ഗവര്‍ണറുടെ ധാര്‍ഷ്ട്യവും വൈസ് ചാന്‍സലറുടെ ദാസ്യവും | പ്രതിഭാഷണം


സി.പി.ജോണ്‍ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | Photo - Mathrubhumi archives

രിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറെന്ന നിലയിലും സര്‍വകലാശാല ചാന്‍സലര്‍ എന്ന നിലയില്‍ കുറേ നാളുകളായി കേരള രാഷ്ട്രീയത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായി മാറിയിക്കുകയാണ്. ഭരണഘടന ഗവര്‍ണര്‍ക്ക് നല്‍കിയ അധികാരങ്ങളെക്കുറിച്ചോ പ്രത്യേക അവകാശങ്ങളെക്കുറിച്ചോ ഒന്നുമല്ല സമകാലീന രാഷ്ട്രീയ ചര്‍ച്ചകളില്‍ ഉയരുന്ന വാദപ്രതിവാദങ്ങള്‍. കേരളത്തിന്റെ ഗവര്‍ണറായ ആരിഫ് മുഹമ്മദ് ഖാന്‍ എടുക്കുന്ന നടപടികളും ആരിഫ് മുഹമ്മദ് ഖാനെന്ന ഗവര്‍ണറെകൊണ്ട് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി ചെയ്യിക്കാന്‍ ശ്രമിക്കുന്ന ചെയ്തികളുമാണ് കുറച്ചു ദിവസങ്ങളായി മുഖ്യവിഷയം.

ഗവര്‍ണര്‍ എന്ന ചാന്‍സലറെ കുറിച്ചാകാം ആദ്യ പരിശോധന. കേരളത്തില്‍ പണ്ട് ഒരൊറ്റ സര്‍വകലാശാല മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നത് 14 സര്‍വകലാശാലകളായി ഉയര്‍ന്നിരിക്കുന്നു. നിയമ സര്‍വകലാശാല ഒഴികെ ബാക്കിയുളള പതിമൂന്ന് സര്‍വകലാശാലകളുടെയും ചാന്‍സലര്‍ ഗവര്‍ണറാണ്. ചാന്‍സലര്‍ക്ക് ലഭിച്ചിരിക്കുന്ന അധികാരങ്ങള്‍ ഭരണഘടനയിലൂടെ ഗവര്‍ണര്‍ക്ക് കിട്ടിയ അവകാശങ്ങളുമായി കൂട്ടിക്കുഴയ്ക്കുന്നത് ശരിയല്ല. സര്‍വകലാശാല നിയമങ്ങളില്‍ നിന്നാണ് ചാന്‍സലര്‍ക്ക് അധികാരം ലഭിക്കുന്നത്. നിയമ സര്‍വകലാശാലയുടെ ചാന്‍സലര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്.സര്‍ക്കാരിന്റെയും നിയമസഭയുടെയും മുകളില്‍ ഗവര്‍ണര്‍ക്കുളളതിനേക്കാൾ കൂടുതല്‍ അധികാരങ്ങള്‍ സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും മുകളില്‍ ചാന്‍സലര്‍ക്കുണ്ട് എന്നതാണ് പ്രശ്‌നത്തിന്റെ കാതല്‍. സര്‍വകലാശാലയുടെ ഭരണസമിതിയായ സിന്‍ഡിക്കറ്റ് എടുക്കുന്ന തീരുമാനങ്ങളില്‍ വിയോജിപ്പുളളവര്‍ക്ക് ഗവര്‍ണര്‍ക്ക് അപ്പീല്‍ നല്‍കാനുളള വകുപ്പുകള്‍ സര്‍വകലാശാല നിയമങ്ങളില്‍ ഉണ്ട്. എന്നാല്‍ സര്‍ക്കാര്‍ എടുക്കുന്ന, മന്ത്രിസഭ എടുക്കുന്ന നടപടികളുടെ പേരില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അതിനെ സംബന്ധിച്ച് അപ്പീല്‍ കേള്‍ക്കാന്‍ ഭരണഘടന ഗവര്‍ണര്‍മാര്‍ക്ക് അനുവാദം നല്‍കുന്നില്ല. അതായത് സംസ്ഥാന ഭരണത്തിന്റെ മുകളില്‍ ഗവര്‍ണര്‍ക്ക് ഉളളതിനേക്കാള്‍ അധികാരം ചാന്‍സലര്‍മാര്‍ക്ക് സര്‍വകലാശാലകളുടെ മുകളില്‍ ഉണ്ട് എന്നര്‍ഥം.

