ജന ഗണ മനയും ജനങ്ങളുടെ ശബ്ദമാകുന്ന നായകന്മാരും | Show Reel


എന്‍.പി.മുരളീകൃഷ്ണന്‍യഥാര്‍ഥ സത്യം സമൂഹത്തില്‍ വെളിപ്പെടുന്നുണ്ടോയെന്നും നീതി നടപ്പാകുന്നുണ്ടോയെന്നും ഒരു വേള കോടതിക്കു പോലും സന്ദേഹത്തിന് ഇടനല്‍കുന്നുണ്ട് ഈ ചോദ്യങ്ങള്‍. നവമാധ്യമ കാലത്ത് നമ്മള്‍ ശരിയെന്ന് ചിന്തിച്ച് പിറകെ പോകുന്ന വിഷയങ്ങളിലെല്ലാം ഒരു മറുശരിക്ക് സാധ്യതയുണ്ടെന്നും ചിലപ്പോള്‍ നമ്മള്‍ പിന്തുണയ്ക്കുന്നത് ഒരു തെറ്റിനെയായിരിക്കാമെന്ന അതീവ ഗൗരവകരമായ ചിന്തയും ജനഗണമന പങ്കുവയ്ക്കുന്നുണ്ട്.

Show Reel

.

ടപ്പുവ്യവസ്ഥിതിയുടെ ദുഷിപ്പിനെതിരേ തുറന്നു പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സിനിമയിലെ കഥാപാത്രങ്ങള്‍ പറയുന്നതു കേട്ട് കോരിത്തരിക്കുകയും കൈയടിക്കുകയും ചെയ്യുന്നവരാണ് പ്രേക്ഷകര്‍. സാധാരണക്കാരായ മനുഷ്യര്‍ തുറന്നുപറയാന്‍ മടിക്കുകയും ഭയക്കുകയും ചെയ്യുന്ന വിഷയങ്ങളാണ് സിനിമയിലെ കഥാപാത്രങ്ങള്‍ ജനത്തെ പ്രതിനിധീകരിച്ച് പറയുന്നത്. അതോടെ തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാനും നീതിക്കു വേണ്ടി നിലകൊള്ളാനും ഒരാളുണ്ടെന്ന ധൈര്യം ജനത്തിന് അനുഭവപ്പെടും. ദുഷിച്ച വ്യവസ്ഥിതിക്കെതിരേ സിനിമയിലൂടെയങ്കിലും പ്രതികരണം സാധ്യമാകുന്നുവല്ലോ എന്ന താത്കാലിക ആശ്വാസത്തിലായിരിക്കും അവര്‍ തീയേറ്റര്‍ വിട്ടിറങ്ങുക.

മലയാളത്തിലെ മുഖ്യധാരാ ജനപ്രിയ സിനിമയില്‍ ടി.ദാമോദരനും രഞ്ജിപണിക്കരുമാണ് സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്കും രാഷ്ട്രീയ മുതലെടുപ്പിനുമെതിരേ സാധാരണക്കാരന്റെ പക്ഷം ചേര്‍ന്നു നിന്ന് തിരക്കഥ ആയുധമാക്കിയ പ്രധാനികള്‍. ഇവര്‍ സൃഷ്ടിക്കുന്ന നായകന്മാരിലൂടെയും സുപ്രധാന കഥാപാത്രങ്ങളിലൂടെയും തൊടുത്തുവിട്ട വാക്ശരങ്ങള്‍ക്ക് മൂര്‍ച്ചയേറെയായിരുന്നു. ഇത് ജനങ്ങളുടെ നെഞ്ചില്‍ തറയ്ക്കാനും അവരെ കോള്‍മയിര്‍ കൊള്ളിക്കാനും എന്നെങ്കിലും വ്യവസ്ഥിതിക്ക് ഒരു മാറ്റം വരുമെന്ന പ്രതീക്ഷ ഉളവാകാനും പോന്നതായിരുന്നു. അതുകൊണ്ടുതന്നെ വര്‍ഷങ്ങള്‍ക്കു ശേഷവും ആ കഥാപാത്രങ്ങളെയും അവര്‍ തൊടുത്തുവിട്ട വാക്‌ധോരണികളെയും പ്രേക്ഷകര്‍ ഉള്ളില്‍ കൊണ്ടുനടക്കുന്നു.

ലോകത്ത് ദുഷ്ടശക്തികള്‍ പെരുകുകയും ദുഷ്പ്രവൃത്തികള്‍ ആപത്കരമായ വളര്‍ച്ചയിലെത്തുകയും ചെയ്യുമ്പോഴാണ് പുരാണേതിഹാസങ്ങള്‍ അവതാരങ്ങള്‍ക്ക് പിറവി നല്‍കാറുള്ളത്. ദുഷ്ടനിഗ്രഹം പൂര്‍ത്തിയാക്കി ജനത്തിന്റെ സന്തോഷവും സമാധാനവും വീണ്ടെടുത്ത് അവതാരങ്ങള്‍ പിന്‍വാങ്ങുമ്പോള്‍ ഒരു നല്ല ലോകം പ്രാവര്‍ത്തികമാകുന്നു. കുറേക്കാലം കഴിയുമ്പോള്‍ ദുഷ് വൃത്തികള്‍ പെരുകി പിന്നെയും ജനത്തിന്റെ സമാധാനം നഷ്ടമാകുന്നു. ഈ വേള വീണ്ടും അവതാരങ്ങളുടെ പിറവിക്കുള്ള അവസരമാകുന്നു. ഇന്ത്യന്‍ വാണിജ്യസിനിമ അതതു കാലത്തെ താരമൂല്യമുള്ള നായക കഥാപാത്രങ്ങളെയാണ് പുരാണ മാതൃക അവലംബിച്ച് ദുഷ്ടനിഗ്രഹത്തിനായുള്ള അവതാരപ്പിറവികളായി ഉപയോഗപ്പെടുത്താറുള്ളത്. സിനിമയിലൂടെ ലോകത്തിന്റെ നടപ്പുരീതിക്കും കൊള്ളരുതായ്മയ്ക്കും കാതലായ മാറ്റമൊന്നും സംഭവിക്കാറില്ലെങ്കിലും സിനിമയിലെ നായകന്മാര്‍ അനീതിക്കെതിരേ പ്രതികരിക്കുകയും പ്രേക്ഷകന്‍ അതില്‍ സമാശ്വാസം കൊള്ളുകയും ചെയ്യുന്നത് തുടര്‍ന്നു കൊണ്ടേയിരിക്കും.

തൊള്ളായിരത്തി എഴുപതുകളില്‍ അമിതാഭ് ബച്ചന്റെ ക്ഷുഭിത യൗവ്വനത്തിലൂടെ ഇന്ത്യന്‍ വാണിജ്യ സിനിമ പ്രതികരണശേഷി തെളിയിച്ചെങ്കിലും എണ്‍പതുകളിലും തൊണ്ണൂറുകളിലുമാണ് മലയാളത്തില്‍ ഇത്തരം നായകപ്പിറവികള്‍ ഏറെയുണ്ടായത്. രാഷ്ട്രീയത്തിലെയും സമൂഹത്തിലെയും നെറികേടുകള്‍ക്കെതിരേ നായക കഥാപാത്രങ്ങളെക്കൊണ്ട് ദൈര്‍ഘ്യമേറിയ സംഭാഷണങ്ങളാല്‍ പ്രതികരിപ്പിക്കുന്ന പതിവിന് എണ്‍പതുകളിലാണ് തുടക്കമായത്. തൊണ്ണൂറുകളില്‍ ഇത് പ്രബലമായി. ജയനില്‍ തുടക്കമിടുകയും മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി എന്നീ നായകന്മാരിലൂടെ തുടര്‍ച്ച കണ്ടെത്തുകയും ചെയ്യുന്നതാണ് മലയാളത്തിന്റെ ഈ ശബ്ദഗരിമ. ടി.ദാമോദരനും പിന്നീട് രഞ്ജിപണിക്കരും ഈ നായകന്മാരെക്കൊണ്ട് തുടര്‍ച്ചയായി വ്യവസ്ഥിതിക്കെതിരായ പ്രതികരണം സാധ്യമാക്കി. ഈ മൂന്ന് നടന്മാരെ സൂപ്പര്‍താരങ്ങളാക്കി മാറ്റിയതില്‍ സാധാരണക്കാരുടെ ജിഹ്വയായി മാറുന്ന ഇത്തരം സംഭാഷണങ്ങളുടെ പങ്ക് ചെറുതല്ല. ഈ വിജയമാതൃക പിന്തുടര്‍ന്ന് സിനിമയിലെ മറ്റ് സഹകഥാപാത്രങ്ങളെയും നായികമാരെയും നെടുനീളന്‍ സംഭാഷണങ്ങള്‍ പറയുന്നവരായി അവതരിപ്പിച്ചിരുന്നതായി കാണാനാകും. സീമയെ പോലുള്ള നായികമാരുടെ കഥാപാത്രങ്ങള്‍ ഇങ്ങനെ നായക തുല്യമായ പ്രാധാന്യം നേടിയിരുന്നു.

ടി.ദാമോദരന്റെ അങ്ങാടി, ഈ നാട്, അഹിംസ, വാര്‍ത്ത, ആവനാഴി, 1921, അടിമകള്‍ ഉടമകള്‍, ആര്യന്‍, അര്‍ഹത, അദ്വൈതം, മഹാത്മ തുടങ്ങിയ സിനിമകളില്‍ നായക കഥാപാത്രങ്ങള്‍ സമൂഹത്തിലെ അനീതിക്കെതിരെ പോരടിക്കുന്നവരാണ്. പ്രായോഗിക രാഷ്ട്രീയരംഗത്തെ അടിയൊഴുക്കുകളും ഉളളറകളും ഇതിവൃത്തമാക്കിയ ചടുലമായ ചലച്ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു ഇദ്ദേഹം. വ്യക്തമായ ധാരണയോടെ രാഷ്ട്രീയവും സാമൂഹിക പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നവയായിരുന്നു ഈ സിനിമകള്‍.

ടി.ദാമോദരന്‍ രൂപപ്പെടുത്തിയ നായക കഥാപാത്രങ്ങളുടെ തുടര്‍ച്ചയായിരുന്നു രഞ്ജി പണിക്കര്‍ തൊണ്ണൂറുകളില്‍ അവതരിപ്പിച്ചത്. തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്‍, കമ്മീഷണര്‍, ദി കിംഗ്, ലേലം, പത്രം, പ്രജ, ഭരത്ചന്ദ്രന്‍ ഐപിഎസ് തുടങ്ങിയ സിനിമകളിലെ നായകന്മാര്‍ സാധാരണക്കാര്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അധികാര കേന്ദ്രങ്ങളോട് ചോദിച്ചവരാണ്. ഈ നായക കഥാപാത്രങ്ങളില്‍ പലരും ഉന്നത ഉദ്യോഗസ്ഥ പദവികളും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളും വഹിക്കുമ്പോഴും അധികാര കേന്ദ്രങ്ങളുടെ കൊള്ളരുതായ്മകള്‍ക്ക് വഴങ്ങാത്തതിനാല്‍ അപ്രീതി ഏറ്റുവാങ്ങേണ്ടി വരുന്നവരാണ്. ഈ നായകന്മാര്‍ എപ്പോഴും ജനപക്ഷത്ത് തുടരുന്നവരും ജനങ്ങള്‍ക്കു വേണ്ടി പ്രതികരിക്കുന്നവരുമായിരിക്കും. ഇങ്ങനെയുള്ള പോലീസ് ഓഫീസര്‍മാരെയും കളക്ടര്‍മാരേയും പത്രപ്രവര്‍ത്തകരേയും സമൂഹത്തില്‍ ആഗ്രഹിക്കുന്ന ജനം നായകസ്ഥാനത്ത് അവരെ അവരോധിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. കലാഭവന്‍ മണിയുടെ പോലീസ്, കളക്ടര്‍, എം.എല്‍.എ കഥാപാത്രങ്ങളും പൃഥ്വിരാജിന്റെ പോലീസ് വേഷങ്ങളുമാണ് മേല്‍പ്പറഞ്ഞ സൂപ്പര്‍താര നായക ബിംബങ്ങളുടെ തുടര്‍ച്ചയായി പിന്നീട് വരുന്നത്.

2000ന്റെ ആദ്യപാദം വരെ ഇത്തരം നായകസൃഷ്ടികളും ആഖ്യാന മാതൃകയും പ്രബലമായിരുന്നു. 2010 ല്‍ തുടങ്ങുന്ന പുതിയ ദശാബ്ദത്തില്‍ സിനിമയുടെ ആഖ്യാനത്തില്‍ സംഭവിച്ച ഘടനാപരമായ മാറ്റങ്ങളും പരീക്ഷണങ്ങളും ഡയലോഗ് ഓറിയന്റഡ് രീതിക്ക് കാര്യമായ വ്യതിയാനമുണ്ടാക്കാന്‍ പോന്നതായിരുന്നു. ബിഗ് ബി പോലുള്ള സിനിമയിലെ നായകനൊക്കെ കാര്യം മാത്രം പറയുന്നവരായി മാറുന്നത് ഈ കാലത്താണ്. ഇതിനു ശേഷമിറങ്ങിയ മിക്ക ആക്ഷന്‍ പാക്ക്ഡ്, സോഷ്യോ പൊളിറ്റിക്കല്‍ ഡ്രാമകളും പറച്ചിലിനേക്കാള്‍ പ്രവൃത്തിക്കാണ് പ്രാധാന്യം നല്‍കുന്നത്. കുറിക്കുകൊള്ളുന്ന ഒറ്റവാചകങ്ങളും കൗണ്ടറുകളും ഈ കാലത്തെ തിരക്കഥകളുടെ പ്രതിനിധാനങ്ങളായി.

ഏറെക്കാലത്തിനു ശേഷം വ്യവസ്ഥിതിക്കെതിരെ സംഭാഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള എഴുത്തും അവതരണവും സാധ്യമാകുന്നത് ഡിജോ ജോസ് ആന്റണിയുടെ ജനഗണമന എന്ന ചിത്രത്തിലാണ്. ഷാരിസ് മുഹമ്മദ് ആണ് ജനഗണമനയ്ക്ക് സംഭാഷണമെഴുതിയിരിക്കുന്നത്. നോണ്‍ ലീനിയര്‍ അവതരണ രീതി പിന്തുടരുന്ന സിനിമ ചടുലമായ ആഖ്യാനം കൊണ്ട് കാണികളുടെ ഉദ്വേഗത്തെ മാനിക്കുമ്പോള്‍ തന്നെ പ്രധാന കഥാപാത്രത്തെക്കൊണ്ട് നടപ്പു രീതികള്‍ക്കെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ച് അധികാര കേന്ദ്രങ്ങളെ അസ്വസ്ഥമാക്കാനും മെനക്കെടുന്നു. സിനിമ ഘടനാപരമായി മാറിയാലും അതതു കാലത്ത് സമൂഹം പറയാന്‍ ആഗ്രഹിക്കുന്ന വിഷയങ്ങള്‍ തുറന്നു പറയുന്ന രീതിക്ക് എക്കാലവും പ്രസക്തിയുണ്ടെന്നും അത് ജനം ഏറ്റെടുക്കുമെന്നും ജനഗണമനയ്ക്ക് ലഭിക്കുന്ന സ്വീകാര്യത അടിവരയിടുന്നു. സിനിമയിലെ രണ്ട് നായക കഥാപാത്രങ്ങളിലൊരാളായ പൃഥ്വിരാജിന്റെ അരവിന്ദ് സ്വാമിനാഥനിലൂടെയാണ് കാലികപ്രസക്തമായ വിഷയങ്ങള്‍ ജനഗണമന സംസാരിക്കുന്നത്. സിനിമയിലെ രണ്ടാം പകുതിയിലെ കോര്‍ട്ട് ഡ്രാമ സീക്വന്‍സുകള്‍ ഇതിന് പശ്ചാത്തലമൊരുക്കുന്നു.

ജനം എന്തു വിശ്വസിക്കണമെന്നും എന്തിനൊപ്പം നില്‍ക്കണമെന്നും തീരുമാനിക്കുന്നത് അധികാര കേന്ദ്രങ്ങളും മാധ്യമങ്ങളുമാണെന്ന് ജനഗണമന പറഞ്ഞുവയ്ക്കുന്നു. സോഷ്യല്‍ മീഡിയയുടെ വലിയ തോതിലുള്ള ഇടപെടലുള്ള ഒരു കാലത്ത് സത്യത്തിനും അസത്യത്തിനുമിടയിലുള്ള അതിര്‍വരമ്പ് തീരെ നേര്‍ത്തതാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന ഈ സിനിമ വ്യക്തിപൂജയിലേക്കും ഭക്തിയിലേക്കും മാറിയ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തെയും ചോദ്യംചെയ്യുന്നു. മതം, ജാതീയത, അന്ധവിശ്വാസം, വ്യക്ത്യധിഷ്ടിതമായ രാഷ്ട്രീയം, രാഷ്ട്രീയത്തിലെയും മാധ്യമ, വിദ്യാഭ്യാസ രംഗങ്ങളിലെയും മൂല്യച്യുതിയും കച്ചവടവത്കരണവും സാധാരണക്കാരനും അധികാര കേന്ദ്രങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന ഇരട്ടനീതി തുടങ്ങി ജനഗണമന ഓര്‍മപ്പെടുത്തുന്ന സമകാലിക പ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ അനേകമാണ്. ഇത്രയധികം സാമൂഹിക വിഷയങ്ങളിലേക്ക് കടന്നുചെല്ലുകയും അതിലെ നെല്ലും പതിരും വേര്‍തിരിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സമ്പന്നമായ ഒരു തിരക്കഥ അടുത്ത കാലത്ത് മലയാളത്തില്‍ സംഭവിച്ചിട്ടില്ല. ഈ വിഷയങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ജനത്തിന് ചിന്തയ്ക്കും പുനര്‍വിചിന്തനത്തിനും അവസരം ഒരുക്കുന്ന തരത്തിലാണ് ചിത്രത്തിലെ ദൈര്‍ഘ്യമേറിയ കോര്‍ട്ട് റൂം രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഈ രംഗങ്ങളിലെല്ലാം സിനിമ നായകനിലൂടെ ശക്തമായ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. യഥാര്‍ഥ സത്യം സമൂഹത്തില്‍ വെളിപ്പെടുന്നുണ്ടോയെന്നും നീതി നടപ്പാകുന്നുണ്ടോയെന്നും ഒരു വേള കോടതിക്കു പോലും സന്ദേഹത്തിന് ഇടനല്‍കുന്നുണ്ട് ഈ ചോദ്യങ്ങള്‍. നവമാധ്യമ കാലത്ത് നമ്മള്‍ ശരിയെന്ന് ചിന്തിച്ച് പിറകെ പോകുന്ന വിഷയങ്ങളിലെല്ലാം ഒരു മറുശരിക്ക് സാധ്യതയുണ്ടെന്നും ചിലപ്പോള്‍ നമ്മള്‍ പിന്തുണയ്ക്കുന്നത് ഒരു തെറ്റിനെയായിരിക്കാമെന്ന അതീവ ഗൗരവകരമായ ചിന്തയും ജനഗണമന പങ്കുവയ്ക്കുന്നുണ്ട്.

Content Highlights: Jana gana mana movie N P Muraleekrishnan Column Show Reel

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented