മോദിയുടെ ഇരട്ടമുഖമായി കെജ്‌രിവാൾ പരിണമിക്കുമ്പോൾ | വഴിപോക്കൻ


വഴിപോക്കൻ

ബി.ജെ.പിയുടെ ഹിന്ദുത്വയാണോ എ.എ.പിയുടെ ഹിന്ദുത്വയാണോ വേണ്ടതെന്ന ചോദ്യത്തിൽ ഒരു പക്ഷേ, അവസാന ചിരി ആർ.എസ്.എസിന്റേതാവാം. സംഘപരിവാറിന് നൂറ് വയസ്സ് തികയാൻ രണ്ട് വർഷമേയുള്ളു. ആ നാഴികക്കല്ലിലേക്കെത്തുമ്പോൾ ഇന്ത്യയിലെ ഏറ്റവും പുതിയ രാഷ്ട്രീയ പാർട്ടിയും തങ്ങളുടെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന കാഴ്ചയിൽ ആഹ്ലാദിക്കാതിരിക്കാൻ പരിവാറിനാവുമെന്ന് തോന്നുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും | Photo: PTI

ആം ആദ്മി പാർട്ടി (എ.എ.പി.) നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ഇക്കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ ഒരു പ്രസ്താവന ശ്രദ്ധേയമായിരുന്നു. ഇന്ത്യൻ കറൻസിയിൽ ദേവീദേവന്മാരായ ലക്ഷമിയുടെയും ഗണപതിയുടെയും രൂപങ്ങൾ അച്ചടിക്കണമെന്നായിരുന്നു ആവശ്യം. ഇന്ത്യൻ കറൻസിയുടെ മൂല്യം മെച്ചപ്പെടുത്താൻ ഈ നീക്കത്തിനാവും എന്നാണ് പ്രധാനമന്ത്രി മോദിയോട് കെജ്‌രിവാൾ പറഞ്ഞത്. ഇന്ത്യൻ കറൻസിയുടെ ഒരു വശത്ത് രാഷ്്രടപിതാവായ ഗാന്ധിജിയുടെ ചിത്രമാണുള്ളത്. ആ ചിത്രം അതേപടി തുടരുന്നതിൽ ഉദാരമതിയായ കെജ്‌രിവാൾ ആശാന് വിഷമമൊന്നുമില്ല. മറുവശം ദൈവങ്ങൾക്കായി മാറ്റിവെയ്ക്കണമെന്ന സദുദ്ദേശ്യമേ അദ്ദേഹത്തിനുള്ളു. ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന് വിളിക്കപ്പെടുന്ന പ്രധാനമന്ത്രി മോദി ഈ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല. രണ്ട് വർഷം മുമ്പ് ബി.ജെ.പി. നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി ഇതേ ആവശ്യം മുന്നോട്ട് വെച്ചപ്പോൾ പോലും മോദിജി ഒരക്ഷരം മിണ്ടിയിരുന്നില്ല. ഇന്ത്യൻ കറൻസിയും ദൈവങ്ങളുമല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. 2012 നവംബർ 26-നാണ് എ.എ.പി. നിലവിൽ വന്നത്. ഒരു ദശകം പൂർത്തിയാക്കുമ്പോൾ എ.എ.പിയും അരവിന്ദ കെജ്‌രിവാളും ഇന്ത്യൻ രാഷ്ട്രീയത്തിന് നൽകുന്ന സന്ദേശമാണ് നമുക്ക് പരിശോധിക്കാനുള്ളത്.

അഴിമതിക്കെതിരെയുള്ള പോരാട്ടമായിരുന്നു തുടക്കം. രണ്ടാം യു.പി.എ. മന്ത്രിസഭ ഒന്നിന് പുറകെ മറ്റൊന്നായി അഴമിതക്കഥകളിൽ കുളിച്ചു നിൽക്കുന്ന കാലം. 2ജി, കോമൺവെൽത്ത് ഗെയിംസ്, കൽക്കരി ഖനി കുംഭകോണങ്ങളിൽ മൻമോഹൻ സിങ് സർക്കാർ ഉലയുകയും വലയുകയും ചെയ്യവെയാണ് ഇന്ത്യ എഗെൻസ്റ്റ് കറപ്ഷൻ എന്ന പ്രസ്ഥാനം പൊട്ടി മുളയ്ക്കുന്നത്. ആർ.എസ്.എസിന്റെ മാനസ സന്താനമായിരുന്നു ഈ പ്രസ്ഥാനമെന്ന് ആരോപണമുണ്ട്. അണ്ണാ ഹസാരെ എന്ന ഗാന്ധിയനെ മുന്നിൽ നിർത്തി ഇന്ദ്രപ്രസ്ഥത്തിൽനിന്നു തുടങ്ങിയ ഈ പ്രസ്ഥാനം വളരെ പെട്ടെന്ന് ജനകീയമായതിൽ ആർ.എസ്.എസിന്റെ സുശിക്ഷിതവും സുഭ്രദവുമായ ഇടപെടൽ ഉണ്ടായിരുന്നുവെന്നും നിരീക്ഷണമുണ്ടായി. അണ്ണാ ഹസാരെ ആയിരുന്നു ഈ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ മുഖമെങ്കിലും പിന്നിലെ ബുദ്ധികേന്ദ്രം കെജ്‌രിവാളായിരുന്നു.ജൻ ലോക്പാൽ നിയമം നടപ്പാക്കണമെന്നാവശ്യപ്പട്ട് നിരാഹാരം നടത്തിയ അണ്ണാ ഹസാരെ മഹാരാഷ്ട്ര മുഖ്യമന്ത്രി നൽകിയ നാരങ്ങവെള്ളം കുടിച്ച് നിരാഹാരം അവസാനിപ്പിക്കുന്നു | Photo: PTI

അഴിമതിക്കെതിരെ ഇന്ത്യ

ഗുജറാത്തിന് പുറത്തേക്കുള്ള യാത്ര നരേന്ദ്ര മോദി അപ്പോൾ പതുക്കെ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു. ഒരു വശത്ത് യു.പി.എ. സർക്കാരിന്റെയും കോൺഗ്രസിന്റെയും ജനപ്രീതി ഇടിയുകയും മറുവശത്ത് ബി.ജെ.പി. പുതിയ നേതാവിനെ ഏറ്റെടുക്കാൻ ഒരുങ്ങുകയും ചെയ്യുന്നതിനിടെ കെജ്‌രിവാൾ അവസരം മണത്തു. അഴമിതിക്കെതിരെയുള്ള പോരാട്ടം ഒരു രാഷ്ട്രീയ പാർട്ടിയായി മാറുന്നതിന് പിന്നീട് വലിയ താമസമുണ്ടായില്ല. പാർട്ടി തുടങ്ങി ഒരു കൊല്ലത്തിനുള്ളിൽ കെജ്‌രിവാൾ ഡൽഹിയുടെ മുഖ്യമന്ത്രിയായി. കോൺഗ്രസിന്റെ ശക്തയായ നേതാവ് ഷീല ദീക്ഷിതിനെ 25,864 വോട്ടുകൾക്ക് പരാജയപ്പെടുത്തി കെജ്‌രിവാൾ തന്റെ വരവറിയിച്ചു.

കോൺഗ്രസിന്റെ അഴിമിതിക്കെതിരെയായിരുന്നു ആദ്യത്തെ പോരാട്ടമെങ്കിലും അതേ കോൺഗ്രസിന്റെ പിന്തുണയോടെയായിരുന്നു അധികാരത്തിലേക്കുള്ള ആരോഹണം. പക്ഷേ, ആഘോഷം അധികനാൾ നീണ്ടില്ല. ജൻ ലോക്പാൽ ബിൽ പാസ്സാക്കാനാവാത്ത സാഹചര്യത്തിൽ കെജ്‌രി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ കളത്തിലിറങ്ങി കെജ്‌രി വീണ്ടും രാഷ്ട്രത്തിന്റെ ശ്രദ്ധാകേന്ദ്രമായി. മോദിയെ തോൽപിക്കാനായില്ലെങ്കിലും തൊട്ടടുത്ത വർഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കെജ്‌രിവാളിന്റെ കാലം തെളിഞ്ഞു. ഡൽഹിയിലെ 70 സീറ്റുകളിൽ 67 എണ്ണം സ്വന്തമാക്കിയാണ് കെജ്‌രിയും കൂട്ടരും അധികാരം പിടിച്ചത്.

ആദർശവാദിയിൽനിന്ന് അവസരവാദിയിലേക്കുള്ള കെജ്‌രിയുടെ പരിണാമം അവിടെ തുടങ്ങി. ജൻ ലോക്പാലും അഴിമതി വിരുദ്ധപോരാട്ടവും പതുക്കെ കാലയവനികയ്ക്കുള്ളിലേക്ക് നീങ്ങി. താൻ കൈയ്യാളുന്ന ഡൽഹിയല്ല യഥാർത്ഥ അധികാരകേന്ദ്രമെന്നും അത് നരേന്ദ്ര മോദി വാഴുന്ന ഡൽഹിയാണെന്നുമുള്ള ഉൾവിളിയിൽ കെജ്‌രിവാൾ ഇന്ത്യയുടെ വിശാല വിഹായസ്സുകളിലേക്ക് കണ്ണ് നട്ടു. അവിടെ കെജ്‌രിവാൾ കണ്ടത് ഗാന്ധിജിയുടെയോ നെഹ്രുവിന്റെയോ മതേതര ഇന്ത്യയായിരുന്നില്ല, മറിച്ച് വിഘടിപ്പിക്കുകയും വിഭജിക്കുകയും ചെയ്യുന്ന വർഗ്ഗീയ ഇന്ത്യയുടെ ഭൂപടമായിരുന്നു. ഈ ഭൂപടത്തിലാണ് ആർ.എസ്.എസ്. 2025-ലെ സ്വന്തം ഇന്ത്യയുടെ പ്രതിഷ്ഠയ്ക്കായി അസ്തിവാരം തീർക്കുന്നത്. ഇന്ത്യയെന്നാൽ സവർക്കറും ഹെഡ്ഗെവാറും ഗോൾവാൾക്കറും സ്വപ്നം കണ്ട ഇന്ത്യ. ഈ ഇന്ത്യയിലേക്കാണ് ഇപ്പോൾ അരവിന്ദ് കെജ്‌രിവാളും ഉറ്റുനോക്കുന്നത്. അയോദ്ധ്യയിലേക്കുള്ള തീർത്ഥാടനങ്ങളും ഇന്ത്യൻ കറൻസിയിൽ ഗണപതിക്കും ലക്ഷ്മിക്കും ഇടം വേണമെന്ന് പറയുന്നതും ഈ ഇന്ത്യയുടെ ഭരണനിയന്ത്രണം എന്ന ലക്ഷ്യത്തിന്റെ പുറത്താണ്.

ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ (ഐ.എ.സി.) ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും അൾത്താരയിൽ അർപ്പിക്കപ്പെട്ട കുർബ്ബാനയായിരുന്നുവെന്നാണ് ഈ പ്രസ്ഥാനത്തിലും പിന്നീട് എ.എ.പിയിലും സജീവമായിരുന്ന പ്രശസ്ത അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറയുന്നത്. ''തിരിഞ്ഞു നോക്കുമ്പോൾ രണ്ട് കാര്യങ്ങളിലാണ് ഞാൻ ഖേദിക്കുന്നത്. ഐ.എ.സിയുടെ പിന്നിൽ ആർ.എസ്.എസും ബി.ജെ.പിയുമാണെന്നത് തിരിച്ചറിയാൻ കഴിഞ്ഞില്ല. അണ്ണാ ഹസാരെ ചിലപ്പോൾ അതറിഞ്ഞിട്ടുണ്ടാവണമെന്നില്ല. പക്ഷേ, അരവിന്ദ് കെജ്‌രിവാളിന് അതറിയാമായിരുന്നു. രണ്ടാമത്തെ തെറ്റ് അരവിന്ദ് കെജ്‌രിവാളിന്റെ യഥാർത്ഥ സ്വഭാവം തിരിച്ചറിഞ്ഞില്ല എന്നതായിരുന്നു. ശരിക്കുള്ള കെജ്‌രിവാളിനെ തിരിച്ചറിഞ്ഞപ്പോഴേക്കും അയാൾ ഒരു ഫ്രാങ്കൻസ്റ്റീൻ (മേരി ഷെല്ലിയുടെ ഭികര കഥാപാത്രം) ആയി പരിണമിച്ചിരുന്നു.'' കൂടെക്കിടന്നവനേ രാപ്പനിയറിയൂ എന്ന ചൊല്ല് വെച്ചാണെങ്കിൽ ഭൂഷൺ പറയുന്നത് തള്ളിക്കളയേണ്ട കാര്യമില്ല. 2015-ൽ യോഗേന്ദ്ര യാദവിനൊപ്പം പ്രശാന്ത് ഭൂഷണെയും കെജ്‌രിവാൾ എ.എ.പിയിൽനിന്ന് പുറത്താക്കിയതും ഇതോട് ചേർത്ത് വായിക്കാം.

ട്വന്റി20 സാരഥി സാബു ജേക്കബും അരവിന്ദ് കെജ്‌രിവാളും | Photo: PTI

കോർപറേറ്റുകളും വർഗീയതയും

പശുവില്ലാത്ത ബി.ജെ.പിയാണ് കോൺഗ്രസ് എന്ന് പത്രപ്രവർത്തകൻ അരുൺ ഷൂറി ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പാർട്ടിയെ പരിഹസിച്ചിരുന്നു. പശുവിനും അപ്പുറത്തുള്ള ബി.ജെ.പിയാണ് എ.എ.പി. എന്ന് ഇപ്പോൾ ഷൂറി പറയുമോ എന്നറിയില്ല. ജമ്മു കാശ്മീരിനെ രണ്ടാക്കിയതും ഭരണഘടനയുടെ 370-ാം വകുപ്പ് നിർവ്വീര്യമാക്കിയതും രാഷ്ട്രത്തിന്റെ നന്മയ്ക്കാണെന്നാണ് ബി.ജെ.പിയെപ്പോലെ തന്നെ എ.എ.പിയും കരുതുന്നത്. 2020-ലെ ഡൽഹി കലാപാത്തിൽ മുസ്ലിങ്ങൾ ആക്രമിക്കപ്പെട്ടപ്പോൾ കെജ്‌രിവാളിന്റെ മൗനം ഞെട്ടിപ്പിക്കുന്നതായിരുന്നു. യാദൃച്ഛികമായിരുന്നില്ല ആ മൗനമെന്ന് കെജ്‌രിയുടെ പിന്നീടുള്ള ചെയ്തികൾ വെളിപ്പെടുത്തി.

ബി.ജെ.പിയുള്ളപ്പോൾ ബി.ജെ.പിയുടെ ബി ടിമിന് എന്ത് പ്രസക്തിയാണുള്ളതെന്ന ചോദ്യം തിർച്ചയായും പ്രസക്തമാണ്. പൂണൂൽധാരിയായ ബ്രാഹ്‌മണനായി രാഹുൽ ഗാന്ധി കളിച്ച കളികൾ കോൺഗ്രസിനെ എവിടെയുമെത്തിച്ചില്ല എന്നതും ഈ ഘട്ടത്തിൽ ഓർക്കണം. ഒരുപക്ഷേ, മോദി അനന്തര ഇന്ത്യയാവാം കെജ്രിയുടെ കണക്കുപുസ്തകത്തിലുള്ളത്. അവിടെ അമിത് ഷായെയും യോഗിയെയും മറികടന്ന് ഹിന്ദു ഹൃദയ സാമ്രാട്ടാവാനുള്ള കളികളാവാം കെജ്‌രി ഇപ്പോൾ കളിക്കുന്നത്. ക്യാപ്റ്റൻ അമരിന്ദർ സിങ്ങിന് ബി.ജെ.പിയിലേക്ക് പോവാമെങ്കിൽ നിതിഷ്‌കുമാറിനും മമതയ്ക്കും കരുണാനിധിക്കുമൊക്കെ ബി.ജെ.പിയുടെ കരം ഗ്രഹിക്കാമെങ്കിൽ ഒരു നാൾ കെജ്‌രിക്കും കാവിക്കൂടാരത്തിൽ അന്തി മയങ്ങാൻ കുറ്റബോധമൊന്നുമുണ്ടാവില്ല.

കോർപറേറ്റുകളും വർഗീയതയും സമ്മേളിക്കുന്ന സമവാക്യമാണ് ബി.ജെ.പി. മുന്നോട്ടുവെറയ്ക്കുന്നതെന്ന് പ്രൊഫ. പ്രഭാത് പട്നായിക് പറഞ്ഞത് എ.എ.പിക്കും ചേരും. കേരളത്തിൽ ആരുടെ കൂടെ കൂടണമെന്ന് ചോദ്യമുയർന്നപ്പോൾ കിറ്റെക്സ് മേധാവി സാബു ജേക്കബ്ബ് നയിക്കുന്ന ട്വന്റി 20-യെയാണ് കെജ്‌രിവാൾ തിരഞ്ഞെടുത്തതെന്ന് മറക്കരുത്. ബി.ജെ.പിക്ക് അംബാനിയും അദാനിയുമാണെങ്കിൽ എ.എ.പിക്ക് സാബുവിനെപ്പോലുള്ളവരെങ്കിലും വേണ്ടേ എന്നായിരിക്കാം കെജ്‌രിയുടെ മറുചോദ്യം. കേരളം പോലൊരു സംസ്ഥാനത്ത് ട്വന്റി 20യുടെ ചുമലിലേറി ഭരണം പിടിക്കാമെന്നാണ് എ.എ.പി. കരുതുന്നത്.

ഇതൊരു നിലപാടാണ്. കർഷകരോടോ സംസ്ഥാനങ്ങളോടോ ഒരു കൂടിയാലോചനയുമില്ലാതെ മോദി സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ മറക്കാനാവില്ല. അടിമുടി കോർപറേറ്റ്വത്കരിക്കപ്പെട്ട നിയമങ്ങളായിരുന്നു അത്. കോർപറേറ്റുകൾക്ക് വേണ്ടിയാണോ മോദി സർക്കാർ ഇന്ത്യ ഭരിക്കുന്നതെന്ന വിമർശം ഏറെ ശക്തമായത് ഈ നിയമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു. കർഷക സമരത്തെ തുടർന്ന് നിയമങ്ങൾ പിൻവലിക്കപ്പെട്ടെങ്കിലും ബി.ജെ.പിയുടെ സാമ്പത്തികനയങ്ങൾ അനുകൂലിക്കുന്നതാരെയാണെന്നത് പകൽ പോലെ വ്യക്തമാണ്. വെട്ടിക്കുറച്ച കോർപറേറ്റ് നികുതി കൂട്ടുന്ന കാര്യം ആലോചിക്കാൻ പോലും മോദി സർക്കാരിനാവുന്നില്ല എന്നത് കാണാതിരിക്കേണ്ട കാര്യമില്ല.

കോൺഗ്രസ് മുക്തഭാരതമാണ് ബി.ജെ.പിയെപ്പോലെ എ.എ.പിയുടെയും ലക്ഷ്യം. പഞ്ചാബിലായിലും ഗുജറാത്തിലായാലും കോൺഗ്രസിന്റെ വോട്ട് ബാങ്കാണ് എ.എ.പി. നോട്ടമിടുന്നത്. ഇക്കുറി ഗുജറാത്തിൽ 15 ശതമാനം വോട്ടെങ്കിലും പിടിക്കാനായാൽ കോൺഗ്രസിനെ കളത്തിൽനിന്ന് പുറന്തള്ളാനാവുമെന്നാണ് എ.എ.പി. കണക്ക് കൂട്ടുന്നത്. ഇന്ത്യൻ മതേതരത്വത്തിന് അടിത്തറ തീർത്തത് ഗാന്ധിജിയുടെ രക്തസാക്ഷിത്വമാണ്. പാക്കിസ്താൻ എന്ന മതരാഷ്ട്രത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാൻ ഇന്ത്യ വിസമ്മതിച്ചത് ഈ മനുഷ്യൻ ചോര ചൊരിഞ്ഞത് എന്തിനാണെന്ന് കൃത്യമായി തിരിച്ചറിഞ്ഞതുകൊണ്ടാണ്. ഒരു മാസം മുമ്പാണ് കെജ്‌രിവാൾ മന്ത്രിസഭയിൽനിന്ന് സാമൂഹികക്ഷേമ മന്ത്രി രാജേന്ദ്ര പാൽ ഗൗതത്തിന് പുറത്ത് പോകേണ്ടി വന്നത്. നൂറുകണക്കിന് പേർ ബുദ്ധമതത്തിലേക്ക് മതം മാറിയ ചടങ്ങിൽ പങ്കെടുത്തു എന്നതാണ് രാജേന്ദ്ര പാൽ ചെയ്ത കടുംകൃത്യം. ഏത് മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പ് നൽകുന്ന ഭരണഘടനയുള്ള രാജ്യത്താണ് ബുദ്ധമതം പ്രഘോഷിക്കുന്ന ചടങ്ങിൽ പങ്കെടുത്തതിന് ഒരു മന്ത്രിക്ക് പദവി നഷ്ടപ്പെട്ടത്.

എ.എ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാർ ഓഫീസുകളിൽ ബി.ആർ. അംബദ്കറുടെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങൾ മാത്രമേ പാടുള്ളുവെന്ന് അടുത്തിടെ കെജ്‌രിവാൾ നിർദ്ദേശിച്ചിരുന്നു. 1956 ഒക്ടോബർ 14-ന് ലക്ഷക്കണക്കിന് അനുയായികളുമായാണ് അംബദ്കർ ബുദ്ധമതം സ്വീകരിച്ചത്. ആ അംബദ്കറുടെ ഫോട്ടൊയ്ക്ക് മുന്നിലിരുന്നുകൊണ്ടാണ് കെജ്രിവാൾ രാജേന്ദ്ര പാലനെ പുറത്താക്കുന്നതിന് നേതൃത്വം നൽകിയത്. വാക്കിനും ചെയ്തിക്കുമിടയിൽ കെജ്‌രിവാൾ നിൽക്കുന്നത് എവിടെയാണെന്നറിയാൻ ഇതിനപ്പുറത്ത് ഒരു ഉദാഹരണത്തിന്റെ ആവശ്യമില്ല.

എ.എ.പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ചൂലുമായി അരവിന്ദ് കെജ്‌രിവാൾ | Photo: PTI

ചൂലും അധികാരവും

എ.എ.പിയുടെ തുടക്കം ഗംഭീരമായിരുന്നു. ജാതി രാഷ്ട്രീയം കളിക്കുന്ന പാർട്ടികൾക്കപ്പുറത്ത് ആദർശം കൊടിയടയാളമായി ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനം. സാധാരണ മനുഷ്യരുടെ പാർട്ടിയാണ് എ.എ.പിയെന്നും അന്തസ്സോടെ ജീവിക്കാൻ ഈ മനുഷ്യരെ പ്രാപ്തരാക്കുകയാണ് എ.എ.പി. ലക്ഷ്യമിടുന്നതെന്നും അന്ന് എ.എ.പിയുടെ പ്രത്യയശാസ്ത്രവിശാരദനായിരുന്ന യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടിയിരുന്നു. സാധാരണ മനുഷ്യർ എന്ന് പറയുമ്പോൾ അതൊരു അവ്യക്തമായ പരികൽപനയാണ്.

ഡൽഹിയിലെ തെരുവുകളിൽ അന്നന്നത്തെ അപ്പം കണ്ടെത്താൻ പണിയെടുക്കുന്ന കുടിയേറ്റ തൊഴിലാളികൾ മുതൽ പ്രതിമാസം ചെറിയ ശമ്പളത്തിന് സ്വകാര്യ കമ്പനികളിൽ ജോലിനോക്കുന്നവർ വരെയുള്ള വലിയൊരു സമൂഹമാണത്. എട്ട് ലക്ഷം വരെ ഒരു വർഷം വരുമാനമുള്ളവർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണെന്ന മോദി സർക്കാരിന്റെ കണ്ട്പിടിത്തവും ഈ സമൂഹത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. അധികാരം കിട്ടുന്നതുവരെ മാത്രമേ അവ്യക്തമായ മുദ്രാവാക്യങ്ങൾക്ക് പ്രസക്തിയുള്ളു. അധികാരം കൈയ്യിലേക്ക് വന്നാൽ പിന്നെ സമൂർത്തമായ ജീവിത യാഥാർത്ഥ്യങ്ങളുമായി മുഖാമുഖം നിൽക്കേണ്ടി വരും. സാധാരണക്കാർക്ക് വേണ്ടിയുള്ള പാർട്ടി സാധാരണക്കാർക്ക് വേണ്ടി എന്താണ് ചെയ്യുന്നതെന്ന ചോദ്യം വരും. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും എ.എ.പി. സർക്കാർ കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ ഈ വഴിക്കുള്ള നടപടികളായിരുന്നു.

അധികാരം പക്ഷേ, ഒരു കടലാണ്. പ്രലോഭനങ്ങളുടെ കടൽ. ഈ കടലിൽ നീന്തിയിട്ടുള്ളവരിൽ ഭൂരിപക്ഷം പേരും ചുഴികളിൽ മുങ്ങിപ്പോയിട്ടുണ്ട്. അഴിമതി നിറഞ്ഞ സമൂഹം വൃത്തിയാക്കാൻ ചൂലുമായിട്ടാണ് എ.എ.പി. യാത്ര തുടങ്ങിയത്. യാത്ര ഒരു ദശകം പൂർത്തിയാക്കുമ്പോൾ ചൂലിന്റെ ഉപയോഗം എ.എ.പി. മറക്കാൻ തുടങ്ങിയിരിക്കുന്നു. അഴിമതിയും ലോക്പാലും വായിച്ചു പഴകിയ അദ്ധ്യായങ്ങളാവുകയാണ്. വോട്ട് ബാങ്ക് നിലനിർത്താനും വ്യാപിപ്പിക്കാനുമുള്ള എളുപ്പ വഴി മജോറിറ്റേറിയനിസം (ഭരണകാര്യങ്ങളിൽ അന്തിമ തീരുമാനം ഭൂരിപക്ഷ വിഭാഗത്തിന്റെ അഭീഷ്ടങ്ങള്‍ക്കനുസരിച്ചായിരിക്കണം എന്ന ആശയം) താലോലിക്കുകയാണെന്ന കണ്ടെത്തലിലേക്ക് എ.എ.പി. എത്തുമ്പോൾ അതൊരു പിൻനടത്തമാവുകയും ജനാധിപത്യത്തിന്റെ ഇടങ്ങൾ ചുരുങ്ങുന്നതിന് കാരണമാവുകയും ചെയ്യുന്നു.

ബിജെപിയുടെ ഹിന്ദുത്വയാണോ എ.എ.പിയുടെ ഹിന്ദുത്വയാണോ വേണ്ടതെന്ന ചോദ്യത്തിൽ ഒരുപക്ഷേ, അവസാന ചിരി ആർ.എസ്.എസിന്റേതാവാം. സംഘപരിവാറിന് നൂറ് വയസ്സ് തികയാൻ രണ്ട് വർഷമേയുള്ളു. ആ നാഴികക്കല്ലിലേക്കെത്തുമ്പോൾ ഇന്ത്യയിലെ ഏറ്റവും പുതിയ രാഷ്ട്രീയ പാർട്ടിയും തങ്ങളുടെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന കാഴ്ചയിൽ ആഹ്ലാദിക്കാതിരിക്കാൻ പരിവാറിനാവുമെന്ന് തോന്നുന്നില്ല.

വഴിയിൽ കേട്ടത്: മാദ്ധ്യമങ്ങൾ ഊതി വീർപ്പിച്ച ബലൂണുകൾ ഒരു സൂചി കൊണ്ട് കുത്തിയാൽ പൊട്ടിപ്പോകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ''നിങ്ങളോർക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്'' എന്ന കവി വചനം കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ ഒന്നോർക്കാവുന്നതാണ്.

Content Highlights: Aam Aadmi Party, AAP, Arvind Kejriwal, BJP, Narendra Nodi, Vazhipokkan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented