിഫിക്കറ്റ് വെച്ച് മത്സരപരീക്ഷക്ക് അപേക്ഷിക്കുകയും, മത്സരത്തില്‍ മറ്റ് സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകള്‍ ഉളള വിദ്യാര്‍ഥികളേക്കാള്‍ മുന്‍നിരയില്‍ വരികയും ചെയ്യുന്ന കേരള വിദ്യാര്‍ഥികള്‍ക്കെതിരായി ഇതര സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും പരാതി നല്‍കാന്‍ കഴിയും. പഠിച്ചു പാസ്സായ വിദ്യാര്‍ഥിയാണോ എന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് ജീവിതകാലം മുഴുവന്‍ തെളിയിക്കാന്‍ ഉത്തരവാദി. ഇത് ഇന്നും നാളെയുമായി തീരുന്ന പ്രശ്‌നമല്ല.

ഒരാളുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് അയാളുടെ ജീവിതം മുഴുവന്‍ ആവശ്യമുളള ഏറ്റവും അടിസ്ഥാനപരമായ രേഖയാണ്. ആ രേഖയിലെ ഒപ്പ് വ്യാജമാണോ അല്ലയോ എന്ന് പറയുന്നതിന് സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ അതു വ്യക്തമാക്കുന്നതിന് പകരം പുതിയ പുതിയ വിവാദങ്ങളില്‍ ചെന്ന് കയറാനാണ് ഗവര്‍ണറും സര്‍ക്കാരും ഒരുപോലെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഗവര്‍ണര്‍ക്കെതിരായ സമരം വലിയ തയ്യാറെടുപ്പോടെ നടക്കുകയാണ്. അതിന് നേതൃത്വം കൊടുക്കുന്നത് മുഖ്യമന്ത്രിയും.

എ.കെ.ജി. സെന്ററില്‍ നടന്ന ഒരു വലിയ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി തന്നെ ഉദ്ഘാടനം ചെയ്തത് അത്ഭുതത്തോടെയാണ് എല്ലാവരും കാണുന്നത്. എങ്ങോട്ടാണ് കേരളം പൊയ്‌ക്കൊണ്ടിരിക്കുന്നത്? ഭരണപ്രതിസന്ധിയും അതിനപ്പുറത്തുളള ഭരണഘടനാ പ്രതിസന്ധിയും അതിനുമപ്പുറത്തുളള വിദ്യാഭ്യാസ ദുരന്തവും സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇതില്‍ ഇടപെടാന്‍ ആര്‍ക്കാണ് സാധിക്കുക എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഈ ലേഖകന്റെ അഭിപ്രായത്തില്‍ ഇത്രയും ഗുരുതരമായ ഒരു പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്ന കേരളീയ യുവസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരുടേയും ഹര്‍ജികള്‍ ഇല്ലാതെ തന്നെ സ്വമേധയാ ഹൈക്കോടതിയും സുപ്രീം കോടതിയും മുന്നോട്ടുവരണം. ഇത് അത്യസാധാരണമായ രാഷ്ട്രീയ സാഹചര്യമാണ്. ഭരണ പ്രതിസന്ധിയാണ്. വിദ്യാഭ്യാസ ദുരന്തമാണ്.

Content Highlights: Kerala Governor Vs CM, unavoidable education disaster behind the battle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented