ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ഇതിന് മുമ്പ് അവതരിപ്പിക്കപ്പെട്ട ബജറ്റുകളേക്കാള്‍ 2023-24-ലെ കേരള ബജറ്റ് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു. ഏറെക്കാലത്തിന് ശേഷം വിവിധ മേഖലകളില്‍ നികുതിയും സെസ്സും വര്‍ധിപ്പിച്ച് വരുമാനം വര്‍ധിപ്പിക്കാന്‍ മാര്‍ഗം കണ്ടെത്തിയ ബജറ്റായിട്ടാണ് ഈ ബജറ്റിനെ വിലയിരുത്തുന്നത്. കേരളത്തില്‍ അടുത്ത കാലത്തായി വരുമാനം വര്‍ധിപ്പിച്ച ധനമന്ത്രിയാണ് ബാലഗോപാല്‍ എന്ന കാര്യത്തില്‍ സംശയമില്ല. 1,34,000 കോടി രൂപ റവന്യൂ വരുമാനം പ്രതീക്ഷിച്ചെങ്കിലും 1,29,000 കോടി രൂപയായി അത് കുറഞ്ഞത് കേന്ദ്രത്തിന്റെ വിഹിതം കുറഞ്ഞതു കൊണ്ടാണെന്നു വിശദീകരിക്കാനും കഴിയും. പക്ഷേ, കേരളത്തിന്റെ ധനസ്ഥിതിയും മെല്ലെ മെല്ലെ കേരളത്തിന്റെ സമ്പദ്ഘടനയും വികസിച്ചുകൊണ്ടിരിക്കുന്ന ശുഭകരമായ ഈ അന്തരീക്ഷത്തില്‍ ഇത്രയും കടുത്ത നികുതി അടിച്ചേല്‍പ്പിക്കപ്പെടുന്നത് ഈ രണ്ടു പ്രക്രിയകളെയും സഹായിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം.
വളര്‍ന്നുവരുന്ന, അതും ആഴത്തില്‍ പതിച്ച കുഴിയില്‍നിന്നു പതിയെ എഴുന്നേൽക്കുന്ന, സമ്പദ്ഘടനയുടെ മുകളില്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്നത് ധനകാര്യയുക്തിപോലുമല്ല. ഇത്തരം ഒരു നികുതി ആഘാതം കൊണ്ട്, സ്വാഭാവികമായി കൂടിക്കൊണ്ടിരിക്കുന്ന വരുമാനം കൂടുതൽ വര്‍ധിക്കുമെന്ന കണക്കുകൂട്ടല്‍ തെറ്റാണെന്നു പറയാതെ വയ്യ. കാരണം ഈ നികുതി വര്‍ധനവിലൂടെ കേരള സര്‍ക്കാരിന്റെ ബാലന്‍സ് ഷീറ്റില്‍ ഗുണകരമായ വര്‍ധന ഉണ്ടായാല്‍ പോലും നമ്മുടെ സംസ്ഥാനത്തെ 85 ലക്ഷം വീടുകളുടെ, അതിലെ പാവപ്പെട്ടവരുടെ കുടുംബ ബാലന്‍സ് ഷീറ്റ് അതിഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നതാണ് കാതലായ പ്രശ്‌നം.
സര്‍ക്കാരിന്റെ വരുമാനം സ്വാഭാവികമായി വര്‍ധിക്കുന്നത് കാത്തുനില്‍ക്കാതെ, പെട്രോള്‍- ഡീസല്‍ സെസ് കൂട്ടിയും വെള്ളക്കരവും വൈദ്യുതി നിരക്കും കൂട്ടിയും വസ്തുക്കള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന അധിക ബാധ്യതകൊണ്ടും സര്‍ക്കാര്‍ പ്രതീക്ഷിച്ച ഗുണം ഉണ്ടാകുമെന്ന് കരുതാന്‍ വയ്യ.
ഇരുചക്രവാഹനങ്ങളെ പോലും നികുതി വര്‍ധനവില്‍നിന്ന് വെറുതെ വിടാത്ത ധനമന്ത്രി ലക്ഷ്യം വെക്കുന്നത് സമൂഹത്തിന്റെ താഴെത്തട്ടിലുളള ഏറ്റവും സാധാരണക്കാരെതന്നെയാണ് എന്നത് തര്‍ക്കമറ്റ സംഗതിയാണ്. അതുകൊണ്ടുതന്നെയാണ് ബജറ്റിലെ കടുത്ത നികുതി സെസ് വര്‍ധന പിന്‍വലിക്കണമെന്ന ആവശ്യത്തെ ബജറ്റ് അവതരിപ്പിച്ച ദിവസങ്ങളില്‍ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനും പരോക്ഷമായി പിന്താങ്ങിയത്.
പിന്നീട് നടന്ന ആഭ്യന്തര ചര്‍ച്ചകളില്‍ ഇത്തരമൊരു നീക്കം പ്രതിപക്ഷത്തിന് ഗുണകരമാകുമെന്ന് കണ്ടതുകൊണ്ടോ അതല്ലെങ്കില്‍ തങ്ങളുടെ തന്നെ ആത്മധൈര്യം ചോര്‍ന്നുപോയിയെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുമെന്ന് തോന്നിയതുകൊണ്ടോ പിടിച്ച പിടിവിടാതെ, ഒരു സെസും പിന്‍വലിക്കാതെ, ഒരു നികുതിയും കുറയ്ക്കാതെ ബാലഗോപാല്‍ ബജറ്റ് ചര്‍ച്ചയിന്മേലുളള നീണ്ട മറുപടി പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
ഈ നീക്കം ഗുണകരമല്ലെന്നു പറയുമ്പോള്‍ തന്നെ ഇത്തരത്തില്‍ ബാലഗോപാല്‍ മടിശ്ശീല മുറുക്കി സമ്പാദിക്കുന്ന പണം എങ്ങനെ ചെലവാക്കപ്പെടുന്നുവെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. പെന്‍ഷനും ക്ഷേമകാര്യങ്ങള്‍ക്കുംവേണ്ടി ഉപയോഗിക്കുമെന്ന മന്ത്രിയുടെ വാഗ്ദാനം മുഖവിലയ്‌ക്കെടുക്കാന്‍ പോലും സാധ്യമല്ല. കാരണം ഒരു രൂപ പോലും അതില്‍ വര്‍ധന ഉണ്ടായിട്ടില്ല.
ഇടതു മുന്നണിയുടെ ക്രെഡിറ്റായി മാറിയ കൃത്യമായ പെന്‍ഷന്‍ വിതരണം പോലും നിലച്ചിരക്കുകയാണ്. അതിനു പുറമേയാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ വികസന ഫണ്ടിന്റെ അല്ലെങ്കില്‍ പ്ലാന്‍ ഫണ്ടിന്റെ സ്തംഭനാവസ്ഥ. പൊതുമാധ്യമങ്ങളില്‍ ഈ വിഷയം വേണ്ടത്ര ഗൗരവത്തോടെ ഇനിയും ചര്‍ച്ചക്കെടുത്തിട്ടില്ല. 2019-20-ല്‍ കേരളത്തിന്റെ പ്ലാന്‍ ഫണ്ട് അഥവാ അടങ്കല്‍ 30,610 കോടി രൂപയായിരുന്നു. മഹാമാരിയുടെ കാലത്ത് അതു കുറഞ്ഞ് 27,000 ആയി രണ്ടുവര്‍ഷം നിന്നു.
നടപ്പുവര്‍ഷം അത് 30370 ആയി വര്‍ധിച്ചു. ഈ വര്‍ഷം നികുതി വര്‍ധനവ് ഉണ്ടായി മഹാമാരിയുടെ അന്തരീക്ഷം കുറഞ്ഞ് പതിയെപ്പതിയെ സമ്പദ്ഘടന വളരാന്‍ തുടങ്ങിയപ്പോള്‍ പ്ലാന്‍ ഫണ്ട് വര്‍ധിക്കുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, ഒരു രൂപപോലും പ്ലാന്‍ഫണ്ട് കൂട്ടാന്‍ ധനമന്ത്രിയോ മുഖ്യമന്ത്രിയോ തയ്യാറായില്ല. ഇത് കടുത്ത അനീതിയാണെന്നു മാത്രമല്ല, ഇടതുപക്ഷ- നെഹ്രൂവിയന്‍ വികസന പദ്ധതികള്‍ക്ക് നേരെയുളള വെല്ലുവിളി കൂടിയാണ്.
എന്താണ് പദ്ധതി അടങ്കലിന്റെ പ്രാധാന്യമെന്ന് സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. പദ്ധതി അടങ്കല്‍ വലുതാകുമ്പോഴാണ് അതിന്റെ കാല്‍ഭാഗമായ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള വികസന ഫണ്ട് കൂടുന്നത്. നൂറു രൂപ പ്ലാന്‍ ഫണ്ടായിരിക്കുമ്പോള്‍ 25 രൂപ പ്രാദേശിക സര്‍ക്കാരിന് കിട്ടുമെങ്കില്‍ പ്ലാന്‍ ഫണ്ട് ഇരുന്നൂറു രൂപയാകുമ്പോള്‍ അത് അമ്പത് രൂരയായി ഉയരും, അത് 25 ശതമാനമാണെങ്കില്‍ പോലും. ഈ കഴിഞ്ഞ നാലു വര്‍ഷക്കാലമായി ഒരു പൈസ പോലും ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്ലാന്‍ അടങ്കലില്‍ കൂട്ടിയില്ല. മാത്രമല്ല, അല്പം കുറഞ്ഞിരിക്കുകയുമാണ്.
ഇത് ചെന്നെത്തുന്നത് പഞ്ചായത്തുകളുടെ വാര്‍ഡുകളില്‍, നാഡീധമനികളില്‍, പണമെത്താത്ത അവസ്ഥയിലേക്കാണ്. അതിനുപുറമേയാണ്, പ്ലാന്‍ ഫണ്ട് അഥവാ പദ്ധതി അടങ്കല്‍ 10% മാറ്റിവെക്കുന്ന പട്ടികജാതി ഫണ്ടിന്റെ സ്ഥിതി. കേരളത്തില്‍ 9.8% പട്ടികജാതിക്കാരുണ്ട്. അത്രയും ശതമാനം തന്നെ നാം സെപ്ഷ്യല്‍ കോമ്പണന്റ് പ്ലാന്‍ എന്ന പേരില്‍ ആ വിഭാഗത്തിനായി മാറ്റിവെക്കുന്നുണ്ട്. കേരള വികസനത്തിന്റെ ആണിക്കല്ലാണ് അത്. കഴിഞ്ഞ നാലു വര്‍ഷക്കാലമായി ഈ തുകയില്‍ വര്‍ധന ഉണ്ടായില്ലെന്നു മാത്രമല്ല, പ്ലാന്‍ ഫണ്ട് കുറച്ചപ്പോള്‍ ഈ ഫണ്ടും കുറഞ്ഞുവെന്ന് ജനങ്ങള്‍ ഇനിയും മനസ്സിലാക്കിയിട്ടില്ല. കേരളത്തില്‍ ഒന്നര ശതമാനം പട്ടികവര്‍ഗക്കാരാണ് ഉളളത്. അവര്‍ക്ക് രണ്ട് ശതമാനമാണ് പദ്ധതി അടങ്കല്‍ മാറ്റിവെച്ചിരുന്നതെങ്കിൽ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അത് മൂന്നു ശതമാനമായി ഉയര്‍ത്തിയിരുന്ന കാര്യം ഓർക്കുക. ഇന്ത്യയില്‍ ഒരു സംസ്ഥാനവും ചെയ്യാത്ത നടപടിയാണ്. പക്ഷേ അവരുടെ സ്ഥിതി മെച്ചപ്പെട്ടോ എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. ഈ നീക്കിയിരുപ്പിൽ ഇക്കുറിയും വർധന ഉണ്ടായില്ല. പണപ്പെരുപ്പവുമായി തട്ടിച്ചു നോക്കുമ്പോൾ കേരളത്തിന്റെ പദ്ധതി അടങ്കൽ യഥാർത്ഥത്തിൽ കുറഞ്ഞുപോയി എന്നതാണു യാഥാർത്ഥ്യം.
ആ ഫണ്ടിലും ഒരു രൂപയുടെ വര്‍ധന ഉണ്ടായില്ലെന്ന് മാത്രമല്ല, നാലു കൊല്ലത്തിനിടയ്ക്ക് കുറവാണ് വന്നിരിക്കുന്നത് എന്ന് ബാലഗോപാലനും പിണറായി വിജയനും മനസ്സിലാക്കണം. അതിന്റെ അര്‍ഥം ബജറ്റ് നികുതി പിരിക്കാനുളള മാര്‍ഗമായി അധഃപതിച്ചുകൂടാ എന്നുതന്നെയാണ്. ആസൂത്രിത വികസനം എന്ന അടിത്തറയെയാണ് ഈ സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നത് എന്ന വിമര്‍ശനം എത്ര അസുഖകരമാണെങ്കിലും ഈ സര്‍ക്കാര്‍ കേട്ടേ പറ്റൂ. ഇത്തരത്തിലുളള എല്ലാ പ്രശ്‌നങ്ങളുടെയും ഒറ്റമൂലിയായിട്ടാണല്ലോ കിഫ്ബി അവതരിച്ചത്. എന്താണ് കിഫിബിയുടെ സ്ഥിതി? 74,000 കോടി രൂപയുടെ അടങ്കല്‍ കിഫ്ബിക്ക് ഉണ്ടെന്നാണ് പറയുന്നത്. എന്നാല്‍ കഴിഞ്ഞ ഏഴു വര്‍ഷക്കാലം കൊണ്ട് കിഫ്ബി പണിപൂര്‍ത്തിയാക്കിയത് 6100 കോടി രൂപയുടെ പണികള്‍ മാത്രമാണ്.
കിഫ്ബിയുടെ ചെലവ് ഏകദേശം 20,000 കോടിയാണ്. അതില്‍ അയ്യായിരം കോടിയോളം കേന്ദ്ര സര്‍ക്കാരിന്റെ ദേശീയപാതാ പദ്ധതിക്കുവേണ്ടി ചെലവായ തുകയാണ്. അതു നല്‍കിയത് തീര്‍ച്ചയായും നന്നായി. പക്ഷേ, ആകെ കിഫ്ബിയുടെ ചെലവ് നോക്കിയാല്‍, സ്വാഭാവികമായി വളരേണ്ടിയിരുന്ന പദ്ധതി അടങ്കലിലെ കുറവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒരു വര്‍ധനവേ അല്ലെന്നു മനസ്സിലാക്കാന്‍ കഴിയും(പദ്ധതി അടങ്കൽ ഇതിനകം 45,000 കോടി രൂപയുടെ അടുത്തെത്തേണ്ടതായിരുന്നു). പദ്ധതിയില്‍നിന്ന് എടുത്ത് കിഫിബിക്ക് കൊടുക്കയല്ലാതെ മറ്റൊന്നും ഈ സര്‍ക്കാര്‍ ചെയ്തിട്ടില്ല. പക്ഷേ, കൊടുത്തപ്പോള്‍ പഞ്ചായത്തുകളുടെ തുക വര്‍ധിച്ചില്ല. പട്ടികജാതി-പട്ടികവര്‍ഗവിഭാഗങ്ങളുടെ നീക്കിയിരിപ്പ് വര്‍ധിച്ചില്ല. അങ്ങനെ കിഫ്ബി പഞ്ചായത്ത് രാജിന് പട്ടികജാതി-വര്‍ഗ വികസന ഫണ്ടിന് ഒരു പാരയായി എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ കിഫ്ബിയും മുന്നോട്ടുപോകുന്നില്ല.
കിഫ്ബി ചെറുപ്പത്തിലേ മരിച്ചുപോകുന്ന അവസ്ഥയില്‍ രോഗാതുരമാണ്. കടം വാങ്ങുന്ന പണം കേരളത്തിന്റെ പൊതുകടമായി മാറുമെന്ന ഭരണഘടനാസ്ഥാപനമായ പരാമര്‍ശത്തോടെ കിഫ്ബി വളര്‍ച്ച മുരടിച്ച് നില്‍ക്കുകയാണ്. ആ കിഫ്ബിക്ക് പണം കണ്ടെത്താനല്ല സെസ്സ് കൂട്ടിയതെന്നു ധനമന്ത്രി പറയാതെ പറയുന്നുണ്ടെങ്കിലും പെട്രോളിയം ഉല്പന്നങ്ങളുടെ സെസ്സില്‍ കിഫ്ബിക്ക് കൈവെക്കാമെന്നൊരു വകുപ്പ് കിഫ്ബി നിയമത്തില്‍ നില്‍ക്കുന്നുണ്ടെന്ന കാര്യം മറക്കരുത്.
മോട്ടോര്‍ വെഹിക്കിള്‍ ടാക്‌സില്‍നിന്ന് കിട്ടുന്ന തുകയുടെ അമ്പതു ശതമാനവും കിഫ്ബിക്ക് എടുക്കാം. അപ്പോള്‍ ഈ ബജറ്റിലൂടെ വര്‍ധിപ്പിച്ച രണ്ട് അതിഭയങ്കരമായ വര്‍ധനവുകളുടെയും ആത്യന്തിക ലക്ഷ്യം ഊര്‍ദ്ധശ്വാസം വലിക്കുന്ന കിഫിബിയെ സഹായിക്കലാണ് എന്നു കാണാന്‍ സാധിക്കും. സര്‍ക്കാര്‍ ഇപ്പോഴും അതംഗീകരിക്കുന്നില്ലെങ്കില്‍ പോലും. എന്തായാലും ധനമന്ത്രി ബാലഗോപാല്‍ നികുതി വര്‍ധിപ്പിച്ചതും നികുതി കൂടുതല്‍ പിരിച്ചെടുത്തത് 51,000-ത്തില്‍ നിന്ന് 70 കോടിയായി സ്‌റ്റേറ്റ്‌സ് ഓണ്‍ ടാക്‌സ് വര്‍ധിപ്പിച്ചതും നല്ല കാര്യം തന്നെ. വര്‍ധിക്കാന്‍ കഴിയുന്നതിന്റെ അടുത്തൊന്നും അത് എത്തിയിട്ടില്ലെന്ന് പ്രതിപക്ഷം പറയുന്നതില്‍ കാര്യമുണ്ട്.
2017 ജൂലായ് മാസം നിലവില്‍ വന്ന ജി.എസ്.ടി. ഇന്ത്യയുടെ വാലറ്റത്ത് കിടക്കുന്ന കേരളത്തിലേക്കുളള ചരക്കുകളുടെ ഒഴുക്ക് പരിശോധിക്കാനുളള എല്ലാ സംവിധാനങ്ങളും എടുത്തുകളഞ്ഞു. വാളയാര്‍ ചെക്ക്‌പോസ്റ്റ് മുതല്‍ ചെറിയ പഞ്ചായത്ത് റോഡുകളിൽ വരെ നാം സ്ഥാപിച്ചിരുന്ന ചെക്‌പോസ്റ്റുകള്‍ ഇല്ലാതായി. ആര്‍ക്കും എന്തും കേരളത്തിലേക്ക് കൊണ്ടുവരാം. ഇങ്ങേയറ്റത്ത് കിടക്കുന്ന കേരളം ഉപഭോഗത്തിന്റെ കാര്യത്തില്‍ ഒന്നാംനിരയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ്. സാധാരണ നിലയില്‍ ജി.എസ്.ടി. വന്നാല്‍ ഈ ഉപഭോഗസംസ്ഥാനത്ത് ഡെസ്റ്റിനേഷന്‍ ടാക്‌സായ ജി.എസ്.ടി. നമുക്ക് മെച്ചമുണ്ടാക്കേണ്ടതായിരുന്നു. മെച്ചമുണ്ടാക്കാത്തതിന്റെ കാരണം ധനകാര്യ മനേജ്‌മെന്റ് തന്നെയാണ്.
സ്വാഭാവികമായി ഈ നികുതി കൂടുന്ന സന്ദര്‍ഭത്തിലും കര്‍ശനമായി നികുതി നല്‍കേണ്ടവരില്‍നിന്ന് പിരിച്ചെടുക്കാനും നികുതിവെട്ടിപ്പ് തടയാനും ബാലഗോപാലിന് ആയില്ല, കേരള സര്‍ക്കാരിന് കഴിഞ്ഞില്ല. ചെക്ക്‌പോസ്റ്റുകളുടെ അഭാവത്തില്‍ ചരക്ക് വണ്ടികളുടെ നമ്പര്‍ പ്ലേറ്റ് നോക്കി ക്യാമറകളിലൂടെ അവരുടെ ഇന്‍വോയ്‌സ് കണ്ടെത്താനുളള മാര്‍ഗം ഇന്ന് ലഭ്യമാണ്. പക്ഷേ, കഴിഞ്ഞ ഒരു വര്‍ഷക്കാലമായി അത് പൊളിഞ്ഞുകിടക്കുകയാണ്. നികുതി വകുപ്പ് വികസിപ്പിക്കുകയാണ് വേണ്ടത്. മറ്റിടങ്ങളില്‍ പിന്‍വാതില്‍ നിയമനം നടത്തുന്നതിന് പകരം നികുതി വകുപ്പില്‍ നികുതി പിരിക്കാനുളള ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിച്ച് അവരുടെ ശേഷിയും കാര്യക്ഷമതയും വര്‍ധിപ്പിച്ച് നികുതി പിരിച്ചെടുത്താല്‍ നമ്മുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകിച്ചും ആസൂത്രിത വികസനത്തിന് പണം കണ്ടെത്താനാകുമായിരുന്നു.
ഒരു ഉദാഹരണം പറഞ്ഞാല്‍, സ്വര്‍ണത്തിന്റെ നികുതി ഘടനയില്‍ നികുതി അടക്കേണ്ട ശതമാനം കൂട്ടിയപ്പോള്‍ ആകെ ലഭിച്ച നികുതി കുറയുകയാണ് ചെയ്തത്. സ്വര്‍ണം മുതല്‍ കരിങ്കല്‍ ക്വാറി വരെയുളള കേരളത്തിന്റെ നികുതി ഖനികളില്‍ ഒന്നില്‍നിന്നും ഗണ്യമായ വര്‍ധന ഉണ്ടാക്കാന്‍ ഈ സര്‍ക്കാരിന് മഹാമാരിക്ക് ശേഷവും സാധിച്ചില്ല എന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനം അവഗണിച്ചിട്ട് കാര്യമില്ല. ഇതിന് പുറമേയാണ് നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. കെ.എസ്.ആര്‍.ടി.സി. ഒരു ഓട്ടപ്പാത്രമാണ്. ഡീസല്‍ വില വര്‍ധിച്ചതോടെ അതില്‍നിന്നു കിട്ടുന്ന വരുമാനത്തിന്റെ വലിയൊരു ഭാഗം കെ.എസ്.ആര്‍.ടിസിയിലേക്ക് എത്തുമെന്നതാണു യാഥാര്‍ഥ്യം.
കെ.എസ്.ആര്‍.ടി.സി. എന്ന സങ്ക്‌ലപത്തെ പുനഃപരിശോധിക്കേണ്ട സമയമായി. കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡുകളില്‍ പുതിയ പമ്പ് എന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അതുപോലെ എല്ലാ കാലവും ബസുകള്‍ വാങ്ങിക്കുക എന്ന പഴയ നയം മാറ്റണം. ബസുകള്‍ വാടകയ്ക്ക് എടുത്താല്‍ അതിന്റെ മെയിന്റനന്‍സ് കെ.എസ്.ആര്‍.ടി.സിയുടെ തലയില്‍ വരില്ല. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകള്‍ മറ്റു ബസുകള്‍ക്ക് കൂടി കടന്നുവരാനുളള ഇടമായാല്‍ അവരില്‍നിന്ന് ചെറിയ തുക ഈടാക്കാം. യാത്രക്കാര്‍ക്കാണെങ്കില്‍ ഇരട്ടി സൗകര്യം. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ കെ.എസ്.ആര്‍.ടി.സിയും കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ സ്വകാര്യബസും വരുന്നത് കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ല. ജനങ്ങള്‍ക്ക് പ്രയോജനമേ ഉണ്ടാകൂ. അതൊരു ഉദാഹരണം മാത്രം.
എന്തായാലും പൊതുമേഖലാ സ്ഥാപനങ്ങള്‍ മുഴുവൻ നഷ്ടത്തിലല്ല. കെ.എസ്.എഫ്.ഇയും നെടുമ്പാശ്ശേരി വിമാനത്താവളവും കേരള സര്‍ക്കാരിന് പണം തരുന്നുണ്ട്. ഇത്തരത്തില്‍ കേരള സര്‍ക്കാരിന് പണം തരുന്ന സ്ഥാപനങ്ങള്‍ പുതുതായി നിര്‍മിക്കുന്നതുപോലും തെറ്റല്ല. പൊതുമേഖലാ സ്ഥാപന വിരോധമല്ല, മറിച്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉണ്ടാക്കലാണ് ലക്ഷ്യമാക്കേണ്ടത്. ഇത്തരത്തിലുളള ഒരു കാഴ്ചപ്പാടും ഈ ബജറ്റിലില്ല. മറിച്ച് വിജ്ഞാനസമൂഹത്തെ കുറിച്ച് ധാരാളം വാക്കുകള്‍ ഉച്ചരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്നു വായിച്ചെടുക്കുക എളുപ്പമല്ല.
ഇന്ത്യക്ക് അകത്തും പുറത്തുമുളള നല്ല സര്‍വകലാശാലകള്‍ കേരളത്തില്‍ ക്യാമ്പസുകള്‍ ഉണ്ടാക്കുന്നത് നല്ലതാണ്. വിദേശ സര്‍വകലാശാലകള്‍ നല്ലതാകണമെന്നുമില്ല. നല്ല സര്‍വകലാശാലകള്‍ വിദേശ സര്‍വകലാശാലകളാകണമെന്നുമില്ല. നമ്മുടെ സര്‍വകലാശാലകളുടെ നിര്‍മാണത്തെ കുറിച്ച് സൂക്ഷമമായി പഠിക്കണം. രാഷ്ട്രീയ നേതാക്കളുടെ പിഎച്ച്ഡി തീസിസുകള്‍ ഇന്ന് ഹാസ്യസാഹിത്യത്തിന്റെ കളളിയിലാണ് പെടുത്തിയിട്ടുളളത്. എങ്ങനെയാണ് ഇത്തരത്തിലുളള ഒരു അധഃപതനം ഉണ്ടായതെന്ന പരിശോധന ഈ കുറിപ്പിന്റെ ഭാഗമല്ല. എന്തായാലും വിജ്ഞാനസമൂഹം ഉണ്ടാക്കണമെന്ന ബജറ്റിലെ പ്രഖ്യാപനം സ്വാഗതം ചെയ്യുമ്പോള്‍ തന്നെ സ്‌കൂള്‍ കുട്ടികളുടെ പഠനനിലവാരം മുതല്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ കുതിച്ചുചാട്ടം വരെയുളള കാര്യങ്ങളില്‍ റോഡ് മാപ്പ് വേണമായിരുന്നു. എല്ലാം ബജറ്റില്‍ എഴുതണമെന്നില്ല.
എന്തായാലും ബാലഗോപാലിന്റെ ബജറ്റ് ഒരു ഹാര്‍ഡ് ബജറ്റാണ്. അദ്ദേഹം അത് അംഗീകരിക്കുന്നുമുണ്ട്. പക്ഷേ, ഹാര്‍ഡ് ബജറ്റ് ഉണ്ടാക്കുമ്പോള്‍ ഏറ്റവും പിന്നണിയില്‍ കിടക്കുന്നവര്‍ക്ക് അധികധനം അധികമായി പകുത്തുനല്‍കുന്നതിനെ കുറിച്ച് ബാലഗോപാല്‍ ശ്രദ്ധിച്ചില്ല. അതാണ് വിമര്‍ശനത്തിന്റെ കാതല്‍.
Content Highlights: Kerala Budget 2023-24, Pratibhashanam column by cp john
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..