കമലദളം, വാനപ്രസ്ഥം, കളിയാട്ടം..; കേരളീയ കലകള്‍ക്ക് തിരക്കാഴ്ച പകര്‍ന്ന സിനിമകള്‍ | ഷോ റീല്‍


എന്‍.പി.മുരളീകൃഷ്ണന്‍Premium

.

കൂത്ത് കൂറയിട്ട വള്ളുവനാടന്‍ ഗ്രാമക്കാവിലെ രാത്രിനേരം. രണ്ടു നൂറ്റാണ്ട് പിറകിലാണ് കാലം. കൂത്തുമാടത്തില്‍ വലിച്ചുകെട്ടിയ വെളുത്ത തിരശ്ശീലയ്ക്കു പിറകില്‍ കത്തിച്ചുവച്ച വിളക്കുകളില്‍നിന്നുള്ള വെളിച്ചത്തില്‍ പാവകളുടെ നിഴല്‍ചലനത്തിലൂടെ രാമായണ കഥ പുരോഗമിക്കുന്നു. ഘോരമായ രാമരാവണയുദ്ധം നടക്കുകയാണ്. കണ്‍മുന്നില്‍ ദൃശ്യമാകുന്ന യുദ്ധത്തില്‍ സര്‍വം മറന്നു വിലയിക്കുന്ന കാണികള്‍. ദൃശ്യകലയായ സിനിമയുടെ ആദിരൂപമെന്ന നിലയ്ക്ക് അടയാളപ്പെടുത്തിയിട്ടുള്ള തോല്‍പ്പാവക്കൂത്ത് ആണ് കാണികളുടെ സജീവശ്രദ്ധയെ ഇത്തരത്തില്‍ ആകര്‍ഷിച്ച ആ കലാരൂപം. മലയാളികള്‍ക്ക് സിനിമയെന്ന കലാരൂപത്തോടുള്ള ആദിമബന്ധം തോല്‍പ്പാവക്കൂത്തില്‍ തുടങ്ങുന്നു. വെളിച്ചത്തിന്റെയും തിരശ്ശീലയുടെയും മേളത്തിന്റെയും സാധ്യത ഉപയോഗിച്ച് കഥാവതരണം നടത്തുന്ന ഈ കലാരൂപത്തിന്റേതിന് സമാനമായി സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഷ്‌കരിച്ച ആധുനിക രൂപം കൈവന്നേക്കാമെന്നുള്ള ചിന്തയ്ക്ക് അന്ന് പ്രസക്തിയുണ്ടായിരുന്നില്ല.

തോല്‍പ്പാവക്കൂത്തിനു പുറമേ കഥകളിയും കൂടിയാട്ടവും പോലുള്ള ക്ഷേത്രകലകളിലെ പല അംശങ്ങളും സിനിമയെ സ്വാധീനിച്ചിട്ടുണ്ടെന്നു വേണം അനുമാനിക്കാന്‍. കലകളില്‍ പ്രായേണ ആധുനികമായ സിനിമയാണ് ഏറ്റവും ജനപ്രിയമെന്ന രീതിയില്‍ പില്‍ക്കാലത്ത് അടയാളപ്പെടുത്തപ്പെട്ടത്. മേല്‍ പരാമര്‍ശിച്ച മറ്റ് കലകള്‍ കാണികളുടെ അഭിരുചിക്കനുസരിച്ച് കാലക്രമേണ പിറകോട്ടടിക്കപ്പെട്ടപ്പോള്‍ സിനിമ ഇവയ്‌ക്കെല്ലാം മുന്നില്‍ എഴുന്നുനിന്നു. ഈ കലകളെക്കൂടി പരിഗണിച്ചുകൊണ്ടാണ് പില്‍ക്കാല മലയാള സിനിമ അതിന്റെ മുന്നേറ്റം സാധ്യമാക്കിയത്.

കേരളീയ ജീവിതത്തിന്റെ ഭാഗമായ ഉത്സവങ്ങളെയും കലകളെയും സിനിമ അതിന്റെ ഭാഗമാക്കി. ഉത്സവാന്തരീക്ഷവും കലകളും മലയാള സിനിമയെ കൂടുതല്‍ കേരളീയവും പ്രാദേശികവുമാക്കുന്നതിനു സഹായിച്ചുവെന്നു വേണം പറയാന്‍. കലകളും അവയെ ഉപാസിക്കുന്ന കലാകാരന്മാരുടെ ജീവിതവും ഇടകലര്‍ത്തി അവതരിപ്പിക്കുന്ന പ്രമേയസാധ്യത പരീക്ഷിക്കാനാണ് മലയാള സിനിമ കൂടുതലും ശ്രമിച്ചിട്ടുള്ളത്. സിനിമാറ്റിക് ഘടന നഷ്ടപ്പെടുത്താതെയുള്ള ഈ ആവിഷ്‌കാരത്തില്‍ കലയുടെ ആത്മാംശം കൂടി കൊണ്ടുവരുന്നത് വെല്ലുവിളിയാണ്. ഒട്ടധികമില്ലെങ്കിലും ഇത്തരം പരിശ്രമങ്ങള്‍ക്ക് മുതിരാന്‍ വ്യത്യസ്ത കാലങ്ങളിലെ ചലച്ചിത്രകാരന്മാര്‍ തയ്യാറായിട്ടുണ്ട്.

കേരള കലാമണ്ഡലത്തിന്റെ പ്രതിനിധാനമെന്നോണം അവതരിപ്പിച്ച കേരള കലാമന്ദിരവും അവിടത്തെ കലോപാസകരായ മനുഷ്യരും പശ്ചാത്തലമായ കമലദളമാണ് (1992) ശാസ്ത്രീയകലയും സിനിമയും രണ്ടല്ലാത്ത വിധം അവതരിപ്പിച്ച് ജനപ്രീതി നേടുന്നതില്‍ ഈ ധാരയില്‍ ഏറ്റവുമധികം വിജയിച്ചത്. നന്ദഗോപന്‍ എന്ന നൃത്താധ്യാപകന്റെ ജീവിതം ഇതിവൃത്തമാക്കിയ കമലദളം ശാസ്ത്രീയ കലയെ സിനിമയുമായി ഇഴചേര്‍ത്ത് എങ്ങനെ ജനപ്രിയ ഘടനയില്‍ അവതരിപ്പിക്കാം എന്ന പരീക്ഷണത്തില്‍ വിജയം കാണുകയായിരുന്നു. കലയെ ഉപാസിക്കുമ്പോള്‍ തന്നെ ജീവിതത്തില്‍ ഇടറിവീഴുന്ന കലാകാരനെയാണ് കമലദളം അവതരിപ്പിക്കുന്നത്. നൃത്തകലകളില്‍ അതിനിപുണനെങ്കിലും മറുവശത്ത് നന്ദഗോപന്റെ ജീവിതം അത്രകണ്ട് ലാസ്യഭാവം കാണിക്കുന്നതല്ല. മദ്യം അയാളെ മറ്റൊരാളാക്കി മാറ്റുന്നുണ്ട്. ഇതിനിടയിലും തന്റെ സ്വപ്‌നമായ സീതാകല്യാണം നൃത്തശില്പം ചിട്ടപ്പെടുത്തി അരങ്ങിലെത്തിക്കാന്‍ നന്ദഗോപനാകുന്നു.

ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചിട്ടില്ലാത്ത മോഹന്‍ലാല്‍ എന്ന നടന്റെ മെയ്‌വഴക്കം പ്രകടമാക്കുന്നതായിരുന്നു നന്ദഗോപന്‍ എന്ന നൃത്താധ്യാപക കഥാപാത്രവും പ്രത്യേകിച്ച് സീതാകല്യാണം നൃത്തശില്പാവതരണ രംഗങ്ങളും. കലകളെയും കലാകാരന്മാരെയും അവതരിപ്പിക്കുന്ന സിനിമകള്‍ സമാന്തരധാര ചേര്‍ന്നു സഞ്ചരിക്കുന്നതായിട്ടാണ് മിക്കപ്പോഴും കാണപ്പെടുക. ഇനി അത്തരം ബോധപൂര്‍വ്വമായ ശ്രമം നടത്തിയില്ലെങ്കില്‍ പോലും ചടുലത വിട്ടുള്ള ഒരു മന്ദസ്ഥായീ ഭാവം അവയ്ക്ക് കൈവരുന്നതായി കാണാം. എന്നാല്‍ ഇതിനെ ജനപ്രിയ കാഴ്ചാ സംസ്‌കാരത്തിനും പ്രേക്ഷകാഭിരുചിക്കും യോജിക്കുംവിധം തിരക്കഥയൊരുക്കുന്നതിലും അവതരിപ്പിക്കുന്നതിലും ലോഹിതദാസും സിബിമലയിലും കാണിച്ച മികവാണ് കമലദളത്തെ മലയാളികളുടെ പ്രിയപ്പെട്ട സിനിമകളുടെ ഗണത്തില്‍ ചേര്‍ക്കാനിടയാക്കിയത്. നിര്‍ഭാഗ്യവശാല്‍ ഇത്ര കൈയടക്കത്തോടെയുള്ള ജനപ്രിയ തുടര്‍ച്ച പിന്നീടുണ്ടായില്ലെന്നു കാണാം. അതേസമയം സമാന്തരധാരയില്‍ മലയാള സിനിമയെ ലോകശ്രദ്ധയിലെത്തിച്ച കലാസൃഷ്ടികളുണ്ടായി. ഇക്കൂട്ടത്തില്‍ മുന്‍പന്തിയിലുള്ളത് ഷാജി എന്‍. കരുണിന്റെ വാനപ്രസ്ഥമാണ് (1999).

കഥകളിയുടെ ദൃശ്യ, ശ്രവ്യസാധ്യത മിഴിവുറ്റ രീതിയില്‍ പ്രയോജനപ്പെടുത്തിയ സിനിമയാണ് വാനപ്രസ്ഥം. കഥാപാത്രത്തിന്റെയും വേഷം കെട്ടിയാടുന്ന നടന്റെയും വ്യക്തിത്വങ്ങള്‍ക്കു തമ്മില്‍ സംഭവിക്കുന്ന അസ്ഥിത്വപ്രതിസന്ധിയിലേക്ക് കണ്ണയക്കുന്ന വാനപ്രസ്ഥത്തിന്റേത് കഥകളി ഉപാസകര്‍ക്കും സാധാരണ പ്രേക്ഷകര്‍ക്കും ഒരുപോലെ വിനിമയം ചെയ്യുന്ന ഭാഷയായിരുന്നു. 'വാദ്യമാണെങ്കിലും ആരെങ്കിലുമൊന്ന് കൊട്ടിപ്പാടിയാലേ അതിന് മോക്ഷം ഉണ്ടാവൂ' എന്ന് മോഹന്‍ലാലിന്റെ കഥകളി കലാകാരനായ കുഞ്ഞികുട്ടന്‍ പറയുന്നുണ്ട്. ഇത് അയാളുടെ അസ്ഥിത്വദു:ഖത്തെ കാണിക്കുന്ന സംഭാഷണശകലമാണ്. ഈ ദുഃഖം പേറിയാണ് അയാള്‍ക്ക് ജീവിതത്തിലും അരങ്ങിലും ആടേണ്ടിവരുന്നത്. ഈ അസ്ഥിത്വദു:ഖത്തില്‍ നിന്നുള്ള കുഞ്ഞികുട്ടന്റെ വിടുതല്‍ (മോക്ഷം) പൂതനാമോക്ഷം കഥയുടെ സൂചനകള്‍ നല്‍കിക്കൊണ്ടാണ് സിനിമ അവതരിപ്പിക്കുന്നത്. ഇവിടെ കഥകളീ വേഷവും ജീവിതവേഷവും രണ്ടാകുന്നില്ല. ജീവിതത്തില്‍ തിരസ്‌കൃതനാക്കപ്പെടുന്ന കഥകളി കലാകാരനെ എം.ടി.വാസുദേവന്‍ നായരുടെ രചനയില്‍ രൂപംകൊണ്ട രംഗം എന്ന ഐ.വി ശശി സിനിമയിലും കാണാനാകും. കുഞ്ഞികുട്ടന്റെ അസ്ഥിത്വദുഃഖത്തിനു സമാനമല്ലെങ്കിലും ജീവിതത്തില്‍ പ്രിയപ്പെട്ടതായി സൂക്ഷിച്ചതൊക്കെയും നഷ്ടമാകുന്ന വൈയക്തിക ദുഃഖം പേറി അരങ്ങിലാടാന്‍ വിധിക്കപ്പെട്ടയാള്‍ തന്നെയാണ് അപ്പുണ്ണിയും.

അരങ്ങില്‍ രാജസ വേഷങ്ങള്‍ കെട്ടിയാടേണ്ടി വരുമ്പോഴും ജീവിതത്തിലെ സ്ഥായിയായ സാത്വിക ഭാവവും, വിഷാദവും, വിഷമാവസ്ഥകളും പിന്തുടര്‍ന്നു പോരേണ്ടിവരുന്ന കലാകാരന്റെ ജീവിതമാണ് കലകളെ ഉപയോഗപ്പെടുത്തുന്ന സിനിമകള്‍ എല്ലാക്കാലവും പ്രമേയമാക്കിയത്. ജയരാജിന്റെ കളിയാട്ടത്തിലേക്കു (1997) വരുമ്പോള്‍ കണ്ണന്‍ പെരുമലയന് വിധി പോലെ വന്നുചേരുന്നുണ്ട് ഈ വിഷാദവും നൈരാശ്യവും ഒടുക്കം ആത്യന്തികമായ മരണവും. ഒരു അനിവാര്യതയെന്നോണം താന്‍ കെട്ടിയാടിയ തീച്ചാമുണ്ടിക്കോലമായി പെരുമലയന്‍ കനലിലൊടുങ്ങുന്നു. തെയ്യത്തെ ദൈവമായിത്തന്നെ ദേശക്കാര്‍ കണ്ടുപോരുന്നു. തെയ്യക്കോലം കെട്ടുന്നയാളില്‍ സ്വാഭാവികമായും അവര്‍ ദൈവികാംശം കണ്ടേക്കാം. ദേശത്തെ നാടുവാഴിയുടെ മകളായ താമരയ്ക്ക് പെരുമലയനോട് തോന്നിയത് ദൈവികമായ ഈ വേഷത്തിനോടും കൂടിയുള്ള അനുരാഗമാണ്. തീവ്രമായ പ്രണയത്തില്‍ താമര ജാതിവരമ്പ് ഭേദിച്ച് പെരുമലയനോടൊപ്പം ജീവിക്കാന്‍ തയ്യാറായി സ്വഗേഹം വിട്ടിറങ്ങുകയാണ്. തെയ്യക്കോലത്തോടും അതു കെട്ടിയാടുന്ന വ്യക്തിയോടും ഒരുപോലെ പ്രണയം തോന്നിയ താമര, കുഞ്ഞികുട്ടന്റെ അര്‍ജ്ജുന വേഷത്തെ മാത്രം പ്രണയിക്കുന്ന സുഭദ്രയില്‍ നിന്നും വ്യതിരിക്തമായ വ്യക്തിത്വമാണ്. പെരുമലയന്‍ തെറ്റിദ്ധരിക്കുമ്പോഴും തന്റെയുള്ളിലെ അനുരാഗം അവള്‍ കെടാതെ സൂക്ഷിക്കുന്നു. കുഞ്ഞികുട്ടനെ പോലെ ചുറ്റുമുള്ള ആള്‍പ്പെരുക്കത്തിലും വേഷങ്ങളുടെ മേലാപ്പിനുമിടയിലും അനാഥത്വം പേറി ജീവിക്കാന്‍ വിധിക്കപ്പെട്ടവനാണ് പെരുമലയനും. താമരയാണ് അവന്റെ ജീവിതത്തില്‍ വെളിച്ചം കൊണ്ടുവരുന്നത്. ആ വെളിച്ചം കെടുന്നതോടെ പെരുമലയനു മുന്നില്‍ പിന്നെ ഇരുട്ട് മാത്രമാണ്. അതിനയാള്‍ കീഴടങ്ങുകയും ചെയ്യുന്നു. കൃത്രിമവെളിച്ചങ്ങള്‍ ഉപയോഗപ്പെടുത്താതെയായിരുന്നു എംജെ രാധാകൃഷ്ണന്‍ കളിയാട്ടക്കാവിനെയും തെയ്യക്കോലങ്ങളെയും തെളിമയുള്ള ചിത്രങ്ങളാക്കിയത്. ഇതിന്റെ തെളിമ ഈ സിനിമയുടെ ചിത്രഭാഷയ്ക്കാകെ ഗുണം ചെയ്യുന്നതിനൊപ്പം തെയ്യമെന്ന കലാരൂപത്തിന്റെ ആത്മാവ് ചോരാതെ അവതരിപ്പിക്കുന്നതിനും സാധിക്കുന്നു.

കീഴ്ജാതിക്കാര്‍ക്ക് നിഷിദ്ധമായിരുന്ന കഥകളിയെ അവര്‍ക്കിടയിലേക്ക് കൊണ്ടുവന്ന ആറാട്ടുപുഴ വേലായുധ പണിക്കരെ അടയാളപ്പെടുത്തുന്നുണ്ട് വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് (2022) എന്ന സിനിമയില്‍. മേല്‍ജാതിക്കാരുടെ ക്ഷേത്രമുറ്റത്ത് ആടുമ്പോഴും ചില്ലറ മാത്രം തടയുന്ന അരപ്പട്ടിണിക്കാരായ കലാകാരന്മാരുടെ ഗതികേടിലേക്ക് പ്രേക്ഷകശ്രദ്ധയെ നയിക്കുകയാണ് ഈ സിനിമ. ആട്ടത്തിന് നിലവില്‍ കിട്ടിയിരുന്നതിന്റെ പലമടങ്ങ് പണം കൂടുതല്‍ കൊടുത്താണ് വേലായുധ പണിക്കര്‍ ആ കലാകാരന്മാരെ അരങ്ങിലേക്ക് ക്ഷണിക്കുന്നത്. കലയെ അംഗീകരിക്കുന്നതിനൊപ്പം കലാകാരന്റെ ഉപജീവനത്തെക്കൂടി മാനിക്കുകയായിരുന്നു ആ പ്രവൃത്തിയിലൂടെ വേലായുധ പണിക്കര്‍.

മധുവിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ടുള്ള എ.വിന്‍സെന്റിന്റെ 'ചെണ്ട' (1973) ഒരു താളവാദ്യക്കാരന്റെ ജീവിതം പ്രമേയമാക്കുന്ന മലയാളത്തിലെ ആദ്യ സിനിമയാണ്. ചെറുപ്പം മുതലേ ചെണ്ടയില്‍ ആകൃഷ്ടനായിരുന്ന അപ്പു തായമ്പകയിലാണ് പ്രാഗത്ഭ്യം തെളിയിക്കുന്നത്. താളവാദ്യത്തിലുള്ള അപ്പുവിന്റെ കഴിവുകളാണ് സുമതിയെ അവനില്‍ ആകൃഷ്ടയാക്കുന്നത്. എന്നാല്‍ വിധി മറ്റൊന്നായി അവരെ ഇരുവഴി അകറ്റുന്നുമുണ്ട്. അര്‍പ്പണബോധമുള്ള കലാകാരന്റെ ജീവിതത്തില്‍ ഇത്തരം പ്രതിബന്ധങ്ങളൊന്നും വഴിമുടക്കമാകുന്നില്ലെന്നു തായമ്പകയിലുള്ള തന്റെ പ്രാവീണ്യത്തിലൂടെ അപ്പു തെളിയിക്കുന്നു. ചോരയൊലിക്കുന്ന വിരലുകളോടെ തായമ്പക മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുന്ന അപ്പുവിനെ സംബന്ധിച്ചിടത്തോളം ചെണ്ട ഒരു സംഗീതോപകരണം മാത്രമല്ല, ജീവിതം തന്നെയായിരുന്നു. മോഹിനിയാട്ടം, കഥകളി, തായമ്പക തുടങ്ങിയ കേരളീയ കലാരൂപങ്ങളുടെ അവതരണം ഈ ചിത്രത്തിന്റെ ദൃശ്യഭാഷയെ സവിശേഷതമാക്കുന്നു.

ചെണ്ട പല സിനിമകളിലും കഥാപാത്രങ്ങളോളം അടയാളപ്പെടുത്തല്‍ സാധ്യമാക്കിയിട്ടുള്ളതായി കാണാനാകും. പൂരപ്പറമ്പില്‍ നിന്ന് പൂരപ്പറമ്പിലേക്ക് ഗമിക്കുന്ന ചില്ലറ കച്ചവടക്കാരായ സാധാരണ മനുഷ്യരുടെ ജീവിതം പറഞ്ഞ സുന്ദര്‍ദാസിന്റെ കുടമാറ്റം (1997), വി.എം. വിനുവിന്റെ പല്ലാവൂര്‍ ദേവനാരായണന്‍ (1999) എന്നീ സിനിമകളിലെ നായകന്മാര്‍ ചെണ്ടക്കാരനാണ്. തൂവല്‍കൊട്ടാരത്തിലെ (1996) നായകനാകട്ടെ ജീവിതം മുന്നോട്ടുനീക്കാന്‍ പല ജോലികള്‍ ചെയ്യുന്നതിനിടയില്‍ ചെണ്ടയും കൈയിലെടുക്കുന്നുണ്ട്. ക്ഷേത്രത്തിലെ വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതുള്‍പ്പെടെയുള്ള ജോലികള്‍ ചെയ്തുപോരുന്ന അമ്പലവാസികളായ മാരാര്‍, പൊതുവാള്‍ വിഭാഗത്തില്‍ പെടുന്നവരെയാണ് മുഖ്യ അഭിനേതാക്കളായ ജയറാം (മോഹനചന്ദ്രന്‍ പൊതുവാള്‍), ഒടുവില്‍ ഉണ്ണികൃഷ്ണന്‍ (അച്യുത മാരാര്‍) എന്നിവര്‍ അവതരിപ്പിക്കുന്നത്.

ദേവാസുരത്തില്‍ (1993) ഒടുവിലിന്റെ പെരിങ്ങോട് ശങ്കര മാരാര്‍ എന്ന പെരിങ്ങോടരെ ചെറുതെങ്കിലും ഒരു സമ്പൂര്‍ണ കലാകാര കഥാപാത്രമായിട്ടാണ് സിനിമ അവതരിപ്പിക്കുന്നത്. പെരിങ്ങോടന് ഒരു ശരീരാവയവം തന്നെയാകുന്നു ഉടുക്ക്. ക്ഷേത്രങ്ങളില്‍ നിന്ന് ക്ഷേത്രങ്ങളിലേക്ക് ഊരു ചുറ്റുന്നതിനിടെ കുടുംബജീവിതം മറന്നുപോകുന്ന പെരിങ്ങോടര്‍ കലോപാസനയെയും കലോപാസകരെയും മാത്രമാണ് നെഞ്ചോടു ചേര്‍ക്കുന്നത്. അതുകൊണ്ടുതന്നെ മംഗലശ്ശേരി നീലകണ്ഠന്‍ അയാള്‍ക്ക് പ്രിയപ്പെട്ടവനാകുന്നു. എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞ് ഇടയ്‌ക്കൊന്ന് വന്നു കയറി ഇടയ്ക്ക കൊട്ടിപ്പാടാനുള്ള ഇടമാണ് അയാള്‍ക്ക് മംഗലശ്ശേരി വീടും അവിടത്തെ നീലകണ്ഠനെന്ന സാന്നിധ്യവും. സംഗീതത്തെ മാത്രം ഉപാസിച്ച് കലയുടെ അനുഗ്രഹം മാത്രമല്ലാതെ മറ്റൊന്നും ജീവിതത്തില്‍ ആശിക്കാത്ത യഥാര്‍ഥ കലാകാരനായിരുന്ന ഞരളത്ത് രാമപ്പൊതുവാളാണ് പെരിങ്ങോടന്റെ പാത്രസൃഷ്ടിക്ക് പ്രചോദനമായതെന്ന് ദേവാസുരത്തിന്റെ രചയിതാവ് രഞ്ജിത്ത് പറയുന്നുണ്ട്. കേരളീയ കലകളുമായും വാദ്യോപകരണങ്ങളുമായും നേര്‍ബന്ധമുണ്ടായിരുന്ന ഒടുവിലിനെയും നെടുമുടി വേണുവിനെയും പോലുള്ള കലാകാരന്മാര്‍ ഇത്തരം കഥാപാത്രങ്ങളായി മാറുമ്പോഴും വാദ്യോപകരണങ്ങള്‍ പ്രയോഗിക്കുമ്പോഴും കൈവരുന്ന പൂര്‍ണത അനിതരസാധാരണമാണ്. തബലയോ മറ്റ് വാദ്യോപകരണങ്ങളോ വായിക്കുന്ന നെടുമുടി വേണുവിന്റെ കൈകളെയും മുഖഭാവത്തെയും ചെണ്ടയോ ഉടുക്കോ പ്രയോഗിക്കുമ്പോഴത്തെ ഒടുവിലിന്റെ ശരീരഭാഷയെയും ഓര്‍മ്മിക്കുക.

സൈജോ കണ്ണനായ്ക്കലിന്റെ കഥകളി (2016) പേരിലെ സൂചകം പോലെ അരങ്ങിലെ മുഴുനീള കലാസ്വാദനം സാധ്യമാക്കുകയല്ല, മറിച്ച് കീഴ്ജാതിക്കാരനായ കലാകാരന്റെ സാമൂഹിക സ്വത്വത്തെയും പ്രതിസന്ധികളെയും അടയാളപ്പെടുത്താനാണ് ഒരുമ്പെടുന്നത്. ഒടുക്കം തന്റെ കഥകളി വേഷം അഴിച്ചുമാറ്റി സമൂഹത്തിനെതിരായ പ്രതിഷേധത്തിന്റെ പ്രതീകമായി നഗ്നനായി പുഴ മുറിച്ചു നടക്കുകയാണയാള്‍. ചെണ്ടയും കമലദളവും കുടമാറ്റവും ഉള്‍പ്പെടെ കേരളീയ കലകളെ പ്രതിനിധാനം ചെയ്ത സിനിമകളെയെല്ലാം പോലെ ഈ സിനിമയ്ക്കും ഭൂമികയാകുന്നത് ഭാരതപ്പുഴയാണ്. 'കഥകളി പാവപ്പെട്ടവര്‍ക്കും അധഃസ്ഥിതര്‍ക്കും വേണ്ടിയുള്ളതല്ല' എന്ന് ഊന്നിപ്പറഞ്ഞാണ് ഈ സിനിമ അവസാനിക്കുന്നത്. കഥകളിക്ക് പശ്ചാത്തലമായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ മാത്രം ഉപയോഗിച്ചാണ് ഈ സിനിമയുടെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. ജാതിരാഷ്ട്രീയം മലബാറിലെ കരിങ്കാളികെട്ട് എന്ന അനുഷ്ഠാന കലയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് ഷാനവാസ് നരണിപ്പുഴ കരി (2016)യില്‍.

നര്‍ത്തകന്‍ കൂടിയായ നടന്‍ വിനീത് ഉണ്ണിയെന്ന കഥകളി വേഷക്കാരനാകുന്ന കണ്ണന്‍ പെരുമുടിയൂരിന്റെ ആട്ടക്കഥ (2013) കേരളീയ കലകളോടും സംസ്‌കാരത്തോടുമുള്ള ഇതര ദേശക്കാരുടെ ആഭിമുഖ്യത്തെ അടയാളപ്പെടുത്തുന്നുണ്ട്. ഐറിന എന്ന ഫ്രഞ്ച് യുവതി ഉണ്ണിക്കു കീഴില്‍ കഥകളി പരിശിലിക്കാനെത്തുന്നതാണ് ആട്ടക്കഥ പ്രമേയമാക്കുന്നത്.

ഫാറൂക്ക് അബ്ദുറഹ്‌മാന്റെ കളിയച്ഛന്‍ (2015) പി.കുഞ്ഞിരാമന്‍ നായരുടെ കളിയച്ഛന്‍ എന്ന ശ്രദ്ധേയകാവ്യത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ്. കളിവിളക്കിനു മുമ്പിലെ കേമപ്പെട്ട കഥകളി വേഷക്കാരനില്‍ നിന്ന് ആരുമല്ലാതെയാകുന്ന കുഞ്ഞിരാമന്റെ ദുരന്തപൂര്‍ണമായ ജീവിതത്തെ കളിയച്ഛന്‍ അടയാളപ്പെടുത്തുന്നു. മനയ്ക്കലെ കഥകളിയോഗത്തിലെ രാവുണ്ണി ആശാനാണ് കുഞ്ഞിരാമനെ കഥകളി പരിശീലിപ്പിക്കുന്നത്. കളിയോഗത്തിലെ ഏറ്റവും മികച്ച വേഷക്കാരനാകാനുള്ള ശിക്ഷണം ലഭിക്കുന്ന കുഞ്ഞിരാമന് നാട്ടുകാരുടെ പ്രിയപ്പെട്ട വേഷക്കാരനാകാനും സാധിക്കുന്നുണ്ട്. കുഞ്ഞിരാമന്‍ നായര്‍ കളിയച്ഛനില്‍ പറയുന്നതുപോലെ ജാതകത്തിന്റെ കേമത്തം കുഞ്ഞിരാമനെ അഹങ്കാരിയും മദ്യപാനിയും ആശാനോടു പോലും അനുസരണയില്ലാത്തവനുമാക്കുന്നു. കേമപ്പെട്ട കലാകാരനില്‍നിന്ന് സ്വയം വരിക്കുന്ന ദാരിദ്ര്യത്തിലേക്ക് അയാള്‍ എത്തിച്ചേരുന്നു. ആശാനോട് കലഹിച്ച് കളിയോഗം വിട്ടുപോകാന്‍ കൂടി തയ്യാറാകുന്നുണ്ട് കുഞ്ഞിരാമന്‍. ഇതോടെ നാടാലും നാട്ടാരാലും പ്രിയപ്പെട്ടവളാലും ഉപേക്ഷിക്കപ്പെട്ടവനാകുന്നു അയാള്‍. കളിയോഗത്തിലേക്ക് തിരിച്ചെത്തി പ്രധാന വേഷങ്ങള്‍ കെട്ടിയാടി പെരുമ തിരിച്ചുപിടിക്കുന്നുണ്ടെങ്കിലും തെറ്റുകളിലേക്കു തന്നെ പോകാനായിരുന്നു കുഞ്ഞിരാമന്റെ ജീവിതനിയോഗം. കളിയരങ്ങില്‍ പിഴയ്ക്കുകയും കിരീടം ചെരിഞ്ഞുവീഴുകയും ചെയ്യുന്നതോടെ മഹാനടന്റെ പതനം അനിവാര്യമായ പരിസമാപ്തിയിലേക്ക് നീങ്ങുന്നു. ആശാന്റെ മരണത്തോടെ 'ഇക്കളിയച്ചനോടൊത്തിനി കളിക്കാനാവില്ല'എന്ന നഷ്ടബോധം പേറിയലയുന്ന കുഞ്ഞിരാമനിലേക്ക് അരങ്ങില്‍ താന്‍ കെട്ടിയാടിയ വേഷങ്ങളുടെ നിഴല്‍രൂപങ്ങളോരോന്നായി കടന്നുവന്ന് തിക്കുമുട്ടിക്കുന്നു. കഥകളിപ്പദ ശൈലിയിലുള്ള സംഗീതം പാട്ടുകളില്‍ പ്രയോജനപ്പെടുത്തിയ കളിയച്ഛനില്‍ പി.കുഞ്ഞിരാമന്‍ നായരുടെ കഥകളിപ്പദങ്ങളും ഉപയോഗിച്ചു.

വാസുദേവ ചാക്യാര്‍ (നെടുമുടി വേണു) എന്ന കലാകാരന്റെ ജീവിതത്തിലൂടെ ശശി പറവൂരിന്റെ നോട്ടം (2006) കൂടിയാട്ടത്തെയാണ് വെള്ളിത്തിരയില്‍ ആവിഷ്‌കരിക്കുന്നത്. വാസുദേവ ചാക്യാരുടെ കൂടിയാട്ടം വീഡിയോ ചിത്രീകരിക്കുന്നതിലൂടെയാണ് അദ്ദേഹത്തിന് ഇന്ത്യയിലും വിദേശത്തുമായി കൂടിയാട്ടം അവതരിപ്പിക്കാനുള്ള നിരവധി വേദികള്‍ ലഭിക്കുന്നത്. നാടിന്റെ അഭിമാനസ്തംഭങ്ങളായ കലകള്‍ക്കും മഹാന്മാരായ കലാകാരന്മാര്‍ക്കും വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോകുന്ന സാഹചര്യങ്ങളെ ഈ സിനിമ ഓര്‍മ്മിക്കുന്നുണ്ട്. കെ.ബി.മധുവിന്റെ ദീപസ്തംഭം മഹാശ്ചര്യം (1999), വി.സി. അഭിലാഷിന്റെ ആളൊരുക്കം (2018) തുടങ്ങിയ സിനിമകളില്‍ തുള്ളല്‍ കലാകാരന്മാരുടെ വേഷത്തിലാണ് പ്രധാന കഥാപാത്രങ്ങള്‍.

സ്ത്രീകള്‍ മാത്രം കെട്ടുന്ന ദേവക്കൂത്ത് എന്ന തെയ്യത്തിന്റെ പശ്ചാത്തലത്തിലാണ് മനോജ് കാന ചായില്യം (2014) ഒരുക്കിയിരിക്കുന്നത്. സ്വേച്ഛയാലല്ലാതെ ദൈവക്കോലം കെട്ടേണ്ടിവരികയാണ് ഗൗരിക്ക്. അവള്‍ക്ക് ദൈവവിളി കിട്ടിയെന്ന് നാടും വീടും വിധിക്കുമ്പോള്‍ നിജസ്ഥിതി അതല്ലാതിരുന്നിട്ടും അതിനു പിന്നാലെ പോകേണ്ടിവരികയാണ്. കുടുംബജീവിതത്തിലേക്ക് കടക്കുമ്പോള്‍ കലോപാസനയില്‍ പെണ്ണിന് സമൂഹം നിശ്ചയിച്ചിട്ടുള്ള അതിരുകളും നിയന്ത്രണങ്ങളും സത്യന്‍ അന്തിക്കാടിന്റെ കൊച്ചുകൊച്ചു സന്തോഷങ്ങളിലും കടന്നുവരുന്നു. നൃത്തോപാസകയായ നായികയുടെ വ്യക്തിത്വം നൃത്തത്തിലൂടെയാണ് പൂര്‍ണത പ്രാപിക്കുന്നത്. എന്നാല്‍ ദാമ്പത്യജീവിതം അവളെ വീടിനുള്ളില്‍ ഒതുക്കുന്നു. ആണുങ്ങള്‍ക്ക് കലോപാസനയില്‍ കൂടുതല്‍ സ്വാതന്ത്ര്യങ്ങളും തെരഞ്ഞെടുപ്പുകളുമുണ്ട്. ഇത് പലപ്പോഴും സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. അവളുടെ തെരഞ്ഞെടുപ്പുകള്‍ക്കും പ്രസക്തിയുണ്ടെന്ന് ഈ സിനിമ ഓര്‍മ്മിപ്പിക്കുന്നു.

Content Highlights: kamaladalam, vanaprastham, kaliyattam.. malayalam movies which explore the art forms of Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented