അന്ന് എം.വി.ആർ. കേസെടുത്തു, സി.ബി.ഐ. അന്വേഷിച്ചു; കരുവന്നൂരിലും വേണ്ടത് അതാണ് | പ്രതിഭാഷണം


സി.പി.ജോണ്‍***ഓട്ടോറിക്ഷാ തൊഴിലാളിയായി ബോംബെയിലെ താനെയില്‍ പണിയെടുക്കുന്ന കാലത്ത് അതേ മേഖലയിൽ തൊഴിലാളിയായിരുന്നു ഇന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി എക്‌നാഥ് ഷിന്‍ഡെ. ഷിന്‍ഡെയുമായി അടുത്തബന്ധമുണ്ടായിരുന്നു, സൗഹൃദമുണ്ടായിരുന്നു എ.ടി.ദേവസിക്ക്. ഈ കഥകള്‍ പറഞ്ഞ എ.ടി.ദേവസി ഇന്നും ഒരു പെട്ടി ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നത്.

ദേവസി, മരിച്ച ഭാര്യ ഫിലോമിന

തൃശ്ശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കിലെ കുംഭകോണം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സിങ് അസിസ്റ്റന്റ് ആയിരുന്ന ഫിലോമിനയും ബോംബെയില്‍ അറുപതുകളില്‍ ഒരു തൊഴിലാളിയായി ജീവിതം നയിച്ച അവരുടെ ഭര്‍ത്താവ് എ.ടി. ദേവസിയും കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച പണം ഫിലോമിനയുടെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി പിന്‍വലിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് കാതലായ പ്രശ്‌നം. ചികിത്സ ചെയ്യാന്‍ കഴിയാതെ ഫിലോമിന മരിച്ചത് സ്വാഭാവികമായും കേരളത്തിലെ വലിയ വാര്‍ത്തയായി.

പ്രതിഭാഷണം കോളത്തില്‍ കഴിഞ്ഞ നവംബര്‍മാസത്തില്‍ കരുവന്നൂര്‍ കോപ്പറേറ്റീവ് സൊസൈറ്റിയെ കുറിച്ച് എഴുതിയത് ചില വായനക്കാരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. കരുവന്നൂരിലെ കുംഭകോണത്തെ രാഷ്ട്രീയവത്കരിക്കാതെ അവിടത്തെ നിക്ഷേപകര്‍ക്ക് പണം തിരിച്ചുകൊടുക്കുക എന്ന നിലപാടാണ് ഈ ലേഖകന്‍ എടുത്തത്. ഒപ്പം കുറ്റക്കാരെ ശിക്ഷിക്കുന്നതിന് വേണ്ട ശക്തമായ നടപടിവേണമെന്നും ഈ കോളത്തില്‍ എഴുതുകയുണ്ടായി. പക്ഷേ നീണ്ട മാസങ്ങള്‍ കഴിഞ്ഞിട്ടും നിക്ഷേപകര്‍ക്ക് അവര്‍ ആവശ്യപ്പെടുമ്പോള്‍ പണം കൊടുക്കാന്‍ കഴിഞ്ഞില്ല എന്നത് കേരളത്തിലെ ഭരണസംവിധാനത്തിന്റെ വലിയ വീഴ്ചയാണെന്ന് പറയാതിരിക്കാന്‍ സാധ്യമല്ല.

കരുവന്നൂര്‍ കുംഭകോണം ഉണ്ടായ കാലത്തുതന്നെ സഹകരണരംഗത്ത് പ്രവര്‍ത്തിക്കുന്ന സഹകാരികള്‍ ജില്ലാ ബാങ്കുകളുടെ അഭാവത്തില്‍ പ്രൈമറി സംഘങ്ങളിലെ പ്രതിസന്ധിഘട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നത് എളുപ്പമാവില്ലെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. മലപ്പുറം ഒഴികെയുളള എല്ലാ ജില്ലാ ബാങ്കുകളിലെയും ബാങ്കിങ് ലൈസന്‍സ് റിസര്‍വ് ബാങ്കിന് തിരിച്ചുകൊടുത്തത്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണ്. ഇന്ന് സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിന്റെ ലൈസന്‍സില്‍ കേരള ബാങ്ക് എന്ന് വിളിപ്പേരുളള സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ ശാഖകളില്‍ ഇന്നും ജില്ലാ ബാങ്കിന്റെ ചെക്കും പാസ് ബുക്കുമാണ് ഉപയോഗിക്കുന്നത് എന്ന് എത്ര പേർക്ക് അറിയാം.

വര്‍ഷങ്ങള്‍ എടുത്തിട്ടും ജില്ലാ ബാങ്കുകളെ സ്‌റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്കാക്കുക എന്ന പ്രക്രിയ പൂര്‍ത്തിയായിട്ടില്ല എന്നര്‍ഥം. അതിലെല്ലാമുപരി, മുന്‍കാലങ്ങളില്‍ സഹകരണ മേഖലയില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ പ്രത്യേകിച്ചും ജില്ലാ ബാങ്കുകളുടെ അംഗസംഘങ്ങളില്‍ പ്രതിസന്ധികള്‍ വരുമ്പോള്‍ അത് കൈകാര്യം ചെയ്തിരുന്നത് കേരളത്തിലെ പതിനയ്യായിരത്തോളം സഹകരണ സംഘങ്ങളുടെ റിസര്‍വ് ബാങ്ക് പോലെ പ്രവര്‍ത്തിച്ച ജില്ലാ ബാങ്കുകളായിരുന്നു. ഇന്ന് ജില്ലാ ബാങ്കുകള്‍ ഇല്ലാതായതോടുകൂടി കേരള ബാങ്ക് എന്ന ഷെഡ്യൂള്‍ഡ് ബാങ്കിന് പ്രൈമറി ബാങ്കുകളിലെ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ ഒരു രൂപ പോലും ചെലവഴിക്കാന്‍ പറ്റാതായി എന്നര്‍ഥം.

നിക്ഷേപകര്‍ക്ക് സാധാരണ ഇത്തരം പ്രതിസന്ധികളുണ്ടാകുമ്പോള്‍ അവരുടെ പണം കൊടുത്ത് തീര്‍ക്കുകയും ബാങ്കിന്റെ ആസ്തി കണ്ടുകെട്ടുകയും, സമയമെടുത്തുകൊണ്ട്, ജില്ലാ ബാങ്കിന് നഷ്ടമൊന്നും വരാതെ പ്രതിസന്ധിയെ മറികടക്കുകയുമായിരുന്നു പതിവ്. കേരള ബാങ്കിന്റെ രൂപീകരണം പ്രൈമറി സംഘങ്ങളുടെ ക്രൈസിസ് മാനേജ്‌മെന്റ് സംവിധാനത്തെ അപ്പാടെ തകര്‍ത്തതിന്റെ ഇരയാണ് ഫിലോമിന.

ദേവസിയെ ജോണ്‍ സന്ദര്‍ശിച്ചപ്പോള്‍

ഇക്കഴിഞ്ഞ ദിവസം, സഹകരണ മേഖലയിലെ പ്രമുഖരായ പി.ആര്‍.എന്‍. നമ്പീശനെപ്പോലെയുളള എന്റെ സഹപ്രവര്‍ത്തകരോടൊപ്പം ഫിലോമിനയുടെ വീട് സന്ദര്‍ശിച്ചു. ഫിലോമിനയുടെ ഭര്‍ത്താവ് ദേവസി അറുപതുകളില്‍ കൗമാരപ്രായത്തിലേ ബോംബെയിലേക്ക് വണ്ടി കയറിയ മലയാളിയാണ്. അവിടെ പ്രതിമാസം പത്തു രൂപയ്ക്ക് പണിയെടുത്ത തൊഴിലാളി. ഗ്ലാക്‌സോ കമ്പനിയുടെയും ഫൈസര്‍ കമ്പനിയുടെയും ചെറിയ ജോലികള്‍ ചെയ്ത ദേവസ്യക്ക് അവിടെയെത്തുന്ന കാലത്ത് മലയാളമൊഴികെ ഒരു ഭാഷയും വശമില്ലായിരുന്നുവെങ്കില്‍ ഇന്ന് എട്ടു ഭാഷകള്‍ സംസാരിക്കാന്‍ അറിയാം.

തന്റെ നാടിനടുത്തുളള പോലീസ് സ്റ്റേഷനില്‍ മറാഠി പോലുളള ഭാഷകള്‍ സംസാരിക്കാനറിയുന്ന പ്രതികള്‍ അല്ലെങ്കില്‍ പ്രശ്‌നങ്ങളില്‍ ഇടപെടുന്നവര്‍ എത്തിയാല്‍ പോലീസ് സ്‌റ്റേഷനിലെ ഔദ്യോഗിക തര്‍ജമക്കാരനും ദേവസി തന്നെ. അദ്ദേഹം ഒരു ഓട്ടോറിക്ഷാ തൊഴിലാളിയായി ബോംബെയിലെ താനെയില്‍ പണിയെടുക്കുന്ന കാലത്ത് അതേ മേഖലയിൽ തൊഴിലാളിയായിരുന്നു ഇന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി എക്‌നാഥ് ഷിന്‍ഡെ. ഷിന്‍ഡെയുമായി അടുത്ത ബന്ധമുണ്ടായിരുന്നു, സൗഹൃദമുണ്ടായിരുന്നു ദേവസിക്ക്. ഈ കഥകള്‍ പറഞ്ഞ ദേവസി ഇന്നും ഒരു പെട്ടി ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നത്. അദ്ദേഹത്തിന്റെ മകന് ഈ അടുത്ത കാലത്ത് ഒരു സ്‌കൂട്ടര്‍ ആക്‌സിഡന്റില്‍ കാലിന് പരിക്കു പറ്റി വലിയ തുക ചെലവഴിക്കേണ്ടി വന്നിരുന്നു. ദേവസി തന്റെ കഥകള്‍ പറയുന്നത് വലിയ വിഷമത്തോടെയാണ് ഞങ്ങള്‍ എല്ലാവരും കേട്ടത്. നിശ്ചയദാര്‍ഢ്യമുളള ഒരു തൊഴിലാളി. തന്റെ ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം ഒരു സഹകരണ ബാങ്കില്‍ നിക്ഷേപിച്ചതിന് ശേഷം തന്റെ ഭാര്യയുടെ വിദഗ്ധ ചികിത്സയ്ക്കായി ആ പണം ഉപയോഗപ്പെട്ടില്ല എന്നോര്‍ത്ത് വിങ്ങുകയാണ്.

ഇത് ദേവസി-ഫിലോമിന ദമ്പതികളുടെ മാത്രം സ്ഥിതിയല്ല.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ

കരുവന്നൂര്‍ പ്രദേശത്തെ നിരവധി കുടുംബങ്ങള്‍, അതില്‍ പലരും അര്‍ബുദരോഗികളാണ്, നിക്ഷേപം തിരിച്ചുകിട്ടാതെ ചികിത്സ കിട്ടാതെ വിഷമിക്കുന്നു. ഇത്രയും മാസം സര്‍ക്കാര്‍ എന്തുചെയ്തു? കുറ്റവാളികളെ ശിക്ഷിക്കുവാനും അവരുടെ സ്വത്തടക്കം കണ്ടുകെട്ടിക്കൊണ്ട് അതിന് ഉത്തരവാദികളായവരുടെ കൈകളില്‍ നിന്ന് അവര്‍ തട്ടിയെടുത്ത പണം തിരിച്ചുവാങ്ങിക്കൊണ്ട് ബാങ്കിന്റെ ആസ്തികള്‍ പ്രയോജനപ്പെടുത്തിപണം തിരിച്ചുകൊടുക്കാന്‍ ഒരു തടസ്സവും ഉണ്ടായിരുന്നില്ല. ഇനിയും കഥ നീട്ടിപറഞ്ഞിട്ട് കാര്യമില്ല.

സഹകരണ ബാങ്കുകളില്‍ ഇനിയും പലേടത്തും ഇത്തരത്തിലുളള, അല്ലെങ്കില്‍ ഇതിലും ചെറുതോ വലുതോ ആയ പ്രതിസന്ധികള്‍ ഉണ്ടാകാം. അത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം. കേരളത്തിലെ സഹകരണ മേഖലയില്‍ മില്‍മ പോലുളള, നെയ്ത്ത് സംഘങ്ങള്‍, ബീഡിത്തൊഴിലാളി സംഘങ്ങള്‍ പോലുളള നിരവധി സംഘങ്ങള്‍ സഹകരണ സംഘങ്ങളുണ്ടെങ്കിലും കേരളത്തിന്റെ സഹകരണ മേഖല അറിയുന്നത് ക്രെഡിറ്റ് സംഘങ്ങളിലൂടെയാണ്. കേരളത്തിലെ മിസെലേനിയസ് സംഘങ്ങളും പണം കടംകൊടുക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ മേഖലയുടെ കൈയില്‍ ഏകദേശം രണ്ടു ലക്ഷം കോടി രൂപയോളമുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.

സാധാരണക്കാരന്റെ പ്രത്യേകിച്ച് ഗ്രാമീണരുടെ അത്താണിയാണ് സഹകരണ സൊസൈറ്റികള്‍ ആയ സഹകരണ ബാങ്കുകള്‍. സഹകരണ ബാങ്കുകളില്‍നിന്ന് പേഴ്‌സണല്‍ ലോണ്‍ ലഭിക്കുന്നു എന്നതാണ് ആ ബാങ്കുകളെ വ്യത്യസ്തമാക്കുന്നത്. പ്രോജക്ട് റിപ്പോര്‍ട്ടും സിബല്‍ റേറ്റിങ്ങും ഇല്ലാതെ തന്നെ ആര്‍ക്കും ഇത്തരം സഹകരണ സംഘങ്ങളില്‍ കയറിചെന്ന് സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചോ ചെറിയ സ്വത്തുക്കള്‍ പണയം വെച്ചോ ഏതാനും ലക്ഷം രൂപ കടമെടുക്കാന്‍ കഴിയും. പക്ഷേ, സാധാരണക്കാര്‍ക്ക് ദേശവത്കൃത ബാങ്കുകളില്‍ ഇതുപോലെ കടമെടുക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല, അവിടെ നിക്ഷേപിക്കുന്നത് പോലും ഒരു ഭാരിച്ച പണിയാണ്. ഇത്തരത്തില്‍ കോടാനുകോടി രൂപയുടെ ബിസിനസ് നടത്തുന്ന സംവിധാനമാണ് കേരളത്തിലെ സഹകരണമേഖല.

അസുഖങ്ങളുണ്ടായാല്‍, വിവാഹത്തിന്റെ ആവശ്യത്തിന്, വീടുപണിക്ക്, കൃഷിപ്പണിക്ക് എല്ലാംതന്നെ സഹകരണ സംഘം കേരളത്തിലെ സാധാരണക്കാരന്റെ അത്താണിയാണ്. അതിനാണ് ഇന്ന് ആപത്ത് നേരിട്ടിരിക്കുന്നത്. ഇതിനോട് പതുങ്ങിയ രീതിയില്‍ പ്രതികരിച്ചാല്‍ പോര. ഒരു ഭാഗത്ത് നിക്ഷേപകര്‍ക്ക് പണം തിരിച്ചു കൊടുക്കാനുളള അടിയന്തര നടപടികള്‍ സ്വീകരിക്കുമ്പോള്‍ തന്നെ കുറ്റവാളികളെ ശിക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്ന സന്ദേശം പുറത്തുവരേണ്ടതായിട്ടുണ്ട്. അതുകൊണ്ടാണ് കരുവന്നൂര്‍ കുംഭോണം സി.ബി.ഐ. അന്വേഷിക്കണം എന്ന് ഈ ലേഖകനെ പോലുളളവര്‍ ആവശ്യപ്പെടുന്നത്.

കരുവന്നൂരില്‍ നടന്നിട്ടുളളത് ഒരു കൂട്ടായ്മ കവര്‍ച്ച തന്നെയാണ്. വേലി തന്നെയാണ് വിളവ് തിന്നിട്ടുളളതെന്ന് വ്യക്തം. അതില്‍ രാഷ്ട്രീയ ഉളളടക്കമല്ല ഇവിടെ പ്രസക്തമായിട്ടുളളത്. ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവരാണെങ്കിലും സാധാരണക്കാരന്റെ അത്താണിയായ സഹകരണ മേഖലയ്ക്ക് ആപത്തുണ്ടാക്കുന്ന പ്രവര്‍ത്തനം ചെയ്താല്‍ കര്‍ശനമായ നിലയില്‍ വിചാരണ ചെയ്യപ്പെടണം, ശിക്ഷിക്കപ്പെടണം. ഏതാണ്ട് മുപ്പതു വര്‍ഷം മുമ്പ് സംസ്ഥാന സഹകരണബാങ്കിന്റെ 20 കോടി രൂപ ഇന്ദ് ബാങ്കില്‍ നിക്ഷേപിച്ചതില്‍ കമ്മിഷന്‍ പറ്റിയിട്ടുണ്ടെന്ന ആരോപണം ഇന്നത്തെ കണ്‍വീനറായ ഇ.പി. ജയരാജന്‍ എം.എല്‍.എ. എന്ന നിലയില്‍ എം.വി. രാഘവനെതിരേ ഉന്നയിച്ചു. ഏതാനും ആഴ്ചകള്‍ക്കകം അത് അന്വേഷിക്കുകയും ഇത്തരത്തില്‍ ഒരു കമ്മിഷന്‍ നടന്നിട്ടുണ്ടെന്ന് റിസര്‍വ് ബാങ്കില്‍ നിന്ന് മനസ്സിലാക്കുകയും ചെയ്ത എം.വി.ആര്‍. സ്വമേധയാ ആ കേസ് സി.ബി.ഐക്ക് വിട്ടു.

സി.ബി.ഐ. കോടതിയിലെ സാക്ഷികളില്‍ ഒരാളായിരുന്നു ഞാന്‍. പ്രതി ഇന്നു ജീവിച്ചിരിപ്പില്ല എന്നതുകൊണ്ട് പേര് പറയുന്നതില്‍ അര്‍ഥമില്ല. പക്ഷേ, ആ പ്രതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു. അഞ്ചു ലക്ഷം രൂപ പിഴയും ചുമത്തപ്പെട്ടു. അന്നത്തെ പ്രതിക്ക് ഭരണകക്ഷിയുമായി ബന്ധമുണ്ടായിരുന്നിട്ട് കൂടി സഹകരണ മേഖലയിലെ പുഴുക്കുത്തായി മാറുന്നു എന്നുകണ്ടപ്പോള്‍ സി.ബി.ഐയ്ക്ക് കേസ് വിട്ടുകൊടുത്ത കീഴ്‌വഴക്കം കേരളത്തിന് ഉണ്ടെന്ന് ഇന്നത്തെ സഹകരണ മന്ത്രിയും വകുപ്പും പ്രത്യേകിച്ച് ഓര്‍ക്കേണ്ടതായിട്ടുണ്ട്.

ആരുടെയും മുഖം നോക്കാതെ നടപടികള്‍ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഓഗസ്റ്റ് 30-ന് മുമ്പ് ഈ ബാങ്കിലെ എല്ലാ നിക്ഷേപകര്‍ക്കും പലിശയടക്കം നിക്ഷേപം തിരിച്ചുകൊടുക്കും എന്ന ബഹുമാനപ്പെട്ട സഹകരണമന്ത്രി വി.എന്‍. വാസവന്റെ പ്രസ്താവന തീര്‍ച്ചയായും ഈ സന്ദര്‍ഭത്തില്‍ സ്വാഗതം ചെയ്യപ്പെടേണ്ടത് തന്നെയാണ്. അത് സംഭവിക്കട്ടേ. പക്ഷേ, രണ്ടു കാര്യങ്ങള്‍ എടുത്തു പറയേണ്ടതുണ്ട്. ഒന്ന്, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം, വിചാരണ ചെയ്യപ്പെടണം. രണ്ട്, ഇനിയും പലയിടത്തും പ്രതിസന്ധികള്‍ ഉണ്ടായാല്‍ എന്താണ് ചെയ്യേണ്ടത് എന്നതു സംബന്ധിച്ച് കൃത്യമായ ധാരണ ഇപ്പോഴേ ഉണ്ടാകണം. അതിനാവശ്യമായ കരുതല്‍ ധനം ശേഖരിച്ചുവെക്കുന്ന ഒരു സംവിധാനം കേരളത്തില്‍ ഉണ്ട്. അതിന്റെ പേരാണ് ഡെപ്പോസിറ്റ് ഗ്യാരണ്ടി ബോര്‍ഡ്.

നിരവധി നൂലാമാലകളില്‍ കൂടിയല്ലാതെ ഈ ബോര്‍ഡിന് ഡെപ്പോസിറ്റ് കൊടുക്കാന്‍ കഴിയില്ല. ജില്ലാ ബാങ്കുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇത്തരം ഒരു പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നവല്ലോ. പക്ഷേ, അതിനാവശ്യമായ ഒരു പ്രത്യേക നിധി ഉണ്ടാക്കേണ്ട ആവശ്യകത ഇന്ന് സഹകരണമേഖലയില്‍ ഉണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ്. ഇതിന് മുഴുവന്‍ സഹകാരികളുടെയും പ്രതിപക്ഷ കക്ഷികളുടെയും പിന്തുണ ഉണ്ടാകും. കുറ്റവാളികളെ ശിക്ഷിക്കുന്ന കാര്യത്തില്‍ സി.ബി.ഐയുടെ ഇടപെടല്‍ അനിവാര്യമാണ്. അത്തരത്തില്‍ ശക്തമായ നടപടികള്‍ എടുക്കുന്നുണ്ട് എന്ന് കണ്ടാല്‍ മാത്രമേ സഹകരണ മേഖലയുടെ ശക്തി നിലനിര്‍ത്താനും വര്‍ധിപ്പിക്കാനും കൂടുതല്‍ നിക്ഷേപകരെ സഹകരണരംഗത്തേക്ക് കൊണ്ടുവരാനും സാധിക്കുകയുളളൂ.

Content Highlights: Karuvannur Co-op bank fraud, cp john writes, pratibhashanam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


mAYOR

1 min

മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍; പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് വിശദീകരണം

Aug 8, 2022

Most Commented