കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് | ചിത്രം: മാതൃഭൂമി
കേട്ടിട്ടുണ്ടോ ചിമ്മുക്കുട്ടി നേത്യാരമ്മയെപ്പറ്റി? പണ്ട് പണ്ട്... എന്നുവെച്ചാല്‍ ദിനോസറുകള്‍ക്കും ടെറാമ്പൊക്റ്റെലുകള്ക്കും ശേഷം കൊച്ചിരാജ്യം ശക്തന് തമ്പുരാന് ഭരിച്ചു. ടിയാന്റെ കാലഘട്ടത്തില്‍ മഴ പെയ്തു. ആറാട്ടുപുഴ പൂരത്തിന് പോകാന്‍ കഴിയാഞ്ഞ സങ്കടത്തില്‍ തൃശൂര്‍ പൂരം ചിട്ടയില്‍ തുടങ്ങി.
ഇരുചാലുകള്‍ കൂടുന്ന ഇടമാണ് അന്ന് ഇരിങ്ങാലക്കുട. കരുവന്നൂര്‍ പുഴ കടന്നു വേണം തമ്പുരാന് കൂടല്മാണിക്യത്തിലെത്താന്. കുതിരപ്പുറത്താണ് യാത്ര. പുഴ കടന്നാല്‍ വിശ്രമിക്കണം. അതിനായി അദ്ദേഹം മുസാവരി ബംഗ്ലാവ് പണിതു. കുത്തനെ കൂര്‍പ്പിച്ച് ഓടിട്ട ബംഗ്ലാവ്. അറുപതുകാരനായ തമ്പുരാന്റെ വേളി ചിമ്മുക്കുട്ടി അവിടെ വെയ്റ്റ് ചെയ്തു. തമ്പുരാന്റെ വിശ്രമകേന്ദ്രം ഇന്നുമുണ്ട് കരുവന്നൂരില്‍. വെട്ടുകുന്നത്ത് കാവ് അമ്പലത്തിന് അടുത്ത്. സംശയമുള്ളവര്‍ക്ക് സി.ആര്. നീലകണ്ഠനോട് ചോദിക്കാം. അദ്ദേഹത്തിന്റെ ഭരദേവതയായി വരും പ്രസ്തുത ദേവി.
മുസാവരി ബംഗ്ലാവിന്റെ മുന്നിലാണ് സര്‍വീസ് സഹകരണ ബാങ്ക് ക്ലിപ്തം. ശക്തനേക്കാള് ശക്തര്‍. നിര്‍ദ്ദയര്‍. വിനോദ തല്പ്പരര്. ശക്തന് സങ്കല്പിക്കാന് പറ്റാത്തത്ര ക്രിമിനലുകള്‍.
ആക്ഷേപിക്കുകയല്ല. ആ ഓട്ടോഡ്രൈവര്‍ രാജു പറയും, ബംഗ്ലാവില്‍ ഓട്ടോ ഓടിച്ചതിന് ജപ്തി നോട്ടീസ് കിട്ടിയതിനെപ്പറ്റി. സായിലക്ഷ്മി പറയും- പ്രവാസ സമ്പാദ്യം കൊള്ളയടിച്ചതിനെപ്പറ്റി.
ലിക്വിഡേഷന് വകുപ്പുണ്ട്, സംസ്ഥാന സഹകരണ നിയമത്തില്‍. ആ നിയമത്തിലെ അറുപത്തി മൂന്നാമത്തെ വകുപ്പ് മന്ത്രി വാസവന് വായിക്കണം. അത് ഓഡിറ്റിങ്ങിനെക്കുറിച്ചാണ്. വായിച്ചില്ലെങ്കിലും കാര്യം സിമ്പിളാണ്. എല്ലാക്കൊല്ലവും സംഘങ്ങളില്‍ ഓഡിറ്റിങ് നടത്തണം.
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ നടത്തുന്ന പരിശോധനയല്ല അത്. അസ്മിനിസ്ട്രേറ്റീവ് ഓഡിറ്റിങ് ആണ്. എന്നുവെച്ചാല്‍ കാലാകാലങ്ങളിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കില്ലെന്ന ഉറപ്പാക്കല്‍.
ഓഡിറ്റര്‍ റിപ്പോര്‍ട്ടിലെ എ പട്ടികയില്‍ തന്നെ പറഞ്ഞു, ഗുരുതരമായ തട്ടിപ്പുകളുണ്ട്. പക്ഷേ അസിസ്റ്റന്റ് രജിസ്ട്രാര്‍മാരും ജോയിന്റ് രജിസ്ട്രാര്‍മാരും അത് കണ്ടില്ല. അഥവാ പൂഴ്ത്തിവെച്ചു.
പൊതുവേ ശാന്തമായി ഒഴുകുന്ന കരുവന്നൂര്‍പുഴ ബ്രഹ്മപുത്രയാവുന്നത് ഇവിടെയാണ്. ബാങ്കിലെ ജീവനക്കാരന് നേരത്തേ ഇത് ചൂണ്ടിക്കാണിച്ചിരുന്നു. പാര്‍ട്ടി കോടതിയിലും പാര്‍ട്ടി കമ്മിഷനിലും ആയിരുന്നു അന്ന് അയാള്‍ക്ക് വിശ്വാസം. ജില്ലാ സെക്രട്ടറി സഖാവ് ബേബി ജോണിന് പരാതി നല്കി. സഖാവ് അന്വേഷിച്ചു. പരാതിക്കാരന് പണിപോയി. പാര്‍ട്ടി കമ്മിഷന് മുന്‍ എം.പി പി.കെ. ബിജു അടക്കം എത്തി. അന്വേഷിച്ചു, കണ്ടെത്തിയില്ല.
കോവിഡ് വല്ലാത്ത കാലമാണ്. തിരിച്ചു വരുന്ന പ്രവാസികള്‍ പലരും നിക്ഷേപശ്രമത്തിലാണ്. പക്ഷേ അത് വാങ്ങാവുന്ന അവസ്ഥയിലല്ലാ സംഘങ്ങള്‍. എഴുപത് മുതല്‍ എണ്പതു ശതമാനം വരെയാണ് വായ്പാ നിക്ഷേപാനുപാതം. എല്ലാം അട്ടിമറിച്ചു കരുവന്നൂര്‍ വീരന്മാര്. കുറ്റം പറയരുതല്ലോ. എല്ലാവരും പഴയ പരിഷത്തുകാരാണ്. വിഷം തുപ്പുന്ന അസുരരേ, ഞങ്ങള്‍ വന്നിതാ എന്ന് പാടിയവര്‍. വഴിയേ പോയവരുടെ പേരില്‍ വായ്പ. വായ്പ വെച്ച ആധാരങ്ങളില്‍ പുനര്‍വായ്പ. വെട്ടുകുന്നത്തുകാവ് ഭഗവതി ഞെട്ടി.
അങ്ങനെയാണ് കരുവന്നൂര്‍ തട്ടിപ്പ് പുറത്താവുന്നത്. അവിടെ മറുപടി പറയേണ്ടത് ബിജോയ് കുമാരനെ പ്പോലുള്ളവര് അല്ല. മാപ്പു പറയേണ്ടത് മന്ത്രിമാരാണ്. എന്തുകൊണ്ടെന്നോ? നിങ്ങള്‍ ഞങ്ങളുടെ വിശ്വാസത്തിന്റെ കഴുത്തറുക്കുകയാണ്. കണ്ണൂരിലെ അപ്രൈസര്‍ വ്യാജ സ്വര്‍ണം വാങ്ങിയാല്‍, ഏതെങ്കിലും സംഘം കള്ളപ്പണം വാങ്ങിയാല്‍ നന്മള് നിസ്സഹായര്‍. പണ്ട് റബ്കോയുടെ കടം എഴുതിത്തള്ളിയ പോലെ ഈ കടവും സര്‍ക്കാരിന് എഴുതിത്തള്ളാം. സ്വന്തം സഖാക്കളെ അല്ലാതെ മറ്റാരെ
ഒറ്റിക്കൊടുക്കാന്‍.
കൊടകര കുഴല്പ്പണത്തേക്കാള് വലിയ തട്ടിപ്പാണ് തൊട്ടടുത്ത് കരുവന്നൂരില്‍. അമിത് ഷായെ പേടിക്കണം സഖാക്കളേ, മടിയില്‍ കനമുണ്ടെങ്കില്‍. റോബര്‍ട് ഓവന് കേരളത്തില്‍ വന്നാല്‍ മാതൃക മുകുന്ദനാവും. ആത്മഹത്യ അല്ലാതെ മറ്റെന്ത് മാര്‍ഗ്ഗം? ബംഗ്ലാദേശിലെ നോബല്‍ സമ്മാനം കിട്ടിയ സഹകരണ വിദഗ്ധനും അമ്പരക്കും. പ്രവര്‍ത്തന പരിധിക്ക് പുറത്ത് ഷീ മാര്‍ക്കറ്റും റിസോര്‍ട്ടും തുടങ്ങുന്ന സംഘം സഹകരിക്കുന്നത് കള്ളപ്പണക്കാരോടാണ്. 5,000 രൂപ വായ്പ കിട്ടാനുള്ള ആശ്രയം ഇല്ലാതാക്കരുത്. ഭാഗ്യം. മുസാവരി ബംഗ്ലാവില്‍ ശക്തന്മാര് വിശ്രമിക്കാത്തത്. അല്ലെങ്കില്‍ കഴുത്തില്‍ തല കാണില്ലായിരുന്നു.
content highlights: karuvannur service cooperative bank irregularities
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..