ഉണ്ണിക്കണ്ണനും ആർ.എസ്.എസോ?; ഓർക്കുക, ബീന ടീച്ചർക്ക് അവധി ഒന്നേയുള്ളൂ


ആഗ്‌നേയ പിഎം

ബീന ഫിലിപ്പ് |ഫോട്ടോ:മാതൃഭൂമി

ചില നിലപാടുകള്‍ ചിരിപ്പിക്കും. ഉറിയും ചിരിക്കും. പുരോഗമനമാണ്, തള്ളാനും വയ്യ. കപ്പല്‍ മുങ്ങിക്കോട്ടെ. കാസാബിയാങ്ക മാറില്ല. അച്ഛന്‍ പറഞ്ഞിടത്തേ നീക്കൂ. മാറ്റം മാറിയാലും മാറ്റാനില്ല മാറ്റം. കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് സി.പി.എമ്മുകാരിയല്ല. കളക്ടറേറ്റിന് കല്ലെറിഞ്ഞിട്ടില്ല. ട്രാന്‍സ്‌പോര്‍ട് ബസ് കത്തിച്ചിട്ടില്ല. എ.ഡി.ബിക്കാരെ കരിഓയില്‍ ഒഴിച്ചിട്ടില്ല. വിപ്ലവകാരിയുമല്ല. എന്നിട്ടും അവരെ സി.പി.എം. സ്ഥാനാര്‍ത്ഥിയാക്കി.

കാരണങ്ങളുണ്ട്. നടക്കാവ് സ്‌കൂളിലെ പ്രിന്‍സിപ്പലായിരുന്നു അവര്‍. അതിനും മുമ്പ് ആഴ്ചവട്ടം സ്‌കൂളില്‍ ഹെഡ്മിസ്ട്രസ്. നന്നായി പഠിപ്പിക്കും. എത്ര കാലം കഴിഞ്ഞാലും ശിഷ്യര്‍ തേടിയെത്തും. ജയിച്ചവരും തോറ്റവരും. ടീച്ചറുടെ പണ്ടത്തെ അതേ കുട്ടിയായി. സ്‌നേഹം ഒരു മതമാണ്. കരുണ അതിന്റെ മുദ്രാവാക്യം. അതിന്റെ കൊടിയിലുണ്ട്, അതിരില്ലാത്ത വിശ്വാസം. എല്ലാ മതങ്ങളും മുന്നേറിയത് ആദിമബലികളുടെ ചോരയിലാണ്.

കൃഷ്ണനും ക്രിസ്തുവും ജീവിച്ചിരുന്നിട്ടില്ല എന്ന് യുക്തിവാദി ഇടമറുക് മാത്രമേ ഉറച്ചു പറഞ്ഞിട്ടുള്ളൂ. ക്രിസ്ത്യാനികളും ഹിന്ദുക്കളും ആയ ഭക്തന്മാര്‍ അക്കാലം പറഞ്ഞു, ഇടമറുക് ജീവിക്കുന്നേയില്ല. കാരണം പട്ടിണി കിടക്കുന്ന മനുഷ്യനോട് പറയാവുന്ന ചിലതുണ്ട്. പുസ്തകം കയ്യിലെടുക്കൂ എന്നത് അതില്‍ അവസാനത്തേത്. പ്രത്യേകിച്ചും ഇന്ത്യ പോലെ ആചാരബദ്ധമായ രാജ്യത്ത്.

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഒരിക്കലും മനസ്സിലാവാത്ത രാജ്യമാണ് ഇന്ത്യ. അധികാരത്തിലിരുന്നപ്പോള്‍ സുഭാഷ് അഗര്‍വാള്‍ ബിര്‍ഭൂമിലെ താരാപീഠത്തിലെത്തി. കരിങ്കാളിയെ തൊഴുതു. അയാള്‍ ജനകീയ നേതാവ് എന്നേ പറഞ്ഞുള്ളൂ ജ്യോതിബസു. ഉടന്‍ നടപടി ആവശ്യപ്പെട്ടവരോട് കാളീപൂജ നടത്താറുള്ള ബംഗാള്‍ സി.പി.എം. മറുപടി പറയാന്‍ നിന്നില്ല.

കോഴിക്കോട്ടുകാരുടെ ബീനട്ടീച്ചര്‍ അത്ര പോലും മതവാദി അല്ല. വെള്ളിക്കുളങ്ങര മലയോരത്തെ കുട്ടിക്കാലം. അവര്‍ രാഷ്ട്രീയം സ്വായത്തമാക്കി. അപ്പന്‍ എം.ജെ. ഫിലിപ്പില്‍നിന്ന്. പരിയാരം കൊലക്കേസിലെ പ്രതി. 1948-ലെ സായുധ വിപ്ലവം. ഫിലിപ്പ് കൊല്‍ക്കൊത്താ തിസീസ് ഏറ്റെടുത്തു. 57-ല്‍ ഇ.എം.എസ്. സര്‍ക്കാര്‍ വരുവോളം ഒളിവില്‍. മക്കള്‍ വലുതായി. അപ്പോഴേക്കും അപ്പന്‍ കിടപ്പിലായി. ഒരു വാക്കുമതി. പാർട്ടി എന്തും ചെയ്തു കൊടുക്കും. പാര്‍ട്ടി വഴി നോക്കിക്കൂടേ മക്കള്‍ക്ക് ജോലി? പലരും ചോദിച്ചു. ഫിലിപ്പ് സംശയിച്ചില്ല. മക്കള്‍ മിടുക്കരാണ്. പഠിപ്പിനൊത്ത ജോലി നേടട്ടെ. അതായിരുന്നു മറുപടി.

ലോക്കല്‍ സ്‌കൂളില്‍ പഠിച്ചും പഠിപ്പിച്ചുമാണ് ബീന ഫിലിപ്പ് മേയറായത്. അവര്‍ ഒരു കുട്ടിയുടേയും മതം നോക്കിയിട്ടില്ല. ടീച്ചര്‍ക്കു മുന്നില്‍ രണ്ടു ജാതി. ആണ്‍ജാതിയും പെണ്‍ജാതിയും. ഓണത്തിനും പെരുന്നാളിനും ക്രിസ്മസിനും അവധി. ഹിന്ദു അവധിയും ക്രിസ്ത്യന്‍ അവധിയും മുസ്ലീം അവധിയും അല്ല.

ഇന്ത്യന്‍ ചുറ്റുപാടില്‍ കൃഷ്ണന് ചില പ്രത്യേകതകള്‍ ഉണ്ട്. നിത്യപ്രണയി കണ്ണന്‍. കോദണ്ഡരാമന്റെ രാജമര്യാദകളേക്കാള്‍ കണ്ണന്റെ കൗശലം ഭക്തര്‍ക്കിഷ്ടം. പാഞ്ചാലിക്ക് ഉടുതുണി എത്തിക്കുന്നവന്‍. രാധയ്ക്ക് പ്രാണപ്രിയന്‍. ആ കൃഷ്ണന്‍ എന്നെങ്കിലും ആർ.എസ്.എസിൽ അംഗത്വം എടുത്തിട്ടുണ്ടോ? അറിഞ്ഞുകൂടാ. അമിത് ഷായ്ക്ക് മിസ്സ്ഡ് കോള്‍ അടിച്ചതായി ബി.ജെ.പി. വാര്‍ത്താകുറിപ്പും ഇറക്കിയിട്ടില്ല.

അപ്പോഴാണ് ബീന ഫിലിപ്പിനെ തുളസിമാല ഇട്ടതിന് പാര്‍ട്ടി തള്ളുന്നത്. ശോഭായാത്രയും കര്‍ക്കടകവാവും നടത്താന്‍ സഹായിക്കുന്ന പി ജയരാജന്റെ പാതയിലല്ല എന്തായാലും മേയര്‍. കാടാമ്പുഴ പൂ മൂടാനും അവര്‍ പോകില്ല. ഉറപ്പ്. പാരന്റിംഗിനെ പറ്റിയാണ് അവര്‍ പറഞ്ഞത്. ഭയപ്പെട്ട് കാട്ടില്‍ അകപ്പെട്ടവര്‍ കണ്ടു സൈബര്‍ ലിങ്ക്, അവര്‍ക്ക് അനങ്ങുന്നതെല്ലാം പുലി. പ്രതിയെ കേള്‍ക്കേണ്ട. നടപ്പാക്കാം വധശിക്ഷ.

രാഹുല്‍ ഗാന്ധിയുടെ മൃദുഹിന്ദുത്വത്തെ ന്യായീകരിക്കുന്ന കോണ്‍ഗ്രസ്സിന് ബീന ടീച്ചറെ പറയാന്‍ എന്തര്‍ഹത? ചോദിച്ചാല്‍ പാടു പെടും. തീവ്രമുസ്ലീം സംഘടനകളെ പ്രീണിപ്പിക്കാനാണ് ടീച്ചര്‍ക്കെതിരേ നടപടി എന്ന് കെ. സുരേന്ദ്രന്‍. കാസര്‍ഗോട്ടെ ജില്ലാ കമ്മറ്റി ഓഫീസില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ കയറ്റാത്ത നേതാവാണ്. ബെസ്റ്റ്. കണ്ണട മഞ്ഞ. പുല്ലിന്റെ നിറവും മഞ്ഞ.

സി.പി.എം. കാണേണ്ടത് കണ്ണന് മാലയിട്ട ബീന ഫിലിപ്പിനെ അല്ല. പാസ് വേഡ് തട്ടിപ്പില്‍ തുണിയുരിഞ്ഞു നില്‍ക്കുന്ന കോഴിക്കോട് നഗരസഭയെ ആണ്. പതിറ്റാണ്ടുകളായി ഭരിക്കുന്ന കോര്‍പറേഷനല്ലേ. സ്വന്തക്കാരോണോ പാസ് വേഡ് പാസ് ചെയ്തതെന്ന് പരിശോധിക്കൂ ആദ്യം. അധികാരം കൊയ്യൂ ആദ്യം. എന്നിട്ടാവാം പൊന്നാര്യന്‍. മേയര്‍ക്ക് പരിപാടി ചാര്‍ട് ചെയ്ത പേഴ്‌സണല്‍ സെക്രട്ടറിയും പാര്‍ട്ടിക്കാരനല്ലേ. വേണ്ടെന്ന് അരവാക്ക് പറഞ്ഞിട്ടില്ലല്ലോ. മേയര്‍മാര്‍ക്ക് പൊളിറ്റിക്കല്‍ സെക്രട്ടറി വേണം എന്ന മുഖ്യമന്ത്രിയുടെ നിലപാട് വേഗത്തിലാക്കണം പാര്‍ട്ടി.

ബീന ഫിലിപ്പ് പ്രതിനിധീകരിക്കുന്നത് വിശാല ഇടതുപക്ഷത്തെയാണ്. എ ആര്‍. മേനോനും വി ആര്‍. കൃഷ്ണയ്യരും അവരുടെ പ്രതിനിധികള്‍. പിന്നീടിങ്ങോട്ട് സ്വതന്ത്രരായി വന്ന പലരും അതിലുണ്ട്. അതില്‍ വരില്ല, താനൂരേയും നിലമ്പൂരേയും കോര്‍പറേറ്റുകള്‍. വിശാല ഇടതിനെ ഉള്‍ക്കൊള്ളാന്‍ കൂടി വിശാലമാവണം ഇടതുപക്ഷം. ആദ്യം വിമതരും പിന്നാലെ വിരുദ്ധരുമാവുന്ന ശീലം അവര്‍ക്കില്ല. പകരം അവര്‍ നിഷ്‌ക്രിയരാവും. പിന്നില്‍ നിന്ന് കുത്തില്ല. നിശ്ശബ്ദരാവും. ഓര്‍ക്കണം, വൈവിദ്ധ്യത്തിന് ഇടമില്ലാത്ത പൂന്തോട്ടമാവരുത് രാഷ്ട്രീയം.

വാല്‍മാക്രി

കെ.എന്‍.എ. ഖാദറായാലും ബീന ഫിലിപ്പായാലും ആർ.എസ്.എസ്. വേദിയില്‍ പോയാല്‍ അവര്‍ അത് ഉപയോഗിക്കും. ആര്‍ക്കും ഇരിക്കാവുന്ന ഒന്നാണിത് എന്ന് പ്രചരിപ്പിക്കും. നീതികഥകള്‍ പിറക്കും. വിവാദമുണ്ടായാലും ഗുണം അവര്‍ക്കു തന്നെ. അതിനാല്‍ സഖാവേ, ഇനിയും പോരിനിറക്കാന്‍ ആലയില്‍ നിര്‍ത്തിയ മെലിഞ്ഞ ആനകളുണ്ടല്ലോ, പറയണം. കയറിക്കിടക്കാന്‍ പറ്റാത്ത മെത്തകള്‍. പൊതിച്ചോറിന്റെ കണക്കും എറിഞ്ഞ കല്ലിന്റെ എണ്ണവും മതിയാകില്ല

Content Highlights: mayor beena philip, cpm policy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented