വൃന്ദ കാരാട്ട് | Photo-ANI
ജഹാംഗീര്‍പുരിയിലെ ബുള്‍ഡോസര്‍ രാഷ്ട്രീയം ഇന്ത്യന്‍ ഫാസിസ്റ്റ് അധിനിവേശ രാഷ്ട്രീയത്തിന്റെ പുതിയ അധ്യായമായി കണക്കാക്കാവുന്നതാണ്. 2024ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോഴേക്കും ഇതുപോലുളള നൂറുകണക്കിന് സംഘര്‍ഷങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഇനി നടക്കാനിരിക്കുന്നതേയുളളൂ. ഇത് യുപിയില്‍ അധികാരത്തില്‍ വരുന്നതിന് തൊട്ടുമുന്‍പ്, യോഗി അധികാരത്തില്‍ വരുന്നതിന് തൊട്ടുമുന്‍പ് 'വിജയകരമായി' അമിത് ഷാ നടത്തിയ ഒരു പ്രധാന രാഷ്ട്രീയ കര്‍മ പദ്ധതിയായിരുന്നു.
തൊണ്ണൂറുകളില്‍ വലിയ വര്‍ഗീയ കലാപങ്ങള്‍ നടന്നപ്പോള്‍ വലിയ രാഷ്ട്രീയ ധ്രുവീകരണം ഉണ്ടായി. അത് വലിയ വാര്‍ത്തയായി. അന്താരാഷ്ട്ര തലത്തില്‍ അത് നാണക്കേടുണ്ടാക്കി. കേസുകളില്‍ പ്രതിയായവരും മരണമടഞ്ഞവരും അടക്കം ഒരുപാട് ഇരകളും അത്തരം വര്‍ഗീയ കലാപങ്ങള്‍ക്ക് ഉണ്ടാകാറുണ്ട്. അതിന്റെ ലക്ഷ്യം വര്‍ഗീയ ധ്രുവീകരണമാണെങ്കിലും അതേ വര്‍ഗീയ ധ്രുവീകരണം എങ്ങനെ എളുപ്പത്തില്‍ നടത്തിയെടുക്കാം എന്നതായിരുന്നു അമിത് ഷായുടെ തന്ത്രങ്ങളില്‍ ഏറ്റവും പ്രധാനം.
ചെറിയ ചെറിയ സംഘര്‍ഷങ്ങള്‍ ധാരാളമായി സൃഷ്ടിക്കുക. ഓരോ സംഘര്‍ഷങ്ങള്‍ക്കും ഓരോ ചെറിയ കാരണമുണ്ടാകും. ഉദാഹരണത്തിന് ഒരു പട്ടണത്തില്‍ ചായ വില്‍ക്കുന്ന ഒരു തെരുവ് കച്ചവടക്കാരന്‍ മറ്റൊരു മതത്തില്‍ പെട്ടയാള്‍ നടത്തുന്ന ഹോട്ടലിന്റെ മുന്നില്‍ നിന്ന് ബലം പ്രയോഗിച്ച് ആട്ടിയോടിക്കപ്പെടുന്നു. അവിടെ ചര്‍ച്ച ഇങ്ങനെയായിരിക്കും വികസിക്കുക. 'ഇവര്‍ കുഴപ്പക്കാരാണ് ഇവരില്‍ പലരും അപകടകാരികളാണ് എന്നു മാത്രമല്ല, ഇവര്‍ തിരഞ്ഞുപിടിച്ച് നമ്മുടെ മതക്കാര്‍ നടത്തുന്ന ഹോട്ടലുകള്‍ക്ക് മുമ്പില്‍ ചായക്കച്ചവടം ചെയ്ത് അവിടത്തെ കച്ചവടം മുടക്കുകയാണ്. അതുകൊണ്ട് ഇയാളെ ഓടിച്ചതില്‍ തെറ്റില്ല.' അവിടെ തുടങ്ങുന്ന ചെറിയ സംഘര്‍ഷം വലുതാവുകയും അടിപിടിയായി വളരുകയും അത് പോലീസ് സ്റ്റേഷനില്‍ കേസാവുകയും ചെയ്യുന്നു. ആ ഹോട്ടലും ചായവില്പനയും നടക്കുന്ന ജംഗ്ഷനില്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ ആര്‍ക്കിടെക്ടുകള്‍ ആഗ്രഹിച്ച തരത്തിലുളള ഒരു മൈക്രോധ്രുവീകരണം നടക്കുകയായി.
അവിടെ പോലീസ് കേസെടുത്തതും ജാമ്യം കൊടുത്തതും കൊടുക്കാതിരുന്നതും അവരെ മര്‍ദിച്ചതും അതില്‍ ഒരു സ്ത്രീയെ അപമാനിച്ചതും എല്ലാം വര്‍ഗീയ ധ്രുവീകരണത്തിന്റെ ചേരുവകളായി മാറുകയാണ്. മറ്റൊരു സ്ഥലത്ത് അനധികൃതമായി റോഡിലേക്ക് ഇറക്കിവെച്ച ഒരു സ്റ്റേഷനറി കടക്കാരന്റെ അനധികൃതമായ ഇറക്കിവെക്കല്‍ പൊളിക്കലായിരിക്കാം നടക്കുന്നത്. അതുപോലെ വേറെ പലരും ഇറക്കിവെച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ഈ തിരക്കഥയില്‍ പ്രസക്തിയില്ല. മറ്റൊരു സ്ഥലത്ത് ഒരു പെണ്‍കുട്ടി നടന്നുപോകുമ്പോള്‍ അവള്‍ ഏതു സമുദായവുമാകട്ടേ ഇതരസമുദായത്തില്‍ പെട്ട ഒരാള്‍ അപമാനിച്ചു എന്ന രീതിയിലാണ് കഥകള്‍ തുടങ്ങുക. കര്‍ണാടകത്തില്‍ ശിരോവസ്ത്രം വലിയ വിഷയമായത് ഈ വലിയ തിരക്കഥയുടെ ഒരു ചെറിയ ഭാഗമായി തന്നെയാണ് നാം ഇന്നു വായിച്ചെടുക്കേണ്ടത്.
ഇത്തരത്തില്‍ നൂറുകണക്കിന് ചെറിയ ചെറിയ പ്രശ്നങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുമ്പോള്‍ തങ്ങള്‍ക്ക് ജയിക്കണമെന്ന് ടാര്‍ഗെറ്റ് ചെയ്യുന്ന ഏതാണ്ട് നാനൂറ് ലോക്സഭാ മണ്ഡലങ്ങളില്‍ നൂറുകണക്കിന് കേസുകള്‍ ഉത്ഭവിക്കുന്നു. ഇവിടെ വര്‍ഗീയ ധ്രുവീകരണത്തിന്റെ ടെംപറേച്ചര്‍ എന്താണെന്ന് കണ്ടുപിടിക്കാനുളള പ്രത്യേക താപമാപിനികള്‍ ഈ വര്‍ഗീയ ആര്‍ക്കിടെക്ടുകളുടെ കൈയിലുണ്ട്. ഇങ്ങനെ സംഭവിക്കുന്ന മൈക്രോധ്രുവീകരണങ്ങള്‍ എല്ലാം ഒന്നിച്ച് കോര്‍ത്തെടുക്കുമ്പോള്‍ ഒരു പാര്‍ലമെന്റ് മണ്ഡലത്തിലും നിരവധി പാര്‍ലമെന്റ് മണ്ഡലങ്ങളിലും ജയിക്കുവാനുളള ധ്രുവീകരണ ചേരുവയായി എന്ന് അവര്‍ സമാധാനത്തോടുകൂടി ആത്മഗതം ചെയ്യുന്നു. ഇതിന്റെ വലിയ രൂപമാണ് അഞ്ചുലക്ഷത്തോളംപേര്‍ താമസിക്കുന്ന വടക്കന്‍ ഡല്‍ഹിയിലെ ജനസാന്ദ്രതയേറിയ ജഹാംഗീര്‍പുരിയില്‍ നടന്നത്.
ജഹാംഗീര്‍പുരിയുടെ ചരിത്രത്തിലേക്ക് ഒന്ന് എത്തിനോക്കുന്നത് നന്നായിരിക്കും. 1975-ല്‍ അടിയന്തരാവസ്ഥ കാലത്ത് ഡല്‍ഹിയെ 'സുന്ദരമാക്കുക' എന്ന ലക്ഷ്യത്തോടുകൂടി അന്ന് ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയത്തിന് പിന്തുണയേകാനായി കടന്നുവന്ന സഞ്ജയ് ഗാന്ധി നടത്തിയ അതിക്രമങ്ങളുടെ ഇരകളാണ് ജഹാംഗീര്‍പുരിയില്‍ താമസിക്കുന്നത്. വിഭജനത്തിന് എത്രയോ മുമ്പ്, നാല്‍പതുകളുടെ ആദ്യത്തില്‍ സംഭവിച്ച ബംഗാള്‍ ക്ഷാമത്തില്‍ എങ്ങനെയെങ്കിലും ബംഗാള്‍ വിട്ടോടി ഡല്‍ഹിയിലേക്ക് വന്ന ആളുകളാണ് ഡല്‍ഹിയുടെ കേന്ദ്രപ്രദേശങ്ങളില്‍ യമുനാനദിയുടെ തീരത്ത് കുടില്‍ കെട്ടി താമസിച്ചത്. അവരാണ് സഞ്ജയ് ഗാന്ധിയുടെ കണ്ണില്‍ വൃത്തികെട്ട ആളുകളായി ചിത്രീകരിക്കപ്പെട്ടതും അവരെയാണ് അന്ന് ബുള്‍ഡോസര്‍ പോലുളള മറ്റ് ഉപകരണങ്ങള്‍ ഉപയോഗിച്ച് ഒഴിപ്പിച്ചതും.
അടിയന്തരാവസ്ഥയില്‍ ചോദിക്കാനും പറയാനും ആളില്ലാത്ത ഘട്ടത്തില്‍ അവിടെ നിന്ന് ആട്ടിയോടിക്കപ്പെട്ട ആളുകളാണ് ചേരിപ്രദേശങ്ങളില്‍ താമസമാക്കിയിട്ടുളള പാവങ്ങള്‍. അവിടെ പന്ത്രണ്ട് ബ്ലോക്കുകളാണ് ഉളളത്. ആ പന്ത്രണ്ട് ബ്ലോക്കുകളില്‍ ഭൂരിഭാഗവും മുസ്ലീം മതവിശ്വാസികളാണെങ്കില്‍ കൂടിയും നല്ലൊരു ശതമാനം ഇതരമതവിശ്വാസികളുണ്ട് എന്നുമാത്രമല്ല അവരെല്ലാം തൊഴിലാളികളാണ്, കഷ്ടപ്പെടുന്നവരാണ്, പാവപ്പെട്ടവരാണ്. പക്ഷേ, സൗഹൃദത്തില്‍ കഴിയുന്നവരാണ്.
ഡല്‍ഹി പട്ടണത്തിന്റെ വടക്കന്‍ ഭാഗത്ത് ഇത്തരത്തില്‍ സൗഹൃദമായി കഴിയുന്ന ലക്ഷക്കണക്കിന് ആളുകളുടെ ഇടയിലേക്കാണ് കൃത്യമായ ലക്ഷ്യത്തോടുകൂടി ഒരു ശോഭായാത്ര സംഘടിപ്പിക്കപ്പെട്ടത്. ആ ശോഭായാത്രക്ക് നേരെ കല്ലേറുണ്ടായി എന്ന് പറയപ്പെടുന്നു. ആ കല്ലേറിന് നേതൃത്വം കൊടുത്തത് ആരാണ് എന്ന് അന്വേഷിക്കേണ്ടത് ഡല്‍ഹി പോലീസാണ്. പക്ഷേ ഡല്‍ഹി പോലീസ് പറയുന്നത് എങ്ങനെ വിശ്വസിക്കും എന്ന ചോദ്യം നമുക്ക് മുന്നിലുണ്ട്. കാരണം ഡല്‍ഹിയില്‍ ഹിന്ദുയുവവാഹിനി യോഗത്തില്‍ സുദര്‍ശന്‍ ടിവി എഡിറ്റര്‍ സുരേഷ് ചൗഹാന്‍ നടത്തിയ വിദ്വേഷ പ്രസംഗം, ഒരു മതവിഭാഗത്തെത്തന്നെ പ്രത്യേകതരത്തില്‍ കൈകാര്യം ചെയ്യണമെന്ന പ്രസംഗം, ഒരു വിദ്വേഷ പ്രസംഗമായിരുന്നില്ലെന്ന് സബ് ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം കൊടുത്ത അനുഭവമാണ് ഇന്ന് ഡല്‍ഹി പോലീസില്‍നിന്നുമുളളത്. ഡല്‍ഹി പോലീസിനോട് ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടത് 2022 മെയ് ഒമ്പതിന് മുമ്പ് മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുളള അന്വേഷണ റിപ്പോര്‍ട്ടുമായി സുപ്രീംകോടതിയില്‍ വരണമെന്നതാണ്.
.jpg?$p=dc97fec&&q=0.8)
അങ്ങനെ ഡല്‍ഹി പോലീസ് പൂര്‍ണമായും വര്‍ഗീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ആ ഡല്‍ഹി പോലീസാണ് ഈ പാവങ്ങള്‍ക്ക് സുരക്ഷ നല്‍കേണ്ടത്. വാസ്തവത്തില്‍ അവിടെ നടന്ന ഹനുമാന്‍ജയന്തിയോടനുബന്ധിച്ച് നടന്ന ശോഭായാത്രയ്ക്കും നിയമപരമായി സംരക്ഷണം കൊടുക്കേണ്ടിയിരുന്നത് ഡല്‍ഹി പോലീസ് ആയിരുന്നു. പോലീസിന്റെ കണ്ണുവെട്ടിച്ചുകൊണ്ട് ആരെങ്കിലും കല്ലെറിഞ്ഞിട്ടുണ്ടെങ്കില്‍ ആ കല്ലെറിഞ്ഞ അക്രമികളെ, ഒരുപക്ഷേ വര്‍ഗീയ കലാപമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ കല്ലെറിഞ്ഞ അക്രമികളെ കൈയാമം വെക്കേണ്ടതിന്റെ ഉത്തരവാദിത്തം പോലീസിനല്ലാതെ മറ്റാര്‍ക്കാണ്. അവരെ കയ്യാമം വെച്ച് ജയിലില്‍ അടക്കേണ്ടതിന് പകരം ഇവിടെ താമസിക്കുന്നവരെല്ലാം ബംഗ്ലാദേശുകാരാണ്, റോഹിന്‍ഗ്യകളാണ്, തീവ്രവാദികളാണ് എന്ന് മുദ്രകുത്തിക്കൊണ്ട് അവര്‍ താമസിച്ച കുടിലുകള്‍ നിര്‍ദയം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ച ഭരണാധികാരികളോട് ആര് എന്തുപറയാനാണ്?
ജഹാംഗീര്‍പുരിയിലേക്ക് ബുള്‍ഡോസര്‍ ഉരുണ്ടപ്പോള്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിച്ചു എന്നുകാണുന്നതില്‍ തീര്‍ച്ചയായും സന്തോഷവും അഭിമാനവുമുണ്ട്. സിപിഎമ്മിന്റെ പോളിററ്ബ്യൂറോ മെമ്പറായ വൃന്ദാകാരാട്ടാണ് ഇടിച്ചുനിരത്താന്‍ വന്ന യന്ത്രഭീമന്റെ കൊമ്പില്‍ കയറിപ്പിടിച്ചത്. അവരെ ഞാന്‍ അഭിവാദ്യം ചെയ്യുകയാണ്. തീര്‍ച്ചയായും മാതൃകാപരമായ പ്രവര്‍ത്തനമാണ് വൃന്ദ അവിടെ നിര്‍വഹിച്ചതെന്ന് എടുത്തുപറയേണ്ടതായിട്ടുണ്ട്. 75 മുതല്‍ വിദ്യാര്‍ഥിനി ആയിരിക്കുമ്പോള്‍ തന്നെ ഈ പ്രദേശവുമായി തനിക്കുണ്ടായിരുന്ന ബന്ധവും അവര്‍ ഓര്‍ത്തെടുക്കുന്നു. അവര്‍ക്കതിന് സഹായകരമായത് സുപ്രീംകോടതിയുടെ സ്റ്റേ ഉത്തരവാണ്. പക്ഷേ സ്റ്റേ വന്നിട്ടും ആ ഉത്തരവ് കണ്ടില്ലെന്ന് നടിക്കാനാണ് അവിടുത്തെ പോലീസുകാര്‍ തയ്യാറായതെന്ന് വൃന്ദ തന്നെ മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീംകോടതിയില്‍ തനിക്കുളള അതുല്യമായ സ്ഥാനം ഉപയോഗിച്ചുകൊണ്ട് കോണ്‍ഗ്രസിന്റെ നേതാവും മുന്‍വിദ്യാഭ്യാസ മന്ത്രിയുമായ കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ നിന്നും പൊടുന്നനേ ഇതുപോലൊരു വിധി നേടിയതും തീര്‍ച്ചയായും എടുത്തുപറയേണ്ടതുണ്ട്.
ഇവിടെ നാം കാണുന്നത്, ബിജെപിയുടെ വര്‍ഗീയ തള്ളിക്കയറ്റമുണ്ടാകുമ്പോള്‍ അതിനെ ചെറുക്കാന്‍ മതേതര പാര്‍ട്ടികള്‍ നിയമപരമായും രാഷ്ട്രീയമായും തെരുവില്‍ ഒന്നിക്കുന്നതാണ്. ഈ ഒന്നിക്കലിനെയാണ് വാസ്തവത്തില്‍ ഫാസിസത്തിനെതിരായ ഐക്യമുന്നണി എന്ന് വിളിക്കുന്നത്. തെരുവിലും കോടതിയിലും പാര്‍ലമെന്റിലും തൊഴിലിടങ്ങളിലും കൊച്ചുകുടിലുകള്‍ക്ക് മുന്നിലും ഫാസിസത്തിന്റെ യന്ത്രക്കൈകള്‍ ഉയരുമ്പോള്‍ നിര്‍ത്തൂവെന്ന് പറയാനുളള ഐക്യബോധം വളര്‍ത്തിയെടുക്കാന്‍ ഇന്ത്യയിലെ മതേതര ശക്തികള്‍ താത്വിക വിചാരങ്ങളുടെ തടവില്‍ പെട്ട് മടിച്ചുനിന്നുകൂടാ എന്നുകൂടി ജഹാംഗിര്‍പുരി നമ്മെ ഓര്‍മിപ്പിക്കുന്നു.
ഈ രണ്ടുനേതാക്കളുടെയും ഇടപെടലിന് ശേഷം ഒരു ഒഴുക്ക് തന്നെ അങ്ങോട്ട് ഉണ്ടായിട്ടുണ്ട്. ഇതിനകം സി.പി.ഐ.യുടെയും മുസ്ലീംലീഗിന്റെയും നേതാക്കന്മാര്‍ അവിടെ കടന്നുചെന്നു. തെരുവില്‍ ഭരണകൂടം കയ്യേറ്റം നടത്തുമ്പോള്‍ തെരുവില്‍ നിന്നുകൊണ്ടുതന്നെ അതിനെ ചോദ്യം ചെയ്യുക എന്നുളളത് ഏത് പുരോഗമനവാദിയുടെയും ഫാസിസ്റ്റ് വിരുദ്ധ ചിന്താഗതിക്കാരന്റെയും അടിസ്ഥാനബോധമാണ്. അതുകൊണ്ട് ജഹാംഗീര്‍പുരി മറ്റേത് രാഷ്ട്രീയപ്രമേയത്തേത്തേക്കാളും വലിയ പാഠം ഇന്ത്യന്‍ രാഷ്ട്രീയത്തെ പഠിപ്പിക്കുന്നുണ്ട്. ഈ പാഠങ്ങള്‍ ഇന്ത്യയിലെ മതേതര ഇടതുപക്ഷ പുരോഗമനശക്തികള്‍ നന്നായി പഠിക്കുകയും 2024ലെ തിരഞ്ഞെടുപ്പിലെങ്കിലും ഈ വര്‍ഗീയ ബുള്‍ഡോസര്‍ ഭീമന്മാരെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തില്ലെങ്കില്‍ ഇന്ത്യയുടെ ഇതര പ്രദേശങ്ങളിലും ബുള്‍ഡോസര്‍ ഉരുളാന്‍ പോവുകയാണ്.
ഡല്‍ഹിയിലെ ബുള്‍ഡോസറിന് മുമ്പുതന്നെ മധ്യപ്രദേശില്‍ ബുള്‍ഡോസര്‍ ഉരുണ്ടു. കര്‍ണാടകത്തില്‍ നിരവധി സംഘര്‍ഷങ്ങളുണ്ടായി. ഇന്ത്യ മുഴുവന്‍ നെരിപ്പോടുകള്‍ സൃഷ്ടിക്കുകയാണ്. തീ ആളിക്കത്തണമെന്ന് അമിത് ഷാ ആഗ്രഹിക്കുന്നില്ല. മറിച്ച് നെരിപ്പോടുകളിലെ ചൂട് നിലനിര്‍ത്തിയാല്‍ മതി. ഈ നെരിപ്പോട് രാഷ്ട്രീയം പുറത്തേക്ക് തീയും പുകയും ഇല്ലാതെ തന്നെ അകത്തുനിന്ന് കത്തുന്ന, രാജ്യത്തിന്റെ നെഞ്ചകത്തെ ദ്രവിപ്പിക്കുന്ന വര്‍ഗീയതയുടെ കൊടുംചൂടാണ്. ഇതിനെ ചെറുക്കാന്‍ മുഴുവന്‍ ജനാധിപത്യവാദികളും ഒന്നിക്കുക എന്നല്ലാതെ മറ്റുമാര്‍ഗങ്ങളില്ല.
വാല്‍ക്കഷ്ണം
ഇതിനോട് സമാനമാണ് എന്ന് പറയാന്‍ കഴിയില്ലെങ്കില്‍ക്കൂടി കേരളത്തിലും പോലീസുകാരന്റെ ബൂട്ട്സ് സില്‍വര്‍ലൈന്‍ വിരുദ്ധ സമരക്കാരുടെ മുതുകില്‍ ചവിട്ടുന്ന കാഴ്ച നാം കാണുന്നുണ്ട്. അതില്‍ വര്‍ഗീയതയുടെ നിഴല്‍ വീണിട്ടില്ല പക്ഷേ, ഭരണകൂട ഭീകരതയുടെ ചുവയുണ്ട്. അതുകൊണ്ട് ബുള്‍ഡോസറുകള്‍ മാത്രമല്ല ബൂട്ട്സുകളും അപകടമാണ്, ജനാധിപത്യത്തിന് അപമാനമാണ്.
Content Highlights: jahangirpuri issue
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..