കര്‍ണനും ജയ് ഭീമും മലയാളത്തിലും സാധ്യമാണ്; വാണിജ്യ സിനിമയ്ക്ക് 'പട നല്‍കുന്ന ആത്മവിശ്വാസം | ഷോ റീല്‍


By എന്‍.പി.മുരളീകൃഷ്ണന്‍

4 min read
Read later
Print
Share

പാര്‍ശ്വവത്കരിക്കപ്പെട്ടവരും നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന ജനതയുടെ വിഷയങ്ങള്‍ വാണിജ്യസിനിമ ചര്‍ച്ചചെയ്യാനുള്ള സാധ്യതയും ആത്മവിശ്വാസവുമാണ് പട മുന്നോട്ടുവയ്ക്കുന്നത്.

പ്രതീകാത്മക ചിത്രം

മുഖ്യധാരാ സിനിമകള്‍ പ്രമേയസ്വീകരണത്തിനും ആഖ്യാനത്തിനുമായി ചിട്ടപ്പെടുത്തിവച്ചിട്ടുള്ള ഒരു സ്ഥിരം ചട്ടക്കൂടുണ്ട്. അതിനെ പിന്‍പറ്റിയാണ് ഈ സിനിമകള്‍ രൂപമെടുക്കുന്നത്. ഭൂരിഭാഗം വരുന്ന പ്രേക്ഷകര്‍ കാണുന്നത് മുഖ്യധാരാ, വാണിജ്യ സിനിമകളാണെന്നതു കൊണ്ടുതന്നെ അവരുടെ ആസ്വാദന ബോധത്തെ രൂപപ്പെടുത്തുന്നതും ഇത്തരം സിനിമകളാണ്. കുടുംബകലഹം- കുലമഹിമ, സ്വത്ത്- മൂപ്പിളമ തര്‍ക്കങ്ങള്‍, പ്രണയം- വിവാഹം, ശത്രു- മിത്രം, നന്മ-തിന്മ ദ്വന്ദ്വങ്ങളുടെ പോരാട്ടം തുടങ്ങി വാണിജ്യ സിനിമകള്‍ അവയുടെ തുടക്കകാലം തൊട്ട് സ്വീകരിച്ചുപോന്നിട്ടുള്ള പ്രമേയങ്ങള്‍ കണ്ട് ഇതു തന്നെയാണ് സമൂഹത്തിലെ വലിയ പ്രശ്‌നങ്ങളെന്നും ഇവയ്ക്കു വേണ്ടി നിലകൊള്ളുകയും ഇടപെടുകയുമാണ് തങ്ങള്‍ ഏറ്റെടുക്കേണ്ട പ്രധാന സാമൂഹിക ദൗത്യമെന്നും പ്രേക്ഷകന്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്.

ജനങ്ങളെ സന്തോഷിപ്പിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്യുകയെന്ന പ്രാഥമിക ഉത്തരവാദിത്തം നിറവേറ്റുന്ന മുഖ്യധാരാ സിനിമകള്‍ക്ക് ജനകീയ പ്രശ്‌നങ്ങള്‍ വിഷയമാകാറില്ല. അപൂര്‍വ്വം ചിലപ്പോള്‍ ഉപവിഷയങ്ങളിലൊന്നോ പരാമര്‍ശവിധേയമോ ആകാറുണ്ട്. അതുകൊണ്ടുതന്നെ ജനം കാലങ്ങളായി അനുഭവിക്കുന്ന തീവ്രവിഷയങ്ങള്‍ ജനപ്രിയ കലാരൂപമെന്ന നിലയില്‍ വാണിജ്യ സിനിമകളുടെ ചര്‍ച്ചാപരിസരത്ത് വരാതെ മാറിപ്പോകുകയാണ് പതിവ്.

മുഖ്യധാരാ ജനപ്രിയ സിനിമകള്‍ വിട്ടുകളയുന്ന ഈ പ്രശ്‌നങ്ങള്‍ സമാന്തര സിനിമകള്‍ പ്രമേയമാക്കാന്‍ മടിക്കുന്നില്ല. എന്നാല്‍ ഭൂരിഭാഗം പ്രേക്ഷകരിലേക്ക് പ്രശ്‌നം എത്തിക്കുന്നതില്‍ അവ പരാജയപ്പെടുന്നതായിട്ടാണ് കാണുക. സാധാരണ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ തക്ക ചലനാത്മകവും അവരുടെ ആസ്വാദനബോധത്തെയും നിലവാരത്തെയും പരിഗണിക്കുന്നതിലും സമാന്തര സിനിമകള്‍ പിറകോട്ടുപോകുന്നു. മന്ദതാളത്തില്‍ കഥപറയുന്ന സിനിമകളുടെ വേഗത്തിനോട് എല്ലാത്തരം പ്രേക്ഷകനും എളുപ്പത്തില്‍ സംവദിക്കാനാകില്ല. അവര്‍ കണ്ടുശീലിച്ചിട്ടുള്ളത് വാണിജ്യ സിനിമയുടെ വേഗതയുള്ള കഥപറച്ചില്‍ ശൈലിയാണ്.

ജനകീയപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത സിനിമകള്‍ വലിയൊരു വിഭാഗം ജനത്തിലേക്ക് എത്താതെ പോയതിനു കാരണം ആഖ്യാനത്തിലെ ഈ രസച്ചേര്‍ച്ചയില്ലായ്മ തന്നെയായിരിക്കണം. ഒരു ജനകീയ പ്രശ്‌നത്തിന്റെ തീവ്രത പൂര്‍ണമായി അനുഭവിപ്പിക്കുന്നതിന് ജീവിതത്തിന്റെ നേരടയാളമായ മന്ദതാളമാണ് ചേരുന്നതെന്ന് സമാന്തര സിനിമകള്‍ക്ക് പ്രസ്താവിക്കാനാകും. അത് നേരാണെങ്കില്‍ക്കൂടി സിനിമയെന്ന ആര്‍ട്ട് ഫോമിനെ ആസ്വദിക്കുകയെന്ന ലക്ഷ്യത്തില്‍ അതിനു മുന്നില്‍ എത്തുന്ന ഭൂരിഭാഗം വരുന്ന കാണികളില്‍ യാതൊരു വികാരവും ഉളവാക്കാന്‍ കഴിയാതെ പോന്ന ഒന്നായി അത് മാറുകയാണെങ്കില്‍ നിരാശരാകുന്നത് സ്വാഭാവികം. അവര്‍ ഈ രീതിയില്‍ ആഖ്യാനം നടത്തുന്ന സിനിമകളെ പിന്നീട് പരിഗണിച്ചേക്കില്ല. തങ്ങളുടെ ആസ്വാദന മൂല്യത്തെ പരിഗണിക്കാതെയും ബൗദ്ധികശേഷിയെ സദാ പരീക്ഷണ വിധേയമാക്കുകയും ചെയ്യുന്ന വൃഥാവ്യായാമങ്ങളെ അവാര്‍ഡ് പടമെന്നോ ആര്‍ട്ട് പടമെന്നോ ലേബലൈസ് ചെയ്ത് അവര്‍ തള്ളിക്കളഞ്ഞേക്കാം.

