മോദിയും ബൊമ്മെയും, രാഹുലും ശിവകുമാറും | Photo: ANI
ഭാരത് ജോഡൊ യാത്രയുടെ ആദ്യഫലം കർണാടകത്തിൽനിന്ന് വരും. 21 ദിവസമാണ് രാഹുൽ ഗാന്ധി കർണാടകത്തിലൂടെ നടന്നത്. ആദിയിൽ നടത്തമുണ്ടായിരുന്നു എന്നാണ് എറിക് വീനർ എന്ന അമേരിക്കൻ പത്രപ്രവർത്തകൻ 'ദ സോക്രട്ടിസ് എക്സ്പ്രസ്' എന്ന പുസ്തകത്തിൽ എഴുതുന്നത്. റൂസ്സോയെപ്പോലെ നടക്കേണ്ടതെങ്ങിനെ എന്നൊരു അദ്ധ്യായം ഈ പുസ്തകത്തിലുണ്ട്. നടക്കുമ്പോൾ നമ്മൾ മണ്ണിലേക്കും മനുഷ്യരിലേക്കും മടങ്ങിവരുന്നു.
ചെറുപ്പത്തിൽ തനിച്ചൊരു പദയാത്ര നടത്തിയതിന്റെ ഓർമ്മ ഇതെഴുതുന്നയാളുടെ മനസ്സിലുണ്ട്. ജനങ്ങളുമായി നേർക്കുനേർ വരുന്ന അനുഭവം. പല പതിറ്റാണ്ടുകളിലെ ഭരണത്തിന്റെ ആലസ്യത്തിലും തുടർന്നുള്ള തിരിച്ചടികൾ നൽകിയ തളർച്ചയിലും ഉലഞ്ഞുപോയ കോൺസ്രിനെ വീണ്ടെടുക്കുന്നതിനുള്ള രാഹുൽ ഗാന്ധിയുടെ ദൗത്യമായിരുന്നു ഭാരത് ജോഡൊ യാത്ര. നടത്തമായിരുന്നു ഗാന്ധിജിയുടെ ജനസമ്പർക്ക ഉപാധികളിലൊന്ന്. ഉപ്പു കുറുക്കാനും വർഗീയ ലഹളകൾ നിയന്ത്രിക്കുന്നതിനും ഗാന്ധിജി നടന്നാണ് പോയത്. ഒടുവിൽ ബിർള ഹൗസിലെ പ്രാർത്ഥനാവേദിയിലേക്ക് നടന്നെത്തുമ്പോഴായിരുന്നു കാക്കിക്കാലുറയിൽ നിന്നെടുത്ത തോക്കുമായി ഘാതകൻ ഗാന്ധിജിക്ക് മുഖാമുഖം നിന്നത്.
കർണാടകത്തിലെ നടത്തത്തിനിടയിൽ നാഗമംഗളയിലെ ഭുവനഹള്ളി ഗ്രാമത്തിൽ ഗൗരി ലങ്കേഷിന്റെ അമ്മയും സഹോദരിയും രാഹുലിനൊപ്പം ചേർന്നിരുന്നു. അതിനും അഞ്ച് കൊല്ലം മുമ്പാണ് ഗൗരി ലങ്കേഷ് എന്ന പത്രപ്രവർത്തക കൊല്ലപ്പെട്ടത്. ധബോൽക്കർ, പൻസാരെ, ഖൽബുർഗി എന്നിവരെ വീഴ്ത്തിയ വെടിയുണ്ടയുടെ വഴിയിലായിരുന്നു ഗൗരിയും. ഇവർ നാല് പേരും കോൺഗ്രസ് പ്രത്യയശാസ്ത്രത്തിന്റെ അരിക് പിടിച്ച് നടന്നവരല്ല. പല വിഷയങ്ങളിലും ഇവർക്ക് കോൺഗ്രസ് നേതൃത്വത്തിന്റെ നടപടികളോട് യോജിപ്പുണ്ടായിരുന്നില്ല. എന്നിട്ടും ഇക്കഴിഞ്ഞ ഒക്ടോബർ എട്ടിന് രാഹുലിനൊപ്പം അണിചേരുന്നതിൽ ഗൗരിയുടെ അമ്മയ്ക്കും സഹോദരിക്കും രണ്ടു വട്ടം ആലോചിക്കേണ്ടിയിരുന്നില്ല. കാരണം ഇന്ത്യൻ റിപ്പബ്ളിക്കിനെ തിരിച്ചുപിടിക്കുന്നതിനാണ് ഈ യാത്രയെന്ന് അവർക്ക് ബോദ്ധ്യമുണ്ടായിരുന്നു.
