ജിഗ്നേഷ് മേവാനി, നരേന്ദ്ര മോദി
അപരേഷ് ചക്രവർത്തിയുടെ ചരിത്രപരമായ ഇടപെടലിനെക്കുറിച്ചാണ് ഈ കുറിപ്പ്. അസം സംസ്ഥാനത്തെ ബാർപെട്ടയിലെ ജില്ലാ സെഷൻസ് ജഡ്ജ് ആണ് അപരേഷ് ചക്രവർത്തി. ഇന്നലെ (ഏപ്രിൽ 29 വെള്ളി) ഈ മനുഷ്യൻ ഇന്ത്യൻ ജനാധിപത്യത്തിനു നൽകിയ സേവനം സ്വതന്ത്ര ഇന്ത്യ നിലനിൽക്കുന്നിടത്തോളം സ്മരിക്കപ്പെടും.ഗുജറാത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന രാഷ്ട്രീയ നേതാവും ദളിത് എം.എൽ.എയുമായ ജിഗ്‌നേഷ് മേവാനിക്ക് ജാമ്യം നൽകിക്കൊണ്ടുള്ള നടപടിയാണ് അപരേഷ് ചക്രവർത്തിയെ ജനാധിപത്യ ലോകത്തിനു പ്രിയങ്കരനും ആദരണീയനുമാക്കിയിരിക്കുന്നത്. മേവാനിക്കെതിരെ അസം പോലിസ് ഉയർത്തിയ നുണകളുടെ കോട്ടകൾ തച്ചുതകർത്തുകൊണ്ട് ഒരു ജില്ലാ ജഡ്ജി, ന്യായത്തിന്റെയും നീതിയുടെയും പതാക ഉയർത്തിപ്പിടിക്കുമ്പോൾ ജനാധിപത്യത്തിന്റെ പ്രസന്നവും പ്രകാശഭരിതവുമായ ഭൂമികയാണു നമുക്കു മുന്നിൽ തുറക്കപ്പെടുന്നത്.
ഇന്ത്യ ഒരു പോലിസ് രാജ് ആവുകയാണ് എന്ന ആരോപണത്തിന് കാറ്റും കോളും പകർന്ന സംഭവമായിരുന്നു മേവാനിയുടെ അറസ്റ്റ്. ഇക്കഴിഞ്ഞ ഏപ്രിൽ 20-നു ബുധനാഴ്ച ഗുജറാത്തിലെ പലൻപുരിൽനിന്നു രാത്രി 11.30-നാണ് മേവാനിയെ അസം പോലിസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമർശിച്ചുകൊണ്ട് മേവാനി നടത്തിയ ഒരു ട്വീറ്റായിരുന്നു പ്രകോപനം.
മഹാത്മ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ ദൈവത്തെപ്പോലെ കാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ വർഗ്ഗീയ സംഘർഷങ്ങൾക്കെതിരെ സമാധാനത്തിനും ഐക്യത്തിനുമായി ആഹ്വാനം ചെയ്യണം എന്നായിരുന്നു മെവാനിയുടെ ട്വീറ്റ് എന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. ഈ ട്വീറ്റിനെതിരെ അസമിൽ പരാതിയുണ്ടായി.
ലോകത്തെവിടെയും പ്രധാനമന്ത്രിയുടെ സൽപേരിന് ഒരു കളങ്കവുമുണ്ടാവരുതെന്ന് ഉറച്ച് വിശ്വസിക്കുന്ന ഹിമന്ത് ബിശ്വ ശർമ്മ മുഖ്യമന്ത്രിയായ അസമിലെ പോലിസിന് ഇങ്ങനെയൊരു പരാതി കിട്ടിയാൽ അടങ്ങിയിരിക്കാനാവില്ല. പകലെന്നോ രാത്രിയെന്നോ നോക്കാതെ അസം പോലിസ് നേരെ ഗുജറാത്തിലേക്ക് വിട്ടു. അവിടെ ചെന്ന് മേവാനിയെ പിടിച്ചപിടിയാലെ അസമിലേക്ക് കൊണ്ടുവന്നു. ഇതാണ് പോലീസ്...! ഈ പോലീസിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ വർത്തമാനവും ഭാവിയുമുണ്ട്.
ഏപ്രിൽ 21-ന് അസമിലെ കൊക്രജാറിലെ മജിസ്ട്രേറ്റിന് മുമ്പിൽ മേവാനിയെ പോലിസ് ഹാജരാക്കി. ജുഡീഷ്യൽ മജിസ്ട്രേറ്റ് അടക്കമുള്ള സബോർഡിനേറ്റ് ജുഡീഷ്യറിക്ക് പൗരസമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലുള്ള നിസ്തുലമായ പങ്കിനെക്കുറിച്ച് സുപ്രീം കോടതി പലവട്ടം ഓർമ്മിപ്പിച്ചിട്ടുണ്ട്. പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുവരുന്ന പ്രതികൾക്കെതിരെയുള്ള പരാതി വിശദമായി പരിശോധിക്കണമെന്നും ഒരു നിവൃത്തിയുമില്ലെങ്കിൽ മാത്രമേ ജയിലിലേക്ക് വിടാവൂ എന്ന അടിസ്ഥാനപരമായ നീതിബോധക്കെത്തുറിച്ചുളള മുന്നറിയിപ്പും കരുതലുമാണത്.
''Bail is rule, jail is exception'' എന്നാണ് നീതിന്യായ വ്യവസ്ഥയുടെ മുദ്രാവാക്യം. ഈ കരുതൽ, നമ്മുടെ കീഴ്ത്തട്ടിലെ ജുഡീഷ്യറിയിൽ പലപ്പോഴുമുണ്ടാവില്ല. ഭരണകൂടത്തിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി അവർ ആവശ്യപ്പെടുന്ന കാര്യങ്ങൾ നിറവേറ്റി കൊടുക്കുന്ന പാവകളുടെ അവസ്ഥയിലാണ് സബോർഡിനേറ്റ് ജുഡീഷ്യറിയെന്ന വിമർശം ദുഷ്യന്ത് ദവെയെപ്പോലുള്ള പ്രഗത്ഭ നിയമജ്ഞർ ഉയർത്തുന്നത് ഈ പരിസരത്തിലാണ്. പതിവുപോലെ കൊക്രജാർ മജിസ്ട്രേറ്റ് ഈ കേസിലും പ്രതിയെ പോലിസ് കസ്റ്റഡിയിൽ വിട്ടു.
പോലിസിന്റെ നുണകൾ
മൂന്ന് ദിവസം കഴിഞ്ഞ് കർശനമായ ഉപാധികളോടെ കൊക്രജാർ കോടതി മേവാനിയെ ജാമ്യത്തിൽ വിട്ടു. പക്ഷേ, മിനിറ്റുകൾക്കുള്ളിൽ അസം പോലിസ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തു. ഗുവാഹതി വിമാനത്താവളത്തിൽനിന്നു കൊക്രജാറിലേക്ക് വരുമ്പോൾ പോലിസ് ജീപ്പിനുള്ളിൽവെച്ച് ഒരു വനിത പോലിസ് സബ് ഇൻസ്പെക്ടറെ മേവാനി കൈയ്യേറ്റം ചെയ്തെന്നും അവരെ അസഭ്യം പറഞ്ഞെന്നുമായിരുന്നു പുതിയ കേസ്. ഈ കേസിലാണ് ബാർപെട്ട പോലിസ് മെവാനിയെ ജില്ലാ ജഡ്ജി അപരേഷ് ചക്രവർത്തിയുടെ മുന്നിൽ ഹാജരാക്കിയത്.
പക്ഷേ, ഇവിടെ പോലീസിനു പിഴച്ചു. അപരേഷ് ചക്രവർത്തി ഒരു പാവയായിരുന്നില്ല. അദ്ദേഹം യാന്ത്രികമായല്ല ഈ കേസ് കൈകാര്യം ചെയ്തത്. പോലീസിന്റെ എഫ്.ഐ.ആറും സാഹചര്യത്തെളിവുകളും ചക്രവർത്തി വിശദമായി പരിശോധിച്ചു. അതോടെ പോലീസ് കെട്ടിയയുയർത്തിയ നുണയുടെ കോട്ട ചീട്ടുകൊട്ടാരം പോലെ തകർന്നു.
ചക്രവർത്തിയുടെ നിരീക്ഷണങ്ങൾ നമ്മൾ കാണാതെ പോവരുത്: ''രണ്ട് പുരുഷ പോലിസ് ഓഫീസർമാരുടെ സാന്നിദ്ധ്യത്തിൽ, ഓടുന്ന വണ്ടിയിൽ ഒരു വനിത പോലിസ് ഓഫീസറെ ആക്രമിക്കാൻ സ്ഥിരബുദ്ധിയുള്ള ഒരാളും ശ്രമിക്കില്ല. ശ്രീ ജിഗ്‌നേഷ് മേവാനി അങ്ങിനെ സ്ഥിരബുദ്ധിയില്ലാത്ത ഒരാളാണെന്നുള്ളതിന് ഒരു രേഖയുമില്ല.''
.jpg?$p=ccadcfb&&q=0.8)
ജഡ്ജിയുടെ നർമ്മബോധം പ്രശംസിക്കാതെ വയ്യ. എത്ര ഗംഭീരമായാണ് പോലീസിന്റെ പ്രതിരോധം ജഡ്ജി ചക്രവർത്തി പൊളിക്കുന്നതെന്ന് നോക്കുക. പരിഹാസം എന്ന് പറഞ്ഞാൽ ഇതാണ്. വനിത ഓഫീസർ മജിസ്ട്രേറ്റിന് നൽകിയ മൊഴിയും എഫ്.ഐ.ആറിൽ പറയുന്ന കാര്യങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. മേവാനി ഗുജറാത്തിയിൽ അസഭ്യം പറഞ്ഞതായാണ് വനിത ഓഫീസറുടെ പരാതിയെന്ന് ജഡ്ജി ഓർമ്മിപ്പിച്ചു. വനിത ഓഫിസർക്ക് ഗുജറാത്തി അറിയില്ലെന്നും പിന്നെ എങ്ങിനെയൊണ് മേവാനി അസഭ്യം പറഞ്ഞതായി അവർ മനസ്സിലാക്കിയതെന്നും ജ്ഡജി ചോദിച്ചപ്പോൾ പോലീസിന് മറുപടി ഉണ്ടായില്ല.
ഇതൊരു കെട്ടിച്ചമച്ച കേസാണെന്ന് പോലീസിന്റെ മുഖത്ത് നോക്കിയാണ് ചക്രവർത്തി പറഞ്ഞത്. മേവാനിയെ ദീർഘകാലം ജയിലിൽ അടയ്ക്കണമെന്ന ഉദ്ദേശ്യത്തോടെ മാത്രം രജിസ്റ്റർ ചെയ്യ്തിട്ടുള്ള എഫ്.ഐ.ആറാണിതെന്നും അത് താൻ കണക്കിലെടുക്കുന്നില്ലെന്നും വ്യക്തമാക്കി ആയിരം രൂപയുടെ ജാമ്യത്തിനാണ് മേവാനിയെ ജഡ്ജി അപരേഷ് ചക്രവർത്തി സ്വതന്ത്രനാക്കിയത്. മാത്രമല്ല, ഈ വിഷയം ഒരു പൊതുതാൽപര്യ ഹർജിയായി കണക്കാക്കി അസമിൽ നടക്കുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളും മറ്റ് പോലീസ് അതിക്രമങ്ങളും അന്വേഷിക്കാനാവുമോ എന്ന് പരിഗണിക്കാൻ ഗുവാഹത്തി ഹൈക്കോടതിയോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.
.jpg?$p=aac213e&&q=0.8)
കോൺഗ്രസിന്റെ വീഴ്ചകൾ
ഒരു എം.എൽ.എയോട്, അതും ഗുജറാത്തിൽ മാത്രമല്ല ഇന്ത്യയിൽതന്നെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന്റെ നേതാവ് കൂടിയായ ഒരു എം.എൽ.എയോടാണ് പോലീസ് ഈ അതിക്രമം നടത്തിയതെന്ന് ഓർക്കുക തന്നെ വേണം. ഒരു പാട് പ്രിവിലേജുകൾ ഉള്ള വ്യക്തിയാണ് എം.എൽ.എ. അങ്ങിനെയുള്ള എം.എൽ.എ. പോലും പോലിസ് രാജിന്റെ അതിക്രമങ്ങൾക്ക് ഇരയാവുമ്പോൾ ഈ രാജ്യത്തെ സാധാരണ മനുഷ്യർക്ക് എവിടെയാണ് നീതി കിട്ടുക എന്ന ചോദ്യം തീർച്ചയായും പ്രസക്തമാണ്. ഈ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് വെള്ളിയാഴ്ച അപരേഷ് ചക്രവർത്തി നൽകിയത്.
മേവാനിയെ പോലിസ് അസമിൽ ജയിലിൽനിന്ന് കോടതിയിലേക്കും കോടതിയിൽനിന്ന് ജയിലിലേക്കും കൊണ്ടുപോകുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിലുണ്ടായിരുന്നു. അസമിലെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനുള്ള വരവായിരുന്നു മോദിയുടേത്. ഒരു ചടങ്ങിൽ മോദിക്കൊപ്പം ഇന്ത്യൻ വ്യവസായ ലോകത്തെ കുലപതി രത്തൻ ടാറ്റയുമുണ്ടായിരുന്നു.ഗുജറാത്തിൽനിന്ന് അസമിലേക്ക് അനീതിയുടെ ഒരു വലിയ വാഹനം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് രാജ്യമെമ്പാടും വാർത്തയായെങ്കിലും ഒരു പ്രതികരണവും ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായില്ല.
വികസനം എന്ന് പറഞ്ഞാൽ റോഡും പാലവും വ്യവസായ സ്ഥാപനങ്ങളും മാത്രമല്ലെന്നും മനുഷ്യമനസ്സിന്റെ വികാസം കൂടിയാണെന്നും മോദിക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഒരു ട്വീറ്റിൽ തകർന്നു പോവുന്നതല്ല ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനവും അധികാരവും. മേവാനി നടത്തിയതു പോലുള്ള ട്വീറ്റുകളോട് പ്രതികരിക്കേണ്ടത് ജനാധിപത്യത്തിന്റെ വഴിയിലൂടെയാണെന്നും അല്ലാതെ പോലിസ് രാജിലൂടെയല്ലെന്നും തിരിച്ചറിയാൻ എട്ട് വർഷം മുമ്പ് പാർലമെന്റിലേക്ക് ആദ്യമായി വന്നപ്പോൾ ആ പടിക്കെട്ടുകളിൽ നമസ്‌കരിക്കുന്ന ചിത്രം പ്രധാനമന്ത്രി മോദി ഇടയ്ക്കൊന്ന് കാണുന്നത് നന്നായിരിക്കും.
രാജ്യം ഇത്രയും കടുത്ത അനീതിക്ക് സാക്ഷ്യം വഹിക്കുമ്പോൾ രത്തൻ ടാറ്റയെപ്പോലൊരു വ്യവസായ മേധാവി നിശ്ശബ്ദത പാലിക്കുന്നതും തീരെ ആശാസ്യമല്ലെന്ന് പറയുക തന്നെ വേണം. രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ മേവാനിയുടെ അറസ്റ്റിനെതിരെ കൂറക്കെൂടി ശക്തമായി പ്രതികരിക്കാൻ കോൺഗ്രസിന് കഴിയണമായിരുന്നു. അസമിലും ഗുജറാത്തിലും കോൺഗ്രസ് പ്രതിഷേധ പ്രകടനങ്ങൾ നടത്തി എന്നത് ശരിയാണ്.
.jpg?$p=4225eef&&q=0.8)
പക്ഷേ, ഇത്തരമൊരു നീതി നിഷേധത്തിനെതിരെ രാജ്യത്തെ മുഴുവൻ അണിനിരത്താൻ കോൺഗ്രസിനു കഴിയണമായിരുന്നു. ഇതാണ് കോൺഗ്രസിന് ഈ ഘട്ടത്തിൽ വേണ്ടത് പൊരുതാൻ കഴിവുള്ള ഒരു നേതാവിനെയാണെന്ന് പറയുന്നത്. കർണ്ണാടകയിൽ അഴിമതിക്കാരനായ മന്ത്രി ഈശ്വരപ്പയ്ക്ക് രാജി വെയ്ക്കേണ്ടി വന്നതോർക്കുക. ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും അടങ്ങിയ നേതൃത്വത്തിന്റെ പോരാട്ടമാണ് ആ രാജിക്ക് വഴിയൊരുക്കിയത്. എന്നാണ് കോൺഗ്രസിന് അഖിലേന്ത്യ തലത്തിൽ ഇത്തരമൊരു നേതൃത്വമുണ്ടാവുക എന്നറിയില്ല.
ഒരു രാത്രിയിലെ മഴയ്ക്ക് പൊട്ടി മുളച്ച തകരയല്ല ഇന്ത്യൻ ജനാധിപത്യം. മരണത്തേക്കാൾ ഭീകരമാണ് പാരതന്ത്ര്യം എന്ന വചനം നെഞ്ചിലേറ്റുന്ന മനുഷ്യർ ചോരയും ജീവനും കൊടുത്ത് വളർത്തിയെടുത്തതാണത്. അതിനെ അങ്ങിനെയങ്ങ് ഇല്ലാതാക്കാൻ കഴിയില്ലെന്നാണ് ബാർപെട്ട ജഡ്ജി അപരേഷ് ചക്രവർത്തി തെളിയിക്കുന്നത്. Three Cheers to the Barpeta district judge, three cheers to Indian democracy!
വഴിയിൽ കേട്ടത്: പെഗാസസ് ചാര സോഫ്റ്റ്വെയർ വാങ്ങിയിട്ടുണ്ടോയെന്ന് അറിയിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം. ഇതേ ചോദ്യം കേന്ദ്രത്തോട് ചോദിച്ചിട്ട് മറുപടിയൊന്നും കിട്ടാത്തതു കൊണ്ടാവാം സംസ്ഥാനങ്ങളുടെ കുത്തിന് പിടിക്കുന്നത്!
Content Highlights: Judge Aparesh Chakravarty narrating a story to Modi and BJP | Vazhipokkan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..