ഇവിടെയാണ് മലയാളത്തിലെ ഏറ്റവും പുതിയ സിനിമകളിലൊന്നായ കമല്‍ കെ.എമ്മിന്റെ പട വേറിട്ട ആഖ്യാനസാധ്യത കണ്ടെത്തുന്നത്. കേരളത്തിലെ ആദിവാസി സമൂഹം നേരിടുന്ന അതിതീവ്രമായ ഒരു പ്രശ്‌നത്തിലേക്കാണ് ഈ സിനിമ പ്രേക്ഷകന്റെ ശ്രദ്ധ ക്ഷണിക്കുന്നത്. സാധാരണ ഗതിയില്‍ സമാന്തര സിനിമ വിഷയവത്കരിക്കേണ്ടുന്ന ഈ പ്രമേയം ആര്‍ട്ട്, കൊമേഴ്‌സ്യല്‍ അളവുകോല്‍ വയ്ക്കാതെ പ്രശ്‌നത്തിന്റെ തീവ്രത കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ പട വിജയം കാണുകയാണ്. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ പൂര്‍ണമായും കാണികളുടെ ഉദ്വേഗത്തെയും ആസ്വാദനത്തെയും പരിഗണിച്ചുകൊണ്ടുള്ള ആഖ്യാനശൈലി കണ്ടെത്തുന്നു. അങ്ങനെ ഇനിയും പരിഹാരം കാണാത്ത ഒരു വിഷയത്തെക്കുറിച്ചുള്ള ഓര്‍മ്മപുതുക്കാനും വിഷയം സജീവമായി നിലനില്‍ത്താനും കേരള സമൂഹത്തെ സജ്ജമാക്കുകയെന്ന ഉദ്ദേശം ഫലവത്താക്കാന്‍ പടയ്ക്കാകുന്നു. വാണിജ്യസിനിമയുടെ കഥാകഥന സങ്കേതത്തിന്റെയും താരസാന്നിധ്യത്തിന്റെയും സാധ്യതയാണ് ഈ സിനിമ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നത്. ആദിവാസി ഭൂമി പ്രശ്‌നം മുമ്പ് പലതവണ സമാന്തര സിനിമ വിഷയമാക്കിയിട്ടുണ്ടെന്നു കൂടി ഇതിനോടു ചേര്‍ത്തു വായിക്കണം.

പോയ പതിറ്റാണ്ടില്‍ പുറത്തിറങ്ങിയ മദ്രാസ്, വിസാരണൈ, പരിയേറും പെരുമാള്‍, കര്‍ണന്‍, ജയ് ഭീം തുടങ്ങിയ തമിഴ് സിനിമകള്‍ അടിസ്ഥാന വര്‍ഗ ജനതയെയും അവരുടെ പ്രശ്‌നങ്ങളെയും മുഖ്യപ്രമേയമാക്കിക്കൊണ്ടുള്ളവയായിരുന്നു. താഴേക്കിടയിലുള്ള ജനത ജാതിയിലും തൊഴിലിലും നീതിയിലും അനുഭവിക്കുന്ന വൈജാത്യങ്ങള്‍ പ്രേക്ഷകനുമായി സംവദിക്കണമെന്ന് നിര്‍ബന്ധബുദ്ധി ഉള്ളതുകൊണ്ടുതന്നെ ആഖ്യാനത്തില്‍ ചലനാത്മകതയും ജനപ്രിയതയും കൊണ്ടുവരാന്‍ ഇതിന്റെ സാങ്കേതികപ്രവര്‍ത്തകര്‍ തയ്യാറായി എന്നതാണ് ഏറ്റവും അഭിനന്ദനമര്‍ഹിക്കുന്ന കാര്യം. ഏറ്റവും സര്‍വ്വസാധാരണീയര്‍ ഉള്‍പ്പെടെയുള്ള കാണികള്‍ ഈ സിനിമകള്‍ ഏറ്റെടുക്കുകയും സിനിമ മുന്നോട്ടുവച്ച പ്രശ്‌നങ്ങള്‍ മുഖ്യധാരാ സമൂഹത്തിന്റെയും അധികാര കേന്ദ്രങ്ങളുടെയും ചര്‍ച്ചയുടെ ഭാഗമാകുകയും ചെയ്തു. അടുത്തിടെ തമിഴ്‌നാട്ടില്‍ ഇരുള സമുദായത്തിന് പാമ്പിനെ പിടിക്കാനും വിഷമെടുക്കാനുമുള്ള അവകാശം പുനസ്ഥാപിച്ചുകൊണ്ടുള്ള കോടതി ഇടപെടല്‍ സാധ്യമായത് ജയ് ഭീം എന്ന സിനിമ ഈ സമുദായത്തെ പ്രതിനിധീകരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പ്രവേശിച്ചതു കൊണ്ടു മാത്രമായിരുന്നു. സിനിമയ്ക്ക് സമൂഹത്തെ എങ്ങനെ നവീകരിക്കാമെന്നും എത്തരത്തിലെല്ലാം ഇടപെടല്‍ നടത്താമെന്നതിന്റേയും ശക്തമായ തെളിവായിരുന്നു ഇത്.

തമിഴില്‍ ഇത്തരം മുന്നേറ്റങ്ങളുമായി വെട്രിമാരനും പാ രഞ്ജിത്തും മാരി സെല്‍വരാജും ഉള്‍പ്പെടെയുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ തങ്ങളുടെ സിനിമകള്‍ സാമൂഹിക ഉന്നമനത്തിനുള്ള മാര്‍ഗം കൂടിയായി കണ്ടപ്പോള്‍ മലയാളത്തില്‍ ഇത്തരം ജനകീയ വിഷയങ്ങള്‍ മുഖ്യധാരാ സിനിമയുടെ കേന്ദ്ര പ്രമേയമാകുന്നത് പിന്നെയും നീണ്ടുപോയി. ഒരു ജയ് ഭീമോ പരിയേറും പെരുമാളോ മലയാളത്തിലെ വാണിജ്യ സിനിമയുടെ ഭാഗമാകുന്നില്ല എന്ന ഈ നീണ്ടുപോകലിന്റെ ഉത്തരമാണ് പട. കീഴാളരുടെ പ്രശ്‌നങ്ങളും നീതിനിഷേധവും തമിഴ് സിനിമ പലപ്പോഴും വിഷയമാക്കുകയും അതില്‍ സൂപ്പര്‍താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്യുമ്പോഴും മലയാളത്തില്‍ നിന്ന് ഇത്തരം സിനിമകള്‍ ഉണ്ടാകുന്നില്ലായിരുന്നു. ഈ ചിന്തയിലേക്ക് വെളിച്ചം വീശാന്‍ പട പോലൊരു സിനിമയ്ക്ക് സാധിച്ചേക്കും.

ആദിവാസി ജനതയ്ക്കും ഭൂമിക്കും മേലുള്ള കടന്നുകയറ്റത്തിന്റെ അനീതി നിറഞ്ഞ ചരിത്രത്തെ അടയാളപ്പെടുത്തുകയാണ് പടയില്‍. ആദിവാസി ഭൂമി കൈയേറിയത് തിരിച്ചുപിടിക്കാനായി 1975 ല്‍ കേരളം നിയമം പാസ്സാക്കിയെങ്കിലും രണ്ട് പതിറ്റാണ്ട് നിയമം നടപ്പാക്കുന്നതിന് അധികാര കേന്ദ്രങ്ങള്‍ തന്നെ തടയിട്ടു. 1996ല്‍ ഈ നിയമം അട്ടിമറിക്കാന്‍ പുതിയൊരു ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. അതിനെതിരായ പ്രതിഷേധമെന്ന നിലയിലാണ് അയ്യങ്കാളിപ്പട പാലക്കാട് കളക്ടറെ ബന്ധിയാക്കിയത്. ആ സംഭവം നടന്നിട്ട് 25 വര്‍ഷം കഴിഞ്ഞെങ്കിലും അതിന് ഇന്നും പ്രസക്തിയുണ്ട്. മുഖ്യധാരാ സമൂഹവും രാഷ്ട്രീയപാര്‍ട്ടികളും എളുപ്പത്തില്‍ മറന്നുപോയ ആ സംഭവത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് പട. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി എന്ന അനീതിയും ആദിവാസി ജീവിതത്തിന്മേലുള്ള കടന്നുകയറ്റവും ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇതു തന്നെയാണ് പട ചര്‍ച്ചചെയ്യുന്ന വിഷയത്തിന്റെ പ്രസക്തിയും.

ഇത്തരമൊരു വിഷയം അവതരിപ്പിക്കുന്ന രീതിയാണ് പടയുടെ സവിശേഷത. മുഴുവന്‍ സമയവും ചലനാത്മകമാണ് ഈ സിനിമ. അതുവഴി വിഷയത്തിന്റെ തീവ്രത പ്രേക്ഷകന് അനുഭവിക്കാനാകുന്നു. ഈ സമീപനം തന്നെയാണ് ജയ് ഭീമും കര്‍ണനും പരിയേറും പെരുമാളും മദ്രാസും വിസാരണൈയും പോലുള്ള സിനിമകള്‍ തമിഴില്‍ പൂര്‍വ്വമാതൃക കാണിച്ചതും. പാര്‍ശ്വവത്കരിക്കപ്പെട്ടവരും നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന ജനതയുടെ വിഷയങ്ങള്‍ വാണിജ്യസിനിമ ചര്‍ച്ചചെയ്യാനുള്ള സാധ്യതയും ആത്മവിശ്വാസവുമാണ് പട മുന്നോട്ടുവയ്ക്കുന്നത്. പടയ്ക്കു മുമ്പ് മാധവ് രാംദാസിന്റെ മേല്‍വിലാസവും രാജീവ് രവിയുടെ കമ്മട്ടിപ്പാടവുമാണ് മലയാളത്തിലെ മുഖ്യധാരാ സിനിമയില്‍ ജാതീയതയും കീഴാള ജനതയുടെ ഭൂമിപ്രശ്‌നവുമടക്കമുള്ള വിഷയങ്ങള്‍ പ്രത്യക്ഷത്തില്‍ കേന്ദ്രപ്രമേയമായി അവതരിപ്പിച്ചിട്ടുള്ളത്.

മറാത്തിയില്‍ നാഗ്‌രാജ്‌ മഞ്ജുളെയുടെ ഫാന്‍ട്രി, സൈറാത്ത്, ഹിന്ദിയില്‍ ആര്‍ട്ടിക്കിള്‍ 15, മുള്‍ക്ക്, പിങ്ക്, മാസാന്‍, കോര്‍ട്ട്, ന്യൂട്ടണ്‍ തുടങ്ങിയ സിനിമകള്‍ പോയ പതിറ്റാണ്ടില്‍ സാമൂഹിക വിഷയങ്ങള്‍ മുഖ്യപ്രമേയമാക്കി ശ്രദ്ധ നേടിയവയാണ്. ജാതി ദുരഭിമാനക്കൊല പ്രമേയമാക്കിയ സൈറാത്ത് 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ആദ്യ മറാത്തി സിനിമയാണെന്ന് ചേര്‍ത്തുവായിക്കുമ്പോള്‍ ഒരു വാണിജ്യ സിനിമ പ്രേക്ഷകരില്‍ ഉണ്ടാക്കുന്ന സ്വാധീനം എത്ര വലുതാണെന്നു കാണാനാകും.

Content Highlights: Karnan and Jai Bhim are also possible in Mollywood| Show reel NP Muraleekrishnan's Column

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
representative image
Premium

6 min

എന്തിന് തിയേറ്ററില്‍ പോകണം? പ്രേക്ഷകരെ പരിഗണിക്കാതെ ഒ.ടി.ടി. കാലത്തെ മലയാള സിനിമ | ഷോ റീല്‍

Apr 19, 2023


representative image
Premium

8 min

ഇന്ത്യ ചൈനയുടെ മുന്നിലേക്ക്‌, ആൾപ്പെരുപ്പം ആപത്തോ സാധ്യതയോ? | പ്രതിഭാഷണം

Apr 22, 2023


MV Govindan, PK Kunhalikutty
Premium

6 min

സി.പി.എം. - ലീഗ് ബാന്ധവം: ബി.ജെ.പി. കാത്തിരിക്കുന്ന ലോട്ടറി | വഴിപോക്കൻ

Dec 12, 2022

Most Commented