നിയമ സര്‍വകലാശാലയുടെ ചാന്‍സലര്‍ കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസാണല്ലോ. കേരള സര്‍ക്കാരിന് വേണമെങ്കില്‍ 14 സര്‍വകലാശാലകളുടെയും ചാന്‍സലറായി ചീഫ് ജസ്റ്റിസിനെ നിയമിക്കാവുന്നതേയുളളൂ. പക്ഷേ, തര്‍ക്കപ്രശ്‌നങ്ങള്‍ വരുമ്പോള്‍ ചാന്‍സലര്‍ ഇടപെടും. ഇടപെടാതിരിപ്പിക്കുക എന്നത് ഒരു നല്ല സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെയും സിന്‍ഡിക്കേറ്റ് തലവനായ വൈസ് ചാന്‍സലറുടെയും ചുമതലയാണ്. ഇവിടെയാണ് വൈസ് ചാന്‍സലറുടെ പ്രസക്തി കാണേണ്ടത്. വൈസ് ചാന്‍സലറാണ് സര്‍വകലാശാലകളുടെ ദൈനംദിനകാര്യത്തിലെ മുഖ്യ അധികാരി. സിന്‍ഡിക്കേറ്റിന് നിരവധി അധികാരങ്ങള്‍ ഉണ്ടെങ്കില്‍ പോലും മന്ത്രിസഭയും മുഖ്യമന്ത്രിയും തമ്മിലുളള ബന്ധമല്ല സിന്‍ഡിക്കേറ്റും വൈസ് ചാന്‍സലറും തമ്മില്‍.(ചാന്‍സലറുടെ കീഴില്‍ പ്രോ ചാന്‍സലറും കൂടി ഉണ്ട് എന്നെല്ലാവര്‍ക്കും അറിയാമല്ലോ)

ഈ പശ്ചാത്തലത്തിലാണ് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറും ചാന്‍സലറും തമ്മിലുളള തര്‍ക്കത്തെ കുറിച്ച് പരാമര്‍ശിക്കേണ്ടത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായ ഡോ.ഗോപിനാഥ് രവീന്ദ്രന്‍ രണ്ടാമൂഴം തേടുന്ന സന്ദര്‍ഭത്തില്‍ സര്‍വകലാശാല നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചില്ലെന്നത് ഒരു നഗ്നസത്യമാണ്. പക്ഷേ, മുഖ്യമന്ത്രിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ചാന്‍സലറായ ഗവര്‍ണര്‍ ഡോ. ഗോപിനാഥിന്റെ നിയമനം ശരിവെച്ചു. ഇപ്പോള്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത് ഡോ. ഗോപിനാഥ് ഒരു ക്രിമിനലാണ് എന്നാണ്. എന്താണ് അദ്ദേഹം ചെയ്ത കുറ്റം? ചരിത്ര കോണ്‍ഗ്രസിന് കണ്ണൂര്‍ സര്‍വകലാശാലയുടെ വേദിയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും അദ്ദേഹത്തിന്റെ പ്രസംഗം അലങ്കോലപ്പെടുത്തുകയും ചെയ്ത സന്ദര്‍ഭത്തില്‍ അതിന് കൂട്ടുനിന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഗവര്‍ണര്‍ പറഞ്ഞത് വിസി അത്തരമൊരു സംഭവത്തിന് വേണ്ടി ഗൂഢാലോചന നടത്തിയെന്നാണ്. ഇവിടെ ചോദ്യം ഗവര്‍ണറോടാണ്. ഇന്ന് താങ്കള്‍ ക്രിമിനല്‍ എന്ന് വിളിക്കുന്ന കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറെ മുഖ്യമന്ത്രിയുടെ സമ്മര്‍ദം ഉളളതിന്റെ പേരില്‍ എന്തിന് നിയമിച്ചു? ഇപ്പോള്‍ അദ്ദേഹത്തെ ക്രിമിനല്‍ എന്ന് പറയുന്നതിന് ഏറ്റവും ചുരുങ്ങിയത് താങ്കള്‍ക്ക് അധികാരമുണ്ടോ? ഇല്ല എന്നുതന്നെയാണ് സത്യം.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ എടുക്കുന്ന നടപടികള്‍ പരിശോധിച്ചാല്‍ ചാന്‍സലറുടെ ധാര്‍ഷ്ട്യമാണോ വൈസ് ചാന്‍സലറുടെ ദാസ്യമാണോ ഗുരുതരമായിട്ടുളളത് എന്ന സംശയത്തിലാണ് എത്തുക. പ്രഗത്ഭനായ ചരിത്രകാരനാണ് ഡോ.ഗോപിനാഥ്. അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധമാണ്. പക്ഷേ സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസ് സെക്രട്ടറി ആയ പരിണിതപ്രഞ്ജനായ ശ്രീനിവാസന്‍ ഇദ്ദേഹത്തേക്കാള്‍ നല്ലനിലയില്‍ വിവാദരഹിതമായി പാര്‍ട്ടിയുടെ താല്പര്യം സംരക്ഷിക്കുമായിരുന്നു. ഈ ജോലിക്ക് ഇന്ത്യയില്‍ അറിയപ്പെടുന്ന ഒരു ചരിത്രകാരന്‍ ബുദ്ധിമുട്ടേണ്ട കാര്യമില്ല. അദ്ദേഹത്തിന്റെ നിലവാരത്തിലുളള ഒരു അക്കാദമിക് പണ്ഡിതന്‍ വിവാദങ്ങള്‍ നിലനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ രണ്ടാമൂഴത്തിന് ശ്രമിക്കരുതായിരുന്നു എന്നാണ് ലേഖകന്റെ അഭിപ്രായം.

ഇപ്പോള്‍ നടന്ന പ്രിയാവര്‍ഗീസിന്റെ നിയമനത്തില്‍ വ്യക്തമായ സ്വജനപക്ഷപാതം കാണിക്കുന്നതിന് വൈസ് ചാന്‍സലര്‍ കൂട്ടുനിന്നു എന്നത് പകല്‍വെളിച്ചം പോലെ വ്യക്തമാണ്. കേരളത്തിലെ പൊതുപ്രവര്‍ത്തകരുടെ ഭാര്യമാര്‍ തൊഴിലെടുക്കുന്ന സ്ത്രീകളാണ്. കേരളത്തിന്റെ മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ.നായനാരുടെയും എ.കെ.ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും ഭാര്യമാര്‍ സ്‌കൂളിലും ബാങ്കിലും ജോലിചെയ്തിരുന്ന സ്ത്രീകളായിരുന്നു. മന്ത്രിമാരുടെ ഭാര്യമാര്‍ എത്രയോ പേര്‍ അധ്യാപികമാരോ മറ്റ് തൊഴില്‍ ചെയ്യുന്നവരോ ആണ്. ഇന്നത്തെ ജലസേചനമന്ത്രിയായ റോഷിന്‍ അഗസ്റ്റിന്റെ ഭാര്യ ശ്രീചിത്ര ആശുപത്രിയിലെ മുതിര്‍ന്ന നഴ്‌സാണ്. ഇത് കേരള രാഷ്ട്രീയത്തിന് ഭൂഷണമായ കാര്യമാണ്. ഇടത്തരക്കാരില്‍ നിന്നാണ് പൊതുപ്രവര്‍ത്തകര്‍ ഇവിടെ ഉയര്‍ന്നുവന്നിട്ടുളളത്. പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുളള നേതാക്കന്മാരും കേരളത്തിന് അപരിചിതരല്ല. മറ്റു പലസംസ്ഥാനങ്ങളിലും ഭാര്യമാര്‍ ജോലിക്ക് പോകാത്തത് അതിസമ്പന്നരുടെ ഭാര്യമാര്‍ ആയതുകൊണ്ടുകൂടിയാണ്. രാഷ്ട്രീയ രംഗത്ത് പൊതുപ്രവര്‍ത്തകരുടെ ഭാര്യമാര്‍ക്ക് തൊഴിലുണ്ടാവുക ഒരു മോശം കാര്യമല്ല. പലപ്പോഴും പാര്‍ട്ടി ഭരിക്കുന്ന സ്ഥാപനങ്ങളിലും സഹകരണമേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെല്ലാം അവര്‍ക്ക് തൊഴില്‍ കിട്ടുന്നതിനുളള ചില ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട് എന്നത് മറച്ചുവെക്കേണ്ട കാര്യമായി തോന്നുന്നില്ല. പക്ഷേ പ്രിയാവര്‍ഗീസിന്റെ കാര്യത്തില്‍ സംഭവിച്ചത് അതല്ല. ഒരു പൊതുപ്രവര്‍ത്തകന്റെ ഭാര്യക്ക് തൊഴില്‍ ഉണ്ടാവുകയും കുടുംബ ജീവിതം ഭദ്രമാക്കുകയും ചെയ്യുക എന്ന ലക്ഷ്യമല്ല പ്രിയാ വര്‍ഗീസിന്റെ കാര്യത്തിലുളളത്.

എട്ടുവര്‍ഷം അധ്യാപന പാരമ്പര്യം വേണമെന്ന് നിര്‍ബന്ധമുളള അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനം ലഭിക്കുന്നതിന് വേണ്ടിയാണ് അവര്‍ ചരടുകള്‍ വലിച്ചത്. അതിനുമുമ്പ് 2012-ല്‍ തന്നെ കേരളവര്‍മകോളേജിലെ മലയാളം അധ്യാപികയിരുന്ന അവര്‍ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ പദവിയിലേക്ക് മാറിയിരുന്നു. ഇവിടെയാണ് ചരിത്രകാരനായ ഡോ.ഗോപിനാഥിനോട് ചോദിക്കാന്‍ ഉളളത്. ഒരു മുന്‍ എം.പി.യും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ വ്യക്തിയുടെ ഭാര്യയുടെ അസിസ്റ്റന്റ് പ്രൊഫസര്‍ പദവിയില്‍നിന്നും അസോസിയേറ്റ് പ്രൊഫസറിലേക്കുളള സ്ഥാനക്കയറ്റത്തിന് വേണ്ടി താങ്കളെപ്പോലൊരാള്‍ ഇത്രയും റിസ്‌ക് എടുക്കണമായിരുന്നോ? അഭിമുഖം എന്ന സൗകര്യം ഉപയോഗിച്ചുകൊണ്ട് കൂടുതല്‍ യോഗ്യതയുളളവരെ, അധ്യാപന പരിചയമുളളവരെ, എത്രയോ കാലം മുമ്പ് പിഎച്ച്ഡി എടുത്തവരെ മാറ്റി നിര്‍ത്തിക്കൊണ്ട് അവരോളം പ്രാപ്തിയില്ലാത്ത ഒരാളെ അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നത് സ്വജനപക്ഷപാതത്തിനും അപ്പുറമുളള താങ്കളുടെ രാഷ്ട്രീയ ദാസ്യമാണ് എന്ന് പറയേണ്ടി വന്നതില്‍ ലജ്ജിക്കുന്നു.

ഇനി ഗവര്‍ണറുടെ പിണക്കങ്ങളിലേക്ക് കടക്കാം. കേരളത്തില്‍ പ്രത്യേക നിയമസഭാസമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്. എന്തിനാണ് എന്നറിയേണ്ടേ. റദ്ദായി പോയ 11 ഓര്‍ഡിനന്‍സുകള്‍ വീണ്ടും നിയമമാക്കാന്‍. എങ്ങനെയാണ് ഈ 11 ഓര്‍ഡിനന്‍സുകളും റദ്ദായത് എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി വ്യക്തമാക്കണം. ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചതിന് ശേഷം പലതവണ നിയമസഭ കൂടിയിട്ടുളളതാണ്.
നിയമസഭ കൂടിയ സന്ദര്‍ഭങ്ങളില്‍ ഈ ഓര്‍ഡിനന്‍സുകള്‍ നിയമമാക്കുക എന്നതായിരിക്കണമായിരുന്നു നിയമസഭയുടെ പ്രഥമ പരിഗണന. ഇക്കാര്യത്തില്‍ സ്പീക്കറും ജാഗ്രത കാണിച്ചോ എന്ന് സംശയമാണ്. പകരം ഓരോ ആറുമാസം കഴിയുമ്പോഴും പുനര്‍പ്രഖ്യാപനങ്ങള്‍(repromulgation)നടത്തി താന്‍ നേരത്തേ ഒപ്പിട്ട ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണറെക്കൊണ്ട് വീണ്ടും വീണ്ടും ഒപ്പിവിടുവിക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറി. ഇതിനുളള വിശദീകരണം എന്താണ് ?വഖഫ് ബോര്‍ഡിന്റെ നിയമങ്ങള്‍ സംബന്ധിച്ച് ഏതാണ്ട് എട്ടുതവണയാണ് വീണ്ടും വീണ്ടും ഗവര്‍ണറെക്കൊണ്ട് ഒപ്പിടീച്ചത്.

ഇവിടെ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടുതെറ്റുകള്‍ ചെയ്തിരിക്കുന്നു. ഒന്ന്, ഓര്‍ഡിനന്‍സുകള്‍ ആറുമാസം കഴിയുമ്പോള്‍ വീണ്ടും വീണ്ടും ഇറക്കുക എന്ന ഓര്‍ഡിനന്‍സ് രാജ്. രണ്ട്, ഓര്‍ഡിനന്‍സ് രാജിലൂടെയുളള ഗവര്‍ണര്‍ രാജ്. ഗവര്‍ണറെ അനാവശ്യമായി ആശ്രയിച്ചുകൊണ്ടാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അങ്ങനെ തന്റെ ഒപ്പിന് വേണ്ടി കാത്തുകിടക്കുന്ന സര്‍ക്കാരിനെ രാഷ്ട്രീയമായി എതിര്‍ഭാഗത്ത് നില്‍ക്കുന്ന ഗവര്‍ണര്‍ വട്ടംകറക്കിയില്ലെങ്കിലേ അത്ഭുതപ്പെടാനുളളൂ. ഗവര്‍ണര്‍ പിണങ്ങിയതോടെ നിയമസഭ വീണ്ടും വിളിച്ചുകൂട്ടേണ്ടി വന്നിരിക്കുന്നു. വീണ്ടും നിയമസഭ കൂടേണ്ട ആവശ്യം ഉണ്ടായിരുന്നില്ല, നേരത്തേയുളള നിയമസഭാ സമ്മേളനങ്ങളില്‍ ഈ ഓര്‍ഡിനന്‍സുകള്‍ പാസ്സാക്കാമായിരുന്നു. അതില്‍ ഒരു ലോകായുക്തയുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് വളരെ പ്രധാനമാണ്.

നായനാര്‍ സര്‍ക്കാര്‍ ഇ.ചന്ദ്രശേഖരന്‍ നായരെന്ന പ്രഗത്ഭനായ നിയമമന്ത്രിയുടെ കീഴില്‍ കൊണ്ടുവന്ന ഈ ഓര്‍ഡിനന്‍സിലൂടെ മറ്റുസംസ്ഥാനങ്ങളിലെ ലോകായുക്തയേക്കാള്‍ ശക്തമായ ലോകായുക്ത നമുക്കുണ്ടായി. ലോകായുക്ത വളരെ ഉത്തരവാദിത്തത്തോടുകൂടിയാണ് പെരുമാറിയത്. കാല്‍നൂറ്റാണ്ടായിട്ടും ഒരു മന്ത്രിയെയും രാജിവെപ്പിക്കാന്‍ ലോകായുക്ത ശ്രമിച്ചിട്ടില്ല. പക്ഷേ, നഗ്നമായ സ്വജനപക്ഷപാതം കാണിച്ചപ്പോള്‍ അതും തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം കെ.ടി.ജലീല്‍ വിമര്‍ശിക്കപ്പെട്ടു. ഇനി മറ്റാരും വിമര്‍ശിക്കപ്പെട്ടുകൂടാ എന്ന് മുന്‍കൂട്ടി കണ്ടുകൊണ്ട് ഓട്ടത്തിന് മുമ്പിലേക്ക് എറിഞ്ഞിരിക്കുകയാണ് പിണറായി വിജയന്‍ ഈ ഓര്‍ഡിനന്‍സ്. സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവി വെട്ടിക്കുറയ്ക്കുന്ന ഓര്‍ഡിനന്‍സും അദ്ദേഹം ഗവര്‍ണറെ കൊണ്ട് ഒപ്പുവെപ്പിക്കാന്‍ കാത്തുനില്‍ക്കുകയാണ്.

ഇവിടെയാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പൊതുനയം ചര്‍ച്ചയ്‌ക്കെടുക്കേണ്ടത്.

1) നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുളള സാഹചര്യത്തില്‍ എന്തിനാണ് ഈ ഓര്‍ഡിനന്‍സ്?

2) ഓര്‍ഡിനന്‍സ് എന്തുകൊണ്ട് അടുത്ത നിയമസഭയില്‍ പാസ്സാക്കിയില്ല.

3) ലോകായുക്ത, അഴിമതിയെ തടയാന്‍ കഴിയുന്ന പരിമിതമായ സംവിധാനമാണ് എന്നിരിക്കേ അഴിമതി കൊടികുത്തിവാഴുന്ന സമൂഹത്തില്‍ എന്തിന് അതിന്റെ പല്ലും നഖവും പറിക്കുന്നു.

ഇത്തരത്തിലുളള ഇടതുപക്ഷ നിലപാടുകളാണ് പിണറായി സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തിയിരിക്കുന്നത്. പക്ഷേ അതിനെ ചെറുക്കുന്നുവെന്ന് പറയുന്ന ആരിഫ് മുഹമ്മദ്ഖാന്‍ ഒരു നല്ല ഗവര്‍ണറുടെ സ്ഥാനമല്ല അലങ്കരിക്കുന്നത് എന്നും പറയാതിരിക്കാന്‍ വയ്യ. വൈസ് ചാന്‍സലറെ ക്രിമിനല്‍ എന്ന് വിളിച്ച നടപടി കൊടുംതെറ്റാണ്. അതേ വൈസ് ചാന്‍സലറെ നിയമിക്കുന്ന ഉത്തരവില്‍ ഒപ്പിട്ട് മാസങ്ങള്‍ കഴിഞ്ഞശേഷം. ഗവര്‍ണര്‍ തന്റെ പദവി ദുരുപയോഗപ്പെടുത്തുന്നു എന്നതിലുപരി ദുര്‍ബലപ്പെടുത്തിയിരിക്കുകയാണ്. ഗവര്‍ണര്‍ക്ക് ഭരണഘടനയും അതിലൂടെ ജനങ്ങളും നല്‍കിയിട്ടുളള ബഹുമാനവും ആദരവും നഷ്ടപ്പെടുത്തുന്ന തരത്തില്‍ നിത്യേന പത്രസമ്മേളനം വിളിച്ച് സ്വയം അപഹാസ്യനാകുന്ന ഒരു ഗവര്‍ണര്‍ക്ക് മുന്നില്‍ കാത്തുകെട്ടി കിടക്കേണ്ട അവസ്ഥയാണ് പിണറായി സര്‍ക്കാരിന് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇത് ഈ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഉല്പന്നമാണ്.

അതുകൊണ്ട് കേവലം ഭരണപരമായ പ്രശ്‌നം എന്നതിനുപ്പുറത്തേക്ക് ഇതിലടിങ്ങിയിരിക്കുന്ന രാഷ്ട്രീയ പ്രശ്‌നമാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളും ജനകീയ പ്രസ്ഥാനങ്ങളും ചര്‍ച്ച ചെയ്യേണ്ടത്. ഓരോ പാര്‍ട്ടികളും അവരുടെ നിലപാടുകള്‍ വ്യക്തമാക്കണം. ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണര്‍ ഇരിക്കണം എന്ന്എവിടെയും എഴുതിവെച്ചിട്ടില്ലെങ്കിലും ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റുന്നുണ്ടെങ്കില്‍ ആ പദവി മുഖ്യമന്ത്രി ഏറ്റെടുത്തുകൂടാ, പകരം ആ സ്ഥാനത്തേക്ക് വരേണ്ടത് ചീഫ് ജസ്റ്റിസാണ്.

മറ്റൊന്ന് ലോകായുക്തയുടെ കാര്യത്തില്‍ തന്റെ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരേ ലോകായുക്തയുടെ വിധി വന്നാല്‍ അത് പരിശോധിക്കാനുളള എന്ത് അധികാരമാണ് മുഖ്യമന്ത്രിക്കുളളത്. ലോകായുക്തയെ, നായനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന അതേ രൂപത്തില്‍ തന്നെ നിലനിര്‍ത്തുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇനി അതല്ലാതെ പരിശോധിക്കാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്തണമെന്നുണ്ടെങ്കില്‍ അത് നിലവിലുളള ചീഫ് ജസ്റ്റിസില്‍ കുറഞ്ഞ ആരുമായിക്കൂടാ. അതുപോലെ തന്നെ പൊതുപ്രവര്‍ത്തകരുടെ പ്രത്യേകിച്ചും മുഖ്യമന്ത്രിയുടെ ഓഫീസ് കൈകാര്യം ചെയ്യുന്ന വ്യക്തികളെ പോലുളളവരുടെ ബന്ധുക്കളെ നിയമിക്കുമ്പോള്‍ കാണിക്കേണ്ട ജാഗ്രത പിണറായി സര്‍ക്കാരും അദ്ദേഹത്തിന്റെ ഓഫീസും കാണിച്ചുവെന്ന് പറയാന്‍ സാധ്യമല്ല.

ഞങ്ങള്‍ക്ക് എന്തും ചെയ്യാമല്ലോ? ഞങ്ങള്‍ എന്തുചെയ്യുന്നോ അതല്ലേ ശരി? ഞങ്ങള്‍ക്ക് ശരിയല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ലല്ലോ? എന്നീ ചോദ്യങ്ങള്‍ ആരില്‍ നിന്ന് ഉണ്ടായാലും അത് അവരുടെ പതനത്തിന്റെ ആരംഭം ആണെന്നുമാത്രം.

Content Highlights: kerala governor and Kannur vice chancellor issue


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented