ജിതിൻ പ്രസാദ | Photo: PTI
കെ. സുധാകരന് കേരളത്തില്‍ കോണ്‍ഗ്രസിന്റെ അമരത്തേക്ക് വരുമ്പോള്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാവ് ജിതിന് പ്രസാദ ബി.ജെ.പിയിലേക്ക് പോവുകയാണ്. സുധാകരനും ജിതിനും കോണ്‍ഗ്രസിന്റെ വര്‍ത്തമാനവും ഭാവിയുമാണ്. കോണ്‍ഗ്രസിന് എന്താണ് സംഭവിക്കുന്നതെന്നതിന്റെ വ്യക്തമായ സൂചകങ്ങള്‍. വര്‍ത്തമാനം ഒരേസമയം ഭൂതവും ഭാവിയുമാണ്. രാത്രിയും പകലും ഒരുപോലെ സന്ധിക്കുന്ന ത്രിസന്ധ്യ.
നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കണക്കുകൂട്ടലുകള്‍ ബംഗാളില്‍ അമ്പേ പാളിയത് ഈ ത്രിസന്ധ്യയില്‍ കോണ്‍ഗ്രസിനെ ഉത്തേജിപ്പിക്കേണ്ടതായിരുന്നു. പക്ഷേ, ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തമിഴ്നാട് ഒഴികെ നാലിടങ്ങളിലും തിരിച്ചടി നേരിടേണ്ടി വന്നത് കോണ്‍ഗ്രസില്‍നിന്നും ആഹ്ളാദം കവര്‍ന്നെടുത്തിരിക്കുന്നു. കേരളത്തില്‍ സുധാകരന് - സതീശന് കൂട്ടുകെട്ട് കോണ്‍ഗ്രസിന്റെ ഭാവിയാണെന്ന് പറയുമ്പോള്‍ യു.പിയില്‍ ജിതിന് പറയുന്നത് ഭാവി ബി.ജെ.പിയാണെന്നാണ്. ഇതൊരു പിരിയന്‍ ഗോവണിയാണ്. കയറ്റത്തിലേക്കാണോ ഇറക്കത്തിലേക്കാണോ നയിക്കുന്നതെന്നറിയാത്ത പിരിയന്‍ ഗോവണി.
കോണ്‍ഗ്രസിന്റെ വര്‍ത്തമാനവും ഭാവിയും പരിശോധിക്കുമ്പോള്‍ ഒരിക്കലും വിട്ടുപോകരുതാത്ത പേരാണ് നരസിംഹറാവുവിന്റേത്. കോണ്‍ഗ്രസിന് ഒരു പുതിയ ചരിത്രം തീര്‍ക്കാന്‍ അവസരം കിട്ടിയ ഒരു നേതാവുണ്ടെങ്കില്‍ അത് റാവുവാണ്. നെഹ്രു കുടുംബത്തിന്റെ ആധിപത്യത്തില്‍നിന്ന് കോണ്‍ഗ്രസിനെ മുക്തമാക്കുന്നതിനുള്ള ഗംഭീരമായ അവസരമാണ് കാലം റാവുവിന് നല്‍കിയത്. ഈ അവസരം വിജയകരമായി ഉപയോഗിക്കാന്‍ റാവു കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷേ, ആത്യന്തികമായി പരാജയമാണ് റാവുവിനെ കാത്തിരുന്നത്. ഈ പരാജയം എത്രമാത്രം ഭീകരവും ദയനീയവുമായിരുന്നെന്ന് റാവുവിന്റെ ജീവചരിത്രമായ 'Half Lion'(അര്‍ദ്ധ സിംഹം) എന്ന ഗ്രന്ഥത്തില്‍ വിനയ് സിതാപതി വിശദമായി എഴുതുന്നുണ്ട്.
2004 ഡിസംബര്‍ 23ന് രാവിലെ 11 മണിക്കാണ് അഖിലേന്ത്യ മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് റാവു മരിക്കുന്നത്. വിവരമറിഞ്ഞ് ആദ്യമെത്തിയവരില്‍ ഒരാള്‍ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ ആയിരുന്നു. പ്രണാമം അര്‍പ്പിച്ചതിനു ശേഷം പാട്ടീല്‍ റാവുവിന്റെ ഇളയ മകന് പ്രഭാകര റാവുവിനോട് സംസ്കാരം ഹൈദരാബാദിലാവുന്നതായിരിക്കും നല്ലതെന്ന് പറഞ്ഞു. റാവുവിന്റെ കുടുംബത്തിന്റെ ആഗ്രഹം അതായിരുന്നില്ല.
മൂന്ന് പതിറ്റാണ്ടുകള്‍ക്കു മുമ്പ് റാവു ആന്ധ്ര വിട്ടതാണ്. ആന്ധ്ര മുഖ്യമന്ത്രിയായിരുന്നെങ്കിലും റാവുവിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ വലിയൊരു ഭാഗം ഡല്‍ഹിയിലായിരുന്നു. ഡല്‍ഹിയില്‍ സമാധി എന്നത് റാവുവിന് എന്തുകൊണ്ടും അവകാശപ്പെട്ടതായിരുന്നു. പക്ഷേ, പാട്ടീല്‍ ഒരു കാര്യം കുടുംബത്തോട് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞു: ''ഇവിടെയാണങ്കില്‍ ആരും വരില്ല.'' അധികം വൈകാതെ എത്തിയ ഗുലാം നബി ആസാദും സംസ്കാരം ഹൈദരാബാദില്‍ തന്നെയാവണമെന്നാണ് പറഞ്ഞത്.
ആന്ധ്രയില്‍നിന്ന് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര്‍ റെഡ്ഡി റാവുവിന്റെ കുടുംബത്തെ ഫോണില്‍ ബന്ധപ്പെട്ടു. ഹൈദരാബാദില്‍ അതിഗംഭീരമായി നമുക്ക് സംസ്കാര ചടങ്ങുകള്‍ നടത്താമെന്നാണ് റെഡ്ഡി പറഞ്ഞത്. വൈകീട്ട് ആറരയോടെ സോണിയ ഗാന്ധിയും പ്രധാനമന്ത്രി മന്മോഹന് സിങ്ങും എത്തി. റാവുവിന് ഡല്‍ഹിയില്‍ സമാധി ഒരുക്കണമെന്ന് കുടുംബം മന്മോഹനോട് പറഞ്ഞു. സര്‍ദാര്‍ജി തലയാട്ടി. സോണിയ ഒന്നും പറഞ്ഞില്ല.
ഇതിനകം വൈ.എസ്.ആര്. ആന്ധ്രയില്‍നിന്ന് ഡല്‍ഹിയിലെത്തിയിരുന്നു. സംസ്കാരം ഹൈദരാബാദില്‍ തന്നെയാവുന്നതാണ് എന്തുകൊണ്ടും നല്ലതെന്ന് വൈ.എസ്.ആര്. റാവുവിന്റെ കുടുംബത്തെ ബോദ്ധ്യപ്പെടുത്തി. തീരുമാനം ആരുടേതാണെന്ന് വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ റാവു കുടുംബത്തിന് മുന്നില്‍ വേറെ വഴിയുണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ ഒരു സ്മൃതിമന്ദിരം വേണമെന്ന ഒരേയൊരാവശ്യമാണ് പിന്നീട് റാവു കുടുംബം മന്മോഹന് മുന്നില്‍ വെച്ചത്. മന്മോഹന് അതേറ്റു. ആ വാക്ക് നിറവേറ്റാന്‍ മന്മോഹനായില്ലെന്നത് ചരിത്രമാണ്.
അടുത്ത ദിവസം സൈനിക വാഹനത്തില്‍ റാവുവിന്റെ മൃതദേഹം വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. പോകുന്ന വഴിയില്‍ അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിനു മുന്നില്‍ മൃതദേഹം വഹിച്ച വണ്ടി ഒന്ന് നിന്നു. കോണ്‍ഗ്രസ് പ്രസിഡന്റുമാരായിരുന്നവരുടെ മൃതദേഹം എ.ഐ.സി.സി. ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെയ്ക്കുന്ന പതിവുള്ളതാണ്. പക്ഷേ, മന്ദിരത്തിലേക്കുള്ള ഗേറ്റ് പൂട്ടിക്കിടന്നു.
എന്താണ് ഗേറ്റ് തുറക്കാത്തതെന്ന് ചോദ്യമുണ്ടായി. പക്ഷേ, ഗേറ്റ് തുറന്നില്ല. ഇതേക്കുറിച്ച് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിനയ് സിതാപതിയോട് പറഞ്ഞത് ഇതാണ്: ''ഗേറ്റ് തുറക്കുമെന്നായിരുന്നു ഞങ്ങള്‍ പ്രതീക്ഷിച്ചത്. പക്ഷേ, അതിനുള്ള ഉത്തരവ് വന്നില്ല. ഒരാള്‍ക്കേ ആ ഉത്തരവ് നല്‍കാനാവുമായിരുന്നുള്ളു. അവര്‍ അത് നല്‍കിയില്ല.''
കോണ്‍ഗ്രസില്‍ റാവുവിന്റെ ചരിത്രം അതോടെ അവസാനിച്ചു. ഇത് റാവുവിന്റെ നൂറാം ജന്മ വാര്‍ഷികമാണ്. പക്ഷേ, കോണ്‍ഗ്രസിന് അതൊരു ആഘോഷമേയല്ല. റാവു കോണ്‍ഗ്രസ് മറക്കാന്‍ ശ്രമിക്കുന്ന അദ്ധ്യായമാണ്. ബാബറി മസ്ജിദിന്റെ തകര്‍ക്കല്‍ മാത്രമല്ല 1984-ലെ സിഖ് കൂട്ടക്കൊല(റാവു ആയിരുന്നു അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി) യും ഭോപ്പാല്‍ വാതക ദുരന്തത്തിലെ മുഖ്യപ്രതി വാറന്‍ ആന്ഡേഴ്സണ് ഇന്ത്യ വിട്ടു പോകാന്‍ ഇടയായതുമൊക്കെയാണ് ഇന്നിപ്പോള്‍ റാവുവിന്റെ സ്മരണ കോണ്‍സ്രില്‍ ഉണര്‍ത്തുന്നത്. സമ്പദ് മേഖലയില്‍ 1991-നും 96-നുമിടയില്‍ ഇന്ത്യ കണ്ട സുപ്രധാനവും ചടുലവുമായ വ്യതിയാനങ്ങള്‍ക്ക് പിന്നില്‍ റാവുവിന്റെ നേതൃത്വം ആയിരുന്നുവെന്നത് കോണ്‍ഗ്രസിന് ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത വസ്ുതതയാണ്.
1996-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ റാവു പാര്‍ട്ടിക്കുള്ളില്‍ അടഞ്ഞ അദ്ധ്യായമാകാന് തുടങ്ങിയിരുന്നു. രണ്ട് വര്‍ഷത്തിനപ്പുറം സോണിയ കോണ്‍ഗ്രസിന്റെ തലപ്പത്തെത്തിയതോടെ റാവു തൊട്ടുകൂടാത്തവനും ഭ്രഷ്ടനുമായി. പ്രധാനമന്ത്രിയായിരിക്കെ 1993 വരെ റാവു ആഴ്ചയിലൊരിക്കല്‍ സോണിയയെ വീട്ടില്‍ പോയി കാണുമായിരുന്നു.
പക്ഷേ, പാര്‍ട്ടിക്കുള്ളില്‍ തന്റെ സ്ഥാനം ഭദ്രമാക്കിയതോടെ റാവു സോണിയയ്ക്കെതിരെ തിരിഞ്ഞു. സോണിയയുമായുള്ള കൂടിക്കാഴ്ചകള്‍ റാവു അവസാനിപ്പിച്ചു. സോണിയ താമസിക്കുന്ന ജന്‍പഥിലെ പത്താം നമ്പര്‍ വീടിന് മേല്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ കഴുകന് കണ്ണുകള്‍ പതിഞ്ഞു. സോണിയയെ കാണാനെത്തുന്ന നേതാക്കളുടെ വിവരങ്ങള്‍ അപ്പോഴപ്പോള്‍ റാവുവിന് കിട്ടിത്തുടങ്ങി.
അതൊരു യുദ്ധമായിരുന്നു. നെഹ്രു കുടുംബത്തിനെതിരെയുള്ള റാവുവിന്റെ യുദ്ധം. കോണ്‍ഗ്രസിനെ നെഹ്രു കുടുംബത്തിന്റെ അധീശത്വത്തില്‍നിന്ന് മോചിപ്പിക്കാന്‍ ചരിത്ര നിയോഗം കിട്ടിയ ആളാണ് താനെന്ന് റാവു വിശ്വസിച്ചിരിക്കാം. അതിനുള്ള ശേഷിയും ശേമുഷിയും റാവുവിനുണ്ടായിരുന്നു താനും. റാവു ഒരു മാസ് ലീഡറായിരുന്നില്ല. നെഹ്രു കുടുംബത്തിനെതിരെയുള്ള പോരാട്ടത്തില്‍ റാവുവിന്റെ കൂടെ കോണ്‍ഗ്രസ് അണികളോ ജനങ്ങളോ ഉണ്ടായിരുന്നില്ല. ഭാഗ്യത്തിന്റെ വരപ്രസാദവും റാവുിനുണ്ടായിരുന്നില്ല.
റാവുവില്‍നിന്നു കോണ്‍ഗ്രസിനെ നെഹ്രു കുടുംബം തിരിച്ചുപിടിച്ചു. 2004-ലും 2009-ലും കോണ്‍ഗ്രസിനെ അധികാരത്തില്‍ വീണ്ടുമെത്തിക്കാന്‍ സോണിയയ്ക്കായി. റാവുവിന്റെ കലാപത്തില്‍നിന്ന് പാഠം പഠിച്ച ഒരാള്‍ മന്മോഹനായിരുന്നു. കോണ്‍ഗ്രസില്‍ ഒരേയൊരു അധികാരകേന്ദ്രമേ ഉള്ളുവെന്നും അത് സോണിയയാണെന്നും സര്‍ദാര്‍ജിക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതായി വന്നില്ല.
2004-ലാണ് കോണ്‍ഗ്രസ് തലമുറമാറ്റത്തിനുള്ള ശ്രമം തുടങ്ങിയത്. രാഹുല്‍ ഗാന്ധി ആദ്യമായി ലോക്സഭയിലേക്കെത്തിയത് ആ വര്‍ഷമാണ്. ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന് പൈലറ്റ്, മിളിന്ദ് ദിയോറ, സന്ദിപ് ദീക്ഷിത്, ദീപേന്ദര്‍ ഹൂഡ, ജിതിന് പ്രസാദ എന്നീ യുവാക്കളും ടീം രാഹുലില്‍ ഉണ്ടായിരുന്നു. പക്ഷേ, 17 കൊല്ലങ്ങള്‍ക്കിപ്പുറം തലമുറമാറ്റം ഒരിടത്തുമെത്താത്ത അവസ്ഥയിലാണ്. ടീം രാഹുലിലെ രണ്ട് പ്രമുഖ അംഗങ്ങള്‍-സിന്ധ്യയും ജിതിനും- ഇപ്പോള്‍ ബി.ജെ.പിയിലാണ്. സച്ചിന് പൈലറ്റ് രാജസ്ഥാനില്‍ മോക്ഷം കാത്തിരിക്കുന്നു. മനിഷ് തിവാരിയും ദിപേന്ദര്‍ ഹൂഡയ്ക്കും മീതെ ജി 23 ന്റെ നിഴല്‍ നീണ്ടു കിടക്കുന്നു.
ബി.ജെ.പിയിലേക്ക് പോവുകയാണെന്ന് വിവരം സ്ഥിരീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ജിതിന് പ്രസാദ പറഞ്ഞത് ഭാവി ബി.ജെ.പിയുടേതാണെന്നാണ്. ബി.ജെ.പിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യയുടെ അവസ്ഥ ഇപ്പോള്‍ എന്താണെന്നറിയാതെയായിരിക്കില്ല ജിതിന് ഇത് പറഞ്ഞത്. വാഗ്ദാനം ചെയ്പ്പെട്ട സ്ഥാന മാനങ്ങള്‍ ജ്യോതിരാദിത്യയെത്തേടി ബി.ജെ.പിയില്‍ എത്തിയിട്ടില്ല എന്നത് വാസ്തവമായിരിക്കാം. പക്ഷേ, അതൊന്നും കോണ്‍ഗ്രസില്‍ തുടരാന്‍ ജിതിന് പ്രലോഭനമാവുന്നില്ല. കാരണം ഈ പാര്‍ട്ടിയുടെ ഭാവിയില്‍ ജിതിന് പ്രതീക്ഷയില്ലാതായിരിക്കുന്നു. യു.പിയില്‍ ഇന്ത്യയുടെ ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് മറ്റൊരു ടൈറ്റിനിക് മാത്രമാണെന്ന് ജിതിന് വിശ്വസിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ജി 23 എന്ന പേരിലറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയില്‍ സമൂല മാറ്റം ആവശ്യപ്പെട്ട് പ്രസിഡന്റ് സോണിയയ്ക്ക് കത്തെഴുതിയത്. ഈ കൂട്ടത്തില്‍ ഗുലാം നബിക്കും മനിഷ് തിവാരിക്കും ആനന്ദ ശര്‍മ്മയ്ക്കും കബില്‍ സിബലിനും ശശി തരൂരിനുമൊപ്പം ജിതിനുമുണ്ടായിരുന്നു. 21 കൊല്ലം മുമ്പ് സോണിയയ്ക്കെതിരെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ജിതേന്ദ്ര പ്രസാദയുടെ മകനാണ് ജിതിന് എന്നത് യാദൃശ്ചികതയായിരിക്കാം. കത്തെഴുതി കൊല്ലം ഒന്നാകാറായിട്ടും കത്തിലെ മുഖ്യ ആവശ്യത്തിന്- പാര്‍ട്ടിക്ക് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് വേണമെന്നതിന്- ഒരു പരിഹാരവും ഉണ്ടായിട്ടില്ല. കോവിഡ് 19-ന്റെ മറവില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീട്ടുകയാണ് സോണിയ ചെയ്തിരിക്കുന്നത്.
ഇതിനിടയില്‍ കോണ്‍ഗ്രസില്‍ സംഭവിക്കുന്നത് പ്രഹസനങ്ങളും തമാശകളുമാണ്. പാര്‍ട്ടിയില്‍ ഔദ്യോഗികമായി ഒരു നേതൃപദവിയും രാഹുല്‍ ഗാന്ധിക്കില്ല. വയനാട്ടില്‍നിന്നുള്ള എം.പി. മാത്രമാണ് രാഹുല്‍ നിലവില്‍. പക്ഷേ, വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കിയതും കെ. സുധാകരനെ കെ.പി.സി.സി. അദ്ധ്യക്ഷനാക്കിയതും രാഹുലാണ്.
സച്ചിന് പൈലറ്റായാലും സിദ്ദുവായാലും കോണ്‍ഗ്രസിലെ വിമതര്‍ ആദ്യം വിളിക്കുന്നതും കാണുന്നതും രാഹുലിനെയാണ്. പഞ്ചാബില്‍നിന്നും ഡല്ഹിയിലേക്കോടിയെത്തി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് കാണുന്നതും രാഹുലിനെയാണ്. ഉത്തരവാദിത്വങ്ങള്‍ ഒന്നുമില്ലെങ്കിലും കോണ്‍ഗ്രസില്‍ ഇപ്പോഴും അവസാന വാക്ക് രാഹുലാവുന്നു. എന്ത് പാര്‍ട്ടിയാണിത് എന്ന് ചോദിക്കാതിരിക്കാനാവുന്നില്ല. ഇങ്ങനെയുള്ള അഴകൊഴമ്പന്‍ കളികളുമായി കോണ്‍ഗ്രസിന് എത്രകാലമാണ് മുന്നോട്ടു പോകാനാവുക?
കേരളത്തില്‍ സുധാകരനും സതീശനും നേതൃത്വത്തിലേക്ക് വന്നുവെന്നത് മാറ്റം തന്നെയാണ് . വൈകിയെങ്കിലും സ്വാഗതാര്‍ഹമായ മാറ്റം. പക്ഷേ, കോണ്‍ഗ്രസ് രക്ഷപ്പെടണമെങ്കില്‍ അഖിലേന്ത്യ നേതൃത്വമാണ് ആദ്യം മാറേണ്ടത്. മോദിയോടും അമിത് ഷായോടും നേര്‍ക്കുനേര്‍ നിന്ന് പയറ്റാന്‍ കഴിവുള്ള മമത ബാനര്‍ജിയെപ്പോലൊരു നേതാവ് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതൃത്വത്തിലേക്ക് വരേണ്ടിയിരിക്കുന്നു.
ഇന്ത്യന്‍ ജനതയുടെ മനസ്സും ഭാവനയും പിടിച്ചെടുക്കാന്‍ കഴിവുള്ള ഒരാള്‍. ഈ നേതാവ് താനല്ല എന്ന് രാഹുല്‍ തെളിയിച്ചു കഴിഞ്ഞു. എന്നിട്ടും സോണിയ ആര്‍ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. ആര്.എസ്.എസിനും ബി.ജെ.പിക്കുമെതിരെയുള്ള പ്രത്യയശാസ്ത്ര പോരാട്ടമാണ് തന്റേതെന്നാണ് രാഹുല്‍ പറയുന്നത്. ഒരാള്‍ക്ക് ഇഷ്ടമുള്ള ജോലി അയാള്‍ ചെയ്യട്ടെ. പ്രത്യയശാസ്ത്ര യുദ്ധം രാഹുല്‍ നടത്തട്ടെ! പക്ഷേ, പാര്‍ട്ടിയെ അധികാരത്തിലേക്ക് നയിക്കാന്‍ മറ്റൊരാള്‍ വരണം. അതിനുള്ള നടപടി ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് ആത്മഹത്യപരമാണെന്ന് സോണിയ ഗാന്ധി തിരിച്ചറിയണം.
1998-ല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള സോണിയയുടെ വരവ് ചരിത്രനിയോഗം ആയിരുന്നു. ഇപ്പോള്‍ കാലവും ചരിത്രവും പുതിയൊരു ദൗത്യം സോണിയയ്ക്ക് നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസില്‍ പുതിയൊരു നേതാവിനെ കണ്ടെത്തുന്നതിനുള്ള ദൗത്യം. സമാനമായൊരു ദൗത്യം സ്വയം ഏറ്റെടുക്കുകയാണ് റാവു ചെയ്തത്. നെഹ്രു കുടുംബത്തിന്റെ പിന്തുണയില്ലാതെ റാവു നടത്തിയ ആ നീക്കം ആത്യന്തികമായി പരാജയപ്പെട്ടു.
ഇതിപ്പോള്‍ അത്തരമൊരു നീക്കം നെഹ്രു കുടുംബം തന്നെ ഏറ്റെടുക്കണമെന്നാണ് കാലം ആവശ്യപ്പെടുന്നത്. 2004-ല്‍ എതിര്‍പക്ഷത്ത് വാജ്പേയിയും അദ്വാനിയുമായിരുന്നു. ഇന്നിപ്പോള്‍ ആ സ്ഥാനത്ത് മോദിയും അമിത് ഷായുമാണ്. പുതിയ കാലം പുതിയ സമീപനങ്ങളും പുതിയ തന്ത്രങ്ങളും പുതിയ നേതാവിനെയുമാണ് ആവശ്യപ്പെടുന്നത്.
പാര്‍ട്ടിയുടെ തലപ്പത്തേക്ക്, അധികാരത്തിന്റെ അമരത്തേക്ക് എന്നെങ്കിലും എത്താനാവും എന്നത് ഏതൊരു പ്രവര്‍ത്തകന്റെയും സ്വപ്നമാണ്. ഒരു നാള് അവിടെയെത്താനാവും എന്നത് ഒരു പ്രതീക്ഷയാണ്. ഈ പ്രതീക്ഷയും സ്വപ്നവുമാണ് കോണ്‍ഗ്രസില്‍ ഇന്നിപ്പോള്‍ പ്രവര്ത്തകര്ക്കില്ലാത്തത്. അധികാരത്തില്‍നിന്ന് മാറി നിന്നുകൊണ്ട് സോണിയ 2004-ല്‍ നടത്തിയ നീക്കം ചരിത്രപരമായ ഇടപെടലായിരുന്നു.
രാഹുലിന്റെ വരവോടെ ആ ഇടപെടല്‍ അവസാനിച്ചു. ചരിത്രവും കാലവും രാഹുലിന് രണ്ട് തിരഞ്ഞെടുപ്പുകള്‍ നല്കി. 2014-ലും 19-ലും രാഹുല്‍ ആ അവസരങ്ങള്‍ മുതലാക്കുന്നതില്‍ പരാജയപ്പെട്ടു. ഇനിയിപ്പോള്‍ കോണ്‍ഗ്രസ് ചെയ്യേണ്ടത് പ്രവര്‍ത്തകര്‍ക്ക് സ്വപനങ്ങളും പ്രതീക്ഷകളും തിരിച്ചു നല്‍കുകയാണ്.
യു.പി. നിയമസഭ തിരഞ്ഞെടുപ്പിന് ഇനിയിപ്പോള്‍ മാസങ്ങളേയുള്ളു. ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ യു.പി. തിരിച്ചുപിടിക്കാന്‍ ഭാവനാത്മകമായ എന്ത് പദ്ധതിയാണ് കോണ്‍ഗ്രസിന് നടപ്പാക്കാനായത്. സര്‍ഗ്ഗാത്മകതയുള്ള നേതൃത്വത്തിനേ ഭാവനാപൂര്‍ണ്ണമായ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാനാവുകയുളളു. ഓരോ സംസ്ഥാനത്തിനും അനുയോജ്യരായ നേതാക്കളെ കണ്ടെത്തുകയെന്നത് ഇതില്‍ സുപ്രധാനമാണ്.
ശക്തരായ പ്രാദേശിക നേതാക്കളാണ് മോദിയുടെ ജൈത്ര യാത്ര തടയുന്നത്. മമതയായാലും സ്റ്റാലിനായാലും ഉദ്ദവും പവാറുമായാലും മോദി വെല്ലുവിളി നേരിടുന്നത് പ്രാദേശികതലത്തിലാണ്. ബംഗ്ളാദേശിന്റെ പിറവിയും അതു തന്നെയാണ് പറയുന്നത്. ദ്വിരാഷ്ട്രമെന്ന ജിന്നയുടെ സിദ്ധാന്തം പൊളിച്ചുകൊണ്ടാണ് മുജിബുര്‍ റഹ്മാന് ബംഗ്ളാദേശിനായി പോരാടിയത്. മതമല്ല, പ്രദേശിക വികാരമാണ് ബംഗ്ളാദേശിന്റെ പിറവിയില്‍ വിജയിച്ചത്. ഇതേ വികാരം കൃത്യമായി ഉപയോഗിച്ചാണ് ഇക്കുറി മമതയും സ്റ്റാലിനുമൊക്കെ ബി.ജെ.പിയെ നേരിട്ടത്.
സംസ്ഥാനങ്ങളില്‍ ശക്തരായ നേതാക്കളുണ്ടാവുന്നത് തങ്ങളുടെ നേതൃത്വത്തിന് വെല്ലുവിളിയാണെന്ന മനോഭാവം കോണ്‍ഗ്രസ് ഹൈക്കമാന്റ് കൈവിടേണ്ടിയിരിക്കുന്നു. ആന്ധ്രയില്‍ വൈ.എസ്.ആര്. മരിച്ചതോടെ മകന് ജഗന് മോഹനെ ഒതുക്കാന്‍ കളിച്ച കളി കോണ്‍ഗ്രസിനെ എവിടെയാണെന്നതിച്ചതെന്നോര്ക്കുന്നത് നല്ലതാണ്. കേരളത്തില്‍ തന്നെ ഉമ്മന്‍ചാണ്ടിയെ ഒന്നൊതുക്കാനായി വി.എം. സുധീരനെ ഇറക്കിയതും പാര്‍ട്ടിയെ എവിടെ എത്തിച്ചുവെന്ന് കാണാതിരിക്കരുത്. ഇതാ ഇപ്പോള്‍ പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരിന്ദറിനെതിരെ സിദ്ദുവിനെയും കൂട്ടരേയും വീണ്ടും കളത്തിലിറക്കുന്ന വൃത്തികെട്ട കളിയാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് കളിക്കുന്നത്.
ഈ കളികള്‍ അരക്ഷിതബോധത്തില്‍നിന്ന് ഉണ്ടാവുന്നതാണ്. പാര്‍ട്ടി എക്കാലവും തങ്ങളുടെ ചൊല്പ്പടിയിലായിരിക്കണമെന്ന നെഹ്രു കുടുംബത്തിന്റെ ആഗ്രഹമാണ് ഈ അരക്ഷിതബോധത്തിന് പിന്നില്‍. ജി 23 മുന്നോട്ടുവെച്ചത് ഈ അരക്ഷിതബോധത്തിനുള്ള മറുമരുന്നാണ്. പക്ഷേ, അതിനെ മറികടന്ന് എളുപ്പവഴിയില്‍ ക്രിയ നടത്തി പാര്‍ട്ടിയെ വീണ്ടും നെഹ്രു കുടുംബത്തിന് ചുറ്റും പ്രതിഷ്ഠിക്കാനുള്ള ശ്രമം തിരിച്ചടിക്കുമെന്ന് ഈ വൈകിയ വേളയിലെങ്കിലും സോണിയ തിരിച്ചറിയണം. പാര്‍ട്ടി നേതൃത്വം പുതിയ നേതാക്കളിലേക്ക് എത്തിക്കാനുള്ള ധീരമായ പരീക്ഷണമാണ് സോണിയ നടത്തേണ്ടത്. മുന്നോട്ടുള്ള യാത്രയില്‍ കോണ്‍ഗ്രസിന് ഇതല്ലാതെ മറ്റൊരു വഴിയില്ല.
വഴിയില്‍ കേട്ടത്: ബി.ജെ.പിയിലേക്ക് പോയ മുകുല്‍ റോയ് തൃണമൂലിലേക്ക് തിരിച്ചു വരുന്നു! കൂടെ മറ്റ് പല ബി.ജെ.പി. എം.എല്‍.എമാരും വന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍. 2019 ഏപ്രിലില്‍ ബംഗാളിലെ ശ്രീറാംപൂരില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയില്‍ മോദിജി പറഞ്ഞത് ഓര്‍ക്കാതിരിക്കാനാവില്ല. ടി.എം.സിയിലെ 40 എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് വരാന്‍ തയ്യാറെടുക്കുകയാണെന്നാണ് അന്ന് മോദിജി അവകാശപ്പെട്ടത്. ബംഗാളില്‍ കാറ്റ് മാറി വീശുമ്പോള്‍ ഡല്‍ഹിയില്‍ പുതിയ കൊട്ടാരത്തിന്റെ പണി ഒന്ന് വേഗത്തിലാക്കുന്നതാവും ബുദ്ധി! 2024-ല്‍ ആരാകും എന്താകുമെന്നൊക്കെ ആര്‍ക്കറിയാം!
Content Highlights: It is not Jitin Prasada, the issue remained with Congress leadership | Vazhipokkan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..