ഈ ദൗത്യത്തിൽ അതായത് ഇന്ത്യൻ റിപ്പബ്ളിക്കിനെ വീണ്ടെടുക്കുന്നതിൽ രാഹുലിനും കോൺഗ്രസിനും എവിടം വരെയെത്താനായിയെന്ന് കർണാടകം പറയും. വരുന്ന മെയ് പത്തിനാണ് തിരഞ്ഞെടുപ്പ്. പതിമൂന്നിന് ഫലം അറിയാം. കർണാടകം കേൺഗ്രസിനും ബി.ജെ.പിക്കും മാത്രമല്ല ഇന്ത്യൻ ജനാധിപത്യത്തിനും സുപ്രധാനമാകുന്നു.
.jpg?$p=035bad3&&q=0.8)
ഹിന്ദിയും ബി.ജെ.പിയും
ദക്ഷിണേന്ത്യയിൽ ബി.ജെ.പിയുടെ ഒരേയൊരു കോട്ടയാണ് കർണാടകം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 28 സീറ്റിൽ 25-ലും ബി.ജെ.പി. ജയിച്ച സംസ്ഥാനം. ഹാട്രിക് വിജയം ലക്ഷ്യമിട്ട് മോദിയും ബി.ജെ.പിയും അടുത്ത വർഷം കളത്തിലിറങ്ങുമ്പോൾ സംഘപരിവാറിനും കർണാടകം നിർണ്ണായകമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പല്ല നിയമസഭാ തിരഞ്ഞെടുപ്പ്. യെദ്യൂരപ്പയ്ക്ക് പകരമാണെത്തിയതെങ്കിലും ശരിക്കും പകരക്കാരനാകാൻ ബാസവരാജ് ബൊമ്മെയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ബി.ജെ.പിക്കറിയാം. ഇതുവരെ ഒരൊറ്റ നിയമസഭ തിരഞ്ഞെടുപ്പിലും കർണാടകത്തിൽ ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം നേടാനായിട്ടില്ലെന്നതും ഇതോട് ചേർത്ത് വായിക്കണം.
കർണ്ണാടകം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം എന്നീ അഞ്ച് സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, പോണ്ടിച്ചേരി എന്നി കേന്ദ്ര ഭരണ പ്രദേശങ്ങളിൽനിന്നുമായി 131 ലോക്സഭ സീറ്റുകളാണ് ദക്ഷിണേന്ത്യയിലുള്ളത്. ഇതിൽ ബി.ജെ.പിക്ക് കഴിഞ്ഞ തവണ പിടിക്കാനായത് 29 സീറ്റാണ്. അതിൽ തന്നെ 25 സീറ്റുകൾ കർണ്ണാടകത്തിൽനിന്നും ബാക്കി നാല് തെലങ്കാനയിൽ നിന്നുമായിരുന്നു. ആന്ധ്രയിലും തമിഴകത്തും കേരളത്തിലും താമര മൊട്ടിടുകയോ പൂവിടുകയോ ചെയ്തില്ലെന്നർത്ഥം.
എന്തുകൊണ്ടാണ് ദക്ഷിണേന്ത്യ പൊതുവെ സംഘപരിവാറിനോട് മുഖം തിരിഞ്ഞു നിൽക്കുന്നതെന്നതൊരു ചോദ്യമാണ്. ഓരോ തെരുവിലും കോവിലുകളും ഹിന്ദു ദൈവങ്ങളും നിറഞ്ഞു നിൽക്കുന്ന സംസ്ഥാനമാണ് തമിഴകം. പക്ഷേ, ഇവിടെയാണ് ബി.ജെ.പി. ഇന്ത്യയിൽ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത്. ആർ.എസ്.എസിന് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ശാഖകളുള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും ഒരൊറ്റ ലോക്സഭ മണ്ഡലത്തിലും പച്ച തൊടാൻ ഇന്നേവരെ കേരളത്തിൽ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. ദ്രാവിഡത്തിന്റെ ഉറപ്പാർന്ന തട്ടകങ്ങൾ ബിജെപിക്ക് ഇപ്പോഴും ബാലികേറാമലകളായി തുടരുന്നു.
ഒരു ദക്ഷിണേന്ത്യൻ പാർട്ടിയാവാൻ ബി.ജെ.പിക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. ഹിന്ദിയും വടക്കേ ഇന്ത്യയുമാണ് ബി.ജെ.പിയുടെ മുഖമുദ്രകൾ. ഹിന്ദിയിൽ പ്രസംഗിക്കുന്ന മോദിക്കും അമിത് ഷായ്ക്കും കർണ്ണാടകത്തിനിപ്പുറത്ത് ആവേശത്തിര ഉയർത്താനായിട്ടില്ല. ഹിന്ദിയല്ല ഇംഗ്ലീഷാണ് കേരളത്തിലായാലും തമിഴകത്തായാലും ദേശീയ ഭാഷ. അതുകൊണ്ടാണ് ഇംഗ്ലിഷിൽ പ്രസംഗിക്കുന്ന സോണിയയും രാഹുലും ദക്ഷിണേന്ത്യയ്ക്ക് അന്യരാകാത്തത്. മനുഷ്യരുടെ ഉള്ളിലിടം കിട്ടണമെങ്കിൽ ഭാഷ പോലൊരായുധം മറ്റൊന്നില്ല. ബി.ജെ.പി. ദേശീയ നേതൃത്വത്തിന് ഈ കടമ്പ കടക്കാനാവുന്നില്ല എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. വെങ്കയ്യ നായിഡുവിനെയും ബംഗാരു ലക്ഷമണിനെയും പോലുള്ള ദേശീയ അദ്ധ്യക്ഷന്മാർ ബി.ജെ.പിക്ക് ഉണ്ടായിരുന്നില്ലേ എന്ന് ചോദിച്ച് മെക്കിട്ട് കയറരുത്. വെങ്കയ്യയേയും ബംഗാരുവിനെയും പ്രസിഡന്റുമാരായി വടക്കേ ഇന്ത്യൻ ബി.ജെ.പിക്കാർ കണ്ടിരുന്നുവോ എന്ന കാര്യം സംശയമാണ്.
.jpg?$p=8a7b7b1&&q=0.8)
ശ്രീധരനും സുരേഷ് ഗോപിയും തോൽക്കുമ്പോൾ
ആന്ധ്രയിലും തമിഴകത്തും കേരളത്തിലും മൂന്നാം പാർട്ടി മാത്രമാണ് ബി.ജെ.പി. കോൺഗ്രസും സി.പി.എമ്മുമാണ് കേരളത്തിലെ മുഖ്യ പാർട്ടികൾ. കോൺഗ്രസിൽനിന്ന് വിട്ടുപോയവരാണ് ആദിയിലെ കമ്മ്യൂണിസ്റ്റുകാർ എന്നോർത്താൽ ഈ രണ്ടു പാർട്ടികളും കേരളീയർക്ക് ഒരു പോലെ പ്രിയമുള്ളതാവുന്നത് എങ്ങിനെയെന്നതിന്റെ രസതന്ത്രം പിടി കിട്ടും. ഒരു നിവൃത്തിയുണ്ടായിരുന്നെങ്കിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പാല്ക്കാട്ടുനിന്ന് ഇ. ശ്രീധരൻ ജയിക്കേണ്ടതായിരുന്നു. കേരളത്തിലെ മദ്ധ്യവർഗ്ഗ സമൂഹത്തിന് എന്തുകൊണ്ടും തലയിലേറ്റി നടക്കാനാവുന്ന 'ഉത്തമ പുരുഷനാണ്' ശ്രീധരൻ. എന്നിട്ടുമെന്നിട്ടും ശ്രീധരന് പോലും ബി.ജെ.പിയെ രക്ഷിച്ചെടുക്കാനായില്ല. സ്വതന്ത്രനായി നിന്നാൽ സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാമെന്ന് പറയുന്ന പലരെയും തൃശ്ശൂരിൽ കണ്ടു.
ന്യൂനപക്ഷങ്ങൾ മാത്രമല്ല കേരളത്തിലെ ഹിന്ദു സമൂഹത്തിലെ ഭൂരിപക്ഷവും ബി.ജെ.പിക്കൊപ്പമല്ല എന്നതാണ് യാഥാർത്ഥ്യം. ശബരിമല പോലൊരു വൈകാരിക വിഷയത്തിന് പോലും ബി.ജെ.പിയെ സഹായിക്കാനായില്ല എന്നതും ഓർക്കേണ്ടതുണ്ട്. ഈ സമവാക്യം പൊളിച്ചെഴുതാൻ പ്രധാനമന്ത്രി മോദി പെസഹാ വ്യാഴത്തിനും മുമ്പേ കാലുകഴുകൽ ശുശ്രൂഷ നടത്തിയതുകൊണ്ടോ റബ്ബറിന് 300 രൂപ തന്നാൽ മതിയെന്ന് ഒരു മെത്രാൻ വിളിച്ചുപറയുന്നതുകൊണ്ടോ കഴിയില്ലെന്ന് വേറെയാർക്കും മനസ്സിലായില്ലെങ്കിലും കുമ്മനം രാജശേഖരന് തിരിച്ചറിയാനാവും. കുമ്മനത്തിന്റെ മൗനത്തിൽ ഈ ബോധോദയമുണ്ട്. സുരേന്ദ്രന്റെ വാചാടോപത്തിൽ ഇതിന്റെ അഭാവവും.
സാമൂഹിക നീതിക്കായി പൊരുതിയ ചരിത്രമാണ് തമിഴകത്തും കേരളത്തിലും ബി.ജെ.പി. ഇതര പാർട്ടികൾക്കുള്ളത്. കഴിഞ്ഞയാഴ്ച നടന്ന വൈക്കം സത്യാഗ്രഹത്തിന്റെ സുവർണ്ണ ജൂബിലി നോക്കുക. 1924-ലാണ് വൈക്കം സത്യാഗ്രഹം നടന്നത്. ആർ.എസ്.എസ്. അന്നില്ല. പക്ഷേ, അതിനും ഒമ്പത് കൊല്ലം മുമ്പ് ഹിന്ദു മഹാസഭ നിലവിൽ വന്ന് കഴിഞ്ഞിരുന്നു. പക്ഷേ, വൈക്കം സത്യാഗ്രഹം പ്രാഥമികമായും പ്രധാനമായും കോൺഗ്രസ് മുന്നേറ്റമായിരുന്നു. സാമൂഹിക നീതിക്കായുള്ള പോരാട്ടങ്ങളിലൂടെയാണ് ഡി.എം.കെയെപോലുള്ള പ്രാദേശിക പാർട്ടികൾ വളർന്നത്. ഇത്തരമൊരു ചരിത്രം കൂടെയില്ലെന്നത് കൂടി ദക്ഷിണേന്ത്യയിൽ സംഘപരിവാറിനെ പിന്നോട്ട് വലിക്കുന്നുണ്ട്.
ഇന്ത്യാ വിഭജനത്തിന്റെ മുറിവുകൾ ദക്ഷിണേന്ത്യയെ അങ്ങിനെയങ്ങ് ബാധിച്ചില്ലെന്നതും ഒരു വസ്തുതയാണ്. വർഗ്ഗീയതയുടെ പേരിലുള്ള ചേരിതിരിവുകൾ വടക്കേ ഇന്ത്യയിൽ സംഘപരിവാറിന് വെള്ളവും വളവും നൽകിയപ്പോൾ ദക്ഷിണേന്ത്യ പൊതുവെ അതിൽനിന്നു മുക്തമായിരുന്നു. വ്യക്തിപ്രഭാവമുള്ള നേതാക്കളുടെ അഭാവമാണ് ദക്ഷിണേന്ത്യയിൽ ബി.ജെ.പിയെ തളർത്തുന്ന മറ്റൊരു ഘടകം. ഇ.എം.എസ്., കെ. കരുണാകരൻ, ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി, എം.ജി.ആർ., കരുണാനിധി, ജയലളിത, എം.കെ. സ്റ്റാലിൻ, എൻ.ടി. രാമറാവു, വൈ.എസ്. രാജശേഖർ റെഡ്ഡി, ചന്ദ്രബാബു നായിഡു, ജഗൻമോഹൻ റെഡ്ഡി, ചന്ദ്രശേഖര റാവു എന്നിവർക്കൊപ്പം ഉയർത്തിക്കാട്ടാൻ കഴിയുന്ന ഒരൊറ്റ നേതാവ് പോലും ദക്ഷിണേന്ത്യയിൽ സംഘപരിവാറിനില്ലെന്നത് മറക്കാനാവില്ല.

ഇന്ത്യൻ റിപ്പബ്ളിക്കിന്റെ അതിജീവനം
കർണാടകം കൈവിടുന്ന കാര്യം ബി.ജെ.പിക്ക് ആലോചിക്കാൻ പോലുമാവില്ല. അടുത്ത കൊല്ലം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കുള്ള ബി.ജെ.പിയുടെ യാത്രയിൽ കർണാടകം അതീവ നിർണ്ണായകമാണ്. അതുകൊണ്ടാണ് മുസ്ലിങ്ങൾക്കുള്ള നാല് ശതമാനം സംവരണം എടുത്ത് വൊക്കലിഗക്കാർക്കും ലിംഗായത്തുകൾക്കും വീതിച്ചുകൊടുത്തുകൊണ്ട് ബി.ജെ.പി. കളം പിടിക്കാൻ നോക്കുന്നത്. ഗുജറാത്തിൽ മോദിയുടെ നേതൃത്വത്തിൽ കൈവരിച്ച റെക്കോഡ് വിജയം ഹിന്ദുത്വയുടെ ഹൃദയഭൂമി നൽകിയ വിജയം മാത്രമല്ലെന്ന് ബി.ജെ.പിക്ക് തെളിയിക്കേണ്ടതുണ്ട്. ഗുജറാത്തായാലും കർണാടകമായാലും ഒരൊറ്റ നേതാവേയുള്ളുവെന്നും അത് നരേന്ദ്ര ദാമോദർ ദാസ് മോദിയാണെന്നുമുള്ള ബി.ജെ.പി. മുദ്രാവാക്യം കൂടിയാണ് മെയ് പത്തിന് പരീക്ഷിക്കപ്പെടുക.
കർണാടകത്തിൽ വ്യക്തമായ ഭൂരിപക്ഷം നേടാനാവുന്നില്ലെങ്കിൽ കോൺഗ്രസിന് സർക്കാർ രൂപവത്കരിക്കാൻ കഴിയണമെന്നില്ല. ജനതാദളിന്റെ കാരുണ്യത്തിലുള്ള ഒരു കോൺഗ്രസ് മന്ത്രിസഭയ്ക്കും ആയുസ്സ് അധികമുണ്ടാവില്ലെന്ന് ഉറപ്പ് വരുത്താൻ ബി.ജെ.പിക്കാവും. അതുകൊണ്ടുതന്നെ സ്വന്തം നിലയ്ക്ക് സർക്കാരുണ്ടാക്കാനുള്ള കേവല ഭൂരിപക്ഷത്തിൽ കുറഞ്ഞ മറ്റൊരു പദ്ധതിയും കോൺഗ്രസിന്റെ അജണ്ടയിലുണ്ടാവില്ല. 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷ മുന്നണിയുടെ തലപ്പത്ത് നിൽക്കാനാവണമെങ്കിൽ കർണാടകം കോൺഗ്രസിന് പിടിച്ചേ തീരൂ. അങ്ങിനെ നോക്കുമ്പോൾ അഖിലേന്ത്യ തലത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വം കൂടിയാണ് കർണാടകത്തിൽ മാറ്റുരയ്ക്കപ്പെടുന്നത്.
രണ്ട് വർഷത്തിനപ്പുറത്ത് ഇന്ത്യൻ റിപ്പബ്ലിക്കിന് 75 വയസ്സാവും. മതേതരത്വത്തിലും ബഹുസ്വരതയിലും അധിഷ്ഠിതമായ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആധാരശിലകൾ ഇളക്കം തട്ടാതെ നിലനിൽക്കുമോയെന്നാണ് ജനാധിപത്യ വിശ്വാസികൾ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കാൻ ജുഡീഷ്യറിയെ എങ്ങിനെയാണ് സംഘപരിവാർ ഉപയോഗിക്കുന്നതെന്ന് അടുത്തിടെ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പ്രമുഖ നിയമജ്ഞൻ മോഹൻ ഗോപാൽ വ്യക്തമാക്കുന്നുണ്ട്. ജനങ്ങൾ പരമാധികാരികളായ റിപ്പബ്ലിക്കാണ് ബി.ആർ. അംബദ്കർ ഉൾപ്പെടെയുള്ള ഭരണഘടന ശിൽപികൾ വിഭാവനം ചെയ്തത്.
അധികാരം ജനങ്ങളിൽ നിന്നെടുത്തുമാറ്റി ഒരു വരേണ്യ വർഗ്ഗത്തിന് നൽകാനുള്ള സംഘടിതവും ആസൂത്രിതവുമായ ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെ ജനങ്ങൾ ജാഗരൂകരാകണമെന്നും സമ്മതിദാന അവകാശം കരുതലോടെ പ്രയോഗിക്കണമെന്നും മോഹൻ ഗോപാൽ ഓർമ്മിപ്പിക്കുന്നു. ഈ സവിശേഷ ചരിത്ര പരിസരത്തിലാണ് കർണാടക തിരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ട് തന്നെയാണ് കർണാടകം വെറുമൊരു സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പല്ലെന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണെന്നും പറയേണ്ടി വരുന്നത്.
വഴിയിൽ കേട്ടത്: പ്രധാനമന്ത്രി മോദിയുടെ ബിരുദത്തിൽ സംശയം പ്രകടിപ്പിച്ച ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ 25,000 രൂപ പിഴ അടയ്ക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി. വെറുമൊരു ഡിഗ്രിയിൽ ഒതുങ്ങുന്ന ആളല്ല മോദിജി. അദ്ദേഹം ഒരു സർവ്വകലാശാലയാവുന്നു. പഠിക്കുന്നവരെയും പഠിപ്പിക്കുന്നവരെയും വസ്ത്രങ്ങൾ നോക്കി തിരിച്ചറിയാനാവുന്ന ഇന്ത്യയിലെ ഒരേയൊരു സർവ്വകലാശാല!
Content Highlights: Karnataka Election 2023, BJP, Congress, Narendra Modi, Rahul Gandhi, Vazhipokkan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..