രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദി
ദക്ഷിണേന്ത്യന്‍ സംസ്ഥാന രാഷ്ട്രീയത്തെ ഇന്ത്യന്‍ രാഷ്ട്രീയം ഇത്രമേല്‍ കൗതുകപൂര്‍വം ശ്രദ്ധിച്ച മറ്റൊരവസരം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. 2023-ലെ കര്‍ണാടക സംസ്ഥാന തിരഞ്ഞെടുപ്പ് കേവലം ഒരു സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് അപ്പുറത്തേക്ക് 24-ല്‍ നടക്കാന്‍ പോകുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ എന്ന നിലയ്ക്ക് ഇന്ത്യയെമ്പാടും ഏറെ ചര്‍ച്ച ചെയ്യുകയുണ്ടായി. ഈ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ജീവന്‍മരണ പോരാട്ടമായിരുന്നു. കര്‍ണാടകയില്‍ പരാജയപ്പെട്ടാല്‍ പ്രതിപക്ഷത്തെ ഏകോപിപ്പിക്കാനുള്ള പ്രഥമ കക്ഷി കോണ്‍ഗ്രസാണ് എന്ന സ്ഥാനം പോലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നഷ്ടപ്പെടുമോ എന്ന ഭയം ആ പാര്‍ട്ടിക്കുണ്ടായി. ആ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ക്കുമുണ്ടായി. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം മറ്റു പല സംസ്ഥാനങ്ങളും കൈയിലുണ്ടെങ്കിലും ദക്ഷിണേന്ത്യയിലെ അവരുടെ തുരുത്തായിരുന്നു കര്‍ണാടക.
കര്‍ണാടകം നഷ്ടപ്പെട്ടാല്‍ ബി.ജെ.പി. അടുത്തകാലത്തായി പയറ്റിക്കൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് വിജയതന്ത്രം പാളിപ്പോയെന്ന വിലയിരുത്തല്‍ ഉണ്ടാകുമെന്ന് അവരും കരുതി. എന്തായാലും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. വ്യക്തമായ ഭൂരിപക്ഷം ആര്‍ക്കുമുണ്ടാകില്ലെന്ന് കണക്കുകൂട്ടിയ വിദഗ്ധന്മാരുടെ പ്രവചനങ്ങള്‍ തെറ്റിച്ചുകൊണ്ട് വലിയൊരു മുന്നേറ്റമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ജനങ്ങള്‍ നല്‍കിയത്. ഭരണത്തിനെതിരായ വികാരം വിഭജിച്ചുപോകുന്ന ഒരു വലിയ പ്രശ്‌നം ജനതാദളിന്റെ ശക്തമായ സാന്നിധ്യമുള്ളതുകൊണ്ട് ഉണ്ടായിരുന്നുതാനും.
മുഖ്യമന്ത്രിപദം പലപ്പോഴായി കൈകാര്യം ചെയ്തിട്ടുള്ള ജനതാദള്‍(എസ്) ബി.ജെ.പി. ഭരണത്തിനെതിരായ വികാരം വിഭജിച്ചുപോയാല്‍ ഒരു തൂക്കു അസംബ്ലിയാണ് ഉണ്ടാകുകയെന്ന് കരുതി. 224-ല്‍ 19 സീറ്റുകള്‍ പിടിച്ചെടുത്ത് ജെ.ഡി.എസ്. ചെറുതല്ലാത്ത കക്ഷിയായി അസംബ്ലിയില്‍ ഉണ്ടെങ്കിലും കോണ്‍ഗ്രസിന് 135 സീറ്റുകിട്ടി. ബി.ജെ.പി. ആകട്ടേ 104 സീറ്റുണ്ടായിടത്തുനിന്ന് 64 സീറ്റിലേക്ക് ചുരുങ്ങി. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം താങ്ങാനാകാത്ത ആഘാതമായി ഇത്.
പഴയ കാലത്തൊന്നും പ്രധാനമന്ത്രിമാര്‍ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്ക് പ്രചാരണത്തിന് പോകാറില്ല. പക്ഷേ, മോദിയുടെ കാലം അതല്ല. മിക്കവാറും ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും അദ്ദേഹം തിരഞ്ഞെടുപ്പ് റാലികള്‍ നടത്തി. 23 റാലികളും ആറ് റോഡ് ഷോകളും നടത്തുക എന്നുപറയുന്നതിന്റെ അര്‍ഥം അതാണല്ലോ. ഒരു പ്രാദേശിക നേതാവിനെ പോലെയാണ് പ്രധാനമന്ത്രി കര്‍ണാടകത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്ന വിമര്‍ശനംപോലും അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നു. ആഭ്യന്തര മന്ത്രിയാകട്ടേ, ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രവര്‍ത്തനം പോലും ബെംഗളുരുവിലേക്ക് മാറ്റുന്ന തരത്തില്‍ കര്‍ണാടകം പിടിച്ചിട്ടേ ഇനി മുന്നോട്ടുപോകാന്‍ കഴിയൂ എന്ന നിശ്ചയദാര്‍ഢ്യത്തോടെ സംസ്ഥാനത്ത് തമ്പടിച്ചു. പക്ഷേ, ബി.ജെ.പിക്ക് കനത്ത പരാജയമാണ് കിട്ടിയത്.
%20(1).jpg?$p=b391c1a&&q=0.8)
വോട്ട് ഷെയര്‍ പരിശോധിക്കുകയാണെങ്കില്‍ 43 ശതമാനം വോട്ട് കോണ്‍ഗ്രസ് ഒറ്റയ്ക്ക് നേടി. കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ഏതാണ്ട് അഞ്ചു ശതമാനം അധികമാണ്. ബി.ജെ.പിയാകട്ടേ, കഴിഞ്ഞ പ്രാവശ്യം നേടിയ വോട്ട് അതുപോലെ നിലനിര്‍ത്തി 36%. എന്നാല്‍ ജെ.ഡി.എസ്. 13.3% വോട്ട് നേടിയപ്പോള്‍ 5% വോട്ട് അവര്‍ക്ക് ഇടിഞ്ഞുപോയി. മറ്റു പാര്‍ട്ടികള്‍ക്കും ഏതാണ്ട് 7.8% വോട്ടുണ്ട്. അതിനും കഴിഞ്ഞ തവണ കിട്ടിയതുമായി വലിയവ്യത്യാസമില്ല. ചുരുക്കിപ്പറഞ്ഞാല്‍ മോദി-അമിത്ഷാ വേലിയേറ്റത്തിനിടയിലും കോണ്‍ഗ്രസ് അഞ്ചു ശതമാനം അധികം വോട്ട് പിടിച്ചു എന്നതുതന്നെയാണ് കര്‍ണാടക തിരഞ്ഞെടുപ്പിനെ ദേശീയരാഷ്ട്രീയത്തില്‍ പ്രസക്തമാക്കുന്നത്.
കണക്കുകള്‍ക്ക് അപ്പുറത്ത് പ്രാധാന്യമുള്ള ഒന്നാണ് കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് ഫലം. ബി.ജെ.പി. വലിയ വികസന തന്ത്രങ്ങള്‍ കര്‍ണാടകത്തില്‍ പയറ്റിയിരുന്നു. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ബെംഗളുരുവും മൈസൂരുവും തമ്മിലുളള റോഡ് ബന്ധം അത്യാധുനികമാക്കി മാറ്റിയത്. വെറും മൂന്നു മണിക്കൂര്‍ കൊണ്ട് 300 കിലോ മീറ്റര്‍ പിന്നിടാവുന്ന തരത്തില്‍ അന്താരാഷ്ട്രതലത്തിലേക്ക് മൈസൂരു -ബെംഗളുരു കോറിഡോര്‍ ഉദ്ഘാടനം ചെയ്തത് നിശ്ചയമായും ബി.ജെ.പിക്ക് കൂടുതല്‍ വോട്ട് കൊണ്ടുവരുമെന്നാണ് പലരും കണക്കുകൂട്ടിയത്.
പക്ഷേ കേവലമായ വികസന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാത്രം വോട്ട് കൂടുകയില്ല എന്ന പാഠമാണ് ബി.ജെ.പിയും മറ്റുള്ളവരും കര്‍ണാടകത്തില്‍നിന്നു പഠിച്ചത്. ഇന്ത്യന്‍ വോട്ടിങ് മനഃശാസ്ത്രത്തിന്റെ അടിസ്ഥാനം സാമൂഹിക യാഥാര്‍ഥ്യങ്ങളാണ്. ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടുമാണ്. ജനങ്ങള്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ കേവലമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വോട്ടുകിട്ടുമെന്ന ധാരണ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ കര്‍ണാടകം അത് തിരുത്തിയിരിക്കുന്നു.
ജി.ഡി.പി. കണക്കുകള്‍ പറഞ്ഞതുകൊണ്ടും ഏറ്റവും കൂടുതല്‍ ആളോഹരി ജി.ഡി.പി. ഉള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടകം എന്നും മേനി നടിച്ചതുകൊണ്ടും മാത്രമായില്ല. ജനങ്ങളുടെ ജീവിത നിലവാരത്തില്‍, ഹ്യൂമന്‍ ഡവലപ്പ്‌മെന്റ് ഇന്‍ഡക്‌സില്‍ കര്‍ണാടകം ഇപ്പോഴും 15-ാം സ്ഥാനത്താണ് നില്‍ക്കുന്നത് എന്നുകാണാം. അതുകൊണ്ട് കേവലമായ വികസനം, നഗരങ്ങളിലൂന്നിയുള്ള വികസനം, ഇന്‍ഫ്രാസ്ട്രക്ചര്‍ പുഷ് എന്നിവ കൊണ്ടുമാത്രം ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് കര്‍ണാടകം ഒരിക്കല്‍കൂടി വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അടിസ്ഥാന ഘടകം സാമൂഹിക ബന്ധങ്ങളാണ് എന്ന് ഒന്നുകൂടി വ്യക്തമായിരിക്കുന്നു. നമ്മുടെ സമൂഹം വിവിധ മതവിഭാഗങ്ങള്‍കൊണ്ട് വിഭജിതമാണ്. അങ്ങനെ വിഭജിതമാകുമ്പോള്‍തന്നെ മുന്നോക്ക-പിന്നോക്ക ജാതികളാല്‍ മതങ്ങളും വിഭജിതമാണ്.
ഈ വ്യത്യസ്തമായ ജാതികളും മതവിഭാഗങ്ങളുമെല്ലാം സര്‍ക്കാരില്‍നിന്ന് പലതും പ്രതീക്ഷിക്കുന്നുണ്ട്. ഒരു വ്യക്തി എന്ന നിലയ്ക്ക് ഒരു പൗരന്‍ പല ആനുകൂല്യങ്ങളും സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നത്‌പോലെ തന്നെ ഒരു വിഭാഗം അല്ലെങ്കില്‍ സാമൂഹിക ഗ്രൂപ്പുകള്‍ നിരവധി കാര്യങ്ങള്‍ സര്‍ക്കാരില്‍ പ്രതീക്ഷിക്കുന്നു. ഇത് നന്നായി മനസ്സിലാക്കുന്ന ബി.ജെ.പി. അടുത്തകാലത്ത് ചെയ്തത് ഭൂരിപക്ഷ മതവിശ്വാസികളെ ദൃഢീകരിച്ച് ആ മതത്തിലെ മഹാഭൂരിപക്ഷം വോട്ടും ബി.ജെ.പിക്ക് അനുകൂലമാക്കുക എന്ന തന്ത്രമാണ്.
.jpg?$p=82f106e&&q=0.8)
ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ഒരൊറ്റ മുസ്ലീം പോലുമില്ലെന്നത് ഒരു വിഭാഗം ഹിന്ദുക്കള്‍ക്ക് താല്പര്യം തോന്നിയിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, കര്‍ണാടകം ആ കണക്കു തെറ്റിച്ചു. ജനസംഖ്യയില്‍ 9% മാത്രമുള്ള കര്‍ണാടകത്തിലെ മുസ്ലീം ജനതയ്ക്ക് അവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള സംവരണ ആനുകൂല്യം ഉണ്ടായിരുന്നെങ്കില്‍ ഏതാനും മാസങ്ങള്‍ക്ക്മുമ്പ് ബി.ജെ.പി. അത് തന്ത്രപൂര്‍വം പിന്‍വലിച്ചു. ചതുരംഗത്തില്‍ കുതിരയെ ബലി കഴിക്കുന്നത് പോലെ കര്‍ണാടകത്തില്‍ മുസ്ലീം വോട്ടുകള്‍ ബലി കഴിച്ചാലും ബാക്കി വരുന്ന 90 ശതമാനത്തിലധികം ഹിന്ദു വോട്ടര്‍മാരില്‍ അതല്ലെങ്കില്‍ നോണ്‍ മുസ്ലീം വോട്ടര്‍മാരില്‍ മുസ്ലീം ജനവിഭാഗത്തിന് നല്‍കിയ സംവരണം എടുത്തുകളഞ്ഞത് ആവേശം ഉണ്ടാക്കുമെന്ന ബി.ജെ.പിയുടെ കണക്കുകൂട്ടലാണ് കര്‍ണാടക തെറ്റിച്ചത്.
തങ്ങള്‍ക്കൊന്നും കിട്ടിയില്ലെങ്കിലും എതിര്‍ ഗ്രൂപ്പിന് ഉള്ളതുകൂടെ നഷ്ടപ്പെട്ടുവെന്ന ആത്മനിഷ്ഠമായ ആനന്ദം (subjective satisfaction) തിരഞ്ഞെടുപ്പിലെ ഒരു പ്രധാന തന്ത്രമാണ് എന്ന് ഉത്തരേന്ത്യയില്‍ പലപ്പോഴും ബി.ജെ.പിക്ക് അനുഭവേദ്യമായിട്ടുണ്ടെങ്കിലും കര്‍ണാടകത്തില്‍ അത് തെറ്റി. കാലാകാലമായി മുസ്ലീം ജനവിഭാഗങ്ങള്‍ ധരിച്ചുവന്ന വേഷങ്ങള്‍, തട്ടവും ഹിജാബുമെല്ലാം, നിരോധിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. ഹിജാബ് ധരിക്കാത്ത ഇതരമതസ്ഥര്‍ക്ക് ഹിജാബ് നിരോധിച്ചതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് എടുത്തുപറയേണ്ടതില്ലല്ലോ.
ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോയ പെണ്‍കുട്ടിയെ ഗുണ്ടകള്‍ പിന്തുടര്‍ന്ന് ബലാത്ക്കാരമായി ആക്രമിക്കുന്നത് മാധ്യമങ്ങളില്‍ നാം കണ്ടു. ഭയചകിതയായ ആ കുട്ടി തിരിഞ്ഞുനിന്ന് അല്ലാഹു അക്ബര്‍ എന്ന് വിളിച്ചപ്പോള്‍ അതായി അടുത്ത പ്രശ്‌നം. ഇത്തരത്തില്‍ ന്യൂനപക്ഷങ്ങളെ കുത്തിനോവിക്കുകയും കുത്തി നോവിക്കുന്നത് ഭൂരിപക്ഷ ഹിന്ദുസമുദായത്തിന് ഇഷ്ടമാണ് സ്വയം വിലയിരുത്തുകയും ചെയ്ത ബി.ജെ.പിയുടെ കണക്കുകൂട്ടലുകളാണ് തകര്‍ന്നടിഞ്ഞത്. 'എന്റെ തൊട്ടടുത്ത അയല്‍ക്കാരനെ ആരെങ്കിലും അയാളുടെ മതത്തിന്റെ പേരില്‍ നോവിച്ചാല്‍ എനിക്ക് ഒന്നും കിട്ടാനില്ല; മറിച്ച് ഇത് നാളെ എന്റെ നേരേയും തിരിയും' എന്ന ബോധ്യം സാധാരണക്കാര്‍ക്ക് ഉണ്ടായി എന്നര്‍ഥം.
ഇത്തരത്തില്‍ ഋണാത്മകമായ സോഷ്യല്‍ എന്‍ജിനീയറിങ്, ന്യൂനപക്ഷത്തെ അകറ്റി നിര്‍ത്തുന്നതിലൂടെ ഭൂരിപക്ഷത്തെ അടുപ്പിക്കാം എന്ന തന്ത്രം അത് പാളിയത് കര്‍ണാടകത്തില്‍ അല്ല ഇന്ത്യയില്‍ ആകെയാണ് എന്ന് ബി.ജെ.പി. വൈകിയ വേളയില്‍ മനസ്സിലായിക്കിയാല്‍ നന്നായിരിക്കും.
കോണ്‍ഗ്രസ് ആകട്ടേ, വളരെക്കാലത്തിന് ശേഷം എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന(സാമൂഹിക ഗ്രൂപ്പുകളെയെല്ലാം ഒരുപോലെ സന്തോഷിപ്പിക്കുന്ന) നയത്തില്‍നിന്ന് വ്യക്തമായ നയത്തിലേക്ക് കടന്നുവന്നത് കര്‍ണാടകത്തില്‍ നാം കണ്ടു. ബി.ജെ.പി. മുസ്ലീം സംവരണം എടുത്തുകളയുമെന്ന് പറഞ്ഞപ്പോള്‍ മടിച്ചുനില്‍ക്കാതെ അത് തിരിച്ചുകൊണ്ടുവരുമെന്ന് പറയാന്‍ കോണ്‍ഗ്രസ് ധൈര്യം കാണിച്ചു. അതുകൊണ്ട് യാതൊരു നഷ്ടവും കോണ്‍ഗ്രസിന് ഉണ്ടായില്ലെന്ന് മാത്രമല്ല, കൂടുതല്‍ വോട്ടുകള്‍ എല്ലാ സമുദായങ്ങളില്‍നിന്ന് കിട്ടുകയാണ് ചെയ്തത്.
അതുപോലെ, പിന്നാക്ക വിഭാഗങ്ങളുടെയും ദളിത് ആദിവാസി വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുവാന്‍ ധൈര്യത്തോടുകൂടി സംസാരിക്കുന്ന ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസ് ഖാര്‍ഗെയുടെ നേതൃത്വത്തില്‍ മാറിക്കഴിഞ്ഞു. കര്‍ണാടക സംസ്ഥാനത്തില്‍നിന്ന് വരുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് ഖാര്‍ഗെ, ഇന്ത്യയില്‍ എമ്പാടുമുളള പിന്നോക്ക ദളിത് ആദിവാസി വിഭാഗങ്ങള്‍ക്ക് അംഗീകരിക്കാനും പ്രതീക്ഷയര്‍പ്പിക്കാനും പറ്റിയ നേതാവാണെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നു. ദീര്‍ഘകാലമായി അത്തരത്തില്‍ ഒരു നേതാവിനെ കോണ്‍ഗ്രസില്‍ കാണാന്‍ ഇല്ലായിരുന്നു.
1970-ല്‍ ഇന്ദിര ഗാന്ധി കോണ്‍ഗ്രസ് പിളര്‍ത്തി പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അന്ന് എ.ഐ.സി.സി. പ്രസിഡന്റായത് നെഹ്‌റു കാബിനറ്റില്‍ അംഗമായിരുന്ന ദളിത് നേതാവ് ജഗ്ജീവന്‍ റാമായിരുന്നു. അതിനുശേഷം ചെറുപ്പകാരനായ സജീവയ്യ ആന്ധ്രാപ്രദേശില്‍ നിന്ന് എ.ഐ.സി.സി. പ്രസിഡന്റായെങ്കിലും ദളിത്- ആദിവാസി നേതൃത്വത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനത്ത് എത്തിക്കുന്നതില്‍ ഒരുപാട് കാലതാമസം ഉണ്ടായി. പിന്നീട് ഖാര്‍ഗെയുടെ എ.ഐ.സി.സി. പ്രസിഡന്റ് പദവിയിലേക്കുള്ള ഉയര്‍ച്ച, അതും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എന്ന നിലയില്‍ ഉള്ള ഉയര്‍ച്ച കൃത്യമായ സന്ദേശമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന് നല്‍കിയിരിക്കുന്നത്.
ലോക്‌സഭയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ തിരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കിയത് 1984-ല്‍ ഇന്ദിര ഗാന്ധിയുടെ മരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിലാണ്(444സീറ്റ്). പക്ഷേ, അഞ്ചുവര്‍ഷം കഴിയുമ്പോഴേക്കും വി.പി.സിങ്ങിന്റെ നേതൃത്വത്തിലുളള വലിയ വിഭാഗം ആളുകള്‍ കോണ്‍ഗ്രസില്‍നിന്ന് വിട്ടുപോയി. അവര്‍ ഉയര്‍ത്തിയ പ്രശ്‌നം പരമ്പരാഗതമായി ലോഹ്യപക്ഷ സോഷ്യലിസ്റ്റുകളും ഒരു കാലഘട്ടത്തില്‍ ഇടതുപക്ഷവും ഉയര്‍ത്തിയ സംവരണത്തിന്റെ പ്രശ്‌നമായിരുന്നു. ഇടതുപക്ഷം ചാഞ്ചാടിയപ്പോഴും സോഷ്യലിസ്റ്റ് പക്ഷം സാമൂഹികനീതിയുടെ പക്ഷത്ത് ഉറച്ചുനില്‍ക്കുകയാണ് ഉണ്ടായത്.
പക്ഷേ 89-ന് ശേഷം ഇന്ത്യയിലെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ കുത്തൊഴുക്കുണ്ടായിട്ടും പിടിച്ചുനില്‍ക്കുന്നത് സാമൂഹിക നീതിയുടെ മുദ്രാവാക്യങ്ങളിലൂടെ ഉയര്‍ന്നുവന്ന ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി, ബിഹാറിലെ ജെ.ഡി.യു.യും ആര്‍.ജെ.ഡിയും, ഒറീസയിലെ ബിജു ജനതാദള്‍, കര്‍ണാടകത്തിലെ ജെ.ഡി.(എസ്) എന്നീ പാര്‍ട്ടികളാണ്. ആ പാര്‍ട്ടികളുടെ മുഖ്യ മുദ്രാവാക്യം സാമൂഹിക സംവരണമാണ്, ഒ.ബി.സി. സംവരണമാണ്.
ഇന്ത്യയിലെ ഒ.ബി.സി. തന്നെയാണ് ഇന്ത്യയിലെ കര്‍ഷകരും. രണ്ടു പേരുടെയും പ്രശ്‌നങ്ങള്‍ ഏതാണ്ട് ഒന്നാണ്. ദളിതുകള്‍ കര്‍ഷകതൊഴിലാളികളാണ്. ആദിവാസികള്‍ പരമ്പരാഗതമായി കാട്ടില്‍ ജീവിക്കുന്നവരും പുതിയ കാലത്ത് ഇന്ത്യയുടെ ഖനികളില്‍, തോട്ടങ്ങളില്‍ പണിയെടുക്കുന്നവരുമായ പുതിയ തൊഴിലാളി വര്‍ഗമാണ്. അങ്ങനെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഖനി തൊഴിലാളികളും തോട്ടം തൊഴിലാളികളും, ഇവരില്‍നിന്ന് തന്നെ നഗരങ്ങളിലേക്ക് കുടിയേറിയിട്ടുള്ള കോടാനുകോടി സാധാരണക്കാരും ചെറുപട്ടണങ്ങളില്‍ കച്ചവടം ചെയ്തു ജീവിക്കുന്നവരുമെല്ലാം കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി ഇന്ത്യയിലെ മാറുന്ന പുതിയ രാഷ്ട്രീയ ശക്തിയാണ്.
ഇവരെ മതത്തിന്റെ പേരില്‍ ഏകോപിപ്പിക്കുക എന്ന തന്ത്രമാണ് ബി.ജെ.പി. പയറ്റിയത്. രാമക്ഷേത്രത്തിന്റെയും മതപരമായ മറ്റുവിഷയങ്ങളുടെയും ഇതരമത വിരോധത്തിന്റെയും പേരില്‍ അവരെ കോര്‍ത്തിണക്കി യു.പി. പോലുള്ള സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ ബി.ജെ.പിക്ക് സാധിച്ചു. പക്ഷേ ബി.ജെ.പിയുടെ തന്ത്രം ഇപ്പോള്‍ കര്‍ണാടകത്തില്‍ വിലപ്പോയില്ലെന്ന് വിലയിരുത്തണം. ഇവിടെയാണ് കോണ്‍ഗ്രസ് പുതിയ തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കരുനീക്കം നടത്തിയിരിക്കുന്നത്. ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി നേടിയ വലിയ അംഗീകാരം കര്‍ണാടക തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശ്രുതിയായി നിലനില്‍ക്കുകയാണ്.

രാഹുല്‍ ഗാന്ധി സ്‌നേഹത്തിന്റെ കട തുറക്കുന്നു എന്നുപറഞ്ഞപ്പോള്‍ അതില്‍ സാഹോദര്യത്തിന്റെയും ഉച്ചനീചത്വങ്ങള്‍ ഇല്ലാത്ത, ജാതിവിവേചനമില്ലാത്ത ജീവിതത്തിന്റെയും കൃത്യമായ സന്ദേശം ഉണ്ടായിരുന്നു. ഈ തിരഞ്ഞെടുപ്പ് കാലത്ത് വന്റാലികളില്‍ സംസാരിച്ചതിന് പുറമേ രാഹുല്‍ ഗാന്ധി ബെംഗളുരു ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യാത്ര ചെയ്ത് സ്ത്രീകളോടും കുട്ടികളോടും സംസാരിച്ചു. ഭക്ഷണ സാധനങ്ങളും മറ്റും വീടുകളില്‍ കൊണ്ടുപോയിക്കൊടുക്കുന്ന ഡെലിവറി ബോയ്‌സുമായി ചായക്കടകളിലിരുന്ന് കുശലം പറയുന്നതിനപ്പുറത്തേക്ക് അവരുടെ ജീവിത പ്രശ്‌നങ്ങള്‍ മനസ്സിലാക്കി. ബെംഗളുരുവിലെ ശുചീകരണതൊഴിലാളികളോടും സാധാരണക്കാരോടും അവരുടെ ഭാഷയിലും വേഷത്തിലും അവരില്‍ ഒരാളായി നിന്നുക്കൊണ്ട് സംസാരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ കഴിവ് എടുത്ത് പറയേണ്ടതാണ്. ഒരു പുതിയ രാഹുല്‍ ഗാന്ധിയെയാണ് കര്‍ണാടകത്തില്‍ നാം കണ്ടത്. സഹായത്തിന് സഹോദരി പ്രിയങ്കയും ഒപ്പം ഉണ്ടായിരുന്നു.
ഇവരുടെ പ്രവര്‍ത്തനങ്ങളെ കൂട്ടിയിണക്കുന്നതില്‍ വലിയ പങ്കാണ് മലയാളിയായ കെ.സി. വേണുഗോപാല്‍ വഹിച്ചതെന്ന് എടുത്തുപറയേണ്ടതുണ്ട്. അങ്ങനെ ഒരു ദേശീയ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തുന്ന ഗൗരവത്തോടുകൂടി കോണ്‍ഗ്രസ് നടത്തിയ കഠിനാധ്വാനത്തിന്റെ ഫലം കണ്ടിരിക്കുന്നു. കോണ്‍ഗ്രസിന്റെ നയങ്ങള്‍ രൂപീകരിക്കുന്ന ജയറാം രമേശിന്റെ നാടും കര്‍ണാടകമാണ്. അതിനുപുറമേ തിരഞ്ഞെടുപ്പ് വിദഗ്ധനായ യോഗേന്ദ്ര യാദവ് കര്‍ണാടകത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനെ ഗണ്യമായി സഹായിച്ചു എന്നാണ് മനസ്സിലാക്കുന്നത്. ഇതെല്ലാം കൂടിച്ചേരുമ്പോള്‍ ഒരു പുതിയ രാഷ്ട്രീയവും പുതിയ സംഘടനയും ഉയര്‍ന്നുവന്നിരിക്കുന്നുവെന്ന് കാണാം.
പക്ഷേ, തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുദിവസത്തിനിടയില്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞില്ലെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. പി.സി.സിയുടെ പ്രസിഡന്റായ ഡി.കെ.ശിവകുമാറും മുന്‍മുഖ്യമന്ത്രിയായ സിദ്ധരാമയ്യയും തമ്മിലാണ് മത്സരമെന്ന കാര്യം രഹസ്യമേയല്ല. രണ്ടു പേരും രണ്ടു തരത്തില്‍ തലപ്പൊക്കമുള്ളവരാണ്. ലോഹ്യയുടെ സിദ്ധാന്തം ഉള്‍ക്കൊള്ളുന്ന സിദ്ധരാമയ്യ ലളിതജീവിതത്തിന്റെയും ജനകീയതയുടെയും പ്രതീകമാണെങ്കില്‍ ഡി.കെ. ശിവകുമാര്‍ ടിപ്പുവിന്റെ പീരങ്കിപോലെ ശത്രുവിന്റെ കോട്ട തകര്‍ക്കാന്‍ കെല്‍പുള്ള അജയ്യനായ രാഷ്ട്രീയ നേതാവാണ്. മാസക്കണക്കിന് ജയില്‍വാസം അനുഭവിക്കേണ്ടി വന്നെങ്കിലും കോണ്‍ഗ്രസില്‍ ഉറച്ചുനിന്ന് അതിനെ നയിക്കുക എന്ന അസാധാരണമായ വൈഭവമാണ് ഡി.കെ. ശിവകുമാര്‍ കാണിച്ചിട്ടുള്ളത്.
അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ സിദ്ധാരാമയ്യ തന്നെയാണ് മുഖ്യമന്ത്രി. ഒരു പക്ഷേ രണ്ടോ മൂന്നോ കൊല്ലത്തേക്കാകാം എന്നുമാത്രം. കര്‍ണാടക തിരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടുത്തകാലത്ത് സംഭവിച്ച ഗൗരവമേറിയ രാഷ്ട്രീയ പ്രക്രിയ തന്നെയായിരുന്നു. അതില്‍ കോണ്‍ഗ്രസിന് ആഹ്ലാദം കൊള്ളാം അഭിമാനിക്കാം. എന്നാല്‍ പാഠങ്ങള്‍ പഠിക്കേണ്ടത് ബി.ജെ.പിയാണ്. ബി.ജെ.പിയെ തോല്‍പിച്ചുകൊണ്ട് അധികാരത്തില്‍ വരുന്ന കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തമിഴ്‌നാട്ടിലെ സര്‍ക്കാരിനെ പോലെ സ്ത്രീകള്‍ക്ക് യാത്രാസൗജന്യം നല്‍കിയും, വൈദ്യുതി ആനുകൂല്യങ്ങള്‍ നല്‍കിയും ജനപ്രിയ സര്‍ക്കാരായി തീരും എന്ന് ഇതിനകം തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
ജനകീയത കൊണ്ടുമാത്രമേ വര്‍ഗീയതയെ തോല്‍പ്പിക്കാന്‍ സാധിക്കൂ. ജനങ്ങളുടെ ഭാഗത്ത് നില്‍ക്കുകയും അവര്‍ക്കുവേണ്ടി സംസാരിക്കുകയും അവര്‍ക്കുവേണ്ടി ഭരിക്കുകയും ചെയ്യുമ്പോള്‍ അവരെ ഭിന്നിപ്പിക്കാനുള്ള രാഷ്ട്രീയം താനേ മങ്ങിപ്പോകുമെന്ന് മതേതര വിശ്വാസികള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്.
Content Highlights: Karnataka Election, revival of congress party, Prathibhashanam column by CP John
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..